Thelicham

ഇസ് ലാം, പരിണാമം; ചേർത്തുവായനയുടെ സാധ്യതകൾ

മനുഷ്യവംശത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലേക്ക് നമ്മള്‍ വന്നാല്‍ ഖുര്‍ആനിനെ മനുഷ്യന്‍ കണ്ടെത്തിയ മറ്റ് ശാസ്ത്ര കാര്യങ്ങളുമായി ചേര്‍ത്ത് ഒരു വിശകലനം നടത്തേണ്ടതുണ്ട്.

ഈ പ്രകൃതിയിലേക്ക് നോക്കുവാനും അവയില്‍ ഓരോന്നും എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനും ഖുര്‍ആന്‍ നമ്മോട് പറയുന്നുണ്ട്. ഖുര്‍ആന്‍ മനുഷ്യരോട് പറയുന്ന ഒരുപാട് പരിശ്രമങ്ങളുണ്ട്.

ഈ പരിശ്രമങ്ങള്‍ ആരാണോ ചെയ്യുന്നത് അവര്‍ക്ക് അല്ലാഹു ഒരുപാട് കാര്യങ്ങളെ വെളിവാക്കി കൊടുക്കും. ലോകത്ത് ഈ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും പ്രകൃതിയില്‍ അത്ഭുതങ്ങളുടെ കവാടങ്ങള്‍ അല്ലാഹു തുറന്നു കൊടുത്തിട്ടുമുണ്ട്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം: മനുഷ്യരായ നമ്മോട് ഈ ഭൂമിയിലൂടെ സഞ്ചരിക്കുവാനും മുന്‍ കഴിഞ്ഞ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവാനും ഖുര്‍ആന്‍ കല്‍പ്പിക്കുന്നത് കാണാം.

മനുഷ്യരും സസ്യങ്ങളും ജന്തുക്കളുമടങ്ങുന്ന നിരവധി തലമുറകള്‍ നമുക്ക് മുമ്പുണ്ടായിരുന്നു. എന്നാല്‍, ഇന്ന് നമുക്ക് കാണാനോ അവരുടെ ശബ്ദം ശ്രവിക്കാനോ സാധ്യമല്ല താനും. അതിനാല്‍ തന്നെ, മുന്‍കഴിഞ്ഞ സമൂഹങ്ങളുടെ പര്യവസാനം അറിയണമെങ്കില്‍ നമ്മള്‍ ഈ ഭൂമിയിലൂടെ സഞ്ചരിക്കുകയും ആ വംശങ്ങള്‍ നിലനിന്ന പ്രദേശങ്ങളില്‍ പരിവേഷ്യങ്ങളും ഗവേഷണങ്ങളും ഖനനങ്ങളും ഉള്‍ഖനനങ്ങളും നടത്തേണ്ടതുണ്ട്.

ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മഹാന്മാരുടെ ജീവിതം ഇത്തരത്തില്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്ന പരിശ്രമങ്ങളോട് ഇഴുകിച്ചേരുന്നതായിരുന്നു. അതാവട്ടെ, ലോകത്തിന് മഹത്തായ കാഴ്ചപ്പാടുകളും സംഭാവനകളും നല്‍കി.

പരിശ്രമങ്ങള്‍


ചാള്‍സ് ഡാര്‍വിന്‍ എന്ന നാമം കേള്‍ക്കാത്തവരായി ഒരു ശാസ്ത്ര വിദ്യാര്‍ത്ഥി പോലും ലോകത്തുണ്ടാവില്ലയെന്നത് തീര്‍ച്ചയാണ്. അദ്ദേഹം തന്റെ ജീവിതം ഗവേഷണങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ച്, ഈ ഭൂമിയിലൂടെ സഞ്ചരിച്ച് മുന്‍കഴിഞ്ഞ ജീവി സമൂഹങ്ങളുടെ ജീവിതങ്ങളും പഠിച്ച വ്യക്തിയാണ്. അത് കൊണ്ട് തന്നെ പ്രകൃതിയിലെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് ഗ്രഹിക്കാന്‍ കഴിഞ്ഞു. താന്‍ ഗ്രഹിച്ച കാര്യങ്ങളെയും തന്റെ ചിന്തകളെയും ചേര്‍ത്ത് ആ മനുഷ്യന്‍ അത് ലോകത്തിന് സമര്‍പ്പിച്ചു. അതില്‍ ശരി-തെറ്റുണ്ടാവുക തീര്‍ത്തും സ്വഭാവികമാണ്.

