Thelicham

കേംബ്രിഡ്ജിലെ പരിസ്ഥിതി സൗഹൃദ ബ്രിട്ടീഷ് മസ്ജിദ്: മുറാദിന്റെ സങ്കല്പം

ഒരു വര്‍ഷം മുമ്പാണ് ലണ്ടനില്‍ നിന്നും ലേഖകന്‍ ഏതാനും സുഹൃത്തുക്കളോട് കൂടെ കേംബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ വേണ്ടി യാത്ര തിരിച്ചത്. മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ലണ്ടനില്‍ നിന്നും അവിടെ എത്താം. നഗരത്തിലെ പ്രധാന ചത്വരത്തില്‍ നിന്നും ഏതാനും മിനുട്ടുകള്‍ സഞ്ചരിച്ചാല്‍ മില്‍സ് റോഡിലെ കംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദില്‍ എത്താം. രണ്ട് പള്ളികളാണ് നഗരത്തിലുള്ളത്.


പഴയ കൊളോണിയല്‍ പ്രതാപവും അതുപോലെ കംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഒരു ‘അക്ഷര നഗര’മാണത്. പ്രധാന നഗരത്തില്‍ നിന്നും ഇത്തിരി പുറകെ ആണെങ്കിലും മസ്ജിദ് , അതിന്റെ നിര്‍മാണ ചാതുരയയിലും മറ്റും ഒരു ബ്രിട്ടീഷ് നഗരത്തില്‍ പുന്‍തൂവലായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രം തന്നെയാണ്.

അയ്യായിരത്തിലധികം മുസ്ലിംകളാണ് ഇന്ന് കേംബ്രിഡ്ജില്‍ താമസിക്കുന്നത്. ബ്രിട്ടനിലെ നഗരങ്ങളില്‍ ഓരോ രാജ്യത്തുള്ള ജനങ്ങളാണ് ഒന്നിച്ചു താമസിക്കാറുള്ളത്. മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് ഇത്തിരി ചിലവേറിയ നഗരമാണത്. പ്രധാനമായും അറബ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളാണ് അവിടെ കൂടുതലുള്ളതും.

പള്ളിയും കച്ചവട സ്ഥാപനങ്ങളും അവിടെയുള്ള ആളുകളുടെ അഭിരുചിക്കനുസരിച്ചാണ് ഉയര്‍ന്നു വരാറുള്ളത്. മറ്റു വംശജരെ അപേക്ഷിച്ച് അറബ് വംശജരാണ് കംബ്രിജില്‍ ഉള്ളത്. പള്ളിയുടെ നിര്‍മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത് കംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഇസ്ലാമിക് സ്റ്റഡീസ് ലെക്ച്ചറര്‍ അബ്ദുല്‍ ഹകീം മുറാദാണ്. 2008ല്‍ പദ്ധതി തയ്യാറാക്കി നാല് മില്യണ്‍ പൗണ്ടിന് ഒരു ഏക്കര്‍ സ്ഥലം 2009ലാണ് വാങ്ങുന്നത്.

റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ ഇസ്ലാമിക ആര്‍ട് പ്രൊഫസര്‍ കെയ്ത്ത് ക്രൈച്ചലോ (1933-2020) യുടെ നേതൃത്വത്തില്‍ മാര്‍ക്ക് ബെയര്‍ ഫീല്‍ഡ് എന്ന ആര്‍ട് ടെക് കമ്പനിയാണ് ഈ മസ്ജിദിനെ രൂപകല്പന ചെയ്യുന്നത്. ഒരുപാട് വിവാദങ്ങള്‍ക്കൊടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കംബ്രിഡ്ജ് കൗണ്‌സിലില്‍ നിന്നും പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും 2016ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് പണിപൂര്‍ത്തിയായത്.

ഇസ്ലാമിക പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന ഈ മസ്ജിദ് യൂറോപ്പിലെ ആദ്യത്തെ പ്രകൃതിദത്ത കെട്ടിടമാണ്. ആയിരം പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും, കുട്ടികള്‍ക്ക് കളിക്കാനും, ചായയും കോഫിയും കുടിക്കാനുള്ള കഫെ അടക്കമുള്ള ഒരു ആധുനിക ബ്രിട്ടീഷ് കെട്ടിട നിര്‍മിതിയുടെ എല്ലാ സൗകര്യവും ഈ പള്ളിയിലുണ്ട്.

