Thelicham

ഉറുക്കും മന്ത്രവും; ഒരു നരവംശശാസ്ത്ര വിശകലനം

ഇസ്‌ലാമിക നിയമ ധാർമിക മൂല്യവ്യവസ്ഥ എപ്പോഴും ശ്രേണീകരിക്കപ്പെട്ട വിഭജനം (Graded classification) ഉള്‍ക്കൊള്ളുന്നതാണ്. ഏതൊരാചാരവും വാജിബ്, മന്‍ദൂബ്‌, മുബാഹ്, മക്‌റൂഹ്‌, ഹറാം എന്നിങ്ങനെയുള്ള കാറ്റഗറിയില്‍ ഏതില്‍പ്പെടുന്നു എന്നത് ഒരു മുസ്‌ലിം മതവിശ്വാസിയുടെ ബോധമനസ്സിന്റെ ഭാഗമാണ്. അതേ സമയം ചില ആചാരങ്ങള്‍ എപ്പോഴും മതപരമായ വ്യവഹാരങ്ങളുടെ (religious discourse) സ്ഥിരം വിഷയങ്ങളാവുന്നത് കാണാം. മതപരമായ സാധൂകരണം (legitimacy) ചോദ്യം ചെയ്യപ്പെടുന്ന അനുഷ്ഠാനങ്ങളാണവ.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉറുക്കും മന്ത്രവും എന്ന പേരില്‍ മനസ്സിലാക്കപ്പെടുകയും പ്രാക്ടീസ് ചെയ്യപ്പെടുകയും ചെയ്യുന്ന, ലോകത്താകമാനം പ്രചാരണത്തിലുള്ള ചികിത്സാരീതികള്‍ ഈ തര്‍ക്കവിഷയങ്ങളില്‍പ്പെടുന്നു. എന്നാല്‍ ജനങ്ങളുടെ ആരോഗ്യവും ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ ചികിത്സകളെ കുറിച്ചുള്ള മതവ്യവഹാരവും അനുഭവ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം പരിശോധിക്കല്‍ താത്പര്യമുണര്‍ത്തുന്ന വിഷയമാണ്.

‘നല്ല ചികിത്സ’ (അനുവദിക്കപ്പെട്ടത്), ചീത്ത ചികിത്സ (വിലക്കപ്പെട്ടത്) എന്ന വര്‍ഗ്ഗീകരണവും, സ്വന്തം ചികിത്സയെ നല്ലതില്‍പ്പെടുത്തി മറ്റുള്ളവയെ റദ്ദു ചെയ്യുന്നത് ചികിത്സയെക്കുറിച്ചുള്ള വ്യവഹാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ ഇസ്‌ലാമിക ചികിത്സയെയും അതിനെപ്പറ്റിയുള്ള വ്യവഹാരങ്ങളെയും നരവംശ ശാസ്ത്ര വീക്ഷണത്തിലൂടെ പരിശോധിച്ചാല്‍ തീര്‍ച്ചയായും അത് ഇസ്‌ലാം പഠനത്തിലും (Islamic studies) മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിലും വലിയൊരു സംഭാവനയായിരിക്കും. അത്തരത്തിലുള്ള ഒരു പഠനം ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചും നിലനില്‍ക്കുന്ന അക്കാദമിക് പരികല്‍പ്പനകളെ നിരാകരിക്കുകയും സങ്കീര്‍ണതകളെ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു സമീപനരീതിയെ ആവശ്യപ്പെടുകയും ചെയ്യുന്നു.

