Home » Article » Society » ആത്മീയാഘോഷങ്ങളുടെ സാമൂഹിക‑രാഷ്ട്രീയ ഉള്ളടക്കങ്ങള്‍

ആത്മീയാഘോഷങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കങ്ങള്‍

[box type=”shadow” align=”” class=”” width=””]ജീവിതവും മരണവും തമ്മിലെന്ന പോലെ ആത്മീയതയും ഭൗതികതയും തമ്മിലുള്ള ബന്ധവും പരസ്പര വൈരുദ്ധ്യത്തിന്റേതല്ല. മറിച്ച് ഒന്ന് മറ്റൊന്നിന്റെ ഭാഗമോ തുടര്‍ച്ചയോ ആയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വ്യക്തിയും സമൂഹവും തമ്മിലും ഇതുപോലൊരു പാരസ്പര്യമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തത്തോട് എത്രമേല്‍ ബാധ്യസ്ഥനാണോ അതുപോലെ അവന്റെ സഹജീവികളോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ളവനാണ്. അഥവാ, ഇസ്‌ലാമിക ആദ്ധ്യാത്മിക ബോധത്തില്‍ വളരുന്ന ഒരോ വ്യക്തിയും തന്റെ സാമൂഹിക വ്യവഹാരങ്ങളില്‍/ദൈനംദിന ജീവിതവൃത്തികളില്‍ ഉത്തരവാദിത്തബോധമുള്ളവനാവുക ഒരു സ്വാഭാവിക പരിണതിയാണ്. അതായത്, ആത്മീയത കൂടുന്നതിനനുസരിച്ച്, സാമൂഹികമായി നിഷ്‌ക്രിയനായിരിക്കുന്ന ഒരു സ്ഥിതി ഉണ്ടാവുക ഇസ്‌ലാമിക സമൂഹത്തില്‍ സാധ്യമല്ല എന്നര്‍ഥം.[/box]സമകാലിക സമൂഹത്തില്‍ ഇസ്‌ലാം ഏറ്റവും കൂടുതല്‍ തെറ്റുദ്ധരിക്കപ്പെടാനിരയായിരിക്കുന്ന രണ്ട് തലങ്ങളാണ് അതിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കങ്ങളും ആത്മീയ സാംസ്‌കാരിക പ്രകാശനങ്ങളും. ഈ രണ്ടു തലങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതില്‍ ഇസ്‌ലാമിനകത്തുള്ളവര്‍ക്കു പോലും തെറ്റു സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇസ്‌ലാമെന്നും സാംസ്‌കാരിക ഇസ്‌ലാമെന്നുമുള്ള സമകാലിക സമൂഹ ശാസ്ത്രത്തിലെ വേര്‍തിരിവുകള്‍ ഇത്തരമൊരു സാമൂഹിക പശ്ചാതലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാംസ്‌കാരിക ഇസ്‌ലാം അനുഷ്ഠാനപരമാണെന്നും രാഷ്ട്രീയ ഇസ്‌ലാം സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ളതാണെന്നുമാണ് വിലയിരുത്തല്‍. ഇസ്‌ലാമിന്റെ ആന്തരിക സ്വത്വം തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം കാഴ്ചപ്പാടുകള്‍ പല നാടുകളിലും പലരീതിയിലാണ് ഏറ്റുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളീയ പശ്ചാതലത്തിലും ഇടക്കിടെ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വികലമായ വേര്‍തിരിവുകളുടെ മതപരവും സമൂഹശാസ്ത്രപരവുമായ സാധുതകള്‍ അന്വേഷിക്കുകയാണ് ഇവിടെ ലക്ഷ്യം.

