മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കപ്പെടുന്ന ദിനമായിരുന്നു 2021 ഫെബ്രുവരി 18. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മാര്‍സ് 2020 ദൗത്യത്തിന്റെ ഭാഗമായി പേഴ്‌സിവിയറന്‍സ് റോവര്‍ എന്ന പേടകം ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്നത് അന്നാണ്. പേഴ്‌സി എന്ന് ഓമനപ്പേര് നല്‍കപ്പെട്ട പേടകം വളരെ നിര്‍ണായകമായ ഭീതിയുടെ ഏഴ് മിനുട്ടുകള്‍ ( 7 Minutes of Horror) തരണം ചെയ്ത് ചൊവ്വയില്‍ ഇറങ്ങുന്ന കാഴ്ച ലോകത്തെ ഒന്നടങ്കം ആഹ്ലാദത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇത്തരമൊരു ആഹ്ലാദത്തിന്റെ മുഖ്യ കാരണം. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ഈ ചുവന്ന ഗ്രഹത്തില്‍ പുരാതന ജീവന്റെ ശേഷിപ്പുകള്‍ എന്തെങ്കിലും ലഭ്യമാണോ എന്ന അന്വേഷണമാണ് മാര്‍സ് 2020 മിഷന്റെ സുപ്രധാന ദൗത്യം. ഇതിന് മുമ്പ് 2011ല്‍ നാസ വിക്ഷേപിച്ച ക്യൂരിയോസിറ്റി റോവര്‍ തൊട്ടടുത്ത വര്‍ഷം 2012-ല്‍ തന്നെ ചൊവ്വയില്‍ ഇറങ്ങുകയും ജലത്തിന്റെയും ജീവന്റെയും സാധ്യതകളിലേക്ക് ആദ്യ സൂചനകള്‍ നല്‍കുകയും ചെയ്തു.
മനുഷ്യ വംശത്തിന്റെ ഉദ്ഭവം മുതല്‍ ജ്യോതിശാസ്ത്രം ഒരു ശാസ്ത്രമായി വികസിക്കുന്നതിന് മുമ്പ് തന്നെ ആകാശവും നക്ഷത്രവും അവരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1781-ല്‍ ജര്‍മന്‍ തത്വചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് (1724-1804) എഴുതുകയുണ്ടായി: രണ്ട് കാര്യങ്ങള്‍ നിരന്തരം മനസ്സില്‍ ആശ്ചര്യവും ആദരവും നിറക്കുന്നു. എപ്പോഴും കൂടുതല്‍ തീവ്രതയോടെ ചിന്തയും മനസ്സും അവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മുകളില്‍ കാണുന്ന നക്ഷത്ര നിബിഡമായ ആകാശവും മനസ്സിനുള്ളില്‍ ദര്‍ശിക്കാവുന്ന ധാര്‍മിക ബോധവുമാണ് അവ. ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, സിന്ധുനദീതട സംസ്‌കാരങ്ങളുടെ കാലം മുതല്‍ ആരംഭിച്ച വാന നിരീക്ഷണത്തിന്റെ ചരിത്രം ആര്യഭട്ടന്‍, ഭാസ്‌കരന്‍, അരിസ്റ്റോട്ടില്‍, ടോളമി, അല്‍ബിറൂനി, അല്‍ഫര്‍ഗാനി, ന്യൂട്ടണ്‍, എഡ്വിന്‍ ഹബ്ള്‍ തുടങ്ങിയവരിലൂടെ സഞ്ചരിച്ച് നമ്മുടെ കാലത്ത് പേഴ്‌സിയിലെത്തി നില്‍ക്കുന്നു.
എച്ച്.ജി.വെല്‍സി (1866-1946) ന്റെ The War of the Worlds (1898), The First Men in the Moon (1901) തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ നോവലുകളും ക്രിസ്റ്റഫന്‍ നോലന്‍ സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ ഇന്റര്‍സ്‌റ്റെല്ലാര്‍, മര്‍ലിന്‍ മകോഹന്‍, 2016-ല്‍ സംവിധാനം ചെയ്ത ഇന്റര്‍സ്‌റ്റെല്ലാര്‍ വാര്‍സ് പോലെയുള്ള സൈ ഫൈ (Sci-fi) മൂവികളും ഭൂമിയേതര ഗ്രഹങ്ങളിലെ ജീവികളെ കുറിച്ച ഭാവനകള്‍ ഉത്തരാധുനിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. എലോണ്‍ മസ്‌കിനെ പോലെയുള്ളവരാണെങ്കില്‍ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകള്‍ കൂടുതല്‍ വിപുലപ്പെടുത്തി ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ഭഗീരഥ യത്‌നത്തിലാണ്.
