സെന്റര്‍ ഫോര്‍ ഡവലെപ്‌മെന്റ് സ്റ്റഡീസില്‍ സീനിയര്‍ പ്രഫസറാണ് ഡോ. ഇരുദയ രാജന്‍. കുടിയേറ്റ പഠനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അതോറിറ്റിയാണ് അദ്ദേഹം. ദ്രാവിഡ വംശത്തിന്റെ തനിക്കൊണമുള്ള അദ്ദേഹം ഉച്ചത്തില്‍ സംസാരിച്ചു. മണ്ണിന്റെ ഓരം ചേര്‍ന്ന പെരുമാറ്റം. തിരുനല്‍വേലിക്കാരന്‍. കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വേറിട്ടതാണ്. തദ്വിഷയകമായി നിരവധി ഗ്രന്ഥങ്ങളുടെയും അക്കാദമിക് ലേഖനങ്ങളുടെയും കര്‍ത്താവായ അദ്ദേഹം മുസ്്‌ലിംസ് ആന്‍ഡ് മൈഗ്രേഷന്‍ എന്ന കൃതിയുടെ രചനയിലാണിപ്പോള്‍. മരിക്കും വരെ കുടിയേറ്റ പഠനങ്ങളുടെ ഭാഗമായി തന്നെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്ന ഇരുദയ രാജനുമായി തെളിച്ചം മാസികക്ക് വേണ്ടി നടത്തിയ അഭിമുഖമാണിത്
എന്താണ് താാങ്കളുടെ അഭിപ്രായത്തില്‍ കേരളമോഡല്‍ വികസനം? പ്രധാനമായും ആരൊക്കെയാണ് അതിനു സംഭാവനകള്‍ നല്‍കിയത്?
സാമ്പത്തികമായ പുരോഗതി പൂര്‍ണാര്‍ത്ഥത്തില്‍ കൈവരിക്കാതെ സാമൂഹിക പുരോഗതി നേടി എന്നതാണ് കേരളമോഡല്‍ വികസനത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്. ഈ സാമൂഹിക പുരോഗതി എന്നത് മുഖ്യമായി ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയര്‍ ആരോഗ്യസമ്പന്നരും സാക്ഷരരുമാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രണ്ടു സൂചകങ്ങളാണ് കേരളീയ വികസനത്തിന്റെതായി മൊത്തത്തില്‍ പരിഗണിച്ചു വരുന്നത്.
ആരാണ് ഈ വികസനത്തിനു അടിത്തറയിട്ടത്, ചരിത്രപരമായി മുന്നോട്ടു കൊണ്ടു പോയത് എന്നിവയാണ് അടുത്ത ചോദ്യം. പൊതുവെ രണ്ടു എം കളെക്കുറിച്ചാണ് പഠനങ്ങളൊക്കെ സംസാരിക്കാറുള്ളത്; മിഷനറീസ് ആന്റ് മാര്‍ക്‌സിസ്റ്റ്. ക്രിസ്ത്യന്‍ മിഷണറിമാരും മാര്‍ക്‌സിസ്റ്റുകാരുമാണ് കേരളമോഡല്‍ വികസനത്തിന്റെ പ്രായോജകര്‍ എന്നതാണ് സാമ്പ്രദായിക വീക്ഷണം.
