പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നത് ഇസ്ലാമിക വിശ്വാസത്തെ ബാധിക്കുന്ന കാര്യമല്ല, മറിച്ച് ഓരോരുത്തരുടെയും താല്പര്യങ്ങളാണ്, അവരവരുടെ ബോധ്യങ്ങളാണ്. പരിണാമസിദ്ധാന്തം ജനകീയമായതിന്റെ പിന്നില്‍ ശാസ്ത്രീയമായ തെളിവുകളെക്കാള്‍ ചരിത്രപരവും സാമൂഹ്യശസ്ത്രപരവുമായ മറ്റു കാരണങ്ങളും ഉണ്ട്. പരിണാമത്തെ അംഗീകരിക്കുന്ന ശാസ്ത്രജ്ഞരില്‍ പോലും അതിന്റെ മെക്കാനിസത്തെ കുറിച്ച് തര്‍ക്കങ്ങളുണ്ട്.
പ്രകൃതി നിര്‍ദ്ധാരണം കൊണ്ടോ ജനിതക പരിവര്‍ത്തനം കൊണ്ടോ മാത്രം വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങള്‍ ആദ്യത്തെ ഇരട്ടിക്കുന്ന തന്മാത്രയില്‍ നിന്നും പരിണമിച്ചു വരുന്നതിനെ പൂര്‍ണമായി വിശദീകരിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം.
ഭൂമി പരന്നിട്ടാണെന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം ലോകത്തുണ്ട്. അവരാരും മുസ്ലിങ്ങളല്ല. Flat earth societies എന്നറിയപ്പെടുന്ന ധാരാളം സംഘടനകള്‍ വരെയുണ്ട്. ചുരുക്കത്തില്‍ ഇതെല്ലാം വ്യക്തി താല്പര്യങ്ങളാണ്.
അപ്പോള്‍ ഒരു കാര്യം ഇസ്ലാമിക വിശ്വാസത്തെ ബാധിക്കുന്നതാണോ അല്ലേ എന്ന് എങ്ങനെയാണ് തീരുമാനിക്കുക എന്ന സംശയം വരും. അതിന് സാധാരണക്കാര്‍ക്ക് വരെ അവലംബിക്കാവുന്ന ഒരു മാനദണ്ഡം പരിചയപ്പെടുത്താം എന്ന് കരുതുന്നു. ചില അടിസ്ഥാനങ്ങള്‍ അറിഞ്ഞിരുന്നാല്‍ ആ മാനദണ്ഡം എളുപ്പത്തില്‍ മനസിലാക്കാം.
അടിസ്ഥാനങ്ങള്‍
- അല്ലാഹു സര്‍വശക്തനാണ്, പൂര്‍ണ സ്വാതന്ത്രനാണ്, അനിവാര്യ അസ്തിത്വമാണ്.
- അല്ലാഹുവല്ലാത്ത സകലതും സംഭവ്യങ്ങളാണ്. ഉണ്ടാകല്‍ അനിവാര്യമല്ലാത്തവയാണ്.
പ്രപഞ്ച നിയമങ്ങള്‍ പോലും അനിവാര്യമല്ല. ഗുരുത്വാകര്‍ഷണനിയമം പോലും അനുസരിക്കപ്പെടണം എന്ന് നിര്‍ബന്ധമില്ല. ആപ്പിള്‍ താഴോട്ട് വീഴാതെ മുകളിലേക്ക് പറക്കുന്ന ഭൂമിയെയും അല്ലാഹുവിനു സൃഷ്ടിക്കാന്‍ കഴിയും. - ചിന്തയില്‍ സാധ്യമായ (logically possible) എന്തും അല്ലാഹുവിന് സൃഷ്ടിക്കാന്‍ കഴിയും. ചിന്തയില്‍ സാധ്യമല്ലാത്തത് അല്ലാഹുവിനു സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ചിന്തിക്കാനേ നമുക്ക് കഴിയൂ. പറക്കുന്ന കുതിരയെ സൃഷ്ടിക്കാന്‍ അല്ലാഹുവിന് കഴിയും. എന്നാല്‍ വൃത്തത്തിലുള്ള തൃകോണം ഉണ്ടാക്കാന്‍ കഴിയില്ല. പ്രപഞ്ചത്തെ ഉണ്ടാക്കാനും ഇല്ലാതാക്കാനും അല്ലാഹുവിന് കഴിയും, എന്നാല്‍ മറ്റൊരു അല്ലാഹുവിനെ ഉണ്ടാക്കാനോ സ്വയം ഇല്ലാതാക്കാനോ കഴിയില്ല. കാരണം വട്ടത്തിലുള്ള ത്രികോണം ഉണ്ടാവുക, മറ്റൊരു അല്ലാഹു ഉണ്ടാവുക, അല്ലാഹു ഇല്ലാതാവുക എന്നിവ അസംഭവ്യങ്ങളാണ്. അസംഭവ്യമായവയെ ഉണ്ടാക്കാനോ അനിവാര്യമായതിനെ ഇല്ലാതാക്കാനോ അല്ലാഹു ഉദ്ദേശിക്കുകയോ കഴിവ് ഉപയോഗിക്കുകയോ ചെയ്യില്ല എന്ന് പറയലാവും കൂടുതല്‍ ശരി.
- വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ക്ക് എതിരാവുന്ന സാധ്യതകള്‍ സ്വീകരിക്കാവതല്ല. ഖുര്‍ആനും മുത്തവാഥ്വിറായ ഹദീസുകളുമാണ് ഖണ്ഡിത പ്രമാണങ്ങള്‍. അവയില്‍ നിന്നുമാണ് വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങളെ നിര്‍ദ്ധരിച്ചെടുക്കുന്നത്. അങ്ങിനെ വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ക്ക് എതിരില്‍ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ വന്നാലും വിശ്വസിക്കാന്‍ പാടില്ല. ഇന്നുവരെ അങ്ങനെ വന്നിട്ടില്ലെന്നതും വരില്ലെന്നതുമാണ് ശാസ്ത്രത്തിന്റെ ചരിത്രവും രീതിശാസ്ത്രവും പഠിച്ചാല്‍ മനസ്സിലാവുക. ഇനി അങ്ങനെ വന്നാല്‍ തന്നെ അതില്‍ വിശ്വസിക്കാന്‍ പാടില്ല.
മാനദണ്ഡം
ചിന്തയില്‍ സാധ്യമായ സകല കാര്യങ്ങളും അല്ലാഹുവിന് സംഭവിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഖണ്ഡിത പ്രമാണങ്ങളാല്‍ സ്ഥാപിതമായ വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ക്ക് വിരുദ്ധമായ സാധ്യതകള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ഈ മാനദണ്ഡത്തിലാണ് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമീപിക്കേണ്ടത്.
പരിണാമ സിദ്ധാന്തം
പരിണാമസിദ്ധാന്തം തന്നെ ഉദാഹരണമായെടുക്കാം.
