Islam in Africa
Home » Article » ആഫ്രിക്കയിലെ ഇസ്‌ലാം: തിരസ്‌കരിക്കപ്പെടുന്ന മുസ്‌ലിം പൈതൃകങ്ങള്‍

ആഫ്രിക്കയിലെ ഇസ്‌ലാം: തിരസ്‌കരിക്കപ്പെടുന്ന മുസ്‌ലിം പൈതൃകങ്ങള്‍

അന്തരീക്ഷത്തില്‍ അയാളുടെ ചാട്ട ഉയര്‍ന്നു പൊങ്ങുകയാണ്. തന്റെ അടിമയായ കറുത്ത മനുഷ്യനെ ആഞ്ഞു പ്രഹരിക്കുകയാണ് ക്രൂരനായ ആ അറബി, കറുത്ത കല്ലിനടിയിലെ കറുത്ത മനുഷ്യനെ. അതൊരു യുഗപ്പിറവിയായിരുന്നു. ലോകത്ത് ഇന്നുള്ള ജനസമൂഹങ്ങളില്‍ ഏറ്റവും വലിയ ഒരു ജനസമൂഹത്തിന്റെ ആത്മീയ ശിലാസ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ആ അറബിയുടെ ക്രൂരമര്‍ദനം. ഉമയ്യത്തിന്റെ അടിമ ലോകത്തിന്റെ നെറുകയിലേക്ക് കാലുവെച്ചു കയറിയത് അവിടെ നിന്നായിരുന്നു. ‘ബിലാല്‍’, ഇഷ്‌കിന്റെ വക്താക്കളെയും ആത്മീയചക്രവര്‍ത്തിമാരെയും ആനന്ദത്തിന്റെ കൊടുമുടി കയറ്റുന്ന നാമം. ആ നാമം ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുകയാണ്.


ബിലാല്‍, നമ്മള്‍ വായിക്കുന്നത് ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ അടിമ എന്നാണ്. എന്നാല്‍ ഈ മാറിയ കാലത്ത് നമ്മള്‍ മാറ്റിവായിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. ബിലാല്‍, ഇസ്‌ലാം സ്വീകരിച്ച അടിമ മോചിതന്‍ എന്നതിലുപരി അറേബ്യന്‍ ഉപഭൂഖണ്ടത്തിനു പുറത്ത് വംശീയ വേരുകളുള്ള ആദ്യത്തെ മുഹമ്മദീയ അനുചരന്‍ എന്നു മാറ്റിവായിക്കണം. അതെ, ഇസ്‌ലാമിനെ, അതിന്റെ യാഥാര്‍ഥ്യത്തെ, അന്ത്യപ്രവാചകനെ ഉപഭൂഘണ്ഡത്തിന് പുറത്ത് ആദ്യം സ്വീകരിച്ച ഭൂപ്രദേശം അറബികള്‍ക്കു ശേഷം ആഫ്രികയാണ്.


ആഫ്രിക്ക, മുഹമ്മദീയ സന്ദേശം അറേബ്യന്‍ ഉപഭൂഘണ്ഡത്തിന് ശേഷം ഏറ്റെടുത്ത ഭൂപ്രദേശം, ദൈവ സന്ദേശത്തെ അതിന്റെ പരിശുദ്ധിയോടെ സ്വീകരിച്ച പുണ്യഭൂമിക എന്നുതന്നെ നമ്മള്‍ പറയണം. മുസ്‌ലിം ലോകം എവിടെയൊക്കെയോ അവഗണിച്ച കുറയേറെ ചരിത്രശകലങ്ങളുണ്ട്. എന്തുകൊണ്ടെന്ന് നിശ്ചയമില്ലെങ്കിലും മനഃപൂര്‍വമോ അല്ലാതെയോ അതു സംഭവിച്ചിട്ടുണ്ട്. ഒരു സമൂഹം എന്ന നിലക്ക് അതുകൊണ്ടുണ്ടായ ദോഷങ്ങള്‍ അസംഖ്യമാണ്. അക്കൂട്ടത്തില്‍ ഏറെ അവഗണിക്കപ്പെട്ട ഒന്നാണ് ആഫ്രിക്കയിലെ ഇസ്‌ലാമിന്റെ ചരിത്രം. നമ്മുടെ പൊതുവിടങ്ങളില്‍ അത് അപ്രസക്തമായതിന്റെ പശ്ചാത്തലം വിശകലനം ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട ഒരു കാരണമായി മനസ്സിലാവുന്നത് കൊളോണിയല്‍ വിപ്ലവങ്ങളും സാംസ്‌കാരിക അധിനിവേശങ്ങളും നിര്‍മിച്ചെടുത്ത പൊതുബോധനിര്‍മിതിയില്‍ മുസ്‌ലിം സമൂഹവും പങ്കുചേര്‍ന്നു എന്നതുതന്നെയാണ്.