പൊതു സ്ഥലങ്ങളില്‍ വിവാഹമടക്കമുള്ള പൊതു പരിപാടികള്‍ക്കും വേദിയാകാറുണ്ട്. ഒരു ആരാധനാലയം എന്നതിലുപരി പൊതുവെ സാമൂഹികമായ യ കാര്യങ്ങള്‍ നിര്‍വാക്കാനും ഓരോ കമ്മ്യൂണിറ്റിക്കും ഒത്തു കൂടാനുള്ള ഒരു ഇടം കൂടിയായി പരിഗണിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കഫേഅടക്കമുള്ള സൗകര്യങ്ങള്‍ സന്ദര്‍ശകരും നിസ്‌കരിക്കാന്‍ വരുന്നവരും ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ പള്ളിക്കൊരു നിത്യ വരുമാന മാര്‍ഗം കൂടിയാണ്.

പ്രവേശന കവാടം

ഒരു നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് സ്ഥലപരിമിതികള്‍ പരിഗണിച്ചു കൊണ്ട് പരമാവധി ഭംഗിയില്‍ മുറ്റവും പ്രവേശന കവാടവും ഒരിക്കിയിട്ടുണ്ട്. നേരെ ബസ്റ്റോപ്പില്‍ നിന്നും മുറ്റത്തേക്കാണ് കയറുന്നത്. ഗേറ്റിന് പുറത്തായി ബ്രിട്ടീഷ് ശൈലിയിലുള്ള ഒരു ചെറിയ പൂന്തോട്ടമുണ്ട്. ഗേറ്റിലേക്ക് കടന്നാല്‍ പഴയ ഇസ്ലാമിക സംസ്‌കാരം വിളിച്ചോതുന്ന ഒരു വലിയ പൂക്കളും പഴങ്ങളും നിറഞ്ഞ തോട്ടമുണ്ട്. പുരാതന ഇസ്ലാമിക കൊട്ടാരങ്ങളുടെ പ്രൗഡിയെ ഓര്‍മപ്പെടുത്തുന്ന വിധം ഒരു ജലധാരയുമുണ്ട്.


പൂന്തോട്ടത്തില്‍ അങ്ങിങ്ങായി ഇരിക്കാനുള്ള ഒരുപാട് ഇരിപ്പിടങ്ങളും ഉണ്ട്. സന്ദര്‍ശകരായി വരുന്ന ആളുകള്‍ അവരുടെ കുട്ടികളോട് കൂടെ ഇടപഴകാന്‍ ഇടം കണ്ടെത്തുന്നത് ഈ പൂന്തോപ്പിലാണ്. കുട്ടികളും അവര്‍ക്ക് കളിക്കാനുള്ള സ്ഥലം കൂടിയാണ്.

പലപ്പോഴും ആളുകള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഈ തോട്ടം വേദിയാകാറുണ്ട്. മസ്ജിദ് ഡിസൈന്‍ ചെയ്ത ജൂലിയ ബേര്‍ഫീല്‍ഡ് പെരുന്നാള്‍ ദിവസം സന്ദര്‍ശിക്കാനിടയായി, അവര്‍ അന്നേദിവസം ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു; ‘ആളുകള്‍ വളരെ സന്തോഷത്തോടെ ഒത്തൊരുമിച്ചിരിക്കുന്നത് എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.’ ആരാധനകള്‍ നടത്താനുള്ള ഒരു ഇടം എന്നതിലുപരി ആളുകള്‍ അവരുടെ സന്തോഷങ്ങള്‍ പരസ്പരം കൈമാറാനുള്ള ഒരു വേദികൂടിയായും നമ്മുടെ പള്ളികള്‍ മാറേണ്ടതുണ്ട്.

മിഹ്റാബ്


അബ്ദുല്‍ ഹക്കീം മുറാദ് ‘മസ്ജിദിന്’ വളരെ വ്യാപ്തിയുള്ള അര്‍ഥം നല്‍കുന്നുണ്ട്. അദ്ദേഹം ‘പള്ളിയെന്നാല്‍ എന്താണ്?'(what is mosque) എന്ന ഒരു ചെറിയ പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം ഒരു ആരാധനാലയം എന്നാല്‍ ഭൂമിയിലെ ഒരു വസ്തു, വാനലോകത്തോട് ചേരുന്ന ഒരു സ്ഥലം എന്നാണ്. അതായത്, ഭൂമിയിലുള്ള മനുഷ്യന്‍ വാനലോകത്തുള്ള ദൈവത്തോട് പ്രത്യക്ഷപ്പെടുന്ന ഒരു ഇടം കൂടിയാണത്. ഇസ്ലാമിക വീക്ഷണത്തില്‍, പള്ളികളിലും മറ്റും ചന്ദ്രക്കല പ്രദര്ശിപ്പിക്കാറുണ്ട്.