നരവംശ ശാസ്ത്രവും ഇസ്‌ലാമും


മതങ്ങളെക്കുറിച്ചും മതജീവിതത്തെക്കുറിച്ചും ദുര്‍ഖൈം, കാറല്‍ മാര്‍ക്‌സ്, മാക്‌സ് വെബര്‍, ജെയിംസ് ഫ്‌റേസ് തുടങ്ങിയ ആദ്യകാല സാമൂഹിക ശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും, ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായിരുന്ന ക്ലിഫോര്‍ഡ് ഗീര്‍ട്ട്‌സ് ആണ്. സര്‍ ഇവാന്‍സ് പ്‌റിച്ചാര്‍ഡ്, ഏണസ്റ്റ് ഗെല്‍നല്‍ പോലുള്ളവര്‍ മുസ്‌ലിം സമൂഹപഠനത്തില്‍ ഒരാമുഖം നല്‍കിയെങ്കിലും ശ്രദ്ദേയമായ രീതിശാസ്ത്ര വ്യതിയാനങ്ങള്‍ നല്‍കിയത് (methodological shifts) ക്ലിഫോര്‍ഡ് ഗീര്‍ട്ട്‌സ് ആണെന്നു പറയാം.

clifford geertus

ചിഹ്നങ്ങളും (symbols) അതു മനുഷ്യമനസിലുണ്ടാക്കുന്ന അര്‍ഥങ്ങളും (meaning) അനുഭവങ്ങളും (expieriences) മനസിലാക്കല്‍ അദ്ദേഹത്തിന്റെ രീതിശാസ്ത്ര സമീപനമായതിനാല്‍ ഗീര്‍ട്ട്‌സ് എപ്പോഴും ശ്രമിച്ചത് വിശ്വാസികള്‍ക്ക് മതപരമായ അര്‍ഥങ്ങള്‍ നല്‍കുന്ന മതചിഹ്നങ്ങളെക്കുറിച്ചാണ്.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യഥാര്‍ഥ രീതി (true practice) വിഭാവനം ചെയ്യുന്ന മതപരമായ വ്യവഹാരങ്ങളുടെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. മതത്തിന്റെ മാറ്റം എന്നത് ഗീര്‍ട്ട്‌സിനെ സംബന്ധിച്ച് മതസങ്കല്‍പ്പത്തിന്റെ (religious magimation) മാറ്റമായിരുന്നു.

എന്നാല്‍ മതപഠനത്തില്‍, പ്രത്യേകിച്ചും ഇസ്‌ലാമിക സമൂഹത്തിലെ അംഗീകാര വ്യവഹാരങ്ങളെയും (Authorization discource) അവ മത യാഥാര്‍ഥ്യങ്ങള്‍ (Religious truth) പുറപ്പെടുവിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞത് മറ്റൊരു അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായിരുന്ന തലാല്‍ അസദ് ആയിരുന്നു. മത ചിഹ്നങ്ങളെയും മതസങ്കല്‍പങ്ങളെയും നിയന്ത്രിക്കുകയും വര്‍ഗീകരിക്കുകയും ചെയ്യുന്ന വ്യവഹാരങ്ങളെയും അധികാര വ്യവസ്ഥകളെയും അദ്ദേഹം വിശകലനം ചെയ്തു. ഇത്തരമൊരു വിശകലന രീതി മതങ്ങളെ, പ്രത്യേകിച്ച് ഇസ്‌ലാം, ക്രിസ്ത്യാനിറ്റി പോലുള്ള മതജീവിതങ്ങളെ പരിശീലിപ്പിക്കുകയും, ശാസിക്കുകയും ചെയ്യുന്ന (discipliming) മൂല്യ വ്യവസ്ഥകളെ പഠിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
ഇവര്‍ക്കു ശേഷം വന്ന സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും, ഗീര്‍ട്ട്‌സും അസദും പ്രതിനിധാനം ചെയ്യുന്ന ഈ രണ്ട് രീതിശാസ്ത്ര നിലപാടുകളെ (methodological positions) അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.

അബുല്‍ ഹാമിദ് സൈന്‍, എക്കിള്‍മാന്‍, ജോണ്‍ ബൊവന്‍, ചാള്‍സ് ഹിഷ്‌കിന്ദ്, സബാ മഹ്മൂദ് എന്നിവരുടെ പഠനങ്ങള്‍ ഇതിനുദാഹരണമാണ്. ഇസ്‌ലാമിക ചികിത്സാരീതികളെ കുറിച്ചുള്ള വ്യവഹാരങ്ങളെയും, അതിനോടുള്ള വിശ്വാസികളുടെ പ്രതികരണങ്ങളെയും സൈദ്ധാന്തികവും പ്രായോഗികവുമായി മനസ്സിലാക്കുന്നതിനെ മേല്‍പ്പറഞ്ഞ രീതിശാസ്ത്ര നിലപാടുകള്‍ സഹായിക്കുന്നുണ്ട്.

