Thelicham
THELI

”മുസ്‌ലിം സ്ത്രീയോട് ജ്ഞാനോല്‍പാദനത്തില്‍ ഏര്‍പ്പെടാനാണ് ഖുര്‍ആന്‍ പറയുന്നത്”

സ്ത്രീയും മുസ്‌ലിം സാമ്പ്രദായികതയില്‍ ഭാഗധേയം നിര്‍ണയിക്കുന്നുണ്ടെന്ന സമകാലിക ബോധമാണ് ഇസ്‌ലാം സംബന്ധിയായ പുതിയ ആലോചനകളെ കൂടുതല്‍ സജീവമാക്കുന്നത്. ഹിജാബ്, പര്‍ദ, നികാഹ്, ത്വലാഖ് തുടങ്ങിയ മുസ്‌ലിം സ്ത്രീ ചര്‍ച്ചകളില്‍ ട്രെഡീഷണല്‍ മുസ്‌ലിം വുമണ്‍/ മോഡേണ്‍ മുസ്‌ലിം വുമണ്‍ എന്നീ രണ്ട് ബൈനറികള്‍ സൃഷ്ടിച്ച് മുസ്‌ലിം സ്ത്രീ എത്രമാത്രം പ്രശ്‌നവത്കരിക്കപ്പെടുന്നുവെന്നതാണ് നാം അന്വേഷിക്കുന്നത്. ബഹുസ്വരസമൂഹത്തില്‍ മുസ്‌ലിം സ്ത്രീ നിര്‍വഹിക്കുന്ന പങ്ക്/ ഭാഗധേയം എന്നിവയെക്കുറിച്ച്, ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്‍് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രഫസര്‍ കാതറിന്‍ ബുള്ളോക് സംസാരിക്കുന്നു. മുസ്‌ലിം സ്ത്രീയുടെ ആക്ടിവിസം, വിദ്യാഭ്യാസം, അവരുടെ വസത്രാധാരണം, സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രസ്തുത സംഭാഷണത്തിന്റെ ഭാഗമായി കടന്നുവരുന്നുണ്ട്. കാനഡയിലെ മുസ്‌ലിംചരിത്രം, അവരുടെ രാഷ്ട്രീയ-സംസ്‌കാരിക ചരിത്രത്തിലെ വികാസ പരിണാമങ്ങള്‍, മാധ്യമരംഗത്തെ മുസ്‌ലിം-ഇസ്‌ലാം പ്രതിനിധാനങ്ങള്‍, ഹിജാബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ കാതറിന്റെ സുപ്രധാന ഗവേഷണ മേഖലകളാണ്. 1994ല്‍ ഇസ്‌ലാം ആശ്ലേഷിച്ച അവര്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ഇസ്‌ലാമിക് സോഷ്യല്‍ സയന്‍സസിന്റെ എഡിറ്ററായി (2003-2008) സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ രചിച്ച റീതിംഗിംങ് മുസ്‌ലിം വിമിണ്‍ ആന്ഡ് വൈല്‍: ചലച്ചിംഗ് ഹിസ്‌റ്റോറിക്കല്‍ ആന്‍ഡ് മോഡേണ്‍ സ്റ്റീരിയോടൈപ്പ്‌സ് എന്ന കൃതി ഹിജാബിനെക്കുറിച്ചുള്ള സമകാലികസംവാദങ്ങളുടെ വിമര്‍ശനാത്മ പഠനമാണ്. കൂടാതെ കാനഡയിലെ മുസ്‌ലിം വനിതകളുടെ സമൂഹിക പ്രവര്‍ത്തനം ആസ്പദമാക്കി മുസ്‌ലിം വിമിണ്‍ ഇന്‍ നോര്‍ത് അമേരിക്ക സ്പീക്കിംഗ് ഫേര്‍ അവര്‍ സെല്‍വ്‌സ് എന്ന ഒരു പഠനവും അവരുടേതായുണ്ട്.