ക്രിസ്തുമത പ്രചരണത്തിനും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും എതിരായിരുന്നു പൊതുവെ ജനങ്ങള്‍. അവരുടെ സ്‌കൂളുകള്‍ മതപ്രചരണം ഉദ്ദേശിച്ചുള്ളതായിരുന്നു എന്നതാണ് പൊതുഭാവന. എന്നാല്‍, മിഷണറിമാര്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ കിടയറ്റ സംഭാവനകള്‍ നല്‍കുകയും കേരളത്തെ ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ മുന്നില്‍ നിന്നു നയിച്ചു എന്നതാണ് വസ്തുത. നൂറു വര്‍ഷം മുമ്പ് മിഷണറിമാര്‍ സ്‌കൂളിലെത്തുന്ന കുട്ടികളോട് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകണമെന്നു നിര്‍ദേശിച്ചു. കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ഇങ്ങനെയാണ് ഇവിടെ ആരോഗ്യകരമായി ശീലങ്ങളും ഉണര്‍വുകളും ഉണ്ടായി വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ കാണാന്‍ പറ്റിയിരുന്നത് ക്രിസ്ത്യന്‍ പാതിരിമാര്‍ നടത്തിയിരുന്ന വിദ്യാലയങ്ങളായിരുന്നു. പള്ളികളോട് ചേര്‍ന്ന് അവര്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് കേരളീയ വിദ്യാഭ്യാസത്തെ പോഷിപ്പിച്ചു.
രണ്ടാമത്തെ എം കേരളത്തിലെ ഒന്നാമത്തെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാറാണ്. കേരളം രൂപീകരിക്കുന്നത് വരെ നമ്മുടെ വികസനരംഗത്തെ ചാലകശക്തിയായി നിലകൊണ്ട മിഷണറിമാരുടെ ധാര പിന്നീട് മുന്നോട്ടു കൊണ്ടു പോയത് കേരളത്തിലെ ഒന്നാം സര്‍ക്കാറാണ്. സ്‌കൂളുകള്‍ ധാരാളമായി തുറന്നും ആരോഗ്യ മേഖലയെ പരിപോഷിപ്പിച്ചും പ്രസ്തുത ഭരണകൂടം മുന്നോട്ടു കൊണ്ടു പോയി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലാണ് പ്രസ്തുത സര്‍ക്കാര്‍ കാര്യമായി മുതല്‍ മുടക്കിയത്.
ഗവേഷകരും പൊതുജനവും ഒരുപോലെ വിസ്മരിച്ച രണ്ടു എം കള്‍ കൂടിയുണ്ട്. അത്തരത്തില്‍ മൂന്നാമത്തെ എം ആയി വരുന്നത് മൈഗ്രേഷന്‍ ആണ്. കുടിയേറ്റം ഇല്ലായിരുന്നെങ്കില്‍ കേരളമോഡല്‍ വികസനം ഒരു സമ്പൂര്‍ണ പരാജയം ആകുമായിരുന്നു. 1960 കളിലെ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കുമുള്ള കുടിയേറ്റമാണ് ഇതില്‍ ഒന്നാമത്തെത്. ഇതിനെ ആഭ്യന്തര കുടിയേറ്റം എന്നു വിളിക്കപ്പെടുന്നു. ഈ കുടിയേറ്റത്തില്‍ മിക്കവാറും പങ്കു കൊണ്ടത് തെക്കന്‍ കേരളക്കാരായിരുന്നു. സിറിയന്‍ ക്രിസ്ത്യാനികളോ നായന്മാരോ ആയിരുന്നു ഈ കുടിയേറ്റത്തിന്റെ ഗുണഭോക്താക്കള്‍. അഭ്യസ്തവിദ്യരായിരുന്ന അവര്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ സ്റ്റനോഗ്രാഫര്‍മാരും ഗുമസ്തരുമായിരുന്നു. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ പുറപ്പെടുന്ന തീവണ്ടികളില്‍ എറണാകുളം കഴിഞ്ഞാല്‍ തുച്ഛം കുടിയേറ്റക്കാരായ യാത്രികര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മലബാറുകാര്‍ പ്രത്യേകിച്ച്, മുസ്്‌ലിംകള്‍ ഈ കുടിയേറ്റങ്ങളില്‍ വളരെ ഉദാസീനരായിരുന്നു.