ഇസ്‌ലാമിക ചികിത്സയും ആരോഗ്യ നരവംശ ശാസ്ത്രവും

വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യ സ്വഭാവത്തെക്കുറിച്ച് പഠിക്കാന്‍ (health behaviour) മെഡിക്കല്‍ ആന്ത്രോപ്പോളജി, സോഷ്യോളജി ഓഫ് ഹെല്‍ത്ത് എന്നീ പേരുകളില്‍ പ്രത്യേകം പഠന മേഖല തന്നെ വികസിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചികിത്സാ രീതികള്‍ പോലുള്ള ആചാരാനുഷ്ഠാനങ്ങളെ ഈ പഠന മേഖലകള്‍ എപ്പോഴും സാംസ്‌കാരിക മേഖലയിലാണ് (cultural domain) ഉള്‍പ്പെടുത്താറ്. ഇങ്ങനെ ബ്രാന്‍ഡ് ചെയ്യപ്പെടുന്ന അറിവുകള്‍ എപ്പോഴും അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ അറിവുകള്‍ക്ക് (scientific knowledge) പുറത്താണ്. വിശ്വാസത്തിലധിഷ്ഠിതമായ വ്യക്തികളുടെ സ്വന്തം അനുഭവം മാത്രമായിട്ടാണ് ഇത്തരം ചികിത്സാ രീതികളെ കണക്കാക്കുന്നത്. ഇത് വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ക്ക് (objective reality) എതിരായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്. ഇതിനു കാരണം നരവംശ ശാസ്ത്രം ആരോഗ്യത്തെ സമീപിക്കുമ്പോഴെല്ലാം അതിനെ നിര്‍ണയിക്കുകയും സത്യമായ അറിവുകള്‍ (True knowledge) പുറപ്പെടുവിക്കുകയും ചെയ്യുന്ന ജന്തുശാസ്ത്രം മറുവശത്ത് ഉണ്ട് എന്നുള്ളതാണ്.

ഇസ്‌ലാമിക ചികിത്സാ രീതികളെക്കുറിച്ച് പഠിച്ച ഇവാന്‍സ് പ്‌റിച്ചാര്‍ഡിനെ പോലുള്ള ആദികാല നരവംശ ശാസ്ത്രജ്ഞര്‍ക്ക് ഗൂഢ ശാസ്ത്രം, മന്ത്രവാദം, മാജിക് എന്നീ വര്‍ഗീകരണത്തിന്റെ മുന്‍വിധികള്‍ ഉള്ളതായി കാണാം. എന്നാല്‍ പിന്നീടു വന്ന ആര്‍തര്‍ ക്ലൈന്‍മാന്‍, ബൈറോണ്‍ ഗുഡ് തുടങ്ങിയ ആരോഗ്യ നരവംശ ശാസ്ത്രജ്ഞര്‍ ഇത്തരം ചികിത്സകളെയും ചികിത്സാ അനുഭവങ്ങളെയും വ്യക്തികളുടെ വ്യത്യസ്ഥങ്ങളായ വ്യഖ്യാനങ്ങളായി (interpretation) കണ്ടു. ഇവിടെ നാം നേരിടുന്ന പ്രശ്‌നം, ഇസ്‌ലാമിക ചികിത്സാ ലോകത്തെയും ചികിത്സാ അനുഭവങ്ങളെയും വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളായി കാണുന്ന വിശ്വാസികളുടെ അര്‍ഥങ്ങളെയും വ്യാഖ്യാനങ്ങളെയും നരവംശ ശാസ്ത്ര വീക്ഷണ കോണിലൂടെ വിശദീകരിക്കാനുള്ള രീതിശാസ്ത്ര പോരായ്മയാണ് (methodological limitations)