കാനഡയിലെ പ്രമുഖ മുസ്‌ലിം പണ്ഡിത എന്ന നിലക്ക് അമേരിക്ക, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായി നടക്കുന്ന സമകാലിക ഇസ്‌ലാമിക മുന്നേറ്റങ്ങളെ, വിശിഷ്യ സ്ത്രീ കേന്ദ്രീകൃത പ്രശ്‌നങ്ങളിലൂന്നിയ ചലനങ്ങളെ എങ്ങനെയാണ് താങ്കള്‍ വീക്ഷിക്കുന്നത്? സമകാലിക മുസ്‌ലിംജീവിതങ്ങളെ നവീകരിക്കുന്നതില്‍ ഇവയെത്രത്തോളം സഹായകമാണ്.
കാതറീന്‍: ആദ്യമായി ഒരു കാര്യം പറയട്ടെ. കാനഡയിലെ മുസ്‌ലിം സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിക മുന്നേറ്റം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. മൂവ്‌മെന്റ് അഥവാ മുന്നേറ്റം എന്ന പദത്തിന്റെ നിര്‍വചനം പരിശോധിച്ചാല്‍, അത് കുറിക്കുന്നത് സാമൂഹികവും രാഷ്ട്രീയവുമായ അധികാര ഘടനകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണെമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ഒരു കൂട്ടത്തെയാണ്. 1970കളിലും എണ്‍പതുകളിലുമായി കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം സംഘടനകളുടെ മിക്ക സ്ഥാപകരും അവരുടെ സംഘടനകളെ പരിചയപ്പെടുത്തിയത് നേരത്തെ പരാമര്‍ശിച്ച ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ ആ കാലഘട്ടത്തിന് എത്രയോ അപ്പുറത്താണ് നാം ഇന്നുള്ളത്. അവരുടേയൊക്കെ രണ്ടോ മൂന്നോ നാലോ തലമുറകളിലാണ് നാം ഇന്ന് ജീവിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍ തദ്ദേശീയ മുസ്‌ലിംകളുടെ സവിശേഷ സാഹചര്യങ്ങളും ആവശ്യങ്ങളും മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതും സേവനം ചെയ്യുന്നതും. മസ്ജിദുകള്‍, ഇസ്‌ലാമിക സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, സാമുദായിക സന്നദ്ധ കൂട്ടായ്മകള്‍, ദുരിതാശ്വാസ കമ്മിറ്റികള്‍, മതസൗഹാര്‍ദ്ധ വേദികള്‍, ഗവേഷണ-നിയമ സംവിധാനങ്ങള്‍, യുവ-വനിതാ കൂട്ടായ്മകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചില സംഘടനകള്‍ ഭരണകൂടം ആവിഷ്‌കരിക്കുന്ന നയങ്ങളെ എതിര്‍ത്തുകൊണ്ടോ അല്ലെങ്കില്‍ പ്രധാനമായ ചില നയങ്ങള്‍ ഭരണകൂടം നടപ്പില്‍വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ ഉള്ള മുന്നേറ്റങ്ങളുടെ ഭാഗമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മുസ്‌ലിംകള്‍ ഇതര മതസ്ഥരുമായി ചേര്‍ന്നു നില്‍ക്കല്‍ പതിവാണ്.
അങ്ങനെ വരുമ്പോള്‍ യഥാര്‍ഥത്തില്‍ ചോദ്യം ഇതാണ്. അഥവാ സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആത്മീയവുമായ ആവശ്യങ്ങളെ എങ്ങനെയാണ് മുസ്‌ലിംസംഘടനകള്‍ അഭിമുഖീകരിക്കുന്നത്? മിക്ക സംഘടനകളും സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തുടങ്ങിയതു തന്നെ പടിഞ്ഞാറിന്റെ വിമര്‍ശനങ്ങളുടെയും സമ്മര്‍ദ്ധത്തിന്റെയും ഫലമായിട്ടാണെന്നാണ് തോന്നുന്നത്. ഉദാഹരണത്തിന് അവനവധി പള്ളികള്‍ക്കു കീഴിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ബാസ്‌കറ്റ്ബാള്‍ കോര്‍ട്ടുകളും സ്ത്രീ ഹള്‍ഖകളും ഉണ്ടാകും. തങ്ങളുടെ മതകീയ നയ നിലപാടുകളനുസരിച്ച് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാത്ത മുസ്‌ലിം ഗ്രൂപ്പുകള്‍ക്കിടയില്‍ വരെ, പടിഞ്ഞാറിന്റെ വീക്ഷണമനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ നന്നായി പരിചരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യഗ്രത സജീവമാണ്. പ്രയോഗ തലത്തില്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. എങ്കിലും, ഇവയെല്ലാം നല്ല സൂചനകളാണ്. അല്‍ഹംദുലില്ല.

