Thelicham

മുസ്ലിം സമുദായത്തിലെ സ്ത്രീകൾ എങ്ങനെയാണ് പൊതു സംരംഭങ്ങളിൽ ഉയർന്ന് വന്നത് ?

ഇസ്‌ലാമിക സമൂഹത്തിൽ തങ്ങളുടെ സമഗ്രമായ പങ്ക് സാക്ഷാത്കരിക്കുന്നതിന് കാര്യമായ സംഭാവനകൾ നൽകിയവരാണ് സ്ത്രീകൾ.

ആവശ്യമായ എല്ലാ ഘട്ടങ്ങളിലും അവർ പണ്ഡിതരും പ്രഭാഷകരും കവികളും എഴുത്തുകാരുമൊക്കെ യായി രംഗത്ത് വന്നിട്ടുണ്ട്. “ബൗദ്ധികവും സാമൂഹികവുമായ” ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ പുരുഷന്മാരുമായി മത്സരിച്ചു. ഇസ്ലാമിക നാഗരികതയിൽ അഭിവൃദ്ധി പ്രാപിക്കുന്ന നഗര, സാമൂഹിക, സാമ്പത്തിക, മതപരമായ എല്ലാ കാര്യങ്ങളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇസ്‌ലാമിക കാലഘട്ടത്തിന്റെ ആദ്യ കാലത്ത് സ്ത്രീകളുടെ പൊതുപ്രവർത്തനങ്ങൾക് പരിമിതമായ പ്രാധാന്യമുണ്ടായിരുന്നെങ്കിലും മതപണ്ഡിതർ അതിന് പുരുഷത്വത്തിന്റെ നിബന്ധനകൾ നിശ്ചയിച്ചിരുന്നില്ല, മറിച്ച് സ്ത്രീകളെ അതിൽ നിൽക്കാനും നിരീക്ഷിക്കാനും അനുവദിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ അത് വ്യക്തിപരവും വേറിട്ടതുമായ വേഷങ്ങൾ പ്രകടിപ്പിച്ചിരുന്നു, കാരണം പ്രഥമ വനിതാ പൊതുസംരംഭങ്ങൾ പ്രവാചക പത്നി ഹഫ്സ(റ)യിലേക്കാണ് എത്തിച്ചേരുന്നത്. ഖലീഫ ഉമറുബ്‌നുൽ-ഖത്താബ് (റ) മരണസമയത്ത് തന്റെ ഉടമസ്ഥതയിലുള്ള ചില പൊതുസംരംഭങ്ങളുടെ മേൽനോട്ടം വഹിക്കാൻ അവരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. അബ്ബാസിയ്യ ഖലീഫ ഹാറൂൻ റഷീദിന്റെ ഭാര്യ സുബൈദ(റ) അബ്ബാസിയ്യാ കാലഘട്ടത്തിലെ പൊതുപ്രവർത്തനങ്ങളുടെ മേൽനോട്ടത്തിൽ പ്രശസ്തയായിരുന്നു. ഹജ്ജിനു വരുന്ന സംഘത്തിന്റെ വഴികളിൽ കിണറുകൾ കുഴിക്കുകയും വാണിജ്യ സംഘങ്ങൾക്കായി സത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യൽ തുടങ്ങി ഇസ്ലാമിക രാഷ്ട്രത്തിലെ പൗരന്മാരോടുള്ള കടമകൾ നിറവേറ്റുന്നതുമായി ഇത് പലപ്പോഴും ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും, അയ്യൂബിയ്യ കാലഘട്ടത്തിൽ സ്ത്രീകളുടെ പൊതുപ്രവർത്തനം ശ്രദ്ധേയമായ ഒരു വികാസത്തിന് സാക്ഷ്യം വഹിച്ചു. ആ സമയത്ത് സ്ത്രീകൾ സാമൂഹിക നിർമാണത്തിലും സാമ്പത്തിക വികസനത്തിലും പങ്കാളികളായി.