എന്തോ എങ്ങിനെയോ എവിടെ വച്ചോ പൊട്ടിത്തെറിച്ചപ്പോള്‍ (വികസിച്ചപ്പോള്‍) എന്തൊക്കെയോ ഉണ്ടായി. അതാണ് 1400 കോടി വര്‍ഷങ്ങള്‍ കൊണ്ട് ഇന്നത്തെ പ്രപഞ്ചമായി മാറിയത്(ബിഗ്ബാങ് തിയറി). നാനൂറു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജീവന്റെ അടിസ്ഥാന ഗുണമായ ഇരട്ടിക്കുക എന്ന സ്വഭാവമുള്ള ആദ്യ തന്മാത്ര ഉണ്ടായത്. അതില്‍ നിന്നും ഇന്നു കാണുന്ന വൈവിധ്യങ്ങളായ ജീവികള്‍ പരിണമിച്ചുണ്ടായി. പരിണാമസിദ്ധാന്തത്തെ ഡോ. ശുഐബ് മാലിക് മൂന്ന് പോയന്റുകള്‍ കൊണ്ട് നിര്‍വചിക്കുന്നുണ്ട് (1)
- Deep time : കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണാമം സംഭവിക്കുന്നത്. അതിനാല്‍ ഒന്നോ രണ്ടോ ഇനി പതിനായിരമോ തലമുറകള്‍ കഴിഞ്ഞാലും ഒരു ജീവിവര്‍ഗം മറ്റൊന്നായി മാറണമെന്നില്ല. ലക്ഷക്കണക്കിന് തലമുറകള്‍ കഴിയുമ്പോഴായിരിക്കും ഒരു ജീവിവര്‍ഗം മറ്റൊന്നായി/ മറ്റുപലതായി പരിണമിക്കുക.
- Common ancestry : പൊതുപൂര്‍വികരില്‍ നിന്ന് പരിണമിച്ചാണ് എല്ലാ ജീവിവര്‍ഗങ്ങളും ഉണ്ടായി വന്നിട്ടുള്ളത്.
- Mechanism : നാച്ച്വറല്‍ സെലെക്ഷന്‍, ജീന്‍ മ്യൂട്ടേഷന്‍ എന്നിങ്ങിനെ രണ്ടു പ്രധാന മെക്കാനിസങ്ങളാണ് ജൈവപരിണാമത്തിനുള്ളത്
പ്രകൃതി നിര്‍ദ്ധാരണം (Natural selection)
ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭക്ഷണത്തിന്റെ ലഭ്യത, ഇരപിടിയന്‍ ജീവികളുടെ സാന്നിധ്യം തുടങ്ങിയ പല കാരണങ്ങള്‍ വരുമ്പോള്‍ നിലവിലെ ജീവികളില്‍ കുറെയെണ്ണം നശിക്കുകയും കുറച്ച് അതിജീവിക്കുകയും ചെയ്യും (survival of the fittest/ അര്‍ഹമായതിന്റെ അതിജീവനം).
പ്രകൃതി നിര്‍ദ്ധാരണം (Natural Selection) എന്നറിയപ്പെടുന്ന ഈ മെക്കാനിസമാണ് പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറ. കറുത്ത പ്രതലങ്ങളില്‍ ജീവിക്കുന്ന കറുത്തതും വെളുത്തതുമായ ജീവികളെ സങ്കല്‍പ്പിക്കുക. ഇരപിടിയന്‍ അവയിലെ വെളുത്ത ജീവികളെയാവും കാണുകയും ആഹരിക്കുകയും ചെയ്യുക. അപ്പോള്‍ കറുത്ത ജീവികള്‍ ബാക്കിയാവുകയും അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കുകയും ചെയ്യും. ക്രമേണ വെളുത്ത ജീവികള്‍ അവിടെ നിന്നും അപ്രത്യക്ഷമാവും. ഇവിടെ കറുത്ത ജീവികളെ പ്രകൃതി നിര്‍ദ്ധരിച്ചെടുക്കുകയാണ്.
പ്രപഞ്ചോല്പത്തിയെ വിശദീകരിക്കുന്ന ബിഗ്ബാങ് തിയറിയില്‍ ഇല്ലാതെപോയതും ഇതുപോലൊരു മെക്കാനിസമാണ്. അതുകൊണ്ടാണ് നാസ്തികര്‍ ഈശ്വരവാദികളുടെ പ്രാപഞ്ചികാസൂത്രണവാദത്തെ(Intelligent Design Argument) എതിര്‍ക്കാന്‍ പരിണാമസിദ്ധാന്തത്തെ ഉപയോഗിക്കുന്നത്(2).
ജനിതക പരിവര്‍ത്തനങ്ങള്‍ (Gene mutations)

ഒരു ജീവിവര്‍ഗത്തിനകത്തു തന്നെയുള്ള ജീവികളില്‍ ചിലതിനു സംഭവിക്കുന്ന യാദൃശ്ചികമായ ജനിതകമാറ്റങ്ങള്‍(random genetic mutations) അതിജീവനത്തിന് പ്രാപ്തമാക്കുന്ന മറ്റൊരു മെക്കാനിസമാണ്. ജനിതക പരിവര്‍ത്തനങ്ങള്‍ എപ്പോഴും എല്ലാ ജീവികളിലും യാദൃശ്ചികമായി നടന്നുകൊണ്ടേയിരിക്കുന്നതാണ്. നമ്മുടെ ശരീരത്തില്‍ എപ്പോഴും കോശവിഭജനം നടന്ന് പുതിയ കോശങ്ങള്‍ നിര്‍മിക്കപ്പെടുകയും പഴയത് നശിക്കുകയും ചെയ്യുന്നുണ്ട്.
ഇങ്ങിനെ പുതിയ കോശങ്ങള്‍ ഉണ്ടാകുമ്പോള്‍ അവകള്‍ക്കുള്ളിലെ ജനിതകപദാര്‍ത്ഥമായ ഡി.എന്‍.എയുടെ പകര്‍പ്പ് എടുത്തുകൊണ്ടേയിരിക്കുന്നുണ്ട്. ഈ പകര്‍പ്പെടുപ്പ് വേളയില്‍ സംഭവിക്കുന്ന പിഴവുകളാണ്(copying error) ജനിതക പരിവര്‍ത്തനങ്ങള്‍. ഇതിനു പുറമെ ചില രാസവസ്തുക്കളുടെയും റേഡിയേഷനുകളുടെയും ചില വൈറസുകളുടെയും വരെ പ്രവര്‍ത്തനം ജനിതക പരിവര്‍ത്തനത്തിന് കാരണമാകുന്നുണ്ട്.
