Thelicham

പള്ളിയലങ്കാരം ചരിത്രവും വർത്തമാനവും

മനുഷ്യന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലും ‘കലക്ക്’ന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു കാലമാണ് ഇന്ന്. കാര്യങ്ങള്‍ ഏറ്റവും പൂര്‍ണതയിലും ഭംഗിയിലും ആകര്‍ഷണീയതയിലും ചെയ്യലാണ് കല. എല്ലാം നിറങ്ങളും വാരിത്തേച്ച പഴയ ഡിസൈനുകളില്‍ നിന്നും വളരെ ലളിതമായ ആകര്‍ഷണീയ ശൈലിയിലേക്ക് നമ്മുടെ പോസ്റ്ററുകള്‍ പോലും മാറിയത് ഇതിന്റെ നേര്‍സാക്ഷ്യമാണ്. ഈ അര്‍ത്ഥത്തില്‍ ആര്‍ട്ടിന് ഇസ്ലാം കൊടുത്ത പ്രാധാന്യം നിസ്തുല്യമാണ്. ദീനിന്റെ മര്‍മ വിധികളില്‍പെട്ട ഹദീസായി ഇമാം നവവി, ഇബ്‌നു റഖീഖ് തുടങ്ങിയവര്‍ വിശേഷിപ്പിച്ച നബി വചനത്തില്‍ ഇങ്ങനെ കാണാം.

”ഓരോ മതകാര്യവും ഏറ്റവും പൂര്‍ണതയിലും ഭംഗിയിലുമാവല്‍ അല്ലാഹു നിര്‍ബന്ധമാക്കി, നിങ്ങള്‍ മതവിധി പ്രകാരം കൊല്ലുകയാണെങ്കില്‍ ജീവന്‍ പെട്ടെന്ന് വേര്‍പെടുന്ന എറ്റവു മൃദുലമായ രീതിയില്‍ കൊല്ലുക (വിവാഹിത വ്യഭിചാരിയുടേയും വഴികൊള്ളക്കാരന്റെയും വിധിയില്‍ ഒഴികെ) നിങ്ങള്‍ ഭക്ഷ്യയോഗ്യജീവികളെ അറവ് നടത്തുകയാണെങ്കില്‍ വളരെ മയപ്പെടുത്തി മൂര്‍ച്ചയുള്ള കത്തി കൊണ്ട് അറുക്കുക’ – തീര്‍ത്തും നാശം സംഭവിക്കുന്ന രണ്ടു കാര്യങ്ങളാണ് പ്രത്യേകം ഹദീസില്‍ ഉദ്ധരിച്ചത്, എങ്കില്‍ നിലനില്‍ക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ഭംഗിയാക്കേണ്ടതുണ്ട്.

മനുഷ്യന്‍ ജനിച്ചു മരിക്കുന്നതിനിടയില്‍ അവന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലേയും ഓരോ കാര്യങ്ങളും ഏറ്റവും ഉചിതമായി എങ്ങനെ ചെയ്യാം എന്ന് അവയെ ഏറ്റവും അറിയുന്ന പടച്ചവന്‍ പറഞ്ഞു തന്നതാണ് ഇസ്ലാമിക വിധിവിലക്കുകള്‍. അപ്പോള്‍ മതവിധി സ്പര്‍ശിക്കാത്ത മേഖലയില്ല, ഇവിടെയാണ് ആര്‍ട്ട് ഓരോ കാര്യത്തിലും പ്രധാനമാവുന്നത്.

നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നതിലെ വിധി ചോദിച്ച സ്വഹാബിയോട് നബി (സ) പറഞ്ഞത് അല്ലാഹു ഭംഗിയുടെ പരമ കോടി പുല്‍കിയവനാണ്, ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്. മിഅ്‌റാജിന്റെ ചരിത്രം പറയുന്നിടത്ത് നജ്മ് സൂറത്തില്‍ സ്വര്‍ഗവും അതിന്റെ അത്യാലങ്കാരവും കണ്ട നബിയുടെ കണ്ണ് തള്ളിയോ ഇല്ലയോ എന്ന് എടുത്ത് പറയും വിധം സിദ്‌റത്തുല്‍ മുന്‍തഹ അല്ലാഹുവിന്റെ പ്രകാശം കൊണ്ടും മലക്കുകള്‍ ഒറ്റപക്ഷിയുടെ ആകൃതി പോലെ വലയം ചെയ്തും വിവരണാതീതവും എണ്ണി കണക്കാക്കാനാവാത്തതുമായ വൈവിധ്യ നിറങ്ങളാലും അലംകൃതമായത്, അലങ്കാരം അല്ലാഹുവിന് എത്രകണ്ട് ഇഷ്ടമാണ് എന്ന് വരച്ചുകാട്ടുന്നു. നിങ്ങള്‍ പള്ളിയിലെ നിസ്‌കാര സമയങ്ങളില്‍ ഭംഗിയാവുക എന്ന ആയത്ത് ഇബാദത്തില്‍ വരെ ഭംഗിയാവുന്നതിന്റെ മഹത്വം പറഞ്ഞു തരുന്നു.

