Thelicham

കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: കോസാലിറ്റിയും ക്വാണ്ടം ഫിസിക്‌സും

First came the chasm: and then broad breasted the Earth…- Hesiod (Theogony)

ബി.സി 750-650 കാലയളവില്‍ ജീവിച്ചിരുന്ന യവന കവി ഹെസിയോദിന്റെ പ്രമുഖ കൃതിയായ തിയോഗണിയില്‍ പ്രപഞ്ചത്തിന്റെ ആരംഭത്തെ കുറിച്ചുള്ള വിവരണമാണിത്. യവന പുരാവൃത്തങ്ങള്‍ വിവരിക്കുന്ന പ്രധാന കൃതിയായി ഗണിക്കപ്പെടുന്നത് ഹെസിയോദ് രചിച്ച യവന ദൈവങ്ങളുടെ വംശാവലി രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം തന്നെ. ഇലിയഡിന്റെ കര്‍ത്താവായ ഹോമറിന്റെ സമകാലീനനായിരുന്ന ഹെസിയോദ് വിവരിക്കുന്നതനുസരിച്ച് ആദ്യം കായോസ് (chaos) ഉദ്ഭവിക്കുകയും ശേഷം വിശാലമായ ഭൂമി അതിനെ അനുഗമിക്കുകയുമുണ്ടായി എന്ന് അന്ധവിശ്വാസങ്ങളില്‍ കൂപ്പുകുത്തിയിരുന്ന പൗരാണിക യവന ലോകം വിശ്വസിച്ചു പോന്നു. കായെസ് എന്ന ഗ്രീക്ക് പദം disorder എന്ന അര്‍ത്ഥത്തിലാണ് പൊതുവെ ഉപയോഗിക്കപ്പെടാറുള്ളത്. കായോസിന് നേര്‍വിപരീതമായി വരുന്ന കോസ്‌മോസ് എന്ന പദമാണ് പ്രപഞ്ചത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. 2015ല്‍ അന്തരിച്ച യവന പഠനങ്ങളില്‍ അദ്വിതീയനായ ബ്രിട്ടീഷ് ക്ലാസിക്കല്‍ പണ്ഡിതന്‍ എം എല്‍ വെസ്റ്റ് (1937-2015) നിരീക്ഷിക്കുന്നതനുസരിച്ച് കായെസ് എന്ന പദം വിവക്ഷിക്കുന്നത് chasm (അഗാധത, ഗര്‍ത്തം) എന്നാണ്. ചുരുക്കത്തില്‍ ആദിയില്‍ അഗാധഗര്‍ത്തമായിരുന്നു. അതില്‍ നിന്ന് പ്രപഞ്ചം ഉടലെടുത്തു എന്ന് യവന പുരാണം സിദ്ധാന്തിക്കുന്നു. ഭൗതിക പ്രപഞ്ചത്തെ നിരീക്ഷിച്ചു കൊണ്ട് ഭൗതിക പ്രതിഭാസങ്ങളുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് വിചാരപ്പെടുന്നതിന് പകരം അന്ധവിശ്വാസങ്ങളുടെ വീക്ഷണമാണ് ഗ്രീക്ക് മിത്തോളജി മുന്നോട്ട് വെക്കുന്നത്.

