Thelicham
thelicham

മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍: ഒരു വായനാനുഭവം

ലിബറേഷന്‍ തിയോളജിയാണു പലപ്പോഴും സെക്കുലര്‍ ഫണ്ടമെന്റലിസ്റ്റു കാലത്തെ എഴുതാനുള്ള പ്രചോദനം. ദൈവത്തിനു നേരെയുയര്‍ത്തുന്ന വിരലുകളും ചോദ്യങ്ങളുമായി അവ വിശ്വാസിയെയും മനുഷ്യനെയും അലോസരപ്പെടുത്തുന്നു. യുക്തിപരമായി മരണമെന്നത്് പൂര്‍ണ്ണബിന്ദുവായി അംഗീകരിക്കാമെങ്കിലും അതിലുമപ്പുറം മണ്ണിനും ജീവിതത്തിനും അര്‍ഥം പറയുന്ന മതാഖ്യാനങ്ങളില്‍ മധുരം നുണയുന്നവരാണ് വിശ്വാസികള്‍. നിഷേധാത്മകമായി ദൈവത്തെ കണ്ടെങ്കില്‍ പോലും കഥകള്‍ കേട്ടു, കേട്ടു മനുഷ്യനിനിയും ഒരുപാട് വിശ്വാസിയായിരിക്കും.thelicham
ശംസുദ്ധീന്‍ മുബാറക് എഴുതിയ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ വായിച്ചു തീര്‍ന്നു. ഇസ്്‌ലാമിക ലോകവീക്ഷണം (world view) ഇത്രയും നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിലെ ആഖ്യായിക മറ്റേതുമില്ലെന്ന് തോന്നി. എവിടെ നിന്നു വരുന്നു, എന്തിന് ജീവിക്കുന്നു, ഒടുവിലെങ്ങോട്ട് മടങ്ങുന്നു തുടങ്ങിയ മനുഷ്യന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരശ്രമങ്ങള്‍ മതങ്ങളുടെ അന്തസത്തയില്‍ ഉള്‍ചേര്‍ന്നതു കാണാനാവും. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വേദദര്‍ശനങ്ങളും, ക്രിസ്തീയ, ജൂത വിവരണങ്ങളും മലയാളത്തിലെ ആഖ്യായികകളില്‍ വായനാലഭ്യമെങ്കിലും ഇസ്്‌ലാമിന്റേതു നാമമാത്രമായിരുന്നു. ബഷീറെന്ന വന്മരത്തിനപ്പുറം, ബിംബങ്ങളും കഥാതന്തുക്കളുമെടുത്ത്് ഇസ്്‌ലാമിക് തിയോളജിയുടെ ആത്മാവു തൊട്ടും തൊടാതെയും നടന്ന പുനത്തിലിലും, മതതാരതമ്യങ്ങളും, സിന്‍ക്രീറ്റിക് ദര്‍ശനങ്ങളിലുമൂന്നിയ കെ പി രാമനുണ്ണിയിലും വായിക്കാനാവാത്ത ലോകവീക്ഷണം പങ്കുവെക്കുന്നതില്‍ ശംസുദ്ധീന്‍ മുബാറക് വിജയിക്കുന്നുണ്ട്്. അനുഭൂതിയിലും, പ്രണയപാരമ്യങ്ങളിലും സ്വയം വീണുടഞ്ഞ്്് സുരയ്യ വെട്ടിയ കൈവഴി വേറിട്ടു നില്‍ക്കുന്നു. മരണങ്ങളെ വായിച്ചതില്‍ പിന്നെ ആത്മാവ് തൊട്ടത് യതിയുടെ മരണമെന്ന വാതിലിന്നപ്പുറമാണ്. കാവ്യാത്മകമായി മരണത്തെ വരച്ചിടുന്നതില്‍ റഫീഖ് അഹമ്മദിന്റെ ‘മരണമെത്തുന്ന നേരത്ത്’ കഴിഞ്ഞേ മറ്റൊന്നിന് സ്ഥാനമൊള്ളൂ. റൂഹും, ആത്മാവും നിറഞ്ഞ റൂമിയുടെയും, സൂഫീശീലുകളുടെയും മധുരമുള്ള മൊഴികള്‍ വിവര്‍ത്തനങ്ങളായും, മാപ്പിളപ്പാട്ടുകളായും ഇനിയുമുണ്ട്്. നോവലെഴുത്തായി മരണവും ഇസ്്‌ലാമിക പശ്ചാതലത്തിലെ മരണാനന്തരദര്‍ശനങ്ങളും (Eschatology) മലയാളത്തില്‍ ആദ്യമായി വിഷയീഭവിക്കുന്നു എന്നതിലുപരി മരണപര്യന്തം, മുസ്്‌ലിം പാരമ്പര്യധാരയെ യുക്തിസഹമായി ആഴത്തില്‍ അവതരിപ്പിക്കുന്ന രീതി, സാമ്പ്രദായിക മതത്തോടും ആചാരങ്ങളോടുമുള്ള ബഹുമാനം പുലര്‍ത്തുന്നതു കൂടിയാണ്. ചീര്ണിയും, മൂന്നും, ഏഴും, പതിന്നാലും, നാല്‍പതുമായി മരണവീട്ടില്‍ നടക്കുന്ന ഉപചാരങ്ങളുടെ അര്‍ഥം ആത്മാവു പറയുമ്പോഴാണ് പൂര്‍ണ്ണമാവുന്നതെന്ന് എഴുത്തുകാരന്‍ പറയുന്നു. മറ്റു പലമതങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഭൂമിയിലെ ജീവിതത്തെ ഇടത്താവളമായി കാണുന്ന ഇസ്്‌ലാമിന്റെ ലോകവീക്ഷണം, പരിപക്വമായി ഉള്‍കൊള്ളാന്‍ മതത്തിന്റെ മരണാനന്തര ദര്‍ശനങ്ങള്‍ അനിവാര്യമായിരുന്നെന്ന്് നോവലവസാനിക്കുമ്പോള്‍, ഗ്രഹിക്കാനാവുന്നു. കൃതാ, ത്രേതാ, ദ്വാപര, കലി യുഗങ്ങളായി, പരകായപ്രവേശവും, ഏഴു ജന്മങ്ങളും തുടങ്ങി നീളുന്ന ഹൈന്ദവ ദര്‍ശനങ്ങളെ വായിച്ച മലയാളിക്കു ദജ്ജാലും, ഈസയും, മഹ്്്ദിയും, യഅ്ജൂജും മഅ്ജൂജും, ഖിയാമവും കടന്ന് മരണം കഴിഞ്ഞ ആത്മാവിന് ഇടത്താവളങ്ങളും സഞ്ചാരവും അനവധിയെന്ന് ചൂണ്ടുന്നത് അപരിചിതത്വം നിറഞ്ഞ വഴികളിലേക്കാണ്. ആത്മാവ് മരിക്കുന്നില്ലെന്നും, ഇനിയും പരിചിതരും അപരിചിതരുമായുള്ള സംഗമങ്ങളോടെ അതിന് ഏറെ സഞ്ചാരവഴികള്‍ ഭൂമിയില്‍ അവശേഷിക്കുന്നുവെന്ന് നോവല്‍ പറയുന്നു. ഖുര്‍ആനിലെ യാസീന്‍ മരണമെടുത്ത റൂഹിന് ആത്മശാന്തിയാവുന്നതിന്റെ രസതന്ത്രം പറയുന്നതിങ്ങനെ. ദൈവരൂപത്തില്‍ ആത്മാവു സൃഷ്ടിച്ച്, മണ്ണുടലില്‍ നിക്ഷേപിച്ചപ്പോള്‍ ആത്മാവിനു അസ്വസ്ഥത തോന്നിയത്രെ. ആവലാതി കണ്ട ദൈവം സംഗീതം നുകരാനുള്ള താളാത്മക ബോധത്തോടൊപ്പം ഒരശരീരിയും ആദമിനെ കേള്‍പ്പിച്ചു. അത്് യാസീനായിരുന്നുവത്രെ. ഇങ്ങനെ കൗതുകങ്ങള്‍ നിറച്ച് മതത്തെ ആഖ്യായികയാക്കുമ്പോള്‍ ശംസുദ്ധീന്‍ മത-വിശ്വാസികള്‍ക്കിടയിലും പ്രിയപ്പെട്ട എഴുത്തുകാരനാവുന്നു.
ഇബ്‌നു ഖയ്യിമുൽ ജൗസിയുടെ കിതാബുറൂഹും, മുഹമ്മദ് ബ്ന്‍ അലവി മാലികി മക്കിയുടെ മാലാ ഐനുന്‍ റഅത്, മുഹമ്മദ് അമീനുല്‍ കുര്‍ദിയുടെ തന്‍വീറുല്‍ ഖൂലൂബ് എന്നീ ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും ഖുര്‍ആനിന്റെ ആത്മാവു തന്നെയും രാപ്രഭാഷണങ്ങളിലും മതപണ്ഡിത വചസ്സുകളിലും തേടി നടക്കുന്ന, മരണത്തെ കൗതുകം നിറഞ്ഞ കണ്ണോടെ കാത്തിരിക്കുന്ന മുഴുവന്‍ മലയാളിക്കും അമൃതവാണി തന്നെയാണീയെഴുത്ത്.

 

യൂനുസ് ചെമ്മാട്

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.