ചരിത്രത്തിലെ പള്ളിയലങ്കാരങ്ങൾ

അല്ലാഹുവിന് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുള്ള ഇടമാണ് പള്ളി. അത് നിര്‍മിക്കുന്നവന് സ്വര്‍ഗ ഭവനം വാഗ്ദാനമുണ്ട്. നബി തങ്ങളുടെ കാലം മുതലേ സ്വഹാബത്തും താബിഇകളും പള്ളി ആവശ്യാനുസരണം രൂപഭേദം വരുത്തി അലങ്കാരപ്പെടുത്തിയത്  ചരിത്രത്തിൽ കാണാം. ഹിജ്‌റ 9 വരെ മദീനയിലെ പള്ളിയില്‍ വിളക്ക് ഉപയോഗിച്ചിട്ടില്ല, ഈത്തപ്പന പട്ട ചൂട്ടാക്കി തീ കൊളുത്തുകയായിരുന്നു. ഹിജ്‌റ 9 നാണ് ഫലസ്തീനിലെ ബത്‌ലഹേമില്‍ പാതിരി ആയിരുന്ന തമീമുദ്ദാരി (റ) ഇസ്ലാം ആശ്ലേഷിക്കുന്നത്. ലോകവും പുതിയ സൗകര്യങ്ങളും ചുറ്റികണ്ട പരിചയം അവര്‍ക്കുണ്ടായിരുന്നു. അവര്‍ തന്റെ അഞ്ചു ഭൃത്യരെ ചുമതലപ്പെടുത്തി, ലഭ്യമായിടത്ത് നിന്നും വിളക്ക് കൊണ്ട് വന്ന് ആദ്യമായി മദീനപ്പള്ളി മുമ്പുള്ളതിനേക്കാള്‍ അലങ്കരിച്ചു.

അല്‍പം കഴിഞ്ഞെത്തിയ തിരുനബി ഇതുകണ്ട് പുണ്യ പ്രവൃത്തി ചെയ്തവരെ തിരക്കി, തന്റെ ഭൃത്യരാണെന്ന് തമീമുദാരി.. പളളി പ്രകാശിപ്പിച്ചത് പോലെ നിങ്ങളുടെ പരലോകം അല്ലാഹു പ്രകാശിപ്പിക്കട്ടെ എന്ന് ദുആ ചെയ്തു. സന്തോഷത്താല്‍ കൂട്ടത്തില്‍ ഫത്ഹ് എന്ന് പേരുള്ള ഭൃത്യന്റെപേരുമാറ്റി വിളക്ക് എന്ന അര്‍ത്ഥമുള്ള സിറാജ് എന്ന് പേരിട്ട് വിളിച്ചു. ചുരുക്കത്തില്‍ ഈത്തപ്പന പട്ടകള്‍ ചൂട്ടാക്കി കത്തിച്ച വെളിച്ചത്തിനു പകരം മനോഹരതയില്‍ ആളുന്ന വിളക്ക് കൊണ്ടുവന്നപ്പോള്‍ നബിയുടെ അതിരില്ലാത്ത സന്തോഷം പള്ളിയെ എത്രകണ്ട് പ്രകാശപൂരിതമാക്കണം എന്ന് പഠിപ്പിക്കുന്നു. അതിനനുസരിച്ചായിരിക്കുമത്രേ സ്വര്‍ഗ്ഗത്തില്‍ പകരം ലഭിക്കുന്ന വീടിന്റെ അലങ്കാരം.