ഡാര്‍വിന്റെ ഗവേഷണങ്ങളില്‍ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നിയത് സകല ജീവജാലങ്ങളും പല സമയങ്ങളിലായി ഉണ്ടായി വരുന്നുണ്ടെന്ന യഥാര്‍ത്ഥ്യമാണ്. അവയില്‍ ചില വര്‍ഗങ്ങളുടെ വംശാവലി പല കാരണങ്ങളാല്‍ നശിക്കാതെ മുന്നോട്ട് പോവുകയും എന്നാല്‍ മറ്റുളളവ നശിക്കുകയും ചെയ്യുന്നു.

പ്രകൃതിയില്‍ നടക്കുന്ന ഈ പ്രതിഭാസത്തെ അദ്ദേഹം ‘natural selection’ എന്ന് വിളിച്ചു. ജീവിവര്‍ഗങ്ങളിലെ വ്യത്യസ്തതക്ക് കാരണം ഈ പ്രതിഭാസമാണ്. ഡാര്‍വിന്‍ ദര്‍ശിച്ച പ്രകൃതിയിലെ ആ തെരഞ്ഞെടുപ്പിനെ കുറിച്ച് ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും. (ഖസ്വസ്: 68)

മനുഷ്യവര്‍ഗത്തിന്റെ ആരംഭവും നക്ഷത്രത്തിന്റെ സാക്ഷ്യവും


മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പരിശോധിച്ച ഒരു ശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വചനങ്ങള്‍ ഇവയായിരുന്നു: ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി, രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം?, തുളച്ചുകയറും നക്ഷത്രമാണത്, ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല, മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് (ത്വാരിഖ്: 1-6)

എന്തിനാണ് അല്ലാഹു നക്ഷത്രങ്ങളെ സത്യം ചെയ്തുകൊണ്ട് മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച് പറയുന്നത്? മനുഷ്യന്റെ സൃഷ്ട്ടിപ്പും നക്ഷത്രങ്ങളും തമ്മിലുളള ബന്ധമെന്താണ്? ഇതിനെക്കുറിച്ച് കൂടുതല്‍ അന്വഷിക്കുമ്പോള്‍ വെളിപ്പെടുന്ന ചില സത്യങ്ങളുണ്ട്. ഈ പ്രപഞ്ചത്തില്‍ ആദ്യം രൂപപ്പെട്ടത് വലിയ നക്ഷത്രങ്ങളായിരുന്നു. നിശ്ചിത സമയത്തിനപ്പുറം നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചപ്പോള്‍ നക്ഷത്രത്തിന്റെ പൊടിപടലങ്ങളില്‍ നിന്നും മറ്റു നക്ഷത്രങ്ങള്‍ ഉണ്ടായി.

ഇത്തരത്തില്‍ നക്ഷത്രങ്ങളുടെ ജനനവും മരണവും സംഭവിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നക്ഷത്രങ്ങള്‍ പൊട്ടിച്ചിതറുമ്പോള്‍ അവയുടെ ഹൃദയഭാഗത്തു നിന്നും പുറന്തള്ളപ്പെടുന്ന പൊടിപടലങ്ങളില്‍ നിന്നുമാണ് നമ്മുടെ സൂര്യനും ഈ ഗാലക്‌സി യുമെല്ലാം രൂപംകൊണ്ടത്.

