നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടുപോകുന്നു? എന്തിനിവിടെ നില്‍ക്കുന്നു? എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ശാസ്ത്രം, തത്വജ്ഞാനം, മതാനുഭവം തുടങ്ങിയവയുടെ ചരിത്രവും വര്‍ത്തമാനവും. തെയില്‍സ്, ഡമോക്രിറ്റസ്, അരിസ്റ്റാര്‍ക്കസ്, അരിസ്‌റ്റോട്ടില്‍, ടോളമി മുതല്‍ കോപര്‍, കെപ്ലര്‍, ഗലീലിയോ, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, ഹബ്ള്‍, ഹോക്കിങ്ങ്, മിഷിയോ കാക്കു വരെയുള്ളവര്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അന്വേഷിച്ച ശാസ്ത്രജ്ഞരാണ്. നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ കുറിച്ച പഠനം കോസ്‌മോളജി എന്നറിയപ്പെടുന്നു. മധ്യകാല മുസ്്‌ലിം കോസ്‌മോളജിസ്റ്റുകളില്‍ പ്രമുഖരായ അല്‍കിന്ദി, ഇബ്‌നുറുശ്ദ്, ഇബ്‌നുസീന, ഫാറാബി, ഇമാം ഗസാലി, അല്‍ബിറൂനി, തൂസി, ഇബ്‌നുശാത്വിര്‍ തുടങ്ങിയവര്‍ ഈ മേഖലകളില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചവരാണ്.
പ്രപഞ്ചത്തിന്റെ ഉദ്ഭവം തേടിയുള്ള യാത്രയിലെ വിഭിന്നങ്ങളായ അനുഭവങ്ങള്‍ വ്യത്യസ്ത കോസ്‌മോളജികളിലേക്ക് ശാസ്ത്രലോകത്തെ നയിക്കുകയുണ്ടായി. കാര്യകാരണ ബന്ധങ്ങളുടെ സാകല്യമായ പ്രപഞ്ചത്തിനും ഒരു കാരണവുമുണ്ടാവണമെന്ന വാദമാണ് അവയിലൊന്ന്. പ്രപഞ്ചത്തിന് കാരണമൊന്നും വേണ്ടതില്ലെന്ന് നിരീക്ഷിക്കുന്ന കോസ്‌മോളജിയാണ് മറ്റൊന്ന്. കാരണമാവശ്യമാണെന്ന് നിരീക്ഷിക്കുന്ന കോസ്‌മോളജിയില്‍ തന്നെ കാരണക്കാരനാല്‍(casual agent) സൃഷ്ടിക്കപ്പെട്ടതാണ് പ്രപഞ്ചം എന്നും സൃഷ്ടിക്കപ്പെട്ടതല്ല എന്നും രണ്ട് വാദങ്ങള്‍ നിലനില്‍ക്കുന്നു. ആത്യന്തിക കാരണമായ ഫസ്റ്റ് കോസിനെ അംഗീകരിക്കുന്നുവെങ്കിലും പ്രപഞ്ചം സ്വയം ആദികാരണത്തില്‍ നിന്ന് ഒരു സൃഷ്ടാവിന്റെ ഇടപെടല്‍ കൂടാതെ ഉദ്ഭവിച്ചുവെന്ന് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, പ്ലോറ്റിനസ്, ഫാറാബി, ഇബനു സീന തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിനൊരു ആദികാരണമുണ്ടെന്നും ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നുമാണ് ഇമാം അശ്്അരി, ബാഖില്ലാനി, ഗസാലി, ശഹ്‌റസ്താനി, ഇബനു നഫീസ്, അല്‍കിന്ദി തുടങ്ങിയവര്‍ നിരീക്ഷിക്കുന്നത്. അവസാനത്തെ ഈ വിഭാഗം പൊതുവെ കലാം ദൈവശാസ്ത്രജ്ഞര്‍(മുതകല്ലിമൂന്‍) എന്നറിയപ്പെടുന്നു. മുസ്്്‌ലിം ദൈവശാസ്ത്രത്തിലെ ആദ്യകാല വ്യവഹാരങ്ങളില്‍ നിരവധി സംവാദങ്ങളും വിവാദങ്ങളും സൃഷ്ടിച്ച വിഷയമാണ് ദൈവ വചനം(കലാം).
കലാമിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചാണ് മുസ്്‌ലിം വിശ്വാസധാരകള്‍ ഭിന്നവഴികളിലേക്ക് വേര്‍തിരിയുന്നത്. അശ്അരീ-മുഅതസിലീ സംവാദങ്ങള്‍ അതിന് ഉത്തമോദഹരണമാണ്. പിന്നീട് ദൈവശാസ്ത്രത്തെ കുറിക്കാന്‍ സാര്‍വത്രികമായി കലാം എന്ന പദം ഉപയോഗിക്കപ്പെട്ടു. ദൈവശാസ്ത്രജ്ഞര്‍ മുതകല്ലിമൂന്‍ എന്നറിയപ്പെടുമ്പോള്‍ അവര്‍ മുന്നോട്ടു വെക്കുന്ന പ്രപഞ്ചോല്‍പത്തി സംബന്ധിച്ച സൃഷ്ടിവാദവും അതിന്റെ തെളിവുകളും കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് എന്ന് പൊതുവെ വിളിക്കപ്പെടുന്നു.
കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്
അരിസ്‌റ്റോട്ടിലിന്റെ പ്രൈം മൂവര്‍ (prime mover) എന്ന ആശയത്തിന്റെ പിന്‍ബലത്തില്‍ ക്രിസ്തുവിന് ശേഷം 490-570 നിടയില്‍ അലക്‌സാന്‍ഡ്രിയയില്‍ ജീവിച്ചിരുന്ന ജോണ്‍ ഫിലോപോണസ് എന്ന ഭാഷാ ശാസ്ത്രജ്ഞനാണ് കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിന്റെ പുതിയ രൂപത്തിന് ബീജാവാപം നല്‍കുന്നത്. മുസ്്‌ലിം ലോകത്ത് യഹ്‌യ അന്നഹ്‌വി (John the grammarian) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് അറബ് തത്വചിന്തയുടെ പിതാവ് എന്ന അപരനാമത്തില്‍ വിശ്രുതനായ അബൂയൂസുഫ് യഅ്ഖൂബ് അല്‍കിന്ദിയും ഇമാം ഗസാലി(റ)യും തങ്ങളുടേതായ സംഭാവനകളാല്‍ ഈ തിസീസിനെ പരിപോഷിപ്പിച്ചു. കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് എന്ന നാമത്തോട് അനുയോജ്യമായ രീതിയില്‍ മുസ്്‌ലിം ദൈവശാസ്ത്രജ്ഞര്‍ പുതിയ തെളിവുകളും വാദമുഖങ്ങളും വികസിപ്പിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്. അല്‍കിന്ദി തന്റെ അല്‍ഫല്‍സഫതുല്‍ ഊലാ (on the first philosophy) യിലും ഇമാം ഗസാലി(റ) തന്റെ ഇഖ്തിസാദ് ഫില്‍ ഇഅ്തിഖാദ്, തഹാഫുതുല്‍ ഫലാസിഫ തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 1979ല്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്‍ വില്യം ലേന്‍ ക്രെയ്ഗ് തന്റെ കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ സമകാലിക ലോകത്ത് ഈ ആര്‍ഗ്യുമെന്റ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. റോബര്‍ട്ട് എഫ് സി ക്രണ്‍സ്, റിച്ചാര്‍ഡ് സൈ്വന്‍ ബേണ്‍, ബ്രൂസ് റെയ്ക്കന്‍ബാക്ക് തുടങ്ങിയവരുടെ കൃതികള്‍ ഇതിന് കൂടുതല്‍ സഹായകമായി. ജര്‍മന്‍ തത്വചിന്തകന്‍ ലെയ്ബ്‌നിസിന്റെ Principle of sufficient കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിന്റെ ആധുനിക വകഭേദമായി മനസ്സിലാക്കാം. ലെയ്ബ്‌നിസിന്റെ തന്നെ സംഭവ്യതാവാദം (ആര്‍ഗ്യുമെന്റ് ഫ്രം കോണ്ടിന്‍ജെന്‍സി) ഇബ്‌നു സീന വികസിപ്പിച്ചെടുത്ത വാദമുഖത്തിന്റെ ആധുനിക ഭാഷാന്തരമാണെന്ന് കാണാവുന്നതാണ്. അതിനു മുമ്പ് തോമസ് അക്വിനാസ് ദൈവാസ്തിക്യത്തിന്റെ പഞ്ചലക്ഷ്യങ്ങള്‍ (five proofs) രൂപപ്പെടുത്തുന്നതും കലാം ദൈവശാസ്ത്രജ്ഞരുടെ കൃതികളില്‍ നിന്ന് ആര്‍ജിച്ച ഉള്‍ക്കാഴ്ചയുടെ പിന്‍ബലത്തിലാണ്.
