Thelicham

ഉത്തരേന്ത്യ ദാറുല്‍ഹുദയെ കാത്തിരിക്കുന്നു

ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച തെളിച്ചം മാസിക സ്‌പെഷ്യല്‍ ഇഷ്യൂ പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുസ്‌ലിം സമുദായത്തിനകത്തെ അനിവാര്യതകളുടെ വിടവ് നികത്തുകയാണ് തെളിച്ചം മാസിക ചെയ്തുകൊണ്ടിരിക്കുന്നത്. തെളിച്ചം മാസികയുടെ ഒരു നല്ലവായനക്കാരനാണ് ഞാന്‍. എനിക്ക് അതിന്റെ തുടക്കകാലം മുതലേ അഭേദ്യമായ ആത്മബന്ധമുണ്ടായിരുന്നു. എല്ലാ ലക്കങ്ങളും വായിച്ചു തീര്‍ക്കാനുള്ള പരിമിതികള്‍ ഉണ്ടായിട്ടുകൂടി മിക്കവാറും ലക്കങ്ങളെല്ലാം ഞാന്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലായി തെളിച്ചത്തിലെ ലേഖനങ്ങളും പഠനങ്ങളും എന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഞാന്‍ ഉദ്ധരിക്കാറുമുണ്ട്. ക്യത്യമായ ദിശാബോധത്തോടെയുള്ള തെളിച്ചത്തിലെ ലേഖനങ്ങള്‍ സമുദായത്തിനകത്ത് ഒന്നിപ്പിന്റെ വഴികള്‍ കണ്ടെത്തുന്നതിലും ഇസ്്‌ലാമിന്റെ ഐഡിയോളജി അവതരിപ്പിക്കുന്നതിലും ധിഷണാപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നതിലും എന്നും മുന്‍പന്തിയിലാണ്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ വായനാസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ തെളിച്ചം വഹിച്ച പങ്ക് നിസ്തുലമാണ്.
മുസ്്‌ലിം സമുദായത്തിനകത്ത് സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് വാഴക്കാട് ദാറുല്‍ ഉലൂമില്‍ വലിയ പണ്ഡിതര്‍ പഠനത്തിനായി വരാറുണ്ടായിരുന്നു. കണ്ണിയത്ത് ഉസ്താദില്‍ നിന്ന് മഹത്തായ ഗ്രന്ഥങ്ങള്‍ ഓതിയിരുന്ന ഈ പണ്ഡിതരൊക്കെ ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ഗ്രന്ഥങ്ങള്‍ ഓതിത്തരും. വളരെ ഉപകാരപ്രദമായ ഒരു കാലമായിരുന്നു അത്. കേരളത്തില്‍ വിവിധ മേഖലകളിലെത്തിപ്പെട്ട ഒരുപാട് പണ്ഡിതര്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. അവിടത്തെ കുതുബ് ഖാനയിലുള്ളത്ര കിതാബുകള്‍ അന്ന് കേരളത്തില്‍ വേറെയൊരിടത്തും ഉണ്ടായിരുന്നില്ല. 1963 ല്‍ ബാഫഖി തങ്ങളുടെ കാലത്ത് ബാപ്പു ഹാജിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ: നിലവില്‍ വന്നു. അത് ഒരു വൈജ്ഞാനിക ഗോപുരമായി നിലകൊണ്ടു. കാലങ്ങള്‍ക്ക് ശേഷം ചെമ്മാട്ട് ദാറുല്‍ഹുദായും സ്ഥാപിതമായി. മുന്‍ കാലങ്ങളെ അപേക്ഷിച്ച് തികച്ചും ഗണനീയമായ വ്യത്യസ്തത ദാറുല്‍ഹുദാക്കുണ്ടായിരുന്നു. പരമ്പരാഗത പാഠ്യരീതികളുടെയും പാഠ്യക്രമങ്ങളുടെയും വാര്‍പ്പുമാതൃകകളെ ക്രമേണ പരിവര്‍ത്തിപ്പിച്ചെടുത്ത അവിടത്തെ സിലബസ് തികച്ചും വ്യതിരിക്തമായിരുന്നു. ദാറുല്‍ഹുദായുടെ പ്രൊഡക്ടുകള്‍ക്ക് ഇന്ത്യയിലെന്നല്ല ലോകത്താകമാനം ദഅ്‌വീ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള കരുത്ത് നല്‍കുന്ന രീതിയിലായിരുന്നു അവിടത്ത പാഠ്യരീതിയുടെ വിന്യാസം. ജ്ഞാനപ്രസരണത്തിന്റെ ഈ പുതിയ രീതിശാസ്ത്രം കേരളത്തില്‍ വേറിട്ട വൈജ്ഞാനികവിപ്ലത്തിന് നാന്ദി കുറിക്കുകയും അത് കേരളത്തില്‍ വ്യാപകമാകുകയും ചെയ്തു എന്നത് പിന്നീടുള്ള ചരിത്രം.