ഹെസിയോദിന് ശേഷം ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു കഴിയുമ്പോളാണ് ഭൗതിക പ്രപഞ്ചം സംവിധാനിക്കപ്പെട്ടിരിക്കുന്ന രീതിയെ കുറിച്ചും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെ കുറിച്ചുമുള്ള വിചാരങ്ങള്‍ അയോണിയ (ഇന്നത്തെ തുര്‍ക്കിയില്‍)യിലെ മിലേറ്റ്‌സില്‍ ജീവിച്ചിരുന്ന തെയ്ല്‍സ് (624-545 ബിസി) എന്ന തത്വജ്ഞാനിയായ ശാസ്ത്രജ്ഞനിലൂടെ ആരംഭിക്കുന്നത്. വസ്തുക്കളില്‍ അടങ്ങിയ എന്തോ ഒരു ശക്തിയാണ് ലോകത്ത് സംഭവിക്കുന്ന പ്രതിഭാസങ്ങള്‍ക്ക് മൂലഹേതുകമെന്ന് തെയ്ല്‍സ് നിരീക്ഷിച്ചു. പൊതുവെ, ജീവനാണ് ചലനത്തിന്റെ ആധാരമെന്ന ലളിതയുക്തിയില്‍ നിന്ന് ജീവന്റെ ആധാരമായി പ്രകൃതിയില്‍ വര്‍ത്തിക്കുന്ന ജലത്തിലേക്ക് തെയ്ല്‍സ് ശ്രദ്ധ തിരിച്ചു. സര്‍വ വസ്തുക്കളുടെയും അടിസ്ഥാന ഘടകം ജലമാണെന്ന് അങ്ങനെ അദ്ധേഹം പ്രസ്താവിച്ചു. തെയ്ല്‍സ് ആരംഭിച്ച നിരീക്ഷണരീതി ശാസ്ത്രം (inductive reasoning) ഇന്ന് അടിസ്ഥാന കണങ്ങളായ ആറ്റങ്ങളിലേക്കും സബ് ആറ്റോമിക് കണങ്ങളായ ഇലകട്രോണ്‍, ന്യൂട്രോണ്‍, പ്രോട്ടോണ്‍, സൂക്ഷ്മ കണങ്ങളായ ലെപ്‌റ്റോണുകള്‍, ക്വാര്‍ക്കുകള്‍ തുടങ്ങിയവയിലേക്കും നമ്മെ നയിക്കുകയുണ്ടായി. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ഇത്തരമൊരു നിരീക്ഷണത്തലേക്ക് തെയ്ല്‍സിനെ നയിച്ചത് എന്താണ്. ഉത്തരം ലളിതം: തന്റെ ചുറ്റുമുള്ള ഭൗതിക പ്രതിഭാസങ്ങള്‍ (physical Phenomena) അദ്ധേഹത്തിന്റെ മനസ്സില്‍ മനുഷ്യ സഹജമായ ജിജ്ഞാസ ഉണര്‍ത്തുകയും അവയുടെ കാരണങ്ങള്‍ കണ്ടെത്തുകയും ചെയതു. ശാസ്ത്രീയാന്വേഷണത്തിന്റെ അടിസ്ഥാന ശിലയായ കാര്യകാരണ ബന്ധം (causality) തെയ്ല്‍സിലൂടെ രംഗപ്രവേശം ചെയ്തു. അരിസ്റ്റോട്ടില്‍, ഇബ്‌നു സീന, ഇബ്‌നു ഹൈഥം, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍ തുടങ്ങിയ ചിന്തകരും ശാസ്ത്രജ്ഞരും സയന്‍സിലെ കോസാലിറ്റിയുടെ സ്ഥാനത്തെ പ്രത്യേകം അടയാളപ്പെടുത്തിയവരായിരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങളെ (past events) നിരീക്ഷിച്ചിതനുസരിച്ച് ഭാവി കാര്യങ്ങളെ (future events) പ്രവചിക്കുക എന്നതാണ്. അത്തരം പ്രവചനങ്ങള്‍ സാധ്യമാവുന്നത് നിരീക്ഷിക്കപ്പെട്ട സംഭവങ്ങള്‍/ കാര്യങ്ങള്‍ തമ്മിലുള്ള കാര്യ കാരണ ബന്ധം മനസ്സിലാക്കുന്നതിലൂടെയാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ (empiricism) പ്രധാന വക്താക്കളിലൊരാളായ സ്‌കോട്ടിഷ് ഫിലോസഫര്‍ ഡേവിഡ് ഹ്യൂം (1711-1776) കോസാലിറ്റിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. കാര്‍ട്ടീഷ്യന്‍ ദര്‍ശനത്തിന് വിരുദ്ധമായി രംണ്ട് കാര്യങ്ങള്‍ തമ്മില്‍ ആത്യന്തികമായി കാര്യകാരണ ബന്ധവമുണ്ടാവല്‍ അനിവാര്യമല്ല എന്ന് ഹ്യൂം നിരീക്ഷിച്ചു. തന്റെ ആന്‍ ഇന്‍ക്വയറി ഓഫ് കണ്‍സേണിംഗ് ഹ്യൂമന്‍ അണ്ടര്‍സ്റ്റാന്റിംഗ് എന്ന കൃതിയില്‍ ഇന്‍ഡക്ടീവ് റീസണിംഗിനെ ശാസ്ത്രീയ ജ്ഞാനത്തിന്റെ മാധ്യമമായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു.

രണ്ട് കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അനിവാര്യകാരണബന്ധം എന്ന് പറയാന്‍ കഴിയില്ലെന്നും മറിച്ച് അവ തമ്മില്‍ correlation ആണ് ഉള്ളതെന്നുമാണ് ഹ്യൂമിന്റെ പക്ഷം. ഇമാം ഗസ്സാലി(റ)യും തന്റെ തഹാഫുതുല്‍ ഫലാസിഫയില്‍ സമാനമായ ആശയം പങ്കുവെക്കുന്നുണ്ട്. ഭൗതിക നിയമങ്ങള്‍ അലംഘനീയ തത്വങ്ങളാണെന്നുള്ളതുകൊണ്ട് മുഅ്ജിസത്തുകള്‍(miracles) സംഭവ്യമല്ലെന്ന കാഴ്ചപ്പാടായിരുന്നു അരിസ്റ്റോട്ടിലീയന്‍ ദര്‍ശനത്തിന്റെ വക്താക്കളായിരുന്ന മുസ്‌ലിം തത്വചിന്തകരായിരുന്ന ഇബ്‌നു സീനക്കും ഫാറാബിക്കുമുണ്ടായിരുന്നത്. അതിനെ ഖണ്ഡിച്ചുകൊണ്ട് ഇമാം ചോദിക്കുന്നു: ”ഒരു കാര്യം, അല്ലെങ്കില്‍ സംഭവം മറ്റൊരു കാര്യത്തിന്റെ കാരണമാണെന്ന് എങ്ങനെ തീര്‍ത്ത് പറയാന്‍ കഴിയും? ഉദാഹരണത്തിന് അല്‍പം പഞ്ഞിയില്‍ തീ വെക്കുകയാണെങ്കില്‍ പഞ്ഞി കരിയുന്നത് കാണാം. പക്ഷെ, തീ തന്നെയാണ് കരിച്ചതെന്ന് പറയാന്‍ കഴിയില്ല. തീയും കരിയുക എന്ന സംഭവവും തമ്മില്‍ മുഖാറന(കൊറിലേഷന്‍) ഉണ്ട് എന്നല്ലാതെ സബബ് മുസബ്ബബ് എന്ന cause and effect ബന്ധമില്ല. രണ്ട് കാര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ സാധാരണ നിശ്ചിത എഫക്ട് ഉണ്ടാവുന്നു എന്ന് മാത്രമേ കോറിലേഷന്‍ -മുഖാറന അര്‍ഥമാക്കുന്നുള്ളൂ.

