Thelicham

മതത്തിലെ ശാസ്ത്രവും ശാസ്ത്രത്തിന്റെ മതവും

The purpose of science is to understand how the heavens go, the purpose of religion is to understand how to go to heaven – Galileo Galilei

മനുഷ്യരാശിയുടെ ശാസ്ത്രപര്യവേക്ഷണങ്ങളുടെ ഗണത്തില്‍ സുവര്‍ണ നേട്ടമായ ചാന്ദ്രയാത്രയുടെ അമ്പതാം വാര്‍ഷികം ലോകമെങ്ങും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വാനനിരീക്ഷണത്തിന്റെ ഗതി തന്നെ നിര്‍ണയിച്ച ഗലീലിയോ ഗലീലിയുടെ വാക്കുകള്‍ക്ക് വീണ്ടും പ്രസക്തിയേറുന്നു. ശാസ്ത്രത്തിന്റെയും മതത്തിന്റെയും പ്രവര്‍ത്തനമണ്ഡലങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നിരിക്കെ അനാവശ്യ സംഘര്‍ഷങ്ങള്‍ അവ തമ്മില്‍ സൃഷ്ടിച്ചെടുക്കേണ്ടതില്ല എന്നാണ് ദൈവവിശ്വാസി കൂടിയായിരുന്ന ഗലീലിയോ പറയുന്നത്. ശാസ്ത്രം എത്ര മുന്നോട്ട് പോയാലും ദൈവത്തെയും മതത്തെയും നിരാകരിക്കുവാന്‍ ഒരുമ്പെടുന്നത് ശാസ്ത്രീയമാവില്ല (യുക്തിപൂര്‍വ്വമാവില്ല) എന്ന് കൂടി ഈ പ്രസ്താവന ദ്യോതിപ്പിക്കുന്നുണ്ട്. റിച്ചാര്‍ഡ് ഡോകിന്‍സ്, ലോറന്‍സ് ക്രോസ്, വിക്ടര്‍ സ്‌റ്റെങ്ങര്‍, സാം ഹാരിസ് തുടങ്ങിയ നവ നിരീശ്വര തീവ്രവാദികളെ (മിലിറ്റന്റ് അതിസ്റ്റ്‌സ്) ഇത് തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അന്ധമായ മതവിരോധത്താല്‍ ഉത്തേജിപ്പിക്കപ്പെട്ടതാണ് 2014ല്‍ അന്തരിച്ച വിക്ടര്‍ സറ്റെങ്ങറുടെ ഗോഡ്: ദി ഫയല്‍ഡ് ഹൈപോതിസീസ്, ഹൗ സയന്‍സ് ഷോസ് ദാറ്റ് ഗോഡ് നോട്ട് എക്‌സിറ്റ് (2007) എന്ന കൃതി. തന്റെ മറ്റൊരു കൃതി ഗോഡ് ആന്‍ഡ് ദ ഫോളി ഓഫ് ഫെയ്ത്, ദ ഇന്‍കോമ്പാലിറ്റി ഓഫ് സയന്‍സ് ആന്‍ഡ് റിലീജിയന്‍ (2012), മതവും ശാസ്ത്രവും തമ്മില്‍ അനിവാര്യ സംഘട്ടനം നിലനില്‍കുന്നുവെന്ന് നിസ്സങ്കോചം ജല്‍പനം നടത്തുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രലോകം ദര്‍ശിച്ച അതുല്യ പ്രതിഭ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു പേഴ്‌സണല്‍ ഗോഡിനെ അംഗീകരിച്ചിരുന്നില്ലെങ്കിലും പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ നിഗൂഢമായൊരു ശക്തിയുണ്ടായിരുന്നു എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. 1929 ല്‍ റബ്ബി ഹെര്‍ബര്‍ട്ട് ഗോള്‍ഡ്‌സ്‌റ്റെന്‍ അയച്ച കത്തില്‍ ഐന്‍സ്റ്റീന്‍ പറയുന്നു: ഭൗതിക പ്രപഞ്ചത്തിന്റെ നിയമങ്ങളുടെ സ്വരചേര്‍ച്ചയില്‍ സ്വയം പ്രത്യക്ഷനാകുന്ന സ്പിനോസ (ബാറൂഖ് സ്പിനോസ- 1632-1977) യുടെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യകുലത്തിന്റെ വിധിയില്‍ ഇടപെടുന്ന ഒരു ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