മുസ്‌ലിം കണ്‍വേര്‍ട്ട എന്ന രീതിയില്‍ വിശ്വാസിയിലേക്കുള്ള താങ്കളുടെ പരിണാമത്തെ എങ്ങനെ മനസ്സിലാക്കുന്നു? കഴിഞ്ഞ കാല മുസ്‌ലിം ജീവിതാനുഭവങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു?
കാതറീന്‍: സ്രഷ്ടാവിനെ ആരാധിക്കാന്‍ ഏറ്റവും ഭംഗിയുള്ള വഴിയാണ് ഇസ്‌ലാമിന്റേത്. സ്രഷ്ടാവും പരിപാലകനുമായ ഏക ദൈവമെന്ന ഖുര്‍ആനിക സന്ദേശം ഇതര വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്ഥമായി എനിക്ക് ഏറെ യുക്തിസഹമായിത്തോന്നി. ഇസ്‌ലാമിനെക്കുറിച്ച് ആദ്യമായി പഠിക്കാന്‍ തുടങ്ങുമ്പോള്‍ ഞാനൊരു നാസ്തിക വാദിയായിരുന്നു. മുസ്‌ലിം വിശ്വാസിയിലേക്കുള്ള സഞ്ചാരം ഒരേ സമയം എളുപ്പുവും കഠിനവുമാണ്. നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് അത് നിങ്ങള്‍ക്ക് വളരെ എളുപ്പമുള്ളതായിരിക്കും. അത് നിങ്ങള്‍ക്ക് പെട്ടെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നു. മുമ്പ് ഉത്തരം ലഭിക്കാതെ പോയ ഒത്തിരി ചോദ്യങ്ങള്‍ക്ക് അവ ഉത്തരം നല്‍കുകയും ചെയ്യും. പക്ഷേ നിങ്ങളുടെ ജീവതരീതിയുടെ മുഖ്യമായ പതിവുകളെല്ലാം മാറ്റാന്‍ പ്രാപ്തമാവണം എന്ന രീതിയില്‍ അവ ഏറെ കാഠിന്യമേറിയതുമാണ്. ഒരുപക്ഷേ നിങ്ങളുടെ കുടുംബമോ കൂട്ടുകാരോ ഒരിക്കലും ഈ പരിണാമത്തെ അംഗീകരിച്ചുകൊള്ളണമെന്നില്ല. അവര്‍ ചിലപ്പോള്‍ നിങ്ങളെ ഒറ്റപ്പെടുത്തിയേക്കാം. എങ്കിലും നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് മുസ്‌ലിം സമുദായം എന്ന ഒരു വലിയ കുടംബമായിരിക്കും.

കര്‍മനിരതയും ഭക്തയും ധീരയുമായി മുസ്‌ലിം സ്ത്രീയെ ശാക്തീകരിക്കാന്‍ ഉപയുക്തമായ നിര്‍ദേശങ്ങള്‍ പങ്കുവെക്കാമോ? സമൂഹത്തിലെ പൊതു ഇടങ്ങളില്‍ ഏതൊക്കെ മേഖലകളാണ് അവളുടേതായിട്ട് ഉള്ളതെന്ന് താങ്കള്‍ വിശ്വസിക്കുന്നത്?