ഭൂമിയിലുള്ള മനുഷ്യന്‍ വാനലോകത്തുള്ള ചന്ദ്രനെ ആവാഹിക്കുകയും അതെല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ച നാഥനായ അല്ലാഹുവിനോട് അഭിമുഖീകരിക്കുന്ന ഒരു സ്ഥലമാണ് പള്ളി. ‘ താങ്കള്‍ ആകാശത്തേക്ക് നോക്കുന്നതായി നാം കാണുന്നു, (നബിയെ) , താങ്കള്‍ ഇനി മസ്ജിദുല്‍ ഹറമിലേക്ക് തിരിയണം, അവിടെയാണ് ഖിബല ,അവിടേക്കാണ് നിങ്ങള്‍ തിരിയേണ്ടത്(ഖു.2:144).

പള്ളിയില്‍ കഅബായിലേക്കാണ് നമസ്‌കരിക്കുന്നത്. ഭൂമിയിലെ അല്ലാഹുവിന്റെ ഭവനമാണത്. പള്ളിയില്‍ നമ്മള്‍ നമസ്‌കരിക്കുമ്പോള്‍ ഖിബിലയുടെ ഭാഗത്ത് അല്ലാഹുവിലേക്ക് നമ്മള്‍ കൂടുതല്‍ അടുക്കുന്നു, കൂടുതല്‍ അടുത്ത് ഇടപഴകാന്‍ സാധിക്കുന്നു. നാം നിങ്ങളുടെ ചെരുപ്പിന്റെ വാറിനേക്കാളും അടുത്താണ്(ഖു.50:16). ആരാധിക്കുന്ന ദൈവത്തെ അടുത്ത് ദര്‍ശിക്കുന്നത് ആരാധനക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നു.

പള്ളിയിലെ മിഹിറാബിലൂടെയാണ് കഅബയിലേക്ക് തിരിയുന്നത്. മിഹിറാബിലാണ് അഞ്ചു നേരവും വിശ്വാസികള്‍ ദൈവത്തെ സംവദിക്കുന്നത്. ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ , അതൊരു ആരാധനകളും പ്രാര്‍ത്ഥനകളും പരസ്പരം സംവദിക്കുന്ന സംഭാഷണങ്ങളാകുന്നു. മറിയം , ഈസ നബിയുടെ മാതാവ് ‘മിഹിറാബിലേക്ക്’ തിരിഞ്ഞാണ് പ്രാര്‍ത്ഥിച്ചത്(ഖു.3:37). അപ്പോഴാണ് അവര്‍ക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നത്.

മസ്ജിദിന്റെ മിഹിറാബില്‍ നമസ്‌കരിക്കുമ്പോള്‍ പ്രധാനമായും അല്ലാഹുവിന്റെ വചനമാണ് ഉരുവിടുന്നത്. അവിടെ അല്ലാഹുന്റെ ദിരിഷ്ടാന്തങ്ങളെ ദര്‍ശിക്കുന്ന , എന്നാല്‍ കൂടുതല്‍ അടുത്ത് ഇടപഴകാന്‍ സാധിക്കുന്ന ഒരു പ്രത്യേക ‘സങ്കേതം’ കൂടിയാണ്. കേംബ്രിഡ്ജിലെ പള്ളിയുടെ അകത്തളം അതിന് കൂടുതല്‍ അനുയോജ്യമാം വിധം സംവിധാനിച്ചുട്ടുള്ളത്. അഞ്ച് മരത്തടികള്‍ കൊണ്ട് നിര്‍മിച്ചുട്ടുള്ള ഒരു വട-വൃക്ഷം പോലുള്ള തൂണുകളിലാണ് പള്ളിയുടെ കെട്ടിടം താങ്ങി നിര്‍ത്തുന്നത്. പ്രകൃതി രമണീമായ ഒരു സ്ഥലത്ത് ഒരു പാട് മരങ്ങള്‍ കൂടിയ ശാന്തമായ ഒരു മരീചികയായിയാണ് ഞാന്‍ ഈ മസ്ജിദിന്റെ അകത്തളം ഡിസൈന്‍ ചെയ്തതെന്ന് , മസ്ജിദിനെ രൂപ കല്പനം ചെയ്ത ബെയര്‍ഫീല്‍ഡ് വിശേഷിപ്പിച്ചത്.