അടിസ്ഥാനപരമായി ദൈവമെന്ന പരാശക്തിയില്‍ ഐന്‍സ്റ്റീന് വിശ്വാസമുണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. ദൈവമെന്ന അസ്തിത്വത്തെ സംബന്ധിച്ച വിവിധ സങ്കല്‍പങ്ങളിലൊന്നായി ഐന്‍സ്റ്റീന്റെയും സ്പിനോസയുടെയും ദൈവസങ്കല്‍പം ഇന്നും മിഷിയോ കാകുവിനെ പോലുള്ള പ്രമുഖ ഭൗതിക ശാസ്ത്രജ്ഞരെ വിനയത്തിന്റെ ഭാഷ ശീലിപ്പിക്കുന്നു. ഐന്‍സ്റ്റീന് ശേഷം വന്ന ഏറ്റവും പ്രഗത്ഭ ശാസ്ത്രപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായിരുന്നെങ്കിലും ദൈവമില്ലെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് സമ്മതിക്കുന്നുണ്ട്. 2010 സെപ്റ്റംബര്‍ 7 ന് നിക് വാട്ടുമായി നടന്ന സംഭാഷണത്തില്‍ ഹോക്കിങ് പറയുന്നു: ദൈവമില്ലെന്ന് ഒരാള്‍ക്കും തെളിയിക്കാന്‍ കഴിയില്ല. പക്ഷെ ശാസ്ത്രം ദൈവത്തെ അപ്രസക്തമാക്കുന്നു. ശാസ്ത്രം ദൈവത്തെ അപ്രസക്തമാക്കുന്നില്ലെന്നതാണ് ദെക്കാര്‍ത്, ന്യൂട്ടണ്‍, പാസ്‌ക്കല്‍, ഐന്‍സ്റ്റീന്‍, മാക്‌സ് പ്ലാങ്ക്, മിഷിയോ കാകു തുടങ്ങിയവരുടെ അനുഭവം നമുക്ക് പറഞ്ഞു തരുന്നത്. തന്റെ ദ ഗേ സയന്‍സ്(1828), ദസ് സ്‌പോക് സൊരാഷ്ട്ര എന്നീ കൃതികളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യയാമങ്ങളില്‍ ജര്‍മന്‍ തത്വചിന്തകന്‍ ഫ്രഡറിക് നീഷെ ‘ദൈവം മരിച്ചു’ എന്ന് പ്രഘോഷണം ചെയ്‌തെങ്കിലും മാക്‌സ് പ്ലാങ്ക്, ഐന്‍സ്റ്റീന്‍ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ നിരവധി ശാസ്ത്രപ്രതിഭകള്‍ക്ക് ദൈവത്തെ മരിച്ചതായി കാണാന്‍ കഴിഞ്ഞില്ല. സ്റ്റീഫണ്‍ ഹോക്കിങ്ങിന്റെ പ്രഖ്യാപനം നീഷെയുടെ പ്രസ്താവനയുടെ തനി ആവര്‍ത്തനമായി ദര്‍ശിക്കാവുന്നതാണ്. ശാസ്ത്രം അന്തിമമായി ദൈവത്തെ നിരാകരിച്ചു കഴിഞ്ഞു എന്ന് വിചാരിക്കുന്നത് നീഷെയുടെ മിഥ്യാബോധത്തിന് സമാനമായിരിക്കും എന്ന് ചുരുക്കം.