ലോകത്താകമാനം ദഅ്‌വീ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള കരുത്ത് നല്‍കുന്ന രീതിയിലായിരുന്നു അവിടത്ത പാഠ്യരീതിയുടെ വിന്യാസം. ജ്ഞാനപ്രസരണത്തിന്റെ ഈ പുതിയ രീതിശാസ്ത്രം കേരളത്തില്‍ വേറിട്ട വൈജ്ഞാനികവിപ്ലത്തിന് നാന്ദി കുറിച്ചു.

പണ്ട് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തിന് അന്യ നാട്ടിലെയും മറു ദേശങ്ങളിലെയും പൊതുജനങ്ങളോട് സംവദിക്കാനും ഇടപെടാനും കാര്യങ്ങള്‍ സമര്‍ത്ഥിക്കാനും പരിമിതികളുണ്ടായിരുന്നു. ഈ പരിമിതികളൊക്കെ ഭേദിച്ചത് ദാറുല്‍ഹുദായാണ്. അവര്‍ക്ക് ഏത് ഭാഷയിലും ഇടപെടാനും പൊതുജനങ്ങളോട് സംവദിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും ദഅ്‌വീ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്നുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് ഹുദവി സുഹൃത്തുക്കളെ കാണാന്‍ സാധിക്കുന്നതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഞാനറിയുന്നിടത്തോളം ബീഹാര്‍, യു.പി, ആസാം, ജാര്‍ഖണ്ഡ്, ബംഗാള്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലൊക്കെ ഹുദവികള്‍ ഓരോരോ ജോലിയില്‍ വ്യാപൃതരാണ്. ഞാന്‍ എം.പിയായി ഡല്‍ഹിയില്‍ പോയ ശേഷം മിക്കവാറും ദിവസങ്ങളില്‍ ഹുദവികളെ കണ്ടുമുട്ടാറുണ്ട്. ജുമുഅ നമസ്‌കാരത്തിന് പാര്‍ലമെന്റിനടുത്തുള്ള പള്ളിയിലെത്തുന്നവരായും അല്ലാതെ തന്നെ ജെ.എന്‍.യുവിലും ഡി.യുവിലും അലിഗഢിലും മറ്റിടങ്ങളിലുമൊക്കെയായി റിസര്‍ച്ച് ചെയ്യുന്ന ഒരുപാട് ഹുദവികള്‍ എന്റെ റൂമില്‍ വരികയും, സംസാരിക്കുകയും, ഇടക്കിടെ നമ്മള്‍ വിളിക്കുന്ന മീറ്റിങ്ങുകളില്‍ അവരെയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. അവിടങ്ങളിലൊക്കെ ഞങ്ങളും അവരെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇംഗ്ലീഷും മലയാളവും മാത്രമേ സംസാരിക്കാനറിയൂ. ഹിന്ദിയും ഉറുദുവും എനിക്ക് സംസാരിക്കാനറിയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ പ്രവര്‍ത്തിക്കണമെങ്കില്‍ ഹിന്ദിയിലും ഉറുദുവിലും സംസാരിക്കാന്‍ സാധിക്കണം. ഞങ്ങള്‍ പല സ്ഥലത്തും സംസാരിക്കാന്‍ ഹുദവികളെയാണ് കൊണ്ടുപോകാറുള്ളത് അവര്‍ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനും സംവദിക്കാനും മിടുക്കരാണ്. ഈ മേഖലകളിലൊക്കെ മുസ്്‌ലിം ലീഗിന്റെയും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ദാറുല്‍ഹുദായില്‍ നിന്നും പുറത്തിറങ്ങിയ ഹുദവികളാണ്.
കേരളേതര സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ദാറുല്‍ഹുദാക്ക് ഓഫ്കാമ്പസുകളുണ്ട്. ഈ ഓഫ് കാമ്പസുകള്‍ തീര്‍ത്തും വ്യതിരിക്തത പുലര്‍ത്തുന്നവയാണ്. ഈയടുത്തായി ഉദ്ഘാടനം കഴിഞ്ഞ ആസാം ഓഫ്കാമ്പസ് ഉദ്ഘാടന ചടങ്ങിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് ഓഫ്കാമ്പസ് നിലകൊള്ളുന്നത്. ആസാമില്‍ കലാപമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് ആസാം ദുരിതാശ്വാസ നിധിയിയില്‍ നിന്ന് മുസ്‌ലിംകളുടെ വിദ്യാഭ്യാസ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അമ്പത് ലക്ഷം രൂപ കരുതിവെച്ചിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലായിരിക്കണം സ്ഥാപനത്തിന്റെ ഒരു ബ്ലോക് എന്ന താല്‍പര്യത്തോടെ മുസ്്‌ലിം ലീഗ് ആ അമ്പത് ലക്ഷം രൂപ ദാറുല്‍ഹുദാ ഓഫ് കാമ്പസിന് കൈമാറി.പക്ഷെ, മുഴുവന്‍ ബില്‍ഡിംഗിനുതന്നെ ശിഹാബ് തങ്ങളെ പേര് നല്കുകയാണ് ദാറുല്‍ഹുദ ചെയ്തത്. ഈ സ്ഥാപനത്തില്‍ പ്രധാനമായും പഠിക്കുന്നത് വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തില്‍ പെടും. വൈജ്ഞാനികമായും സാമൂഹികമായും അവിടെയുള്ള മുസ്്‌ലിംകള്‍ വളരെ പിന്നാക്കമാണ്. അവിടെയൊക്കെ ദീനിന്റെ സന്ദേശമെത്തിക്കുന്ന മഹത്തായ ദൗത്യമാണ് ആസാം കാമ്പസിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
വടക്കേ ഇന്ത്യയില്‍ മുസ്‌ലിംകളുടെ മതകീയവും ഭൗതികവുമായ വൈജ്ഞാനിക മോഡല്‍ ഏജന്‍സിയായി ഈ സ്ഥാപനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ നിഴലിച്ചു നില്‍ക്കുന്ന വിടവുകളെ നികത്താന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള പരിശീലനങ്ങളും വിജ്ഞാനീയങ്ങളുമാണ് ഇവിടെ നിന്ന് പ്രസരണം ചെയ്യപ്പെടുന്നത്. ഇന്ന് ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ഉണര്‍വിന്റെ അടയാളങ്ങള്‍ ശ്രദ്ധേയമാണ്. ഉത്തരേന്ത്യയില്‍ എല്ലായിടത്തും ഒരു പ്രസരിപ്പ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

