നിരവധി ആകൃതികളും വ്യത്യസ്ത രൂപങ്ങളുമുള്ള പദാര്‍ഥ കണങ്ങള്‍ സൃഷ്ടിക്കാന്‍ ദൈവം പ്രാപ്തനാണ്. എന്നല്ല, വ്യത്യസ്ത സാന്ദ്രത (ഡെന്‍സിറ്റി)യും ഊര്‍ജ്ജവു(ഫോഴ്‌സസ്)മുള്ള പദാര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും പ്രകൃതി നിയമങ്ങള്‍ വൈവിധ്യപൂര്‍ണമാക്കുകയും ചെയ്യും. അതുവഴി പ്രപഞ്ചത്തിന്റെ വിവിധ ദിക്കുകളില്‍ വ്യത്യസ്തതരത്തിലുള്ള ലോകങ്ങള്‍ സൃഷ്ടിക്കുവാനും അവന്‍ പ്രാപ്തനാണ്. ഇവയിലൊന്നിലും യാതൊരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല- ഐസക് ന്യൂട്ടണ്‍ (ഒപ്റ്റിക്‌സ്).
കാര്‍ട്ടീഷ്യന്‍ നാച്വറല്‍ ഫിലോസഫിക്കും അരിസ്റ്റോട്ടീലിയന്‍ ഓപ്റ്റിക്‌സിനും കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് 1704ല്‍ ന്യൂട്ടണ്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഒപ്റ്റിക്‌സ്. ‘യൂണിവേഴ്‌സി’ന് പകരം ഒരു മള്‍ട്ടിവേഴ്‌സിന്റെ സാധുതയും സാധ്യതകളും വിശദീകരിക്കുന്ന പ്രസക്ത ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തില്‍ ക്രോഡീകരിക്കപ്പെട്ട മഹാപുരാണ എന്ന ജൈന കൃതിയില്‍ ആചാര്യ ജിനസേന ഉന്നയിക്കുന്ന പ്രശ്‌നത്തിലുള്ള പരിഹാരവും ന്യൂട്ടന്റെ ഒപ്റ്റിക്‌സ് നല്‍കുന്നുവെന്ന് കാണാം. ആചാര്യ ജിനസേന പറയുന്നു: ”ഒരു സ്രഷ്ടാവ് ലോകം സൃഷ്ടിച്ചുവെന്ന് ചില വിവരദോഷികള്‍ പറയുന്നു. ലോകം സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം സ്വീകാര്യയോഗ്യമല്ലാത്തതും തിരസ്‌കരിക്കപ്പെടേണ്ടതുമാണ്. ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചതെങ്കില്‍ അതിനു മുമ്പ് അവന്‍ എവിടെയായിരുന്നു? ഒരു ആദിപദാര്‍ഥ(റോ മെറ്റീരിയല്‍)മില്ലാതെ എങ്ങനെ ദൈവം ലോകം സൃഷ്ടിക്കും? ദൈവം ആദ്യം ഈ അസംസ്‌കൃത ആദിപദാര്‍ഥം സൃഷ്ടിക്കുകയും അതില്‍ നിന്ന് ലോകം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അനന്തമായി ഈ ചോദ്യം നിങ്ങളെ പിന്തുര്‍ന്നുകൊണ്ടിരിക്കും. സമയത്തെ പോലെ പ്രപഞ്ചവും അനാദിയും അനന്തവുമാണ്” (മഹാപുരാണ).