അഥവാ, കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള പ്രാര്‍ഥനാ സദസ്സുകള്‍, ദിക്ര്‍ മജ്‌ലിസുകള്‍, ദുആ സമ്മേളനങ്ങള്‍, ഉറൂസ് നേര്‍ച്ച തുടങ്ങിയ ആത്മീയ ആഘോഷങ്ങള്‍ അവരുടെ സാമൂഹിക പ്രതിബദ്ധതയെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? വര്‍ധിച്ചുവരുന്ന ഇത്തരം ആത്മീയ വേദികള്‍ കേരളീയ മുസ്‌ലിംകളില്‍ ചെലുത്തുന്ന സ്വാധീനം എന്താണ്? മുസ്‌ലിം സമൂഹത്തെ ഇതുപോലുള്ള ആഘോഷങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും മുക്തരാക്കുവാനായി ഏറെ പാടുപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടാനായത് എന്തെല്ലാമാണ്?

മാലപ്പാട്ടുകളും അധിനിവേശവിരുദ്ധ സമരങ്ങളും
മലബാര്‍ ഗവര്‍ണറായിരുന്ന എച്ച്. വി. കൊണോലി കൊലചെയ്യപ്പെട്ടതിനെ കുറിച്ച് വില്യം ലോഗന്‍ പറയുന്നത് ഇവിടെ ശ്രദ്ധേയമാണ് ”അധിനിവേശത്തിനെതിരെയുള്ള പൊതുവികാരവും സയ്യിദ് ഫദ്ല്‍ തങ്ങളെ മലബാറില്‍ നിന്നും നാടുകടത്തിയതിനോടുള്ള പ്രതികാരവുമായി മാപ്പിളമാര്‍ സംഗമിച്ചു. കൃത്യം ചെയ്യുന്നതിനു മുമ്പ് അവര്‍ നിരവധി അനുഷ്ഠാന കര്‍മങ്ങളില്‍ വ്യാപൃതരായിരുന്നു. പല പളളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥനകള്‍ നടത്തി. തലേദിവസം രാത്രി മലക്കല്‍ മമ്മുവിന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചു കൂടി പ്രത്യേക നേര്‍ച്ചയും മുഹ്‌യുദ്ദീന്‍ മാല പാരായണവും നടത്തി. ഇങ്ങനെയുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ മാനസികവും ശാരീരികവുമായി അവര്‍ കൊണോലിയെ നേരിടാന്‍ പൂര്‍ണമായും സജ്ജരായി കഴിഞ്ഞിരുന്നു”.
അധിനിവേശ വിരുദ്ധ കലാപത്തില്‍ മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ മാല മൗലിദുകള്‍ നിര്‍വഹിച്ച ഇത്തരം സ്വാധീനത്തെ കുറിച്ച് സ്റ്റീഫന്‍ ഡെയ്‌ലിനെ പോലുള്ള ചരിത്രകാരന്മാരും വിശദീകരിക്കുന്നത് കാണാം. “Mappilas of Malabar 1498-1922′ എന്ന കൃതിയില്‍ അദ്ദേഹം പറയുന്നത് കാണുക: പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ മാപ്പിള മുസ്‌ലിംകളെ അധിനിവേശ വിരുദ്ധ പോരാളികളാക്കുന്നതില്‍ മാല മൗലിദുകളും മറ്റു ആത്മീയ സദസ്സുകളും ആഘോഷങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരെ സമരരംഗത്തിറങ്ങിയ മാപ്പിളമാര്‍ രക്തസാക്ഷികളാവാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഓരോ സമരത്തിനും മുന്നോടിയായി അവര്‍ ചില ആചാരാനുഷ്ഠാനങ്ങളും നിര്‍വഹിച്ചിരുന്നു.

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള പ്രാര്‍ഥനാ സദസ്സുകള്‍, ദിക്ര്‍ മജ്‌ലിസുകള്‍, ദുആ സമ്മേളനങ്ങള്‍, ഉറൂസ് നേര്‍ച്ച തുടങ്ങിയ ആത്മീയ ആഘോഷങ്ങള്‍ അവരുടെ സാമൂഹിക പ്രതിബദ്ധതയെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? വര്‍ധിച്ചുവരുന്ന ഇത്തരം ആത്മീയ വേദികള്‍ കേരളീയ മുസ്‌ലിംകളില്‍ ചെലുത്തുന്ന സ്വാധീനം എന്താണ്? മുസ്‌ലിം സമൂഹത്തെ ഇതുപോലുള്ള ആഘോഷങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും മുക്തരാക്കുവാനായി ഏറെ പാടുപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടാനായത് എന്തെല്ലാമാണ്?