ഒരു വശത്ത് ശാസ്ത്ര പര്യവേക്ഷണങ്ങളുടെ പ്രതീക്ഷാവഹമായ ചലനങ്ങള്‍ നടക്കുമ്പോള്‍ തന്നെ മറുവശത്ത് മനുഷ്യരാശിയുടെ 2500 വര്‍ഷത്തെ കണ്ടെത്തലുകളെയെല്ലാം പൂര്‍ണമായും നിരാകരിക്കുന്ന തരത്തിലുള്ള നീക്കങ്ങളും സജീവമാണ്. 1956-ല്‍ ഇംഗ്ലീഷുകാരനായ സാമുവല്‍ ഷെന്റണ്‍ (1903-1971) ആരംഭിച്ച International Flat Earth Research Society ഈ ദിശയിലുള്ള ഒരു ചലനമാണ്. 1966-ല്‍ ഷെന്റണ്‍ പുറത്തിറക്കിയ The Plain Truth എന്ന ലഘുലേഖയില്‍ ആധുനിക ജ്യോതിശാസ്ത്രവും ചാന്ദ്രദൗത്യങ്ങളും ദൈവത്തോടുള്ള അവഹേളനമാണെന്ന് പറയാന്‍ മടിക്കുന്നില്ല. ബഹിരാകാശ സഞ്ചാരികള്‍ ഹിപ്‌നോട്ടിസത്തിന് വിധേയരാക്കപ്പെടുന്നത് കൊണ്ടാണ് ബഹിരാകാശത്ത് എത്തി എന്ന വിശ്വാസം അവര്‍ക്കുണ്ടാകുന്നത് എന്നും അയാള്‍ വാദിച്ചു. ലൂണാര്‍ ഓര്‍ബിറ്റര്‍ ദൗത്യത്തിന്റെ വിജയം ഷെന്റണ്‍ IFERSന്റെ മെമ്പര്‍ഷിപ്പില്‍ വലിയ അളവില്‍ കുറവ് വരുത്തിയെങ്കിലും 2004-ല്‍ ഡാനിയേല്‍ ഷെന്റണ്‍ ഈ സൊസൈറ്റിയെ പുനരുജ്ജീവിപ്പുക്കുകയായിരുന്നു. 2009-ല്‍ ഔദ്യോഗികമായി പുനരാരംഭിച്ച സൊസൈറ്റി 2017 ആകുമ്പോഴേക്കും 500 അംഗങ്ങള്‍ ഉള്‍കൊള്ളുന്ന വലിയ പ്രസ്ഥാനമായി മാറി. അമേരിക്കന്‍ ഭരണകൂടത്തെയും നാസയെയും വിമര്‍ശിച്ചുകൊണ്ടാണ് ഇവര്‍ തങ്ങളുടെ ജനപ്രിയത ഉറപ്പുവരുത്തുന്നത്. ഭൂമി പരന്നതാണെന്ന് വാദിക്കാന്‍ ബൈബിളിലെ വാക്യങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ച ഈ വിഭാഗം മതസമൂഹങ്ങള്‍ക്ക് തന്നെ അപമാനമായി ഇന്നും സജീവമായി തുടരുന്നു. പ്ലാറ്റ് എര്‍ത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാതലത്തില്‍ വിക്കി ഇസ്‌ലാം പോലുള്ള വെബ്‌സൈറ്റുകള്‍ ഖുര്‍ആനിലും പരന്ന ഭൂമിയെന്ന സങ്കല്‍പമാണുള്ളതെന്ന് ആരോപിക്കാന്‍ മുന്നോട്ടുവെന്ന പരിസ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള ഇസ്‌ലാം വിമര്‍ശകര്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
ഖുര്‍ആനിെല ഭൂമി