അവര്‍ അയച്ചിരുന്ന പണമാണ് അക്കാലത്ത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്നത്. സാമ്പത്തികശാസ്ത്രത്തില്‍ ഇത് മണിഓര്‍ഡര്‍ എക്കോണമി എന്നു വിളിക്കപ്പെടുന്നു. തുടര്‍ന്നാണ് ഗള്‍ഫ് കുടിയേറ്റം സംഭവിക്കുന്നത്. സാമ്പത്തികശാസ്ത്രത്തില്‍ റെമിറ്റന്‍സ് എക്കോണമി എന്നു വിളിക്കപ്പെടുന്ന പ്രതിഭാസം അപ്പോഴാണ് രൂപപ്പെട്ടു വന്നത്. ഓര്‍ക്കുക, ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം കേരളത്തിലേക്ക് വിദേശത്തു നിന്നു വരുന്ന തുക എണ്‍പത്തി അയ്യായിരം കോടി രൂപയാണ്.
എന്നാല്‍, തുടര്‍ന്നുണ്ടായ ഗള്‍ഫ് കുടിയേറ്റത്തിന്റെ വരവോടെ ചിത്രം മാറുകയായിരുന്നു. മുസ്്‌ലിംകള്‍ വലിയ തോതില്‍ അതിന്റെ ഭാഗമായി. പണം സാമ്പാദിച്ചു, മക്കളെ പഠിപ്പിച്ചു. വീടുകള്‍ വെക്കുകയും സാമൂഹിക സ്ഥിതിയുടെ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തു. അഞ്ചാം ക്ലാസ് പാസാകാത്തവരുടെ മക്കള്‍ ബിരുദധാരികളായി. യു.കെയിലും ഓസ്‌ട്രേലിയയിലും പോയി ഉന്നതപഠനം നടത്തുന്ന അവരുടെ മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്.
നാലാമത്തെ എം, മുസ്്‌ലിംസ് ആണ്. കുടിയേറ്റം വഴി എല്ലാ സമുദായങ്ങള്‍ക്കും വികസനം സാധ്യമായെങ്കിലും മുസ്്‌ലിംകളെപ്പോലെ അത് ഗുണപരമായി ആരെയും ബാധിച്ചിട്ടില്ല. അതിന്റെ പ്രധാനപ്പെട്ട കാരണം മലബാറിലെ മുസ്്‌ലിംകളുടെ ഗള്‍ഫിലേക്കുള്ള കുടിയേറ്റം തനിച്ചായിരുന്നു എന്നതാണ്. സിറിയിന്‍ ക്രിസ്ത്യാനികള്‍ കുടിയേറ്റം നടത്തുമ്പോള്‍ രണ്ടാമത്തെയോ മുന്നാമത്തെയോ ഘട്ടത്തില്‍ ഭാര്യമാരെയും മക്കളെയും കൂടെ കൊണ്ടു പോകുന്നു എന്നതാണ് അനുഭവം. എന്നാല്‍, 80% മുസ്്‌ലിംകളും കുടിയേറ്റം നടത്തിയത് ഭാര്യമാരെയും മക്കളെയും നാട്ടില്‍ ഉപേക്ഷിച്ചാണ്. ഗള്‍ഫിലെ സ്‌കൂളുകളില്‍ ഞാന്‍ പോയിട്ടുണ്ട്, അവിടെ പഠിക്കുന്നത് മുസ്്‌ലിം കുട്ടികളെക്കാള്‍ ക്രിസ്ത്യന്‍ കുട്ടികളാണ്. നാട്ടിലെ ആശ്രിതര്‍ക്ക് അവരയച്ച പണവും അവര്‍ നടത്തിയ അളവറ്റ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് വടക്കന്‍ കേരളത്തെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നത്. ബാങ്കുകളും മണി എക്‌സേഞ്ചുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കല്യാണ മണ്ഡപങ്ങളും അങ്ങനെ ഉയര്‍ന്നു വന്നു. അത്തരത്തില്‍ കേരളവികസനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നാലാമതായി വരുന്നത് കുടിയേറ്റത്തിന്റെ യാതന നിറഞ്ഞ ഇന്നലെകളിലൂടെ സഞ്ചരിച്ച മുസ്്‌ലിംകളാണ്.