ഇസ്ലാമിലെ ശാസ്ത്രം
ഇസ്്‌ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ന ചര്‍ച്ച പൊതുവെ ഒരു ക്ലീഷേ ആയി ഗണിക്കപ്പെടുന്നതു കൊണ്ട് ‘ഇസ്്‌ലാമിക’ ലോകത്തെ ശാസ്ത്രവിചാരവും അതിനോടുള്ള സമീപനവും ചരിത്രപരമായി വിലയിരുത്താനാണ് ഇസ്്‌ലാമിലെ ശാസ്ത്രം എന്ന തലവാചകം കൊണ്ട് ഉദ്ദേശിക്കുന്നത്. ‘മുസ്്‌ലിം ലോകം’, അറബിക് സയന്‍സ് തുടങ്ങിയ സംജ്ഞകള്‍ക്കു പകരം ഇസ്്‌ലാമിക ലോകം എന്നുപയോഗിക്കുന്നത് ഒരു മതവിശ്വാസികളുടെ സമൂഹത്തില്‍ വിശ്വാസികളുടെയും മതപണ്ഡിതരുടെയും സമീപനവും കാഴ്ച്ചപ്പാടും വ്യക്തമാക്കുന്നതിന് വേണ്ടിയാണ്.

ഇസ്്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ വര്‍ഗീകരണ മാനദണ്ഡങ്ങളില്‍ സുപ്രധാനമാണ് സബ്്ജക്ട് മാറ്റര്‍(മൗളൂഅ്). ഒരു വിജ്ഞാന ശാഖയുടെ അടിസ്ഥാന അന്വേഷണം എന്തിനെ കുറിച്ചാണോ അതിനനുസരിച്ച് ആ ശാഖക്ക് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നു. അല്ലാഹുവിനെ സംബന്ധിച്ച അറിവ് പ്രദാനം ചെയ്യുന്ന ശാസ്ത്രമെന്ന നിലക്ക് ‘ഇല്‍മുല്‍ അഖീദയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പണ്ഡിതരുണ്ട്. ഈ ഇല്‍മുല്‍ അഖീദയുടെ പൂരകമായി വരുന്ന ശാസ്ത്രമായി ഭൗതിക ശാസ്ത്രത്തെ മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് നിരവധി ശാസ്ത്രജ്ഞന്മാരുടെ അനുഭവം ബോധ്യപ്പെടുത്തുന്നത്. ഇമാം ഗസ്സാലി(റ)യുടെ ജവാഹിറുല്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥം പ്രപഞ്ചത്തെ പരിചയപ്പെടുത്തുന്നത് അല്ലാഹുവിന്റെ അഫ്ആലും സ്വിഫാത്തും(പ്രവര്‍ത്തനമേഖല, ഗുണങ്ങളുടെ പ്രത്യക്ഷസ്ഥലി) ആയിട്ടാണ്. അല്ലാഹുവിന്റെ വചനമായ ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് ആയത്ത് എന്ന പദം പ്രയോഗിക്കുന്നതു പോലെ പ്രപഞ്ച പ്രതിഭാസങ്ങളെ കുറിക്കാനും അതേ ആയത്ത് തന്നെ ഉപയോഗിക്കുന്നത് കാണാം. ഖുര്‍ആന്‍ മസ്തൂര്‍(വെര്‍സിഫൈഡ്) ആണെങ്കില്‍ പ്രപഞ്ചം മന്‍ളൂര്‍(കണ്ടംപ്ലേറ്റ്ഡ്) ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ.