ഉറുക്കും മന്ത്രവും

കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകൃതമാവുന്ന ഉറുക്കും മന്ത്രവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങളെല്ലാം ചികിത്സാരീതികളിലെ ‘നല്ലത്’ ‘ചീത്തത്’ എന്ന വര്‍ഗീകരണത്തെ അംഗീകരിക്കുകയും തങ്ങളുടെ ചികിത്സ നല്ലതില്‍പ്പെട്ടതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അംഗീകരിക്കപ്പെട്ട നല്ല ചികിത്സകള്‍ ഇസ്‌ലാമിക് എന്നും ഗണത്തില്‍ ഒഴിവാക്കപ്പെടേണ്ടത് അനിസ്‌ലാമികം എന്നും പരിഗണിക്കപ്പെടുന്നു. അറബിഭാഷയില്‍ രചിക്കപ്പെട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മന്‍ബഉ ഉസൂലില്‍ ഹികം, ശംസുല്‍ മആരിഫില്‍ കുബ്‌റ, തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം ഇസ്മ്, ത്വല്‍സമാത്ത് ചികിത്സയില്‍ കേരളത്തില്‍ പ്രചാരണത്തിലുള്ള ചികിത്സാ റഫറന്‍സ് ഗ്രന്ഥങ്ങളാണ്. ത്വല്‍സമാത്ത് ചികിത്സകളെല്ലാം ചില പൊതു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

ഗുരുമുഖത്ത് നിന്ന് നേരിട്ട് അറിവ് നേടല്‍, ഇജാസത്ത്, സംഖ്യാശാസ്ത്രം, അക്ഷര-സംഖ്യാ മൂല്യഗണിത ക്രമം, നാലു പ്രകൃതങ്ങളെ പ്രതിനിധീകരിക്കുന്ന ലോഹങ്ങള്‍, ഗോള ശാസ്ത്രം, ലക്ഷണ ശാസ്ത്രം, രാശി സ്ഥാനങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, ഓരോ അസുഖത്തിനും ആവശ്യത്തിനും ഉപയോഗിക്കേണ്ട പ്രത്യേക മന്ത്രങ്ങളെയും പ്രാര്‍ത്ഥനകളെയും കുറിച്ചുള്ള അറിവ്, ആവശ്യമെങ്കില്‍ ചികിത്സകരായി ജിന്നുകളെ നേരിട്ടു വിളിച്ചുവരുത്താനുള്ള കഴിവ് തുടങ്ങിയവയെല്ലാം ത്വല്‍സമാത്ത് ചികിത്സയില്‍ പൊതുവായി പരിഗണിക്കപ്പെടുന്ന അത്യാവശ്യ ഘടകങ്ങളാണ്.

ചികിത്സകരും അതിനെ പ്രമാണികമായി അനുകൂലിക്കുന്നവരും ചികിത്സക്കെത്തുന്ന വിശ്വാസികളും മുമ്പു പറഞ്ഞ ചികിത്സാ രീതികളിലെ ‘നല്ലത്’ ‘ചീത്തത്’ എന്ന വേര്‍തിരിവ് അംഗീകരിക്കുന്നവരാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇസ്‌ലാമിക ചികിത്സാ രീതികളെ കുറിച്ചുള്ള മതവ്യവഹാരങ്ങളും അതിനെ തുടര്‍ന്നുള്ള വിഭാഗീയതകളും വെറും ദ്വന്ദങ്ങളിലധിഷ്ഠിതമായ രീതിശാസ്ത്ര സങ്കല്‍പ്പങ്ങളിലൂടെ വിശദീകരിക്കാന്‍ കഴിയില്ല എന്ന വസ്തുതയാണ്.
വിശകലനം ചികിത്സാഗ്രന്ഥങ്ങളില്‍ നിന്നും ഗ്രൗണ്ട് റിയാലിറ്റിയിലേക്ക് വന്നാല്‍ വളരെ വ്യത്യസ്തമായ കണ്ടെത്തലുകളാണ് ലഭിക്കുക.