ഹ്യൂമിന്റെ ഈ വെല്ലുവിളി ശാസ്ത്രത്തിന്റെ ചരിത്രത്തെയും ഭാവിയെയും പൂര്‍ണമായും തകിടം മറിക്കാന്‍ പോരുന്നതായിരുന്നു. സയന്റിസത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമായും ഹ്യൂമിന്റെ ഈ സ്‌കെപ്റ്റിസിസത്തെ വായിക്കാം. ഇമാം ഗസ്സാലി (റ)ക്കെതിരെ ഇബ്‌നു റുഷ്ദ് ആരോപിച്ചതും ശാസ്ത്ര നിഷേധമെന്ന മഹാ അപരാധമായിരുന്നു. ഇമാം ഗസാലി (റ) തന്റെ അല്‍ ഇഖ്തിസാദ് ഫില്‍ ഇഅ്തിഖാദ് എന്ന ഗ്രന്ഥത്തില്‍ ഇത്തരമൊരു ആരോപണത്തിന്റെ സാധുത ഇല്ലാതാക്കുന്നുണ്ട്. കോസാലിറ്റിയെ പൂര്‍ണമായും എതിര്‍ക്കുക എന്നതിന് പകരം ആദത്ത് (custom) എന്ന ആശയമാണ് കോറിലേഷന്‍ എന്ന പോലെ ഇമാം നല്‍കുന്നത്. ഹ്യൂമിന്റെ എക്‌സ്പീരിയന്‍സ് എന്ന സങ്കല്‍പത്തോട് അടുത്ത് വരുന്ന ഒന്നു തന്നെയാണ് ആദത്ത് കൊണ്ട് ഇമാം വിവക്ഷിക്കുന്നത്. ചുരുക്കത്തില്‍, ഇമാം ഗസ്സാലിയോ, ഡേവിഡ് ഹ്യൂമോ ശാസ്ത്ര വിരുദ്ധരായിരുന്നില്ല എന്നര്‍ത്ഥം.

ഹ്യൂമിന് ശേഷം വന്ന ഇമ്മാനുവല്‍ കാന്റി(1724-1804)നെ തന്റെ സിദ്ധാന്ത ജടിലത്വ(dogmatic slumber)ത്തില്‍ നിന്ന് ഉണര്‍ത്തിയത് ഹ്യൂമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ critique of pure reason എന്ന കൃതിയുടെ പ്രധാന ദൗത്യം തന്നെ നമ്മുടെ അറിവുകളെല്ലാം ഒരര്‍ത്ഥില്‍ അനുഭവത്തിനപ്പുറത്ത് അടിസ്ഥാനമുള്ള അപ്രിയോറി ജ്ഞാനമാണെന്ന് സ്ഥാപിക്കലാണ്. അതായത്, അനുഭവത്തില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കേണ്ടവയല്ല, മറിച്ച് സ്വതന്ത്രമായി നിലനില്‍ക്കാന്‍ യോഗ്യമാണ്. ഉദാഹരണമായി, കണക്ക് പഠിക്കുന്ന ഒരു കുട്ടിക്ക് രണ്ട് മാര്‍ബിള്‍ കഷ്ണങ്ങളോട് രണ്ട് കഷ്ണങ്ങള്‍ കൂട്ടിയാല്‍ നാലു കഷ്ണങ്ങള്‍ ലഭിക്കുമെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാം. എന്നാല്‍, 2+2=4 എന്ന പൊതു പ്രമാണം മനസ്സിലാക്കുന്നതോടെ അനുഭവിച്ചറിയേണ്ട ആവശ്യമില്ലാതാവുന്നു.