ഈ അടിസ്ഥാനതത്വം ചിന്തയിലാവാഹിച്ച സമൂഹമായിരുന്നു ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ട് മുതല്‍ യവനശാസ്ത്രവും തത്വചിന്തയും പുനര്‍ഖനനം ചെയ്ത് പരിപോഷിപ്പിച്ചെടുത്തത്. അബ്ബാസി ഖലീഫ ഹാറൂന്‍ റശീദ് ബൈതുല്‍ ഹിക്മ: സ്ഥാപിക്കുമ്പോള്‍ തന്റെ ഉപദേഷ്്ടാവായി ഉണ്ടായിരുന്നത് ഇസ്്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇമാമുല്‍ അഅ്‌ളം എന്നറിയപ്പെടുന്ന ഇമാം അബൂ ഹനീഫ(റ)യുടെ ശിഷ്യന്‍ ഖാളി അബൂയൂസുഫ് ആണെന്നത് വിസ്മരിക്കാനാവില്ല. ‘അറബിക് ഫിലോസഫിയുടെ പിതാവ്’ എന്നറിയപ്പെടുന്ന അബൂയൂസുഫ് യഅ്ഖൂബ് ബ്‌നു ഇസ്്ഹാഖ് അല്‍കിന്ദി (801-873 അ.ഉ) ‘രിസാലതുല്‍ ഫീ വഹ്ദാനിയതില്ലാഹി വ തനാഹീ ജിര്‍മില്‍ ആലം’ എന്ന ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിയന്‍ സങ്കല്‍പത്തിലെ അനാദിയായ പ്രപഞ്ചത്തിന് വിരുദ്ധമായി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് വാദിച്ച ദൈവവിശ്വാസിയായിരുന്നു അല്‍കിന്ദി. തന്റെ ദൈവവിശ്വാസം ആസ്‌ട്രോണമി, ഫിസിക്‌സ്, കെമിസ്ട്രി, സൈക്കോളജി, കോസ്‌മോളജി, മാത്തമാറ്റിക്‌സ്, മ്യൂസിക് തിയറി തുടങ്ങി ശാസ്ത്രമേഖലകളില്‍ തന്റെ ബുദ്ധിയുപയോഗിച്ച് നിരവധി ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞില്ല.

ലോകത്തെ ലക്ഷണമൊത്ത പ്രഥമ ശാസ്ത്രജ്ഞനെന്ന ഖ്യാതി നേടിയ ഇബ്‌നുല്‍ ഹൈസം(അല്‍ഹസന്‍ 950-1040) പറയുന്നത് കാണുക: ‘ദൈവസാമീപ്യം നേടാന്‍ സത്യാന്വേഷണത്തേക്കാളോ ജ്ഞാനസമീക്ഷയേക്കാളോ ഉത്തമമായ മാര്‍ഗമില്ല.’ യൂറോപ്യന്‍ നവോത്ഥാന കാലത്തെ ശാസ്ത്രജ്ഞരുടെ അഞ്ച് നൂറ്റാണ്ട് മുമ്പ് തന്നെ ‘സയന്റിഫിക് മെത്തേഡ്’ കൃത്യമായി ഗ്രഹിച്ച ഇബ്‌നു ഹൈസം ഏതൊരു ശാസ്ത്രപരികല്‍പന(ഹൈപോതിസിസ്)യും വിശ്വസനീയമായ രീതിയില്‍ പരീക്ഷണങ്ങളിലൂടെയോ ഗണിതശാസ്ത്ര തെളിവുകളിലൂടെയോ തെളിയിക്കപ്പെടണമെന്ന് സിദ്ധാന്തിച്ചു. തന്റെ കിതാബുല്‍ മനാളിര്‍ (ബുക് ഓഫ് ഒപ്ടിക്‌സ്) എന്ന ഗ്രന്ഥത്തില്‍ ടോളമി, യൂക്ലിഡ് തുടങ്ങിയവരുടെ എമിഷന്‍ തിയറിയെയും അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ച ഇന്‍ട്രോമിഷന്‍ തിയറിയെയും ഖണ്ഡിച്ചു കൊണ്ട് സ്വതന്ത്രചിന്തയുടെയും രാഷ്്ട്രീയാന്വേഷണത്തിന്റെയും ധീരമായ ചുവടുകള്‍ വെക്കുന്നുണ്ട് ഇബ്‌നു ഹൈസം.

