Thelicham

അനന്യതയുടെ സൗന്ദര്യം

പഠിപ്പിക്കുന്ന ഉസ്താദുമാര്‍ എല്ലാവര്‍ക്കുമുണ്ടാകും, പഠിക്കുന്ന ഉസ്താദായിരുന്നു ഞങ്ങള്‍ക്ക് അലി ഉസ്താദ്. ഉസ്താദ് എപ്പോഴും വേറിട്ടുനിന്നു. ഈ അദ്വീതീയതയുടെ, അസാധാരണത്വത്തിന്റെ (Uniqueness) ലാവണ്യമാണ് അലി ഉസ്താദിന്റെ ഓര്‍മ എക്കാലത്തേക്കും ബാക്കിയാക്കുക. നാം ചുറ്റും നോക്കുമ്പോള്‍, ജീവിതത്തിന്റെ പൊതുവായ ശീലങ്ങളില്‍ നിന്നും മാറി, പരക്കെയുള്ള മാനദണ്ഡങ്ങള്‍ തെറ്റിക്കുന്ന ആളുകളെയും ആശയങ്ങളെയും കാണുന്നേരം നമുക്കതാദ്യം വിചിത്രമായി തോന്നും, പതുക്കെ ആ വ്യത്യസ്തത നമ്മെ ഏറ്റവും ആകര്‍ഷിക്കുന്ന മൂല്യമായി മാറും. ഈ വിചിത്രതയും അസാധാരണത്വവും നന്മയിലും അറിവിലും അന്വേഷണത്തിലുമാണെങ്കിലോ, ചുറ്റുമുള്ള ആളുകളെ എത്രമാത്രമാണതു പ്രചോദിപ്പിക്കുക! ഇസ്‌ലാമിന്റെ ആരംഭം വിചിത്രവും അസാധാരണവുമായാണ്, അതതിന്റെയാ വിചിത്രതയിലേക്കു തിരികെപ്പോകും, അതിനാല്‍ വിചിത്രരായവര്‍ ഭാഗ്യവാന്മാര്‍ എന്നൊരു പ്രവചനമുണ്ട് നബിവചനങ്ങളില്‍.

മുസ്‌ലിംകള്‍ എന്ന നിലയില്‍, നമ്മുടെ ജീവിതം അസാധാരണമാണ്, മറ്റാരെയും പോലെയല്ല നമ്മുടെ ഐഹിക പാരത്രിക ധാരണകളും പ്രവൃത്തികളും ആരാധനകളും ജീവിതവും. ജീവിക്കുന്ന സമൂഹത്തില്‍ പരസ്പരമുള്ള അഭിവാദനത്തില്‍ പോലും നാം വ്യത്യസ്ഥരായിരിക്കുന്നു. കാഴ്ചയില്‍ തന്നെ മുസ്‌ലിം സ്വന്തം വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അതുല്യരും അപൂർവ്വരുമായിരിക്കുന്നതിന്റെ സൗന്ദര്യം കൂടിയാണ് മേല്‍പറഞ്ഞ ഹദീസിന്റെ പാഠം.

ജീവിതത്തിലുടനീളം നമ്മള്‍ അതുല്യരാവണം, നമ്മുടെ തന്നെ ഏറ്റവും മികച്ച പതിപ്പിലേക്കു സ്വയം വളര്‍ന്നും മുതിര്‍ന്നും നാമതുറപ്പാക്കണമെന്ന താല്‍പര്യം കൂടിയാണത്. ചുറ്റുമുള്ളവര്‍ക്ക് അതുല്യമായ മാതൃകയും നന്മയുടെ ഉറവിടവുമായി സ്വയം പ്രതിഫലിക്കുക, അലി ഉസ്താദിന്റെ ജീവിതം നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്ന വിധമാണിത്. ഉസ്താദ് വ്യത്യസ്തരായിരുന്നു, അതു തീര്‍ച്ചയായും പ്രവാചകന്‍ സൂചിപ്പിച്ച അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹമായ അതുല്യതയാണ്.