കാന്റ് ജ്ഞാനത്തെ പ്രധാനമായും രണ്ട് വര്‍ഗീകരണങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാമത്തെ വര്‍ഗീകരണം പ്രകാരം ഒന്നുകില്‍ അനലിറ്റിക്, അല്ലെങ്കില്‍ സിന്തറ്റിക് ജ്ഞാനം. രണ്ടാമത്തേത് പ്രകാരം, അപ്രിയോറി, അല്ലെങ്കില്‍ എംപിരിക്കല്‍. അനലിറ്റിക് പ്രസ്താവന(proposition)യില്‍ ആഖ്യാതം(predicate) ആഖ്യാ(subject)യുടെ ഭാഗമായിരിക്കും. ഉദാഹരണം, എല്ലാ സുന്ദരികളായ സ്ത്രീകളും സ്ത്രീകളാണ്. ന്യായശാസ്ത്ര(logic)ത്തിലെ വൈരുദ്ധ്യപ്രമാണം (law of contradiction) അമനുസരിച്ചാണിത്. അതായത്, എല്ലാ സുന്ദരികളായ സ്ത്രീകളും സ്ത്രീകളല്ല എന്നത് സ്വയം വിരുദ്ധ(self contradictory)മാണ്. ഓള്‍ ബാച്ച്‌ലേര്‍സ് ആര്‍ അണ്മാരീഡ് എന്നത് മറ്റൊരു ഉദാഹരണം. എന്നാല്‍ അനലിറ്റിക് അല്ലാത്തവയാണ് രണ്ടാമത്തെ ഇനമായ സിന്തറ്റിക്ക്. അനുഭവത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്നവയാണ് സിന്തറ്റിക് പ്രസ്താവനകള്‍. ഉദാഹരണം, ജനുവരി നല്ല തണുപ്പുള്ള മാസമായിരുന്നു എന്നത് കണ്‍സെപ്റ്റുകള്‍ മാത്രം വിശകലനം ചെയത് കണ്ടെത്താന്‍ സാധ്യമല്ല. അനലിറ്റിക് അല്ലാത്തവ എല്ലാം അനുഭവത്തിലൂടെ മാത്രമെ അറിയാന്‍ കഴിയൂ എന്ന് കാന്റ് വിശ്വസിച്ചില്ല. അങ്ങനെയാണ് മറ്റൊരു വര്‍ഗികരണത്തിന് കാന്റ് മുതിരുന്നത്.

രണ്ടാമത്തെ വര്‍ഗീകരണത്തിലാണ് അപ്രിയോറിയും എംപിരിക്കലും വരുന്നത്. എംപിരിക്കല്‍ പ്രസ്താവന നമ്മുടെയോ വിശ്വാസയോഗ്യമായവരുടെയോ ഇന്ദ്രിയാനുഭവത്തിലൂടെ അറിയാന്‍ കഴിയുന്നവയാണ്. ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ ഈ ഗണത്തില്‍ വരുന്നു. അപ്രിയോറി പ്രസ്താവനകള്‍ അനുഭവത്തിലൂടെ മനസ്സിലാക്കി എടുക്കാനാവുമെങ്കിലും അനുഭവത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നവയല്ല. ഹ്യൂം പറഞ്ഞത് കോസാലിറ്റി അനലിറ്റിക്ക് ഗണത്തില്‍ പെടുകയില്ല എന്നാണ്. ശരി, അത് സിന്തറ്റിക് ആണെന്ന് അംഗീകരിച്ചു. പക്ഷേ, അതോടൊപ്പം അപ്രിയോറി കൂടിയാണ്. ഹ്യൂം പറഞ്ഞത് വസ്തുകള്‍ക്കിടയില്‍ നാം കണ്ടെത്തുന്ന ബന്ധം വസ്തുക്കള്‍ (object) സ്വയമേവ നല്‍കുന്നതല്ല. മറിച്ച്, നാം അങ്ങനെയൊരു ബന്ധം നിരീക്ഷിക്കുന്നു. സബ്ജക്ട് ആയ നമ്മുടെ പ്രവര്‍ത്തനമാണ് ആ ബന്ധത്തിന്റെ അടിസ്ഥാനം. മനുഷ്യരില്‍ പ്രകൃത്യാ നിലനില്‍ക്കുന്ന നൈസര്‍ഗിക ബോധമെന്ന് ഹ്യൂം നിരീക്ഷച്ചതിനെ ശാസ്ത്രത്തിന്റെ അനിവാര്യതയായി പ്രതിഷ്ഠിക്കുകയാണ് കാന്റ് ചെയ്യുന്നത്. ഭൗതിക നിയമങ്ങളുടെ മാറ്റമില്ലാത്ത നൈരന്തര്യത്തിന്റെ (constancy) അടിസ്ഥാനത്തിലാണ് ശാസ്ത്രത്തിന്റെ അനിവാര്യത (necessity), അഥവാ കോസാലിറ്റിയുടെ അപ്രിയോറി എന്ന സ്ഥാനത്തെ കാന്റ് വിശദീകരിക്കുന്നത്.

ചുരുക്കത്തില്‍, കോസാലിറ്റിക്കിതെരില്‍ ഹ്യൂം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പിടിച്ചുകെട്ടുകയായിരുന്നു കാന്റ്. ശാസ്ത്രനിയമങ്ങളുടെ യുക്തിയുക്തതയും നൈരന്തര്യവും കാര്യങ്ങളുടെയും കാരണങ്ങളുടെയും ഇടയിലെ ബന്ധത്തിന് മതിയായ തെളിവായി കാന്റ് വിശ്വസിച്ചു. ഇന്നും ശാസ്ത്രലോകത്തെ അന്വേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഇതനുസരിച്ച് മുന്നോട്ടുപോകുന്നു.

വില്യം വെവലിന്റെയും ജോണ്‍സ്റ്റുവര്‍ട്ട് മില്ലിന്റെയും ചിന്തകള്‍ കോസാലിറ്റിയുടെ പുതിയ നിര്‍വചനങ്ങളും മാനങ്ങളും പ്രദാനം ചെയ്തു. പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടുവെച്ച വിശേഷ ആപേക്ഷികത(special relativity)യും പൊതു ആപേക്ഷികതയും കോസാലിറ്റിയെ സ്ഥിരീകരിക്കുന്നതായിരുന്നു.

