Thelicham

സഅദ് ജാവേശ്: തിരുവചനങ്ങള്‍ ചേര്‍ത്തു വെച്ച ജീവിതം

രചനാപാടവം കൊണ്ടോ ഗ്രന്ഥപ്പെരുമ കൊണ്ടോ ആയിരുന്നില്ല സമീപകാലത്ത് നമ്മോട് വിട പറഞ്ഞ അസ്ഹറിലെ കുല്ലിയത്തു ഉസൂലിദ്ദീനിലെ ഹദീസ് അധ്യാപകനും ഉന്നതപണ്ഡിത സമിതി അംഗവുമായിരുന്ന ശൈഖ് സഅദ് ജാവേശ് ശ്രദ്ധേയനായത്. മറിച്ച് ജീവിതവഴികളില്‍ പ്രവാചക വചനങ്ങളും തസവ്വുഫും സമ്മേളിപ്പിച്ച്, പൂര്‍വ്വസൂരികളുടെ ജീവിതം അതേപടി പകര്‍ത്തിവെച്ച മഹത്തായ വ്യക്തിത്വത്തിലൂടെയായിരുന്നു അദ്ദേഹം ആയിരങ്ങളെ ആകര്‍ഷിച്ചതും അവരോട് സംവദിച്ചതും. ജീവിതാന്ത്യം വരെ ഹദീസുകളെ ചേര്‍ത്ത് വെച്ച പണ്ഡിതനായിരുന്നു സഅദ് ജാവേശ്. പ്രായമേറിയിട്ടും യുഗസ്പന്ദനങ്ങളോട് മല്ലിട്ട് അദ്ദേഹം തിരുവചനങ്ങളെ സേവിച്ചു. ഹദീസുകളൊഴിച്ചുള്ള സര്‍വ്വ സൗഭാഗ്യങ്ങളെയും അദ്ദേഹം നിരസിച്ചു. എളിമയും വിനയവും ജീവിത വിശുദ്ധിയും സമ്മേളിച്ച ആ വിശുദ്ധ ജീവിതം യാത്ര പറഞ്ഞത് ഏറെ പാഠങ്ങളും അതിലേറെ ഉപദേശങ്ങളും ബാക്കി വെച്ചായിരുന്നു. അറിവിന്റെ പരമമായ ലക്ഷ്യം ദൈവ ദര്‍ശനമാണെന്ന് ആ ജീവിതം പഠിപ്പിച്ചു. അനാവശ്യ ചര്‍ച്ചകളില്‍ നിന്നും പേരും പെരുമയും പറയുന്ന വേദികളില്‍ നിന്നും ഏറെ അകലം പാലിച്ചു.

അസ്ഹറിനെ അങ്ങേയറ്റം സ്‌നേഹാദരവോടെയാണ് അദ്ദേഹം കണ്ടത്. അസ്ഹര്‍ വിരുദ്ധ പരാമര്‍ശങ്ങളും ആരോപണങ്ങളും ഒരുപാടുണ്ടായ വേളയില്‍ പ്രതിരോധം തീര്‍ക്കാനും മുന്നിലുണ്ടായിരുന്നു, ആറു പതിറ്റാണ്ടിലധികം അസ്ഹറില്‍ വിവിധ തസ്തികകളില്‍ പ്രതിബദ്ധതയോടെ സേവനമനുഷ്ഠിക്കുകയും അധ്യാപകര്‍ സ്വതാല്‍പര്യങ്ങളാല്‍ വ്യത്യസ്ത വസ്ത്രധാരണകള്‍ സ്വീകരിച്ചപ്പോഴും അസ്ഹരീ സിയ്യ് തന്നെ ധരിച്ച് അസ്ഹറിനോടുള്ള സ്‌നേഹം അവസാന ശ്വാസം വരെ കൊണ്ടുനടക്കുകയും ചെയ്തു അദ്ദേഹം. മരിച്ചാല്‍ തന്റെ കഫനില്‍ അസ്ഹര്‍ തൊപ്പി വേണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നതും ഇത് കൊണ്ടായിരുന്നു. പ്രധാനമായും അദ്ദേഹം വേറിട്ടു നിന്നത് മുടക്കം വരാത്ത ഹദീസ് ഹല്‍ഖകള്‍ കൊണ്ടായിരുന്നു. പതിനഞ്ചിലധികം ഹദീസ് ജല്‍സകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കൃത്യമായ വിശദീകരണങ്ങളും കാരണങ്ങളും നിരത്തിയുള്ള അദ്ദേഹത്തിന്റെ അധ്യാപന ശൈലി വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചിരുന്നു. തന്റെ പ്രായം എണ്‍പതിനോടടുത്തിട്ടും പതിവ് തെറ്റിക്കാതെ അദ്ദേഹം ക്ലാസുകള്‍ തുടര്‍ന്നു, ഇമാം ഖാളി ഇയാളിന്റെ കിതാബു ശിഫാ, അര്‍ബഊന നവവിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളുടെ മനോഹരമായ ക്ലാസുകള്‍ ഇന്റര്‍നെറ്റില് ലഭ്യമാണ്. ഹദീസ് ശാസ്ത്രത്തില്‍ ഉന്നത പഠനം നേടിയതിനപ്പുറം ഹദീസ് ക്ലാസുകള്‍ പ്രവാചകാനുരാഗത്താല്‍ വിളക്കിയെടുത്ത ജീവിത ദര്‍ശനങ്ങളായി കണ്ടു.