ജിനസേനയുടെ പ്രശ്‌നങ്ങള്‍ക്ക് ആധുനികശാസ്ത്രം കൃത്യമായി മറുപടി നല്‍കികഴിഞ്ഞിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മഹാ വിസ്‌ഫോടനത്തോടെ(ബിഗ് ബാങ്)യാണ് പദാര്‍ഥവും ഊര്‍ജ്ജവും സമയവും വ്യാപ്തി(സ്‌പേസ്)യും ഉദ്ഭവിച്ചതെന്ന് ശാസ്ത്രലോകം മനസ്സിലാക്കുമ്പോള്‍ ഒരു സിംഗുലാരിറ്റി എന്ന മൊമന്റ് അസംഭവ്യമല്ലെന്ന് നാം തിരിച്ചറിയുന്നു. പ്രപഞ്ച സൃഷ്ടിക്കു മുമ്പ് ദൈവം ‘എവിടെ’യായിരുന്നുവെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കാരണം സമയവും വ്യാപ്തിയും ദൈവം പ്രപഞ്ചം സൃഷ്ടിക്കുന്നതിന് ശേഷം ഉദ്ഭവിക്കുന്ന പ്രപഞ്ചത്തിന്റെ ഗുണങ്ങളാണ്(പ്രിപ്പറേഷന്‍സ്). എവിടെ എന്നത് സ്‌പൈസിനെ കുറിച്ചും അതിനു ‘മുമ്പ്’ എന്നത് ‘ടൈമി’നെ കുറിച്ചുമുള്ള ചോദ്യങ്ങളാണ്. പ്രപഞ്ചത്തിന്റെ ഇത്തരം പരിമിതികള്‍ക്കതീതമായ അസ്തിത്വത്തിന് അവ ബാധകമാവുന്നില്ല.
മഹാപുരാണങ്ങള്‍ക്കു നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ ചോദ്യം സെന്റ് അഗസ്റ്റിനോട്(354-430 അഉ) ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”ശോല ംമ െമ ുൃീുലൃ്യേ ീള വേല ൗിശ്‌ലൃലെ വേമ േഴീറ രൃലമലേറ”. ഐന്‍സ്റ്റീന്റെ സ്‌പെഷ്യല്‍ റിലേറ്റിവിറ്റി പ്രകാരം ുെമരല ശോല എന്ന ചതുര്‍മാനമാതൃകയുടെ രംഗപ്രവേശം ഈ നിരീക്ഷണത്തെ ശരിവെക്കുന്നു. ആചാര്യ ജിനസേനക്കും അഗസ്റ്റിനും മുമ്പ് ബി.സി അഞ്ചാം നൂറ്റാണ്ട് മുതലുള്ള ഗ്രീക്ക് ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ഏതന്‍സില്‍ ജീവിച്ച അനാക്‌സ്‌ഗോറസ് വിശ്വസിച്ചിരുന്നത് പ്രപഞ്ചം അനാദിയാണെന്നായിരുന്നു. പദാര്‍ഥം അതിന്റെ ലളിതവും ആദിമവുമായ രൂപത്തില്‍ നിന്ന് ക്രമേണ സങ്കലനത്തിലൂടെ വിവിധ പദാര്‍ഥങ്ങളും പിന്നീട് അവയില്‍ നിന്ന് ജീവനും ഉടലെടുത്തുവെന്ന് അദ്ദേഹം വിശ്വസിച്ചു. 1950 കളില്‍ ബയോകെമിസ്റ്റുകളായ സ്റ്റാന്‍ലി മില്ലറും ഹാരോള്‍ഡ് യുറേയും തങ്ങളുടെ പരീക്ഷണങ്ങളിലൂടെ രാസപരിണാമങ്ങളിലൂടെ ജീവന്റെ ആവിര്‍ഭാവം സാധിക്കുമെന്ന് തെളിയിച്ചതോടെ അനാക്‌സഗോറസിന്റെ നിരീക്ഷണത്തിന് കൂടുതല്‍ പ്രസക്തിയേറി. ഡാര്‍വിന്റെ സിദ്ധാന്തം ജീവിവര്‍ഗങ്ങളുടെയെല്ലാം പൊതുവായൊരു ആദിമജീവിയെ വിഭാവനം ചെയ്യുന്നതായിരുന്നെങ്കില്‍ ഭൂമിയിലെ ജീവന്റെ ഉദ്ഭവം രാസപ്രക്രിയകളിലൂടെ സാധ്യമാണെന്ന കെമിക്കല്‍ ഇവല്യൂഷന്‍ എന്ന സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു മില്ലര്‍ യൂറീ എക്‌സ്പിരിമെന്റ്. അരിസ്റ്റോട്ടില്‍, പ്ലേറ്റോ, സോക്രട്ടീസ്, അനാക്‌സിമാന്‍ഡര്‍, പൈതഗോറസ്, ഡെമോക്രിറ്റസ് തുടങ്ങിയവരെല്ലാം പ്രപഞ്ചത്തിന്റെ ആദിമരൂപത്തെയും ഉദ്ഭവത്തെയും കുറിച്ച് ശാസ്ത്രവിചാരം നടത്തിയവരായിരുന്നു. അരിസ്റ്റോട്ടിലിന്റെ കോസ്‌മോളജി ഹൈലോ മോര്‍ഫിസ്റ്റിക് ആയിരുന്നെങ്കില്‍, ഡെമോക്രിറ്റസിന്റേത് ആറ്റോമിസ്റ്റിക് ആയിരുന്നു. ആദിമ പദാര്‍ഥത്തിന്റെ നാലു രൂപങ്ങളായ അഗ്നി, വായു, ജലം, മണ്ണ് എന്നിവയാല്‍ നിര്‍മിതമാണ് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, പൈതഗോറസ്, അനാക്‌സിമാന്‍ഡര്‍ തുടങ്ങിയവരുടെ ലോകം. എന്നാല്‍ ഒരിക്കലും വിഭജിക്കാനാവാത്ത സൂക്ഷ്മാണുക്കള്‍ കൂടിച്ചേര്‍ന്നുണ്ടാവുന്നതാണ് ഡെമോക്രിറ്റസിന്റെ ലോകം. ഇരു വീക്ഷണത്തിലും പദാര്‍ഥം അനാദിയും അനന്തവുമായി നിലനില്‍ക്കുന്നതുകൊണ്ട് പ്രപഞ്ചവും അനാദിയും അനന്തവുമായി ഗണിക്കപ്പെട്ടു.
1781ല്‍ പ്രസിദ്ധീകരിച്ച തന്റെ ‘ശുദ്ധ യുക്തിയുടെ വിമര്‍ശം’ എന്ന കൃതിയില്‍ ആധുനിക പാശ്ചാത്യന്‍ തത്വശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇമ്മാനുവല്‍ കാന്റ് പ്രപഞ്ചോല്‍പത്തിയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. പ്രപഞ്ചത്തിനു തുടക്കമുണ്ടെന്ന വാദത്തെയും പ്രതിവാദമായ അനാദിയായ പ്രപഞ്ചത്തെയും ശുദ്ധയുക്തിയുടെ വിരോധാഭാസങ്ങളായി അദ്ദേഹം പരിചയപ്പെടുത്തുന്നു. പ്രപഞ്ചത്തിന് തുടക്കമില്ലെന്ന വാദപ്രകാരം ഏതൊരു സംഭവത്തിനുമുമ്പും അനന്തമായ കാലമുണ്ടാവും. ഫിസിക്‌സിന്റെയും ആസ്‌ട്രോണമിയുടെയും കാല്‍ക്കുലേഷനുകള്‍ ഒരു നിശ്ചിത തുടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അപ്പോള്‍ അനന്തമായ കാലം ഏത് സംഭവത്തിനു മുമ്പും നിലനില്‍ക്കുക എന്നത് അബദ്ധജടിലമാണ്. അനാദിയായ പ്രപഞ്ചത്തിന് അനുകൂലമായി അദ്ദേഹം നിരത്തുന്ന തെളിവ് ഇങ്ങനെയാണ്: ”പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നെങ്കില്‍ അതിനുമുമ്പ് അനന്തമായ സമയമുണ്ടാകും. എന്തുകൊണ്ട് ഒരു നിശ്ചിത സമയത്ത് പ്രപഞ്ചം ആരംഭിച്ചു? അതിന് മുമ്പോ ശേഷമോ ആയില്ല?”. ഈ ചോദ്യങ്ങളുടെയെല്ലാം അടിസ്ഥാനം സമയത്തെ കുറിച്ച ക്ലാസിക്കല്‍ ധാരണയാണെന്നാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ് അഭിപ്രായപ്പെടുന്നത്. സമയം അനന്തമായി പിന്നോട്ട് സഞ്ചരിക്കുന്നുവെന്ന ക്ലാസിക്കല്‍ കണ്‍സപ്ഷനാണ് ഇവിടെ വില്ലന്‍. ഫ്രഡ് ഹോയലിന്റെ ‘ബിഗ് ബാംഗ്’ എന്ന വിസ്‌ഫോടനത്തോടെ സമയത്തിനും ഒരു