മുകളില്‍ പറഞ്ഞ നാലു എം കളും വെവ്വേറെയുള്ള കാലയളവുകളില്‍ കേരളാമോഡല്‍ വികസനത്തെ ത്വരിപ്പിച്ച ഘടകങ്ങളാണ്. ഒന്ന് മറ്റൊന്നിനു മുകളിലാണ് എന്നു പറയാന്‍ കഴിയാത്ത രീതിയില്‍ എല്ലാവര്‍ക്കും അവരുടെതായ പ്രാധാന്യവും പാരസ്പര്യവുമുണ്ട്.
ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രപരമായ ദൂരങ്ങള്‍ താങ്ങളുടെ പഠനങ്ങളില്‍ കടന്നുവന്നിട്ടുണ്ടോ?
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡിവലെപ്‌മെന്റല്‍ സ്റ്റഡീസാ (സി.ഡി.എസ്) ണ് ഇങ്ങനെയൊരു പഠനത്തിനു മുന്നോട്ടു വന്നത്. സി.ഡി.എസിന്റെ 1998 മുതലുള്ള കേരള മൈഗ്രേഷന്‍ സര്‍വേ ഈ രംഗത്തെ വലിയ ശ്രമമായിരുന്നു. ഓയില്‍ ബൂം സാധ്യമാക്കിയ ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നത് 1970 കളിലും അതു ശക്തിപ്പെടുന്നത് എണ്‍പതുകളിലുമാണ്.
ഗള്‍ഫു കുടിയേറ്റത്തിന്റെ ഏറ്റവും വലിയ അതിശയം അത് പാവപ്പെട്ടവന്റെയും നിരക്ഷരന്റെയും പ്രവാസമായിരുന്നു എന്നതാണ്. നാട്ടില്‍ അഞ്ചു രൂപ സമ്പാദിക്കാന്‍ കഴിയാതിരുന്ന അധസ്ഥിതന്‍ ഗള്‍ഫില്‍ പോയി നാല്‍പതിനായിരം വരെ സമ്പാദിക്കാന്‍ തുടങ്ങി. അലാവുദ്ദീന്റെ അല്‍ഭുത വിളക്കില്‍ നിന്നെന്ന പോലെ ഇവിടെ വികാസത്തിന്റെ പുതിയ വെളിച്ചം പരന്നുകൊണ്ടിരുന്നു.
പുതിയ നൂറ്റാണ്ടില്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയതോടെയാണ് ഗള്‍ഫിലേക്കുള്ള പ്രവാസത്തിന്റെ തീവ്രത കുറഞ്ഞത്. ഗള്‍ഫ് മേഖലയില്‍ ഇത് ആദ്യമായി പ്രകടമായത് ദുബായിലാണ്. ആ സന്ദര്‍ഭത്തില്‍ ഞാന്‍ അവിടെ പോയിട്ടുണ്ട്. അബൂദാബിയില്‍ പോലും മാന്ദ്യത്തിന്റെ ഓളങ്ങള്‍ അന്നുണ്ടായിരുന്നില്ല. പക്ഷേ, പെട്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ദേശസാത്ക്കരണത്തിന്റെ മുറവിളികളുണ്ടായി. കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുന്ന നിയമങ്ങളും നീക്കങ്ങളുമുണ്ടായി. നമ്മുടെ രാജ്യത്തും ഇപ്പോള്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ന്നു വരുന്നു. ചിലരെ പുറത്തേക്കയക്കാനുള്ള വ്യഗ്രത വളര്‍ന്നു വരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അമേരിക്ക ഒന്നാമത് എന്നു പറയുന്നു. ബ്രിട്ടന്‍ ബ്രക്‌സിറ്റിനെക്കുറിച്ചു സംസാരിക്കുന്നു. എല്ലായിടത്തും കുടിയേറ്റത്തിനും കുടിയേറ്റ ജനതക്കും എതിരെയുള്ള മുറവിളികള്‍ ഉയരുന്നു. കുടിയേറ്റക്കാര്‍ ഇവിടെ വന്നു എല്ലാം പെറുക്കിക്കൊണ്ടു പോകുന്നവരും തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നവരും തങ്ങളോട് മത്സരിക്കാന്‍ വന്നവരുമാണ് എന്നാണ് തദ്ദേശീയര്‍ കരുതുന്നത്.