പോര്‍ച്ചുഗീസ് അതിക്രമങ്ങളോടും തുടര്‍ന്നുവന്ന അധിനിവേശ ശക്തികളോടും മുസ്‌ലിം സമൂഹം എങ്ങനെ പ്രതികരിച്ചുവെന്നു കാണിച്ചുതരുന്നുണ്ട് ഇത്തരം ചരിത്ര വിശകലനങ്ങള്‍. കേരളീയ മുസ്‌ലിംകള്‍ നേരിട്ട ഏറ്റവും വലിയ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ കാലമായിരുന്നു പോര്‍ച്ചുഗീസ് ആഗമനാനന്തര മലബാറിലുണ്ടായത്. പോര്‍ച്ചുഗീസ് ആഗമനവും നിലവിലുണ്ടായിരുന്ന മുസ്‌ലിം സാമൂഹിക സാമ്പത്തിക സുസ്ഥിതിക്ക് അവര്‍ ഉയര്‍ത്തിയ ഭീഷണികളും അല്ലാഹുവിന്റെ പരീക്ഷണമായാണ് മുസ്‌ലിം പണ്ഡിത നേതൃത്വം വിലയിരുത്തിയത്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ വിസ്മരിച്ച് ജീവിച്ചതിനാലാണ് പോര്‍ച്ചുഗീസ് ക്രിസ്ത്യാനികളെ മുസ്‌ലിംകള്‍ക്ക് മേല്‍ നിയോഗിക്കാനിടയായതെന്ന് സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ തുഹ്ഫതുല്‍ മുജാഹിദീനില്‍ അഭിപ്രായപ്പെടുന്നത് കാണാം. അഥവാ, ഭൗതിക ഭ്രമം ആത്മീയതയെ മറികടന്നിരുന്നുവെന്നും അതിനെ മറികടക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ടെതെന്നും അക്കാലത്ത് ഇസ്ലാമിക നേതൃത്വവും പണ്ഡിതരും ആലോചിക്കുകയുണ്ടായി. ഇത്തരം ആലോചനകളുടെ ഭാഗമായി മുസ്‌ലിംകളെ ആത്മികമായി ഉണര്‍ത്തുവാന്‍ സ്വീകരിച്ച ശ്രമങ്ങളുടെ ഭാഗമായിട്ടു കൂടി വേണം ഇക്കാലത്ത് പ്രചാരത്തില്‍ വന്ന പല മാലപ്പാട്ടുകളെയും ആത്മീയ സദസ്സുകളെയും വിലയിരുത്താന്‍. അഥവാ, ഏത് ഭൗതിക വെല്ലുവിളിയെയും പ്രതിരോധിക്കാന്‍ ആത്മികമായ ജാഗ്രതയും ഭക്തിപൂര്‍ണമായ ജീവിതവുമാണ് ഒരു മുസ്‌ലിമിന് പ്രാഥമികമായി ആവശ്യമായതെന്ന പാരമ്പര്യ മുസ്‌ലിം കാഴ്ചപ്പാടിന്റെ പശ്ചാതലത്തില്‍ നിന്നാണ് ആത്മികവും ജനകീയവുമായ പല സാംസ്‌കാരിക രൂപങ്ങളും കേരളത്തിലും പുറത്തും പ്രചാരത്തില്‍ വന്നതും ഇന്നും നിലനില്‍ക്കുന്നതും.