വാദത്തിന്റെ രൂപം
എസി ഒമ്പതാം നൂറ്റാണ്ടില്‍ അല്‍കിന്ദിയാണ് തന്റെ അല്‍ഫല്‍സഫതുല്‍ ഊലാ എന്ന കൃതിയില്‍ ആദ്യമായി ദലീലുല്‍ ഹുദൂസ് (cosmological argument) മുന്നോട്ട് വെക്കുന്നത്. തന്റെ കൃതിയില്‍ അദ്ധേഹം എഴുതുന്നു: ഇല്ലായ്മയില്‍ നിന്ന് ഉണ്മ ആരംഭിച്ച ഏത് വസ്തുവിനും അതിന്റെ ആരംഭത്തിന് ഒരു കാരണം ആവശ്യമാണ്. പ്രപഞ്ചം ആരംഭമുള്ള വസ്തുവാണ്. അതുകൊണ്ട്് അതിന്റെ ആരംഭത്തിന് ഒരു കാരണം അത്യാവശ്യമാണ്. ഇമാം ഗസാലി (റ)തഹാഫുതുല്‍ ഫലാസിഫയിലാണ് ദലീലുല്‍ ഹുദൂസിനെ ഇരുപത് തെളിവുകള്‍ സഹിതം അപഗ്രഥിക്കുകയും പ്രപഞ്ചത്തിന്റെ അനാദിത്വം ഖണ്ഡിക്കുകയും ചെയ്യുന്നത്. രണ്ട് പ്രസ്താവന (premise) കളില്‍ നിന്ന് ഖണ്ഡിക്കാനാവാത്ത നിഗമനത്തിലേക്ക് എത്തിച്ചേരുന്ന രീതിയാണ് ഈ വാദത്തിന്റെ പ്രത്യേകത. ഒന്നാമത്തെ പ്രസ്താവന ഉണ്മ ആരംഭിക്കുന്ന ഏത് വസ്തുവിനും ഒരു കാരണം ആവശ്യമാണ് എന്നതാണ്. രണ്ടാമത്തെ പ്രസ്താവന പ്രപഞ്ചം ആരംഭിച്ചതാണ്, അനാദിയല്ല എന്നതാണ്. ഇവ രണ്ടും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതോടെ പ്രപഞ്ചത്തിന് (ഇല്ലായ്മയില്‍ നിന്ന് ഉണ്‍മയിലേക്ക് നയിച്ച) ഒരു കാരണം ആവശ്യമാണെന്നത് ന്യായശാസ്ത്രപരമായിത്തീരുന്നു.