പൈന്‍ മരത്തടികള്‍ പരസ്പരം ബന്ധിപ്പിച്ചു, കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് പള്ളിയുടെ ഉത്തരം രൂപകല്പനം ചെയ്തത്. അതായത് , പ്രകൃതിയോട് കൂടുതല്‍ ഇടപഴകുന്ന രീതിയാണത്. മരത്തടികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് തണുത്ത പ്രദേശമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വ സാധാരണമാണ്. വീടുകള്‍ പോലും അങ്ങനെയാണ് നിര്‍മിക്കാറുള്ളത്. അത് അകത്തളങ്ങളില്‍ കൂടുതല്‍ ചൂട് ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.
എന്നാല്‍ അതിനിടയില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കാന്‍ വേണ്ടി ചെറിയ ചില്ലുകള്‍ വെച്ചിട്ടുണ്ട്. പകല്‍ സമയം വൈദ്യുതിയുടെ സഹായമില്ലാതെ വെളിച്ചം ലഭിക്കാന്‍ സഹായിക്കുന്നു.

അകത്തളങ്ങളില്‍ ഇഷ്ടികക്ക് പുറമെ മരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ കൂഫി കാലിഗ്രഫിയില്‍ ‘ഖുല്‍ ഹുവല്ലാഹു അഹദ്’ (അള്ളാഹു ഏകനാണ്) എന്ന ഖുര്‍ആന്‍ വാക്യവും എഴുതി ചേര്‍ത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് പള്ളിയുടെ പുറം ഭാഗവും സംവിധാനിച്ചിട്ടുള്ളത്. ചുമരുകളിലും അതേ ഖുര്‍ആന്‍ വാക്യം എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുറം ചുമരുകള്‍ കേംബ്രിഡ്ജില്‍ ലഭിക്കുന്ന മഞ്ഞ നിറത്തിലുള്ള ഇഷ്ടികകള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. അത് പരമ്പരാഗത ബ്രിട്ടീഷ് നിര്‍മിതിയോട് ചേരുന്ന രൂപത്തിലുമാണ്.

എന്നാല്‍ പള്ളിയുടെ അകത്തളങ്ങളില്‍ പലഭാഗങ്ങളിലും ജാമിതീയ രൂപത്തില്‍ രൂപകല്പനം ചെയ്ത പല നിര്‍മിതികളും കാണാം. മുകളിലെ ഗ്ലാസുകളിലും , ചുമരിലെ ചിലഭാഗങ്ങളിലും അതുപോലെ താഴെ മുന്‍ഭാഗത്തുള്ള ടൈലുകളിലും ഈ ജ്യാമിതീയ രൂപങ്ങള്‍ പഴയ ഇസ്ലാമിക പാരമ്പര്യം വീളിച്ചോതുന്ന, എന്നാല്‍ ചരിത്രത്തോളം പഴക്കമുള്ള രീതിയിലാണ് രൂപ കല്പനം ചെയ്തത്. ജ്യാമിതീയ രൂപങ്ങള്‍ക്ക് പ്രകൃതിലുള്ള ദൈവ സങ്കല്പങ്ങളെ വിവരിക്കുന്ന ഒരു മാനം കൂടിയുണ്ടെന്ന് പള്ളിയുടെ രൂപ കല്പനയില്‍ പ്രധാനിയായ കെയ്ത്ത് കിച്ചലോ അഭിപ്രായപ്പെടുന്നത്.
അബ്ദുല്‍ ഹകീം മുറാദ് , അദ്ദേഹത്തിന്റെ പുസ്തകത്തില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായുള്ള പുരാതന സ്‌പെയിനിലെയും അതുപോലെ ഉസ്മാനിയ ഖിലാഫത്തിന്റെ ചരിത്രമുള്ള തുര്‍ക്കിയിലെയും രണ്ട് പള്ളികളുടെ ചരിത്രം വിവരിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

ഒന്ന്, മദീനയിലെ മസ്ജിദ് അല്‍-നബവിയുടെ മാതൃകയില്‍ രൂപകല്പനം ചെയ്ത , പഴയ അമവികളുടെ കാലത്തുള്ള , ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്‌പെയിനിലുള്ള അമവി മസ്ജിദ്.