മദ്‌റസാപ്രസ്ഥാനങ്ങള്‍ വളരെ ആസൂത്രിതമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതിന് നാം കാണുന്ന വഴി , ദാറുല്‍ഹുദാ വിഭാവനം ചെയ്യുന്ന സിലബസില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രൈവറ്റായി പഠിപ്പിച്ച് നാഷണല്‍ ഓപണ്‍ സ്‌കൂള്‍ സിസ്റ്റം വഴി പരീക്ഷ എഴുതിക്കുക എന്നതാണ്‌

ഈ ഉണര്‍വിന് കാരണമായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ പലതാണ്. കേരളത്തില്‍ ദാറുല്‍ഹുദായിലും മറ്റും പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍, കേരളത്തിലെ മുസ്‌ലിംകളുടെ ജീവിത പരിസരങ്ങള്‍ മനസ്സിലാക്കിയ തൊഴിലാളികള്‍, ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കിയവര്‍ തുടങ്ങിയവരുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഈ ഉണര്‍വില്‍ മുഖ്യ പങ്കുവഹിച്ചത്. ഈ പ്രസരിപ്പ് വളരെ സന്തോഷദായകമാണ്. മതാത്മകവും വിദ്യാഭ്യാസപരവുമായ വലിയ ചിന്തകളും ഇടപെടലുകളൊന്നുമില്ലാത്ത ഒരു സമൂഹം, കാര്യങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അതിയായ താല്‍പര്യം കാണിക്കുന്ന മാറ്റത്തിന്റെ മിടിപ്പ് നമുക്ക് കേള്‍ക്കാന്‍ സാധിക്കും. വിദ്യാഭ്യാസ വിപ്ലവ പ്രവര്‍ത്തനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍കുന്നവരാണ് ഇന്ന് അവിടങ്ങളിലെ മുസ്‌ലിംകള്‍. ഇത് വിപ്ലവകരമായ മാറ്റമാണ്. മുസ്‌ലിം ലീഗിന് കീഴില്‍ ഈ പ്രദേശങ്ങളിലൊക്കെ ഒരുപാട് സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്്‌ലിം ലീഗ് നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ റോഹിംഗ്യന്‍ ക്യാമ്പുകളില്‍ പ്രാഥമിക പഠനത്തിനും ആരാധനക്കുമുള്ള മതിയായ സൗകര്യം ലീഗ് ചെയ്തുകൊടുക്കുന്നുണ്ട്.