ക്വാണ്ടം തിയറിയുടെ കടന്നുവരവോടെ കോസാലിറ്റി അതിശക്തമായ വെല്ലുവിളികള്‍ നേരിട്ടു. നീല്‍സ് ബോറിന്റെയും ഹെയ്‌സന്‍ ബര്‍ഗിന്റെയും കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനമുനസരിച്ച് ഒരു ക്വാണ്ടം അളവിന്റെ റിസല്‍ട്ട് കോസാലിറ്റി അടിസ്ഥാനമാക്കിയല്ലാതെ തീര്‍ത്തും ആകസ്മിക(random)മായി അളക്കുന്ന നിമിഷത്തില്‍ മാത്രമാണ് കണക്കാക്കാന്‍ കഴിയുക. അതായത് ഒരു കണത്തിന്റെ സ്ഥാനവും(position) സംവേഗവും(momentum) ഒരുമിച്ച് കൃത്യമായി അളക്കുവാന്‍ സാധ്യമല്ല എന്നാണ് ഹെയ്‌സന്‍ ബര്‍ഗിന്റെ അനിശ്ചിതത്വ പ്രമാണം (uncertainity principle) മുന്നോട്ടുവെക്കുന്നത്. 1935ല്‍ ഐന്‍സ്റ്റീന്‍ തന്റെ സഹപ്രവര്‍ത്തകരായ ബോറിസ് പൊഡോള്‍സ്‌കി, നതാന്‍ റോസന്‍(മൂന്നുപേരും E.P.R എന്ന് ചുരുക്കത്തില്‍ വിളിക്കപ്പെടുന്നു) എന്നിവരോടൊപ്പം ഒരു ചിന്താപരീക്ഷണം വിശദീകരിക്കുകയും നീല്‍സ് ബോറിന്റെ വ്യാഖ്യാനത്തെ പ്രത്യക്ഷത്തില്‍ അസാധ്യമാക്കി മാറ്റുകയും ചെയ്തു.

എങ്കിലും ‘ക്വാണ്ടം എന്റാങ്ക്ള്‍മെന്റിലെ കണങ്ങള്‍ അളന്നു നോക്കുമ്പോള്‍ അവയുടെ ഭ്രമണങ്ങള്‍ (spin) തമ്മിലുള്ള ബന്ധം ഒരിക്കലും ആ ഭ്രമണങ്ങള്‍ക്കു മുമ്പുള്ള പ്രോപര്‍ട്ടികളെ അടിസ്ഥാനമാക്കി വിശദീകരിക്കാനാവില്ല എന്ന് കണ്ടെത്തുകയുണ്ടായി. കോസാലിറ്റിയുടെ സമയക്രമീകരണ യുക്തി(time ordering logic) മാത്രമാണ് കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനം തള്ളിക്കളയാതിരുന്നത്. ഒരു measurement ഒരു എഫക്ട് ഉണ്ടാക്കണമെങ്കില്‍ ആ മെഷര്‍മെന്റ് നടത്തിയ ശേഷമേ സാധ്യമാവൂ. A സംഭവത്തിന് B സംഭവത്തിന് മേല്‍ വല്ല എഫക്ടുമുണ്ടാവണമെങ്കില്‍ A ആദ്യം സംഭവിക്കണം. എന്നാല്‍ ഇതും ആകസ്മികതയുടെ ക്വാണ്ടം സാഹചര്യങ്ങളുടെ വെളിപാടുകളില്‍ അപ്രസക്തമാകുന്നതാണ് പില്‍കാലത്ത് കാണുന്നത്. ഏത് സംഭവമാണ് ആദ്യം സംഭവിച്ചെതെന്ന് പറയാന്‍ പറ്റാത്ത ക്വാണ്ടം സാഹചര്യങ്ങളുണ്ടാവല്‍ സാധ്യമാണെന്ന് തിരിച്ചറിയുന്നതോടെ കാര്യവും(effect) കാരണവും(cause) തമ്മിലുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെടുന്നില്ലെങ്കിലും ഒരു പരിധി വരെ ദുര്‍ബലമാവുന്നു. അങ്ങനെ കോസാലിറ്റിക്ക് പകരം പ്രൊബബിലിറ്റി കടന്നുവന്നു.

