ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും ചുറ്റിപ്പറ്റിയുള്ള സംവാദാത്മകമായ ഇടപെടലുകളധികവും ഹയാഉമായി (ലജ്ജ) ബന്ധപ്പെട്ടുള്ലതാണ്. എന്നാല്‍, വിരോധാഭാസമെന്ന് പറയട്ടെ, ഹിജാബിനെ കുറിച്ചുള്ള വികലമായ വീക്ഷണങ്ങളാണ് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്. ഭാഷാപരമായി ഹിജാബ് എന്നാല്‍ മൂടി വെച്ചത്, മറക്കപ്പെട്ടത്, സംരക്ഷിക്കപ്പെട്ടത് എന്നൊക്കെയാണര്‍ത്ഥം. പിന്നീടാണ്, മുസ്ലിം സ്ത്രീകളുടെ മുഖാവരണത്തിന്റെ കൂടി പേരായി അവ പരിണമിച്ചത്.
നാഥനോടുള്ള കീഴ്‌വണക്കത്തിന്റെയും വിധേയത്വത്തിന്റെയും മുദ്രയാണ് ഹിജാബ്. അവയെ സാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്തുള്ള വായനകള്‍ അധികമായി വന്നതോടെയാണ് പുതിയ കാല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ലോകത്ത് വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയും ആഗോള സത്വ രാഷ്ട്രീയ താല്‍പര്യങ്ങളും ഫെമിനിസ്റ്റ് ചിന്തകളുമെല്ലാം ഹിജാബ് ധാരികളെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും അധസ്ഥിതരുടെയും കൊടിയടയാളമാക്കി ചിത്രീകരിച്ച്, രക്ഷക വേഷം കെട്ടി തങ്ങളുടെ സാമൂഹിക, രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രചരിപ്പിക്കാനുള്ള കമ്പോളങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ്.
ദി ജേര്‍ണല്‍ ഓഫ് മിഡില്‍ ഈസ്റ്റ് വുമണ്‍സ് സ്റ്റഡീസിനു കീഴില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപഠനത്തില്‍ ഹിജാബുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളിലേക്ക വഴിവെക്കുന്ന സുപ്രധാന ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരില്‍ ഒരു പറ്റം അപരിഷ്‌കൃത മുസ്ലിം പുരുഷവിഭാഗത്തിന്റെ കൃത്രിമോല്‍പന്നമായി ചിത്രീകരിക്കപ്പെട്ട ഹിജാബിന്റെ മുഖം അമേരിക്കന്‍ രാഷ്ട്രീയനേതാക്കളെ മാത്രമല്ല, പടിഞ്ഞാറന്‍ ഫെമിനിസ്റ്റുകളെയും അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു, സ്വതന്ത്ര മുതലാളിത്ത മാര്‍ക്കറ്റുകളില്‍, സജീവമായ ‘തുറന്ന സ്ത്രീ ശരീരം’ വിപണന പ്രതിച്ഛായയായി മാറിക്കൊണ്ടിരിക്കുമ്പോള്‍, മൂടുപടമണിഞ്ഞ മുസ്ലീം സ്ത്രീയുടെ ശരീരം, പാശ്ചാത്യ ലിബറല്‍ നവ-ഓറിയന്റലിസ്റ്റുകള്‍ അവരുടെ താല്‍പര്യങ്ങളും ആശയങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയാണുണ്ടായത്.
പുരുഷമേധാവിത്വത്തിന്റെ പിടിയിലമര്‍ന്ന സ്ത്രീജീവിതങ്ങള്‍ക്ക് വിമോചനത്തിന്റെ സാധ്യതകള്‍ തുറന്നുതരാന്‍ ഫെമിനിസ്റ്റുകള്‍ക്കായിട്ടുണ്ട്.എങ്കിലും കാപിറ്റലിസത്തിന്റെ വേരുകളുമായി കലര്‍ന്നുപോകാനുള്ള ഇത്തരം പ്രസ്ഥാനങ്ങളുടെ അതിവിചിത്രമായ നീക്കങ്ങള്‍ സ്ത്രീശരീരത്തിന്റെ നേര്‍ക്കുള്ള അന്യായമായ കയ്യേറ്റങ്ങള്‍ തന്നെയാണ് എന്ന് വേണം മനസ്സിലാക്കാന്‍. രാഷ്ട്രത്തിന്റെ നയരൂപീകരണത്തിലെ മാറ്റങ്ങള്‍ക്കുവേണ്ടിയും മറ്റും ശബ്ദിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിന്ന് സ്റ്റേററ് ഫെമിനിസത്തില്‍ നിന്ന് മാര്‍ക്കെററ് ഫെമിനിസത്തിലേക്ക് പരിണമിച്ച് കൊണ്ടിരിക്കുകയാണ്.
