ചിശ്ത്തിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്ന ഖാജാ ഉഥ്മാന്‍ ഹാര്‍വനി (റ) യുടെ വാമൊഴികള്‍ ശിഷ്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി(റ) ക്രോഡീകരിച്ചതാണ് ‘അനീസുല്‍ അര്‍വാഹ്’. ജീവിത വിശുദ്ധിയിലൂടെ ഇന്ത്യയില്‍ മൊത്തം ഇസ്‌ലാമിന്റെ പ്രഭ പരത്തിയ ചിശ്ത്തിയ്യ സരണിയിലെ ഗുരുക്കന്മാര്‍ക്ക് ഈ മൊഴികള്‍ എന്നും വഴികാട്ടിയായിട്ടുണ്ട്. ഹി. 500കളിലാണ് ഉഥ്മാന്‍ ഹാര്‍വനി (റ) ജനിക്കുന്നത്. ഹി. 562 ലാണ് അദ്ദേഹത്തിന്റെ സന്നിധിയില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) എത്തുന്നത്. അനിര്‍വചനീയമായ ആ രംഗം വിവരിച്ചു കൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത്:
”ബഗ്ദാദില്‍ സ്ഥിതി ചെയ്യുന്ന ജുനൈദുല്‍ ബഗ്ദാദിയുടെ നാമധേയത്തിലുള്ള പള്ളിയില്‍ ശൈഖ് ഉഥ്മാന്‍ ഹാര്‍വനി (റ) യുടെ തിരുസന്നിധിയില്‍ ഞാന്‍ സന്നിഹിതനായി. നിരവധി മശാഇഖുമാരുണ്ടായിരുന്നു അവിടെ. എന്നെ കണ്ടപ്പോള്‍ രണ്ടു റക്അത്ത് നിസ്‌ക്കരിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ നിസ്‌ക്കരിച്ചു. പിന്നെ ഖിബ്‌ലയിലേക്കു തിരിയാന്‍ കല്‍പ്പിച്ചു. ഞാന്‍ തിരിഞ്ഞു. സൂറത്തുല്‍ ബഖറ ഓതാന്‍ കല്‍പ്പിച്ചു. ഞാന്‍ ഓതി. സുബ്ഹാന എന്ന വാക്ക് 21 വട്ടം ചൊല്ലാന്‍ പറഞ്ഞു. ഞാന്‍ അതും ചെയ്തു. ശേഷം ഒരു രാപ്പകല്‍ മുഴുവന്‍ ധ്യാനനിമഗ്നനാവാന്‍ പറഞ്ഞു. അതിനു ശേഷം പിറ്റേ ദിവസം തിരു സന്നിധിയില്‍ ഞാന്‍ വീണ്ടും എത്തി. സൂറത്തുല്‍ ഇഖ്‌ലാസ്വ് 1000 വട്ടം ഓതാന്‍ കല്‍പ്പിച്ചു. ഞാന്‍ ഓതി. ശേഷം മുകളിലേക്ക് നോക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ അര്‍ശ് വരെയുള്ള മുഴുവന്‍ വസ്തുക്കളും കണ്ടു. ഭൂമിയിലേക്കു നോക്കാന്‍ പറഞ്ഞു. ഭൂമിയുടെ അടി വരെയുള്ള മുഴുവന്‍ വസ്തുക്കളും കണ്ടു. രണ്ടു വിരലുകള്‍ കാണിച്ചു തന്നു. അവയ്ക്കിടയില്‍ 18000 തരത്തിലുള്ള സൃഷ്ടികളെ കണ്ടു. ഇത്രയും ആയപ്പോള്‍ ശൈഖ് എന്നോട് പറഞ്ഞു: ഇപ്പോള്‍ നീ പൂര്‍ണതയിലെത്തിയിരിക്കുന്നു.” (അനീസുല്‍അര്‍വാഹ്: 3).