മറ്റൊരവസരത്തില്‍ നബിക്ക് അവസാന കാലത്ത് ക്ഷീണം കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന ചാരുപടി ഇല്ലാത്ത മിമ്പര്‍ മാറ്റി ഉള്ളത് പണിയാന്‍ തമീമുദ്ദാരിക്ക് തന്നെ നബി തങ്ങള്‍ സമ്മതം കൊടുത്തതും കാണാം. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ വരുത്താവുന്നതാണ് എന്ന് ഈ ചരിത്രം പറഞ്ഞു തരുന്നു. ഒരുപക്ഷേ എയര്‍ കണ്ടീഷന്‍ അക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ അതും കൊണ്ട് വരപ്പെട്ടാല്‍ അംഗീകരിക്കുമായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.

നബിക്ക് ശേഷം വന്ന ഖലീഫമാരില്‍ ചിലരും മദീനാ പള്ളി കാലോചിത ശൈലിയിലേക്ക് മാറ്റിയത് കാണാം. ഈത്തപ്പന മടല്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന പള്ളി ചോര്‍ന്നൊലിച്ചപ്പോള്‍ ഉമര്‍ (റ) തൂണുകള്‍ മരത്തില്‍ നിലനിര്‍ത്തി മേല്‍ക്കൂര ഈത്തപ്പനകൊണ്ടും ഇഷ്ടികകൊണ്ടും പുതുക്കിപ്പണീതു. അവര്‍ക്ക് ശേഷം ഉസ്മാന്‍ (റ) അതിവിപുലമായ രീതിയില്‍ തന്നെ പള്ളി വിപുലീകരിച്ചു. ജിപ്‌സം കൊണ്ടുള്ളതും കൊത്തുപണികളാല്‍ അലംകൃതവുമായ ചുമരുകള്‍, കൊത്തുപണികള്‍കൊണ്ട് മനോഹരമാക്കപ്പെട്ട കല്‍തൂണുകള്‍, തേക്ക് കൊണ്ടുള്ള മേല്‍ക്കൂര- ഇതെല്ലാം ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നുണ്ട്.

അറേബ്യയില്‍ അക്കാലത്ത് ലഭ്യമല്ലാത്ത, ഇറക്കുമതി ചെയ്യുന്ന അമൂല്യമായ തടിയായിരുന്നു തേക്ക്, യാത്രാ ചരക്ക് മാര്‍ഗ്ഗങ്ങള്‍ ദുസ്സഹമായ അക്കാലത്ത് തേക്ക് കൊണ്ട് നിര്‍മ്മിച്ചുവെങ്കില്‍ ഇന്നത്തേതിലും എത്രയോ സമ്പന്നമല്ലേ ആ അലങ്കാരം. ഇന്നും മുഴുവന്‍ മേല്‍ക്കൂരയും തേക്കില്‍ നിര്‍മ്മിക്കല്‍ കോണ്‍ക്രീറ്റിനേക്കാള്‍ ചെലവ് കൂടുതലാണെന്നത് കൂട്ടി വായിക്കണം. അനുകരണീയ മാതൃകായോഗ്യര്‍ എന്ന് നബി തന്നെ അംഗീകാരം നല്‍കിയ ഖലീഫമാര്‍ മദീന പള്ളി നബിയുടെ കാലത്തുള്ളതിനേക്കാള്‍ കാലോചിതമായി വസ്തു ലഭ്യതക്കനുസരിച്ച് അലങ്കരിച്ച വിധമാണ് ഇവിടെ സൂചിപ്പിച്ചത്.