അയ്യൂബി കാലഘട്ടത്തിൽ ശ്യാം പ്രവിശ്യകളിൽ സ്ത്രീകളുടെ കീഴിലുള്ള ഈ സംവിധാനങ്ങളുടെ വളർച്ചയ്ക്ക് കാരണങ്ങൾ എന്തൊക്കെയാണ്? സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് വനിതാ വഖ്ഫ് സംരംഭത്തിന്റെ സ്വാധീനം എന്താണ്?

ഒന്ന്: അയ്യൂബി കാലഘട്ടത്തിൽ ശ്യാം പ്രവിശ്യകളിലെ വനിതാ സംരംഭങ്ങളുടെ ഉദ്ദേശ്യങ്ങൾ

ഫാത്തിമി ഭരണകൂടത്തെ സുൽത്താൻ സലാഹു-ദ്ധിൻ അയ്യൂബി ഭരിച്ചതിനുശേഷം ശ്യാം “ശാസ്ത്രീയവും മതപരവുമായ” പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഡമാസ്കസ് ഇസ്ലാമിക ലോകത്തിന്റെ ഹൃദയകേന്ദ്രമായി മാറി. പൊതു-സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിൽ അയ്യൂബി നേതാക്കളും സ്ത്രീകളും പുരുഷന്മാരും മത്സരിച്ചു. ആ സമയം ദമസ്കസ് സന്ദർശിച്ച ഇബ്നു ജുബൈർ പറഞ്ഞു : “രാഷ്ട്രം അതിന്റെ എല്ലാ പൊതുസംരംഭങ്ങളെയും ഏറ്റെടുക്കുന്നു” രാഷ്ട്രീയ,സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്ഥാപിക്കുന്നതിനും അയ്യൂബികൾക്ക് ഔദ്യോഗിക താൽ‌പ്പര്യമുണ്ടായിരുന്നു. കാരണം ഒരു വശത്ത് ഈജിപ്തിനെയും ശ്യാമിനെയും ഭരിച്ച ഫാത്തിമി-പ്രബോധനത്തിന്റെ സ്വാധീനം മൂലമുണ്ടായ ഷിയാ പ്രസ്ഥാനത്തെ നേരിടാനും മറുവശത്ത്, അയ്യൂബികളെ ഏകീകരിച്ച് കൊണ്ട് വരാനും അത് വഴി തങ്ങളുടേതല്ലാത്ത പ്രദേശങ്ങളിൽ ഭരണം തുടരാനുമായിരുന്നു. കാരണം മധ്യേഷ്യയിൽ നിന്നുള്ള കുർദുകളിൽ നിന്നായിരുന്നു അവരുടെ ഉത്ഭവമെങ്കിലും അയ്യൂബികൾ അറബികളുള്ള ഒരു രാഷ്ട്രത്തെയായിരുന്നു ഭരിച്ചിരുന്നത്, തന്മൂലം, തങ്ങളുടെ അധികാരം ശക്തിപ്പെടുത്തുന്നതിന് അവർ പൊതു-സംവിധാനം ഉപയോഗിച്ചു, അതിനാൽ അവരെ ഭരിക്കുന്നതിനും,ആശ്രയിക്കുന്നതിനും സഹായിക്കുന്ന ഒരു വിദ്യാസമ്പന്നരായ വരേണ്യ വർഗ്ഗത്തെ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.

രണ്ട്: അയ്യൂബി കാലഘട്ടത്തിൽ ശ്യാമിലെ സ്ത്രീകൾക്ക് മാതൃകയായ അയ്യൂബി പൊതു സംരംഭങ്ങളുടെ ചുമതലയുള്ള സ്ത്രീകളാണ്.