ലിംഗ കോശങ്ങളിലും അല്ലാത്ത കോശങ്ങളിലും വിഭജനവേളയില്‍ മ്യൂട്ടേഷനുകള്‍ സംഭവിക്കാം. ലിംഗ കോശങ്ങളായ അണ്ഡം, ബീജം എന്നിവയില്‍ നടക്കുന്ന ജനിതക പരിവര്‍ത്തനങ്ങള്‍ (germ line mutations) അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. എന്നാല്‍ മറ്റു കോശങ്ങളിലെ ജനിതക പരിവര്‍ത്തനങ്ങള്‍ (somatic mutations) ഇങ്ങിനെ കൈമാറ്റം ചെയ്യപ്പെടില്ല
ഈ മാറ്റങ്ങള്‍ എപ്പോഴും അതിജീവനത്തിന് അനുഗുണമായിരിക്കണമെന്നില്ല. ഗുണകരമായത് വളരെ കുറവാണു(ഏതാണ്ട് ഒരു ശതമാനമായി എടുക്കാം). സിംഹഭാഗവും ദോഷകരാമോ നിര്‍ഗുണവും നിര്‍ദോഷവുമായതോ ആണ്. അതുകൊണ്ടാണ് യാദൃശ്ചികം എന്ന് പറയുന്നത്.
നമ്മള്‍ 1000 കോപ്പി ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ ഒരു കോപ്പിയില്‍ ഏതെങ്കിലും അക്ഷരം അല്‍പം മാറുക എന്നത് സ്വഭാവികമാണല്ലോ. പ്രിന്റിംഗ് മെഷീന്റെ പ്രശ്‌നമോ പേപ്പറിന്റെ പ്രശ്‌നമോ ഒക്കെ ആവാം കാരണം. ആ മാറിയ കോപ്പിയില്‍ നിന്നും വേറെ ഒരാള്‍ 1000 കോപ്പി എടുക്കുമ്പോഴും എന്തെങ്കിലും മാറ്റം ഏതെങ്കിലും കോപ്പിയില്‍ ഉണ്ടാവാം. മാറ്റം എത്ര ചെറുതാണെങ്കിലും ഒരു മാറ്റത്തിനു മുകളിലാണ് മറ്റൊരു മാറ്റം വരുന്നത്. അതുകൊണ്ട് കുറെ കഴിയുമ്പോള്‍ മാറ്റം വലുതാകാം.
നാച്ചുറല്‍ സെലക്ഷനും ജീന്‍ മ്യൂട്ടേഷനും എല്ലാവരും അംഗീകരിക്കുന്നതും അനുഭവിക്കുന്നതുമായ യഥാര്‍ഥ്യങ്ങളാണ്. കൊറോണ വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാണല്ലോ കോവിഡിന്റെ വിവിധ തരംഗങ്ങള്‍ ഉണ്ടാവാന്‍ തന്നെ കാരണം.
ജീവിക്കുന്ന രാജ്യത്തിന്റെ കാലാവസ്ഥക്കനുസരിച്ച് മനുഷ്യരില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അവ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യന്നുണ്ട്. അതിനാല്‍ തന്നെ തര്‍ക്ക വിഷയം പ്രകൃതി നിര്‍ദ്ധാരണവും ജനിതക പരിവര്‍ത്തനവും നടക്കുന്നുണ്ടോ എന്നതിലല്ല, മറിച്ച് ഈ രണ്ടു മെക്കാനിസവും ജൈവ പരിണാമത്തിന്റെ തെളിവാകുന്നുണ്ടോ എന്നതിലാണ്. ഒരു സ്പീഷീസില്‍ നിന്ന് മറ്റൊരു സ്പീഷീസ് ഉണ്ടായി വന്നിട്ടുണ്ടോ എന്നതിലാണ്.
മേല്‍ പറഞ്ഞ രണ്ടു മെക്കാനിസം വഴി (പ്രകൃതി നിര്‍ദ്ധാരണവും ജനിതകപരിവര്‍ത്തനവും) ഒരു സ്പീഷീസില്‍ നിന്നും വ്യത്യസ്ത സ്പീഷീസുകള്‍ ഉണ്ടാവുന്നു എന്നവകാശപ്പെടുന്ന ഒരു ശാസ്ത്ര സിദ്ധാന്തം മാത്രമാണ് പരിണാമ സിദ്ധാന്തം. അല്ലാതെ ദൈവം എങ്ങനെ ഉണ്ടായി എന്നോ, മതങ്ങള്‍ എങ്ങനെ ഉണ്ടായി എന്നോ ഇതിന്റെ വിഷയമല്ല, ചില ചരിത്രകാരന്മാരും തത്വചിന്തകരും അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും(3).
പരിശോധന
ആദ്യം പരിശോധിക്കേണ്ടത് പരിണാമ സിദ്ധാന്തപ്രകാരമുള്ള ഈ വിശദീകരണം ചിന്തയില്‍ സാധ്യമാണോ (logically possible) എന്നതാണ്. തീര്‍ച്ചയായും സാധ്യമാണ്. ബുദ്ധിപരമായി നിലനില്‍പ്പുള്ള വിശദീകരണം തന്നെയാണിത്. വട്ടത്തിലുള്ള തൃകോണം പോലെയോ സുമംഗലിയായ വിധവയെ പോലെയോ അസംഭവയങ്ങളായ കാര്യങ്ങളല്ല ഇതൊന്നും.
രണ്ടാമത് പരിശോധിക്കേണ്ടത്, മുത്തവാഥ്വിറായി സ്ഥാപിക്കപ്പെട്ട, നിര്‍ബന്ധമായി വിശ്വസിച്ചിരിക്കുന്ന ഏതെങ്കിലും കാര്യങ്ങളെ പരിണാമസിദ്ധാന്തം നിരാകരിക്കുന്നുണ്ടോ എന്നതാണ്.
പരിണാമസിദ്ധാന്തം നാം ചെറുതായി വിശദീകരിച്ചു. ഇനി അതില്‍ വിഷയീകരിച്ചിട്ടുള്ള മേഖലയില്‍ നിര്‍ബന്ധമായി വിശ്വസിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കണം.
നിര്‍ബന്ധമായി വിശ്വസിക്കേണ്ട കാര്യങ്ങള്‍;
- അല്ലാഹുവാണ് അവനല്ലാത്ത സകലതിനെയും സൃഷ്ടിക്കുന്നതും, പരിപാലിക്കുന്നതും. സൃഷ്ടിക്കും പരിപാലനത്തിനും ഏതു രീതി വേണമെങ്കിലും അവന് സ്വീകരിക്കാം. പ്രഥമ കാരണം (Primary Cause) എല്ലാപ്രവര്‍ത്തികളിലും അല്ലാഹുവാണ്. അതുപോലെ അവന്‍ ചില പ്രവര്‍ത്തികള്‍ക്ക് ചില ദ്വിതീയ കാരണങ്ങളെ(secondary causes) നിശ്ചയിക്കാറുമുണ്ട്.
പരിണാമ സിദ്ധാന്തത്തില്‍ പറയുന്ന യാദൃശ്ചികത ഭൗതികമായ പ്രയോഗമാണ്. സത്യത്തില്‍ ഇതെല്ലാം സംഭവിപ്പിക്കുന്നത് അല്ലാഹുവാണ്. ജീവിവര്‍ഗങ്ങളുടെ സൃഷ്ടിപ്പിന് വേണ്ടി ജൈവപരിണാമം എന്ന രീതി തിരഞ്ഞെടുക്കാന്‍ അല്ലാഹുവിന് കഴിയും. അങ്ങനെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ നാച്ചുറല്‍ സെലക്ഷനും ജനിതക പരിവര്‍ത്തനവും ദ്വിതീയ കാരണങ്ങളാണ്.