തിരക്കുള്ള നഗരവീഥികളിലൂടെ പാറിനടക്കുന്ന ധൂളികളും നമ്മള്‍ ഉപയോഗിക്കുന്ന ഇരുമ്പും ഉയര്‍ന്നുനില്‍ക്കുന്ന പാറകളും കൈകൊണ്ട് വാരി എടുക്കുന്ന മണ്ണും നാം ശ്വസിക്കുന്ന ഓക്‌സിജനും നമ്മുടെ എല്ലിലെ കാര്‍ബണുമെല്ലാം നക്ഷത്രങ്ങളുടെ ഉള്ളില്‍ നിര്‍മിച്ചു പുറംതള്ളപ്പെട്ടതാണ്.

ചുരുക്കത്തില്‍, നമ്മുടെയെല്ലാം ശരീരം രൂപപ്പെട്ടിരിക്കുന്നത് ഈ നക്ഷത്രങ്ങളുടെ പൊടിപടലങ്ങളില്‍ നിന്നുമാണ്. മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു എന്നുപറഞ്ഞ അല്ലാഹു ആ സൃഷ്ടിപ്പിന് സാക്ഷിയായി നക്ഷത്രങ്ങളെ സത്യം ചെയ്തതിന്റെ പൊരുള്‍ ഇപ്രകാരം നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നു.

ജീവന്റെ ആരംഭം

ഈ ഭൂമിയില്‍ ജീവന്‍ എങ്ങനെ നിര്‍മിക്കപ്പെട്ടു എന്നത് ഇന്നും കൃത്യമായി വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലയെന്നതാണ് സത്യം. ഇത് സംബന്ധമായി രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്:

  1. ഭൂമിയില്‍ തനിയെ ജീവന്‍ ഉണ്ടായതാണ്.
  2. ജീവന്‍ ഭൂമിയില്‍ ഉണ്ടായതല്ല. ഭൂമിക്ക് പുറത്ത് എവിടെയോ നിര്‍മിക്കപ്പെട്ട് അതിന്റെ അംശങ്ങള്‍ ബഹിരാകാശത്തിലൂടെ ഉല്‍ക്കകളിലും ധൂമകേതുകളിലുമായി ധൂളി പടലങ്ങളില്‍കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലും പ്രദേശങ്ങളിലും എത്തിച്ചേരുന്നതാണ്. ഈ ജീവന്റെ അംശങ്ങളെ ഉണര്‍ത്തി എടുത്ത് വികസിപ്പിക്കുവാന്‍ ഭൂമിയുടെ സാഹചര്യം അനുകൂലമായി മാറി. ഈ സിദ്ധാതത്തെ ‘panspermia’ എന്ന് വിളിക്കുന്നു.
  3. ജീവന്‍ എങ്ങനെ ഈ പ്രപഞ്ചത്തില്‍ നിര്‍മിക്കപ്പെട്ടു എന്നോ ഇന്നു കാണുന്ന അവസ്ഥയില്‍ ഭൂമി എങ്ങനെ ജീവന്‍ ഏറ്റുവാങ്ങി എന്നോ ഇന്നും മനുഷ്യവര്‍ഗത്തിന് കൃത്യമായി അറിയില്ല. എന്നാല്‍ ജലത്തിന് ജീവന്റെ നിര്‍മിതിയില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ് (നൂര്‍: 45)
panspermia theory

ആദം


നാം ഭൂമിയിലേക്ക് ഖലീഫയെ നിയോഗിക്കാന്‍ പോകുന്നുവെന്ന് അല്ലാഹു മാലാഖമാരോട് പറയുമ്പോള്‍ മാലാഖമാര്‍ സൃഷ്ടാവായ അല്ലാഹുവിനോട് ഭൂമിയില്‍ രക്തം ചിന്തുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ അല്ലാഹു അവരോട് ‘നിശ്ചയം നിങ്ങളറിയാത്തത് ഞാനറിയുന്നു’ എന്ന് മറുപടി പറയുന്നുണ്ട്.(അല്‍ബഖറ:30)