കൂടാതെ, ഇതിലെ പുതിയൊരു ഘടകത്തിന്റെ സാന്നിധ്യവും സ്വാധീനവും തിരിച്ചറിയേണ്ടത് പ്രധാനമാണ്, മുസ്ലീം ലോകത്തടക്കം പല സമൂഹങ്ങളിലും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സാംസ്‌കാരിക പക്ഷപാതം, ഹിജാബിനെയും ഇസ്ലാമിനെയും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണെന്ന തെറ്റായ വിമര്‍ശനത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഹിജാബിന്റെ യഥാര്‍ത്ഥ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന് കരുതുന്നു.
മതാന്ധതയുടെ ചുഴിയിലുഴറി മതനിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ, അവിവേകമായ നിരവധി ആചാരങ്ങള്‍ മുസ്ലീം സ്ത്രീകള്‍ അരികുവല്‍ക്കരിക്കപ്പെടാനുള്ള പ്രധാന ഹേതുവായി മാറിയിട്ടുണ്ട്. സ്വതവേ, ഏതൊരു മനുഷ്യനും ജന്മനാവകാശമായ വിദ്യാഭ്യാസം, സ്വത്തവകാശം തുടങ്ങിയവ ുപോലും അന്യമായ സ്ത്രീവിഭാഗങ്ങളിന്നും മതഭേതമന്യേ നിലനില്‍കുന്നുണ്ട്. എന്നിരുന്നാലും, തന്നെ സ്വതന്ത്രയാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ബഹുമതി പട്ടമായി ഹിജാബിനെ കാണുകയും ധരിക്കുകയും സ്രഷ്ടാവുമായുള്ള വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളൊരുപാടുണ്ട്.എന്നിരിക്കെ, ആധുനികലോകത്ത്, ഹിജാബ്ധാരികളായ മുസ്ലിം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം പ്രതിഛായയും, ആത്മാഭിമാനവും, ആത്മീയതയും, വ്യക്തിത്വവുമെല്ലാം നിരന്തരം പുതിയ ചര്‍ച്ചകള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന ഒന്ന് കൂടിയാണ്.
അതിനാല്‍, ഇടവിടാതെ അരങ്ങേറുന്ന ഹിജാബ് വിരുദ്ധ വിമര്‍ശനാത്മക സംവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍ നിന്ന് ഹിജാബ് മുന്നോട്ട് വെക്കുന്ന വിശുദ്ധമായ സത്യത്തിന്റെ അന്തസത്തയെ മറനീക്കി പുറത്ത് കൊണ്ട് വരേണ്ടത് ഒരു ആവശ്യകത തന്നെയാണ്.
ഹിജാബിന്റെ വിഷയത്തില്‍ മതം പുലര്‍ത്തുന്ന നിഷ്‌കര്‍ഷതയുമായി ബന്ധപ്പെട്ട തെറ്റായവ്യാഖ്യാനങ്ങളും വൈരുദ്ധ്യങ്ങളയും അനാവരണം ചെയ്യുകയെന്നതാണ് ലേഖനത്തിന്റെ പരമമായ ലക്ഷ്യം.
മുസ്ലിം സ്ത്രീകളും, പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും വിശകലനം ചെയ്യാനും വായനക്കാരനെ ഹിജാബിന്റെ ധര്‍മം ബോധ്യപ്പെടുത്താനും ഇത് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. അടിസ്ഥാനപരമായി സ്രഷ്ടാവിനോടുള്ള വിധേയത്വം, എളിമ എന്നിങ്ങനെ തുടങ്ങി മനുഷ്യന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ ചര്‍ച്ച ഹിജാബിന്റെ ചര്‍ച്ച പുരോഗമിക്കുന്നത്. ഇസ്ലാമില്‍ ആന്തരികമായും ബാഹ്യമായും പ്രകടിപ്പിക്കേണ്ട വിശ്വാസത്തിന്റെ പ്രധാനഭാഗമാണ് ലജ്ജ. ഓരോ വിശ്വാസിയും തന്റെ സ്രഷ്ടാവുമായുള്ള ആത്മീയ ബന്ധം നിലനിര്‍ത്താനും അവ കൂടുതല്‍ പരിപോഷിപ്പിക്കുവാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനും സുന്നത്തും തെളിച്ച വഴിയിലൂടെ നീങ്ങുമ്പോള്‍ മാത്രമാണ് ആരാധനകള്‍ കൊണ്ടും വഴിപ്പെടലുകള്‍ കൊണ്ടും ഒരു വിശ്വാസിക്ക് അനുസരണയുള്ളവനാവാന്‍ കഴിയുക.
സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള വിധേയത്വത്തിന്റെ അടിസ്ഥാനത്തില്‍ ഹിജാബിന്റ ആത്മീയ പരിസരമാണ് ഈ ലേഖനം. ഇസ്ലാമില്‍ ആന്തരികമായി രൂപപ്പെടുത്തി വന്നിട്ടുള്ള എളിമയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള വിശകലനമാണ് ഇതിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.
നമ്മുടെ ജീവിത ലക്ഷ്യം തിരിച്ചറിയുക
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായി ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.[2:21]
മനുഷ്യവംശത്തോടുള്ള അല്ലാഹുവിന്റെ ആദ്യ കല്‍പനയാണിത്. ഇബ്‌നു തൈമിയ്യയോട് (d.1328) പ്രസ്തുത ആയത്തിന്റെ അര്‍ത്ഥം വിവരിക്കാന്‍ വേണ്ടി ഒരാള്‍ ആവശ്യപ്പെട്ടു. അടിമക്ക് തന്റെ ഉടമയോട് ചെയ്യേണ്ട ആരാധനയെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ‘ആരാധനയെന്നാല്‍ ഒരാളുടെ ഉള്ളും, പുറവും അതല്ലെങ്കില്‍ ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളും അള്ളാഹുവിനെ വഴിപ്പെടുന്ന രൂപത്തില്‍ നിര്‍വ്വഹിക്കുക എന്നതാണ്’
വിശ്വാസി നിര്‍വഹിക്കുന്ന ഓരോ ആരാധന കര്‍മ്മങ്ങളും ഈ വാക്കുകളും പ്രവര്‍ത്തികളും എന്ന പ്രയോഗത്തിനകത്ത് അടങ്ങിയിരിക്കുന്നു. ആത്മാര്‍ത്ഥത, സത്യസന്ധത, ക്ഷമ, നന്ദി, സമര്‍പ്പണം എന്നിങ്ങനെ ധാര്‍മികതയുടെ ചട്ടക്കൂടില്‍ അടുക്കിവെച്ച ഓരോന്നും വിശ്വാസിയുടെ കര്‍മ്മത്തില്‍ പ്രതിഫലിക്കുന്നതായി കാണാം. സര്‍വ്വതിനും മുകളില്‍ തന്റെ സ്രഷ്ടാവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുകയും വഴിപ്പെടുകയും ചെയ്യുമ്പോഴാണ് വിധേയത്വം ഉരുത്തിരിഞ്ഞു വരുന്നത്. അത് അല്ലാഹുവിന്റെ കാരുണ്യത്തില്‍ ഉള്ള പ്രതീക്ഷയും അവന്റെ അതൃപ്തിയോടുള്ള അടിമയുടെ ഭയവുമാണത് കാണിക്കുന്നത്.
അതിനാല്‍, നാഥനോടുള്ള വിധേയത്വം എന്നത് പരിപൂര്‍ണ്ണ സമര്‍പ്പണമാണെന്ന് സാരം. വിദ്വേഷം പുകയുന്ന ഹൃദയം കൊണ്ട് സമര്‍പ്പണം നടത്തുന്ന ഒരാള്‍ ആരാധിക്കുകയല്ല, സമര്‍പ്പണ ബോധമില്ലാതെ ഒരാളെ സ്‌നേഹിക്കുന്നതും ആരാധനയല്ല. മറിച്ച്, ഒരാള്‍ തന്റെ മകനെയും സുഹൃത്തുക്കളെയും സ്‌നേഹിക്കുന്നത് പോലെയാണ്. അതിനാല്‍ പടച്ചവനെ ആരാധിക്കുന്നതില്‍ സ്‌നേഹം സമര്‍പ്പണത്തെയോ, സമര്‍പ്പണം സ്‌നേഹത്തെയോ ഒഴിച്ചു നിര്‍ത്തുമ്പോള്‍ അതിനെ ആരാധന എന്ന് നിര്‍വചിക്കാന്‍ കഴിയാതെ വരും. സമ്പൂര്‍ണ്ണ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും അവകാശി നാഥന്‍ അല്ലാതെ മറ്റാരും തന്നെയല്ല.