ഒരു മെക്കാനിസം കൊണ്ട് വിശദീകരിക്കപ്പെട്ടു എന്നത് കൊണ്ട് വൈവിധ്യമായ ജീവിവര്‍ഗങ്ങള്‍ അല്ലാഹു സൃഷ്ടിക്കാതെ ഉണ്ടായി എന്നര്‍ത്ഥമില്ല. ശാസ്ത്രത്തിന്റെ രീതി ഭൗതികപ്രതിഭാസങ്ങളുടെ മെക്കാനിസത്തെ കണ്ടെത്തുകയും അതിനെ സംഭവിപ്പിച്ച ഏജന്റിനെ കുറിച്ച് നിശബ്ദമാവുകയും ചെയ്യുക എന്നതാണ്
- അല്ലാഹു സമയ-സ്ഥല ബന്ധിതനല്ല, അവക്കതീതനായ അവയുടെ സ്രഷ്ടാവാണ്. സൃഷ്ടിക്കാനെടുത്ത സമയം വച്ച് അവനെ വിലയിരുത്താന്‍ പാടില്ല.
സൂര്യനെയും ചന്ദ്രനെയും അല്ലാഹു സൃഷ്ടിച്ചു (4)എന്നതു പോലെയാണ് ജീവികളെയും സൃഷ്ടിച്ചു(5) എന്ന പ്രയോഗവും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രപഞ്ചോല്പത്തിയുടെ ഭാഗമായി സൂര്യനും ചന്ദ്രനും സൃഷ്ടിക്കപ്പെട്ടത് എന്ന ബിഗ്ബാങ് ആഖ്യാനം വിശ്വസിക്കാന്‍ പ്രയാസമില്ലെങ്കില്‍, ജീവികള്‍ പരിണാമം എന്ന പ്രക്രിയയിലൂടെ ഘട്ടം ഘട്ടമായി കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായി വന്നതാണ് എന്ന ആഖ്യാനവും അവിശ്വസിക്കേണ്ടതില്ല. .
ഒരു വസ്തുവിനെ ഉണ്ടാക്കണമെന്ന് അല്ലാഹു ആഗ്രഹിച്ചാല്‍ അതിനോട് ഉണ്ടാവുക എന്നുപറയേണ്ട താമസം അതുണ്ടാവുന്നു എന്നര്‍ത്ഥം വരുന്ന ആയത്ത്(6) ഒന്ന് പരിശോധിച്ചാലും ഇതിലേക്ക് സൂചന ലഭിക്കും. കുന്‍ എന്ന് പറയുമ്പോള്‍ അതു ഉണ്ടായി (കുന്‍ ഫ കാന) എന്നല്ല, മറിച്ച് കുന്‍ എന്ന് പറയുമ്പോള്‍ അതു ഉണ്ടാവുന്നു (കുന്‍ ഫ യകൂന്‍) എന്നാണല്ലോ. ഘട്ടം ഘട്ടമായി ഉണ്ടാവുന്നു എന്ന് ഈ പ്രയോഗത്തില്‍ നിന്നും വേണമെങ്കില്‍ മനസ്സിലാക്കാവുന്നതാണ്

അതുകൊണ്ട് ജൈവപരിണാമം എന്ന സാധ്യതയെ വിശ്വാസത്തിന്റെ ഭാഗമായി തള്ളിക്കളയേണ്ടതില്ല, അങ്ങിനെ തള്ളിക്കളയാന്‍ പാടില്ല. വ്യക്തിപരമായ താല്പര്യം, ബോധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരണമോ തിരസ്‌കരണമോ ആകാവുന്നതുമാണ്. പരിണാമത്തില്‍ നിര്‍ബന്ധമായി വിശ്വസിക്കണമെന്നോ അവിശ്വസിക്കണമെന്നോ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായി പറയാന്‍ പാടില്ല. അല്ലെങ്കില്‍ പരിണാമത്തില്‍ വിശ്വസിച്ചാല്‍ ഇസ്ലാമില്‍ നിന്നും പുറത്താവും എന്നു പറയാന്‍ പാടില്ല
- ആരംഭത്തില്‍ സൃഷ്ടി നടത്തി വിശ്രമിക്കുന്ന ദൈവസങ്കല്പമല്ല ഇസ്ലാമിന്റേത്. ഓരോ സെക്കന്റിനെയും അതില്‍ നടക്കുന്ന സകല പ്രവര്‍ത്തികളെയും അവന്‍ പുതുതായി സൃഷ്ടിക്കുന്നതാണ്.
നാം ഭക്ഷണം കഴിക്കുമ്പോള്‍ നടക്കുന്ന എല്ലാ ചലനങ്ങളെയും അല്ലാഹു അതാതു സമയം സൃഷ്ടിക്കുന്നതാണ്. ഭക്ഷണത്തിനുള്ളില്‍ വിശപ്പ് മാറ്റുക എന്ന ഗുണം അടങ്ങിയിട്ടില്ല. മറിച്ച് ഓരോ സമയം ഭക്ഷിക്കുമ്പോഴും ഭക്ഷണത്തിനുള്ളില്‍ പ്രസ്തുത ഗുണം അല്ലാഹു സന്നിവേശിപ്പിക്കുകയാണ്. ഇതാണ് അശ്അരി വിശ്വാസ സരണിയുടെ പക്ഷം.
ജൈവ പരിണാമത്തിലൂടെയാണ് ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായി വന്നത് എന്നു വന്നാല്‍ തന്നെ, ഇസ്ലാമിക വിശ്വാസ പ്രകാരം യാതൊരു പ്രശ്‌നവും ഇല്ല എന്നു പറയുന്നതിന്റെ മറ്റൊരു കാരണം ഇതാണ്.
വിഭജിക്കാനുള്ള കഴിവ് ഒരു കോശത്തിനുള്ളിലും സ്വന്തമായി അടങ്ങിയിട്ടില്ല. ഓരോ കോശവിഭജനസമയത്തും അല്ലാഹു അതിനുള്ള ശേഷി നല്‍കുകയാണ്. അല്ലെങ്കില്‍ ഓരോ തവണയും കോശങ്ങളെ അല്ലാഹുവാണ് വിഭജിക്കുന്നത്.
പുരുഷബീജത്തിന് സ്ത്രീ ബീജവുമായി കൂടിച്ചേരാനുള്ള കഴിവ് സ്വന്തമായി ഇല്ല. ഓരോ ബീജസങ്കലനങ്ങളും അതതു സമയം അല്ലാഹു സംഭവിപ്പിക്കുന്നതാണ്. പ്രകൃതി നിര്‍ദ്ധാരണത്തിന് കാരണമാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും മുകളില്‍ സൂചിപ്പിച്ച മറ്റു കാരണങ്ങളും സംഭവിപ്പിക്കുന്നതും അല്ലാഹുവാണ്.