എന്നാല്‍ ക്വാണ്ടം ലോകത്തെ സംഭവങ്ങള്‍ പൂര്‍ണമായും കാര്യ കാരണങ്ങളില്‍ നിന്ന് മുക്തമായ ഒന്നല്ല എന്ന് കാണാനാവും. കാരണം ക്വാണ്ടം മെക്കാനിക്ക്‌സിന്റെ കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനമനുസരിച്ച് ഒരു കണത്തിന്റെ സ്ഥാനവും പ്രവേഗവും ഒരേ സമയം പ്രവചിക്കാനാവില്ല എന്നാണ് വരുന്നത്. ഇവിടെയുള്ള പ്രശ്‌നം പുറത്തുനിന്നുള്ള ഒരു വീക്ഷകന്(observer) അത് പ്രവചിക്കാന്‍ കഴിയുന്നില്ല എന്നേ വരുന്നുള്ളൂ. അതായത് ഏത് സംഭവമാണ് ആദ്യം നടക്കുന്നതെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവാത്ത അവസ്ഥ. ഇത് പുറത്തു നിന്നും നിരീക്ഷിക്കുന്ന നമുക്ക് അനുഭവപ്പെടുന്നതാണ്. യഥാര്‍ഥത്തില്‍ ക്വാണ്ടം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ക്രമം മനസിലാക്കാന്‍ നമുക്കാവുന്നില്ല എന്നേ വരുന്നുള്ളൂ. അല്ലാതെ ഒരു സംഭവത്തിന് ഒരു കാരണം തീരെയില്ലെന്ന് തീര്‍ത്തുപറയാന്‍ കഴിയില്ല. ഉദാഹരണമായി ക്വാണ്ടം തലത്തില്‍ ഇലക്ട്രോണുകള്‍ പെട്ടെന്ന് ഉണ്മയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും മറ്റെവിടെയെങ്കിലും തിരിച്ചു പ്രത്യക്ഷപ്പെടുന്നതും കാണാം. അപ്രത്യക്ഷമാകുന്നതിന്റെയും വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെയും ഇടയിലെ ഇലക്ട്രോണുകളുടെ ഉണ്‍മ (existance) യെ കണ്ടെത്താന്‍ കഴിയില്ല എന്നു മാത്രമല്ല, രണ്ടാമത് പ്രത്യക്ഷപ്പെടുമ്പോള്‍ എന്തുകൊണ്ട് ആ സമയത്ത് തന്നെ അവ പ്രത്യക്ഷപ്പെടുന്നു എന്നതിന് ഒരു കാരണം നിര്‍ണയിക്കാനും സാധ്യമല്ല. കൂടാതെ, അടുത്ത നിമിഷം എവിടെ പ്രത്യക്ഷമാകുമെന്ന് കൃത്യമായി പ്രവചിക്കുവാനോ നിര്‍ണയിക്കുവാനോ സാധ്യമല്ല.

ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കാര്യം പ്രവചനീയത (predictability)യും കോസാലിറ്റിയും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ട് എന്നതാണ് സബ്-അറ്റോമിക് സംഭവങ്ങളെ പ്രവചിക്കാനാവാത്ത ഈ അവസ്ഥ മതിയായ കാര്യകാരണ ബന്ധത്തിന്റെ അഭാവമോ അതോ ഇത്തരം സംഭവങ്ങള്‍ കൃത്യമായി നിജപ്പെടുത്താനുള്ള ഏത് ശ്രമവും ആ സംഭവങ്ങളുടെ അവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്നതാണോ എന്ന അടിസ്ഥാന ചോദ്യം അവശേഷിക്കുന്നു. മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ ഇലക്ട്രോണുകളുടെ തിരോധാനത്തിനും വീണ്ടും പ്രത്യക്ഷമാവുന്നതിനുമിടയിലുള്ള മധ്യാവസ്ഥ (intermediate state) നമുക്ക് മനസിലാക്കാനാവാത്തത് നിരീക്ഷകരായ നമ്മുടെ കണ്ടീഷ്യന്‍സ് ഓഫ് ഒബ്‌സര്‍വേഷന്റെ പരിമിതി കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ പ്രശ്‌നം ജ്ഞാനശാസ്ത്രപരമായ (epistemic) ചര്‍ച്ചയാണ്. അല്ലാതെ ഉണ്മാപരമായ (ontict) റിയാലിറ്റിയെ ബാധിക്കുന്ന ഒന്നല്ല.

മറ്റൊരു ശ്രദ്ധേയ വസ്തുത ക്വാണ്ടം മെക്കാനിക്‌സിന്റെ പത്തിലധികം വരുന്ന വ്യത്യസ്ത വ്യാഖ്യാനങ്ങളിലൊന്നു മാത്രമാണ് കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനമെന്നറിയപ്പെടുന്ന നീല്‍സ് ബോര്‍, ഹെയ്‌സന്‍ബര്‍ഗ് എന്നിവരുടെ വീക്ഷണങ്ങള്‍. 1950-കളില്‍ തന്നെ കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനത്തിന് നേര്‍ക്ക് നിരവധി വെല്ലുവിളികള്‍ ആഗോള ശ്രദ്ധ നേടിയിരുന്നു. ഡേവിഡ് ബോമിന്റെ പൈലറ്റ് വേവ് വ്യാഖ്യാനവും ഹ്യൂഗ് എവര്‍ട്ട് ഇല്ലിന്റെ അനേക-ലോക വ്യാഖ്യാനവുമാണ് അവയില്‍ പ്രധാനപ്പെട്ടവ. ക്വാണ്ടം മെക്കാനിക്‌സിന്റെ അടിത്തറകള്‍ക്കും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അനിഷേധ്യ സംഭാവനകള്‍ അര്‍പ്പിച്ച സോളിഡ്-സ്‌റ്റേറ്റ് ഫിസിസിറ്റ് ഡേവിഡ് മെര്‍മിന്‍ പറയുന്നത് ഓരോ വര്‍ഷവും പുതിയ വ്യാഖ്യാനങ്ങള്‍ രംഗത്തു വന്നു കൊണ്ടിരിക്കുന്നു. വന്ന വ്യാഖ്യാനങ്ങളിലൊന്നു പോലും അപ്രത്യക്ഷമാവുന്നുമില്ല എന്നാണ്. ഇവയില്‍ ഭൂരിഭാഗം വ്യാഖ്യാനങ്ങളും ഹെയ്‌സന്‍ ബര്‍ഗിന്റെ indeterminacyയില്‍ നിന്ന് ഭിന്നമായി deterministic ആണ് എന്നതാണ് മറ്റൊരു വസ്തുത.