മാറിയ കാലത്ത് കേരളത്തില്‍ നിന്നു ഗള്‍ഫിലേക്കുള്ള കുടിയേറ്റം അത്ര ലാഭകരമായ പ്രവൃത്തിയല്ല. വിസാ സംബന്ധമായ നിയമങ്ങള്‍, ശമ്പളത്തിലുണ്ടായ വലിയ ഇടിവ് എന്നിവയാണ് അതിനു കാരണം. അതേ തോതിലുള്ള പണം അയാള്‍ക്ക് ഇന്ന് കുടുംബത്തോടൊപ്പം സമ്പാദിക്കാനാവും.
ഗള്‍ഫിലേക്കുള്ള മലയാളി കുടിയേറ്റക്കാര്‍ക്ക് പകരം യു.പി.യില്‍ നിന്നും ബീഹാറില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ വന്നു കൊണ്ടിരിക്കുന്നു. അത്ര പെട്ടെന്നൊന്നും ഈ കുടിയേറ്റം നിലക്കാന്‍ പോകുന്നില്ല.
ഗള്‍ഫില്‍ മലയാളികളുടെ സാന്നിധ്യം അടുത്ത ഒരു ഇരുപത് ഇരുപത്തഞ്ച് വര്‍ഷത്തേക്ക് കൂടി ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതിനു മാത്രം തൊഴിലാളികളുടെ നിക്ഷേപം ഇപ്പോള്‍ അവിടെയുണ്ട്. പെട്ടെന്ന് തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഈ പ്രതിസന്ധികള്‍ക്കിടയിലും സമൂഹത്തില്‍ ഗള്‍ഫുകാരന്റെ അന്തസ്സിനു ഇടിവു പറ്റിയിട്ടില്ല എന്നതാണ്. എന്റെ മകന്‍, മരുമകന്‍ ഗള്‍ഫിലാണ് എന്നു പറയുന്നത് ഇന്നും രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്തസ്സാണ്.
കുടിയേറ്റത്തിന്റെ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട് എന്നും മുസ്്‌ലിംകളും കുടിയേറ്റവും തമ്മിലുള്ള പാരസ്പര്യം ഗവേഷണ വിഷയമാക്കേണ്ടതുണ്ട് എന്നും താങ്കള്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്്‌ലിംകളും കുടിയേറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് താങ്കള്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നത് എന്നും പറയുകയുയണ്ടായി. ഇവയൊന്നു വിശദീകരിക്കാമോ?