ഒന്നാമത്തെ പ്രസ്താവന
Whatever begins to exist has a cause എന്ന ഒന്നാമത്തെ പ്രസ്താവന ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായ കോസാലിറ്റിയുടെ അടിസ്ഥാത്തില്‍ തെളിയിക്കപ്പെട്ടതാണ്. കോസാലിറ്റി പ്രകാരം ഇല്ലായ്മയില്‍ നിന്ന് കാരണമൊന്നുമില്ലാതെ ഒന്നിനും സ്വയം ഉദ്ഭവിക്കാന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കാം. മൂന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്നാമത്തെ പ്രസ്താവന തെളിയിക്കപ്പെടുന്നു:
1- സഹജാവബോധം: മനുഷ്യന്റെ ബൗദ്ധിക സഹജബോധം അകാരണമായി ഒന്നും സംഭവിക്കില്ലെന്ന ഉള്‍ബോധമാണ് കോസാലിറ്റിയെന്ന അടിസ്ഥാന പ്രമാണത്തിലേക്ക് നയിച്ചത്.
2- വൈരുദ്ധ്യ പ്രമാണം (പ്രിന്‍സിപിള്‍ ഓഫ് കോണ്‍ട്രാഡിക്ഷന്‍): അകാരണമായി ഒന്നും സംഭവിക്കില്ല എന്ന പ്രസ്താവന തെറ്റാവുകയാണെങ്കില്‍ എന്തുകൊണ്ട് അകാരണമായി നഗരങ്ങളോ ഗ്രാമങ്ങളോ ഇല്ലായ്മയില്‍ നിന്ന് ആവിര്‍ഭവിക്കുന്നില്ല? എന്ത് കൊണ്ട് അകാരണമായി ശൂന്യതയില്‍ നിന്ന് കുതിരകളും പശുക്കളും മറ്റും ഉദ്ഭവിക്കുന്നില്ല? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ യുക്തമായ ശാസ്ത്രീയ വിശദീകരണങ്ങളില്ലാതെ അവശേഷിക്കും.
3- ഇന്‍ഡക്ടീവ് റീസണിംഗ്: നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഒന്നാമത്തെ പ്രസ്താവന കൂടുതല്‍ കൂടുതല്‍ സ്ഥിരീകരിക്കപ്പെടുന്നു എന്നല്ലാതെ ഖണ്ഡിക്കപ്പെടുന്നില്ല.
ഒന്നാമത്തെ പ്രസ്താവന ഖണ്ഡിക്കുവാന്‍ സാധാരണ ഉപയോഗിക്കപ്പെടാറുള്ളത് സ്‌കോട്ടിഷ് തത്വചിന്തകന്‍ ഡേവിഡ് ഹ്യൂമിന്റെ കോസാലിറ്റിക്കെതിരെയുള്ള വാദങ്ങളാണ്. ഹ്യൂമിന്റെ ആക്രമണത്തിന് ഇമ്മാനുവല്‍ കാന്റ് പൂര്‍വോപരി ശക്തിയോടെ മറുപടി നല്‍കിയത് കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചിരുന്നു. ശാസ്ത്രാന്വേഷണങ്ങളുടെ മുഴുവന്‍ അടിവേരറുക്കുന്ന വാദമായത് കൊണ്ട് തന്നെ ഹ്യൂമിന്റെ വാദം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് കാന്റ് വ്യക്തമാക്കുകയുണ്ടായി.