അയ്യൂബി കുടുംബത്തിലെ സുൽത്താക്കന്മാരും രാജകുമാരിമാരും “ഖാതൂനിയത്ത്”(വനിതാ)വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളികളായി, അവർക്കായി എണ്ണമറ്റ സ്ഥാപനങ്ങൾ ഉണ്ടാക്കി. കുട്ടികൾക്ക് ഹദീസുകളും കർമ്മശാസ്ത്ര മദ്ഹബുകളും പഠിക്കുന്നതിനായി അവർ വിദ്യാലയങ്ങൾ സ്ഥാപിച്ചു. അയ്യൂബി വനിതാ-പൊതു പ്രവർത്തന സംരംഭം ശ്യാമിൽ ഏറെക്കുറെ വ്യത്യസ്തമായിരുന്നു. ഇതിൽ ഡമാസ്‌കസിന് സിംഹമായ പങ്ക് ലഭിച്ചു, കാരണം അത് സുൽത്താനേറ്റിന്റെ തലസ്ഥാനവും സുൽത്താന്റെയും ശ്യാം തീരങ്ങളിലെ കുരിശുയുദ്ധക്കാർക്കെതിരായ പോരാട്ടത്തിന്റെയും കേന്ദ്രവും ആയിരുന്നു. പൊതു സംരംഭങ്ങളിൽ മേൽനോട്ടം വഹിച്ച സ്ത്രീകളിൽ പ്രമുഖർ :

ഇസ്മ-ദ്ധീൻ ഖാതൂൻ: സുൽത്വാൻ സലാഹുദ്ധീന്റെ ഭാര്യയും, അക്കാലത്തെ മികച്ച സ്ത്രീകളിൽ ഒരാളുമാണ്. ദമാസ്കസിലെ സ്ത്രീകളുടെ ഒരു ബോർഡിങ് വിദ്യാലയത്തിന്റെ ചുമതലയുള്ളത് ഇവർക്കായിരുന്നു.

സിത്-അൽ-ഷാം ഖാത്തൂൻ: സ്വലാഹുദ്ധീൻ അയ്യൂബിയുടെ മകൾ, ദരിദ്രർക്കുവേണ്ടി ഏറ്റവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സ്ത്രീകളിൽ ഒരാളാണ് അവർ.

റബീഅ ഖാത്തൂൻ: സലാഹുദ്ധിന്റെ സഹോദരിയാണ്. ഹൻബലികൾക്കുള്ള സാഹിബിയ വിദ്യാലയത്തിന്റെ ചുമതല അവർക്കായിരുന്നു. അതിന്റെ ഭാഗമായ ജുബ്ബത്ത് അസാൽ ഗ്രാമവും, സ്കൂളിന് കീഴിലുള്ള പൂന്തോട്ടം, മില്ല് എന്നിവയും അവരുടെ ചുമതലയിൽ ഉൾപ്പെടുന്നു. കൂടാതെ വിദ്യാലയത്തിന് എല്ലാ ദിവസവും രണ്ട് ദിർഹവും ഓരോ അധ്യാപകർക്കും ഓരോ ദിർ‌ഹാം വീതവും, വിദ്യാർത്ഥികൾ ഓരോരുത്തർക്കും അര ദിർ‌ഹാം വീതവും നൽകി.

സഫിയ ഖാതൂൻ: സലാഹുദ്ധീന്റെ മകൻ മലിക് ഗാസിയുടെ ഭാര്യയാണ്. അൽ-ഫിർദൗസ്‌ വിദ്യാലയത്തിന്റെ ചുമതല നിർവഹിച്ചു. ഒരു വിദ്യാലയം, പള്ളി, ശ്‌മശാനം, രിബാത്വ്, എന്നിവയടങ്ങിയ ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ ബഹു-മത സാമൂഹിക പ്രവർത്തനങ്ങളുടെ കെട്ടിട സമുച്ചയമാണ് ഇത്. അയ്യൂബി സുൽത്താൻമാർക്കും രാജകുമാരിമാർക്കും പുറമേ നല്ല കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും വനിതാ പണ്ഡിതരും ഇത്തരം പൊതുസംരംഭങ്ങൾക്ക് സംഭാവനകൾ നൽകി.

ഉമ്മുല്ലത്തീഫ് ബിൻത് അൽ-നാസിഹ് അൽ ഹൻബലീ “അൽ-അലമാ” വിദ്യാലയത്തിന്റെ ചുമതല നിർവഹിച്ചു. കൂടാതെ ഡമസ്കസിലെ പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കുമായി ഒരു വലിയ ലൈബ്രറിയും അവർ സമ്മാനിച്ചു. അതേസമയം, ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ അയ്യൂബി സ്ത്രീകൾ മതസേവനത്തിനും യാത്രക്കാരെ സ്വീകരിക്കുന്നതിനുമുള്ള രിബാത്വ്-കളും സൂഫികൾക്കായി “സഫിയ-ക്വൽഇയ്യ” “രിബാത്വ്-സഹ്ര” എന്നിവയും നിർമിച്ചു നൽകി.