മേല്‍ സൂചിത പരിണാമ ഘടകങ്ങള്‍ക്കൊന്നും അനിവാര്യ അസ്തിത്വത്തിന്റെ (necessary Existence) ഗുണങ്ങളില്ല. എല്ലാം മറ്റുപലതിനെയും ആശ്രയിച്ചാണുള്ളത് (എല്ലാം Contingent ആണ്). അതായത്, സങ്കലനത്തിലേര്‍പ്പെടുന്ന സ്ത്രീ -പുരുഷ ബീജങ്ങളും, വിഭജനം നടത്തി ഇരട്ടിക്കുന്ന കോശങ്ങളും, അതിലെ ജനിതകപദാര്‍ത്ഥ കേന്ദ്രങ്ങളായ നൂക്ലിയെസും, മാറ്റമുള്‍ക്കൊണ്ടവയെ നിര്‍ദ്ധരിച്ചെടുക്കുന്ന പ്രകൃതിയും എല്ലാം മറ്റുപലതിനെയും ആശ്രയിക്കുന്ന, പരിമിതമായ ഭൗതിക ഗുണങ്ങളുള്ള കണ്‍ഡിഞ്ചന്റ് ആയവയാണ്. അവയുടെ ഉണ്മക്കും നിലനില്‍പ്പിനും മാറ്റങ്ങള്‍ക്കുമെല്ലാം ഒരു അനിവാര്യ അസ്തിത്വത്തിന്റെ ഉദ്ദേശ്യവും കഴിവും ആവശ്യമാണ്.
ചുരുക്കത്തില്‍ പരിണാമസിദ്ധാന്തം ശെരിയെന്നു വന്നാല്‍ തന്നെ അത് ദൈവാസ്തിക്യത്തിന്റെ ഏറ്റവും പ്രധാന തെളിവായ ആശ്രയത്വവാദത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
അപ്പോള്‍ പിന്നെ ഇങ്ങനെയുള്ള കോശവിഭജനത്തിന്റെയും ബീജസങ്കലനത്തിന്റെയും വേളയിലുണ്ടാവുന്ന ജനിതക പരിവര്‍ത്തനങ്ങളിലൂടെയും അല്ലാതെയും പ്രകൃതിയാല്‍ നിര്‍ദ്ധരിക്കപ്പെട്ട്, അതിജീവിക്കുകയും അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് മൂലം അനേകം വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ജൈവപരിണാമം എങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുന്നത്?

- ആദം നബിയെ കളിമണ്ണിന്റെ സത്തയില്‍ നിന്നും സൃഷ്ടിച്ചു എന്നത് ഒരു അസാധാരണ സംഭവമായി അല്ലാഹു പറയുന്നുണ്ട്(7). പിതാവില്ലാതെ ജനിച്ച ഈസാ നബിയെ ആ കാരണം കൊണ്ട് ജനങ്ങള്‍ ദൈവമായി കണ്ടതിനെ ഖണ്ഡിച്ചുകൊണ്ട് ഇറക്കിയ ഖുര്‍ആന്‍ ആയത്തില്‍ ആദം നബിയെ ഉദാഹരിക്കുന്നതില്‍ നിന്നും(8), പിതാവ് മാത്രമല്ല മാതാവുമില്ലാതെയാണ് ആദം നബിയുടെ സൃഷ്ടി എന്നത് വിശ്വസിക്കല്‍ നിര്‍ബന്ധമാവും എന്നാണ് പണ്ഡിതപക്ഷത്തില്‍ ഭൂരിപക്ഷം.
പരിണാമത്തിലൂടെയാണ് മനുഷ്യേതര ജീവികള്‍ ഉണ്ടായത് എന്ന വിശദീകരണം വിശ്വസിക്കുന്നതില്‍ നിന്നും മുസ്‌ലിമിനെ ഇസ്ലാമിക വിശ്വാസം തടയുന്നില്ല. മനുഷ്യ രൂപത്തിലുള്ള ജീവികള്‍ പരിണാമത്തിലൂടെ ഉണ്ടായി വരാനുള്ള സാധ്യതയെയും നിഷേധിക്കേണ്ടതില്ല.
കണ്ടെത്തപ്പെട്ട ഫോസിലുകളായ ഹോമോ ഇറക്റ്റസ്, ഹബിലിസ്, നിയാണ്ടര്‍താല്‍, പോലുള്ളവ സ്പീഷീസുകള്‍ ചിമ്പാന്‍സി-ഗോറില്ല-ഉറങ് ഉട്ടന്‍ അടക്കമുള്ളവരുമായി പൊതുപൂര്‍വികനെ പങ്കിടുന്നുമുണ്ടാവും. ഹോമോ സാപിയന്‍സ് എന്ന ഒരു വിഭാഗവും അതേ പൊതുപൂര്‍വികനില്‍ നിന്നും പരിണമിച്ചിരിക്കാം. ഇതൊന്നും ഇസ്ലാമിക വിശ്വാസത്തെ അല്‍പം പോലും ബാധിക്കുന്നില്ല.
ഒരുപക്ഷെ ഖുര്‍ആനില്‍ നിന്നും ഇതിലേക്ക് സൂചനയും ലഭിച്ചേക്കാം. ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കാനുള്ള തീരുമാനം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോഴുള്ള അവരുടെ പ്രതികരണം ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭൂമിയില്‍ പ്രശ്‌നങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന ഒരു വിഭാഗത്തെ നീ ഉണ്ടാക്കുകയാണോ (9) എന്ന് അല്ലാഹുവിനോട് ചോദിക്കാനുള്ള അറിവ് എവിടെ നിന്നാണ് മലക്കുകള്‍ക്ക് ലഭിച്ചത് എന്ന ചര്‍ച്ച തഫ്‌സീറുകളില്‍ കാണാം. ഒരുപക്ഷെ, മനുഷ്യ സമാനരായ സ്പീഷീസുകള്‍ തമ്മില്‍ തല്ലി നശിച്ചുപോയതിന് സാക്ഷിയായ അനുഭവമാകും അവരെക്കൊണ്ട് അതു പറയിപ്പിച്ചത്.
ആദം നബി അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണ് എന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും നിഗമനം. പാറയില്‍ നിന്നും പാലുചുരത്തുന്ന ഒട്ടകത്തെ സൃഷ്ടിച്ച അല്ലാഹുവിന് മണ്ണില്‍ നിന്നും ആദം നബിയെ സൃഷ്ടിക്കാന്‍ പ്രയാസമില്ലല്ലോ. ആദം നബിയെ മണ്ണില്‍ നിന്നാണ് അല്ലാഹു സൃഷ്ടിച്ചത് എന്ന ഇസ്ലാമിക വിശ്വാസത്തെ സ്ഥാപിക്കാനോ ഖണ്ഡിക്കാനോ ശാസ്ത്രത്തെ ഉപയോഗിക്കാവതല്ല.