ജനനം, സേവനം
1941 ല്‍ കഫര്‍ ശൈഖിലെ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ പഠിച്ചു. പ്രാഥമിക പഠനത്തിന് ശേഷം അസ്ഹറില്‍ ചേരുകയും അനന്തരം ഹദീസ് ശാസ്ത്രത്തില്‍ പിജിയും പി എച്ച് ഡിയും പൂര്‍ത്തിയാക്കി ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇടക്കാലത്ത് മക്കയിലേക്ക് പോയി, മസ്ജിദുല്‍ ഹറാമില്‍ ഹദീസ് ജല്‍സകള്‍ക്ക് നേതൃത്വം നല്കി. പിന്നീട് മാതൃസ്ഥാപനമായ അസ്ഹറില്‍ തിരിച്ചെത്തുകയും മരണം വരെ അവിടെ ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി തുടര്‍ന്നു, മരിക്കുന്നതിന് മുമ്പ് സ്വഹീഹീല്‍ ബുഖാരി പൂര്‍ത്തിയാക്കണമെന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ സന്തോഷം പൂവണിഞ്ഞത് മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. അസ്ഹറിലെ പ്രമുഖ പണ്ഡിതരായ അഹ്മദ് മഅ്ബദ്, ഹസനു ശാഫിഈ, തുടങ്ങിയ പണ്ഡിതരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചത്,