മുസ്‌ലിംലോകം ആഫ്രിക്കന്‍ വംശജരെ പുതുമുസ്‌ലിംകളായോ അല്ലെങ്കില്‍ തൊട്ടുമുന്നിലെ തലമുറ ഇസ്‌ലാമിലേക്ക് കടന്നുവന്നവരായോ ആണ് കാണുന്നതെന്ന് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ പ്രശസ്ത ഇസ്‌ലാമിക് ഗവേഷകന്‍ മുസ്തഫ ബ്രിഗ്‌സ് ഒരിക്കല്‍ വിലയിരുത്തുകയുണ്ടായി എന്നാല്‍ അത്തരമൊരു വിലയിരുത്തല്‍ ശക്തമായ ചരിത്രനിരാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ആദ്യമായി ഒരു മുസ്‌ലിം സംഘം മറ്റൊരു രാജ്യത്തേക്ക് ദീനി മാര്‍ഗത്തില്‍ ഹിജ്റ പോവുന്നത് തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലേക്കാണെന്നതെങ്കിലും ഇത്തരം മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ചിന്തിക്കണം. മുഹമ്മദീയ സമുദായം നിര്‍മിച്ച ആദ്യത്തെ മസ്ജിദ് ആഫ്രിക്കയിലാണോ അറേബ്യയിലാണോ എന്നത് ഇന്നും ചര്‍ച്ചകള്‍ നടക്കുന്ന വിഷയമാണ്. പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍ ഖുബാ മസ്ജിദ് മദീനയില്‍ നിര്‍മിക്കപ്പെടുന്നതിന് മുന്‍പേ തന്നെ സ്വഹാബികള്‍ ഇന്നത്തെ എറിത്രിയയിലെ മസ്സാവയില്‍ മസ്ജിദ് സഹാബ നിര്‍മിച്ചിട്ടുണ്ടെന്ന് അഭിപ്രായമുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ അത്രത്തോളം പാരമ്പര്യം അവകാശപ്പെടുന്നവരോടാണ് പൊതുമുസ്‌ലിം സമൂഹം മുസ്തഫ ബ്രിഗ്‌സ് പറഞ്ഞത് പോലെ പെരുമാറുന്നത്.


ബിലാലി(റ) നെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത ആധുനിക മുസ്‌ലിം സമൂഹം പക്ഷെ, മഹാനായ സ്വാഹാബിയെ ഒരു വംശത്തിന്റെ ഒറ്റപ്പെട്ട പ്രതിനിധിയായാണ് പലപ്പോഴും വിലയിരുത്തുന്നത്. കുറഞ്ഞപക്ഷം ഇസ്‌ലാമിലെ ആദ്യകാല സ്വഹാബി പ്രമുഖരില്‍ ഒരാളും ബിലാലി (റ) ന്റെ സഹോദരനുമായിരുന്ന ഖാലിദ് ബിന്‍ റബഹോ, സഹോദരി അഖ്‌റ ബിന്‍ത് റബഹോ തുടങ്ങിയവര്‍ നമ്മുടെ പൊതുവിടങ്ങളില്‍ ചര്‍ച്ചയാവുന്നില്ല എന്നത് ചരിത്രത്തില്‍ എന്നോ നിര്‍മിക്കപ്പെട്ട നമ്മുടെ വംശീയ പൊതുബോധത്തെ കാണിക്കുന്നു. കൊളോണിയല്‍ സാംസ്‌കാരിക അധിനിവേശത്തെ കുറ്റപ്പെടുത്താമെങ്കിലും ദൈവമാര്‍ഗത്തിന്റെ പതാകവാഹകരില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു തെറ്റാണത്.


അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുന്നവര്‍ സ്വന്തത്തോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധരാണ്. അതില്‍ ഏറ്റവും പ്രധാനം ഈ വിശുദ്ധസന്ദേശം മറ്റുള്ളവരിലേക്ക് കൈമാറുക എന്നതാണ്. പിന്നീടുള്ള സാമൂഹ്യബാധ്യത അധര്‍മത്തിനെതിരായി വ്യവസ്ഥാപിതമായ സാമൂഹിക ക്രമം നിര്‍മിച്ചെടുക്കലാണ്. ഒരുപക്ഷെ ആഫ്രിക്കയിലേക്ക് കടന്നുചെന്നവരില്‍ ആ ജനതയോടുള്ള ബാധ്യതകള്‍ ഏറ്റവും മനോഹരമായും മാന്യമായും നിര്‍വഹിച്ചത് സ്വാഹാബിവര്യരാണ്. അതുകൊണ്ടാണല്ലോ റോമന്‍ ആധിപത്യത്തിലായിരുന്ന ഈജിപ്തിലേക്ക് അംറു ബിന്‍ ആസിന് ഒരു രക്തച്ചൊരിച്ചിലും ഇല്ലാതെ കടന്നുചെല്ലാനും കീഴ്‌പെടുത്താനും കഴിഞ്ഞത്.


ഈജിപ്തില്‍ നിന്ന് തുടങ്ങി വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഒരു മതമായും സംസ്‌കാരമായും കടന്നുപോയ ഇസ്‌ലാം അറ്റ്‌ലാന്റിക്കിന്റെ കരയിലെത്തുമ്പോഴേക്കും ആ ഭൂഘണ്ഡത്തിന്റെ ചൂടും ചൂരും ഉള്‍കൊള്ളുന്ന അവരുടെ സ്വന്തം ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞിരുന്നു. അറ്റ്‌ലസിനെക്കരെയുള്ള പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് ഇസ്‌ലാമുമായി കടന്നുചെല്ലുന്നത് ബര്‍ബറുകളായിരുന്നു. അപ്പോഴേക്കും ഇസ്‌ലാമിന്റെ എല്ലാ വിധത്തിലുള്ള സാംസ്‌കാരികശോഭയും കൈവരിച്ച, സംസ്‌കരിക്ക പ്പെട്ട ഒരു ജനതയായി അവര്‍ മാറിയിരുന്നു. സ്പാനിഷ് വിസിഗോത് ചക്രവര്‍ത്തി റോഡറിക് തന്റെ മകളെ പീഡിപ്പിച്ചതിന് പകരം വീട്ടാന്‍ കൗട്ടയുടെ ഭരണാധികാരി ജൂലിയനാണ് ബര്‍ബര്‍ നേതാവായിരുന്ന ത്വാരിഖ് ബിന്‍ സിയാദിനെ സ്‌പെയിനിലേക്ക് ക്ഷണിക്കുന്നത്. ജാമ്യമായി ജൂലിയന്‍ തന്റെ പെണ്മക്കളെ ത്വാരിഖ് ബിന്‍ സിയാദിന്റെ അടുക്കലേക്ക് അയച്ചതിനെ പറ്റി ഇബ്‌നു അബ്ദ് അല്‍ഹകം രേഖപ്പെടുത്തുന്നുണ്ട്. വിസിഗോത് വംശജനും യൂറോപ്യനുമായിരുന്ന റോഡറിക്കിനെക്കാള്‍ മാന്യനായി യൂറോപ്യനായിരുന്ന ജൂലിയന്‍ വിശ്വസിച്ചിരുന്നത് എട്ടാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ ബര്‍ബറായിരുന്ന താരിഖ് ബിന്‍ സിയാദിനെയായിരുന്നു.
അത്രത്തോളം ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച, സംസ്‌കരിക്കപ്പെട്ട ഒരു ജനതയായിരുന്നു അവര്‍. എന്നാല്‍ പാശ്ചാത്യ ചരിത്രകാരന്മാര്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ചരിത്രത്തില്‍ യൂറോപ്പിനെ ആക്രമിച്ച ഒരു ആക്രമിസംഘമായാണ് ബര്‍ബറുകളെ വിലയിരുത്തുന്നത്. ആദ്യകാല മുസ്‌ലിം ചരിത്രകാരന്മാര്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും പാശ്ചാത്യവത്കരിക്കപ്പെട്ട ആധുനിക മുസ്‌ലിം സമൂഹം അതിനെ പ്രതിരോധിക്കുന്നതില്‍ പുറകോട്ടുപോവുകയായിരുന്നു. ഫലമോ, ആക്രമികളായി കടന്നുവന്ന ഒരു ജനതയെന്ന നിലയില്‍ സ്‌പെയിനിലെ ന്യൂനപക്ഷമായ മൂറുകള്‍ അപരവത്കരിക്കപ്പെട്ടു. ഇന്ന് പടിഞ്ഞാറെ യൂറോപ്പില്‍ ദഅവ സംഘങ്ങളിലൂടെ ഇസ്‌ലാം വേരുപിടിക്കാന്‍ തുടങ്ങിയപ്പോഴും ഈ പ്രകാശം ആദ്യം അവരില്‍ എത്തിച്ചിരുന്നവര്‍ അപരരായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
മതം എന്ന നിലയിലും സംസ്‌കാരം എന്ന നിലയിലുമുള്ള അവരുടെ സംഭാവനകളും ഈ അപരവത്കരണത്തില്‍ ഇല്ലാതായി എന്നതാണ് സത്യം. ചുരുക്കം ചില യൂറോപ്യന്‍ ചരിത്രകാരന്മാര്‍ അവരുടെ സംഭാവനകള്‍ വിലയിരുത്തുന്നുണ്ട്. തോമസ് ആര്‍ണോള്‍ഡും ഈകിന്‍സും റോബര്‍ട്ട് ബ്രിഫാള്‍ട്ടുമൊക്കെ ഈ വിഷയത്തില്‍ ഒരു വംശം എന്ന നിലയില്‍ ആഫ്രിക്കന്‍ ജനതയെ അംഗീകരിച്ചവരാണ്. നവോത്ഥാനത്തിന്റെ തീപ്പന്തം കൊളുത്തിയത് ബര്‍ബറുകളാണെന്നതാണ് ആര്‍ണോള്‍ഡിന്റെ പക്ഷം. എന്നാല്‍ ഹെഗലിനെ പോലുള്ള ചിന്തകര്‍ നവോഥാനത്തിന്റെ പിതൃത്വം ഇസ്‌ലാമിന് കല്‍പിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ആഫ്രിക്കന്‍ ജനതക്ക് നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ല, മറിച്ച് അറേബ്യന്‍ വെറുക്കള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