മൂന്ന്: ശ്യാമിലെ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക അഭിവൃദ്ധിയിൽ സ്ത്രീ-സംരംഭങ്ങളുടെ സ്വാധീനം

സ്ത്രീകളുടെ വലുതും ചെറുതുമായ പങ്കാളിത്തത്തിൽ അയ്യൂബി വനിതാ-സംരംഭങ്ങൾ മുൻപ് കാലങ്ങളിലെ ഇസ്‌ലാമിക ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അവരുടെ പൊതുപ്രവർത്തനങ്ങൾ ഒരു പ്രത്യേക രാജ്യത്ത് മാത്രമായോ രാജകുമാരിമാരിൽ മാത്രമായോ പരിമിതപ്പെട്ടിരുന്നില്ല, മറിച്ച് സമ്പന്നരായ പൊതു വിഭാഗങ്ങളിലേക്കും കുലീന പണ്ഡിതകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. അതിനാൽ,വനിതാ പൊതുപ്രവർത്തന സംരംഭം സമൂഹത്തിൻറെയും രാഷ്ട്രത്തിൻറെയും സാമൂഹികവും സാമ്പത്തികവും ശാസ്ത്രീയവുമായ മേഖലകളിലേക്ക് സ്വാധീനം ചെലുത്തപ്പെട്ടു.

1 – ഒരു സാമുദായിക-പുരോഗമന, സേവന സംവിധാനം എന്ന നിലയിൽ ഇസ്‌ലാമിന്റെ നാഗരിക സ്വത്വം പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നു. അതിനാൽ വിദ്യാഭ്യാസം പള്ളികൾ, സ്മാരകങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലായിരുന്നു. എല്ലാ പൊതു-സ്ഥാപനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥനകൾ നിർവ്വഹിക്കുന്ന പള്ളികളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇസ്‌ലാമിക സമൂഹത്തിൽ ആഴത്തിലുള്ള അടയാളങ്ങൾ അവശേഷിക്കുന്ന ഒരു പരിഷ്‌കൃത മാനം നേടാൻ ഈ സംവിധാനത്തിന് സാധിച്ചു. ഇത് സംഘടനാ വികസനത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഓട്ടോമൻ കാലഘട്ടത്തിലെ ഉമയാദ് പള്ളിയും-അൽ-അക്സാ പള്ളിയും ഉദാഹരണം.

2 – സാംസ്കാരികവും മതപരവുമായ പ്രസ്ഥാനത്തിൽ അയ്യൂബി സ്ത്രീകളുടെ സംഭാവനകൾ ഒരു പ്രധാന പങ്ക് വഹിച്ചു. ഈ സംവിധാനത്തിലൂടെ അയ്യൂബികൾ വിജ്ഞാന-ജീവിതം വികസിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ചു, ശ്യാമിൽ പണ്ഡിതന്മാർ പെരുകി, അതോടെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസത്തിന് പുറമേ ഭക്ഷണം, വെള്ളം, ഉറക്കം, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്തു. അവയുടെ ഉടമസ്ഥരിൽ ഭൂരിഭാഗത്തിനും പൊതുസംരംഭങ്ങളിലേക്ക് നിക്ഷേപങ്ങൾ നൽകാനും അവയുടെ തുടർച്ച ഉറപ്പുവരുത്താനും താൽ‌പര്യമുണ്ടായിരുന്നു, കാരണം പ്രസ്തുത സംരംഭങ്ങൾക്ക് രാഷ്ട്രത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചതായിരുന്നു. വിജ്ഞാനമേഖലയിലെ തുടർച്ചയായ വ്യാപൃതമാവലിനെ ഉറപ്പുവരുത്തുകയും ഉപജീവനമാർഗ്ഗം നൽകുകയും ചെയ്യുന്ന ഉദാരമായ സംരംഭങ്ങൾ ഇസ്ലാമിക ലോകത്തെ നിരവധി പണ്ഡിതന്മാരെയും വിദ്യാർത്ഥികളെയും ഡമാസ്കസിലേക്ക് ആകർഷിപ്പിച്ചു.പൊതു-വ്യവസ്ഥകൾ‌ക്കനുസരിച്ച് വഖ്ഫ് സ്ഥാപനങ്ങളുടെ വാടക പ്രതിമാസമോ ദിവസേനയോ പണമായോ മറ്റോ കൈമാറിയിരുന്നു,