ഖുര്‍ആനില്‍ വിവരിക്കപ്പെടുന്ന ഭൂമിയുടെ രൂപം പരന്നതാണെന്ന് സ്ഥാപിക്കാന്‍ വിക്കി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വാദം ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ഥങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ ഖുര്‍ആനെയും ഹദീസിനെയും അക്ഷരാര്‍ഥത്തില്‍ തന്നെ മനസ്സിലാക്കണമെന്ന് ശഠിക്കുന്ന രണ്ട് പണ്ഡിതരാണ് ഇബ്‌നു ഹസ്മ്, ഇബ്‌നു തൈമിയ്യ എന്നിവര്‍. ഖുര്‍ആന്റെയും ഹദീസിന്റെയും ളാഹിര്‍ (ബാഹ്യാര്‍ഥം) ആണ് പരിഗണിക്കേണ്ടത് എന്ന നിലപാട് സ്വീകരിക്കുന്ന ഇബ്‌നു ഹസ്മിന്റെ ചിന്താസരണി അറിയപ്പെടുന്നത് തന്നെ ളാഹിരി (ബാഹ്യാര്‍ഥവാദക്കാര്‍) എന്ന പേരിലാണ്. വ്യാഖ്യാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ അക്ഷരാര്‍ഥത്തില്‍ തന്നെ ഖുര്‍ആനിലെ ദൈവസങ്കല്‍പം മനസ്സിലാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന മറ്റൊരു വിഭാഗമാണ് ഹന്‍ബലികള്‍ എന്നറിയപ്പെടുന്നത്. ഈ സരണിയില്‍ കടന്നുവരുന്ന ഇബ്‌നു തൈമിയ്യയും ബാഹ്യാര്‍ഥ വാദക്കാരനായ ഇബ്‌നു ഹസ്മും അഭിപ്രായപ്പെടുന്നത് ഖുര്‍ആനില്‍ വിവരിക്കുന്നതനുസരിച്ച് ഭൂമി ഗോളാകൃതിയിലാണെന്നാണ്.
തന്റെ അല്‍ഫിസല്‍ വല്‍മിലല്‍ വല്‍അഹ്ഹാഇ വന്നിഹല്‍ പൂര്‍ണനാമം വരുന്ന അല്‍ ഫിസല്‍ എന്ന് ചുരുക്കിവിളിക്കപ്പെടുന്ന കൃതിയില്‍ ബ്‌നു ഹസ്മ് പറയുന്നത് കാണുക: ഇനി നമുക്ക് ചില ചോദ്യങ്ങള്‍ പരിഗണിക്കാം. തെളിവുകള്‍ ചൂണ്ടുന്നത് ഭൂമി ഗോളാകൃതിയിലാണെന്നാണല്ലോ? പക്ഷേ, പൊതുജനം അത് അംഗീകരിക്കുന്നില്ലല്ലോ എന്നതാണ് അവിയലൊന്ന്. മറുപടിയായി നമുക്ക് പറയാനുള്ളത് പണ്ഡിത ലോകത്തെ നേതൃനിരയില്‍ വരുന്ന ഒരു ഇമാം പോലും ഭൂമിയുടെ ഗോളാകൃതി നിഷേധിച്ചതായി കാണാന്‍ കഴിയില്ല. അവരില്‍ നിന്ന് ഒരാളുടെ അഭിപ്രായം പോലും അത് നിഷേധിക്കുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നുമുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത് ഗോളാകൃതിയിലേക്കാണ്. അല്ലാഹു പറയുന്നു: രാത്രിയെ കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെ കൊണ്ട്് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. (വി.ഖു. 39:25).