മറ്റൊരു വിമര്‍ശനം ക്വാണ്ടം ഫിസിക്‌സിന്റെ ഭാഗത്തു നിന്നുള്ളതാണ്. ക്വാണ്ടം ഫിസിക്‌സിന്റെ കോപ്പന്‍ഹേഗന്‍ വ്യാഖ്യാനമനുസരിച്ച് കാര്യകാരണ ബന്ധമില്ലാത്ത അനിര്‍ണിതത്വം (ഇന്‍ഡിറ്റര്‍മിനസി) സബ്ആറ്റോമിക് തലങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി ധരിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊരു പ്രശ്‌നം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ക്വാണ്ടം വാക്വം ഫ്‌ളക്‌ച്വേഷന്‍, വിര്‍ച്വല്‍ പാര്‍ട്ടിക്കിള്‍സ് തുടങ്ങിയ ഉദാഹരണങ്ങള്‍ കൊണ്ട് കോസല്‍ പ്രിന്‍സിപിളിനെ ഖണ്ഡിക്കാനുള്ള ശ്രമങ്ങള്‍ക്ക് കഴിഞ്ഞ ലക്കത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. അപ്രവചനീയത ഒരിക്കലും അനിര്‍ണിതത്വ (inditerminacy) മായി ഗണിക്കാനാവില്ല എന്ന മുമ്പ് വിവരിച്ചിട്ടുണ്ട്. ക്വാണ്ടം വാക്വത്തിലെ ഫ്‌ളക്‌ചേഷനുകള്‍ക്കുള്ള ഊര്‍ജം എവിടെ നിന്നു വന്നു എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു എന്നതാണ് സത്യം. A universe from nothing; why there is something rather than nothing എന്ന കൃതിയില്‍ കോസ്‌മോളജിസ്റ്റ് ലോറന്‍സ് ക്രോസ് ക്വാണ്ടം വാക്വത്തെ നത്തിങ് ആയി പരികല്‍പന ചെയ്യുന്നു. എന്നാല്‍ ക്വാണ്ടം വാക്വം ഒരിക്കലും ശൂന്യമല്ല (empty) എന്ന് സാമാന്യശാസ്ത്രബോധമുള്ള ആര്‍ക്കും നിസ്സംശയം ബോധ്യമാവും. ലോറന്‍സ് ക്രോസിന്റെ നത്തിങ് ഒരു സംതിങ് ആണ് എന്ന് വരുമ്പോള്‍ അകാരണമായി ഇല്ലായ്മയില്‍ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന പ്രസ്താവന ഖണ്ഡിക്കാനാവത്ത വിധം അനിഷേധ്യമായി തുടരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിക്കല്‍ ഫൗണ്ടേഷന്‍സ് ഓഫ് ഫിസിക്‌സില്‍ എം എ പ്രോഗ്രാം ഡയറക്ടറായ ഡേവിഡ് ആല്‍ബേര്‍ട്ട് ലോറന്‍സ് ക്രോസിന്റെ കൃതിയിലെ ക്വാണ്ടം വാക്വത്തെ നത്തിങ്ങായി പരിചയപ്പെടുത്തുന്നതിനെതിരെ രംഗത്തു വന്ന പ്രമുഖരിലൊരാളാണ്. Quantum mechanics and experience (1992), time and chance (2000), after physics (2015) തുടങ്ങി ക്വാണ്ടം മെക്കാനിക്കില്‍ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും ഡേവിഡ് ആല്‍ബേര്‍ട്ടിനുണ്ട്. 25 വര്‍ഷത്തിലധികം കോസ്‌മോളജിയുടെ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ വിലങ്കിന്‍ പറയുന്നത് സ്ഥലം, കാലം, ദ്രവ്യം എന്നിവയുടെ അഭാവം പോലും നത്തിങ് എന്ന ഗണത്തില്‍ വരില്ല എന്നാണ്. കാരണം ഫിസിക്‌സിന്റെ നിയമങ്ങള്‍ അങ്ങനെയൊരവസ്ഥയിലും നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ.