രാഷ്ട്രീയ മതവും മതാനുഷ്ടാനങ്ങളും
വ്യത്യസ്ത മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഇസ്‌ലാമിക സാമൂഹിക രാഷ്ട്ട്രീയ സംവിധാനങ്ങള്‍ തകര്‍ത്തു ബദല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാനും അതു വഴി ഇസ്‌ലാമിനെ സാമൂഹിക ജീവിതത്തില്‍ നിന്ന് അടര്‍ത്തുവാനും ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായപ്പോഴൊക്കെയും സമുദായ നേതൃത്വം അവക്കെതിരെ പ്രതിരോധം തീര്‍ത്തത് പ്രധാനമായും ജനകീയവും ആത്മീയവുമായ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നുവെന്ന് കാണാനാവും. ഉദാഹരണത്തിന് വര്‍ഷങ്ങളോളം കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന മധ്യേഷ്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ ഇസ്‌ലാമിക ചൈതന്യവും മതബോധവും എങ്ങനെയാണ് നിലനിര്‍ത്തിയതെന്ന് വില്യം റോ, Geography of muslim identities എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ച കള്‍ച്ചറല്‍ മുസ്‌ലിം എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.
അദ്ദേഹം എഴുതുന്നു: ഭാഷ മുതല്‍ ദൈനംദിന ജീവിതചര്യകളില്‍ വരെ പൂര്‍ണമായും ഇസ്‌ലാം മുക്തസമൂഹമാക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയന്‍ പല പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഭാഷയില്‍ നിന്നു അറബിയുടെ സ്വാധീനം ഇല്ലാതാക്കാന്‍ ഭാഷാവിദഗ്ധരെ പ്രത്യേകം ഏര്‍പ്പാടാക്കിയിരുന്നു. താജികിസ്താനില്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ക്ക് പകരം പുതിയ ആചാരങ്ങളും ചട്ടങ്ങളും സൃഷ്ടിക്കാന്‍ വേണ്ടി പ്രത്യേക കമ്മീഷന്‍ തന്നെ നിയോഗിക്കപ്പെടുകയുണ്ടായി. നമസ്‌കാരം, റമദാനിലെ വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അടിസ്ഥാന ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ പോലും ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നില്ല. കസാകിസ്താനിലും മറ്റു പ്രദേശങ്ങളിലും ചേലാകര്‍മം നിര്‍വഹിക്കുന്നതിനെതിരെ നടപടികളുണ്ടായി. എന്നാല്‍, ഏഴു പതിറ്റാണ്ടുകള്‍ നീ
ണ്ട കമ്യൂണിസ്റ്റ് രാഷ്ടീയസംവിധാനത്തിനോ സാംസ്‌കാരിക കടന്നുകയറ്റങ്ങള്‍ക്കോ മധ്യേഷ്യയിലെ മുസ്‌ലിം സ്വത്വം ഇല്ലാതാക്കാനോ പ്രദേശത്തെ മുസ്‌ലിം ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഇസ്‌ലാമിനെ അകറ്റി നിര്‍ത്താനോ സാധിച്ചില്ല. ഔദ്യോഗിക പണ്ഡിത വിഭാഗത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ സോവിയറ്റ് ഗവണ്‍മെന്റിന് സാധിച്ചെങ്കിലും സാമാന്യ ജനവിഭാഗങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്ന സൂഫികളുടെയും മറ്റു ആത്മീയ നേതൃത്വത്തിന്റെയും സ്വാധീനം കാണാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടതിനാലാണ് ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മധേഷ്യയിലെ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തലുകളെ അതിജയിക്കാന്‍ സാധിച്ചത്.