3 – പുതുമകളെ ചെറുക്കുന്നതിലൂടെയും വിഭാഗീയതയിൽ നിന്ന് ആളുകളെ അകറ്റിനിർത്തുന്നതിലൂടെയും അയ്യൂബി വനിതാ-സംരംഭങ്ങൾ അവബോധം വളർത്തുന്നു. അതിനാൽ രാജ്യത്തിന്റെ ശത്രുക്കളായ “കുരിശുയോദ്ധാക്കൾക്കെതിരെ” പോരാട്ട ദൗത്യം നിർവ്വഹിക്കുന്ന ഒരു തലമുറയെ തയ്യാറാക്കാൻ ഇതിലൂടെ അവർക്ക് സാധിച്ചു.

4- വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ, അനാഥകൾ, അടിമകൾ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെ പരിപാലിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും സമൂഹത്തിലെ ധാർമ്മിക വശം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക സമൂഹത്തിൽ ഒരുവിധത്തിൽ തുടർച്ചയായ മുന്നേറ്റം അയ്യൂബി വനിതാ-സംരംഭങ്ങൾ പ്രകടിപ്പിച്ചു. തന്മൂലം, ഇത് സാമൂഹിക സ്ഥിരത കൈവരിക്കാൻ സഹായിച്ചു, സമ്പന്നരെപ്പോലെ ദരിദ്രർക്കും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള അവകാശം ഈ സമ്പ്രദായത്തിലൂടെ നേടാൻ കഴിഞ്ഞു, ഇത് ഇസ്ലാമിക സമുദായത്തിൽപെട്ടവരുടെ മനോഭാവത്തെ ശക്തിപ്പെടുത്തി. സ്ത്രീകളുടെ പൊതു-പ്രവർത്തന സംരംഭം ഐക്യത്തിന്റെ പ്രധാന സ്തംഭമായി. കാരണം ഇത് “സുന്നത്ത്” എന്ന ഒരു സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ രാജ്യത്തെ പ്രമുഖ പണ്ഡിതന്മാരായ ഇബ്നു തൈമിയ, ഇബ്നുൽ ജൗസി എന്നിവരുടെ മേൽനോട്ടത്തിൽ പ്രസ്തുത വിദ്യാലയങ്ങളിൽ നിന്ന് ഖാളിമാർ, പണ്ഡിതന്മാർ, രാഷ്ട്രീയക്കാർ തുടങ്ങിയവരെ വാർത്തെടുക്കാൻ സാധിച്ചു.

5- വ്യക്തിയുടെയും സമൂഹത്തിൻറെയും തലത്തിൽ ഒരു വികസന സാമ്പത്തിക നവോത്ഥാനം കെട്ടിപ്പടുക്കുന്നതിൽ അയ്യൂബി വനിതാ സംരംഭങ്ങളിലെ ചുമതലക്കാർ അവരുടേതായ പങ്ക് വഹിച്ചു. പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും ലഭിച്ച ശമ്പളമാണ് അവർക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കിയത്. അതേസമയം, സമ്പന്നരും ദരിദ്രരുമായ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഇത് വഴി പ്രയോജനം ലഭിച്ചു. മറുവശത്ത്, ഈ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന സ്രോതസ്സുകൾ നാട്ടിൻപുറങ്ങളിലും തോട്ടങ്ങൾ, ഓയിൽ മില്ലുകൾ, മില്ലുകൾ എന്നിവ സ്ഥാപിച്ച ഗ്രാമങ്ങളിലും കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് നമുക്ക് കണ്ടെത്താൻ സാധിക്കും. അങ്ങനെ, ഗ്രാമങ്ങൾ, പെരിഫറൽ മേഖലകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും അവയിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും കർഷകരെ സ്ഥിരപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ പൊതു-സംരംഭങ്ങൾ സഹായിച്ചു, ഇത് വികസനത്തിൽ കൂടുതൽ സാമ്പത്തിക സ്വാധീനം ചെലുത്തി. നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മുൻ കാലഘട്ടങ്ങളിലെ സംരംഭങ്ങളിൽ നിന്ന് അയ്യൂബി സ്ത്രീകളുടെ പൊതു സംരംഭം വ്യത്യാസപ്പെട്ടിരുന്നു. ഇത് നഗരവാസികൾക്ക് മാത്രം പ്രയോജനം ചെയ്തു, ഉപജീവനമാർഗം തേടി കർഷകർ അവരുടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പട്ടണങ്ങളിലേക്ക് പാലായനം ചെയ്തതോടെ ഒരു “ജനസംഖ്യാപരമായ” പ്രതിസന്ധി നഗരത്തിൽ ഉടലെടുത്തു. ഇത് അയ്യൂബി കാലഘട്ടത്തിലെ അവസാനമായിരുന്നു.