കാതറീന്‍: പുരുഷ സമൂഹത്തിന് സമാനമായി തന്നെ, സ്ത്രീ സമൂഹവും അവരുടേതായ വിവിധ കഴിവുകളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതായത് അത്തരം മേഖലകളില്‍ സമൂഹത്തെ സമ്പന്നമാക്കാന്‍ യോഗ്യമായ ശ്രമങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പരമ്പരാഗത ഇടങ്ങളായ അധ്യാപനം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ മുതല്‍ എഞ്ചിനീയറിംഗ്, മാധ്യമരംഗം, എക്കൗണ്ടിംഗ്, നിയമം, രാഷ്ട്രീയം തുടങ്ങിയ ഇടങ്ങള്‍ വരെ അവരുടെ പങ്ക് നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. മതത്തെക്കുറിച്ച് ആഴത്തില്‍ വിജ്ഞാനമുള്ള വ്യക്തികളാവണം സ്ത്രീകള്‍. കൂടാതെ അവര്‍ ഊര്‍ജവും ആത്മധൈര്യവും സംഭരിക്കേണ്ടത് ദൈവവിശ്വാസത്തില്‍ നിന്നും, അല്ലാഹു മനുഷ്യാത്മാവിന് വഹിക്കാനാകുന്നതേ നല്‍കൂ എന്നബോധത്തില്‍ നിന്നുമാകണം.

ഈയിടെ, മതാചാരപ്രകാരം മുസ്‌ലിം സമുദായം ഉപയോഗിക്കുന്ന രണ്ട് മതചിഹ്നങ്ങളായ ബാങ്ക്, ഹിജാബ് എന്നിവയെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ ആഗോള തലത്തില്‍ ഉണ്ടായല്ലോ. ഒന്നാമത്തെ പരാമര്‍ശം നടത്തിയത് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ട്രറിയായിരുന്ന ബോറിസ് ജോണ്‍സണായിരുന്നു. നിഖാബ് അണിഞ്ഞ സ്ത്രീകള്‍ തപാല്‍പെട്ടിപോലെയാണ് എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. ഹിജാബണിഞ്ഞ മുസ്‌ലിം സ്ത്രീയുടെ പൊതുരംഗപ്രവേശനം ബാങ്ക്‌കൊള്ളക്കാരെ ഓര്‍മിപ്പിക്കുന്നുവെന്ന മറ്റൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. രണ്ടാമത്തെ പരാമര്‍ശം ഗോഡ് ഡല്യൂഷന്‍ എന്ന കൃതിയുടെ രചയിതാവും നാസ്തികനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റേതാണ്. വിംഞ്ചെസ്റ്റര്‍ കത്രീഡലിലെ മനോഹരമായ മണിമുഴക്കങ്ങള്‍ അല്ലാഹു അക്ബര്‍ എന്ന കര്‍ണ കഠോര ശബ്ദത്തേക്കാള്‍ മധുരതരം എന്നതായിരുന്നു ഡോക്കിന്‍സിന്റെ ട്വീറ്റ്. മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും മതചിഹ്നങ്ങള്‍ ആത്മീയാവിഷ്‌കാരം എന്നതിനപ്പുറത്ത് ജീവസുരക്ഷക്ക് ഭീഷണിയാണെന്ന ധാരണ രൂപപ്പെടുത്തിയെടുക്കുന്നത് കാണാം. ഇത്തരത്തിലുള്ള മതവിദ്വേഷം കലര്‍ന്ന സംസാരങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? മതത്തിലുടലെടുത്ത ഇത്തരം വാര്‍പ്പുമാതൃകകളെ എങ്ങനെയാണ് നമുക്ക് പ്രതിരോധിക്കാനാവുക?