കേരളത്തിനു സുപരിചിതമായ പാരമ്പര്യ മതബോധന സമ്പ്രദായങ്ങളിലൂടെയായിരുന്നു ഉസ്താദിന്റെ ചെറുപ്പകാലം. ചെറുപ്പത്തിലേ പിതാവിനെയും ഏറെ വൈകാതെ മാതാവിനെയും നഷ്ടപ്പെട്ട് അനാഥത്വമറിഞ്ഞ ഉസ്താദ് എളാപ്പയുടെ സംരക്ഷണത്തില്‍ വളര്‍ന്നു. അതിനെപ്പറ്റിയുള്ള ഉസ്താദിന്റെ സരസമായ പരാമര്‍ശമോര്‍ക്കുന്നു. ”കുറെ നാള്‍ എളാപ്പ വളര്‍ത്തി, പിന്നെ ആരെയും കാത്തുനിന്നില്ല, സ്വയമങ്ങ് വളര്‍ന്നു”. സ്വയം വളരുന്നതിന്റെ ആത്മാദരവും വേറിട്ടുപുലരുന്നതിന്റെ ആനന്ദവും ഉസ്താദിന്റെ ഉള്‍പ്രേരകങ്ങളായിരുന്നിരിക്കണം.

ദാറുല്‍ഹുദായിലെ അധ്യാപന ജീവിതത്തിനിടയില്‍ നാല്‍പത്തിയെട്ടാമത്തെ വയസ്സില്‍ എസ്.എസ്.എല്‍.സിയും ശേഷം യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം വരേയും ഉസ്താദ് നേടിയെടുത്തു. മതപഠനത്തില്‍ ബിരുദങ്ങളൊന്നിമില്ലാതെ അനേകം മതബിരുദധാരികളുടെ റഫറന്‍സ് പോയ്ന്റായും ഉസ്താദ് വര്‍ത്തിച്ചു. ഒരിക്കല്‍ ഉസ്താദുമാരുടെ മുറികളില്‍ നിന്നും സ്റ്റാഫ് റൂമില്‍ നിന്നും നിഘണ്ടുക്കളും പാഠനസഹായികളായ ഗ്രന്ഥങ്ങളും ഒന്നടങ്കം ആരോ എടുത്തുമാറ്റി.പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥികളാരോ നുഴഞ്ഞുകയറി നടത്തിയ കുല്‍സിത പ്രവര്‍ത്തനമായിരുന്നു അത്.

ഏറെക്കുറെ എല്ലാ ഉസ്താദുമാരും അങ്കലാപ്പിലായി. അപ്പോള്‍, കൂട്ടത്തിലൊരു ഉസ്താദിന്റെ പ്രതികരണം, അലി ഉസ്താദിനെ ആരും എടുത്തുകൊണ്ടുപോകാതിരുന്നാല്‍ മതി എന്നായിരുന്നു. അറിവിന്റെ ഖനിയായിരിക്കുക മാത്രമല്ല അതിന്റെ നിരന്തരായ അന്വേഷകനായിരിക്കുകയും ചെയ്തു ഉസ്താദ്. മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമിംഗ് ലാംഗ്വേജായ വിശ്വല്‍ ബേസികും സി-പ്ലസും ഉസ്താദ് പഠിച്ചെടുത്തിരുന്നു. പഠിപ്പിലോ തൊഴിലിലോ പുരോഗതി ഉദ്ദേശിച്ച് വിദ്യാര്‍ത്ഥികള്‍ പുതിയ കോഴ്‌സുകളോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ പഠിക്കുന്നതു മനസ്സിലാക്കാം, ഉസ്താദ് എന്തിനാവും ഈ നൂതനമായ വിദ്യകള്‍ പരിശീലിക്കാമെന്നു കരുതിയത്. ഒന്നും നേടാനല്ലാതെ, അറിയാനായി മാത്രമുള്ള പഠനമല്ലേ ശരിയായ ജ്ഞാനതൃഷ്ണ, ഈ അതുല്യത തീര്‍ച്ചയായും പ്രവാചകന്‍ പറഞ്ഞ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹമായ വിചിത്രതയാണ്.

അറിവിലും അതിനുള്ള തൃഷ്ണയിലും മാത്രമായിരുന്നില്ല ഉസ്താദിന്റെ അനന്യത. നല്ല ഫോമിലായിരുന്ന ഒരു ദിവസം ഞങ്ങള്‍ ചോദിച്ചു: ഉസ്താദേ..ഈ കുത്ത് റാത്തീബിനെ പറ്റി എന്താണഭിപ്രായം..? ഉടനടി ഉസ്താദ് പറഞ്ഞു: അനുഷ്ഠാനകലകളെ പറ്റി അഭിപ്രായം പറയേണ്ടത് മുസ്‌ലിയാറല്ല, ഫോക് ലോറാണ്. മറ്റൊരിക്കല്‍ പുതിയകാലത്തെ ഗവേഷണരീതികളെ അപഹസിച്ചുകൊണ്ട് ഉസ്താദ് , ഒരു ബുക്കില്‍ നിന്നെടുത്താല്‍ മോഷണവും കുറേ ബുക്കില്‍ നിന്നെടുത്താലതു ഗവേഷണവുമാണ്. ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ മറുപടികളും പ്രസ്താവനകളും നിരന്തരം പുതുക്കുകയും ചുറ്റുപാടിനെ സൂഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നൊരു ധിഷണാശാലിയുടെ പ്രകാശനങ്ങള്‍ തന്നെയാണ്. രസികന്മാരായ ആലിമീങ്ങളെ ഉസ്താദുമാരായി കിട്ടുക ഭാഗ്യമാണ്.