ഇതില്‍ ഏറെ എടുത്തുപറയേണ്ടുന്ന ഉദാഹരണമാണ് ഈസാ നബിയുടെ മാതാവ് മറിയം ബീവി. പരിപൂര്‍ണ്ണമായി തന്റെ നാഥന് വഴിപ്പെട്ട് സ്വയം സമര്‍പ്പിച്ചതാണ് എല്ലാ കാലഘട്ടത്തെയും സ്ത്രീകളില്‍ നിന്ന് മഹതിയെ വേറിട്ടുനിര്‍ത്തുന്നത്. വിശ്വാസത്തിന്റെ കലര്‍പ്പില്ലാത്ത കാതല്‍ കൊണ്ടും ചിതലരിക്കാത്ത ബലം കൊണ്ടും ലോകത്താകമാനം അവര്‍ ആദരിക്കപ്പെടുന്നു. ആഴ്ന്നിറങ്ങിയ സമര്‍പ്പണ ബോധവും എളിമയും ലജ്ജയും ആയിരുന്നു മഹതിയുടെ ജീവിതത്തെ കടഞ്ഞെടുത്തത്. ഖുര്‍ആനിന്റെ അവതരണകാലത്ത് ആദ്യ 13 വര്‍ഷങ്ങളില്‍ ശക്തമായ തൗഹീദിനെ കുറിച്ചും തന്റെ നാഥനെ തിരിച്ചറിയുക വിശ്വാസത്തിന്റെ അടിവേര് ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മദീനയില്‍ വെച്ചാണ് ഇസ്ലാം എന്ന ചട്ടക്കൂടിനുള്ളില്‍ ഹിജാബ് അടക്കമുള്ള കല്‍പനകള്‍ നിയമമാക്കപ്പെടുന്നതും അവയെ സാമൂഹികപരമായി പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യപ്പെടുന്നത്. അഥവാ, അല്ലാഹുവിന് വഴിപ്പെടുമ്പോഴും, സ്വയം സമര്‍പ്പിക്കുമ്പോഴും അടിസ്ഥാനപരമായി ഓരോ വിശ്വാസി ഹൃദയത്തിലും ആദ്യം പാകിയിടേണ്ട വിത്തുകള്‍ ആത്മാര്‍ത്ഥത, വ്രതം, ദാനധര്‍മ്മങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവയൊക്കെയാണ്.
ഇത് വിശ്വാസിയെ തന്റെ വിശ്വാസ ആദര്‍ശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെയും സമ്മര്‍ദങ്ങളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തനാക്കുന്നു. എല്ലാ ദുര്‍വ്യാഖ്യാനങ്ങളെയും തെറ്റായ അജണ്ടകളെയും ഹിജാബിന്റെ പരിസരത്തു നിന്നുകൊണ്ട് പ്രതിരോധിക്കാനാകുമ്പോഴാണ് ഓരോ വിശ്വാസിനിയും തന്റെ നാഥനുമായുള്ള ബന്ധം മറ്റേതിനേക്കാളും സ്ഫുടം ചെയ്‌തെടുക്കുന്നത്്.
മഹിതമായ മാതൃകയെ തിരഞ്ഞെടുക്കുക
ബഹുമതിയും, അഭിമാനവും മനുഷ്യന്‍ പ്രകൃത്യാ മൂല്യം കല്പിക്കുന്ന രണ്ടു കാര്യങ്ങളാണ്. മറ്റുള്ളവരുടെ സ്‌നേഹം, സ്വന്തം ആഗ്രഹസാഫല്യം, അഭിനന്ദനങ്ങള്‍ എന്നിവ മാനുഷികമായി ഓരോരുത്തരും പ്രതീക്ഷിക്കുന്നുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിത്തില്‍ പകയും അസൂയയും ദുരാഗ്രഹങ്ങളും വെടിഞ്ഞ് പൂര്‍ണ്ണമായും തന്റെ യജമാനനിലേക്ക് തിരിഞ്ഞിരിക്കുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്. പ്രവാചകരും അവരുടെ മാര്‍ഗ്ഗം പിന്‍പറ്റിയ അല്ലാഹുവിന്റെ ദാസന്മാരും ജീവിച്ചു വന്ന വഴി അതാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വ ) തങ്ങളാണ് സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധന്‍. മറ്റാരെക്കാളും പകയും, വെറുപ്പും, അവജ്ഞയും, മുറിവുകളും ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രവാചകനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് മതത്തിന് പുറത്തുള്ളവരും അകത്തുള്ള വരും നബിയുടെ സ്വഭാവ മഹിമയെ സദാ വാഴ്ത്തുന്നത്.