നിലവില്‍ ഉത്തരേന്ത്യയില്‍ മദ്‌റസാപ്രസ്ഥാനങ്ങള്‍ കാര്യമാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്, അവയൊക്കെ അസംഘടിതമാണ്. കൃത്യമായ കരിക്കുലമോ സിലബസോ ഇല്ല. വിദ്യാര്‍ത്ഥികള്‍ മദ്‌റസയില്‍ നല്ല വസ്ത്രമണിഞ്ഞ് വരുന്നുണ്ട്. പക്ഷെ സൗകര്യം വളരെ പരിമിതമാണ്. നിലത്താണ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നത്. മുമ്പില്‍ ഒരു ഡസ്‌കുമുണ്ടാവും. കൃത്യമായ കരിക്കുലമാണ് ഈ മദ്‌റസാ പ്രസ്ഥാനങ്ങള്‍ തേടികൊണ്ടിരിക്കുന്നത്. ഹാദിയ മദ്‌റസാ പൊജകറ്റ് ഇതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
മദ്‌റസാപ്രസ്ഥാനങ്ങള്‍ വളരെ ആസൂത്രിതമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതിന് നാം കാണുന്ന വഴി , ദാറുല്‍ഹുദാ വിഭാവനം ചെയ്യുന്ന സിലബസില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രൈവറ്റായി പഠിപ്പിച്ച് നാഷണല്‍ ഓപണ്‍ സ്‌കൂള്‍ സിസ്റ്റം വഴി പരീക്ഷ എഴുതിക്കുക എന്നതാണ്. കാരണം കേരളത്തിലെ പോലെ അവിടങ്ങളിലൊന്നും സ്‌കൂളുകള്‍ക്ക് വേഗം അംഗീകാരം കിട്ടുകയില്ല.
മുസ്‌ലിം ലീഗ് തന്നെ നേരിട്ട് ഇടപെട്ട് മുസഫര്‍നഗറില്‍ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കുകയുണ്ടായി. ഇതൊരു വിജയമായതോടെ ഒരുപാട് പേര്‍ മുന്നോട്ട് വന്നു കൈമെയ് മറന്ന് നമ്മെ സഹായിച്ചു. ഇത് ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കിയത്. വടക്കേ ഇന്ത്യയിലെ ചലനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ഒരു സംഘം തന്നെ സജീവമായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളൊക്കെ അവിടെ തരംഗമായികൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ ശോച്യാവസ്ഥയെ പറ്റി സച്ചാര്‍ കമ്മീഷനിലും മറ്റ് റിപ്പോര്‍ട്ടുകളിലുമുള്ള കാര്യങ്ങളെ കൃത്യമായി അഡ്രസ് ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ അപചയത്തെകുറിച്ച് സംസാരിക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ അനവധിയാണ്. മാനുഷിക പുരോഗതിയുടെ ആണിക്കല്ലാണ് വിദ്യഭ്യാസം. വിദ്യാഭ്യാസത്തിലൂടെയാണ് സകലസമൂഹത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്. ഇതിനപ്പുറം ഒരു സമൂഹത്തിന് വേറെന്ത് നല്‍കുകയാണെങ്കിലും അത് കാര്യമായി ഒന്നും നേടിത്തരില്ല. ഉത്തരേന്ത്യയില്‍ നിന്ന് വന്ന് കേരളത്തില്‍ പഠിക്കുന്നവര്‍ നിരവധിയാണ്. കേരളത്തിലെ മുസ്‌ലിംകളുടെ പുരോഗതിയും വളര്‍ച്ചയും അവര്‍ മനസ്സിലാക്കുന്നുണ്ട്. കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യയിലും പഠനം നടത്തുന്നുണ്ട്. അവര്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ദയനീയാവസ്ഥ മനസ്സിലാക്കി ആവും വിധം അവരെ സഹായിക്കുന്നുമുണ്ട്. ഇങ്ങനെയൊരു യൂത്ത് എക്‌സ്‌ചേഞ്ച് ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ എക്‌സ്‌ചേഞ്ച് സമൂഹത്തെ വളര്‍ച്ചയിലേക്ക് നയിക്കും.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കി ഒരുപാട് സന്നദ്ധസംഘങ്ങള്‍ അവരെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്. ഇത്തരം സംഘങ്ങളെ ഒരുമിച്ചിരുത്തി നാം ചെയ്യേണ്ട കാര്യങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ആലോചനകള്‍ സജീവമാണ്. ഫലപ്രദമായ രീതിയില്‍ ഇവ നടപ്പിലാക്കുമ്പോള്‍ മാത്രമേ ഉത്തരേന്ത്യയില്‍ ജാഗരണത്തിന്റെയും ഉത്ഥാനത്തിന്റെയും പുലരികള്‍ യാഥാര്‍ത്ഥ്യമാവുകയുള്ളൂ.

Admin Thelicham

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.