ഭൂമിയുടെ ഗോളാകൃതി നിഷേധിക്കാന്‍ സാധ്യതയുള്ള ശാസ്ത്രബോധമില്ലാത്ത പൊതുജനങ്ങള്‍ക്ക് മുന്നില്‍ നിരവധി ചോദ്യങ്ങള്‍ നിരത്തി അക്കാര്യം ബോധ്യപ്പെടുത്താന്‍ തുടര്‍ന്നുള്ള വരികളില്‍ ഇബ്‌നുഹസ്മ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇബ്‌നു ഹസ്മ് ജീവിച്ചിരുന്നത് അഞ്ചാം നൂറ്റാണ്ടി(എ.സി 15)ലാണ്. ഇസ്‌ലാമിക ശാസ്ത്രത്തിന്റെ സുവര്‍ണ യുഗമെന്ന് പരിചയപ്പെടുത്താറുള്ള കാലത്ത് മുസ്‌ലിം സ്‌പെയ്‌നില്‍ അരിസ്റ്റോട്ടിലിന്റെയും ട്ടോളമിയുടെയും കൃതികളില്‍ നിന്ന് യവന ജ്യോതിശാസ്ത്രം കൃത്യമായി മനസ്സിലാക്കിയ ചിന്തകനായിരുന്നു അദ്ദേഹം. ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ ഫലങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഭൂമി സങ്കല്‍പത്തോട് എതിരാവുന്നില്ല എന്ന വസ്തുത ഇബ്‌നു ഹസ്മ് മനസ്സിലാക്കുന്നത് മുന്‍കാല പണ്ഡിത നേതൃത്വങ്ങളിലൊരാള്‍ പോലും ഗോളാകൃതി നിഷേധിച്ചിട്ടില്ല എന്ന് കണ്ടെത്തുന്നതോടെയാണ്.
ഇബ്‌നു ഹസ്മിന് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജീവിച്ചിരുന്ന ഇബ്‌നു തൈമിയ്യയും പരിഗണിക്കപ്പെടാവുന്ന പണ്ഡിതരില്‍ നിന്ന് വിരുദ്ധാഭിപ്രായം ഉള്ളതായി രേഖപ്പെടുത്തുന്നില്ല. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇമാം അഹ്മദ് ബ്‌നു ഹന്‍ബലിന്റെ അനുയായികളുടെ രണ്ടാം തലമുറയില്‍ വരുന്ന അഹ്മദ് ബ്ന്‍ ജാഫര്‍ ബ്ന്‍ അല്‍മുനാദിയെ പോലുള്ള ആദ്യകാല പണ്ഡിതര്‍ ഗോളാകൃതിയെ കുറിച്ച് ഏകാഭിപ്രായം രേഖപ്പെടുത്തിയത് അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്. നാനൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാപണ്ഡിതനായിരുന്നു ഇബ്‌നുല്‍ മുനാദി. ഹന്‍ബലി പണ്ഡിതനായ അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസിയും പണ്ഡിതരുടെ ഏകാഭിപ്രായം ഉദ്ദരിച്ചിട്ടുണ്ടെന്ന് ഇബ്‌നു തൈമിയ്യ വ്യക്തമാക്കുന്നുണ്ട്. അറിയപ്പെട്ട മുസ്‌ലിം പണ്ഡിതരൊന്നും ഗോളാകൃതി നിഷേധിച്ചിരുന്നില്ലെന്ന് തുടര്‍ന്ന് പറയുന്ന അദ്ദേഹം ഒരു വിമത ന്യൂനപക്ഷത്തെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്. അവിശ്വാസികളായ ജ്യോതിശാസ്ത്രജ്ഞരോട് സംവാദത്തിലേര്‍പ്പെട്ടിരുന്ന ഒരു വിഭാഗം പണ്ഡിതര്‍ അവരെ എതിര്‍ക്കുവാന്‍ വേണ്ടി മാത്രം മറ്റു തെളിവുകളൊന്നുമില്ലാതെ സാധ്യതകള്‍ വാദിച്ചിട്ടുണ്ട്. എതിര്‍പക്ഷം ഗോളാകൃതിയില്‍ വിശ്വസിക്കുന്നത് മനസ്സിലാക്കിയ ഈ വിഭാഗം അതിനെ എതിര്‍ക്കുവാനായി മാത്രം ഭൂമി ചതുരാകൃതിയിലോ ഷഡ്ഭുജാകൃതിയിലോ ആവുന്നതിന് കുഴപ്പമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇവരുടെ വാദങ്ങള്‍ പിന്തുടര്‍ന്ന് പിന്നീട് ചില ഖുര്‍ആന്‍ വ്യാഖാതാക്കളും മതപണ്ഡിതരും ഭൂമി പരന്നതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് ത്വബരി, മാവര്‍ദി, ഇബ്‌നുകസീര്‍, ഖുര്‍തുബി, മഹല്ലി തുടങ്ങിയ ഇമാമുകളുടെ വീക്ഷണങ്ങള്‍ ഈ സംവാദകരായ വിഭാഗത്തിന്റെ വാദങ്ങള്‍ അന്ധമായി സ്വീകരിച്ചതിന്റെ ഫലമായി രുപപ്പെടുന്നതാണ്. ആദ്യകാല വ്യാഖ്യാതാക്കളില്‍ പ്രഥമസ്ഥാനം നല്‍കപ്പെടുന്ന ത്വബരി ജീവിക്കുന്നത് ഇത്തരം സംവാദങ്ങള്‍ അരങ്ങുതകര്‍ത്തിരുന്ന എ.