നല്ല നര്‍മ്മബോധമുള്ള ആളുകളിലേക്ക് നമ്മളെല്ലാം ആകര്‍ഷിക്കപ്പെടുന്നു. പാണ്ഡിത്യത്തെയത് അലങ്കരിക്കുന്നു. നര്‍മ്മത്തിന് ആളുകളുടെ ഹൃദയത്തെ കുളിര്‍പ്പിക്കാനും ചിന്തയെ ഉണര്‍ത്താനുമുള്ള ശക്തിയുണ്ട്, ജീവിത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലത് സ്വാഗതാര്‍ഹമായ ഇടവേളകള്‍ സാധ്യമാക്കുന്നു. ശൈഖുനാ ചെറുശ്ശേരി ഉസ്താദ് അധ്യാപനവേളയിലെ മുഷിച്ചിലൊഴിവാക്കാന്‍ കഥകളുടെ ചെപ്പുതുറക്കുമായിരുന്നു. അലി ഉസ്താദ് സരളവും സരവസവും ലളിതവുമായി സ്വന്തം ജീവിതത്തെയും വിമര്‍ശനബുദ്ധിയെയും ഞങ്ങള്‍ക്കു മുന്നില്‍ വച്ചു.

പരമസാത്വികനായ പണ്ഡിതനും അനായാസം സ്‌നേഹം പിടിച്ചുപറ്റുന്ന സ്‌നേഹിതനുമായി ഉസ്താദ് വര്‍ത്തിച്ചു. ആയാസരഹിതവും നിരുപദ്രവവുമായ ഫലിതമെന്ന് ഉസ്താദിന്റെ തമാശകളെയും രീതികളെയും എല്ലാവരും പില്‍ക്കാലത്തെല്ലാം നിരൂപിച്ചുപോന്നിട്ടുണ്ട്. ശിക്ഷിക്കുന്നതിനു പകരം സ്‌നേഹിക്കുക എന്നതായിരുന്നു ഉസ്താദിന്റെ ശിക്ഷണമാര്‍ഗം. ശിക്ഷയായി മറ്റുള്ള ഉസ്താദുമാരില്‍ നിന്നും തല്ലുവാങ്ങിയ ഞങ്ങള്‍ അലി ഉസ്താദില്‍ നിന്നും അതിനേക്കാള്‍ പ്രഹരശേഷിയുള്ള തല്ലുകൊണ്ടു. നിന്നെ ഞാന്‍ തല്ലിയതായി പ്രഖ്യാപിക്കുന്നു എന്ന ഉസ്താദിന്റെ വാക്കുകള്‍ പാഠങ്ങള്‍ പഠിച്ചുവരാത്തവര്‍ക്കുള്ള കഠിനമായ ശിക്ഷയായി.

ഉസ്താദിന്റെ നർമങ്ങൾ തമാശപറച്ചിലുകളായിരുന്നില്ല, സങ്കീർണമായ ചിന്തയുടെ സൃഷ്ടികളായിരുന്നു പലപ്പോഴുമവ. സമസ്യകൾ ലളിതമായി ചൂണ്ടിക്കാട്ടാനും നിരർത്ഥകത പറഞ്ഞു ഫലിപ്പിക്കാനും ഫലിതത്തിനാവും. ”അല്ലാഹുവിനെ സ്തുതിക്കുക, ഈ കഴുതകൾക്ക് ചിറകുകൾ നൽകാതിരുന്നതിന്, അല്ലെങ്കിൽ നമ്മുടെ മേൽക്കൂരകൾ മുഴുവൻ തകർന്നു വീഴില്ലേ” എന്ന് ഖോജാ നസ്രുദ്ദീൻ പറയുന്നതുപോലെ ഗഹനവുമാണവ.!