ശേഷം ശൈഖുമൊത്തുള്ള യാത്രകള്‍ വിശദീകരിക്കുന്നു: ”ആദ്യമായി ഞാന്‍ കഅ്ബയിലേക്കാണ് പോയത്. അവിടെ കഅ്ബയുടെ വെള്ളപ്പാത്തിയുടെ കീഴെ എനിക്കു വേണ്ടി ശൈഖ് പ്രാര്‍ത്ഥിച്ചു. ഉടന്‍ അശരീരി മുഴങ്ങി: ‘മുഈനുദ്ദീനെ നാം സ്വീകരിച്ചിരിക്കുന്നു’. പിന്നെ മദീനയില്‍ പോയി തിരു റൗള സന്ദര്‍ശിച്ചു. തിരു നബി (സ്വ) യോടു സലാം പറയാന്‍ എന്നോട് കല്‍പ്പിച്ചു. സലാം പറഞ്ഞപ്പോള്‍ റൗളയില്‍ നിന്ന് പ്രതികരണം വന്നു: ‘വ അലൈക്കുമുസ്സലാം യാ ഖുത്വ്ബ മശാഇഖില്‍ ബര്‍റി വല്‍ബഹ്ര്‍’. പിന്നെ ഇരുപത് വര്‍ഷത്തോളം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു”. (പേജ്: 3,4).
പിന്നീട് ഉഥ്മാന്‍ ഹാര്‍വനി (റ) യാത്രകള്‍ ഉപേക്ഷിച്ച് പൂര്‍ണമായും ധ്യാനനിമഗ്നനായി. ശിഷ്യനായ ചിശ്ത്തി (റ) യോടു പറഞ്ഞു: ”ഇനി ഞാന്‍ ഇവിടെ നിന്ന് പുറത്തിറങ്ങുകയില്ല. അതിനാല്‍ എല്ലാ ദിവസവും രാവിലെ നീ എന്റെയടുത്തു വരണം. പില്‍ക്കാലത്തുള്ളവര്‍ക്ക് വഴിവെളിച്ചമാകുന്ന ചില ഉപദേശങ്ങള്‍ ഞാന്‍ നിനക്കു നല്‍കാം”. ഈ ഉപദേശങ്ങള്‍ ചിശ്ത്തി (റ) രേഖപ്പെടുത്തിയതാണ് ‘അനീസുല്‍ അര്‍വാഹ്’ എന്ന പേരില്‍ ഗ്രന്ഥമായി പുറത്തിറങ്ങിയത്.
28 അധ്യായങ്ങളാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഓരോ അധ്യായവും മജ്‌ലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈമാനിന്റെ അന്തസത്തയും മുഅ്മിനിന്റെ ഉത്തരവാദിത്തങ്ങളുമാണ് കൂടുതലും ചര്‍ച്ച ചെയ്യപ്പെടുന്നത്.
തൗഹീദിന്റെ പരിപൂര്‍ണത വിവരിച്ചു കൊണ്ടു പറയുന്നതിങ്ങനെ: ”ഒരു അടിമ അല്ലാഹുവിന്റേതായി മാറിയാല്‍ ലോകത്തുള്ളതെല്ലാം അവന്റേതായി മാറുന്നു. ഈ അവസ്ഥ പ്രാപിക്കണമെങ്കില്‍ അല്ലാഹുവല്ലാത്ത മറ്റെല്ലാറ്റിനെയും ഒഴിവാക്കി പൂര്‍ണമായും അല്ലാഹുവില്‍ ലയിച്ചു ചേരണം”. (മജ്‌ലിസ്: 4, പേജ്: 13). ഇശ്ഖിന്റെ ഈ പരമകാഷ്ഠ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) തന്റെ ദീവാനിലും വരച്ചു കാട്ടുന്നുണ്ട്:
തുറാ സസദ് തൈറാന്‍ ദര്‍ ഫിസായെ ആലമെ ഖുദ്‌സ്
ബി ശര്‍ത്ത് ആന്‍ കെ ബി പരീ ബി ബാലെ നാമെ ഖുദാ
(ദൈവ നാമമെന്ന ചിറക് ഉപയോഗിച്ചാല്‍ ദൈവിക ലോകത്തിന്റെ ആകാശത്തിലൂടെ നിനക്കു പറക്കാനാകും).
അഗര്‍ ബഖാ തലബീ അവ്വലത്ത് ഫനാ ബായദ്
കെ താ ഫനാ ന ശവീ രഹ് നമീ ബരീ ബി ബഖാ
(നീ ബഖാ (നിലനില്‍പ്പ്) ആഗ്രഹിക്കുന്നുവെങ്കില്‍ ഫനാ (വിലയം) പ്രാപിക്കണം).
സ ളുല്‍മത്തെ ബശരിയ്യത്ത് ചൂന്‍ ബി ഗുസരീ ബി റസീ
അസീന്‍ ഹളീളെ ദനാഅത്ത് ബര്‍ ഔജെ ഔ അദ്‌നാ
(മനുഷ്യത്വമെന്ന ഇരുട്ടില്‍ നിന്ന് നീ മോചിതനായാല്‍ ദൈവസാമീപ്യത്തിന്റെ ഉന്നതങ്ങളില്‍ നിനക്ക് എത്താന്‍ സാധിക്കും).
ഒരു നിമിഷം പോലും അല്ലാഹുവില്‍ നിന്ന് ശ്രദ്ധ തിരിയാന്‍ പാടില്ലെന്ന് ഒരു സംഭവത്തിലൂടെ വിശദീകരിക്കുന്നു: ”ഒരിക്കല്‍ ഞാന്‍ സിജിസ്താനിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ ഒരു ഗുഹയ്ക്കകത്ത് ഒരു ദര്‍വീശിനെ കണ്ടു. മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ലാത്തവിധം ഗൗരവവും ഗാംഭീര്യവും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ബഹുമാനത്തോടെ തല താഴ്ത്തി. എന്നോടു തല ഉയര്‍ത്താന്‍ പറഞ്ഞു. തല ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എഴുപതു വര്‍ഷമായി അല്ലാഹുവല്ലാത്ത മറ്റൊരു വസ്തുവിലും ഞാന്‍ വ്യാപൃതനായിട്ടില്ല. ഇപ്പോള്‍ നിങ്ങളുമായി ബന്ധപ്പെടുന്നതു പോലും അല്ലാഹുവിന്റെ കല്‍പനയുള്ളതു കൊണ്ടാണ്. നിങ്ങള്‍ അല്ലാഹുവിനോട് യഥാര്‍ത്ഥ സ്‌നേഹമുള്ളവനാണെങ്കില്‍ മറ്റൊരു വസ്തുവിലും വ്യാപൃതനാവാന്‍ പാടില്ല’. ഇശ്ഖിന്റെ മരത്തിനു രണ്ടു ചില്ലകളുണ്ട്; ഒന്ന്: വിസ്വാല്‍ (പ്രാപിക്കല്‍), രണ്ട്: ഫിറാഖ് (വേര്‍പ്പാട്). അല്ലാഹുവില്‍ മാത്രം വിലയം പ്രാപിക്കുന്ന ആള്‍ വിസ്വാല്‍ എന്ന പദവിയിലെത്തുന്നു. മറ്റു വസ്തുക്കളെ കൂടി കൂടെ കൂട്ടുന്നവര്‍ ഫിറാഖ് എന്ന പരീക്ഷണത്തില്‍ അകപ്പെടുന്നു”. (മജ്‌ലിസ്: 4, പേ: 13).
ഇശ്ഖ് ഒരു തീ പോലെയാണ്. അത് കത്തിത്തുടങ്ങിയാല്‍ മഅ്ശൂഖ് (പ്രണയി) അല്ലാത്ത മറ്റെല്ലാം കരിഞ്ഞുപോകുമെന്ന് ജലാലുദ്ദീന്‍ റൂമി പറയുന്നുണ്ട്.