രണ്ടാമത്തെ പ്രസ്താവന
പ്രപഞ്ചം ആരംഭിച്ചതാണ്, അനാദിയല്ല എന്നതാണ് രണ്ടാമത്തെ പ്രസ്താവന. കോസ്‌മോളജി, ഫിസിക്‌സ്, മെറ്റാഫിസിക്‌സ് എന്നിവയില്‍ നിന്നുള്ള വ്യത്യസ്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന സ്ഥാപിതമാവുന്നത്. കോസ്‌മോളജി, ഫിസിക്‌സ് എന്നിവയില്‍ നിന്നുള്ള മൂന്ന് തെളിവുകള്‍ താഴെ പറയുന്ന പ്രകാരമാണ്:
1. തെര്‍മോ ഡൈനാമിക്‌സിന്റെ രണ്ടാമത്തെ നിയമം. ലോ ഓഫ് എന്‍ട്രോപി എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം അനന്തമായ ഭൂതകാലമുള്ള പ്രപഞ്ചം അസാധ്യമാണെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. എന്‍ട്രോപി എന്നാല്‍ ക്രമരാഹിത്യം (disorder) എന്ന് ലളിതമായി പറയാം. പ്രകൃതി പ്രതിഭാസങ്ങള്‍ ഭാവിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. നേരെ മറിച്ച് ഭൂതകാലത്തേക്ക് തിരിച്ചൊഴുകാന്‍ സാധ്യമല്ല എന്നാണ് ഈ നിയമം സിദ്ധാന്തിക്കുന്നത്. അതായത് ഏതൊരു ക്ലോസ്ഡ് സിസ്റ്റത്തിലും ഊര്‍ജവും ദ്രവ്യവുമെല്ലാം ക്രമത്തില്‍ നിന്ന് ക്രമരാഹിത്യത്തിലേക്ക് നീങ്ങുന്നു എന്നര്‍ഥം. താപം ചുടുള്ള വസ്തുക്കളില്‍ നിന്ന് തണുത്തവയിലേക്ക് നീങ്ങുന്നതും നേരെ തിരിച്ച് നീങ്ങാതിരിക്കുന്നതും ഇതിന്റെ ഉദാഹരണമാണ്. ബാഹ്യ ഇടപെടല്‍ മൂലം തണുത്തവ വീണ്ടും താപം ആര്‍ജിക്കുന്നത് ഇതിനെതിരല്ല. ബാഹ്യ ഇടപെടലില്ലാതെയുള്ള ഊര്‍ജത്തിന്റെ സഞ്ചാരത്തെയാണ് ലോ ഓഫ് എന്‍ട്രോപി പരിഗണിക്കുന്നത്.
മഹാവിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചം അതീവ താപമുള്ളതായിരുന്നു. പിന്നീട് കാലം കടന്നുപോകുന്നതിനനുസരിച്ച് തണുത്തുവരികയും ക്രമേണ ദ്രവ്യവും പിന്നീട് മൂലകങ്ങളും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം രൂപപ്പെട്ടു. പിന്നീട് കാലം കുറെ മുന്നോട്ട് പോയപ്പോള്‍ മനുഷ്യവാസം സാധ്യമാവുന്ന രീതിയില്‍ ഭൂമിയിലെയും പ്രപഞ്ചത്തിലെയും ഊര്‍ജ്ജം ക്രമീകരിക്കപ്പെട്ടു. ഇത് ആന്ത്രോപിക് പ്രിന്‍സിപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്‍ട്രോപി മൂലമാണ് മനുഷ്യവാസയോഗ്യവും മറ്റു ജൈവ വൈവിധ്യങ്ങള്‍ക്കനുകൂലവുമായ തലത്തില്‍ പ്രപഞ്ചം എത്തിച്ചേരുന്നത്.
പ്രപഞ്ചത്തിലെ നിലവിലെ എന്‍ട്രോപി കണക്കുകൂട്ടിനോക്കിയാല്‍ മഹാവിസ്‌ഫോടന സമയത്തെ ഊര്‍ജത്തിന്റെയും താപത്തിന്റെയും അളവുകള്‍ മനസിലാക്കാന്‍ കഴിയും. 1964ല്‍ ആര്‍നോപെന്‍സിയാസ്, റോബര്‍ട്ട് വില്‍സണ്‍ എന്നീ അമേരിക്കന്‍ റേഡിയോ ശാസ്ത്രജ്ഞര്‍ അവിചാരിതമായി ബിഗ്ബാംഗിന്റെ അവശിഷ്ടമായ കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് (CMB) കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളിലാണ് പ്രപഞ്ചത്തിന്റെ ആരംഭത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിലവിലുള്ള ഊര്‍ജ ക്രമീകരണത്തിലേക്ക് പരിണമിച്ചെത്തണമെങ്കില്‍ പ്രപഞ്ചം ഒരിക്കലും അനാദിയായിരിക്കാന്‍ പറ്റില്ല. മറിച്ച് ഇന്ന് കണക്കാക്കുന്ന 13.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിര്‍ഭവിച്ചതായിരിക്കണമെന്ന നിഗമനത്തിലേക്ക് ശാസ്ത്രം എത്തിച്ചേരുന്നത് അങ്ങനെയാണ്.