ചരിത്ര സംഭവങ്ങളെ വിലയിരുത്താന്‍ ശാസ്ത്രം പര്യാപ്തമല്ലാത്തതിനാലാണത്. മണ്ണിലേയും മനുഷ്യ ശരീരത്തിലെയും മൂലകങ്ങള്‍ ഒരുപോലെയാണോ അല്ലയോ എന്ന പരിശോധന മാത്രമാണ് ആകെ സാധ്യമായത്. എത് മണ്ണാണ് അല്ലാഹു സൃഷ്ടിപ്പിന് വേണ്ടി ഉപയോഗിച്ചത് എന്ന കാര്യത്തില്‍ തീര്‍പ്പിലെത്താതെ പ്രസ്തുത പരിശോധനയും സാധ്യമല്ല. ആദം നബിയുടെ ഇണയായി ഹവ്വാ ബീവിയെയും സവിശേഷമായി തന്നെയാണ് സൃഷ്ടിച്ചത്. ആദം നബിയെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച അതേ കളിമണ്ണില്‍ നിന്നു തന്നെ സൃഷ്ടിച്ചതാണോ അതോ ആദം നബിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നാണോ എന്നതില്‍ പണ്ഡിതര്‍ക്ക് ഏകോപനമില്ല. അതായത് ഖണ്ഡിതമായി പ്രമാണങ്ങളില്‍ അതു സംബന്ധിയായി വന്നിട്ടില്ല. എങ്കിലും സവിശേഷ സൃഷ്ടി തന്നെയാണെന്നതില്‍ അനൈക്യവുമില്ല.
മുസ്ലിം ലോകം ജൈവപരിണാമത്തെ സ്വീകരിച്ച നാലു രീതികള്‍
നാലു രീതികളില്‍ പരിണാമസിദ്ധാന്തത്തെ മുസ്ലിം ലോകം സ്വീകരിച്ചതിനെ കുറിച്ച് ഡോ. ശുഐബ് അഹ്മദ് മാലിക് തന്റെ ‘ഇസ്ലാം ആന്‍ഡ് എവൊലൂഷന്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്(10).
ഒന്ന്: എല്ലാ ജീവി വര്‍ഗ്ഗങ്ങളെയും അല്ലാഹു വേറെ വേറെയാണ് സൃഷ്ടിച്ചത്. ഒരു ജീവി വര്‍ഗവും മറ്റൊരു ജീവിവര്‍ഗത്തില്‍ നിന്നും പരിണമിച്ചുണ്ടാകുന്നില്ല (Creationism).
രണ്ട്: മനുഷ്യകുലം മുഴുവനും ആദം നബിയുടെ മക്കളാണ്. ആദം നബിയെ അല്ലാഹു സവിശേഷമായി സൃഷ്ടിച്ചതാണ്. ഇതര ജീവികള്‍ പരിണാമത്തിലൂടെ ഉണ്ടായി വരുന്നതിനെ നിഷേധിക്കേണ്ടതില്ല. കാരണം ആദം നബിയുടേത് പോലെ ഇതരജീവിവര്‍ഗങ്ങളെയും സവിശേഷമയാണ് സൃഷ്ടിച്ചത് എന്നതിന് ഖണ്ഡിതമായ തെളിവില്ല (Human Exceptionalism).
മൂന്ന്: പൊതുപൂര്‍വീകനില്‍ നിന്നും പരിണമിച്ചുണ്ടായ ജീവിവര്‍ഗങ്ങളില്‍ മനുഷ്യരും ഉണ്ടായേക്കാം. എന്നാല്‍ ആദം നബി അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണ്. പാറയില്‍ നിന്ന് ഒട്ടകത്തെ സൃഷ്ടിച്ച അല്ലാഹുവിന് ഇത് അസാധ്യമല്ലല്ലോ. ചിന്തയില്‍ സാധ്യമായ എന്തും അവന് കഴിയും. ആദം നബിയുടെ ശരീരത്തെ മണ്ണില്‍ നിന്നും സൃഷ്ടിച്ച ശേഷം സവിശേഷമായ റൂഹിനെ അല്ലാഹു അതിലേക്ക് സന്നിവേശിപ്പിച്ചു.
ആദം നബിയുടെ മക്കള്‍ ആദമിന് മുന്‍പുള്ള(പൊതുപൂര്‍വികനില്‍ നിന്നും പരിണമിച്ചുണ്ടായ) മനുഷ്യരുമായി ഇണചേരുകയും സന്താനോല്പാദനം നടത്തുകയും ചെയ്തിരിക്കാം. മനുഷ്യരുടെയും ചിമ്പാന്‍സിയുടെയും ജനിതകസാമ്യം ഇങ്ങിനെ വന്നതാകാം. ഈ ആഖ്യാനം സ്വീകരിച്ചാല്‍ ആദം നബിയുടെ മക്കള്‍ പരസ്പരം വിവാഹം കഴിച്ചിട്ടാണ് മനുഷ്യകുലം ഉണ്ടായത് എന്ന വ്യാഖ്യാനത്തിന് നേരെ വരുന്ന ഇന്‍സസ്റ്റ് ആരോപണവും ഒഴിവാക്കാം. കാരണം അതൊന്നും ഖണ്ഡിതപ്രമാണങ്ങളാല്‍ സ്ഥാപിതമല്ല. എന്നാല്‍ ആദം നബിയിലേക്ക് കണ്ണി ചേരുന്ന മനുഷ്യരില്‍ മാത്രമേ റൂഹിന്റെ സാന്നിധ്യം ഉണ്ടാവൂ (Adamic Exceptionism).
നാല്: ആദം നബിയും മനുഷ്യ വര്‍ഗം മുഴുവനും ഇതര ജീവിവര്‍ഗങ്ങളൊക്കെയും പൊതുപൂര്‍വികരില്‍ നിന്നും ഘട്ടം ഘട്ടമായി പരിണമിച്ചുണ്ടായതാണ് (No Exceptionism)
മുകളില്‍ നാം എത്തിച്ചേര്‍ന്ന നിഗമനം അനുസരിച്ച്, ആദ്യത്തെ മൂന്ന് നിലപാടുകളും ഇസ്ലാമിക വിശ്വാസ ശാസ്ത്ര പ്രകാരം സാധ്യമാണ്. അതില്‍ ഏതാണ് ശരിയെന്നു കണ്ടെത്തുക പ്രയാസവുമാണ്. കാരണം പ്രമാണങ്ങളില്‍ നിന്നും ഖണ്ഡിതമായി ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇതില്‍ എത് സാധ്യതയാണ് ശെരിയെന്നു കണ്ടെത്താന്‍ കഴിയില്ല.
മൂന്നില്‍ ഏതും സ്വീകരിക്കാം, എന്നാല്‍ ഒരെണ്ണം സ്വീകരിക്കുകയും മറ്റു രണ്ടെണ്ണവും സ്വീകരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിനു എതിരാണെന്ന് പറയാനും പാടില്ല. കാരണം അതിന് വേണ്ട തെളിവുകള്‍ ഇല്ല. എന്നാല്‍ നാലാമത്തെ സാധ്യത തള്ളിക്കളയേണ്ടതാണ്. ഇതാണ് ഡോ.ശുഐബ് അഹ്മദ് മാലിക്ക് എത്തിച്ചേരുന്ന നിഗമനം.