‘സയന്റിഫിക് മെത്തേഡി’നെ പരിചയപ്പെടുത്തി അദ്ദേഹം എഴുതുന്നു; ‘ശാസ്ത്രജ്ഞരുടെ എഴുത്തുകള്‍ പര്യവേക്ഷണം ചെയ്യുന്ന ഒരാളുടെ യഥാര്‍ത്ഥ ധര്‍മം, സത്യം മനസ്സിലാക്കുകയാണെങ്കില്‍, വായിക്കുന്ന സര്‍വതിനെയും ശത്രുവായിത്തന്നെ പ്രതിഷ്ഠിച്ച് അവയെ നാനാഭാഗത്തു നിന്നും അക്രമിക്കുകയാണ് വേണ്ടത്. മുന്‍ധാരണയോ അവധാനതയോ പിടികൂടാതിരിക്കാന്‍ വിമര്‍ശന പരിശോധനക്കിടയില്‍ സ്വന്തത്തെയും സംശയിച്ചു കൊണ്ടിരിക്കണം’. അന്ധവിശ്വാസത്തിന്റെ കണിക പോലും ബാക്കിവെക്കാന്‍ വിസമ്മതിച്ച ഈ ഇതിഹാസ ശാസ്ത്രജ്ഞനും ദൈവവിശ്വാസിയാകുന്നത് യുക്തിപൂര്‍വ്വമായ അന്വേഷണ നിരീക്ഷണങ്ങളുടെ പിന്‍ബലത്തിലാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ദൈവത്തിന്റെ അസ്തിത്വം യുക്ത്യാധിഷ്ഠിതമായി സ്ഥാപിക്കുന്ന തന്റെ ‘അല്‍ മത്വാലിബുല്‍ ആലിയ’ എന്ന ഗ്രന്ഥത്തില്‍ അരിസ്റ്റോട്ടില്‍, ടോളമി തുടങ്ങിയവരുടെ ഭൗമകേന്ദ്രിത(ജിയോസെന്‍ട്രിക്) പ്രപഞ്ച മാതൃക തള്ളിക്കളഞ്ഞു കൊണ്ട് സമാന്തര പ്രപഞ്ചങ്ങളുടെ(പാരല്ലല്‍ യൂണിവേഴ്‌സ്) ബൃഹദ്‌സാധ്യതകളിലേക്ക് മിഴികള്‍ തുറക്കുന്നുണ്ട് ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ). ഖുര്‍ആനിലെ ‘റബ്ബുല്‍ അലമീന്‍’ എന്ന പ്രയോഗമാണ് ശാസ്ത്രഭാവനയുടെ(സൈന്റിഫിക് ഇമേജിനേഷന്‍) ഈ അപാരചിന്തക്ക് ബീജാവാപം നല്‍കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ കോപര്‍നിക്കസിന്റെ സൗരകേന്ദ്രിത മാതൃക വരുന്നതിനും നാല് നൂറ്റാണ്ട് മുമ്പ് തന്നെ ടോളമിയെയും അരിസ്‌റ്റോട്ടിലിനെയും ശാസ്ത്രീയമായി അപനിര്‍മിക്കാന്‍ പ്രാപ്തരായിരുന്ന ഒരു വിഭാഗം അന്നവിടെ ഉണ്ടായിരുന്നു. ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ത്ഥങ്ങളവലംബിച്ച് സുസ്ഥാപിത ശാസ്ത്ര സത്യങ്ങളെ വരെ നിഷേധിക്കുന്ന ഒരു പ്രവണത ചില മുസ്്‌ലിംകളില്‍ കാണപ്പെടുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. ഇവര്‍ ഇമാം ഗസ്സാലി(റ) പറഞ്ഞതു പോലെ മതത്തിന്റെ വിഡ്ഢികളായ സുഹൃത്തുക്കളാണ്(സ്വദീഖുല്‍ ജാഹില്‍). ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പാഠ(ടെക്സ്റ്റ്)ങ്ങളെ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമായി പണ്ഡിതര്‍ വികസിപ്പിച്ചെടുത്ത രീതിശാസ്ത്രത്തെ കുറിച്ച അജ്ഞതയാണ് ഈ വിഭാഗത്തെ മുന്നോട്ടു നയിക്കുന്നത്. ‘തഅ്‌വീല്‍’ എന്ന സുന്ദരമായ രീതിശാസ്ത്രത്തെ കുറിച്ച അടിസ്ഥാന ധാരണയില്ലാത്ത ഇവരുടെ ജല്‍പനങ്ങള്‍ മതത്തെ പരിഹസിക്കാന്‍ മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുന്നു എന്നതാണ് ഏറെ അപകടകരം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒട്ടോമന്‍ ട്രിപ്പോളിയില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതന്‍ ഹുസൈന്‍ അഫന്ദി അല്‍ ജിസര്‍ തന്റെ വിഖ്യാതമായ ‘അര്‍ രിസാലത്തുല്‍ ഹമീദിയ്യ ഫീ ഹഖീഖതി ദിയാനതില്‍ ഇസ്്‌ലാമിയ്യ’ എന്ന ഗ്രന്ഥത്തില്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. സംഗതി ഇതാണ്: അമേരിക്ക എന്ന ഭൂഖണ്ഡമുണ്ടെന്ന് വിശ്വസിക്കല്‍ ഇസ്്‌ലാമില്‍ അനുവദനീയമല്ല, കാരണം അങ്ങനെ വിശ്വസിച്ചാല്‍ ഭൂമി ഉരുണ്ടതാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. അത് ഇസ്്‌ലാമിക വിരുദ്ധമാണ്’ എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം അതിനെതിരെ ആഞ്ഞടിച്ചുകൊണ്ടെഴുതി: ‘തന്റെ അജ്ഞത കാരണം ഈ പാവം ഇസ്്‌ലാമിനെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ പാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അനിഷേധ്യമാം വിധം തെളിയിക്കപ്പെട്ട അമേരിക്കയുടെ അസ്തിത്വം നിഷേധിക്കുന്നതിന് പകരം ഭൂമി ഉരുണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള മുസ്്‌ലിം പണ്ഡിതരുടെ വാക്കുകള്‍ സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്’. ഇബ്‌നു ഹസ്മ്, ഇമാം റാസി, അല്‍ ഫര്‍ഗാനി, അല്‍ ബിറൂനി തുടങ്ങിയ മഹാധിഷണകളടങ്ങുന്ന വലിയൊരു വിഭാഗം പണ്ഡിതരും ഭൂമി ഉരുണ്ടതാണെന്ന പക്ഷക്കാരായിരുന്നു.