2) ബിഗ്ബാംഗ് തിയറി: ഒരു നിശ്ചിത കാലം മുമ്പ് മഹാ വിസ്‌ഫോടനത്തിന്റെ സമയത്ത് പ്രപഞ്ചം ആവിര്‍ഭവിച്ചു എന്ന് ശാസ്ത്രം അംഗീകരിക്കുന്നു.
3) ബോര്‍ഡ് ഗൂത് വിലങ്കിന്‍ തിയറം: അരവിന്ദ് ബോര്‍ഡ്, അലന്‍ഗൂത്, അലക്‌സാണ്ടര്‍ വിലങ്കിന്‍ എന്നീ പ്രമുഖ ശാസ്ത്രജ്ഞരുടെ ഫിസിക്കല്‍ കോസ്‌മോളജിയിലെ ഒരു സിദ്ധാന്തമാണ് ഇത്. ഭൂതകാലത്തുടനീളം നിരന്തരം വികസിച്ചു കൊണ്ടേയിരിക്കുന്ന ഏത് പ്രപഞ്ചവും ഭൂതകാലത്ത് അനന്തമായി നിലനില്‍ക്കാന്‍ സാധ്യമല്ല, മറിച്ച് അതിന് ഒരു സ്ഥലകാല(ുെമരലശോല) പരിധിയുണ്ടായേ തീരൂ എന്ന് ഈ തിയറം പ്രസ്താവിക്കുന്നു.
മെറ്റാഫിസിക്കല്‍ തെളിവ്
പ്രപഞ്ചം അനാദിയല്ല, കാരണം അനന്തമായ സംഭവങ്ങള്‍ ഒരിക്കലും ഭൗതിക ലോകത്ത് സംഭവ്യമല്ല. ആക്ച്വല്‍ ഇന്‍ഫിനിറ്റി ഭൗതിക പ്രതിഭാസങ്ങളില്‍ ഉണ്ടാവുക അസാധ്യമാണെന്നതിന് തെളിവായി ഹില്‍ബര്‍ട്ടിന്റെ ഹോട്ടല്‍ ചിന്താപരീക്ഷണത്തെ കാണാവുന്നതാണ്. ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ഡേവിഡ് ഹില്‍ബര്‍ട്ട് പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലെ അതുല്യ ഗണിതപ്രതിഭയായിരുന്നു. ഹില്‍ബര്‍ട്ടിന്റെ ഹോട്ടലില്‍ അനന്തമായ അസംഖ്യം മുറികളുണ്ട്. എല്ലാ മുറികളിലും നിലവില്‍ താമസക്കാരുണ്ട്. ഇനി പുതിയൊരു അതിഥിയെ താമസിപ്പിക്കാന്‍ സ്ഥലമില്ലെന്ന് നമ്മള്‍ വിചാരിച്ചുപോകും. പക്ഷേ അനന്തമായി നിരവധി മുറികളുള്ളതിനാല്‍ അടുത്തതായി വരുന്ന ഒരാള്‍ക്കോ രണ്ടാള്‍ക്കോ എന്നല്ല അസംഖ്യം അതിഥികള്‍ക്കും സ്ഥലം നല്‍കാനാവും എന്നതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. എന്നാല്‍ മുറികളെല്ലാം തന്നെ ആദ്യമേ താമസക്കാരുള്ളതുമാണ്. ഈ ഹോട്ടലിനു പുറത്ത് ഇങ്ങനെ ഒരു ബോര്‍ഡ് വെക്കാം: ‘എല്ലാ മുറികളും തീര്‍ന്നു. പുതിയ അതിഥികള്‍ക്കു സ്വാഗതം’. അതായത് ഇത് പൂര്‍ണമായും വിരോധാഭാസമാണെന്നതു കൊണ്ടുതന്നെ ‘ഹില്‍ബര്‍ട്ട്‌സ് പാരഡോക്‌സ്’ എന്ന് ഈ പരീക്ഷണം അറിയപ്പെടുന്നു.