ഡല്‍ഹിയിലെ പട്ടേഷാ ദര്‍ഗ്ഗയിലെ ചികിത്സയെക്കുറിച്ച് വിശകലനം നടത്തിയ പ്രശസ്ത സാംസ്‌കാരിക മനശ്ശാസ്ത്രജ്ഞന്‍ സുധീര്‍ കാക്കര്‍ (1982) ഈ വ്യത്യസ്തതകളിലേക്ക് വെളിച്ചം വീശുന്നു. ചികിത്സകന്‍ പ്രതിനിധീകരിക്കുന്ന റൂഹാനി സൂഫിസവും റദ്ദു ചെയ്യേണ്ട ‘കറുത്ത അറിവും’ (കാലാ ഇല്‍മ്) തമ്മിലുള്ള ദൂരമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഈ വ്യത്യാസത്തെ മലയാള പദപ്രയോഗത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ചികിത്സകന്‍,(healer) മന്ത്രവാദി (sorcerer) എന്ന വര്‍ഗ്ഗീകരണമായി മനസ്സിലാക്കാം. ചികിത്സ തേടിയെത്തുന്നവരെ കാക്കര്‍ കാണുന്നത് രോഗികള്‍,(patients) അപേക്ഷകള്‍ (supplicates) എന്നീ രണ്ടു വിഭാഗങ്ങളായിട്ടാണ്. ആദ്യത്തെ വിഭാഗം രോഗങ്ങള്‍ ചികിത്സിക്കാനെത്തുമ്പോള്‍ രണ്ടാമത്തെ വിഭാഗം ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ വരുന്നവരാണ്. അവരില്‍ എല്ലാ മതക്കാരും എല്ലാ ജാതീ വിഭാഗങ്ങളും പുരുഷനും സ്ത്രീയും ഉള്‍ക്കൊള്ളുന്നു.

sudeer kakar

മുഖ്യധാരാ മതത്തില്‍ നിന്നും മാറി നടക്കുന്ന രോഗചികിത്സക്ക് മാത്രം ലഭിക്കുന്ന ഈ പ്രാമാണിക അയവിനെ (textual flexibility) മറ്റൊരു നരവംശ ശാസ്ത്രജ്ഞയായ ഫ്‌ളക്കിഗര്‍ വിളിക്കുന്നത് ‘ദേശ ഇസ്‌ലാം’ (vernacular Islam) അല്ലെങ്കില്‍ മതത്തിനു കുറുകെയുള്ള വഴി (religious cross roads) എന്നീ സംജ്ഞയിലൂടെയാണ്.

എന്നാല്‍ ചികിത്സയെക്കുറിച്ചുള്ള ഇസ്‌ലാമിക മതവ്യവഹാരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള ലളിത യുക്തി വര്‍ക്കുചെയ്യുന്നില്ല എന്ന് മനസ്സിലാവും. ഉദാഹരണത്തിന് ചികിത്സയെ എതിര്‍ക്കുന്നു എന്ന് പൊതുവെ കരുതപ്പെടുന്ന കേരളത്തിലെ മുജാഹിദുകള്‍ ചികിത്സയിലെ വിശദീകരണം അംഗീകരിക്കുകയും തങ്ങള്‍ നടത്തുന്ന ചികിത്സയെ യഥാര്‍ഥ ഇസ്‌ലാമില്‍ പ്രതിഷ്ഠിക്കുന്നവരുമാണ്. അതിനാല്‍ ചികിത്സിക്കുന്നവരെല്ലാം യഥാര്‍ഥ ഇസ്‌ലാമിനെ അവകാശപ്പെടുമ്പോള്‍ പ്രാമാണിക വിലപേശലിന് (negotiation) ഇവിടെ സാധ്യത കുറവാണ്.