നാം ഇന്നുകേള്‍ക്കുന്ന ഈ പ്രമാദമായ പരാമര്‍ശങ്ങളൊന്നും പുതിയതായി കാണേണ്ട കാര്യമില്ല. വാസ്തവത്തില്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥതയുണ്ടാവുന്ന മനസ്സിനെക്കുറിച്ചാണ് നാം കരുതല്‍ നടപടി സ്വീകരിക്കേണ്ടത്. നമ്മുടെ മനസ്സുകളെ ഇരബോധത്തിലേക്ക് തളച്ചിടാന്‍ നാം ഒരിക്കലും അനുവദിച്ച് കൂടാ. മക്കയില്‍ അവിശ്വാസികളായ ഖുറൈശി സമൂഹം മുസ്‌ലിം വിശ്വാസികള്‍ക്ക് നേരെ നടത്തിയ പ്രത്യാക്രമണങ്ങളെ നേരിട്ട രീതി പ്രസക്തമാണ്. മാന്യവും സൗമ്യവും ഉചിതവുമായ ഭാഷയില്‍ മതത്തെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. സമൂഹത്തില്‍ ഇറങ്ങിചെന്ന് സമൂഹത്തിന്റെ കേടുപാടുകളെ എങ്ങനെ പരിഹരിക്കണമെന്ന് നാം ആലോചിക്കണം. കര്‍മം വചനത്തേക്കാള്‍ ശബ്ദം കൂടിയതാണെന്ന ആംഗലേയ പഴമൊഴി അന്വര്‍ഥമാക്കുന്നത് പോലെ തന്നെ ചിലര്‍ക്ക് ചിലതിന്റെ സൗന്ദര്യം വേണ്ടപോലെ ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് അതിനും സാധ്യമല്ല.

ഇസ്‌ലാമിക ധിഷണയുടേയും പണ്ഡിതപാരമ്പര്യത്തിന്റെയും സമ്പന്നമായ ചരിത്രത്തില്‍ മുസ്‌ലിം സ്ത്രീക്ക് അസാമാന്യ പങ്കുണ്ടെന്ന് നമുക്കറിയാം. എങ്കിലും ഇസ്‌ലാമിക പണ്ഡിതനേതൃത്വം മുസ്‌ലിം സ്ത്രീക്ക് പൊതുഇടങ്ങളില്‍ അവസരം നല്‍കുന്നില്ല എന്ന പരാതികള്‍ വ്യാപകമാണ്. ഇത്തരം വാദഗതിയോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
ഖുര്‍ആനും സുന്നത്തുമാണ് നമ്മുടെ ജീവിത വഴികാട്ടികള്‍. അവ രണ്ടും മുസ്‌ലിം സ്ത്രീയോട് നിരന്തരം ധൈഷണിക വ്യാപാരത്തിലും ജ്ഞാനോല്‍പാദനത്തിലും ഏര്‍പ്പെടാനാണ് ആഹ്വാനം ചെയ്യുന്നത്. 2200 ലധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഫത്‌വ നല്‍കുകയും പ്രവാചകാനുയായികള്‍ക്ക് ബോധനം നല്‍കുകയും ചെയ്തിരുന്ന മഹതി ആയിശ (റ)യെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന രാഷ്ട്രീയമായ ഗതിവിഗതികള്‍ ഇസ്‌ലാമിന്റെ പണ്ഡിതബോധത്തെ മാറ്റിമറിക്കുകയും അവരിലെ സ്ത്രീസമൂഹത്തിന്റെ ചലനാത്മകതയെ സ്തംഭിപ്പിക്കുകയും ചെയ്തുവെന്നത്, ഇതിന്റെ ഇസ്‌ലാമിലെ സാധുതയെ കുറിക്കുന്നില്ല. മറിച്ച്. ഖുര്‍ആനും സുന്നത്തും വിഭാവനംചെയ്ത മതപാരമ്പര്യത്തിലാണ് നാം നമ്മുടെ ജീവിതങ്ങളെ മാറ്റിപണിയേണ്ടത്.