രാഷ്ട്രീയ സംവിധാനങ്ങള്‍ പോലും സുസ്ഥിരവും കാര്യക്ഷമവുമാവണമെങ്കില്‍ നല്ല മതബോധവും ആത്മീയ ചൈതന്യവുമുള്ള ഒരു സമൂഹത്തിന്റെ നിലനില്‍പ് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മുസ്‌ലിം സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന സാമൂഹിക ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും നിലനില്‍പ് ചര്‍ച്ചുപോലുള്ള സംവിധാനങ്ങളിലല്ല, മറിച്ച്, മതപരമായ ആചാരാനുഷ്ഠാനങ്ങളും മറ്റു ആത്മീയസംരംഭങ്ങളും സൃഷ്ടിക്കുന്ന ആത്മീയാഭിമുഖ്യവും അതനുസരിച്ചുള്ള ജീവിതപ്രകാശനങ്ങളിലുമാണെന്നെ ഇബ്‌നു ഖല്‍ദൂന്‍ നടത്തുന്ന നിരീക്ഷണം വളരെ ശ്രദ്ധേയമാണ്.

മുകളില്‍ പറഞ്ഞ രണ്ടു മാതൃകകളും ബോധ്യപ്പെടുത്തുന്ന ഒരു അടിസ്ഥാന തത്വമുണ്ട്. അഥവാ, മുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക ബോധവും വളര്‍ത്തുന്നതില്‍ രാഷ്ട്രീയ വ്യവസ്ഥിതികളേക്കാള്‍ ശക്തവും സ്വാധീനവുമുള്ള ഘടകമായി വര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ആത്മീയ സാംസ്‌കാരിക മണ്ഡലങ്ങളാണ്. അഥവാ, രാഷ്ട്രീയ സംവിധാനങ്ങളിലൂടെയായിരുന്നില്ല, മറിച്ച് മതാനുഷ്ഠാനങ്ങളും പ്രാദേശികമായി നിലനില്‍ക്കുന്ന ആത്മീയ സംരഭങ്ങളും ഒരുക്കുന്ന ആത്മീയവും ധാര്‍മികവുമായ ബോധതല (Moral Habitus) ത്തിലൂടെയാണ് മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ കര്‍മ മണ്ഡലങ്ങള്‍ ഊര്‍ജ്ജസ്വലമാവുന്നത്. ഇബ്‌നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സംവിധാനങ്ങള്‍ പോലും സുസ്ഥിരവും കാര്യക്ഷമവുമാവണമെങ്കില്‍ നല്ല മതബോധവും ആത്മീയ ചൈതന്യവുമുള്ള ഒരു സമൂഹത്തിന്റെ നിലനില്‍പ് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മുസ്‌ലിം സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന സാമൂഹിക ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും നിലനില്‍പ് ചര്‍ച്ചുപോലുള്ള സംവിധാനങ്ങളിലല്ല, മറിച്ച്, മതപരമായ ആചാരാനുഷ്ഠാനങ്ങളും മറ്റു ആത്മീയസംരംഭങ്ങളും സൃഷ്ടിക്കുന്ന ആത്മീയാഭിമുഖ്യവും അതനുസരിച്ചുള്ള ജീവിതപ്രകാശനങ്ങളിലുമാണെന്നെ ഇബ്‌നു ഖല്‍ദൂന്‍ നടത്തുന്ന നിരീക്ഷണം വളരെ ശ്രദ്ധേയമാണ്.

ആദിവാസികള്‍ക്കു വേണ്ടി നടക്കുന്ന ഭൂസമരത്തിന്റെ ഭാഗമാവുകയും കൊക്കോകോള പോലുള്ള മള്‍ടി നാഷണല്‍ കമ്പനികള്‍ക്കെതിരെ സമരം നടത്തുകയുമാണോ അല്ല, ആത്മീയ സദസ്സുകളിലും ദിക്‌റ്-ദുആ മജ്‌ലിസുകളിലും പങ്കെടുക്കുകയാണോ വേണ്ടതെന്ന സന്ദേഹം ഉണ്ടാകുന്നത് ഈ രണ്ടു തരം പ്രവര്‍ത്തനങ്ങളിലെയും മതവും ആത്മീയതയും തിരിച്ചറിയാനാവാതെ വരുമ്പോഴാണ്.