എന്ത് കൊണ്ടായിരിക്കും മാലാഖമാര്‍ ഇങ്ങനെ ചോദിക്കുന്നത്? മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ് തന്നെ ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന, രക്തം ചിന്തുന്ന മൃഗീയ ഗുണത്തോടുകൂടിയുളള മറ്റേതെങ്കിലും വര്‍ഗങ്ങളെ അവര്‍ കണ്ടിട്ടുണ്ടാകുമോ? മനുഷ്യരില്‍ നിന്ന് വളരെയധികം വ്യത്യസ്തരായ നിരവധി ജീവിവര്‍ഗങ്ങള്‍ ഇവിടെ ജീവിച്ചിരുന്നെന്ന വസ്തുതയിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.

ഭൂമിയുടെ പലഭാഗങ്ങളില്‍നിന്നും കിട്ടിയിട്ടുള്ള ഫോസിലുകള്‍ പരിശോധനാവിധേയമാക്കുമ്പോള്‍ സ്വന്തം കൈകള്‍ കൊണ്ട് വേട്ടയാടുകയും അവയുടെ മാംസം ഭക്ഷിക്കുകയും ഒറ്റപ്പെട്ടും കൂട്ടമായും ജീവിച്ചിരുന്ന ചില ജീവവര്‍ഗങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യ വര്‍ഗത്തോട് ഒരുപാട് സാദൃശ്യമുള്ള ഇവരെ ‘ഹോമിനിഡുകള്‍’ എന്നാണ് വിളിക്കുന്നത്. ഈ വര്‍ഗങ്ങളെ മനുഷ്യവര്‍ഗത്തിന്റെ പൂര്‍വികരായി ഇന്ന് ശാസ്ത്രലോകം കരുതുന്നു.

കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഈ ഹോമിനിഡുകളുടെ നവീകരിക്കപ്പെട്ട പതിപ്പാണ് മനുഷ്യവര്‍ഗം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഹീറോ എന്ന കമ്പനി ഒരു സൈക്കിള്‍ നിര്‍മിക്കുന്നു. ആ സൈക്കിളിന് സഞ്ചരിക്കാനുളള പാതക്കനുസരിച്ച് അതിന് കൃത്യമായ രൂപകല്പന ചെയ്തു. കുറച്ചു നാളുകള്‍ക്കു ശേഷം അതേ കമ്പനി ഒരു മോട്ടോര്‍ സൈക്കിള്‍ ഉണ്ടാക്കുന്നു. കാഴ്ചയില്‍ സൈക്കിളും മോട്ടര്‍സൈക്കിളും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടും വ്യത്യസ്തമായിരുന്നു.

രണ്ടും സഞ്ചരിക്കുന്നത് ഒരേ പാതയിലൂടെ ആയതുകൊണ്ട് അവയുടെ രൂപകല്പനയില്‍ പല സാദൃശ്യങ്ങളും ദൃശ്യമായി. വ്യത്യാസങ്ങളെക്കാളും അവയ്ക്ക് സാമ്യങ്ങളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നതെന്ന് മാത്രം. സൈക്കിള്‍ തനിയെ പരിണമിച്ചാണ് മോട്ടര്‍സൈക്കിള്‍ ഉണ്ടായതെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. പകരം ഹീറോ എന്ന കമ്പനി സൈക്കിളിനോട് സാദൃശ്യപ്പെടുത്തിയാണ് മോട്ടര്‍സൈക്കിള്‍ ഉണ്ടാക്കിയത് എന്നേ പറയാനാവൂ.