പില്‍ക്കാലത്ത് വന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഇതിലേറെ കൊത്തുപണികളാലും മറ്റും അലങ്കരിച്ചത് അക്കാലത്തെ പണ്ഡിതര്‍ ആരും തെറ്റായി കണ്ട് തടഞ്ഞില്ല എന്ന് ഗ്രന്ഥങ്ങളില്‍ എടുത്ത് പറയുന്നത് കാണാം. ഇപ്രകാരം മസ്ജിദുല്‍ അഖ്‌സയും രണ്ടാം ഉമര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഇവര്‍ അലങ്കാരപെടുത്തിയത് ചരിത്രത്തിലുണ്ട്. എന്നല്ല ഖുദുസിന്റെ ആദ്യ നിര്‍മ്മാതാക്കളില്‍ ഒരാളായ സുലൈമാന്‍ നബിക്ക് അക്കാലത്ത് ഭൂമിയില്‍ ലഭ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന യാഖൂത്തുല്‍ അഹ്മര്‍ (ചുവന്ന മരതകം) ജിന്നുകള്‍ ആഴക്കടലില്‍ തട്ടില്‍ നിന്നും കൊണ്ടുവന്നു നല്‍കിയപ്പോള്‍ മസ്ജിദുല്‍ അഖ്‌സയുടെ ഉയര്‍ന്ന ഭാഗത്ത് സ്ഥാപിച്ച് കിലോമീറ്ററുകളോളം വെട്ടിത്തിളങ്ങിയിരുന്നു എന്നും ചരിത്രത്തില്‍ കാണാം. അല്ലാഹുവിന്റെ ഭവനത്തിന് അവന്റെ അര്‍ശിന്റെ പരിസരത്തുള്ള അലങ്കാര സൃഷ്ടിപ്പ് പോലെ അലങ്കരിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.

എന്നാല്‍ ഏതുകാര്യത്തിലും എന്നപോലെ അലങ്കാര കാര്യത്തിലും മതം പരിധി വെച്ചിട്ടുണ്ട്. വിശിഷ്യാ ആരാധനാ കര്‍മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യ സ്ഥലമാണ് പള്ളി എന്ന നിലയില്‍.

വിധിയും പരിധിയും

നിസ്‌കാരത്തിന്റെ ശ്രദ്ധ തെറ്റുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ ആണെങ്കില്‍ അത് കറാഹത്താണെന്ന് ഇമാം നവവിയും അക്കാരണത്താല്‍ തന്നെ പാടില്ലാത്തതാണെന്ന് അസ്‌കലാനിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കാലത്തും കാലോചിതമായിരിക്കും അലങ്കാരത്തിലെ കൗതുകം. യാത്രാസൗകര്യങ്ങളും ടെലി മീഡിയകളും ഇത്ര സജീവമല്ലാതിരുന്ന കാലത്ത് കൗതുകമായിരുന്ന പലതും ഇക്കാലത്ത് കൗതുകമല്ലാതായിരിക്കുന്നു. ഒരുകാലത്ത് കൗതുകമായി കണ്ടിരുന്ന പള്ളിയിലെ കാര്‍പ്പറ്റുകള്‍ ഇപ്പോള്‍ അതിന്റെ ഭംഗിയില്‍ നമ്മള്‍ ആശ്ചര്യപെടാറില്ല. ചില കാര്യങ്ങളില്‍ വിധികള്‍ നിര്‍ണയിക്കുന്നത് കാരണ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് (ഇല്ലത്ത്). കാരണ സാഹചര്യമില്ലെങ്കില്‍ ആ വിധിയും നിലനില്‍ക്കില്ലെന്ന കര്‍മ്മ ശാസ്ത്രത്തിലെ അടിസ്ഥാന തത്വം ഇവിടെ കൂട്ടിവായിക്കണം.

രണ്ടാമതായി പള്ളികളുടെ നിര്‍മിതിയുടെ വലിപ്പവും ഭൗതിക മികവും പറഞ്ഞ് അഹങ്കരിക്കലാണ്. അങ്ങനെ പ്രകടമായാല്‍ കാലാവസാന ലക്ഷണമായി ഹദീസുകളില്‍ രേഖപ്പെടുത്തിയത് കാണാം. ഈ ഹദീസിന്റെ ഗൗരവമാണ് അലങ്കാരത്തെ പാടേ തന്നെ എതിര്‍ക്കുവാന്‍ കാരണം. ഇബാദത്തിന്റെ പൂര്‍ണ്ണത പരമമായ വിനയത്തിലാണ്. അഹങ്കാരം സ്വയം കഴിവുണ്ടെന്ന മിത്യയെ കൊണ്ടുനടക്കലും.