പക്ഷെ, ഇതൊക്കെയും പശ്ചാത്യരുടെ വിഷയമാണ്. ഏകദൈവത്തിലും ആദമെന്ന ഏക പിതൃത്വത്തിലും വിശ്വസിക്കുന്ന മുസ്‌ലിം ജനസാമാനത്തിന്റെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ് ഈ അവഗണന. എവിടെയൊക്കെയോ പാശ്ചാത്യനാല്‍ പഠിപ്പിക്കപ്പെട്ട ആധുനിക മുസ്‌ലിം സമൂഹം പക്ഷെ, ഈ വിഷയത്തില്‍ പിറകോട്ടു പോയി. നമ്മുടെ പാഠ്യസംസ്‌കാരം തന്നെയാണ് ഒന്നാം പ്രതി. വിദ്യാഭ്യാസമാണ് പാസ്‌പോര്‍ട്ട് എന്ന് പറഞ്ഞിരുന്ന മഹാനായ ആഫ്രോ അമേരിക്കന്‍ നേതാവ് മാല്‍ക്കം തന്നെ ആ വിദ്യാഭ്യാസം ഒരിക്കലും നമ്മുടെ മക്കള്‍ക്ക് ശത്രുവിന്റെ പള്ളിക്കൂടത്തില്‍ വെച്ച് നല്‍കരുതെന്ന് പറയുന്നുണ്ട്. ഇവിടെ പാശ്ചാത്യ പഠനമാര്‍ഗങ്ങളെ പൂര്‍ണമായും നിരാകരിക്കുകയല്ല. യൂറോപ്യന്‍ നവോഥാന സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മുസ്‌ലിം ലോകത്തിന് അതിനെ പൂര്‍ണമായും അവഗണിക്കാന്‍ ആവുകയുമില്ല. പക്ഷെ, നമ്മുടെ മുന്‍ഗാമികള്‍ പഠിപ്പിച്ചിരുന്ന സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ നിന്ന് ഒരിക്കലും പിറകോട്ടു പോവരുത്.