തുടക്കമുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. തന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന കൃതിയില്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് പറയുന്നു: ”മഹാവിസ്‌ഫോടനത്തോടു കൂടെ സമയത്തിന് ഒരു ആരംഭമുണ്ടെന്ന് ഒരാള്‍ക്ക് പറയാം. അതിനു മുമ്പുള്ള കാലങ്ങളെ കൃത്യമായി നിര്‍വചിക്കാനാവില്ലെന്ന അര്‍ഥത്തില്‍ മാത്രം”. അദ്ദേഹം തുടരുന്നു: ”കഴിഞ്ഞ കാലത്ത് ഏതൊരു നിമിഷത്തിലായാലും ശരി ആ നിമിഷത്തില്‍ ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. മറിച്ച് ചിന്തിക്കുകയാണെങ്കില്‍ പ്രപഞ്ചം അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഒരു തുടക്കമുണ്ടാവാന്‍ തക്കതായ ഭൗതിക കാരണങ്ങള്‍ ഉണ്ടായേക്കും. മഹാവിസ്‌ഫോടനത്തിന്റെ നിമിഷത്തില്‍ ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നും ഒരാള്‍ക്ക് സങ്കല്‍പിക്കാം. അല്ലെങ്കില്‍ ബിഗ്ബാംഗിന് ശേഷമായിരിക്കാം ദൈവം പ്രപഞ്ചം സൃഷ്ടിച്ചത്; ഒരു മഹാ വിസ്‌ഫോടനമുണ്ടായിട്ടുണ്ട് മുമ്പ് എന്ന് മനസ്സിലാക്കിത്തരും വിധമാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുക. ബിഗ് ബാംഗിന് മുമ്പ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നത് തീര്‍ത്തും അര്‍ഥരഹിതമായിരിക്കും. അനന്തമായി വികസിക്കുന്ന ഒരു പ്രപഞ്ചം ഒരു ദൈവത്തിന്റെ സാധ്യതയെ അസംഭവ്യമായി കരുതുന്നില്ല. പക്ഷെ, സൃഷ്ടി കര്‍മമെന്ന തന്റെ ജോലി നിര്‍വഹിക്കാനുള്ള സമയത്തെ പ്രതി ചില പരിമിതികള്‍ അത് മുന്നോട്ടുവെക്കുന്നു” (ഹിസ്റ്ററി ഓഫ് ടൈം).
മഹാപുരാണത്തില്‍ ജിനസേനന്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദിപരാമര്‍ശത്തെ കുറിച്ചാണ്. ഈ വിഷയം ചര്‍ച്ച ചെയ്തു കൊണ്ട് രണ്ട് തവണ യുറേക്ക പുരസ്‌കരാത്തിനര്‍ഹനായ ഭൗതിക ശാസ്ത്രജ്ഞന്‍ പോള്‍ ഡേവിഡ് തന്റെ ‘മൈന്റ് ഓഫ് ദി ഗോഡ്’ (1992) എന്ന കൃതിയില്‍ കുറിക്കുന്നു: ‘ജനങ്ങള്‍ ചിലപ്പോള്‍ ചോദിക്കും, എവിടെയാണ് ബിഗ്ബാംഗ് സംഭവിച്ചത്. സ്‌പേസില്‍ ഒരു നിശ്ചിത സ്ഥലത്ത് ബിഗ്ബാംഗ് ഒരിക്കലും സംഭവിച്ചിട്ടില്ല. (കാരണം) സ്‌പേസ് തന്നെ ഉത്ഭവിക്കുന്നത് ബിഗ്ബാംഗോടു കൂടെയാണ്. ആ ചോദ്യത്തിന് മറ്റൊരു പ്രശ്‌നം കൂടി ഉന്നയിക്കാനുണ്ട്. ബിഗ്ബാംഗിന് മുമ്പ് എന്ത് സംഭവിച്ചു? ഉത്തരമിതാണ്: ‘അങ്ങനെ ഒരു ‘മുമ്പ്’ ഉണ്ടായിരുന്നില്ല. (കാരണം) സംഭവം തന്നെ ആരംഭിക്കുന്നത് ബിഗ്ബാംഗോടു കൂടിയാണ്’. (ദി മൈന്റ് ഓഫ് ഗോഡ് പേജ്: 50).