കനേഡിയന്‍ മുസ്‌ലിം വനിതകള്‍ നടത്തുന്ന മതകീയ മുന്നേറ്റങ്ങളെക്കുറിച്ച് പറയാമോ? നിലവിലെ കനേഡിയന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം വനിതകളുടെ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുന്നതിലെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
മുസ്‌ലിം വിരുദ്ധ വംശീയ അധിക്ഷേപങ്ങള്‍ ഇന്ന് കാനഡയില്‍ ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. മുസ്‌ലിം പുരുഷനും സ്ത്രീയും ഒരുപോലെ സാമൂഹിക വിവേചനവും പീഡനവും നേരിടുന്നുണ്. ഹിജാബും നിഖാബും ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അപലപനീയമാണ്. കാനഡയിലേത് ബഹുസ്വര സമൂഹമാണ്; ബഹുസാംസ്‌കാരികത, മതവൈവിധ്യം തുടങ്ങിയ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവരാണ് ഇവിടെ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കു കൂടെ നില്‍ക്കാന്‍ സഖ്യകക്ഷികളുണ്ട്, അല്‍ഹംദുലില്ലാഹ്. മുസ്‌ലിംസ്ത്രീകളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും അവരെ ശാക്തീകരിക്കാനും വേണ്ടി അനവധി പ്രാദേശിക, ദേശീയ സംഘങ്ങള്‍ മുസ്‌ലിംസ്ത്രീകള്‍ മുന്‍കയ്യെടുത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനം, വിവാഹമോചനത്തിലെ അസന്തുലിതാവസ്ഥകള്‍, നിര്‍ബന്ധിത വിവാഹം, ജോലിസ്ഥലത്തെ വിവേചനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം, സോഷ്യലൈസേഷന്‍, പാരന്റിംഗ്, റിക്രിയേഷന്‍ തുടങ്ങിയവയും പ്രസ്തുത സംഘടനകളുടെ അജണ്ടകളുടെ ഭാഗമാണ്.
ഇസ്‌ലാമിക ദൈവശാസ്ത്രത്തോട് ലിബറല്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ സ്വീകരിക്കുന്ന ആധുനികനിലപാടുകളെ എങ്ങനെയാണ് സമീപിക്കുന്നത്? ഇസ്‌ലാമില്‍ ഫെമിനിസത്തിന് സ്‌പേസ് ഉണ്ട് എന്ന വാദത്തോട് യോജിക്കുന്നുണ്ടോ? അല്ലെങ്കില്‍ അതിനെ കേവലം ആധുനികതയുടെ ഉല്‍പന്നമായിട്ടാണോ നിങ്ങള്‍ നിരീക്ഷിക്കുന്നത്?
ഫെമിനിസം ആധുനികതയുടെ ഉല്‍പന്നം തന്നെയാണ്. പക്ഷേ നാം ജീവിക്കുന്നത് ആധുനികതയിലാണ്. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും അവ ഉല്‍പാദിപ്പിക്കുന്ന സ്ട്രക്ച്ചറല്‍ ഫോഴ്‌സുകളുമായി പൊരുത്തപ്പെട്ടവരാണ് നാം. എന്നാല്‍ മുസ്‌ലിം സ്ത്രീയെ ബഹുമാനിക്കാത്ത ചില മുസ്‌ലിം ആചാര രീതികളെ തുറന്ന് കാണിക്കാന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്തരം ആചാരരീതികള്‍ ഖുര്‍ആനും സുന്നത്തും വിഭാവനം ചെയ്യുന്ന മൂല്യങ്ങളോട് വിരുദ്ധമായി നില്‍ക്കുന്നവയാണ്. ആദ്യകാല മുസ്‌ലിംകള്‍ ഇതര നാഗരിക-സംസ്‌കാര രീതികളെ പരിചയപ്പെടുകയും അവയില്‍ നിന്ന് നല്ലതെന്ന് തോന്നുന്നതും വിശ്വാസവുമായി പൊരുത്തപ്പെടുന്നതുമായവയെ സ്വീകരിക്കുകയും ചെയ്തിരുന്നു. അവയിലെത്തന്നെ അനഭിലഷണീയ കാര്യങ്ങളെ നിഷ്പ്രയാസം തള്ളികളയാനും അവര്‍ ധൈര്യം കാണിച്ചു. ഇതേ സമീപന രീതിയാണ് നാം ഫെമിനിസം എന്ന ആധുനിക മുന്നേറ്റത്തോടും സ്വീകരിക്കേണ്ടത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് ശാരീരികമായ പീഢനം നേരിടുന്ന മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നത് നല്ല കാര്യമാണ്. ശാരീരികമായ പീഢനം ഇസ്‌ലാമിന്റെ ഭാഗമല്ല. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്ന സ്ത്രീപക്ഷവാദികളെ നിഷേധാത്മകമായി അഭിമുഖീകരിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. പകരം തെറ്റുകളെ തിരിച്ചറിഞ്ഞ് പരിഹാരമാര്‍ഗങ്ങളെ തേടുകയാണ് വേണ്ടത്.