ഈ അവസ്ഥ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി ദീവാനില്‍ ഇങ്ങനെ വിവരിക്കുന്നു:
മന്‍ അസാന്‍ തര്‍സം കെ സോസദ് ബാല്‍ഹായെ ഖുദ്‌സിയാന്‍
ശുഅ്‌ല ഗര്‍ ബര്‍ ഫലക് താബദ് സ സോസെ ആഹെ മാ
(അനുരാഗ തീവ്രതയാല്‍ തപിക്കുന്ന എന്റെ ഹൃദയത്തില്‍ നിന്നൊരു തീപ്പൊരി പുറത്തേക്കു വന്നാല്‍ മലക്കുകളുടെ ചിറകു പോലും കരിഞ്ഞുപോകുമോ എന്നാണ് എന്റെ ഭയം).
ശൈഖ് അഹ്മദ് മഅ്ശൂഖിന്റെ ഒരു സംഭവം ഉദ്ധരിക്കുന്നു; അദ്ദേഹം നിസ്‌ക്കരിക്കുമ്പോള്‍ ഫാത്തിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ലത്രേ. ഫാത്തിഹ ഓതാതെ എന്തു നിസ്‌ക്കാരം എന്നു പറഞ്ഞു ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ തുടങ്ങി. താന്‍ നിസ്‌ക്കരിക്കുമ്പോള്‍ അടുത്തു വന്നു നില്‍ക്കാന്‍ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ഫാത്തിഹ ഓതാന്‍ തുടങ്ങി. പക്ഷേ, ഇയ്യാക നഅ്ബുദു എന്ന് ഓതുമ്പോഴേക്കും തല മുതല്‍ കാലു വരെ രോമകൂപങ്ങളില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങി. ഈയവസ്ഥയില്‍ ഞാന്‍ എങ്ങനെ ഫാത്തിഹ ഓതും എന്ന് അദ്ദേഹം ജനങ്ങളോടു ചോദിച്ചു.
മുഅ്മിനിന്റെ വിജയത്തിന്റെ ഏറ്റവും വലിയ രഹസ്യം അദബ് (ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട രൂപത്തില്‍ ബഹുമാനിക്കുക) ആണെന്ന് അബൂ യസീദല്‍ ബിസ്താമിയുടെയും ഖാജാ അഹ്മദ് മഅ്ശൂഖിന്റെയും ചില സംഭവങ്ങളിലൂടെ സ്ഥാപിക്കുന്നു:”അബൂ യസീദല്‍ ബിസ്താമി ‘സുല്‍ത്താനുല്‍ ആരിഫീന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേര് വരാന്‍ ഒരു കാരണമുണ്ട്; ഒരു ദിവസം പാതിരാത്രി അദ്ദേഹം എഴുന്നേറ്റ് വീടിന്റെ മുകളിലേക്ക് കയറി. ജനങ്ങളെല്ലാം നിദ്രയിലാണ്ട നേരം. അബൂ യസീദ് ആലോചിച്ചു; എന്താണ് ഇവരൊക്കെ അല്ലാഹുവിനെയും മറന്ന് കിടന്നുറങ്ങുന്നത്. ഇവര്‍ക്കൊക്കെ എഴുന്നേറ്റ് ഇബാദത്തിനുള്ള തൗഫീഖ് ലഭിക്കാന്‍ അല്ലാഹുവിനോട് ശഫാഅത്ത് ചെയ്യണം. ഉടനെ അബൂ യസീദിന് മനംമാറ്റം സംഭവിച്ചു. ശഫാഅത്ത് ചെയ്യാന്‍ തനിക്ക് എന്തര്‍ഹതയാണുള്ളത്. നബി (സ്വ) യുടെ പദവിയാണല്ലോ അത്. നബി (സ്വ) യോട് ഇത്രയും അദബോടെ പെരുമാറിയതു കൊണ്ട് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് വിളിയാളം വന്നു: അബൂ യസീദ്, ഈ അദബു കാരണം താങ്കള്‍ക്കു നാം ‘സുല്‍ത്താനുല്‍ ആരിഫീന്‍’ എന്നു നാമകരണം ചെയ്തിരിക്കുന്നു”. (മജ്‌ലിസ്: 8, പേജ്: 21).