ഡി ഒമ്പതാം നൂറ്റാണ്ടിലാണ്. ബൈതുല്‍ ഹിക്മ മുഖേന യവന തത്വചിന്തയും ശാസ്ത്രവും മുസ്ലിം ലോകത്തെ പ്രചരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതുകൊണ്ട് തന്നെ അത്തരം സംവാദങ്ങളുടെ അന്തരീക്ഷം തന്റെ വീക്ഷണത്തെയും സ്വാധീനി്ച്ചിട്ടുണ്ടെന്ന് സംശയലേശമന്യെ മനസിലാക്കാവുന്നതാണ്. കാരണം ത്വബരിയുടെ രണ്ട് തലമുറകള്‍ക്ക് ശേഷം ജീവിച്ചുരുന്ന ഇബ്‌നു ഹസ്മ് അംഗീകരിക്കപ്പെടാവുന്ന പഴയ പണ്ഡിതരൊന്നും ഭൂമിയുടെ ഗോളാകൃതി നിഷേധിച്ചിട്ടില്ലെന്ന് ഉറച്ചിപറയുന്നുണ്ട്. പരന്നതായിരിക്കാന്‍ സാധ്യതയുണ്ടെന്ന് വാദത്തിന് വേണ്ടി വാദിച്ചിരുന്നവരില്‍ നിന്ന് സ്വീകരിച്ച ആശയത്തെ ഒന്നുകൂടി പരിഷ്‌കരിച്ച് പരന്നത് തന്നെയാണെന്ന് ചില വ്യാഖ്യാതാക്കളും മറ്റും അഭിപ്രായപ്പെട്ടത്. പ്രസിദ്ധമായ നൂനിയ്യ കവിതയുടെ കര്‍ത്താവ് ഖഹ്ത്വാനി, ഇബ്‌നു അത്വിയ്യ അല്‍ അന്ദുലുസി, അബൂ മന്‍സൂര്‍ അല്‍ ബഗ്ദാദി, അബൂ ഉസ്മാന്‍ അസ്സ്വാബൂനി, ഖൂനവി, അബ്ദുറഹ്മാന്‍ സആലബി തുടങ്ങിയ വ്യാഖാതാക്കളും പണ്ഡിതരും ഈ ഗണത്തില്‍ വരുന്നവരാണ്. ഇവരില്‍ അധികപേരുടെയും ചര്‍ച്ചകളില്‍ കാണാന്‍ കഴിയുന്ന ചില പൊതു പ്രായോഗങ്ങളില്‍ നിന്ന് തന്നെ മുമ്പ് വിവരിച്ച എതിര്‍ക്കാന്‍ വേïിയുള്ള വാദത്തിന്റെ സ്വാഭാവം മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി ഇമാം ഖുര്‍ത്വുബി തന്റെ തഫ്‌സീറില്‍ റഅദ് സൂറയിലെ മൂന്നാം വചനം ചര്‍ച്ച് ചെയ്തുകൊണ്ട് ഈ വചനത്തില്‍ ഭൂമി ഗോളമാണെന്ന് വാദിക്കുന്നവര്‍ക്ക ഖണ്ഡനമുണ്ടെന്ന് പറയുന്നു. ഗോളാകൃതി സ്ഥാപിക്കുന്ന നിരീശ്വരവാദി ഇബ്‌നു റാവന്ദിയെയാണ് തുടര്‍ന്ന് പരാമര്‍ശിക്കുന്നത്. അതിന് ശേഷം വിശ്വാസികളായ അഹ്ലുല്‍ കിതാബ് (വേദക്കാര്‍) മുസ്ലിംകളുടെ അതേ അഭിപ്രായം സ്വീകരിക്കുന്നു എന്നും വിവരിക്കുന്നു. ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം രണ്ട് പക്ഷങ്ങള്‍ തമ്മിലുള്ള സംഘട്ടനം എന്ന രീതിയിലാണ് ഈ പ്രശ്‌നത്തെ ഇമാം ഖുര്‍തുബി അവതരിപ്പിക്കുന്നത് എന്നാണ്. വേദക്കാരും മുസ്ലിംകളുമടങ്ങുന്ന വിഭാഗം ഭൂമി പരന്നതാണെന്ന് വ്ിശ്വസിക്കുന്നു. നിരീശ്വരവാദികളും തത്വചിന്തകരായ ജ്യോതിശാസ്ത്രജ്ഞരും ഗോളാകൃതിയില്‍ വിശ്വസിക്കുന്നു. വിശ്വാസികളുടെ ഗണത്തില്‍ ഉള്‍പ്പെടണമെങ്കില്‍ പരന്നതാണ് ഭൂമി എന്ന് വിശ്വസിച്ചേ മതിയാവൂ എന്ന ധാരണ ഇതില്‍ അടങ്ങിയിരിക്കുന്നത് കാണാം.