കുടിയേറ്റത്തിന്റെ അനുഭവം ഇല്ലായിരുന്നെങ്കില്‍ എന്തായിത്തീരുമായിരുന്നുവെന്നതിനെക്കുറിച്ച് കേരളം, വിശേഷിച്ച് മുസ്്‌ലിംകള്‍ ചിന്തിക്കേണ്ടതുണ്ട്. കണ്ണുകള്‍ അടച്ചു പിടിച്ചു കുടിയേറ്റത്തിന്റെ ചരിത്രമില്ലായിരുന്നെങ്കില്‍ മലബാര്‍, മലപ്പുറം, തിരൂര്‍ മുതലായ പ്രദേശങ്ങള്‍ എന്തായിത്തീരുമായിരുന്നു എന്നു സങ്കല്‍പ്പിച്ചു നോക്കുക. പട്ടിണിമരണങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളിലൂടെ അവര്‍ക്ക് കടന്നു പോവേണ്ടി വരുമായിരുന്നു. തങ്ങളുടെ പിതാക്കള്‍, മക്കള്‍ ഗള്‍ഫില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുമായിരുന്നില്ല എന്നു പുതിയ തലമുറ ചിന്തിക്കേണ്ടതുണ്ട്. അറബിക്കഥ മുതലായ സിനിമകളിലൂടെ വിശദീകരിക്കാവുന്നതല്ല പ്രവാസത്തിന്റെ അനുഭവങ്ങള്‍. ഈയിടെ പുറത്തിറങ്ങിയ ഭരത് എന്ന സിനിമയില്‍ നായകന്റെ അഞ്ചു അവതാരങ്ങളിലൊന്ന് ദുബായിയിലാണ്. കഴിഞ്ഞ അറുപതു വര്‍ഷത്തെ പ്രധാനപ്പെട്ട ഇന്ത്യന്‍ അനുഭവങ്ങളിലൊന്ന് പ്രവാസമായിരുന്നു എന്ന് അംഗീകരിക്കുകയാണ് ഈ സിനിമ.
അതിനാല്‍, ഇത് ഡോക്യുമെന്റ് ചെയ്യപ്പെടേണ്ടതുണ്ട്. മുസ്്‌ലിംകളും കുടിയേറ്റവും എന്നൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ്കുടിയേറ്റം നല്‍കിയ സംഭാവനകളെക്കുറിച്ചു കേരളത്തിന്റെ വികസനത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിക്കണം. കോഴിക്കോട് നഗരത്തിലെ ഒരു തെരുവിന്റെ 1960 കളിലെ ഒരു ചിത്രം ഇന്നത്തെ ചിത്രവുമായി താരതമ്യപ്പെടുത്തി നോക്കുക. വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കെട്ടിടങ്ങളും അപാര്‍ട്ട്‌മെന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗള്‍ഫ്കുടിയേറ്റമാണ് അതിനു കാരണം. കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ ലാന്റ്‌സ്‌കേപ്പ് മാറ്റിപ്പണിയുന്നതില്‍ ഈ കുടിയേറ്റം പ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ബ്ലഡ്മണിയാണ് ഈ കാണുന്ന വികസനത്തിന്റെ കാതല്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് ഞാന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ ഒരു എയര്‍പോര്‍ട്ട് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന്, കൊച്ചിയില്‍ വിദേശമലയാളികളുടെ സഹായത്തോടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നു. കോഴിക്കോട്ടും കണ്ണൂരും രണ്ടു വിമാനത്താവളങ്ങളും ഇപ്പോള്‍ വന്നു കഴിഞ്ഞു. വടക്കന്‍ കേരളം തെക്കന്‍ കേരളത്തെ വിമാനത്താവളങ്ങളുടെ കാര്യത്തില്‍ പിന്നിലാക്കിയിരിക്കുന്നു എന്ന് പറയാം.
മുസ്്‌ലിംകളും കുടിയേറ്റവും എന്ന വിഷയത്തെക്കുറിച്ച് എഴുതാനുള്ള മറ്റൊരു കാരണം ചരിത്രപരം കൂടിയാണ്. 1956 ല്‍ കേരളം രൂപീകരിക്കുമ്പോള്‍ വികസനത്തിന്റെ എല്ലാ സൂചികകള്‍ പ്രകാരവും മലബാര്‍ തിരു-കൊച്ചിയേക്കാള്‍ പിന്നിലായിരുന്നു. അമ്പതു വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ചിത്രം മാറിയത് കാണാന്‍ പറ്റും. എല്ലാ മേഖലയിലും തിരു-കൊച്ചിക്കൊപ്പം എത്താന്‍ മലബാറിനു കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റത്തിന്റെ ഗുണഫലമാണിത്. കേരളാമോഡല്‍ വികസനത്തിന്റെ ബൃഹദാഖ്യാനത്തിനകത്ത് മുസ്്‌ലിംകളുടെ ഈ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
ഗള്‍ഫ് കുടിയേറ്റം കേരളത്തിന്റെ വികസനത്തിന് നല്‍കിയ മുസ്്‌ലിംകളുടെ സംഭാവനകളെക്കുറിച്ച് കണക്കുപുസ്തകങ്ങളില്‍ വരവു വെച്ചിട്ടുണ്ടോ? പലപ്പോഴും സിനിമകളിലും ജനപ്രിയ ആഖ്യാനങ്ങളിലും പ്രവാസി മുസ്്‌ലിം പൊങ്ങച്ചക്കാരനും സാമൂഹിക സമതുലനം തെറ്റിച്ചവനും പാരസ്ഥിത സന്ത്രാസം തകര്‍ത്തവനുമാണ്.