ആരാണ് യഥാര്‍ത്ഥ മുഅ്മിനെന്നും ഈമാനിന്റെ മാധുര്യം എപ്പോഴാണ് ലഭിക്കുന്നതെന്നും പല ഭാഗങ്ങളിലും വിശദീകരിക്കുന്നുണ്ട്. ”എന്റെ സമര്‍ഖന്ദ് യാത്രയ്ക്കിടെ ശൈഖ് അബ്ദുല്‍ വാഹിദ് സമര്‍ഖന്ദി എന്ന മഹാന്‍ പറയുന്നതായി കേട്ടു: രാവും പകലും നിസ്‌ക്കാരത്തില്‍ മുഴുകുമ്പോള്‍ മാത്രമാണ് ഈമാനിന്റെ മാധുര്യം ലഭിക്കുന്നത്”. ഈമാനിന്റെ മാധുര്യം അനുഭവിച്ച മഹാന്മാരുടെ ചരിത്രവും വിശദീകരിക്കുന്നു. ഇമാം അബൂ ഹനീഫ (റ) അത്തരക്കാരില്‍ പെട്ട മഹാനായിരുന്നു.
”ഇമാം അബൂ ഹനീഫ (റ) മുപ്പതു വര്‍ഷത്തോളം രാത്രി ഉറങ്ങിയിട്ടില്ലത്രെ. അവസാന ഹജ്ജിനു പോയപ്പോള്‍ അദ്ദേഹം കഅ്ബയുടെ ഉള്ളില്‍ കയറി ഖുര്‍ആന്‍ പകുതി പാരായണം ചെയ്ത് നിസ്‌ക്കാരം പൂര്‍ത്തിയാക്കി. ശേഷം ദുആ ചെയ്തു: അല്ലാഹുവേ, നിന്നെ അനുസരിക്കേണ്ടതു പോലെ ഞാന്‍ അനുസരിച്ചിട്ടില്ല. നിന്നെ അറിയേണ്ടതു പോലെ അറിയാനുമായിട്ടില്ലെനിക്ക്. തൊട്ടുപിന്നാലെ വിളിയാളം വന്നു: അബൂ ഹനീഫ്, എന്നെ അറിയേണ്ടതു പോലെ നീ അറിഞ്ഞിരിക്കുന്നു. നിനക്കും നിന്നെ പിന്‍പറ്റുന്നവര്‍ക്കും ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. ഖാജാ യൂസുഫ് ചിശ്ത്തി (റ) നാല്‍പതു വര്‍ഷത്തോളം ഉറങ്ങിയിട്ടില്ല”. (മജ്‌ലിസ്: 13, പേജ്: 27).
അല്ലാഹുവുമായുള്ള മുനാജാത്തിന്റെ മാധുര്യം അനുഭവിച്ചു കൊണ്ടാണ് സ്വൂഫികള്‍ നിസ്‌ക്കരിച്ചിരുന്നത്. ഒരു സ്വൂഫിയുടെ സംഭവം വിവരിക്കുന്നു. അദ്ദേഹം ദീര്‍ഘനേരം സുജൂദില്‍ കിടക്കുമായിരുന്നു. കാരണം തിരക്കിയപ്പോള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: ഞാന്‍ സുജൂദില്‍ ‘സുബ്ഹാന റബ്ബീ’ എന്ന് ഒരു പ്രാവശ്യം ചൊല്ലിയാല്‍ അല്ലാഹു സ്വീകരിച്ചു എന്ന് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് വിളിയാളം വന്നാലേ അടുത്ത ‘സുബ്ഹാന റബ്ബീ’ ചൊല്ലാറുള്ളൂ. അതു കൊണ്ടാണ് സുജൂദ് പതിവില്‍ കവിഞ്ഞ് നീണ്ടു പോകുന്നത്.