ആദം എന്ന ആദ്യ മനുഷ്യന്‍


ബൈബിള്‍ കഥകളില്‍ പറയുന്നതുപോലെ ആദമിനെ നിത്യ ജീവനുളള പ്രകൃത്യാതീത മനുഷ്യനായിട്ടല്ല ഖുര്‍ആന്‍ നമുക്ക് ആദമിനെ പരിചയപ്പെടുത്തുന്നത്. മറിച്ച്, ഖുര്‍ആനിലെ ആദം സാധാരണ ജൈവസ്വഭാവമുളള മനുഷ്യനാണ്. സൃഷ്ടിപ്പിന് ശേഷം ആദമിനോട് അല്ലാഹു തോട്ടത്തില്‍ പ്രവേശിക്കാന്‍ പറയുന്നതിപ്രകാരമാണ്: തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്‌നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്, ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം. (ത്വാഹ: 118,119)


ഒരു മനുഷ്യന്‍ കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന ഓക്‌സിജനുമാണ് അവരുടെ ശരീരത്തിലെ ഊര്‍ജ്ജത്തിന് പ്രധാന കാരണം. അതൊരു ഇലക്ട്രിക്കല്‍ എനര്‍ജിയായി നമ്മുടെ ശരീരത്തില്‍ ശേഖരിക്കപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ ശരീരത്തില്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ ആദമിനോട് അല്ലാഹു തോട്ടത്തില്‍ പ്രവേശിക്കാന്‍ കല്‍പിക്കുകയും അത് വിശപ്പിനെ അകറ്റുമെന്നും നഗ്‌നതയെ മറക്കുമെന്നും പറയുന്നു.

ചൂടുള്ള പ്രകാശം മനുഷ്യശരീരത്തില്‍ പതിക്കുമ്പോള്‍ ജലം നഷ്ടപ്പെടുകയും മനുഷ്യന് നിര്‍ജലീകരണം സംഭവിക്കുകയും തദ്ഫലമായി ദാഹം അനുഭവപ്പെടുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന ആദം ഒരു സാധാരണ മനുഷ്യനായിരുന്നു എന്ന് വ്യക്തമാണ്. കഴിക്കരുതെന്ന് അല്ലാഹു കല്പിച്ച പഴത്തിനെ ആദമിന്റെ മുന്‍പില്‍ സമര്‍പ്പിച്ചതിനു ശേഷം ഇബിലീസ് പറയുന്നത്,’ഈ പഴം നിങ്ങള്‍ക്ക് നിത്യജീവന്‍ തരും’ എന്നാണ്.

ഈ പഴം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും മരണം സംഭവിക്കുകയില്ലെന്ന് ഇബിലീസ് ആദമിനോട് പറയണമെങ്കില്‍ ആദം സാധാരണരീതിയില്‍ മരണം സംഭവിക്കുന്ന മനുഷ്യനായി തന്നെയാണ് അവിടെ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഖുര്‍ആനിലുളള ആദം സൃഷ്ടിക്കപ്പെട്ടത് ബൈബിള്‍ കഥകളില്‍ പറയുന്നതുപോലെ നിത്യജീവന്റെ പ്രതിഫലനങ്ങളുടെ സ്വര്‍ഗ്ഗീയ ലോകത്തല്ല, മറിച്ച് മനുഷ്യന് വാസയോഗ്യമായ ഭൂമിക്ക് പുറത്ത് എവിടെയോ ആണെന്ന് മനസ്സിലാക്കാവുന്നതാണ്.

മനുഷ്യന്റെ പ്രത്യേകതകള്‍


ഈ ഭൂമിയില്‍ മനുഷ്യരെക്കാളും പതിന്മടങ്ങ് കായിക ശേഷിയുള്ള ജീവികളുണ്ട്. അവയില്‍ അധികവും മനുഷ്യന്‍ ഭൂമിയില്‍ വരുന്നതിനു മുന്‍പു തന്നെ ഇവിടെ ജീവിക്കുന്നവരാണ്. ശക്തിയിലും അവകാശത്തിലും ഭൂമിയില്‍ മനുഷ്യനെക്കാളും യോഗ്യതയുള്ളവര്‍ ഇന്നും നിലനില്‍ക്കെ അവയെയെല്ലാം അതിജീവിക്കാനും ഭൂമിയില്‍ വലിയൊരു സ്ഥാനം നേടുവാനും മനുഷ്യര്‍ക്ക് കഴിഞ്ഞു. ഖുര്‍ആന്‍ പറയുന്ന ആദ്യ മനുഷ്യന്റെ പ്രത്യേകതകള്‍ നോക്കാം. ഈ പ്രത്യേകതകളില്‍ പലതും അവനെ മറ്റു സൃഷ്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നതാണ്:

അവന്‍ മണ്ണില്‍നിന്നും നിര്‍മ്മിക്കപ്പെട്ട വനാണ് എന്നും അതിന് നക്ഷത്രങ്ങള്‍ സാക്ഷികള്‍ ആണ് എന്നും ഖുര്‍ആന്‍ പറയുന്നു. അവന്‍ ഭൂമിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്. അവന് കാര്യങ്ങളെ പഠിക്കാന്‍ കഴിയുകയും. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയുകയും ചെയ്യുന്നതാണ്. അവനു സംസാരിക്കാന്‍ കഴിവുനല്‍കി. പേന കൊണ്ട് എഴുതാന്‍ അവനെ പഠിപ്പിച്ചു. പ്രവര്‍ത്തികളെ തിരിച്ചറിയുവാനും അതിലെ ശരി തെറ്റുകളെ മനസ്സിലാക്കാനും തെറ്റുകളില്‍ പശ്ചാത്തപിക്കാനും അവനു കഴിയും. പ്രത്യുല്പാദന ശേഷിയോടെ അവന്‍ സൃഷ്ടിക്കപ്പെട്ടു. അവനും അവന്റെ ഇണക്കും സന്തതികള്‍ക്കും മരണം സംഭവിക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ആദമിന്റെ സന്തതികള്‍


മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.(അല്‍ഹുജുറാത്:13)

ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ ഹോമോസാപിയന്‍സില്‍ പെട്ട മനുഷ്യരാണ്. എന്നാല്‍, ഇതിന്റെയടിസ്ഥാനത്തില്‍ ഹോമോസാപിയന്‍സ് മാത്രമാണ് ഭൂമിയില്‍ ഉണ്ടായ മനുഷ്യര്‍ എന്ന് കരുതുക വയ്യ. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ആദ് സമൂഹം പോലും ഇന്നുള്ള മനുഷ്യരില്‍ നിന്നും വ്യത്യസ്തരാണ്.

ഇന്ന് ഭൂമിയില്‍ പലഭാഗങ്ങളിലായി ജീവിക്കുന്ന മനുഷ്യരുടെ ജനിതക വിവരങ്ങള്‍ ശേഖരിച്ചാല്‍ അവരുടെ ശരീരത്തില്‍ ഹോമോസാപിയന്‍സിന്റെ ജനിതകത്തോടൊപ്പം നിലവില്‍ ജീവിച്ചിരിപ്പില്ലാത്ത മറ്റു മനുഷ്യ വര്‍ഗങ്ങളുടെയും ജനിതക വിവരങ്ങള്‍ കാണാം.യൂറോപ്പില്‍ ജീവിക്കുന്ന മനുഷ്യരുടെ ശരീരത്തില്‍ ഹോമോസാപിയന്‍സിന്റെയും ഹോമോ നിയാണ്ടര്‍താലിന്റെയും ജനിതക വിവരങ്ങള്‍ കാണാം. മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്ന ചില മനുഷ്യരുടെ ശരീരങ്ങളില്‍ ഹോമോസാപിയന്‍സിന്റെയും ഹോമോ ഡെനിസോവന്റെയും ജനിതക വിവരങ്ങള്‍ കാണാം.


മനുഷ്യവര്‍ഗം ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയതിനുശേഷം കാലങ്ങള്‍ക്ക് ശേഷം ഭൂമിയുടെ പല ഭാഗങ്ങളിലേക്കായി മാറി താമസിച്ച മനുഷ്യ വര്‍ഗങ്ങളില്‍ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഗുരുത്വാകര്‍ഷണ ബലത്തിനും ആഹാരത്തിന്റെ ലഭ്യതക്കും മറ്റ് കാരണങ്ങള്‍ക്കുമനുസരിച്ച് ഒട്ടേറെ മാറ്റങ്ങള്‍ അവരുടെ ശരീരങ്ങളിലും ജീവിതത്തിലും കാലാകാലങ്ങളിലായി സംഭവിച്ചു. ആ മാറ്റങ്ങള്‍ അവരെ വ്യത്യസ്ത മനുഷ്യ വര്‍ഗങ്ങളാക്കി മാറ്റി. അവരില്‍ ചിലര്‍ ദ്വീപ് സമൂഹങ്ങളില്‍ അകപ്പെടുകയും അവിടെ ജീവിതം തുടരുകയും ചെയ്തു.