നിഷിദ്ധമാക്കിയ മറ്റൊരു കാര്യം യഹൂദി-നസ്രാണികള്‍ അവരുടെ ദേവാലയങ്ങള്‍ അലങ്കരിച്ചത് പോലെ അലങ്കരിക്കല്‍ നബി ഗൗരവ്വമായി ഉണര്‍ത്തിയതാണ്. ഇവിടെ അവരുടെ അലങ്കാരം എന്തായിരുന്നുവെന്ന് ചരിത്രത്തില്‍ തേടേണ്ടതുണ്ട്.നിരുപാധികം വിളക്ക് കത്തിക്കുന്നതാണ് അവരുടെ അലങ്കാരമെങ്കില്‍ ആദ്യകാലത്ത് ക്രിസ്ത്യന്‍ പാതിരിയായിരുന്ന തമീമുദ്ദാരി(റ) വിനെ നബി തങ്ങള്‍ സ്വര്‍ഗ്ഗ ലബ്ധി പ്രാര്‍ത്ഥനയുമായി പ്രോത്സാഹിപ്പിക്കില്ലായിരുന്നു.

ജൂത – ക്രൈസ്തവ പള്ളിയലങ്കാരങ്ങൾ

ക്രിസ്തീയ ചരിത്രത്തില്‍ കാണാം, ക്രൈസ്തവ ചരിത്രത്തിലെ ആദ്യ 1600 വര്‍ഷം സഭകള്‍ക്ക് കീഴിലുള്ള വിശ്വാസികള്‍ അധികവും നിരക്ഷരരായിരുന്നു. അവര്‍ക്ക് മതകാര്യങ്ങളും ചരിത്രങ്ങളും വിഷ്വല്‍ ആയി പഠിക്കുന്നതിനും പിന്നീട് ഓര്‍ത്തെടുക്കുന്നതിന്നും ഓരോ ചരിത്രത്തിലെയും വ്യത്യസ്ത ഭാവങ്ങള്‍ ചിത്രങ്ങളായി ചര്‍ച്ചുകളുടെ ചുമരുകളിലും ചിത്രപ്പണിക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത “മെറ്റാലിക് സാള്‍ട്ട്” കൂട്ടി ഉണ്ടാക്കിയ ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനല്‍ ചില്ലുകളിലും മേല്‍ക്കൂരകളിലും വരച്ചുവെച്ചു. ഇത്തരത്തിലുള്ള ചില്ലു ആര്‍ട്ടുകള്‍ ഇന്നും ലണ്ടനിലേയും വത്തിക്കാനിലേയും നമ്മുടെ നാടുകളിലുമുള്ള പഴയ ദേവാലയങ്ങളില്‍ കാണാവുന്നതാണ്. കൂടാതെ മുന്‍കാലങ്ങളില്‍ മഹാന്മാരും ദൈവദാസന്മാരുമായി വിശേഷിക്കപ്പെട്ടവരുടെയും സ്മരണാര്‍ത്ഥം അവരുടെ ചിത്രങ്ങള്‍ കൊത്തിവെക്കുകയും പ്രതിമകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു.

ഇത്തരത്തിലുള്ള എത്രയോ പ്രതിമകളും ഇന്ന് കാണാവുന്നതാണ്. Ac1250 ല്‍ ലൂയിസ് ഒമ്പതാമത്തെ നേതൃത്വത്തില്‍ നടന്ന കുരിശുയുദ്ധത്തില്‍ ഈജിപ്തിലെ അല്‍ മന്‍സൂറയില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ ധീരരക്തസാക്ഷിയായി വാഴ്ത്തിക്കൊണ്ട് വില്യം രണ്ടാമന്‍ വാളേന്തി നില്‍ക്കുന്ന പ്രതിമ ഇന്നും ഇംഗ്ലണ്ടിലെ സാലിസ്ബറി കത്തീഡ്രല്‍ ചര്‍ച്ചില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