മൂന്നു കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവനാണ് മുഅ്മിന്‍; ഒന്ന്: മരണം, രണ്ട്: പരിത്യാഗം, മൂന്ന്: ഫാത്തിഹ.
ഫാത്തിഹ സൂറത്ത് ഇഷ്ടപ്പെടുന്നവന്‍ യഥാര്‍ത്ഥ മുഅ്മിനാകാനുള്ള കാരണം ചിശ്ത്തി (റ) മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്. അറബി ഭാഷയിലെ ഏഴക്ഷരങ്ങള്‍ ഫാത്തിഹയില്‍ ഇല്ല. ഒന്ന്: സാഅ്. നാശം എന്നര്‍ത്ഥമുള്ള സുബൂര്‍ എന്ന പദത്തിന്റെ ആദ്യക്ഷരമാണ് സാഅ്. അതു കൊണ്ട് തന്നെ ഫാത്തിഹ ഓതുന്നവന്‍ നാശങ്ങളില്‍ നിന്നും വിപത്തുകളില്‍ നിന്നും രക്ഷപ്പെടും. രണ്ട്: ജീം. നരകം എന്നര്‍ത്ഥമുള്ള ജഹന്നം എന്ന പദത്തിലെ ആദ്യക്ഷരമാണിത്. ഫാത്തിഹ പതിവാക്കുന്നവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. മൂന്ന്: സായ്. നരകത്തിലെ വൃക്ഷമായ സഖ്ഖൂം എന്നതിലെ ആദ്യാക്ഷരമാണിത്. ഫാത്തിഹ ഓതുന്നവന് ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കേണ്ടി വരില്ല. നാല്: ശീന്‍. പരാജയം എന്നര്‍ത്ഥമുള്ള ശഖാഅ് എന്നത് തുടങ്ങുന്നത് ഈ അക്ഷരം കൊണ്ടാണ്. ഫാത്തിഹ പതിവാക്കുന്നവന്‍ ഒരിക്കലും പരാജയപ്പെടുകയില്ല. അഞ്ച്: ളാഅ്. ഇരുള്‍ എന്നര്‍ത്ഥമുള്ള ളുല്‍മത്തിലെ ആദ്യാക്ഷരമാണിത്. ഫാത്തിഹ ഓതുന്നവന്‍ തമസ്സില്‍ നിന്നും രക്ഷ നേടും. ആറ്: ഫാഅ്. വേര്‍പാട് എന്നര്‍ത്ഥമുള്ള ഫിറാഖ് തുടങ്ങുന്നത് ഈ അക്ഷരം കൊണ്ടാണ്. ഫാത്തിഹ ഓതുന്നവന്‍ ഒരിക്കലും തന്റെ മഹ്ബൂബായ നാഥനില്‍ നിന്ന് വേര്‍പെടുകയില്ല. ഏഴ്: ഖാഅ്. നിന്ദ്യത എന്നര്‍ത്ഥമുള്ള പേര്‍ഷ്യന്‍ ഭാഷയിലെ ഖ്വാരി എന്ന പദം തുടങ്ങുന്നത് ഈ അക്ഷരം കൊണ്ടാണ്. ഫാത്തിഹ പതിവാക്കുന്നവന്‍ എല്ലാ നിന്ദ്യതകളില്‍ നിന്നും രക്ഷപ്പെടും.
മൂന്നു പേര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യ ദര്‍ശനമുണ്ടാകും; ഒന്ന്: മനോധൈര്യമുള്ളവര്‍, രണ്ട്: അയല്‍വാസികളെയും സ്ത്രീകളെയും സഹായിക്കുന്നവര്‍, മൂന്ന്: ദര്‍വീശുകള്‍ക്കും പാവങ്ങള്‍ക്കും അന്നം നല്‍കുന്നവര്‍. (മജ്‌ലിസ്: 20).