രണ്ട്, യൂറോപ്പിലെ ബാള്‍ട്ടിക് രാജ്യങ്ങള്‍ അടക്കി ഭരിച്ച ഉസ്മാനിയ ഖിലാഫത്തിന്റെ തലസ്ഥാന നാഗരിയിലുള്ള സുലൈമാനിയ പള്ളി. അതിനിടിയില്‍ ഉയര്‍ന്നു വരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപം ഉയര്‍ന്നു നില്‍ക്കുന്ന , ഇംഗ്ലീഷ്-സാക്‌സണ്‍ സംസ്‌കാരങ്ങളുടെ വിളനിലയമായ കേംബ്രിഡ്ജ് നഗരത്തിലുള്ള പള്ളിയില്‍ ആ പഴയ യൂറോപ്യന്‍ ഇസ്ലാമിക ചരിത്രവും എന്നാല്‍ ആധുനിക ബ്രിട്ടീഷ് സംസ്‌കാരവും ഇഴ ചേര്‍ന്ന് നില്‍ക്കണമെന്ന് അദ്ദേഹം സ്വപനം കണ്ടിരുന്നു. അതായിരുന്ന ഈ മസ്ജിദിന്റെ നിര്‍മിതിയില്‍ അദ്ദേഹം വിഭാവനം ചെയ്തതത്.

താഴികക്കുടം


പാരമ്പര്യ ഇസ്ലാമിക പള്ളികളുടെ നിര്‍മിതിയില്‍ നിന്നും വിപിന്നമായി , ഈ മസ്ജിദിന് മിനാരങ്ങളില്ല എന്നതാണ്. അത് ബ്രിട്ടീഷ് നിര്‍മാണ രീതിയോട് ഇഴചേര്‍ന്ന് നില്‍ക്കാന്‍ വേണ്ടിയാകണം. പകരം നടുഭാഗത്ത് സ്വര്‍ണ നിറത്തിലുള്ള വലിയ താഴികക്കുടം നല്‍കിയിട്ടുണ്ട്. ദൂരെ നിന്ന് പോലും ഒരു നല്ല വിഗഹ വീക്ഷണം നല്‍കുന്നുണ്ടത് എന്ന് എടുത്തു പറയേണ്ടതാണ്. താഴികക്കുടത്തിന് മുകളില്‍ സ്വര്‍ണ നിറത്തിലുള്ള ഒരു ചന്ദ്രക്കലയുമുണ്ട്. മസ്ജിദുകളില്‍ ചന്ദ്രക്കല നല്‍കുന്നത് ഭൂമിയിലുള്ള മനുഷ്യനെ വാനലോകത്തുള്ള ചന്ദ്രക്കലയോടും അതിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ നാഥനായ അല്ലാഹുവോടും സംവദിക്കാന്‍ ഇടം നല്‍കുന്നുവെന്ന അബ്ദുല്‍ ഹക്കിം മുറാദിന്റെ സങ്കല്‍പ്പം ഇവിടെ കൂട്ടിവായിക്കണം.

അതോടൊപ്പം പള്ളിയുടെ മുകള്‍ഭാഗത്ത് സൗരോര്‍ജ പാനലുകളും വെച്ചിട്ടുണ്ട്. മസ്ജിദിലേക്ക് ആവശ്യമായ ഊര്‍ജത്തിന്റെ നല്ലൊരു ഭാഗം ലഭിക്കുന്നത് ഈ പാനലുകളില്‍ നിന്നാണ്. മുമ്പ് വിവരിച്ചത് പോലെ , പള്ളിയുടെ നിര്‍മിതിയില്‍ പ്രക്രിതില്‍ നിന്ന് വെളിച്ചം ലഭിക്കാന്‍ വേണ്ടി ഒരു പാട് ഗ്ലാസുകളും അതുപോലെ ഉള്‍ഭാഗത്ത് ചൂട് അനുഭവപ്പെടുന്നതിന് വേണ്ടി മരങ്ങളും നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഈ സൗരോര്‍ജ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയും , പുറമെ നിന്നുള്ള ഉര്‍ജ്ജആവശ്യങ്ങളെ പരമാവധി കുറക്കുന്ന രീതിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിട്ടുള്ളത്.

