പട്ടിണി മരണം മുതല്‍ ലൈംഗിക പീഡന മരണം വരെ, സ്വാഭാവിക മരണം മുതല്‍ അപകട മരണം വരെ, ആത്മഹത്യതൊട്ട് കൊലപാതകങ്ങള്‍ വരെ- എട്ടാം പേജ് എപ്പോഴും നിറഞ്ഞിരിക്കും. മരണാനുഭവങ്ങള്‍ക്കിടയില്‍ ജീവിച്ച്, തന്റെ വിരലുകളില്‍ അനവധിയാളുടെ മരണത്തിന്റെ തണുപ്പേറ്റു വാങ്ങുന്ന ഒരു പത്രപ്രവത്തകന്റെ (ജിത്തു) ആത്മ സംഘര്‍ഷങ്ങളെ വൈവിധ്യമാര്‍ന്ന വിതാനങ്ങള്‍ ചേര്‍ത്തനുഭവിപ്പിക്കുന്ന മലയാള ഹ്രസ്വ ചിത്രമാണ് എട്ടാം പേജ്.
എല്ലാ പത്രങ്ങളിലും ചരമവാര്‍ത്തകളുടെ ഇടമാണ് എട്ടാം പേജ്. മരണത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളെയും ഭാവങ്ങളെയും ആസ്വദിക്കാന്‍ തക്ക വിഭവങ്ങളാക്കി പരുവപ്പെടുത്തുന്ന മാധ്യമങ്ങളുടെ വിപണി താല്‍പര്യങ്ങള്‍, ചരമപ്പേജെഴുത്തുകാരന്റെ നാലുവരിയില്‍ തീരുന്ന എണ്ണമറ്റ ജീവിതങ്ങള്‍. ഇവക്ക് രണ്ടിനുമിടയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന വിവരണാതീതമായ അസ്തിത്വ പ്രതിസന്ധി അയാള്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള കുഴഞ്ഞ് മറിഞ്ഞ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി വീഴുന്നു, പലയിടങ്ങളില്‍ അയാള്‍ക്ക് രൂക്ഷമായ മരവിപ്പനുഭവപ്പെടുന്നു. പേജുകള്‍ നിറയുന്ന മരണവാര്‍ത്തകള്‍ക്കൊപ്പം ക്രമേണ അയാളും ഒരു ചത്തമനുഷ്യനായിത്തീരുന്നു. ജീവിതം കേവലം വരികള്‍ക്കുള്ളിലൊതുങ്ങാതിരിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ നിഷ്ഫലമായിത്തീര്‍ന്ന്, മറ്റൊരു ചരമമെഴുത്തുകാരന്റെ നാലു വരികളില്‍ അയാളും പിടഞ്ഞില്ലാതാവുന്നു.
ജിത്തുവിന്റെ ഉള്‍ക്കനമുള്ള ആത്മഭാഷനങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. അനന്തമായ അര്‍ത്ഥങ്ങളുല്‍പ്പാദിപ്പിക്കാനും പ്രേക്ഷകന്റെ മനസ്സിലേക്ക് ശരവര്‍ഷങ്ങള്‍ പോലെ തുളഞ്ഞു കയറാനും അവക്ക് കഴിയുന്നു. ‘പലരുടെയും പേര് ആദ്യമായും അവസാനമായും വരുന്നത് മരണത്തിന് ശേഷമാണ്. കൂടെ ഞാനെഴുതുന്ന നാലുവരിയില്‍ തീരും ഒരുമനുഷ്യന്റെ ജീവിതം’.
സിനിമാ പാരഡൈസോയുടെ ബാനറില്‍ തന്‍സീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശംസുദ്ദീന്‍ കുട്ടോത്തിന്റെതാണ് തിരക്കഥ. വിനയ് ഫോര്‍ട്ടാണ് ജിത്തു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാലി കുപ്പി ചാനല്‍ വഴി യൂടൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
Add comment