യുക്തിഭദ്രമായ ഇത്തരമൊരു നിലപാട് തന്നെയായിരുന്നു എന്നും പണ്ഡിതര്‍ മുസ്്‌ലിം സമൂഹത്തെ പഠിപ്പിച്ചത്. ഇമാം ഗസ്സാലി(റ) തന്റെ തഹാഫുതുല്‍ ഫലാസിഫ, അല്‍ മുന്‍ഖിദ് മിനള്ളലാല്‍ തുടങ്ങിയ കൃതികളില്‍ യവന വിജ്ഞാനീയങ്ങളില്‍ നിന്ന് ഗണിതശാസ്ത്രം, ജ്യാമിതി, ന്യായശാസ്ത്രം എന്നിവ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതോടൊപ്പം അവയെ എതിര്‍ക്കുന്നവരെ മതത്തിന്റെ വിഡ്ഢികളായ സുഹൃത്തുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. യവനരുടെ തത്വശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും പ്രശ്‌നാധിഷ്ഠിത ഭാഗങ്ങള്‍ വിമര്‍ശന ബുദ്ധ്യാ വിശ്ലേഷിച്ച് സ്വീകരിച്ചാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. തത്വശാസ്ത്രത്തോട് ശാസ്ത്രമെന്ന നിലക്ക് അദ്ദഹത്തിന് വിരോധമുണ്ടായിരുന്നില്ല എന്ന് തന്റെ കൃതിയുടെ ടൈറ്റിലില്‍ പറയുന്നുണ്ട്. തഹാഫുതുല്‍ ഫലാസിഫ (ഫിലോസഫി) അല്ല, മറിച്ച് തഹാഫുതുല്‍ ഫലാസിഫ(ഫിലോസഫേഴ്‌സ്)യാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് വളരെ വ്യക്തമാണ്. അരിസ്റ്റോട്ടിലിന്റെ ഫിലോസഫിയുടെ അന്ധമായ ആരാധകരായിരുന്ന ഇബ്‌നു റുഷ്ദാണ് ഇമാമിനെ ശാസ്ത്രത്തിന്റെ ശത്രുവായി പ്രതിഷ്ഠിക്കുന്നത്. പിന്നീട് ഇബ്‌നു റുഷ്ദിന്റെ ആരാധകരായ പാശ്ചാത്യലോകം അതേറ്റ് പിടിക്കുകയായിരുന്നു. ‘ഇസ്്‌ലാമിക് സയന്‍സ് ആന്റ് ദി മെയ്കിംഗ് ഓഫ് യൂറോപ്യന്‍ റിനൈസന്‍സ്’ എന്ന തന്റെ കൃതിയില്‍ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോര്‍ജ് സാലിബ എഴുതുന്നു:

‘ഗസ്സാലിക്ക് ശേഷമുള്ള കാലഘട്ടം ശാസ്ത്രത്തിന്റെ സുവര്‍ണയുഗമായി ഗണിക്കണമെന്ന് ഞാന്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ വാദമുന്നയിച്ചിട്ടുണ്ട്. കാരണം ഇസ്്‌ലാമിക നാഗരികത സംഭാവന ചെയ്ത ഏറ്റവും മൗലികരായ ശാസ്ത്രജ്ഞരില്‍ ഒരു വിഭാഗം ജീവിച്ചത് ഗസ്സാലിക്ക് ശേഷമായിരുന്നു. അവരില്‍ ചിലരുടെ പേര് താഴെ ചേര്‍ക്കുന്നു. ബദീഉസ്സമാന്‍ അല്‍ ജസരി(1233), അഥീറുദ്ദീന്‍ അല്‍ അബ്ഹരി(1240), ഇബ്‌നുല്‍ ബയ്താര്‍(1248), മുഅയ്യദുദ്ദീന്‍ അല്‍ ഉര്‍ദി(1266), നസീറുദ്ദീന്‍ തൂസി(1274), ഇബ്‌നു നഫീസ്(1288), ഖുത്ബുദ്ദീന്‍ ശീറാസി(1311), കമാലുദ്ദീന്‍ അല്‍ ഫാരിസി(1320), ഡമസ്‌കസിലെ ഇബ്‌നു ശാത്വിര്‍(1375), ശരീഫ് ജുര്‍ജാനി(1413), ജംഷീദ് ഗിയാസുദ്ദീന്‍ അല്‍കാശി(1429), അലാഉദ്ദീന്‍ അല്‍ ഖൂശ്ജി(1474), ശംസുദ്ദീന്‍ അല്‍ഖഫ്‌രി(1550). 12-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 1111 എ.ഡിയില്‍ അന്തരിച്ച ഇമാമിന് ശേഷം വന്നവരായിരുന്നു ഈ അപൂര്‍വ്വ പ്രതിഭകളൊക്കെയുമെന്നത് ഇമാം ഗസ്സാലി(റ)യോ മതമെന്ന നിലയില്‍ ഇസ്്‌ലാമോ ശാസ്ത്രത്തെ കുരുതികൊടുത്തുവെന്ന വാദത്തെ പൂര്‍ണമായും ഖണ്ഡിക്കുന്നു.

എങ്കില്‍ പിന്നെ മുസ്്‌ലിം ശാസ്ത്രത്തിന്റെ ഈ ദയനീയ പരിണതി എങ്ങനെ വന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കുമ്പോള്‍ നാം എത്തിച്ചേരുക തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായുള്ള കാരണങ്ങളിലേക്കാണ്. തന്റെ ‘വെല്‍ത് ഓഫ് നാഷന്‍സ്’ എന്ന കൃതിയില്‍ അമേരിക്കയുടെ കണ്ടുപിടുത്തവും ഗുഡ്‌ഹോപ് മുനമ്പു വഴി ഏഷ്യയിലേക്കുള്ള സമുദ്രപാതയുടെ കണ്ടെത്തലും മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും സുപ്രധാനമായ രണ്ട് സംഭവങ്ങളായി ആദം സ്മിത്ത് വിലയിരുത്തുന്നു. സ്മിത്ത് തുടരുന്നു: ‘അവയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ വലുതാണ്. പക്ഷേ, ഇനി വരാനുള്ള രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയിലുള്ള കാലയളവില്‍ തന്നെ അവയുടെ പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി ദര്‍ശിക്കാന്‍ സാധ്യമല്ല തന്നെ’.