മതവും രാഷ്ട്രീയവും ഭൗതികതയും ആത്മീയതയും എങ്ങനെ ഇഴചേര്‍ന്നു നില്‍ക്കുന്നുവെന്നറിയാന്‍ ഇസ്‌ലാമിക ജീവിത ദര്‍ശനം മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ പരിഗണിക്കപ്പെടുന്ന പല ദ്വന്ദങ്ങളെയും പരസ്പര പൂരകങ്ങളായാണ് ഇസ്‌ലാം കാണുന്നത്. ആത്മികതയും ഭൗതികതയും തമ്മിലെന്ന പോലെ ജീവിതവും മരണവും തമ്മിലുള്ള ബന്ധവും പരസ്പര വൈരുദ്ധ്യത്തിന്റേതല്ല. മറിച്ച് ഒന്ന് മറ്റൊന്നിന്റെ ഭാഗമോ തുടര്‍ച്ചയോ ആയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വ്യക്തിയും സമൂഹവും തമ്മിലും ഇതുപോലൊരു പാരസ്പര്യമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തത്തോട് എത്രമേല്‍ ബാധ്യസ്ഥനാണോ അതുപോലെ അവന്റെ സഹജീവികളോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ളവനാണ്. അഥവാ, ഇസ്‌ലാമിക ആദ്ധ്യാത്മിക ബോധത്തില്‍ വളരുന്ന ഒരോ വ്യക്തിയും തന്റെ സാമൂഹിക വ്യവഹാരങ്ങളില്‍/ദൈനംദിന ജീവിത വൃത്തികളില്‍ ഉത്തരവാദിത്തബോധമുള്ളവനാവുക ഒരു സ്വാഭാവിക പരിണതിയാണ്. ആയതിനാല്‍, ആത്മീയത കൂടിയതിനാല്‍, സാമൂഹികമായി നിഷ്‌ക്രിയനായിരിക്കുന്ന ഒരു സ്ഥിതി ഉണ്ടാവുക ഇസ്‌ലാമിക സമൂഹത്തില്‍ സാധ്യമല്ല എന്നര്‍ഥം. ഇബ്‌നു ഖല്‍ദൂന്‍ നടത്തിയ നിരീക്ഷണം ഈ അര്‍ഥത്തില്‍ വായിക്കാവുന്നതാണ്.