മിലിറ്റന്റ് എത്തിസ്റ്റ് ആയി അറിയപ്പെടുന്ന ലോറന്‍സ് ക്രോസിന്റെ ഒരു ഗ്രന്ഥത്തിന്റെ പേര് തന്നെ ‘എ യൂണിവേഴ്‌സ് ഫ്രം നത്തിംഗ്, വൈ ദേര്‍ ഈസ് സംത്തിംഗ് റാദര്‍ ദാന്‍ നത്തിംഗ്’ എന്നാണ്. മറ്റൊരു നിരീശ്വര മൗലികവാദി റിച്ചാര്‍ഡ് ഡോകിന്‍സ് കൃതിയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ദൈവശാസ്ത്രജ്ഞരുടെ അവസാന തുറുപ്പുചീട്ടായ ഒന്നുമില്ലാത്ത ശൂന്യതക്ക് പകരം എന്തുകൊണ്ട് ഒന്ന് നിലനില്‍ക്കുന്നു എന്ന ചോദ്യം ഈ താളുകള്‍ വായിച്ചു തീരുന്നതോടെ തകര്‍ന്നടിയും. (ഡാര്‍വിന്റെ) ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പിസീസ്, സൂപ്പര്‍ നാച്വറലിസത്തിന് മേല്‍ ജീവശാസ്ത്രമേല്‍പ്പിച്ച മാരക പ്രഹരമായിരുന്നെങ്കില്‍, കോസ്‌മോളജിയുടെ പക്ഷത്ത് നിന്നുള്ള സമാനമായ പ്രഹരമായി ‘എ യൂണിവേഴ്‌സ് ഫ്രം നത്തിംഗ്’ എന്ന കൃതിയെ കാണാവുന്നതാണ്.
ഡോകിന്‍സിന്റെയും ക്രോസിന്റെയും പതിവു വീരവാദവും പരിഹാസവും ഈ കൃതിയെയും അലങ്കരിക്കുന്നുവെന്നതിലപ്പുറം പുതിയതൊന്നും നല്‍കുന്നില്ല. ക്രോസ് ‘നത്തിംഗ്’ എന്ന പ്രയോഗത്തിന് ‘ക്വാണ്ടം വാക്വം’ എന്നു മാറ്റി പ്രയോഗിച്ചു കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനോ ചര്‍ച്ച ചെയ്യാനോ മുതിരുന്നില്ല. ക്രോസ് കൃതിയുടെ അവസാന അമ്പത് പേജുകള്‍ മാത്രമാണ് ‘വൈ ഈസ് ദേര്‍ സംത്തിംഗ് റാദര്‍ ദാന്‍ നത്തിംഗ്’ എന്ന പ്രശ്‌നം കൃത്യമായി ചര്‍ച്ച ചെയ്യുന്നത്. 194ാം പേജില്‍ ക്രോസ് തന്റെ പുതിയ തീസിസിനെ സംഗ്രഹിച്ചു കൊണ്ട് പറയുന്നു: ‘വാക്വ’ത്തില്‍ നിന്നാണ് അങ്ങേയറ്റം സൂക്ഷ്മമായൊരു വസ്തു ഉത്ഭവിക്കാവുന്നതാണ്. കാരണം ഗ്രാവിറ്റിയുടെ സാന്നിധ്യത്തില്‍ എംപ്റ്റി സ്‌പേസില്‍ സംഭവിക്കുന്ന ഊര്‍ജത്തെ കുറിച്ച് പ്രകൃതിയുടെ നിഗൂഢ രഹസ്യങ്ങള്‍ കണ്ടെത്തുന്നതു വരെ സമാന്യ ബോധം നമുക്കൊന്നും പറഞ്ഞു തരുന്നില്ല’. നത്തിംഗ് എന്നതുകൊണ്ട് താന്‍ വിവക്ഷിക്കുന്നതെന്തെന്ന ചോദ്യത്തിന് കൃതിയുടെ അനുബന്ധമായി ചേര്‍ത്ത അഭിമുഖ സംഭാഷണത്തില്‍ ക്രോസ് പറയുന്നു: ‘ഒരു പക്ഷേ ആന്റി മാറ്ററാവാം. ക്ലാസിക്കലായ അര്‍ഥത്തിലുള്ള നത്തിംഗ് അല്ല. ഇത് വലിയൊരു മാറ്റമാണ്. ഈ നത്തിംഗിന്റെ വിവക്ഷ വാക്വം ആണ്’.