ഹിജ്‌റ വര്‍ഷം 429-ല്‍ അന്തരിച്ച അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖിന്റെ കര്‍ത്താവ് ഇമാം അബൂ മന്‍സൂര്‍ അല്‍ ബഗ്ദാദിയും സമാനപ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. ഭൂമിയുടെയും ആകാശത്തിന്റെയും ആകൃതി, വിസ്തൃതി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് എതിര്‍വാദം ഉന്നയിക്കുന്നവര്‍ നിരീശ്വരവാദി(ദഹ്‌രിയ്യ)കളും തത്വചിന്തകരും(ഫലാസിഫ) ജ്യോതിശാസ്ത്രജ്ഞരു(മുനജ്ജിമൂന്‍)മാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗണിതശാസ്ത്രത്തിലടക്കം അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഗോളാകൃതി വാദിക്കുന്നവരുടെ കൂട്ടത്തില്‍ നിരീശ്വരവാദികളും ഫലാസിഫയും ഉണ്ടായത് കാരണം ആ വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതു പോലെയാണ് മനസ്സിലാകുന്നത്.
വിശ്വാസപരമായി തങ്ങളോട് വിയോജിക്കുന്നവര്‍ കണ്ടെത്തുകയും തെളിയിക്കുകയും ചെയ്യുന്ന ശാസ്ത്രസത്യങ്ങള്‍ അംഗീകരിക്കാതിരിക്കുക എന്നത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ് ഇവിടെയുള്ള കാതലായ പ്രശ്‌നം. ഈ പ്രവണത മതത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഇമാം ഗസാലി തഹാഫുതില്‍ വ്യക്തമാക്കുന്നുണ്ട്. മതവിശ്വാസത്തന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നിന് പോലും വിരുദ്ധമാവാത്ത തത്വചിന്തകരുടെ വീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഇമാം ഉദാഹരണമായി കൊണ്ടുവരുന്നത് സൂര്യചന്ദ്രഗ്രഹണമാണ്. സൂര്യന്റെയും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന് ചന്ദ്രന്റെയും ഇടയില്‍ ഗോളാകൃതിയിലുള്ള ഭൂമി വരുന്നത് കൊണ്ടാണ് ചന്ദ്ര ഗ്രഹണം നടക്കുന്നതെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ അതിനെ ഖണ്ഡിക്കേണ്ടതില്ല എന്ന് ഇമാം ഗസാലി വ്യ്ക്തമാക്കുന്നു. ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യപ്രകാശം അതില്‍ ത്ട്ടി പ്രതിഫലിക്കാത്തതു കൊണ്ടാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത് എന്ന കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് ഇമാം. ഭൂമി പരന്ന ഒരു പ്രതലവും സൂര്യനും ചന്ദ്രനും മുകളില്‍ സഞ്ചരിക്കുന്ന രണ്ട് ഗോളങ്ങളും ആണെന്ന് വിശ്വിസക്കുന്ന ഒരാള്‍ക്ക് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ ഭൂമി വരുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഭൂമിയുടെ ഗോളാകൃതി അംഗീകരിക്കുമ്പോള്‍ മാത്രമാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്ന ചന്ദ്രന്റെയും അതിന്റെയും സൂര്യന്റെയും ഇടയില്‍ വരുന്ന ഭൂമിയെയും മനസ്സിലാക്കാന്‍ സാധിക്കുക.