മറ്റൊരുവിധേന പറഞ്ഞാല്‍, സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകുന്ന ഒരു മുസ്‌ലിം ആരാധനാകര്‍മ്മങ്ങളില്‍ നിന്നോ ആത്മീയോല്‍ക്കര്‍ഷപരമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നോ മാറി നില്‍ക്കേണ്ടതില്ല. കേരളീയ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ആലോചിക്കുമ്പോള്‍ തന്നെ ഇക്കാര്യം കൂടുതല്‍ ബോധ്യമാവും. ഇവിടെ പ്രാര്‍ഥനാസദസ്സുകള്‍ക്കും ദിക്ര്‍ മജ്‌ലിസുകള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായി നിലകൊള്ളുന്നതെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. വ്യക്തി ജീവിതത്തില്‍ ദൈവിക ചിന്തയും ഭക്തിയും വളര്‍ത്തുവാനും ദുര്‍വിചാരങ്ങളില്‍ നിന്നും മാനസിക കുടിലതകളില്‍ നിന്നും മനുഷ്യ മനസ്സുകളെ വിമലീകരിക്കുവാനും സൂഫീ പാരമ്പര്യം മുന്നോട്ടുവെക്കുന്ന പദ്ധതികളാണ് പല പ്രാദേശിക അനുഷ്ഠാനങ്ങളും. വൈജ്ഞാനികവും ബൗദ്ധികവുമായി വിശ്വാസികളെ ഉയര്‍ത്തുന്നതില്‍ വ്യത്യസ്ത മതവിദ്യാഭ്യാസ രീതികള്‍ നിര്‍വഹിച്ചതുപോലുള്ള ഉത്തരവാദിത്തമാണ് ആത്മീയ ചൈതന്യവും മതബോധവും വളര്‍ത്തുന്നതില്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങളും ആത്മീയാഘോഷങ്ങളും നിറവേറ്റുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഉറൂസുകളും ആണ്ടുനേര്‍ച്ചകളും പരിഗണിക്കുക. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷികളായ ബദ്ര്‍ ശുഹദാക്കള്‍ മുതല്‍ ബ്രിട്ടീഷ് വിരുദ്ധകലാപത്തിലോ ഇസ്‌ലാമിക വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായോ രക്തസാക്ഷികളായ പ്രാദേശിക ശുഹദാക്കളുടെ പേരില്‍ വരെ കേരളത്തില്‍ നേര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേര്‍ച്ചകളുടെ കര്‍മശാസ്ത്രപരമായ തലങ്ങള്‍ എന്തോ ആവട്ടെ, അവ നിര്‍വഹിക്കുന്ന സാമൂഹിക സാംസ്‌കാരിക ദൗത്യം മഹത്തരമാണെന്ന് ആര്‍ക്കും ബോധ്യമാവും. ഇത്തരം നേര്‍ച്ചകളിലൂടെയും ഉറൂസ് പരിപാടികളിലൂടെയും പ്രസരണം ചെയ്യപ്പെടുന്നത് അലസവും നിഷ്‌ക്രിയവുമാക്കുന്ന ആത്മീയ ലഹരിയല്ല, മറിച്ച്, സത്യത്തിന്റെയും സാമൂഹിക നീതിയുടെയും തേട്ടങ്ങള്‍ക്ക് അനുയുക്തമായ സാമൂഹിക ജീവിതം എങ്ങനെ പ്രകാശിപ്പിക്കാം എന്ന പാഠമാണ്. അഥവാ, ഏതൊരു വ്യക്തിയും സ്വന്തം ജീവിതത്തിനുവേണ്ടി തേടുന്ന അവലംബ മാതൃകകള്‍ (ഞലളലൃലിരല ഏൃീൗു) സമൂഹത്തില്‍ സജീവമായി നിലനിര്‍ത്തുകയെന്ന സാമൂഹിക ദൗത്യം കൂടിയാണ് ഇത്തരം ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും നിര്‍വഹിക്കുന്നത്.