ഈ രണ്ടു കണ്ടുപിടിത്തങ്ങള്‍ മുസ്്‌ലിംലോകത്തിന്റെ ഭാവിയെ തന്നെ മാറ്റിയെഴുതി. ലോകവ്യാപാരത്തിന്റെ സഞ്ചാരവഴികളില്‍ നിലനിന്നിരുന്ന മുസ്്‌ലിം ഭരണകൂടങ്ങളും സാമാന്യ ജനങ്ങളും ക്രമേണ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുവാന്‍ ധനികരായ ഭരണാധികാരികള്‍ ഇല്ലാതെ വന്നതോടെ സമ്പന്നമായൊരു പൈതൃകത്തിന്റെ വാതിലുകള്‍ ഓരോന്നായി അടഞ്ഞുതുടങ്ങി. മറുവശത്ത് ന്യൂ വേള്‍ഡ്(അമേരിക്കാസ്)ല്‍ നിന്നുള്ള സ്വര്‍ണ്ണത്തിന്റെയും ഈസ്റ്റിന്ത്യാ കമ്പനികളുടെ വ്യാപാര ലാഭത്തിന്റെയും പിന്‍ബലത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സമ്പന്നരാവുകയും ശാസ്ത്ര ഗവേഷണങ്ങളുടെ ദീപശിഖ ഏറ്റെടുക്കുകയും ചെയ്തു.

ചുരുക്കത്തില്‍, തീര്‍ത്തും സാമൂഹ്യ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാലാണ് മുസ്്‌ലിം ലോകം ആധുനിക ശാസ്ത്ര വിപ്ലവത്തില്‍ നിന്ന് മാറി നിന്നതെന്ന് ആദം സ്മിത്തിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാനാവും. പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ബലത്തില്‍ ഏഷ്യയും ആഫ്രിക്കയും കൊളോണിയല്‍ ഭരണത്തിന് കീഴിലായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

എങ്കിലും, കൊളോണിയല്‍ കാലത്തിന്റെ വിഹ്വലതകളില്‍ നിന്ന് മുക്തമായി തുറന്ന മനസോടെ ആധുനിക ശാസ്ത്രത്തെയും പുതിയ കണ്ടുപിടിത്തങ്ങളെയും ആരോഗ്യകരമായി സമീപിക്കാന്‍ ഉത്തരാധുനിക യുഗത്തില്‍ മുസ്്‌ലിം സമൂഹങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നതിന് തെളിവാണ് ഡോ. അംറ് ശരീഫ്, സുഗ്്‌ലുല്‍ നജ്ജാര്‍, ബാസില്‍ അത്താഇ, മോറിസ് ബുക്കായ്, ഹാറൂന്‍ യഹ്‌യ തുടങ്ങിയ നാമങ്ങള്‍. അടിസ്ഥാനപരമായി ശാസ്ത്രാന്വേഷണങ്ങളെ മതവിശ്വാസത്തിന്റെ പൂരകങ്ങളായി കാണുന്ന ഒരു ദര്‍ശനം ആധുനിക പ്രപഞ്ച ശാസ്ത്രപരവും (കോസ്‌മോളജിക്കല്‍) ഭൗതിക ശാസ്ത്രപരവുമായ കണ്ടുപിടിത്തങ്ങളെയും സിദ്ധാന്തങ്ങളെയും എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വരും ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാം.

 


ശമീറലി ഹുദവി പള്ളത്ത്‌

 

ശമീറലി ഹുദവി പള്ളത്ത്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.