യവന ചിന്തയിലെ തെളിവുകളുടെ പിന്‍ബലമില്ലാത്ത അതിവാദങ്ങളെ ഖണ്ഡിക്കുവാന്‍ വേണ്ടി രചിച്ച ഗ്രന്ഥത്തിലാണ് ഇമാം ഗസാലി(റ) ഇങ്ങനെ വിവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇമാം പറയുന്നു: ഇത്തരം വസ്തുതകള്‍ നിഷേധിക്കുവാന്‍ സംവദിക്കുന്നത് മതത്തില്‍ പെട്ടതാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അവന്‍ മതത്തോട് അക്രമം ചെയ്യുകയും അതിന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നവനാണ്. സംശയത്തിന് വകയില്ലാത്ത വിധം തെളിയിക്കപ്പെട്ട ജ്യാമിതീയവും ഗണിതശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കുന്നത്.
ഇമാം റാസി(റ)യും തന്റെ തഫ്‌സീറില്‍ റഅദ് സൂറയിലെ മൂന്നാം വചനം വ്യാഖാനിച്ച് കൊണ്ട് വ്യക്തമാക്കുന്നത് ഭൂമിയുടെ ഗോളാകൃതിയാണ്. ഇതേ വചനം വ്യാഖാനിച്ച് കൊണ്ടാണ് ഇമാം ഖുര്‍ത്വുബിയടക്കമുള്ളവര്‍ ഭൂമി പരന്നതാണെന്ന് വാദിക്കുന്നത്. അങ്ങനെ വാദിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരുന്നു എന്ന് ഇമാം ഗസാലിയുടെയും ഖുര്‍ത്വുബിയുടെയും സമീപനങ്ങള്‍ക്കിടയിലെ അന്തരത്തില്‍ നിന്ന് തന്നെ ഗ്ര്ഹിക്കാവുന്നതാണ്. പിന്നീട് ഇമാം ബൈളാവിയും ഭൂമി ഉരുണ്ടതാണെന്ന അഭിപ്രായത്തെയാണ് തന്റെ ഖുര്‍ആന്‍ വ്യാഖാനത്തില്‍ അനുകൂലിക്കുന്നത്. പരന്ന ഭൂമിയെ അനുകൂലിക്കുന്ന ഇമാം മഹല്ലി(റ)തഫ്‌സീറുല്‍ ജലാലൈനിയില്‍ വ്യക്തമാക്കുന്നതനുസരിച്ച് ഗോളാകൃതി അംഗീകരിക്കുന്നത് കൊണ്ട് വിശ്വാസത്തിന് ഒരു ഭംഗവും ഭ്രംശവും സംഭവിക്കുന്നില്ല എന്നു തന്നെയാണ്.
ചുരുക്കത്തില്‍ ഖുര്‍ആനിലെ ഭൂമി സങ്കല്‍പം പരന്നതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഇസ്ലാമിക ചരിത്രത്തിന്റെ അഭിമാനങ്ങളായ ഇമാം ഗസാലി(റ)യുടെയും ഇമാം റാസി(റ)യുടെയും നിലപാടുകളില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല ആദ്യകാല പണ്ഡിതരൊന്നും തന്നെ ഗോളാകൃതി നിഷേധിച്ചിട്ടില്ല എന്ന ഇബ്‌നു ഹസ്മിന്റെയും ഇബ്‌നു തൈമിയയുടെയും പ്രഖ്യാപനങ്ങള്‍ ആ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ത്വബരി(റ), ഖുര്‍ത്വുബി(റ), മഹല്ലി(റ) തുടങ്ങിയ വ്യഖ്യാതാക്കളുടെ നിലപാടുകള്‍ രൂപപ്പെടുന്ന പശ്ചാത്തലം മുമ്പ് വിവരിക്കുകയും ചെയ്തതില്‍ നിന്ന് ഈ വാദം ഖുര്‍ആന്റെ തലയില്‍ കെട്ടിവെക്കുന്നതില്‍ അര്‍ഥമില്ല.