സംഗ്രഹം
ഇസ്‌ലാമിക ദൃഷ്ട്യാ മതാനുഷ്ഠാനത്തിന് ഒരു തലവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റുതലവും നിലനില്‍ക്കുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം പോലും ആരാധനാകര്‍മ്മത്തിന്റെ ഭാഗമായാണ് ഇസ്‌ലാം കാണുന്നത്. മാത്രവുമല്ല, ഏതൊരു പ്രവര്‍ത്തനത്തിലും ദൈവികാഭിമുഖ്യവും ഉദ്ദ്യേശ്യ ശുദ്ധിയും ഉണ്ടായാല്‍, അത് പ്രതിഫലം നല്‍കപ്പെടുന്ന സല്‍കര്‍മവും ഇസ്‌ലാമിക പ്രവര്‍ത്തനവുമായി മാറുന്നുമെന്നാണ് പ്രവാചകാധ്യാപനം. ആയതിനാല്‍ ചിലകര്‍മങ്ങളെ അനുഷ്ഠാനപരവും മറ്റു കര്‍മങ്ങളെ മതപരവുമാക്കി വേര്‍തിരിക്കുന്നതില്‍ ഇസ്‌ലാമികമായി അനൗചിത്യമുണ്ട്. ഇസ്‌ലാമിക സാമൂഹിക പ്രവര്‍ത്തന മണ്ഡലങ്ങളെ ഇങ്ങനെ ന്യൂനീകരിച്ചും സാംസ്‌കാരിക വ്യവഹാരങ്ങളെ വളരെ സങ്കുചിതമാക്കുകയും ചെയ്തതിന്റെ ദുരന്തമാണ് യഥാര്‍ഥത്തില്‍ ഇന്ന് മുസ്‌ലിം ലോകം അനുഭവിക്കുന്നത്. അധിനിവേശ ശക്തികളുടെ ബാഹ്യമായ ഇടപെടലുകള്‍ക്കുപുറമെ ആന്തരികമായ അന്തഃഛിദ്രകളും സങ്കുചിതമായ മതകാഴ്ചപ്പാടുകളുമാണ് മുസ്‌ലിം ലോകത്ത് ഇന്ന് സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥക്കും രാഷ്ട്രീയ അസ്ഥിരതകള്‍ക്കും നിമിത്തമായ ഘടകങ്ങളില്‍ പ്രധാനമെന്ന് സമര്‍ഥിക്കാവുന്നതാണ്. അഥവാ, വ്യത്യസ്ത ദേശങ്ങളില്‍ അവിടെ നിലനിന്നിരുന്ന സാസ്‌കാരിക വ്യവസ്ഥയുമായും അനായാസം സംവദിക്കാനും ഇസ്‌ലാമിക ജീവിത ദര്‍ശനത്തിന്റെ ഉള്ളടക്കങ്ങള്‍ വളരെ സരളവും ജൈവികവുമായി പ്രകാശിപ്പിക്കാനും സാധിച്ചിരുന്ന പ്രാദേശികവും ഇസ്‌ലാമികവുമായ കലാസാംസ്‌കാരിക രൂപങ്ങളെയും ചിഹ്നങ്ങളെയും ഇല്ലാതാക്കാന്‍ നടത്തിയ സങ്കുചിത മത-രാഷ്ട്രീയ ശ്രമങ്ങളാണ് ഇന്ന് പടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെയും മുസ്‌ലിംലോകത്തെ സാമൂഹിക സാംസ്‌കാരിക പ്രതിസന്ധികളുടെയും രാഷ്ട്രീയ പശ്ചാതലമെന്ന് മനസ്സിലാക്കാനാവും. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ആത്മീയ ഉള്ളടക്കമുള്ള മതം അരികുവത്കരിക്കപ്പെടുകയും രാഷ്ട്രീയ മതം ആധിപത്യം നേടുകയും ചെയ്യുന്നതിന്റെ ദുരന്തമാണ് ഇന്ന് മുസ്‌ലിം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പലപ്രശ്‌നങ്ങളുടെയും ഉളളടക്കം.
ചുരുക്കത്തില്‍, ഇസ്‌ലാമിനെ അനുഷ്ഠാന മതമെന്നും രാഷ്ട്രീയ മതമെന്നും രണ്ട് കമ്പാര്‍ടുമെന്റുകളായി തിരിച്ച് രണ്ടിലേക്കും വെവ്വേറെ ആളുകളെ കണ്ടെത്തുന്ന രീതി ഇസ്‌ലാമകമായി അപ്രസക്തമാണ്. ഇത്തരം ആശയങ്ങള്‍ പലപ്പോഴും ഉടലെടുക്കുന്നത് ആശയപരവും സ്വത്വപരവുമായ പ്രതിസന്ധികള്‍ നേരിടുമ്പോഴാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ആദിവാസികള്‍ക്കു വേണ്ടി നടക്കുന്ന ഭൂസമരത്തിന്റെ ഭാഗമാവുകയും കൊക്കോകോള പോലുള്ള മള്‍ടി നാഷണല്‍ കമ്പനികള്‍ക്കെതിരെ സമരം നടത്തുകയുമാണോ അല്ല, ആത്മീയ സദസ്സുകളിലും ദിക്‌റ്-ദുആ മജ്‌ലിസുകളിലും പങ്കെടുക്കുകയാണോ വേണ്ടതെന്ന സന്ദേഹം ഉണ്ടാകുന്നത് ഈ രണ്ടു തരം പ്രവര്‍ത്തനങ്ങളിലെയും മതവും ആത്മീയതയും തിരിച്ചറിയാനാവാതെ വരുമ്പോഴാണ്.

Editor Thelicham

Thelicham monthly

Add comment