അന്തിമനിഗമനം(conclusion)
അകാരണമായി ഒന്നും ആരംഭിക്കുകയില്ല(സംഭവിക്കുകയില്ല), പ്രപഞ്ചം ആരംഭിച്ചതാണ് എന്നീ പ്രസ്താവങ്ങള്‍ തെളിയിക്കപ്പെടുന്നതോടെ പ്രപഞ്ചം ഉണ്മയിലേക്ക് ആരംഭിക്കുന്നതിന് ഒരു കാരണം അനിവാര്യമാണെന്ന് സംശയലേശമന്യേ വ്യക്തമാകുന്നു. ഈ കാരണം ഒരിക്കലും പ്രപഞ്ചത്തിന്റെ സ്വഭാവങ്ങളോ ഗുണങ്ങളോ ഉള്ളതാവാന്‍ പാടില്ല. മഹാവിസ്‌ഫോടനത്തോടെയാണ് ഊര്‍ജം, സ്ഥലം, കാലം, ദ്രവ്യം എന്നിവ ഉത്ഭവിച്ചതെങ്കില്‍ ഇവയൊന്നുമല്ലാത്ത ഒരു ശക്തിയായിരിക്കണം അതിന്റെ കാരണം.
ദ്രവ്യത്തിന്റെ ആരംഭകാരണം ദ്രവ്യം തന്നെ ആവുക എന്ന് വരുകയാണെങ്കില്‍ ഒരു വസ്തുവിന്റെ കാരണം അതു തന്നെ ആവുക എന്ന് വരും. സ്ഥലത്തിനും കാലത്തിനും കാരണമായ ശക്തി സ്ഥലത്തിനും കാലത്തിനും വിധേയമാവുക എന്നത് മുമ്പും പറഞ്ഞ വൈരുദ്ധ്യം ആവര്‍ത്തിക്കുന്നതിനിടയാക്കും. സ്ഥലത്തെ സൃഷ്ടിച്ച ശക്തി സ്ഥലത്തിനതീതനാവണം. സമയം സൃഷ്ടിച്ച ശക്തി സമയത്തിനതീനനാവണം. അങ്ങനെ ഭൗതികമായ സര്‍വഗുണങ്ങള്‍ക്കുമതീതനായിരിക്കണം ഭൗതിക പ്രപഞ്ചത്തിന്റെ കാരണക്കാരനായ ശക്തി. ഒന്നില്‍ കൂടുതല്‍ ശക്തികളുണ്ടാവുകയാണെങ്കില്‍ അവര്‍ പരസ്പര കലഹത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരാതിരിക്കാന്‍ ഏകനായ പരമശക്തിക്കായിരിക്കണം. പ്രപഞ്ചത്തെ ഇല്ലായ്മയില്‍ നിന്ന് ഉണ്മയിലേക്ക് കൊണ്ടുവന്ന ശക്തിക്ക് ചിന്താശക്തിയുണ്ടായിരുന്നാല്‍ മാത്രമേ അത് സാധ്യമാവൂ. ജീവനുള്ള ചിന്താശക്തിയുള്ള ഭൗതികാതീതനായ പരമശക്തനായ ഒരു സൃഷ്ടാവ് പ്രപഞ്ചത്തിനുണ്ടാവണമെന്ന് അങ്ങനെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ സ്ഥാപിതമാകുന്നു.
ശമീറലി ഹുദവി പള്ളത്ത്
ഡിഗ്രി വിഭാഗം ലക്ചറര്‍, ദാറുല്‍ ഹുദാ