മറ്റുചിലരാവട്ടെ, വനങ്ങളിളും മരുഭൂമികളിളും പര്‍വ്വതങ്ങളിലും സമുദ്ര തീരങ്ങളിലും വാസമുറപ്പിച്ചു. അതില്‍ എടുത്തു പറയേണ്ട ഒരു മനുഷ്യവര്‍ഗമാണ്ഹോമോ നിയാണ്ടര്‍താലുകള്‍. അവരുടെ ഫോസിലുകളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം അവരുടെ പ്രത്യേകതകള്‍ ഇവയെല്ലാമാണ്:


അവര്‍ക്ക് സംസാരിക്കാന്‍ കഴിവുണ്ടായിരുന്നു.വലിയ സംഘങ്ങളായി ഒരുമിച്ചു ജീവിക്കുന്ന വലിയ സമൂഹമായിരുന്നു അവരുടേത്.മഞ്ഞു വീഴുന്ന തണുപ്പുള്ള യൂറോപ്പിന്റെ പ്രദേശങ്ങളിലാണ് അവര്‍ കൂടുതലും അധിവസിച്ചിരുന്നത്.അവരുടെ ശരീരത്തിന് ചൂട് നിലനിര്‍ത്താനുള്ള കഴിവ് വളരെ കൂടുതലായിരുന്നു.അവരുടെ മൂക്കുകള്‍ വലിയ മൂക്കുകളായിരുന്നു.


അവരുടെ തലയുടെ പുറം ഭാഗം ഹോമോസപ്പിയന്‍സിനെക്കാളും വികസിച്ചിരുന്നു. ആ ഭാഗത്തിന്റെ പേര് ‘occipital lobe’ എന്നാണ്. മങ്ങിയ വെളിച്ചത്തിലും കൃത്യമായി കാണാനുള്ള കഴിവ് അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടായിരുന്നു.അവര്‍ വേട്ടയാടുവാന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ആയുധങ്ങള്‍ക്ക് വേണ്ടി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തിരുന്നു.


തോലുകൊണ്ട് സുന്ദരമായ വസ്ത്രങ്ങള്‍ അവര്‍ ഉണ്ടാകുമായിരുന്നു.
സംഗീത ഉപകരണങ്ങളും മറ്റ് ആവശ്യവസ്തുക്കളും അവര്‍ നിര്‍മ്മിച്ചിരുന്നു.
ഹോമോസാപിയന്‍സ് ഉള്‍പ്പെട്ട മനുഷ്യവര്‍ഗങ്ങളുമായി ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ഈ രണ്ടു വര്‍ഗങ്ങള്‍ പരസ്പരം ഇണചേര്‍ന്ന് അതില്‍ ഹോമോസാപ്പിയന്‍സിന്റെയും ഹോമോ നിയാണ്ടര്‍ത്താലിന്റെയും ഗുണങ്ങളുള്ള മനുഷ്യ വര്‍ഗങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.


ശാസ്ത്രം പറയുന്നത് ഹോമോസാപ്പിയന്‍സിനെക്കാളും ഭൂമിയില്‍ ഇന്ന് നിലനില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യരായിരുന്നവര്‍ ഹോമോ നിയാണ്ടര്‍ത്താലുകള്‍ തന്നെയായിരുന്നു എന്നാണ്. പക്ഷേ അല്ലാഹുവിന്റെ വിധി അലംഘനീയമാണ്.

ശാഹിം സാലിം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.