ഭൗതിക പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളറിയാനുള്ള മനുഷ്യബുദ്ധിയുടെ യജ്ഞങ്ങളാണ് തെയ്ല്‍സ് മുതല്‍ ഹോക്കിങ് വരെയും ഈ വര്‍ഷത്തെ നോബേല്‍ ജേതാക്കളായ ജയിംസ് പീബിള്‍, മൈക്കില്‍ മേയര്‍, ദിദിയര്‍ ക്വിലോസ് എന്നിവരടങ്ങുന്ന ശാസ്ത്രലോകത്തെയും മുന്നോട്ട് നയിച്ചത്. ഭൗതിക പ്രതിഭാസങ്ങളുടെ ചുരുളുകഴിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഏത് പ്രതിഭാസത്തിനും ഒരു കാരണമുണ്ടാവുമെന്ന നിഗമനത്തിലേക്ക് നിയിക്കുകയുണ്ടായി. എല്ലാ കരണങ്ങളുടെയും പിന്നില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്ന പ്രഥമ കാരണം/തത്വം (first cause) അന്വേഷിച്ച് മനുഷ്യന്‍ എത്തിച്ചേരുന്നത് പ്രപഞ്ചത്തെ വിധാനിച്ച സ്രാഷ്ടാവിലേക്കാണ്. എങ്ങനെയാണ് അവിടെയെത്തുന്നത് എന്ന വിശദീകരണമാണ് കോസ്‌മോളജിക്കല്‍ ആര്‍ഗുമെന്റ് എന്നറിയപ്പെടുന്നത്. മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക് ദൈവശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ ഗണത്തില്‍ വരുന്ന ആശയം കലാം കോസ്‌മോളജിക്കല്‍ ആര്‍ഗുമെന്റ് എന്ന പേരില്‍ പ്രസിദ്ധമാണ്.