ഇവിടെയാണ് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും പ്ലാനിറ്ററി ഫിസിസിറ്റുമായ റോബര്‍ട്ട് ജാസ്‌ട്രോ(1925-2008)യുടെ വാക്കുകള്‍ പ്രസക്തമാവുന്നത്. തന്റെ ഗോഡ് ആന്‍ഡ് ആസ്‌ട്രോണമേഴ്‌സ് എന്ന കൃതിയില്‍ അദ്ധേഹം പറയുന്നു: ”യുക്തിയുടെ ശക്തിയില്‍ (മാത്രം) വിശ്വാസമര്‍പ്പിച്ച ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഒരു ഭീകര സ്വപ്‌നമായി കഥയവസാനിക്കുന്നു. അജ്ഞതയുടെ പര്‍വ്വതങ്ങള്‍ താണ്ടി കയറി, കൊടുമുടിയും കീഴടക്കി അവസാന പാറയുടെ മുകളില്‍ കാല്‍ വെച്ച് നില്‍ക്കുന്നതോടെ നൂറ്റാണ്ടുകളായി അവിടെ ഇരിപ്പുറപ്പിച്ചിട്ടുള്ള ദൈവശാസ്ത്രജ്ഞര്‍ തന്നെ ആശീര്‍വദിക്കുന്നതായി അവര്‍ കാണുന്നു.”
ലോറന്‍സ് ക്രോസിനോട് ദൈവശാസ്ത്രജ്ഞര്‍ക്ക് ചോദിക്കാനുള്ള അടുത്ത ചോദ്യമിതാണ്: ‘ഭൗതിക നിയമങ്ങള്‍ക്കനുസരിച്ച് ഒരു വസ്തുവായി പരിണമിച്ച ക്വാണ്ടം വാക്വത്തിന്റെ ഊര്‍ജം എന്തില്‍ നിന്നു വന്നു?’ ഇവിടെ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു. അദ്ദേഹം പറയുന്നു: ”മാറ്റമില്ലാത്ത പ്രപഞ്ചത്തില്‍ ഒരു നിശ്ചിത സമയത്ത് ലോകത്തിന്റെ ആരംഭം പ്രപഞ്ചത്തിന് അതീതമായൊരു അസ്തിത്വത്താല്‍ നിര്‍വഹിക്കപ്പെടേണ്ടതാണ്. ഒരു ആരംഭത്തിന് ഭൗതികമായ അനിവാര്യതയൊന്നുമില്ല”(എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, പേ.10).
ക്രിസ്തുവര്‍ഷം പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇസ്്‌ലാമിക നാഗരികതയുടെ അതുല്യ സൃഷ്ടികളിലൊന്നായ ഹുജ്ജത്തുല്‍ ഇസ്്‌ലാം അബൂ ഹാമിദ് അല്‍ ഗസ്സാലി എന്ന ഇമാം ഗസ്സാലി(റ) പ്രപഞ്ചോല്‍പത്തിയുടെ വ്യവഹാരങ്ങളില്‍ അമൂല്യമായൊരു ഗ്രന്ഥം സമര്‍പ്പിച്ചിട്ടുണ്ട്. ‘തഹാഫുതുല്‍ ഫലാസിഫ’ എന്ന ബൃഹദ്ഗ്രന്ഥത്തില്‍ അരിസ്റ്റോട്ടില്‍, പ്ലേറ്റോ തുടങ്ങിയ യവനദാര്‍ശനികരുടെയും ഇബ്‌നു സീന, ഫാറാബി തുടങ്ങിയ മുസ്്‌ലിം ദാര്‍ശനികരുടെയും അനാദിയായ പ്രപഞ്ചസങ്കല്‍പത്തെ ശക്തിയുക്തം ഖണ്ഡിക്കുന്നു ഇമാം ഗസ്സാലി(റ). ഇമ്മാനുവല്‍ കാന്റിന്റെ ശുദ്ധയുക്തിയുടെ വിമര്‍ശത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഗ്രീക്ക് മെറ്റാഫിസിക്‌സിന്റെ വിമര്‍ശമായി ദാര്‍ശനികലോകം ഈ കൃതിയെ വിലയിരുത്തുന്നു. ഇരുപത് മെറ്റാഫിസിക്കലായ പ്രശ്‌നങ്ങളാണ് ഇമാം ഗസ്സാലി(റ) കാര്യമായി കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്നാമതായി