ഉള്‍സാരമുള്ളതും ഗഹനവുമായ മതവിജ്ഞാനീയങ്ങള്‍ ഉസ്താദ് അനായാസം ഹൃദയപ്രവേശിയായി പഠിപ്പിക്കും, ഒട്ടും ഒച്ചവെച്ചാവില്ല അത്. ഒച്ച മുന്നിലുള്ള വിദ്യാര്‍ത്ഥികളിലേക്കു ചെല്ലുകയല്ല, വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ഗുരുവിലേക്കു ചെല്ലുകയാണ് വേണ്ടതെന്ന് ഉസ്താദിനെ കേട്ടപ്പോഴും കേള്‍ക്കാതിരുന്നപ്പോഴുമായി ഞങ്ങള്‍ പഠിച്ചു. അസാധ്യമാംവിധം ഒറിജിനല്‍ ആയിരുന്ന, അറിവ് ഒരാര്‍ഭാടമായി കാണാതിരുന്ന, ശാന്തമായി മാത്രം സംസാരിച്ചിരുന്ന, ക്ഷോഭത്തെ അനുപമമായ ഹാസ്യം കൊണ്ട് വിവര്‍ത്തനം ചെയ്തിരുന്ന, പ്രായമായിട്ടും പഠിപ്പിന്റെ പിന്നാലെ വാശിയോടെ പോയ ഉസ്താദ് ഈ കാരണങ്ങള്‍ കൊണ്ടുമാത്രം ശിഷ്യരുടെയെല്ലാം ആത്മബന്ധുവായി.

ജീവിതത്തെയും ചുറ്റുപാടിനെയും മറ്റൊരു തരത്തില്‍ വീക്ഷിക്കുകയും മതഗ്രന്ഥങ്ങളുടെ അധ്യാപനത്തില്‍ സഹജമായ അനുകരണരീതികളെയും വാര്‍പ്പുമാതൃകകളെയും സ്വതസിദ്ധമായ ബോധ്യവും പ്രതിപത്തിയും കൊണ്ട് ഉപേക്ഷിക്കുകയും ചെയ്തു ഉസ്താദ്. ദക്ഷിണേഷ്യ ഇസ്‌ലാമിനേകിയ ഏറ്റവും പ്രാമാണിക ചിന്തകരായി കണക്കാക്കപ്പെടുന്ന ഷാഹ് വലിയുള്ളാഹിയുടെ “ഹുജ്ജ” പോലുള്ള മഹത്തായ കൃതികള്‍ പഠിപ്പിക്കാന്‍ അലി ഉസ്താദ് ചുമതലപ്പെടുത്തപ്പെട്ടു. 18-ാം നൂറ്റാണ്ടിലുണ്ടായ, ആധികാരികമായും ആധുനികമായും ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെയും വ്യാഖ്യാന തന്ത്രങ്ങളുടെയും വിപുലവും വിശദവുമായ ഉള്ളടക്കമുള്ള പ്രസ്തുത കൃതി ഉസ്താദിന്റെ കരങ്ങളില്‍ എളുപ്പമായി.

ഹുജ്ജ പഠിപ്പിക്കാന്‍ ഉസ്താദുമാര്‍ വിമുഖത കാണിച്ചിരുന്നതായും ഒടുവില്‍ ഡോ. ബഹാഉദ്ദീന്‍ ഉസ്താദ് അലി ഉസ്താദിനെ അക്കാര്യം ഏല്പിക്കുകയാണുണ്ടായതെന്നും മുതിര്‍ന്ന ശിഷ്യന്മാര്‍ സ്മരിക്കുന്നു. ശൈഖുനാ ചെറുശ്ശേരി ഉസ്താദിന്റെ വിയോഗാനന്തരം ദാറുല്‍ഹുദായിലെ ഫത്‌വാ കൗണ്‍സിലിലേക്ക് വന്ന കര്‍മശാസ്ത്ര സമസ്യകളെ പരിശോധിക്കുന്നതിലും പരിഹാരം നിര്‍ദ്ദേശിക്കുന്നതിലും അലി ഉസ്താദ് നിര്‍ണായകമായ പങ്കുവഹിച്ചത് റഷീദ് ഏലംകുളവും ഓര്‍ക്കുന്നു.

