[box type=”shadow” align=”” class=”” width=””]മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിനെ പിന്തള്ളി 2017 മാന്‍ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ ഇടം പിടിച്ച നോവല്‍ [/box]അഭയാര്‍ഥിയുടെ പലായനം തുടങ്ങുന്നത് മരണത്തില്‍ നിന്നാണ്, അവിടെ തന്നെ അവന്‍ ജനിക്കുകയും ചെയ്യുന്നു
-മുഹ്‌സിന്‍ ഹാമിദ്.
അഭയാര്‍ഥികളെ കുറിച്ചും പൗരത്വത്തെക്കുറിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അഭയാര്‍ഥിത്വത്തിന്റെ പുതിയ മാനങ്ങള്‍ അന്വേഷിക്കുന്ന റിയലിസവും മാജിക്കല്‍ റിയലിസവും ഇടകലര്‍ന്ന നോവലാണ് മുഹ്‌സിന്‍ ഹാമിദിന്റെ ‘എക്‌സിറ്റ് വെസ്റ്റ്’ സമകാലിക രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തില്‍ അഭയാര്‍ഥി പേറുന്ന ഭാരങ്ങളെ ജീവിതാനുഭവങ്ങളാക്കി ചേര്‍ത്ത് വെച്ചാണ് ഹാമിദ് തന്റെ നോവലിന്റെ കഥാതന്തു വികസിപ്പിക്കുന്നത്. തികഞ്ഞ രാഷ്ട്രീയ ചേരിതിരിവുകളും സാമ്രാജ്യത്ത പദ്ധതികളും ഉല്‍പാദിപ്പിക്കുന്ന അഭയാര്‍ഥി പ്രശ്‌നത്തെ മുന്‍നിര്‍ത്തി, വരും കാലത്തെ കുറിച്ചുള്ള ഭാവനാത്മകമായ അലോചനയാണ് പാക്-ആഗ്ലോ-യുവ എഴുത്തുകാരന്‍ തന്റെ നോവലിലൂടെ മുന്നോട്ട് വെക്കുന്നത്. അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിനെ പിന്തള്ളി 2017 മാന്‍ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ ഇടം പിടിച്ച ‘എക്‌സിറ്റ് വെസ്റ്റ്’ ഹാമിദിന്റെ നാലാം നോവലാണ്. നോവല്‍ ദി റെലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്, മോത്ത് സ്‌മോക്ക് തുടങ്ങിയ നോവലുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭവാനയാണ്. കീറിയ ജീവിതങ്ങളെ തുന്നിച്ചേര്‍ക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങളാണ് അഭയാര്‍ഥികളുടെ പലായനമെന്ന് പറയുമ്പോള്‍ തന്നെ ജീവിതത്തിന്റെ കയ്പ്പുനിറഞ്ഞ അനുഭവങ്ങള്‍ക്കപ്പുറത്തുള്ള മാധുര്യത്തിന്റെ ഒരനുഭൂതിതലത്തെയും നോവല്‍ വരച്ചിടുന്നുണ്ട്. സഈദ് എന്ന യുവാവും നാദിയ എന്ന യുവതിയും തമ്മിലുള്ള പ്രണയത്തില്‍ നിന്നാണ് കഥ വികസിക്കുന്നത്. പ്രണയാതുരമായ ജീവിത വിവരണത്തിലൂടെ മുന്നേറുന്ന നോവലിന്റെ ആഖ്യാനം ആഭ്യന്തര യുദ്ധം രൂക്ഷമാവുന്നതോടെ പൊടുന്നനെ പ്രക്ഷാബ്ധമാവുന്നു. തുടര്‍ന്ന് മാജിക്കല് റിയലിസത്തിന്റെ ലോകത്തേക്കാണ് പിന്നീട് വായനക്കാരനെത്തുന്നത്. വിചാരിക്കുന്ന രാജ്യങ്ങളിലേക്ക് കണ്ണടച്ച് തുറക്കുമ്പോഴേക്ക് എത്തിപ്പെടാന്‍ കഴിയുന്ന വാതിലുകളിലൂടെ ഗ്രീക്കും യൂറോപ്യന്‍ നഗരങ്ങളും അവര്‍ താണ്ടുന്നു.