ഒറ്റ വാക്കില്‍ പറയാവുന്ന മറുപടി ആ കണക്കുകള്‍ വന്നിട്ടില്ല എന്നതാണ്. അതിനു പ്രധാനപ്പെട്ട കാരണം ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ചുള്ള ഡാറ്റ ലഭ്യമല്ല എന്നതാണ്. 1998 ല്‍ സി.ഡി.എസ് കേരള മൈഗ്രേഷന്‍ സര്‍വേ നടത്തും വരെ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
കുടിയേറ്റത്തിന്റെ നേരിട്ടുള്ള നേട്ടം വ്യക്തിപരം എന്ന ഒന്നാമത്തെ തലത്തിലാണ് ആദ്യം വരുക. അഥവാ ഒരു വ്യക്തി ഗള്‍ഫില്‍ പോവുമ്പോള്‍ അതിന്റെ ഗുണഫലം മതാപിതാക്കളും മക്കളും ഭാര്യാഭര്‍ത്താക്കന്‍മാരും അടങ്ങുന്ന അഞ്ചു പേര്‍ക്കെങ്കിലും ലഭ്യമാകുന്നു എന്നതാണ് അത്.
തുടര്‍ന്ന് സാമുദായികമായും സാമൂഹികമായും സാമ്പത്തികമായും ഉള്ള നേട്ടങ്ങള്‍ ഉണ്ടാകുന്നു. ഈ നേട്ടങ്ങളെ കൃത്യമായും ശാസ്ത്രീയമായും രേഖപ്പെടുത്തേണ്ടതുണ്ട്. വ്യക്തികളെയും സമുദായങ്ങളെയും സമൂഹത്തെയും സാമ്പത്തിക രംഗത്തെയും ഗള്‍ഫ് കുടിയേറ്റം എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് രേഖപ്പെടുത്തലുകള്‍ അനിവാര്യമാണ്.
നിത്താഖാത്ത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ എങ്ങനെയാണ് ഗള്‍ഫ് കുടിയേറ്റത്തെ ബാധിക്കാന്‍ പോവുന്നത്?
എന്റെ നിരീക്ഷണം രണ്ടു മൂന്നു പതിറ്റാണ്ടു കൂടി ഈ കുടിയേറ്റം തുടരുമെന്നാണ്. ഒരു പക്ഷേ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞേക്കാം. പക്ഷേ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഗള്‍ഫിലേക്കുള്ള കുത്തൊഴുക്ക് കൂടാനാണ് സാധ്യത. തദ്ദേശീയര്‍ ചെയ്യാത്ത കെട്ടിടനിര്‍മാണം പോലെയുള്ള ധാരാളം തൊഴില്‍ സാധ്യതകള്‍ അവിടെ ഉണ്ടെന്നതാണ് വസ്തുത. പതിനഞ്ചു ലക്ഷം ഇന്ത്യന്‍ മലയാളി കുടിയേറ്റക്കാര്‍ ഗള്‍ഫില്‍ നിന്നു കുടിയൊഴിഞ്ഞു പോരുമ്പോള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പതു ലക്ഷത്തോളം പേര്‍ അങ്ങോട്ടു പോകുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. മടങ്ങിവരുന്ന മലയാളികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ജോലി ചെയ്യാന്‍ സന്നദ്ധരായ രാജസ്ഥാന്‍, ബീഹാര്‍, യു.പി മുതലായ ഇടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അവിടെ സാധ്യത വര്‍ദ്ധിക്കുകയാണ്. അവര്‍ ചെയ്യുന്ന ജോലിയെപ്പറ്റി പറയാറുള്ളത് ത്രീ ഡി ജോബ്‌സ് എന്നാണ്. ഡേര്‍ടി, ഡൈന്‍ജറസ് ആന്റ് ഡിമീനിംഗ് എന്നിവയാണ് ത്രീഡി ജോബ്‌സ്. ഇത്തരം ജോലികള്‍ ഉള്ളിടത്തോളം കാലം കുടിയേറ്റം അവസാനിക്കാന്‍ പോകുന്നില്ല.