മൂന്നില്‍ ഏതും സ്വീകരിക്കാനാവും, എന്നാല്‍ ഒന്ന് സ്വീകരിച്ച് മറ്റു രണ്ടെണ്ണത്തിന്റെ സാധ്യതയെ വിശ്വാസപരമായി നിഷേധിക്കാന്‍ പാടില്ല എന്ന ഈ നിലപാട് അശ്അരി വിശ്വാസ സരണിയില്‍ ‘തവഖുഫ്’ എന്നറിയപ്പെടുന്നതാണെന്നും അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.(11)
“ആന്തമാൻ ദ്വീപ്പിലെ ഗോത്രമനുഷ്യരെപ്പോലെയുള്ള ജീവിവർഗങ്ങൾ ഒരുപക്ഷെ ആദമിന് മുൻപ് പരിണാമത്തിലൂടെ വന്നതാകാമെന്ന് കരുതിയാൽ തന്നെ, ആദമേതര മനുഷ്യവർഗ്ഗവുമായി ചേർന്ന് ആദം സന്തതികൾ സന്താനോൽപാദനം നടത്തിയേക്കാം എന്ന വാദം പുനപരിശോധിക്കേണ്ടതാണ്. ആദം (അ) തക് ലീഫുള്ള(സത്യവിശ്വാസം സ്വീകരിക്കാനും സൽകർമങ്ങൾ ചെയ്യാനും ബാധ്യതപ്പെട്ട) മുഴുവൻ മനുഷ്യരുടെയും (അവരോടാണല്ലോ ഖുർആൻ സംവദിക്കുന്നത്) പിതാവാണെന്ന ഖണ്ഡിത പ്രമാണങ്ങളെ ചിലപ്പോഴെങ്കിലും അത് നിരാകരിക്കുന്നുണ്ട്. അതിനാൽ ഹ്യൂമൻ എക്സപ്‌ഷനലിസമാണ് ഏറ്റവും വിശ്വാസഭദ്രമായ നിലപാട്.”
ഈ നാലു സാധ്യതകളും പ്രസക്തമാവുന്നത് പരിണാമസിദ്ധാന്തം ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടാല്‍ മാത്രമാണ് എന്നതാണ് ഏറ്റവും ശ്രദ്ദേയമായ കാരം.
പരിണാമം അല്ലെങ്കില്‍ ദൈവം എന്ന ദ്വന്തം
ക്രൈസ്തവ പശ്ചാത്തലത്തിലാണ് പരിണാമസിദ്ധാന്തം ഉത്ഭവിച്ചതും വളര്‍ന്നതും. അവിടത്തെ മതമായ ക്രൈസ്തവതയുടെ പല വിശ്വാസങ്ങള്‍ക്കും എതിരായ സിദ്ധന്തമയിരുന്നതിനാല്‍ പുരോഹിതന്മാര്‍ അതിനെ പരമാവധി എതിര്‍ത്തു. പരിണാമ സിദ്ധാന്തം ശെരിയെന്നു വന്നാല്‍ ക്രൈസ്തവ വിശ്വാസത്തിനു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇസ്ലാമിനെ ബാധിക്കുന്നതായിരുന്നില്ല. പ്രസ്തുത വെല്ലുവിളികളെയും ശുഐബ് മാലിക് ക്രോഡീകരിക്കുന്നുണ്ട് (12)
- 6000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആറു ദിവസം കൊണ്ടാണ് പ്രപഞ്ചത്തെയും ആദമിനെയും ദൈവം സൃഷ്ടിച്ചത്. എന്നാല്‍ 1400കോടി വര്‍ഷം മുന്‍പാണ് ബിഗ്ബാങ് ആരംഭിക്കുന്നത്.
- നോഹയുടെ കാലത്തെ പ്രളയം സര്‍വലൗഗികമായതിനാല്‍ അതിന്റെ ഫോസിലുകള്‍ ഇന്ന് ലഭിക്കേണ്ടതാണ്
- ആദം ആപ്പിള്‍ കഴിച്ചത് കൊണ്ടാണ് ലോകത്ത് തിന്മ ഉണ്ടായത്, ദൈവത്തില്‍ നിന്നും നന്മ മാത്രമേ വരൂ. അപ്പോള്‍ ആദാമിന്റെ സൃഷ്ടിക്ക് മുന്‍പ് അനേകം ജീവികള്‍ മരണപ്പെടുകയും ജീവിവര്‍ഗങ്ങള്‍ തന്നെ ഇല്ലാതാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ തിന്മകളുടെ ഉറവിടം എന്തായിരിക്കും.
- ആദം ആപ്പിള്‍ കഴിച്ചത് കൊണ്ടുണ്ടായ തിന്മയില്‍ നിന്നും ലോകത്തെ രക്ഷിക്കാനാണ് കര്‍ത്താവ് മനുഷ്യ രൂപത്തില്‍ യേശുവായി അവതരിച്ചതും സ്വജീവന്‍ സമര്‍പ്പിച്ചതും എന്ന വിശ്വാസവും പരിണാമം ശെരിയെന്നു വന്നാല്‍ തകരും
അതുകൊണ്ട് ക്രൈസ്തവ പണ്ഡിതര്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ത്തു. ഫോസിലുകളുടെ കാലപ്പഴക്കം കണ്ടെത്താണുപയോഗിക്കുന്ന കാര്‍ബന്‍ ഡേറ്റിങ് വിശ്വസിനീയമല്ലെന്ന് വാദിച്ചു. ഈ വാദങ്ങള്‍ പില്‍ക്കാലത്തു മുസ്ലിം പണ്ഡിതരും അനുകരിച്ചു. ഇതാണ് വിശ്വാസികള്‍ പരിണാമ സിദ്ധന്തത്തിന് എതിരായതിന്റെ ചരിത്രപരമായ കാരണം.
ഇതോടൊപ്പം നിരീശ്വരവാദികളും ഈ ദ്വന്തത്തെ ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങി. പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്ന് സ്ഥാപിക്കുന്ന ബിഗ് ബാങ് തിയറി വന്നപ്പോള്‍ (1920 കളില്‍) അതിനെ അവര്‍ അംഗീകരിച്ചില്ല. എന്നു മാത്രമല്ല അതിനു ബദലായി പ്രപഞ്ചത്തിന് തുടക്കമില്ലെന്ന സ്റ്റഡി സ്റ്റേറ്റ് തിയറി(1948) നിര്‍മ്മിക്കുകയും ചെയ്യ്തു. ഈ അര്‍ത്ഥത്തില്‍ ദൈവത്തിനെ പ്രപഞ്ചോത്പത്തിയുടെയും മനുഷ്യോത്പത്തിയുടെയും പിന്നില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ യൂറോപ്പില്‍ നടക്കുന്നുണ്ട്.
