എനിക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹിക ക്രമങ്ങള്‍ നിങ്ങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ? മനസ്സിനകത്തു കാത്തു വെച്ച സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്നതും കണ്ട് നിസ്സഹായനായിപ്പോയിട്ടുണ്ടോ?ബാക്കിയുള്ള നിമിഷങ്ങളെങ്കിലും പ്രതീക്ഷകളുടെ മോഹപ്പെയ്ത്തില്‍ നനഞ്ഞു കുതിരണമെന്നു കരുതി തുനിഞ്ഞിറങ്ങിയിട്ടുണ്ടോ? ലെബനീസ് എഴുത്തുകാരന്‍ ഹസന്‍ ദാവൂദിന്റെ നോ റോഡ് റ്റു പാരഡൈസ് (ലാ ത്വരീഖ ഇലല്‍ ജന്ന ) എന്ന നോവലിന്റെ ഒടുവിലേക്കെത്തുമ്പോഴേക്ക് ഇവയെല്ലാം ചോദ്യരൂപേണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒട്ടനവധി സങ്കീര്‍ണ്ണതകളിലൂടെയും വിഭ്രാത്മകമായ ഭാവനകളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. ആശങ്കകള്‍ ആകുലതകളായും നൈരാശ്യങ്ങള്‍ പിടയുന്ന നൊമ്പരങ്ങളായും പടര്‍ന്നു കയറും .
ലബനാനിലെ ശീഈ കുടുംബ സാഹചര്യങ്ങളാണ് നോവലിന്റെ പശ്ചാത്തലം. പണ്ഡിത കുടുംബത്തില്‍ ജനിച്ചതു കാരണം പണ്ഡിതനാവേണ്ടി വരുന്ന സയ്യിദ് ആണു പ്രധാന കഥാപാത്രം. ആയുസ്സിന്റെ വലിയൊരളവും തലപ്പാവിനും നീളക്കുപ്പായത്തിനുമിടയില്‍ അസംതൃപ്തനാണയാള്‍. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മുഴുവന്‍ ബലാല്‍ക്കാരമെന്നോണം ത്യജിക്കേണ്ടി വരുന്ന ആത്മരോഷമാണ് അയാളുടെ സംഭാഷണങ്ങളില്‍ മുഴുക്കെ.”തലപ്പാവും നീളക്കുപ്പായും ധരിക്കുമ്പോഴെല്ലാം മറ്റാരുടേയോ വസ്ത്രം എടുത്തിട്ട അനുഭവമാണെനിക്ക് .എനിക്ക് ഞാന്‍ തന്നെ അപരിചിതനായിത്തീരുന്നു. വഴികളില്‍ അനേകം പേര്‍ അജ്ഞാതമായ നോട്ടങ്ങള്‍ എനിക്കു നേരെ എറിയുന്നത് പോലെ… … ‘
മാനസികമായും സാമൂഹികമായും സംഘര്‍ഷങ്ങള്‍ക്കു നടുവിലാണ് സയ്യിദ് .പാരമ്പര്യ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാനനുവദിക്കാത്ത പണ്ഡിതനായ പിതാവ്, സദസമയം ആവലാതികളുടെ ഭാണ്ഡമഴിച്ച് മുഷിപ്പിക്കുന്ന ഭാര്യ. മാരകമായ രോഗങ്ങള്‍ ബാധിച്ച മക്കള്‍. സഹോദരന്റെ ഭാര്യയോട് തോന്നുന്ന കലശലായ അഭിലാഷങ്ങള്‍. ഒടുക്കം തനിക്കു തന്നെ വന്നു ചേരുന്ന കാന്‍സറിന്റെ യാതനകള്‍. കെട്ടുപിണഞ്ഞ മനശാസ്ത്ര സങ്കീര്‍ണതകളെ ആഖ്യാനം കൊണ്ട് അവിസ്മരണീയമാക്കിയിരിക്കുന്നു എന്നാണ് നജീബ് മഹ്ഫൂസ് സാഹിത്യ അവാര്‍ഡ് ജൂറി ഫല പ്രഖ്യാപന സമയത്ത് ഈ നോവലിനെ കുറിച്ച് പറഞ്ഞത്.
ഉള്ളനുവദിക്കാത്ത കെട്ടുവേഷങ്ങളില്‍ നിന്നുള്ള പുറപ്പാടാണ് കഥാന്ത്യത്തില്‍. പരമ്പരാഗതമായി തനിക്കു കൈമാറിക്കിട്ടിയ വിപുലമായ ഗ്രന്ഥശേഖരം മുഴുക്കെ കൈമാറിയാണതിന്റെ തുടക്കം. കഥാഗതിയില്‍ വായനക്കാരന്‍ അങ്കലാപ്പിലാവുന്നു .സയ്യിദിന്റെ വേഷപ്പകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണമെന്തെന്ന അന്വേഷണ വെപ്രാളത്തില്‍ വായന അവസാനിക്കുന്നു .
ലബനാനിലെ മത പശ്ചാത്തലങ്ങളും വിവരണങ്ങളും പലയിടങ്ങളിലായി കടന്നു വരുന്നുണ്ട്. പൗരോഹിത്യത്തിനെതിരെ പരപ്പില്‍ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ടെങ്കിലും ഓളങ്ങളുണ്ടാക്കാന്‍ തക്ക ശേഷിയില്ലാത്ത വാക്കുകളായി അവ അവസാനിക്കുന്നു.
1950 ല്‍ ലബനാനിലെ നൗമേറിയയിലാണ് ഹസന്‍ ദാവൂദിന്റെ ജനനം.1975 ലെ ലെബനീസ് സിവില്‍ യുദ്ധകാലത്ത് അല്‍ ഹയാത്ത് പത്രത്തില്‍ യുദ്ധ കാര്യ ലേഖകനായിരുന്നു. ദ പെന്‍ഗ്വിന്‍സ് സോംഗ്, ബോറോവ്ഡ് ടൈം എന്നിവയടക്കം എട്ടു നോവലുകളും രണ്ടു ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.