ഇതിന്റെ രസകരമായ മറ്റൊരു വശം കൂടിയുണ്ട്. ഇതിനെ സാമ്പത്തികശാസ്ത്രത്തില്‍ റീപ്ലേസ്‌മെന്റ് മൈഗ്രേഷന്‍ എന്നു വിളിക്കുന്നു. മലയാളികള്‍ ഗള്‍ഫില്‍ ചെയ്യുന്ന പല ജോലികളും ഇവിടെ ചെയ്യുന്നത് അയല്‍ സംസ്ഥാന തൊഴിലാളികളാണ്. മലയാളി പ്ലംബര്‍ ദുബായിലും ഒറീസ പ്ലംബര്‍ കേരളത്തിലും എന്നതാണ് ഇതിന്റെ ഉദാഹരണം. ഇങ്ങനെ പകരത്തിനു പകരമായി മൈഗ്രേഷന്‍ തുടര്‍ന്നു പോകും എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
അയല്‍ സംസ്ഥാന തൊഴിലാളികളോടുള്ള മലയാളികളുടെ സമീപനം എന്താണ്?
ഞാന്‍ മനസ്സിലാക്കുന്നത് അതിഥികളോട് എന്ന പോലെയാണ് മലയാളികള്‍ ഈ തൊഴിലാളി സമൂഹത്തോട് പെരുമാറുന്നത് എന്നാണ്. ഗള്‍ഫില്‍ മലയാളികള്‍ക്ക് അറബികളില്‍ നിന്നു കിട്ടിയതും ഇതേ സമീപനമായിരുന്നു. ദുബായിയെ നിര്‍മിച്ചത് ഞങ്ങളാണ് എന്നു പറയുന്ന മലയാളികളെ ഞാന്‍ കണ്ടിട്ടുണ്ട്. കൊച്ചി മെട്രോ നിര്‍മിച്ചത് ഞങ്ങളാണെന്നു പറയുന്ന ബംഗാളികളെ നിങ്ങള്‍ക്കു കാണാം. അബുദാബി എയര്‍പോര്‍ട്ട് ഞങ്ങളാണ് നിര്‍മിച്ചത് എന്നു പറുന്ന മലയാളികളെപ്പോലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉണ്ടാക്കിയത് ഞങ്ങളാണ് എന്നു പറയുന്ന അയല്‍ സംസ്ഥാന തൊഴിലാളികളെ നമുക്ക് കാണാം.
ലോകത്തെല്ലായിടത്തും വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ വികാരം ഇവിടെ ഉണ്ടാകാന്‍ പാടില്ല. അതിര്‍ത്തി കടന്നു വരുന്ന തൊഴിലാളികളെ വികസനത്തിലെ പങ്കാളികളായി കാണാനുള്ള വിശാലഹൃദയം നമുക്ക് ഉണ്ടാകണം. നമ്മുടെ നാടിനെ ഇപ്പോള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത് അവരാണ്.