പ്രപഞ്ചത്തിന്റെ അനാദിത്വമെന്ന ‘ഫലാസിഫ’ യുടെ വാദമാണ് ഇമാം ഖണ്ഡിക്കുന്നത്. അറബ് ഫിലോസഫിയുടെ പിതാവായറിയപ്പെടുന്ന അബൂ യൂസുഫ് യഅ്ഖൂബ് അല്‍ കിന്ദിയുടെ ഒരു കൃതിയുടെ പേരുതന്നെ ‘രിസാലത്തുന്‍ ഫീ വഹ്ദാനിയതില്ലാഹി വ തനാഹീ ജിര്‍മില്‍ ആലം’ എന്നാണ്. ഇബ്‌നു സീന, ഫാറാബി എന്നിവരില്‍ നിന്നു ഭിന്നമായി കിന്ദി ക്രിയേഷനില്‍ വിശ്വസിച്ചിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിയൊന്നാം അധ്യായം സൂറ അമ്പിയാഅ് മുപ്പതാം സൂക്തം പറയുന്നു:’അവിശ്വാസികള്‍ കാണുന്നില്ലേ; ആകാശഭൂമികള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. ശേഷം നാമവയെ പിളര്‍ത്തുകയുണ്ടായി. ജീവിവര്‍ഗങ്ങളെ മുഴുവനും നാം ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലയോ?’ ഇബ്‌നു അബ്ബാസ്(റ) ആകാശഭൂമികള്‍ ഒന്നിച്ച് ചേര്‍ന്നവയായിരുന്നെന്ന് ‘റത്ഖ്’ എന്നതിന് വിശദീകരണം നല്‍കിയത് ഇമാം ത്വബരി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു.
എഡ്വിന്‍ ഹബിളിന്റെ ‘വികസിക്കുന്ന പ്രപഞ്ചം’ രംഗത്തുവന്നതിന് ശേഷമാണ് ബിഗ്ബാംഗ് എന്ന ചിന്ത രൂപമെടുക്കുന്നത് തന്നെ. അതിന് മുമ്പ് സ്റ്റഡിയേറ്റ് തിയറി സിദ്ധാന്തിച്ചിരുന്നത് പ്രപഞ്ചം ഒരു മാറ്റവുമില്ലാതെ വികസിക്കാതെ നിലനില്‍ക്കുന്നുവെന്നായിരുന്നു. അതിശീഘ്രം പരസ്പരം വികര്‍ഷിച്ചു നീങ്ങുന്ന ഗാലക്‌സികള്‍ പണ്ട് ഒരൊറ്റ കേന്ദ്രത്തില്‍ സംയോജിച്ചു നിന്നവയായിരിക്കാമെന്നും പിന്നെ എന്തോ കാരണത്താല്‍ അവ തമ്മില്‍ അകന്നു തുടങ്ങുകയും ചെയ്തിരിക്കുമെന്ന നിരീക്ഷണമാണ് ജോര്‍ജസ് ലെമയ്ത്രിന്റെ ബിഗ്ബാംഗ്. തോമസ് ഗോള്‍ഡും ഫ്ഡ് ഹോയലുമാണ് ബിഗ്ബാംഗ് എന്ന നാമം ഉപയോഗിച്ചു തുടങ്ങുന്നത്. പിന്നീട് അലന്‍ ഗൂതിന്റെ ഇന്‍ഫ്‌ളേഷന്‍ തിയറിയും, ബ്രണ്ടന്‍ കാര്‍ട്ടറുടെ ആന്തോപിക് പ്രിന്‍സിപ്പിളും, ജോണ്‍ഡിബാരോ, ഫ്രാങ്ക് ടിപ്ലര്‍ എന്നിവരുടെ സ്‌ട്രോങ്ങ് ആന്ത്രോപോക് പ്രിന്‍സിപ്പിളും ജോസഫ് ഹെന്‍ഡേര്‍സന്റെ ഫൈന്‍ ട്യൂണിങ്ങുമെല്ലാം ബിഗ് ബാംഗിനെ കൂടുതല്‍ സ്വീകാര്യമാക്കി. പ്രപഞ്ചോല്‍പത്തിയെ കുറിച്ച് മുസ്്‌ലിം ചിന്തകരുടെ അന്വേഷണങ്ങള്‍ കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യൂമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. അതേ കുറിച്ച് അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
(തുടരും)