അവരുടെ പള്ളികളില്‍ അലങ്കാരമായി ഉണ്ടായിരുന്ന കൊത്തുപണികളും വ്യക്തി പ്രതിമകളും ചില സഭകളുടെ ഒരു പ്രത്യേക വിശ്വാസത്തിന്റെ ഭാഗമായിരുന്നു എന്ന് വേണം രണ്ടാമതായി തിരിച്ചറിയാന്‍. മനുഷ്യന്‍ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ മുഴുവനും ആരാധനയില്‍ ലയിക്കണം. Gregorian chant എന്ന പേരില്‍ അറിയപ്പെടുന്ന രാഗാകമ്പടിയോടെയുള്ള സ്തുതിഗീതം ശ്രവിക്കുന്നതിലൂടെ കേള്‍വിയും, തിരുവത്താഴ കൂദാശയും അപ്പവും വീനും സേവിക്കുന്നതിലൂടെ രുചിയും, കുന്തിരിക്കത്തിലൂടെ വാസനയും, ആരാധനയില്‍ ദൈവത്തില്‍ ലയിക്കുമ്പോള്‍ കാഴ്ച്ചയുടേയും, പ്രായം ചെന്നവര്‍ക്ക് സ്പര്‍ശനത്തിന്റേയും അനുഭവത്തിനാണ് ശില്‍പങ്ങളും കൊത്തുപണികളും അവരുടെ ചര്‍ച്ചകളില്‍ സ്ഥാപിക്കുന്നത്. ചിലയിടത്ത് ഇന്ന് അത് ഡിജിറ്റല്‍ വല്‍ക്കരിക്കപെടുന്നുമുണ്ട്. അക്കാലത്തെ ആ അലങ്കാരങ്ങള്‍ ഇക്കാലത്തും പശ്ചാത്യ ചര്‍ച്ചുകളില്‍ ഏറെ കാണാവുന്നതാണ്. അവര്‍ അലങ്കരിച്ചത് പോലെ എന്ന് പറയുമ്പോള്‍ ഈ ചരിത്രത്തില്‍ നിന്ന് പലതും മനസ്സിലാക്കേണ്ടതുണ്ട്.

അവസാന നാളിന്റെ ലക്ഷണമായി ചില ഹദീസുകളില്‍ നസ്രാണി യഹൂദികള്‍ മോഡി പിടിപ്പിച്ചതുപോലെ നിങ്ങള്‍ മോഡി പിടിപ്പിക്കുമെന്നത്, ഇന്നത്തെ നമ്മുടെ പള്ളിയിലെ ചില്ലു ഭാഗങ്ങളിലുള്ള ഗ്ലാസ് എച്ചിങ്ങും ഡീപ്പിങ്ങും, മുന്‍ഗാമികളായ പ്രവാചകന്‍മാരുടേയും മഹത്തുക്കളുടേയും ജീവിതാവിഷ്‌കാരങ്ങള്‍ കുട്ടി കാര്‍ട്ടൂണായും മറ്റും മുസ്ലിങ്ങള്‍ തന്നെ നിര്‍മിക്കുന്നത് പില്‍ക്കാലത്ത് ഇതിലേക്ക് വഴി മാറിയേക്കാം എന്ന് സംശയിക്കാതെ വെയ്യ.

ഇസ്ലാം സര്‍വ്വ സ്ഥല-കാലങ്ങളേയും ഉള്‍കൊണ്ട പ്രകൃതിയോട് ഇണങ്ങുന്ന ശൈലിയാണ്. അതു കൊണ്ട് തന്നെ സ്ഥലകാലങ്ങളെ പരിഗണിക്കുന്ന ഉര്‍ഫിന് (നാട്ടുനടപ്പ്) ദീനില്‍ പരിഗണനയുണ്ട്. പക്ഷേ, ഒരിക്കലും ശറഇന് എതിരാവരുതെന്ന നിബന്ധന കണിശമാണ്. മുമ്പ് അനുവദനീയമായത് കാലന്തരത്തില്‍ ഇല്ലാതായത് ഉര്‍ഫ് അനുസരിച്ചാണെന്ന പ്രയോഗം പില തെറ്റിധാരക്ക് ഇടയാക്കും. ഉര്‍ഫ് മാറിയത് കൊണ്ടല്ല നിയമം മാറുന്നത്. വിധി നിലനില്‍ക്കാന്‍ ഉതകുന്ന കാരണം (ഇല്ലത്ത്) ഉണ്ടാവുന്നതും ഇല്ലാതെയാകുന്നതുമാണ് ഒരേ കാര്യത്തിലെ വിധിയില്‍ കാലാന്തരം രണ്ട് നിലപാട് ഉണ്ടാകുന്നത്.