വലിയ പണ്ഡിതനായിരുന്നിട്ട് കൂടി അതിന്റെ പെരുമയോ ഗരിമയോ പ്രകടിപ്പിക്കാതെ തികഞ്ഞ സാത്വികനായി അസ്ഹര്‍ പള്ളിയിലേക്ക് ക്ലാസുകള്‍ക്കായി വന്നിരുന്ന ആ മഹാമനീഷി ഒരു യഥാര്‍ത്ഥ പണ്ഡിതനെ തന്റെ പിന്‍ഗാമികള്‍ക്കായി ചിത്രീകരിക്കുകയായിരുന്നു. ആള്‍ക്കൂട്ടങ്ങളില്‍ നിന്നകന്ന്, ആരവങ്ങളില്‍ നിന്ന് നീരസം പ്രകടിപ്പിച്ച് അറിവിന്റെയോ ആത്മാവ് തേടി അലയുന്ന പ്രവാചക സ്‌നേഹിയായിരുന്നു ജാവേശ്. അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ക്കായി വീട്ടിലും അസ്ഹര്‍ പള്ളിയിലും പങ്കെടുത്ത ജനസഹസ്രങ്ങളുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും മതി ആ തെളിഞ്ഞ ജീവിതസത്യങ്ങള്‍ക്ക് സാക്ഷി പറയാന്‍. അറിവുള്ളവര്‍ക്കൊപ്പം ഏറെ സഞ്ചരിച്ചപ്പോഴും തന്റെ വഴിയടയാളങ്ങളെ രൂപപ്പെടുത്തിയ അസ്ഹര്‍ സര്‍വകലാശാലയെ അദ്ദേഹം തന്റെ ശീലങ്ങളില്‍ നിന്നോ ശൈലികളില്‍ നിന്നോ അകറ്റിയില്ല. ഗാംഭീര്യം സ്ഫുരിക്കുന്ന അസ്ഹരി തൊപ്പിയും ഖമീസും ധരിച്ച് അസ്ഹറിലേക്ക് ക്ലാസെടുക്കാന്‍ വരുന്ന എളിമയാര്‍ന്ന പണ്ഡിതരൂപം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ജീവിതം തന്നെ സന്ദേശമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും തേടി വരുന്ന ഒട്ടനേകം വ്യക്തികളുടെ അനുഭവക്കുറിപ്പുകള്‍ തന്നെ മതി അദ്ദേഹത്തിന്റെ ആഴമേറിയ ജനകീയത മനസ്സിലാക്കാന്‍. മുസ്തജാബുദ്ദുആയായി ഇദ്ദേഹത്തെ വിശേഷിപ്പിച്ച മുതിര്‍ന്ന അസ്ഹരി പണ്ഡിതര്‍ തന്നെയുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ സഹപാഠിയും പ്രസിദ്ധ ഹദീസ് പണ്ഡിതനുമായ അഹ്മദ് മഅ്ബദിന്റെ അനുശോചന സന്ദേശത്തിലുണ്ട് ഈ ധന്യമായ ജീവിതത്തെ കുറിച്ചുള്ള കൃത്യമായ വിവരണം. ഹദീസ് പാഠങ്ങളെ ഗവേഷണങ്ങളിലും പ്രഭാഷണങ്ങളിലും ചുരുക്കാതെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മുഹദ്ദിസ് കൂടിയായിരുന്നു അദ്ദേഹം. വിദ്യ തേടി വരുന്നവരെ നിരാശരാക്കാത്ത അദ്ദേഹത്തിന്റെ സമീപനവും ഹൃദയവിശാലതയും പുതു തലമുറയെ ഏറെ പഠിപ്പിക്കുന്നുണ്ട്. പൊതുവേ തസവ്വുഫ് നിരാസം പ്രകടിപ്പിക്കാറുള്ള സലഫികള്‍ വരെ ഇദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ എളിമയുടെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ശിഷ്യനും അസ്ഹറിലെ ഹദീസ് വിഭാഗം അധ്യാപകനുമായിരുന്ന ഹാനി ത്വന്‍ത്വാവിയുടെ അനുഭവം. തന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ പ്രസിദ്ധ ഭാഷാപണ്ഡിതനും കൈറോ അറബ് ഭാഷാ അക്കാദമിയുടെ മേധാവിയുമായ ഹസനു ശാഫിഈയെ കാണിക്കാന്‍ വേണ്ടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഹസന്‍ വലിയ പണ്ഡിതനാണ്, അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ചെറുതായിപ്പോകുമെന്നായിരുന്നു’. എന്നാല്‍, വിനയം നിറഞ്ഞ ഈ മഹാ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് അദ്ദേഹമാണ് യഥാര്‍ത്ഥ ശൈഖുനാ, നമ്മളെല്ലാം ആലങ്കാരിക ശൈഖുനകളാണെന്നായിരുന്നു.’ അറിവിന്റെ പരിശുദ്ധാത്മാക്കളായി ജീവിതം വരച്ചുവെച്ച അനേകം സാത്വികരിലൊരാളായി മാറിയ ശൈഖ് സഅദ്് ജാവേശിന്റെ ഈ എട്ട് പതിറ്റാണ്ട് നീണ്ട ജീവിതത്തിലെ ധന്യമായ ഏടുകള്‍ ഇനിയുമുണ്ട്. പ്രവാചകസ്‌നേഹം നിറഞ്ഞ അദ്ദേഹം അവിടുത്തെ തിരുവരുളുകള്‍ക്കപ്പുറത്തേക്ക് മാറിച്ചിന്തിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, ഒരിക്കല്‍ ദഅവാ ഡിപ്പാര്‍ട്ട്‌മെന്റ്് മേധാവിയായുളള തീരുമാനം അറിഞ്ഞ ഉടനെ അദ്ദേഹം രാജി വെക്കാന്‍ ഉറച്ച് തീരുമാനിക്കുക വരെ ചെയ്തു. തന്റെ ഡിഗ്രീ പഠന കാലത്ത് അദ്ദേഹം പ്രവാചകരെ സ്വപ്‌നത്തില്‍ ദര്‍ശിക്കുകയും ഹദീസ് പഠിക്കാനുള്ള സര്‍വ്വ ആശീര്‍വാദങ്ങളും നല്‍കുകയും ചെയ്തു. ഇപ്രകാരം തന്നെ പ്രവാചക പത്‌നി മഹതി ആഇശ(റ)യെ സ്വപ്‌നത്തില്‍ ദര്‍ശിക്കുകയും മഹതിയെ കുറിച്ച് ഇസ്്‌ലാമിക വിരുദ്ധരുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയാന്‍ കല്‍പ്പിക്കുകയും അതിനനസുരിച്ച് അദ്ദേഹം അത്തരം വിഷയങ്ങളില്‍ പഠനങ്ങളും അന്വേഷണങ്ങളും നടത്തുകയുണ്ടായി. ഹദീസ് ക്ലാസുകളില്‍ നര്‍മ്മങ്ങളും ചരിത്ര പാഠങ്ങളും ഉള്‍പെടുത്തിയായിരുന്നു അദ്ദേഹം ക്ലാസെടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ ഗുരുവര്യരില്‍ പ്രധാനികളാണ് ഈജിപ്തിലെ ആത്മീയതലങ്ങള്‍ക്ക് മുന്നേറ്റം നല്‍കിയ ശൈഖ് അബ്ദുല്‍ ഹലീം മഅ്ബദ്, പ്രസിദ്ധ ഹദീസ് പണ്ഡിതനായ ശൈഖ് ഫാദാനി അല്‍ മക്കി, അലവി മാലിക്കി, ശൈഖ് അബ്ദുല്‍ വഹാബ് ലത്വീഫ് എന്നിവര്‍. ഇദ്ദേഹം ഇജാസത്ത് സ്വീകരിച്ചവരില്‍ പ്രധാനികളാണ് മൊറോക്കോയിലെ അബ്ദുല്ല സിദ്ദീഖ് ഉമാരി, അസ്ഹറിലെ മുസ്തഫ അമീന്‍, രിഫ്അത്ത് ഫൗസി, അഹ്മദ് മഅ്ബദ്, സയ്യിദ് നദ. ഇദ്ദേഹത്തിന്റെ പ്രധാന രചനകള്‍ പരിചയപ്പെടാം: ജബ്‌റുല്‍ ഖാത്വിര്‍ ഫി സുന്നതിന്നബവിയ്യ, നാശിഅതു ലൈല്‍, അല്‍ ഇഖ്ദുല്‍ ഫരീദ് ഫീ ജൗഹറില്‍ അസാനീദ്, ളൗഉല്‍ ഖമര്‍.

 

സിബ്ഗത്തുല്ല ഹുദവി

സിബ്ഗതുല്ല ഹുദവി

എഴുത്തുകാരനും, വിവര്‍ത്തകനുമായ സിബ്ഗതുല്ല ഹുദവി നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബ് സാഹിത്യങ്ങളിലെ താരതമ്യ പഠനത്തില്‍ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യനിരൂപണത്തില്‍ പിജി കരസ്ഥമാക്കിയ അദ്ദേഹം മേല്‍വിലാസം നഷ്ടപ്പെട്ടവര്‍, ദീപ്തവിചാരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങൾ അറബിയിലേക്ക് തര്‍ജ്ജമ നിര്‍വ്വഹിച്ചിട്ടുണ്ട്. മജല്ലത്ത് ബയാനു സഊദ്, മജല്ലത് റാബിത, മജല്ലത് ഹിറ, അൽ വഅ് യുൽ ഇസ് ലാമി തുടങ്ങിയ പ്രമുഖ മാഗസിനുകളില്‍ കോളമിസ്റ്റു കൂടിയാണ് അദ്ദേഹം.

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.