അതുപോലെ, പള്ളിയില്‍ വലിയൊരു മഴ വെള്ള സംഭരണിയും കൂടെയുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന വെള്ളം ടോയ്ലെറ്റില്‍ ഫ്‌ളഷിനും അത്‌പോലെ മുന്‍ഭാഗത്തുള്ള പൂന്തോട്ടം നനക്കാനും ഉപയോഗിക്കുന്നു എന്ന് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.

വുളു എടുക്കുന്ന സ്ഥലം


സാധാരണ പള്ളികളില്‍ നിന്നും വിഭിന്നമായി, പള്ളിയുടെ പിന്‍ഭാഗത്താണ് വുളു എടുക്കാനും ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുള്ളത്. പിന്‍ഭാഗത്ത് കൂടെ വരുന്ന വാതിലിനടുത്താണ് ഈ സംവിധാങ്ങളുള്ളത്. പള്ളിയുടെ മുന്‍ഭാഗത്തുള്ള കാഴ്ചകളെ ബാധിക്കാത്ത വിധമാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളത്. വുളു എടുക്കാനുള്ള സൗകര്യം വളരെ വിപുലമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും കൊണ്ട് വന്ന നീല നിറത്തിലുള്ള ടൈലുകളാണ് വുളു എടുക്കുന്ന സ്ഥലത്ത് ചുമരുകളില്‍ നല്‍കിയിട്ടുള്ളത്. അത് , പുരാതന രീതിയിലുള്ള കുളിക്കാനും മറ്റും നിര്‍മിക്കാറുള്ള കുളിമുറിയുടെ സങ്കല്പത്തിലുമാണ്.

എന്നാല്‍ മുകള്‍ഭാഗത്ത്, സൂര്യ പ്രകാശം ലഭിക്കുന്നതിനും ഊര്‍ജ സംരക്ഷണത്തിനും വേണ്ടി ഒരു പാട് ഗ്ലാസുകള്‍ കൊണ്ടുള്ള ഉത്തരമാണ് നല്‍കിയിട്ടുള്ളത്. അതിനിടയില്‍ താഴെ ചെറിയ ചെടികളും മറ്റും ചെറിയ ചട്ടികളില്‍ വെച്ചിട്ടുമുണ്ട്. അത് ഊര്‍ജ സംരക്ഷണത്തോടൊപ്പം പ്രകൃതി രമണീയമായ ഒരു ഇടം എന്ന ഒരു സങ്കല്പവും വിഭാവനം ചെയ്യുന്നു.

ഉപസംഹാരം


പഴയ ഇസ്ലാമിക സംസ്‌കൃതിയും ആധുനിക ഇംഗ്ലീഷ് സങ്കല്പവും ഒരുമിക്കുന്ന ഒരു നിര്‍മിതിയാണ് കേംബ്രിഡ്ജ് ഇസ്ലാമിക മസ്ജിദ്. കംബ്രിഡ്ജ് ഇസ്ലാമിക് ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഹകീം മുറാദ് വാക്കുകളില്‍ കടമെടുത്താല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് മസ്ജിദ് എന്നതായിരുന്നു സങ്കല്പം. എന്നാല്‍ അതി നവീനവും ആധുനികവും അതിലപ്പുറം പഴയ ഇസ്ലാമിക പാരമ്പര്യവും ഉള്‍കൊള്ളുന്ന ഒരു പള്ളിയാണ് നിര്‍മിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയായിരുന്നു. പത്ത് വര്‍ഷമാണ് നിര്മാണത്തിനെടുത്തത്. 23 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് ചെലവ് വന്നത്.

ഒരുപാട് വെല്ലുവിളികള്‍ക്കൊടുവില്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു വലിയ സ്വപ്‌ന ഭവനം നിര്‍മ്മിക്കപ്പെട്ടു എന്ന് തന്നെ പറയാം. അതിലപ്പുറം, പ്രകൃതിയോട് ഇഴകി ചേര്‍ന്നതും പരമാവധി കാര്‍ബണ്‍ വികിരണം കുറച്ചു കൊണ്ടും ഊര്‍ജ സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയിലാണ് ഈ പള്ളിയെ നിര്‍മിച്ചിട്ടുള്ളത്.


(ഇസ്മാഈല്‍ ഹുദവി, പി എച്ച് ഡി ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി , റോയല്‍ ഹോളോവേ, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍)

ഇസ്മാഈല്‍ ഹുദവി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.