‘ലോകമിപ്പോള്‍ അവസാനിക്കുമെന്ന് നാം കരുതുന്നു, പക്ഷേ, അതങ്ങനെയൊന്നും അവസാനിക്കില്ല. മാറ്റങ്ങള്‍ അന്ത്യത്തെയല്ല സൂചിപ്പിക്കുന്നത്. സ്വയം പുതിയ വഴികള്‍ വെട്ടേണ്ടതിന്റെയും പ്രതീക്ഷകളൊടുങ്ങാത്ത ഭാവി നിര്‍മിക്കേണ്ടതിന്റെയും ആവശ്യത്തെയാണ് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത്’
വൈദ്യുതി സംവിധാനം പോലുമില്ലാത്ത ലണ്ടന്‍ നാഗരത്തെപ്പറ്റിയുള്ള വിവരണം നോവലിലൊരു ഭാഗത്ത് നമുക്ക് കാണാനാവും. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിലൂന്നി ലോകം മുഴുന്‍ അഭയാര്‍ഥികള്‍ കുമിഞ്ഞുകൂടുന്ന കാലത്തെക്കുറിച്ച് സംസാരിക്കുന്ന നോവല്‍ അഭയാര്‍ഥി ജീവിതത്തിന്റെ ദൈനംദിന അനുഭവങ്ങളെയും, സസൂക്ഷ്മം മെടഞ്ഞെടുത്ത ഭാവന കെട്ടു കഥകളെയും ചേര്‍ത്ത് വെച്ച്/ ഇഴചേര്‍ത്ത് വായനക്കാരനെ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവിലെ ലോക സാഹചര്യങ്ങളെ മുടിനാരിഴ കീറി പരിശോധിക്കുന്ന പ്രസ്തുത നോവലിലൂടെ ഹാമിദ് വായനക്കാരന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന് ലോകത്തിലെ അഭയാര്‍ഥികളോട് പറയുന്നതിങ്ങനെയാണ്, ‘ലോകമിപ്പോള്‍ അവസാനിക്കുമെന്ന് നാം കരുതുന്നു, പക്ഷേ, അതങ്ങനെയൊന്നും അവസാനിക്കില്ല. മാറ്റങ്ങള്‍ അന്ത്യത്തെയല്ല സൂചിപ്പിക്കുന്നത്. സ്വയം പുതിയ വഴികള്‍ വെട്ടേണ്ടതിന്റെയും പ്രതീക്ഷകളൊടുങ്ങാത്ത ഭാവി നിര്‍മിക്കേണ്ടതിന്റെയും ആവശ്യത്തെയാണ് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത്’. തന്റെ ആദ്്യ നോവലുകളിലെ ആത്മഗത ശൈലിയില്‍ നിന്നും വായനക്കാരനോടുള്ള നേരിട്ടുള്ള കഥാകഥന ശൈലിയില്‍ നിന്നും വ്യത്യസ്തമായി കഥയെഴുത്തിന്റെ പുതിയ രീതിയാണ് ഹാമിദ് ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്.
ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാവരും വിദേശികളാണെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന നോവല്‍ സാമൂഹിക ദുരന്തങ്ങള്‍ എങ്ങനെ സ്വകാര്യ ജീവിത്തതെ ഋണാത്മകമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. മരണത്തെ മുന്നില്‍ കാണുമ്പോഴും പുതിയ ലോകത്തെ കെട്ടിപ്പടുക്കാന്‍ മാത്രം ശക്തിയുണ്ട് അഭായര്‍ഥികളുടെ ജീവിതത്തിനെന്ന് നമ്മെ ഓര്‍മിപ്പിച്ച് കൊണ്ടിരിക്കുന്ന കൃതി ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും മീതെ പറക്കുന്ന ആത്മ വിശ്വാസത്തിന്റെ ചിറകടിയൊച്ചകളെ അനുവാചകന്റെ കാതുകളില്‍ മുഴക്കിക്കൊണ്ടിരിക്കുന്നു. ദേശ രാഷ്ട്ര അതിര്‍ത്തികള്‍പ്പുറത്തേക്കുള്ള അഭയാര്‍ഥികളുടെ പലായനത്തെ മാജിക്കല്‍ റിയലിസത്തിലൂടെ അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്‍ സ്വയം ആഗോള പൗരനെന്ന് വിശ്വസിക്കുകയും ആഗോള പൗരത്വം ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. മുഹ്‌സിന്‍ ഹാമിദിന്റെ ജീവിതത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന കഥാഖ്യാനമാണ് ‘എക്‌സിറ്റ് വെസ്റ്റി’ ന്റേത്. ലാഹോറില്‍ ജനിച്ച് ലണ്ടനിലും ന്യൂയോര്‍ക്കിലും ജീവിക്കേണ്ടി വന്ന ഹാമിദിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഓര്‍മകളുമാണ് പ്രസ്തുത നോവലെന്ന് നമുക്ക് പറയാനാവും. നാടും വീടുപേക്ഷിച്ച് പുതിയ ജനങ്ങള്‍ക്കിടയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളെയും നിദ്രാഭംഗത്തെയും ബാല്യകാല സ്മരണകളെയും സഈദിലൂടെയും പുതിയ ജീവിചര്യ സാഹചര്യങ്ങളിലെ നവ്യാനുഭൂതികളുണ്ടാക്കുന്ന ആസ്വാദനങ്ങളെ നാദിയയിലൂടെയും വരച്ച് കാണിക്കുന്നതിലൂടെ ദേശ രാഷ്ട്രങ്ങളില്‍ നിന്ന് സാര്‍വദേശീയതയിലേക്കുള്ള പറിച്ചുനടലിന്റെ രണ്ട് വ്യത്യസ്ത മാനസിക ഭാവങ്ങളെയാണ് നോവലിസ്റ്റ് അനുവാചകരിലെത്തിക്കാന്‍ ശ്രമിക്കുന്നത്. വീട് എന്ന സങ്കല്‍പ്പത്തെയും വീടിനോടും നാടിനോടുമുള്ള അഭയാര്‍ഥിയുടെ വൈകാരികനുഭവ തലത്തെയും വിവരിക്കാന്‍ ശ്രമിക്കുന്ന നോവല്‍ സാധാരണ അഭയാര്‍ഥി നോവലുകളുടെ പ്രമേയത്തില്‍ നിന്നും വ്യത്യസ്തമാണ്. വീട് എന്ന സങ്കല്‍പത്തെ കാല്‍പനികമായവതരിപ്പിച്ച് ഒരു മെലോ-ആഖ്യാന രീതി അവലംഭിക്കുന്നവയാണ് പൊതുവെയുള്ള അഭയാര്‍ഥി നോവലുകള്‍. മുഹ്‌സിന്‍ ഹാമിദിന്റെ ‘എക്‌സിറ്റ് വെസ്റ്റ്’ വീട് എന്ന സങ്കല്‍പത്തെയും അതിനോടുള്ള അഭയാര്‍ഥികളുടെ വൈകാരിക ബന്ധത്തെയും അവതരിപ്പിക്കുന്നതോടൊപ്പം അഭയാര്‍ഥികള്‍ക്ക് ലഭിക്കുന്ന പുതിയ ജീവിത സാഹചര്യങ്ങളെയും അനുഭവ തലങ്ങളെയും വിവരിക്കാനും ശ്രമിക്കുന്നുണ്ട്.
യാഥാര്‍ഥ്യങ്ങളുടെ കാലിലൂന്നി ഭാവനയിലേക്ക് കുതിക്കുന്ന ഹാമിദ് സമകാലിക ലോകത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യങ്ങളില്‍ നിന്ന്‌കൊണ്ട് തന്നെയാണ് വരുംകാലത്തെ പ്രതീക്ഷാനിര്‍ഭരമായ ലോകത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഭാഷയില്‍ സംസാരിക്കുന്നത്
പലായനം കയ്പ്പുനിറഞ്ഞൊരനുഭവം മാത്രമായി ഹാമിദ് കാണുന്നില്ല. പകരം പുതിയൊരനുഭവവും അനുഭൂതിയും പ്രദാനം ചെയ്യുവയാണത്. കയ്പുനിറഞ്ഞ ചിത്രങ്ങള്‍ കൂട്ടിവെച്ചൊരു സുന്ദരമായ രൂപം നിര്‍മിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെ കാലിലൂന്നി ഭാവനയിലേക്ക് കുതിക്കുന്ന ഹാമിദ് സമകാലിക ലോകത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യങ്ങളില്‍ നിന്ന്‌കൊണ്ട് തന്നെയാണ് വരുംകാലത്തെ പ്രതീക്ഷാനിര്‍ഭരമായ ലോകത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഭാഷയില്‍ സംസാരിക്കുന്നത്. അഭയാര്‍ഥി ജീവിതത്തിന്റെ ദുരിതങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കും പരിഹാരമാണ് സര്‍വകലാ ദേശീയ പൗരത്വമെന്ന് പറയാതെ പറയുന്ന നോവല്‍ രാഷ്ട്രീയ അസ്വാസര്യങ്ങളുടെ ലോകത്ത് കൂടുതല്‍ ആഴമേറിയ വായനകള്‍ ആവശ്യപ്പെടുന്നുണ്ട്.
Add comment