കപടതയില്ലാത്ത വിധേയത്വത്തില്‍ നിന്നും മാത്രമാണ് ഒരു മനുഷ്യന് വിശ്വാസത്തിന്റെ മാധുര്യം നുണയാന്‍ സാധിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും അത്തരം വിധേയത്വത്തിന്റെ മാധുര്യത്തെ എപ്രകാരമാണ് നിര്‍വചിക്കുകയെന്നത് കൗതുകകരമാണ്. പ്രവാചകര്‍ മുഹമ്മദ് നബി ഈ മാധുര്യത്തെ നിര്‍വചിക്കുന്നത് പ്രധാനമായും മനുഷ്യനനുവര്‍ത്തിക്കേണ്ട് മൂന്നു കാര്യങ്ങളെ വിസ്തരിച്ചു കൊണ്ടാണ് അവയില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത് തന്നെ സൃഷ്ടിച്ച നാഥനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുക എന്നതാണ്. രണ്ടാമതായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സഹോദരനെ സ്‌നേഹിക്കുകയും മൂന്നാമതായി തന്റെ വിശ്വാസത്തിനേല്‍ക്കുന്ന ഓരോ മുറിവുകളും, താന്‍ സ്വയം നരകത്തിലേക്ക് എറിയപ്പെടുന്നത് ഒരാള്‍ ഇഷ്ടപ്പെടാത്തത് പോലെ വെറുക്കുക’ അപ്പോഴാണ് ഓരോ മുസ്ലിമും വിശ്വാസത്തിന്റെ ഉയര്‍ന്ന പടികള്‍ കയറുന്നത്. തന്റെ യജമാനനോടുള്ള സ്‌നേഹവും, അവന്റെ അതൃപ്തിയോടുള്ള ഭയവും, കടഞ്ഞെടുത്ത അര്‍പ്പണബോധവുമാണ് ക്ഷമാശീലനായ ഒരു വിശ്വാസിയാക്കി ഒരാളെ മാറ്റിയെടുക്കുന്നത്.
ഹിജാബിലേക്ക് വരുമ്പോള്‍, അപരരെന്ന് സമൂഹം ചിത്രീകരിക്കുന്ന വരെ ചേര്‍ത്തു പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. സ്വയം പ്രതിച്ഛായയോട് അവര്‍ക്ക് അനുഭവപ്പെടുന്ന നീരസവും, അപകര്‍ഷതാബോധവും, ആത്മവിശ്വാസം പകര്‍ന്നു നല്‍കി കരുത്തേകേണ്ടതുണ്ട്.
ഹിജാബ് ;വിമോചന ത്തിന്റെയും ശാക്തീകരണത്തിന്റെയും വഴി
സ്രഷ്ടാവായ അല്ലാഹു തന്റെ അടിമകളോട് നിര്‍ദ്ദേശിച്ചിട്ടുള്ളതിനേക്കാള്‍ നീതിയും പ്രയോജനകരവും ആയ മറ്റൊരു വ്യവസ്ഥിതി നിലവിലില്ല. ലോകത്താകമാനമുള്ള സകല മതങ്ങളും അടിസ്ഥാനപരമായി ആരോഗ്യപരമായ സമൂഹത്തെയും ധാര്‍മിക ബോധത്തെയും ആണ് വളര്‍ത്തിയെടുക്കുന്നത് എന്നതില്‍ സംശയമില്ല.
ഹിജാബ് ഒരു വിശ്വാസിനിയില്‍ എളിമയും ധാര്‍മികബോധവും രൂപപ്പെടുത്തുന്നു. ഒരു സ്ത്രീക്ക് ആധുനിക സമൂഹത്തിന്റേതായ സൗന്ദര്യ സങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ഥാനം അത് വകവെച്ചു നല്‍കുന്നുണ്ട്. ചരിത്രത്തില്‍, പ്രവാചകരുടെ കാലഘട്ടത്തിലുള്ള മുസ്ലിം സ്ത്രീകളുടെ സംഭാവനകളിലേക്ക് മാത്രമായി തിരിഞ്ഞുനോക്കുമ്പോള്‍, ഹിജാബ് അവളുടെ നിലനില്‍പ്പിനും വ്യക്തിത്വത്തിനും അപര്യാപ്തമാണെന്ന നവവാദങ്ങള്‍ എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് ബോധ്യമാകും.