മുസ്‌ലിം സമുദായത്തിന് വേണ്ടി ശ്രമകരമായ സേവനങ്ങള്‍ നിര്‍ഹിക്കുന്ന, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മുസ്‌ലിം മതപണ്ഡിതകളെക്കുറിച്ച് പരാമര്‍ശിക്കാമോ? താങ്കളുടെ അക്കാദമിക് ജീവിതത്തില്‍, താങ്കള്‍ എന്നും അനുകരിക്കാനും ഇഷ്ടപ്പെടാനും താല്‍പര്യപ്പെടുന്ന റോള്‍മോഡലിനെക്കുറിച്ച് പറയുമോ? സാധാരണ മുസ്‌ലിം സ്ത്രീ അനിവാര്യമായി വായിച്ചിരിക്കേണ്ട പുസ്തകത്തെ കുറിച്ച്?
എന്റെ അധ്യാപനം, ആത്മീയത, ഗവേഷണം, വ്യക്തിത്വ വികസനം തുടങ്ങിയ നാലു വിവിധ മേഖലകളിലാണ് ഞാന്‍ എന്റെ വായനയെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നത്.മിക്ക സമയത്തും വായനക്ക് പറ്റിയ സമയം ലഭിക്കാറില്ല . ഏതൊരു മുസ്‌ലിം സ്ത്രീയും ആസ്വദിച്ച് വായിക്കേണ്ട പ്രധാനകൃതികളിലൊന്നായി ഞാന്‍ കാണുന്നത് സര്‍ഖാ നവാസ് എഴുതിയ ലോഫിംഗ് ആള്‍ ദ വേ ടു ദി മോസ്‌ക് എന്ന ആത്മകഥയാണ്. ലിറ്റില്‍ മോസ്‌ക് ഓണ്‍ പ്രിയറി എന്ന പേരില്‍ കനേഡിയന്‍ ടെലിവിഷനില്‍ ആദ്യ മുസ്‌ലിം സിറ്റ്‌കോം നിര്‍മിച്ചവരാണ് സര്‍ഖാ നവാസ്. മുഖ്യധാരാ സമൂഹങ്ങള്‍ക്കിടയില്‍ മുസ്‌ലിം പ്രതിനിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി അവര്‍ ടെലിവിഷന്‍ സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗിച്ചു. കോമഡി, ടെലിവിഷന്‍ എന്നിവയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ മുസ്‌ലിംകളെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ പൊതുസമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ സര്‍ഖാ നവാസിന് സാധിച്ചിട്ടുണ്ട്. അവരുടെ പുസ്തകം സ്വന്തം ജീവിത യാത്രയാണ് പ്രതിപാദിക്കുന്നത്. മുസ്‌ലിം വനിതാ പണ്ഡിതകളെ അടുത്തറിയാന്‍ ഏറെ ഉപകരിക്കുന്ന ഗ്രന്ഥമാണ് മുഹമ്മദ് അക്‌റം നദ്‌വി രചിച്ച അല്‍ മുഹദ്ദിസാത്ത്: ദി വിമിണ്‍ സ്‌കോളേര്‍സ് ഇന്‍ ഇസ്‌ലാം. ഇസ്‌ലാമിക ചരിത്രത്തില്‍ വനിതാ പണ്ഡിതരുടെ സാന്നിധ്യം പ്രചോദനാത്കമമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. നാം ചിലതിനെ പരിഷ്‌കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് കാലങ്ങളായി നമുക്ക് നഷ്ടപ്പെട്ടതിനെ പുനസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം മനസിലാക്കിത്തരുന്നു.