അതിവിവേകശാലിയായൊരു പരന്ന വായനക്കാരനും ഉസ്താദിലുണ്ടായിരുന്നു. ലോകചലനങ്ങളും ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയവും ആഴത്തില്‍ വിശകലനം ചെയ്തിരുന്ന ഉസ്താദിന്റെ വായനയില്‍ ചരിത്രവും സാഹിത്യവും പ്രധാനമായിരുന്നു. ഭാഷയും നാട്ടറിവുകളും ഉസ്താദിന്റെ താല്‍പര്യങ്ങളായിരുന്നു. മലയാളം അധ്യാപകര്‍ക്കൊരു ഭാഷാസഹായി ഉസ്താദായിരുന്നു. ദാറുല്‍ ഹുദയില്‍ നിന്നും തെളിച്ചം മാസിക പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയ നാള്‍, അതിന്റെ പ്രവര്‍ത്തകരായ ഞങ്ങളെ ഒന്നടങ്കം ബ്ലിങ്കസ്യ പറയിപ്പിച്ചൊരു മുഹൂര്‍ത്തം അവിസ്മരണീയമാണ്.

തെളിച്ചം ആദ്യത്തെ ലക്കം ഉഷാറാക്കാന്‍ വേണ്ട വിഭവങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്നു ഞങ്ങള്‍. ദാറുല്‍ഹുദയുടെ അകത്തുനിന്നുള്ളതല്ലാതെ രചനകള്‍ കൂടി വേണം, കഥകളും കവിതകളും ചോദിച്ചു ഒട്ടേറെ എഴുത്തുകാരെ നേരിലും കത്തിലും സമീപിച്ചു. ഒരു കഥ എവിടെ നിന്നും കിട്ടിയില്ല. ഒരറബിക്കോളജിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ കോളജ് മാഗസിനു സൃഷ്ടികള്‍ ചോദിക്കുന്ന ലാഘവത്തിലാണന്ന് എല്ലാവരും അതിനെക്കണ്ടത്. ഒരു മതകലാലയം ഒരു മാസിക പുറത്തിറക്കുന്നുവെന്നത് 1998ല്‍ അത്ര വിശ്വസനീയമല്ല. ഒടുക്കം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെക്കണ്ട് സങ്കടം പറഞ്ഞു. ശിഹാബ്ക്ക ഒരു കഥ തന്നു. ലേശം പഴയ കഥയാണ് റഫീക്കേ, പുതിയൊരു കഥ നിനക്കു തന്നാല്‍ ഒക്കില്ല, പിന്നെ എന്റെയീ കഥ നിന്റെ ആളുകളൊന്നും കണ്ടിട്ടുമുണ്ടാവില്ല എന്നു പറഞ്ഞാണ് ശിഹാബ്ക്ക സഹായിച്ചത്. തെളിച്ചം പ്രകാശനമൊക്കെ ആര്‍ഭാഢമായി നടന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥയുണ്ടെന്നു മേനിപറഞ്ഞ എന്നോട് അലി ഉസ്താദ് പറഞ്ഞു, റഫീക്കേ ഈ കഥ ഞാന്‍ കലാകൗമുദിയില്‍ നാലഞ്ചുകൊല്ലം മുമ്പ് വായിച്ചിട്ടുണ്ട്, അത് ഞാന്‍ ആരോടും പറയില്ല, നീയും ആരോടും പറയണ്ട..!

ഉസ്താദിന്റെ സ്വഭാവ വൈശിഷ്ട്യം പഠനത്തില്‍ സമര്‍ത്ഥരെന്നോ അസമര്‍ത്ഥരെന്നോ ഉള്ള ഏറ്റക്കുറച്ചിലില്ലാതെ എല്ലാവരെയും സ്‌നേഹിച്ചു എന്നതും ആരെയും അമിതമായി സ്‌നേഹിച്ചില്ലെന്നതുമാണ്. ഏറ്റവും കുറഞ്ഞ മാര്‍ക്കുകിട്ടിയ വിദ്യാര്‍ത്ഥിയോട് ഇതു തന്നെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തതാണെന്നു പറയുന്ന ഉസ്താദ് തന്നെ കുട്ടികള്‍ നോവലുകളും സാഹിത്യപുസ്തകങ്ങളും വായിക്കുന്നത് കൂടുകയും പഠനത്തില്‍ പിന്നിലാവുകയും ചെയ്ത പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോള്‍, നോവലുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നു പരിഹാരം പറയും.

വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നവരോട് ഉസ്താദ് നീയിപ്പോള്‍ അവിടത്തന്നെയല്ലേയെന്ന് ചോദിക്കും, ആ ചിരി കണ്ടാലറിയാം എവിടെയെന്ന അറിവില്ലായ്മ മറച്ചുകൊണ്ടാണ് ആ ചോദ്യമെന്ന്. മറയില്ലാതെയും മുനയില്ലാതെയും ഉസ്താദ് സംസാരിക്കും, ക്ഷേമാന്വേഷണം നടത്തുകയും സ്വന്തം സുഖവിവരങ്ങള്‍ പറയുകയും ചെയ്യും. കെ.എം ബഹാഉദ്ദീന്‍ ഹുദവിയുടെ ഫേസ്ബുക്ക് അനുസ്മരണക്കുറിപ്പിലെ ഓരോര്‍മ്മ ഉസ്താദിന്റെ ജീവിതത്തിലേക്കും അനന്യമായ നിഷ്‌കളങ്കതയിലേക്കും വെളിച്ചം വീശുന്നു.

ആദൃശ്ശേരി ഹകീം ഫൈസി മുഖാന്തിരം ഉസ്താദിന് ഹജ്ജുയാത്രക്കുള്ള അവസരം ലഭിച്ചു. അക്കാര്യം ഉസ്താദ് ബഹാഉദ്ദീനോട് പറയുന്നത്, ഒരറബി സഹോദരന്‍ ഒരു മിസ്‌കീന്‍ ഹിന്ദിക്ക് ഹജ്ജിനു പോകാന്‍ വേണ്ട പണം ഹകീം ഫൈസിയുടെ വശം കൊടുത്തിട്ടുണ്ട്. ആ മിസ്‌കീന്‍ ഹിന്ദി ഞാനാണ്. ഞാന്‍ നിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്. അതിനാല്‍, നിന്റെ സമ്മതമില്ലാതെ ഹജ്ജിനു പോകാന്‍ പറ്റില്ല. അതുകേട്ട ബഹാഉദ്ദീനു മനസ്സിലായി, പലപ്പോഴായി ഉസ്താദിന് ഇഷ്ടപ്പെട്ടു നല്‍കിയതെല്ലാം കടമായി കണക്കുവെച്ചിരിക്കുകയാണ് ഉസ്താദ്. അതൊരു ഡിജിറ്റല്‍ ഡയറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, ബഹാഉദ്ദീന്‍ ആ ഡയറി വാങ്ങി ആ കണക്കുകള്‍ മായ്ച്ചു കളഞ്ഞു.

അറിവിന്റെ തെളിച്ചം ഹൃദയത്തില്‍ ഉദിക്കുന്നതിനെക്കുറിച്ചുള്ള സ്വാനുഭവ വിവരണവുമായാണ് ഇമാം അൽ ഗസ്സാലിയുടെ ആധ്യാത്മിക ആത്മകഥയായ അല്‍ മുന്‍ഖിദു മിനള്ളലാല്‍ ആരംഭിക്കുന്നത്. ‘സവിശേഷമായ ഒരു പ്രകാശത്തോടാണ് എന്റെ പരവേശവിമുക്തിക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. വാദങ്ങളും തെളിവുകളുമൊന്നുമല്ല, അല്ലാഹു എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച ഒരു വെളിച്ചമായിരുന്നു അത്. ഈ വെളിച്ചമാണ് ഏറെ വിജ്ഞാനങ്ങളുടെയും താക്കോല്‍’. സ്വന്തം ജീവിതകാലത്തുള്ള എല്ലാ ജ്ഞാനമാർഗങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കുകയും സമകാലീനമായ വിജ്ഞാനീയങ്ങൾ അഭ്യസിക്കുകയും ചെയ്തിരുന്നു ഇമാം അൽ ഗസ്സാലി.

ശരിയും തെറ്റും വേർതിരിക്കാനുള്ള വഴി ഈ ജ്ഞാനസഞ്ചാരമാണ്. വിജ്ഞാനങ്ങളുടെ സമന്വയം ലക്ഷ്യമാക്കുന്നതും അതാണ്. അതൊരു പുതിയ കാര്യമല്ല. എല്ലാ ജ്ഞാനങ്ങൾക്കും പിന്നാലെ യാത്രയാവുന്നവരിലേക്ക് യഥാർത്ഥമായ ജ്ഞാനപ്രകാശം വന്നുചേരുന്നു. അലി ഉസ്താദിനെപ്പോലുള്ള ജൈവപണ്ഡിതർക്ക് ഇമാം അൽഗസ്സാലി പരാമർശിക്കുന്ന അറിവിന്റെ താക്കോലാണ് അല്ലാഹു ഏകുന്നത് എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

റഫീക്ക് തിരുവള്ളൂര്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.