കോസ്‌മോളജിക്കല്‍ ആര്‍ഗുമെന്റ്
ഫിലോസഫി ആരംഭിക്കുന്നത് ആശ്ചര്യത്തില്‍ നിന്നാണെന്ന് പൊതുവെ കരുതപ്പെടുന്നു. ചുറ്റുമുള്ള ലോകത്തെകുറിച്ച് ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയാണ് ശാസ്ത്രജ്ഞനുണ്ടാവേണ്ടത് എന്ന് ഹോക്കിങ്ങ് പറയുന്നു. പഴയകാല തത്വചിന്തകരും ശാസ്ത്രജ്ഞരും അതുകൊണ്ട് തന്നെ തങ്ങളധിവസിക്കുന്ന ലോകത്തിന്റെ അടിസ്ഥാന ഘടകത്തെ കുറിച്ച് അത്ഭുതം കൂറി. അങ്ങനെയാണ് ഹെസിയോദിനു മുക്കാല്‍ നൂറ്റാണ്ടു ശേഷം തെയ്ല്‍സ് ജലത്തെ മൗലിക ഘടകമായി മനസിലാക്കാന്‍ ശ്രമിക്കുന്നത്. തെയ്ല്‍സിന്റെ ശിഷ്യന്‍ അനാക്‌സിമാന്‍ഡര്‍ ജലത്തിനുപകരം apeiron (ഇന്‍ഡെഫിനിറ്റ്) എന്ന നിര്‍വചിക്കാനാവാത്ത നിസ്സീമമായ ഒന്നിനെ പ്രതിഷ്ഠിച്ചു. സോക്രട്ടീസിനു മുമ്പ് വന്ന (pre-socratics) ഏറ്റവും വലിയ തത്വജ്ഞാനി പര്‍മനൈഡ്‌സ് ഒരു ചുവടു കൂടി മുന്നോട്ട് നീങ്ങി ലോകത്തിന്റെയും അതിലെ വസ്തുക്കളുടെയും ഉണ്‍മ (being) യെ കുറിച്ച് ചിന്തിച്ചു. ലൂസിപ്പസും ശിഷ്യന്‍ ഡെമോക്രിറ്റസും വസ്തുക്കള്‍ ഉണ്ടായത് വിഭജിക്കാനാവാത്ത കണങ്ങള്‍ കൂടിച്ചേര്‍ന്നാണ് എന്ന് വിശ്വസിച്ചു. ഡെമോക്രിറ്റസിനു മുന്‍പ് അയോണിയന്‍ തത്വചിന്തകന്‍ അനാക്‌സഗോറസ് യവന ചിന്തയുടെ രണ്ട് പ്രധാന ധാരകളെ സംയോജിപ്പിച്ചു കൊണ്ട് nous (intellect/mind) എന്ന് അദ്ദേഹം വിളിച്ച ‘കോസ്മിക് മൈന്‍ഡി’നെ പരിചയപ്പെടുത്തി. മിലേറ്റസ് എന്ന അയോണിയന്‍ നഗരം കേന്ദ്രീകരിച്ച് രൂപപ്പെട്ട മിലേഷ്യന്‍ ഫിസിക്കല്‍ പാരമ്പര്യത്തെയും പര്‍മനൈഡ്‌സ്, സെനോഫെയ്ന്‍സ്, സെനോ തുടങ്ങിയവരുടെ എലിയറ്റിക് (elea എന്ന ഗ്രീക്ക് നഗരം) മെറ്റാഫിസിക്കല്‍ പാരമ്പര്യത്തെയും കൂട്ടിയിണക്കിയാണ് അനാക്‌സഗോറസ് രംഗത്തുവരുന്നത്. സോക്രട്ടീസിനു ശേഷം പ്ലേറ്റോയും അരിസ്‌റ്റോട്ടിലും ഡെമോക്രിറ്റസിന്റെ ലോക വീക്ഷണത്തെ തള്ളിക്കളഞ്ഞത് അത് യാന്ത്രികമായൊരു ലോകത്തെ അവതരിപ്പിക്കുന്നതു കൊണ്ടായിരുന്നു. പദാര്‍ഥം (matter) അനാദിയും അനശ്വരവു (indistructable) മാണെന്ന ഡെമോക്രിറ്റിയന്‍ സിദ്ധാന്തമാണ് പദാര്‍ഥ വാദത്തിന്റെ (materialism) അടിസ്ഥാന തത്വം. എന്നാല്‍, ബിഗ് ബാംഗ് തിയറി പ്രകാരം പദാര്‍ഥം അനാദിയല്ല, മറിച്ച് 13.72 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ബിഗ്ബാംഗിന് ശേഷം പ്രപഞ്ചം തണുക്കുന്നതിനനുസരിച്ച് ക്വാര്‍ക്കുകളും ഇലക്ട്രോണുകളും രൂപപ്പെട്ടു. ഒരു സെക്കന്‍ഡിന്റെ ലക്ഷങ്ങളിലൊരംശം (millionth) സമയത്തിന് ശേഷം ക്വാര്‍ക്കുകള്‍ ഒരുമിച്ച് കൂടി പ്രോട്ടോണുകളും ന്യൂട്രോണുകളും രൂപപ്പെട്ടു. മിനിട്ടുകള്‍ക്കുള്ളില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസുകളിലേക്ക് ഒരുമിച്ചുകൂടി. പ്രപഞ്ചം വികസിക്കുന്നതിനും തണുക്കുന്നതിനുമനുസരിച്ച് കാര്യങ്ങള്‍ മെല്ലെ സംഭവിക്കാന്‍ തുടങ്ങി. അങ്ങനെ 380,000 വര്‍ഷങ്ങള്‍ ന്യൂക്ലിയസുകള്‍ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റുകളില്‍ കിടന്ന ഇലക്ട്രോണുകളും ന്യൂക്ലിയസുകളിലെ പ്രോട്ടോണുകളും ന്യൂട്രോണുകളും ആദ്യ ആറ്റങ്ങള്‍ രൂപപ്പെടുത്തി. ഇന്നും പ്രപഞ്ചത്തില്‍ കൂടുതല്‍ കാണപ്പെടുന്ന ഹീലിയവും ഹൈഡ്രജനുമായിരുന്നു പ്രധാനമായും ആദ്യം രൂപപ്പെട്ടവ. 1.6 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുത്വാകര്‍ഷണ ബലം ഗ്യാസ് ക്ലൗഡുകളില്‍ നിന്ന് നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും രൂപപ്പെടുത്തി. കൂടുതല്‍ ഘനമുള്ള കാര്‍ബണ്‍, ഓക്‌സിജന്‍, ഇരുമ്പ് തുടങ്ങിയ കണങ്ങള്‍ നക്ഷത്രങ്ങളില്‍ നിരന്തരം ഉദ്പാദിപ്പിക്കപ്പെടുകയും ശേഷം അവ സൂപ്പര്‍നോവകളായി പൊട്ടിത്തെറിക്കുന്നതോടെ അത്തരം മൂലകങ്ങള്‍ പ്രപഞ്ചത്തില്‍ വിന്യസിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് ആറ്റങ്ങളും അവ കൂടിച്ചേര്‍ന്ന് നക്ഷത്രങ്ങളും ഗ്യാലക്‌സികളും രൂപപ്പെട്ടതെന്ന ശാസ്ത്രത്തിന്റെ കാഴ്ചപ്പാട്.

ബിഗ് ബാംഗ് പ്രകാരം പ്രപഞ്ചം അനാദിയല്ലെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. എങ്കില്‍ പ്രപഞ്ചം ഉണ്ടായ നിമിഷം ഉദ്ഭവിക്കാന്‍ കാരണമെന്തെന്ന അന്വേഷണം ഒരു സ്രാഷ്ടാവിന്റെ അനിവാര്യതയിലേക്ക് നയിക്കുന്നു. ഇതാണ് ദൈവവിശ്വാസത്തിന്റെ യുക്തിഭദ്രതയും നാസ്തികവാദത്തിന്റെ യുക്തിരാഹിത്യവും തുറന്നുകാട്ടുകയും ചെയ്യുന്ന കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്. വിശദമായി അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

 

 


ശമീറലി ഹുദവി പള്ളത്ത്
ഡിഗ്രി വിഭാഗം ലക്ചറര്‍, ദാറുല്‍ ഹുദാ

ശമീറലി ഹുദവി പള്ളത്ത്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.