ഇതിനെല്ലാമപ്പുറത്ത് അലങ്കാരം ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്ലിം ജീവിക്കുന്ന കാല പരിസരങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററില്‍ പേരില്ലാത്തതിന്റെ പേരില്‍ രാജ്യത്തിന്റെ പടി കടത്തപ്പെടുന്ന 40ലക്ഷം പേരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതിന്റെ പിന്നില്‍ ചില അജണ്ടകളുണ്ട്. ആളെണ്ണത്തില്‍ ഒരു സംസ്ഥാനത്തിന്റെ 50 ശതമാനത്തിലേറെ ഉണ്ടായിട്ടും സര്‍ക്കാര്‍ രേഖകളില്‍ പോലും കേവലം 35 ശതമാനം മാത്രമായി രേഖപ്പെടുത്തിയത് തങ്ങളുടെ ആള്‍ബലശക്തി മനസ്സിലാക്കി മുസ്ലിംങ്ങള്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ആയിരുന്നു. ഈ സത്യം പതിയെ അവിടത്തെ ജനത മനസ്സിലാക്കി വരുന്നു എന്ന വര്‍ഗീയവാദികളുടെ തിരിച്ചറിവാവാം പുതിയ നടപടിക്കു പിന്നില്‍ എന്നു സംശയിക്കേണ്ടിരിക്കുന്നു.

അനുവദനീയമല്ലാത്ത വെള്ളിയും സ്വര്‍ണ്ണവും യുദ്ധത്തില്‍ എതിരാളികളെ ഭയപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്.  വിശിഷ്യാ ഉമ്മത്തിന് ശക്തി പ്രകടിപ്പിക്കല്‍ അനിവാര്യമായ ഈ കാലത്ത് നൂര്‍ സൂറത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തപ്പെട്ടത് പോലെ പള്ളികള്‍ എത്രയും ഉയര്‍ന്നും അലങ്കാരത്തിലും തന്നെ നില്‍ക്കേണ്ടതുണ്ട്.  ചെരിപ്പ് ധരിക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലത്തുനിന്നും, നമ്പൂതിരിയും നായരും പാടവരമ്പിലൂടെ വരുമ്പോള്‍ പാടത്തേക്ക് ഇറങ്ങി നാലടി വിട്ടുനില്‍ക്കേണ്ട ഗതികേടിൽ നിന്നും അന്തസ്സിന്റെ ആത്മധൈര്യം ഈ ഉമ്മത്ത് ആര്‍ജിച്ചെടുത്തതില്‍ അവരുടെ സമ്പത്തിനും എടുപ്പുകളുടെ കാലോചിതമായ അലങ്കാരത്തിനും വലിയൊരു പങ്ക് തന്നെ ഉണ്ട്.

ഈ ഒരു മാതൃക തന്നെയാണ് മമ്പുറം തങ്ങളുടെ ചരിത്രത്തിലും കാണുന്നത്. ശറഅ് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പൂര്‍ണ്ണമാവാത്ത സാഹചര്യമായിട്ടും അകക്കണ്ണിന്റെ ദീര്‍ഘവീക്ഷണത്തില്‍ മുസ്ലിമിന്റെ നിലനില്‍പ്പിന് അനിവാര്യം എന്ന് കണ്ടാണ് ചേറൂര്‍ കലാപത്തിന് ഹേതുകമായ എല്ലാ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. അവഗണിക്കപ്പെടുന്ന ഈ സമുദായത്തിന് എപ്പോഴും നോക്കിനില്‍ക്കാതെ, പ്രതികരിക്കാനുള്ള ശക്തിയുണ്ടെന്നൊരു തെളിയിക്കലുമായിരുന്നു ആ പോരാട്ടം.

വീടുകളുടെ ഓലതടുക്ക് മാറി വാര്‍പ്പുകളായി, മണ്‍ നിലങ്ങള്‍ മാറി ടൈല്‍ നിലങ്ങളായി, മുള്‍വേലികള്‍ മാറി കൽമതിലുകളായി, ഒന്നും രണ്ടും പത്തും നിലകളായി. പള്ളി മാത്രം ഈ നിലവാരത്തിലേക്ക് ഉയരരുത് എന്ന ചിലരുടെ ദുര്‍വാശിയുടെ ദുരുദ്ദേശം മനസ്സിലാകുന്നില്ല. ലഭ്യമായ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് വീടുകള്‍ക്ക് അലങ്കാരമുണ്ടാവുമ്പോള്‍ പള്ളി പഴയതില്‍ മങ്ങി നില്‍ക്കുന്നത് അതിനെ നിന്ദിക്കലല്ലേ, എന്ന ശക്തമായ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് പള്ളി അലങ്കരിക്കണം എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അലങ്കാരത്തിൽ മങ്ങുന്ന സൂക്ഷ്മതകൾ

അനിവാര്യതയുടെയും അലങ്കാരത്തിന്റേയും പേരിൽ
മോഡി പിടിപ്പിക്കുമ്പോൾ മസ്അലപരമായി ആരാധനകളെ സാരമായി ബാധിക്കുന്ന ഗുരുതര വിഷയങ്ങളും ഇന്ന് ചില പള്ളികളിൽ കാണപ്പെടുന്നു. മിഹ്റാബുകൾ രണ്ടുനില മുട്ടെ പടുത്ത് അതിന്റെ അനുപാതത്തിൽ മുന്നിലേക്കും വിശാലത കൂട്ടുമ്പോൾ കാൽ വിരലിൽ നിന്നും മുന്നിലെ മറയിലേക്ക് മൂന്ന് മുഴമേ പാടുള്ളൂ എന്ന മസ്അല പുതുക്കിയ പല പള്ളികളിലും തെറ്റിക്കുന്നു. മുന്നിൽ ഉറച്ച മറ  ഉണ്ടായിരിക്കേ താൽക്കാലികമായി നാട്ടുന്നത് മറയായി പരിഗണിക്കുകയില്ല (ഫത്ഹുൽ മുഈൻ) എന്ന ഫിഖ്‌ഹീ സൂക്ഷമത  ശ്രദ്ധിക്കാതെ, താൽക്കാലികം നാട്ടുന്നതിലേക്ക് മുന്നിടുന്നു. ചില പള്ളികളിൽ പരിഹാരമായി  മാർബിൾ കഷ്ണം നാട്ടിവെക്കുന്നത് അധികമൊന്നും മസ്അല പരിചയമില്ലാത്ത  പുതുതലമുറയിൽ തെറ്റിദ്ധാരണകൾ വരെ ജനിപ്പിക്കും.

ഇമാമിന്റെ നീക്കുപോക്കുകൾ  അറിയാൻ സൂക്ഷ്മതക്കായി ഇന്നും നിലനിറുത്തുന്ന മുകളിൽ നിന്നും താഴോട്ട് കാണുന്ന ദ്വാരം എന്തിനെന്നറിയാതെ, ശബ്ദം കേൾക്കാതെയും നിസ്കാരത്തിലെ ആവശ്യഘട്ടത്തിൽ താഴേട്ട് കാണാത്ത രീതിയിലും വിശാലമായി ഡിസൈൻ ചെയ്ത പള്ളികളുമുണ്ട്.
കോടികൾ മുടക്കി നിസ്കരിക്കാൻ ഉണ്ടാക്കിയ പള്ളിയിൽ ഖിബ് ലയിലേക്ക് മുന്നിട്ട് വുളു ചെയ്യാനിടമില്ലാത്ത നാടുകളുണ്ട്.

ഇവിടെ കാര്യമായൊരു വിത്യാസം പഴയ തലമുറ അത്യാവശ്യവും ഉപകാരവും മാത്രം ചിന്തിക്കുമ്പോൾ പുതിയ തലമുറ അലങ്കാരം മുഖ്യമായി കാണുന്നു. അതൊനൊത്ത് വിട്ട് വീഴ്ച്ച ചെയ്യുന്നു. ആ വിത്യാസത്തിന്റെ നേർ കാഴ്ച്ചയാണ് പഴയ പള്ളികളിലെ ശബ്ദം ഒന്നുകൂടി പിറകിലേക്ക് കേഴ്ക്കുംവിധത്തിൽ, ഒരാൾക്ക് മാത്രം നിൽക്കാവുന്ന, കാൽ വിരലിൽ നിന്നും മൂന്നടി മാത്രം മുന്നോട്ട് നീളമുള്ള വിസ്തൃതി കുറഞ്ഞ മിഹ്റാബും ഇതൊന്നും പരിഗണിക്കാത്ത മുകളിൽ പറഞ്ഞ ആധുനിക മിഹ്റാബും. വാസ്തവത്തിൽ പള്ളി നിർമ്മാണത്തിന്റെ ആദ്യപടി പള്ളി സംബന്ധമായ മസ്അലകളിൽ നിപുണനായ ഒരു പണ്ഡിതനെ സമീപിച്ച് നിർമാണത്തിൽ ശ്രദ്ധിക്കേണ്ട മതനിർദേശങ്ങൾ സ്വീകരിച്ച് ശേഷം മാത്രം അതിൽ ഉതകി  രൂപകൽപ്പന ചെയ്യലാണ്.

ഖാജാ ഹുദവി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.