മനുഷ്യനെയും ചിമ്പാന്‍സിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഫോസില്‍ കൃത്രിമമായി നിര്‍മിച്ച് പരിണാമസിദ്ധാന്തത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വരെ നിരീശ്വരവാദികള്‍ നടത്തി. Piltdown Man എന്ന പേരുള്ള ഫോസില്‍ താന്‍ കണ്ടെത്തിയെന്ന് 1912-ല്‍ അവകാശപ്പെട്ടത് ബ്രിട്ടീഷ് പുരാവസ്തുശാസ്ത്രജ്ഞനായ ചാള്‍സ് ഡോസണ്‍ (Charles Dawson) ആണ് (13). സാക്ഷാല്‍ റിച്ചര്‍ഡ് ഡോക്കിന്‍സ് തന്നെ പരിണാമസിദ്ധാന്തത്തെ നിരീശ്വരവാദം സ്ഥാപിക്കാനായി ദുരുപയോഗം ചെയ്തതിനെ എല്‍സണ്‍ ബേക്കറുടെ The Selfish Genius എന്ന ഗ്രന്ഥം തുറന്നു കാട്ടുന്നുണ്ട്.(14)
പ്രശസ്ത ഇസ്രാഈലി ചരിത്രകാരനായ യുവല്‍ നോഹ് ഹാരാരിയുടെ ശാസ്ത്ര കഥാ സാഹിത്യമായ സേപിയന്‍സും(15) ഇതേ ദൗത്യം തന്നെയാണ് നിര്‍വഹിക്കുന്നത്. നാവ നാസ്തികതയുടെ നാലു പ്രധാനികളില്‍ ഒരാളായ ഡാനിയാല്‍ ടെന്നറ്റ് തന്റെ പുസ്തകങ്ങളിലൂടെയും ഈ ആഖ്യാനത്തിന് താത്വിക പിന്‍ബലം നല്‍കി(16).
മതങ്ങള്‍ ജൈവ പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ഏറെ ഉപകരങ്ങള്‍ ചെയ്ത മനുഷ്യ സൃഷ്ടിയായ സങ്കല്‍പ്പങ്ങളാണെന്നാണ് ഈ മൂന്നു ഗ്രന്ഥകാരുടെയും പുസ്തകങ്ങളില്‍ നിന്നും വായിക്കാനാവുക. എന്നാല്‍ മതങ്ങള്‍ കൊണ്ട് മനുഷ്യ കുലത്തിന് ഉപകാരമുണ്ടായിട്ടുണ്ടോ ഇല്ലയോ, ഇന്ന് മതങ്ങള്‍ പ്രസക്തമാണോ അല്ലയോ എന്ന വിഷയത്തില്‍ തീര്‍പ്പു കണ്ടെത്താന്‍ ഒരു ജീവശാസ്ത്ര സിദ്ധാന്തത്തിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യമാണ് പ്രസക്തമായത്.
ഇനി ഈ ഭാവന ശെരിയെന്നു വന്നാല്‍ തന്നെ, പ്രപഞ്ചത്തിന്റെ ഉണ്മക്കും അതിന്റെ നിലനില്‍പ്പിനും കാരണക്കാരനായ ദൈവത്തിന്റെ സാന്നിധ്യമോ ആ ദൈവം തന്റെ സവിശേഷ സൃഷ്ടിയായ മനുഷ്യര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശത്തിനായി പ്രവാചകരെ നിയോഗിക്കാനുള്ള സാധ്യതതെയോ അത് എങ്ങിനെയാണ് നിരാകരിക്കുന്നത്? മുഹമ്മദ് നബി, ആ ദൈവം (അല്ലാഹു) അവസാനമായി മുഴുലോകങ്ങള്‍ക്കുമായി നിയോഗിച്ച പ്രവാചകനല്ലെന്ന് പരിണാമ സിദ്ധാന്തത്തിന്റെ എത് തെളിവുകള്‍ കൊണ്ടാണ് ഇവര്‍ തെളിയിച്ചത്? എല്ലാമതങ്ങളും ദൈവികമാണെന്ന് ലോകത്തൊരു വിശ്വസിക്കും വാദമില്ലാത്ത കാര്യമാണ്.
ഒറിജിനല്‍ ഉണ്ടെങ്കില്‍ വ്യാജന്‍ ഉണ്ടാകും. ദൈവിക മതത്തിന്റെ അനുകരണങ്ങളോ പരിഷ്‌കരണങ്ങളോ ആണ് ഇതര മതങ്ങളെല്ലാം എന്നാണ് മുസ്ലിമിന്റെ വിശ്വാസം.
ഈ ഗ്രന്ഥകാര്‍ക്കെല്ലാം അബദ്ധം സംഭവിച്ചത്, അല്ലെങ്കില്‍ അവര്‍ ജനങ്ങളെ കബളിപ്പിച്ചത് വേണ്ട വിധം തെളിവുകളുളെ പിന്‍ബലമില്ലാതെ നിഗമനങ്ങള്‍ കണ്ടെത്തുക വഴിയാണ്. അല്ലെങ്കില്‍ തങ്ങളുടെ നാസ്തികമായ മുന്‍ധാരണയെ എങ്ങനെയെങ്കിലും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാകും ഇത്. അല്ലാതെ ദൈവവിശ്വാസവും, മതസങ്കല്‍പ്പങ്ങളും ആരാധനാകര്‍മങ്ങളും ഉരുവം കൊണ്ടതിനെ എങ്ങനെയാണ് ശാസ്ത്രീയമായി വിശദീകരിക്കാനാവുക.
ചരിത്രാതീത കാലത്തു സംഭവിച്ച കാര്യങ്ങളെ തുച്ഛം ചില പുരാവസ്തു തെളിവുകള്‍ കൊണ്ട് മനസ്സിലാക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ കേവല ഭാവനക്കപ്പുറം യാതൊരു മൂല്യവും അര്‍ഹിക്കുന്നില്ല. ദൈവമില്ല എന്നോ വെളിപാടുകള്‍ അസാധ്യമാണ് എന്നോ ശാസ്ത്രീയമായോ യുക്തിപരമായോ തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം ദൈവികദര്‍ശനം ഉണ്ടാകാനുള്ള സാധ്യതയെ എങ്ങനെയാണ് ഇവര്‍ക്ക് നിരാകരിക്കാനാവുക. ദൈവമുണ്ട് എന്നതിന് യുക്തിപരമായ ധാരാളം വാദങ്ങള്‍ ആരാലും ഖണ്ഡിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ വിശേഷിച്ചും. പ്രസ്തുത വാദങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടവര്‍ക്ക് ഹംസ സോര്‍സിസിന്റെ ‘ദി ഡിവൈന്‍ റിയാലിറ്റി’ നല്ല ഒരു അവലംബമാണ് (17)
- Shuaib Ahmad Malik, Islam and Evolution, 2021, p.30
- Richard Dawkins, The God Delusion, 2006, p.157-8
- Yuval Noah Harari & Daniel Dennet
- 41:37
- 16:5
- 36:72
- 22:26-43
- 3:59
- 2:30
- Shuaib Ahmad Malik, Islam and Evolution, 2021, pp.112-146
- Ibid, pp.134-135
- Ibid p.67
- Piltdown Man: Infamous Fake Fossil, livescience.com, September 30, 2016
- Fern Elsdon-Bake, The Selfish Genius, 2009
- Yuval Noah Harari in his Sapiens; A Brief History of Humankind, 2006
- Daniel Dennet in his Breaking the Spell, 2014
- Hamza Andreas Tzortzis, The Divine Reality, 2016
Add comment