വാസ്തവത്തില്‍, കൂടുതല്‍ സുതാര്യതയും, സുരക്ഷിതത്വവും കല്‍പിക്കുന്ന ഹയാഇന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഒരു മുസ്ലിം സ്ത്രീക്ക് സ്വയം ശക്തിയാര്‍ജ്ജിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഹിജാബ് നല്‍കുന്നത്. കൃത്യമായ ഹിജാബ് പാലിച്ചുകൊണ്ട് കടന്നുപോയ എണ്ണമറ്റ ഉമ്മമാരെയും ഭാര്യമാരെയും പെണ്‍മക്കളെയും പണ്ഡിതകളെയും ചരിത്രം നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. വീടകങ്ങളില്‍ മാത്രമല്ല ആരാധനാലയങ്ങളിലും യുദ്ധമുഖത്തും പണ്ഡിതചര്‍ച്ചകളിലും കച്ചവടങ്ങളിലും അക്കാലഘട്ടത്തിലെ നിപുണരായ ശാസ്ത്രജ്ഞന്മാരില്‍ പോലും ഹിജാബ് ധാരികളായ മുസ്ലിം സ്ത്രീകളെ നമുക്ക് കാണാനാവും.
പൊള്ളയായ സൗന്ദര്യ സങ്കല്‍പങ്ങളെ പാടെ അനര്‍ത്ഥമാക്കി കൊണ്ടാണ് അവരുടെ ചരിത്രപാഠങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത്. ഹൃദയത്തില്‍ സംശുദ്ധി കാത്തുസൂക്ഷിച്ച വിശുദ്ധിയുടെ വിളക്കുമാടങ്ങള്‍ ആയിരുന്നു അവര്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് സമൂഹത്തിലും കുടുംബത്തിലും ഹിജാബിനെ പിന്തുടരുന്നതില്‍ ആസൂത്രിതമായ അനവധി തടസ്സങ്ങള്‍ വിശ്വസിനി സമൂഹം നേരിടുന്നുണ്ട്. ജീവിതയാത്രയില്‍ ഹിജാബിനെ കൂടെ കൂട്ടുന്ന, അവയെ നിലനിര്‍ത്താന്‍ പാടുപെടുന്നതിനെക്കുറിച്ച് ആകുലപ്പെടുന്ന സഹോദരിമാര്‍ ഒരു വിശ്വാസിയുടെ ഓരോ പ്രവൃത്തിയുടെയും കാതല്‍ നിര്‍ണയിക്കുന്നത് അല്ലാഹുവുമായുള്ള ബന്ധമാണെന്ന് തിരിച്ചറിയുക പ്രധാനമാണ്.
അലിവുള്ള നാഥന്‍ തന്റെ അടിമകളെ കൈവിടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അവനേറ്റവും കരുണയുള്ളവനും നീതിമാനും ഉദരമനസ്‌കനുമാണ്. വേറുരച്ച ഈമാനിന്റെ തണലില്‍ സ്വര്‍ഗം കാംക്ഷിച്ചു സാദാ ക്ഷമ കൈ കൊണ്ട് വെല്ലുവിളികളെ സധൈര്യം നേരിടുക. ‘ഹിജാബ്’ അവയുടെ സമയവും, സ്ഥലവും മാറുന്നതനുസരിച്ച്, അവക്ക് പിറകെയായി വരുന്ന കാര്യങ്ങള്‍ക്കനുസരിച്ച് അവയുടെ പിരിമുറുക്കങ്ങളുടെയും വെല്ലുവിളികളുടെയും ആഴവും പരപ്പും കൂടിയും കുറഞ്ഞുമിരിക്കും. ലോകത്തിന്റെ അധിപനില്‍ നിന്ന് അഭിമുഖീകരിക്കുന്നയോരോ പ്രശ്‌നങ്ങള്‍ക്കും ശാന്തിയുടെ നിറവ് തന്ന് റബ്ബ് അനുഗ്രഹിക്കും.
(വിവർത്തനം : ഫഹ്മിദ പി.ടി സഹ്റവിയ്യ)
Add comment