തന്റെ ഗുരുവിന്റെ ഈ ഉപദേശം അക്ഷരം പ്രതി അനുസരിച്ചവരായിരുന്നു ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ). ഒരിടത്ത് അദ്ദേഹം പറയുന്നു: ഏറ്റവും വലിയ സല്‍ക്കര്‍മ്മങ്ങള്‍ മൂന്നെണ്ണമാണ്; പാവങ്ങള്‍ക്ക് സഹായ സാന്ത്വനമേകല്‍, ബലഹീനരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കല്‍, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കല്‍ എന്നിവയാണവ (ദലീലുല്‍ആരിഫീന്‍: 28). ഇതു കൊണ്ടു തന്നെ ഗരീബ് നവാസ് (പാവങ്ങളെ സഹായിക്കുന്നവന്‍) എന്ന അനശ്വര നാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
എല്ലാം സഹിക്കാനും എല്ലാം ഉള്‍ക്കൊള്ളാനും കഴിയുന്നവനാണ് സ്വൂഫി. ഉഥ്മാന്‍ ഹാര്‍വാനി (റ) പറയുന്നു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായാല്‍ അല്ലാഹു അവനെ ഇഷ്ടപ്പെടും: സമുദ്ര സമാനമായ ഔദാര്യം, സൂര്യനു സമാനമായ സ്‌നേഹം, ഭൂമിയോളം വരുന്ന വിനയം. ശത്രുവിനും മിത്രത്തിനും വേണ്ടുവോളം ഭക്ഷണം നല്‍കലാണ് സമുദ്രത്തിന്റെ ധര്‍മം. സൂര്യന്‍ ശത്രുവിനും മിത്രത്തിനും ഒരുപോലെ പ്രകാശം ചൊരിയുന്നു. ഭൂമിയാണെങ്കില്‍ എല്ലാം സഹിക്കുന്ന സര്‍വം സഹയാണ്. ഇതു പോലെയായിരിക്കണം യഥാര്‍ത്ഥ സൂഫിയുടെ ജീവിതം.
പല സ്ഥലങ്ങളിലും അറിവിന്റെ മഹത്വവും വിവരിക്കുന്നു. ഒരു വാക്ക് കേട്ടാണെങ്കിലും അറിവ് നേടുന്നത് ഒരു വര്‍ഷം ഇബാദത്തെടുക്കുന്നതിനേക്കാളും മഹത്തരമാണ്. ഇല്‍മിന്റെ സദസ്സില്‍ ഇരിക്കുന്നവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലം ലഭിക്കും. സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടിയാണ് അറിവ്. ദുന്‍യാവിലും ആഖിറത്തിലും അറിവ് അല്ലാഹു പാഴാക്കുകയില്ല. (മജ്‌ലിസ്: 23, പേജ്: 37).
അന്ത്യനാളില്‍ ഉലമാക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദുരവസ്ഥയെക്കുറിച്ചും ഉണര്‍ത്തുന്നു. വിവരദോഷികള്‍ നേതാക്കളാവുകയും പണ്ഡിതര്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥ അന്ത്യനാളിന്റെ അടയാളമാണെന്ന് തിരുനബിയുടെ വാക്കുകള്‍ വെച്ച് സ്ഥാപിക്കുന്നുണ്ട്.
ലഘു ഗ്രന്ഥമാണെങ്കിലും ആത്മിക ലോകത്തെ നിരവധി തത്ത്വങ്ങളും സ്വൂഫികളുടെ അനുഭവങ്ങളും ഈ ഗ്രന്ഥത്തിന്റെ മാറ്റു കൂട്ടുന്നു.
എ.പി മുസ്ഥഫ ഹുദവി
പി.ജി വിഭാഗം ലക്ചറര്‍, ദാറുല്‍ ഹുദാ