ചികിത്സയുടെ ഫലത്തെക്കുറിച്ചുള്ള നരവംശ ശാസ്ത്രത്തിന്റെ വിശകലനത്തിലും ഇത്തരത്തിലുള്ള രീതി ശാസ്ത്ര പരിമിതികള്‍ ബോധ്യമാവും. ഫലപ്രാപ്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ച സുധീര്‍ കാക്കറും ലെവിസ് സ്ട്രൗസു (Levi-Strauss) മെല്ലാം മുസ്‌ലിം വിശ്വാസികള്‍ക്ക് പരിചിതമല്ലാത്ത വിശദീകരണങ്ങളാണ് നല്‍കുന്നത്. വിശ്വാസികള്‍ ഷെയര്‍ ചെയ്യുന്ന മാന്ത്രിക ലോകം (pernonological worldview) ചികിത്സക്ക് ഫലം ലഭിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുന്നുവെന്ന് കാക്കര്‍ അഭിപ്രായപ്പെടുന്നു. ‘

Claude Levi-Strauss

ചിഹ്നലോകത്ത് (symbolic world) ജീവിക്കുന്ന ചികിത്സകനും രോഗിയും, ചിഹ്നങ്ങളുണ്ടാക്കുന്ന മനഃശാസ്ത്ര അനന്തര ഫലത്താല്‍ സുഖം പ്രാപിക്കുന്നുവെന്ന് ലെവിസ് ട്രൗസും നിരീക്ഷിക്കുന്നു. പക്ഷേ, ഇതൊന്നും അനുഭവ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല.

ചുരുക്കത്തില്‍ മുസ്‌ലിം ലോകത്ത് ഉറുക്കും മന്ത്രവും എന്ന പേരില്‍ നടത്തപ്പെടുന്ന ചികിത്സാ രീതികളെയും അതിനെ ക്ലാസിഫൈ ചെയ്യുന്ന മതവ്യവഹാരങ്ങളെയും മനസ്സിലാക്കാന്‍ നാം നൂതനമായ നരവംശ ശാസ്ത്ര രീതികളെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. അന്വേഷണം സൈദ്ധാന്തിക തലത്ത് നിന്നും (Theoretical) അനുഭവ യാഥാര്‍ഥ്യങ്ങളിലേക്ക് തിരിക്കുമ്പോള്‍ (inbuilt nestity) കുറച്ച് കൂടി സങ്കീര്‍ണമായ ക്ലാസിഫിക്കേഷന്‍ നാം കാണുന്നു. മറ്റു ആചാര അനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യവുമായും ജീവിത നിലനില്‍പ്പുമായും ബന്ധപ്പെട്ടതിനാല്‍ ചികിത്സകള്‍ ഇസ്‌ലാമിക പ്രാമാണിക ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ വ്യത്യാസങ്ങളെല്ലാം ഇസ്‌ലാമിക പ്രാമാണിക പാരമ്പര്യത്തിന്റെ (Islamic textual tradition) അകത്തു തന്നെയാണ് നടക്കുന്നത്. ചികിത്സയെക്കുറിച്ചുള്ള പ്രാമാണിക സംവാദങ്ങളോടുള്ള ചികിത്സയുടേയും രോഗികളുടേയും പ്രതികരണത്തെക്കുറിച്ചുള്ള പഠനം അതാണ് സൂചിപ്പിക്കുന്നത്.

ഈ തിരിച്ചറിവ് സൂചിപ്പിക്കുന്നത് കേരളീയ മുസ്‌ലിം പശ്ചാത്തലത്തില്‍ മുസ്‌ലിം ആരോഗ്യ സ്വഭാവം (Muslim health behavior) എന്ന വളരെ വ്യത്യസ്തമായൊരു സംജ്ഞയും അതിനു വേണ്ട ഒരു സമീപന രീതിയും (perspective) നാം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ്. ഈ സമീപന രീതി തീര്‍ച്ചയായും ഇസ്‌ലാമിക ചര്‍ച്ചകളെയും പ്രാദേശിക പ്രത്യേകതകളെയും (Local embeddedness) മുസ്‌ലിം സമൂഹത്തിലെ വൈജാത്യങ്ങളെയും, സാമൂഹിക ശാസ്ത്ര സംജ്ഞകളായ വര്‍ഗ്ഗം, ജാതി, സാമൂഹിക മാറ്റം, സാമ്പത്തിക ജീവിതം, ദൈനംദിന ജീവിതം (everyday life) തുടങ്ങിയവയെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

ഡോ. അഹ്മദ് സിറാജുദ്ദീൻ ഹുദവി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.