6- ഇസ്‌ലാമിക കാലഘട്ടത്തിൽ മുസ്‌ലിം സ്ത്രീകൾ ജീവിച്ചിരുന്ന പിന്നോക്ക അവസ്ഥയെക്കുറിച്ച് ഓറിയന്റലിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ച അനുമാനത്തെ അയ്യൂബി കാലഘട്ടത്തിലെ സ്ത്രീകളുടെ സംരംഭം പൊളിച്ചു കാട്ടുന്നു. അതിൽ അയ്യൂബി സ്ത്രീകളുടെ പങ്ക് ഈ ആരോപണങ്ങളെയും സ്റ്റീരിയോടൈപ്പിക്കൽ വീക്ഷണത്തെയും തള്ളിക്കളയുന്നു.

അയ്യൂബി കാലഘട്ടത്തിൽ പൊതു-പ്രവർത്തനങ്ങളിൽ മുസ്‌ലിം സ്ത്രീകൾ വഹിച്ച പങ്ക് ഇന്ന് എങ്ങനെയാണ് നിർവ്വഹിക്കപ്പെടുന്നത് ?

നിലവിലെ അറബ്, ഇസ്ലാമിക സമൂഹങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ പങ്കിനെക്കുറിച്ചും പാർലമെന്റുകളുടെ ഇടനാഴികളിലുള്ള ചർച്ചകളും, ആർട്ടിക്കിളുകളുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ നിയമ നിർമ്മാണത്തെക്കുറിച്ചും, എന്താണ് സംഭവിക്കുന്നതെന്നും ഭരണഘടനാ വാദികൾ എന്താണ് കാണിക്കാൻ ശ്രമിക്കുന്നതെന്നുമാണ്, നാം നോക്കിക്കാണുന്നത്. എന്നാൽ സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ, പൊതു സംരംഭങ്ങളിലും മറ്റും സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ ബലഹീനതയെയാണ് നമുക്ക് കാണാനാവുക. മുസ്ലീം സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് 2013 നവംബറിൽ തോംസൺ റോയിട്ടേഴ്സ് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ തയ്യാറാക്കിയ റിപ്പോർട്ടും അവരുടെ രാഷ്ട്രീയ, സാമ്പത്തിക, ബൗദ്ധിക പങ്കാളിത്തത്തിന്റെ വ്യാപ്തിയും കണക്കാക്കിയ ക്വാണ്ടിറ്റേറ്റീവ് റിപ്പോർട്ടുകൾ അനുസരിച്ച്, അവർ നമ്മുടെ സമൂഹങ്ങളിലെ സ്ത്രീകളുടെ പിന്നോക്ക നില വെളിപ്പെടുത്തിയതിനാൽ “ദുരന്ത ഫലങ്ങൾ” എന്ന് വിളിക്കാവുന്നതിലേക്ക് കാര്യങ്ങൾ എത്തിയെന്ന് തന്നെ പറയാം. 2011 ന് ശേഷം മാറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ സ്ത്രീകളുടെ പദവി തിരികെ ലഭിക്കുമെന്ന പ്രതീക്ഷ വീണ്ടും ഉടലെടുത്തെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. അതെ സമയം വിപ്ലവങ്ങളിലൂടെ പല രാജ്യങ്ങളിലും സ്ത്രീകളുടെ ഒരുതരം പ്രത്യയശാസ്ത്ര വ്യവഹാരവും അവരുടെ പങ്കാളിത്തവും ഉണ്ടായി.