കാനഡയില്‍ റിവൈവല്‍ ഓഫ് ഇസ്‌ലാമിക് സ്പിരിറ്റ് എന്ന നാമധേയത്തില്‍ ലോക മുസ്‌ലിംകളുടെ ബൃഹത്തായ സംഗമം നടക്കാറുണ്ടല്ലോ. ഇത്തരത്തിലുള്ള മതകൂട്ടായ്മകള്‍ കനേഡിയന്‍ മുസ്‌ലിംകളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
മുസ്‌ലിംകള്‍ എല്ലായിപ്പോഴും തങ്ങളുടെ മതകീയ ജീവിതത്തില്‍ മുന്നേറിക്കൊണ്ടിരിക്കാനുള്ള ആഗ്രഹവും പ്രതീക്ഷയും വെച്ചുപുലര്‍ത്തണം. നമ്മുടെ സഹനശക്തിക്കതീതമായ ബുദ്ധിമുട്ടുകള്‍ അല്ലഹു നല്‍കുകയില്ല. നിശ്ചയം പ്രയാസത്തിന് ശേഷം വരുന്നത് സന്തോഷ സമയങ്ങളാണ്. ലോകം അല്ലാഹുവിന്റെ കല്‍പ്പനക്കനുസരിച്ച് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നന്മനിറഞ്ഞ ലോകത്തെ വിഭാവനം ചെയ്യുന്നതിന് വേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കല്‍ നമ്മുടെ ആത്യന്തിക ഉത്തരവാദിത്വമാണ്. നിയ്യത്ത് (ഉദ്ദേശ്യം) നന്നായാല്‍ അതിന്റെ ഫലങ്ങളിലും വിജയം ഉറപ്പിക്കാന്‍ നമുക്ക് കഴിയും. ‘ട്രൈ, ഫെയ്ല്‍, ലേണ്‍, റിപ്പീറ്റ്’ എന്നതാണ് ലീഡര്‍ഷിപ്പിനെക്കുറിച്ചുള്ള ഒരു നല്ല പുസ്തകം പുരോഗമന മന്ത്രമായി പറയുന്നത്. ഇത് വളരെ പ്രതീക്ഷാവഹമായ സമീപനമാണ്. അനുവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് ഉപകാര പ്രദവുമാണ്.
ഒരു ഇസ്‌ലാമിക ഖിലാഫത്തിന്റെ സാധ്യതയെ എങ്ങനെ കാണുന്നു? വിശിഷ്യാ പ്രായോഗിക തലത്തില്‍ അതിന്റെ സാധ്യത എത്രത്തോളമാണ്? മുസ്‌ലിം വനിത ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃനിരയില്‍ വരുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
യഥാര്‍ഥത്തില്‍ എറെ സങ്കീര്‍ണമായ സൈദ്ധാന്തിക ചോദ്യമാണിത്. ഒരു സാമ്രാജ്യത്തെ (എമ്പയര്‍) പുനര്‍സൃഷ്ടിക്കലാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഏറ്റവും അനുയോജ്യമായ ഭരണ സംവിധാനം. ഖുലഫാഉര്‍റാശിദീന്റെ ഭരണം കേവലം 29 വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിംകള്‍ ഖിലാഫത്തിനെക്കുറിച്ചും തുടര്‍ന്നു വന്ന ഭരണകൂടങ്ങളെക്കുറിച്ചും ചിന്തിക്കണം. നല്ല രീതിയിലുള്ള ഇസ്‌ലാമിക ഭരണത്തിന് പൂര്‍വ്വകാല ‘എമ്പയര്‍’ പോലെയുള്ളവ ആവശ്യമാണോയെന്നും അതോ പ്രവാചക ചര്യയില്‍ നിന്നും കണ്ടെടുക്കാവുന്ന മറ്റു മാതൃകകളുണ്ടോയെന്നും നാം ആലോചിക്കേണ്ടതുണ്ട്. സത്രീകളുടെ നേതൃത്വ സാധ്യതകള്‍ അനുവര്‍ത്തിക്കുന്ന സംവിധാനങ്ങളെ അനുസരിച്ചിരിക്കുന്നു. ട്രെഡീഷന്‍ ഫഌക്‌സിബിളാണ്. പക്ഷെ, സര്‍വ്വ സാധ്യതകളെയും അത് അംഗീകരിക്കുന്നില്ല.

കാതറിന്‍ ബുള്ളോക്ക് / സ്വാലിഹ് അമിനിക്കാട്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.