ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തിയോളജി വിഭാഗം പ്രൊഫസറും പ്രമുഖ ചിന്തകനുമായ താരിഖ് റമദാന്റെ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകൃത്മായ പുസ്തകമാണ് ഇസ്‌ലാം ദി എസ്സന്‍ഷ്യല്‍സ്. ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ ഇസ്‌ലാമിക അക്കാദമിക ലോകത്ത് ഈ പുസ്തകം ചര്‍ച്ചയായിക്കഴിഞ്ഞു.
ഇസ്‌ലാമിനെ കുറിച്ചുള്ള നിലവിലെ സംവാദങ്ങള്‍ മുഴുവന്‍ ഇസ്‌ലാം എന്തല്ല എന്ന സംജ്ജക്കകത്തു നിന്നാണ് രൂപപ്പെടുന്നത്. ഇസ്‌ലാം എന്താണ് എന്നു പറയാനുള്ള ഇടം ശൂന്യമായിക്കിടന്നിടത്താണ് റമദാന്റെ പുതിയ പുസ്തകം ശ്രദ്ധേയമായിത്തീരുന്നത്. സൈദ്ധാന്തികമായ സങ്കീര്‍ണകതകളൊട്ടുമില്ലാതെ, സരളമായ രീതിയില്‍ വായനക്കാരനോട് സംവദിക്കാനാണ് റമദാന്‍ ഇതലൂടെ ശ്രമിക്കുന്നത്.
ചരിത്രം, അടിസ്ഥാന തത്വങ്ങള്‍, വിശ്വാസവും കര്‍മവും, മതത്തിന്റെ വഴി, സമകാലിക വെല്ലുവിളികള്‍ എന്നീ അഞ്ച് തലക്കെട്ടുകള്‍ക്ക് കീഴിലാണ് കൃതി രൂപപ്പെട്ടിരിക്കുന്നത്. സ്വന്തമായി ചില വ്യവസ്ഥാപിത ദര്‍ശനങ്ങളും ആന്തരിക സമഗ്രതയും മാനവികതയെ കുറിച്ച് വ്യത്യസ്തമായ കാഴചപ്പാടുകളുമുള്ള ഒരു വിശ്വാസ ധാരയെക്കുറിച്ച് പഠിക്കാനൊരുങ്ങുമ്പോള്‍, ഇതു വരെ സ്വായത്തമാക്കി വെച്ചിട്ടുള്ള പല ധാരണകളെയും എടുത്തുമാറ്റാന്‍ വായനക്കാരന്‍ തയ്യാറാവണമെന്ന് റമദാന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ദാര്‍ശനികവും ബൗദ്ധികവുമായ വ്യവഹാരങ്ങളില്‍ ആഴത്തില്‍ ഇടപെടുന്നതിന് പകരം ഇസ്‌ലാം എന്ന മതവും അതു വികസിപ്പിച്ചെടുത്ത നാഗരികതയും ഉള്‍ക്കൊള്ളുന്ന ബഹുമുഖമായ ലോകങ്ങളിലേക്ക് പ്രാഥമിക ബോധനം നല്‍കുകയാണ് ഈ കൃതി ചെയ്യുന്നത്.
സമാപ്തത്തിന് ശേഷം ചേര്‍ത്തിരിക്കുന്ന ‘ ഇസ്‌ലാമിനെ കുറിച്ച് അറിയുമെന്ന് നിങ്ങള്‍ കരുതുന്ന പത്ത് കാര്യങ്ങള്‍(Ten things that you know about Islam) എന്ന അധ്യായം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള പൊതുബോധങ്ങളുടെ രൂപീകരണത്തെയും വ്യാവഹാരിക ഉള്ളടക്കത്തെയും മനസ്സിലാക്കാന്‍ ഇത് ഏറെ ഉപകരിക്കും. 2017 മാര്‍ച്ചില്‍ പുറത്തിറങ്ങിയിരിക്കുന്നാ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Add comment