വിശുദ്ധ ഖുർആനിലെ “നിങ്ങൾ നിങ്ങളുടെ വീടുകളിൽ ചേരുക” (സൂറ:അൽ-അഹ്സാബ്) എന്ന വാക്യം പോലെ, നിയമഗ്രന്ഥങ്ങളുടെ ചില ഉപരിപ്ലവമായ വായനകളിൽ നിന്നാണ് ഇത്തരം വാദങ്ങൾ ഉരുത്തിരിഞ്ഞത്. ആഴത്തിലുള്ള വിശകലന വായനയില്ലാതെ പോയ വാക്യങ്ങൾക്ക് ഒരു ഉദാഹരണമാണ് ഇത്; പ്രവാചക പത്നിമാരുടെ കാര്യത്തിലാണ് ഈ വചനം ഇറങ്ങിയത്. അവർക്കും ജനങ്ങൾക്കുമിടയിൽ ഒരു മൂടുപടം സ്ഥാപിക്കട്ടെ, കാരണം അവരുടെ പദവി ലോക സ്ത്രീകളേക്കാൾ ഉയർന്നതാണ് എന്നത് തന്നെ.

ഉപസംഹാരം

അയ്യൂബി കാലഘട്ടത്തിലെ സ്ത്രീകളുടെ പൊതു സംരംഭം സാമൂഹിക അഭിവൃദ്ധി കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അത് ഓട്ടോമൻ സുൽത്താൻമാരുടെ ഭാര്യമാരിലൂടെ അതിന്റെ വ്യാപ്തിയിലെത്തി. അയ്യൂബി കാലഘട്ടത്തിൽ പണ്ഡിതന്മാർ, വിദ്യാർത്ഥികൾ, ദരിദ്രർ, ധനികർ, വ്യാപാരികൾ, കരകൗശല വിദഗ്ധർ, വാസ്തുശില്പികൾ, നിർമ്മാതാക്കൾ, എന്നിവരാൽ ഡമാസ്കസ് ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രമായി മാറി. വാസ്തവത്തിൽ സുൽത്താന്റെ രാഷ്ട്രീയ വരേണ്യവർഗത്തിന്റെ മാനസികാവസ്ഥയിൽ ഈ കുതിച്ചുചാട്ടത്തിന്റെ ഉദ്ദേശ്യങ്ങൾ എന്തുതന്നെയായാലും, ഈ സംവിധാനം, സമൂഹത്തിലും ഭരണകൂടത്തിലും കുരിശുയുദ്ധക്കാരുമായി പോരാടുന്നതിലും ഇസ്ലാമിക മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും ചലനാത്മക സ്വാധീനം ചെലുത്തി എന്നതാണ് യാഥാർഥ്യം.

സംഗ്രഹം; ശ്യാമിലെ അയ്യൂബീ വനിതാ പൊതു സംരംഭങ്ങൾ അതിന്റെ സാമൂഹികവും, കലാപരവുമായ, വാസ്തുവിദ്യാ മാനത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ ഒരു വലിയ ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയ്ക്ക് സംഭാവന നൽകി, അതിനാൽ പൊതു സംരംഭത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിൽ മുസ്‌ലിം സ്ത്രീകളുടെ പങ്ക് സജീവമാക്കുന്നതിനും, ഫലപ്രദമാകുന്നതിനും വിജ്ഞാന ഇടത്തിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു. സമൂഹത്തിൽ ഇടപഴകുന്നതിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുസ്‌ലിം സ്ത്രീകൾക്ക് അയ്യൂബി വനിതകൾ അനുകരിക്കാവുന്ന മാതൃകയാവട്ടെ.

വിവർത്തനം: മുഹ്സിൻ കാടാച്ചിറ

ത്വാലിബ് ദഈം

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.