കറുത്തവനാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും, അവനെ നിങ്ങള്‍ സയ്യിദ് എന്ന് വിളിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമൂഹം അന്നത് ഏറ്റെടുത്തിരുന്നു. എത്രത്തോളമെന്നാല്‍ കൊര്‍ദോവ എമിറേറ്റ്‌സിന്റെ ആദ്യത്തെ ഭരണാധികാരിയും ഖുറൈശിയുമായിരുന്ന അബ്ദുറഹ്മാന്‍ ഒന്നാമന്റെ മാതാവ് റാഹ ഒരു ആഫ്രിക്കന്‍ ബര്‍ബര്‍ സ്ത്രീയായിരുന്നു. പിന്നീടും ആഫ്രിക്കന്‍ വംശജരല്ലാത്ത പല മുസ്‌ലിം ജനസമൂഹങ്ങളും ആഫ്രിക്കന്‍ വംശജരായിരുന്ന ഭരണാധികാരികള്‍ക്ക് കീഴില്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. ജാതീയതയില്‍ ഭ്രമിച്ചിരുന്ന ഹിന്ദുസ്താനില്‍ പോലും ആഫ്രിക്കന്‍ പ്രഭുക്കന്മാരുണ്ടായിരുന്നു. തുര്‍ക്കികള്‍ സ്ഥാപിച്ച ഡെക്കാന്‍ സാമ്രാജ്യമായ ബീജാപൂരില്‍ ഹബ്ശികളായ ആഫ്രിക്കക്കാരായിരുന്നു ഭരണ വര്‍ഗം. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഏറ്റവും വലിയ ശത്രുവായി അറിയപ്പെട്ടിരുന്ന ഡെക്കാന്‍ വീര നായകന്‍ മാലിക് അമ്പര്‍ മോചിതനായ ഒരു ഹബ്ശി അടിമയായിരുന്നു. മറാത്ത ചക്രവര്‍ത്തി ശിവാജിയുടെ പിതാവ് ഷഹാജി അമ്പറിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. താഴ്ന്ന ജാതിക്കാരന്‍ കഴുത്തില്‍ മണി തൂക്കി നടക്കേണ്ടിയിരുന്ന കാലത്ത് മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകന്റെ പിതാവ് ഒരു ആഫ്രിക്കന്‍ വംശജന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നതും ആ ശിഷ്യത്വത്തില്‍ ശിവജി അഭിമാനിച്ചിരുന്നതും ഇസ്‌ലാമിക സംസ്‌കാരത്തിന് ശിവജിയിലുണ്ടായിരുന്ന സ്വാധീനത്താലായിരുന്നു. ‘തുര്‍ക്കി സുല്‍ത്താന്‍ ആഫ്രിക്കന്‍ തെരുവില്‍ നിന്ന് വാങ്ങിയ കാപ്പിരി മുസ്‌ലിമാണെങ്കില്‍ നാളെ സുല്‍ത്താന്റെ മകളെ വിവാഹം ചെയ്‌തേക്കാം’, അത്രയും മഹത്തായ സാഹോദര്യക്രമമാണ് മുഹമ്മദ് നബി അദ്ദേഹത്തിന്റെ അനുചരര്‍ക്ക് പഠിപ്പിച്ചതെന്ന് പ്രഖ്യാപിക്കാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചതും ഈ സ്വാധീനമാണ്.


സാമൂഹികമായ ചരിത്രനിരാസത്തിനെതിരിലുള്ള ഒരു വിമര്‍ശന പഠനമെന്ന നിലക്ക് ഇതയൊക്കെ പറഞ്ഞാലും കറുപ്പും വെളുപ്പും ഇഴകലര്‍ന്നുള്ള മനുഷ്യവംശത്തില്‍ സാഹോദര്യം മുറുകെ പിടിക്കുന്ന കാര്യത്തില്‍ മറ്റേത് ജനവിഭാഗത്തേക്കാളും ഇന്നും മുസ്‌ലിം സമൂഹം തന്നെയാണ് മുന്‍പില്‍. പക്ഷെ, ആ തുല്യതയും സാഹോദര്യവും ചില സമയങ്ങളിലെങ്കിലും ചിലര്‍ക്കെങ്കിലും ഒരു ഔദാര്യമായി തോന്നാറുണ്ട്. അങ്ങനെ ഒരാള്‍ക്കും ഒരൗദാര്യവും നല്‍കാന്‍ ഒരു വംശത്തിനും ആവില്ലെന്ന് ബോധ്യപ്പെടുന്നിടത്താണ് സര്‍വ്വമേഖലകളിലും തുല്യതയും സാഹോദര്യവും കടന്നു വരികയുള്ളൂ.

ഇസ്മാഈല്‍ ഇബ്രാഹീം

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Solverwp- WordPress Theme and Plugin