Thelicham

കഫെ സകാഫത്ത്: കൊറോണക്കാലത്തെ സൂഫീ സംഗീത പൈതൃകം

കൊറോണക്കാലത്ത് ഫേസ്ബുക്ക് ലൈവിലൂടെയും യുട്യൂബ് വഴിയും പ്രചാരം നേടിയ സോഷ്യല്‍ മീഡിയയിലെ പുതിയ സാംസ്‌കാരിക പരിപാടിയാണ് കഫെ സഖാഫത്ത്. 2020 നവംബറില്‍ കറാച്ചിയില്‍ ആരംഭിച്ച കഫെ സഖാഫത്ത് തല്‍സമയ സംപ്രേക്ഷണ സംരംഭം സിന്ധ് സാംസ്‌കാരിക-ടൂറിസം-പുരാവസ്തു വകുപ്പാണ് ലോഞ്ച് ചെയ്തത്. ലൈവ് സ്ട്രീം ചെയ്ത പരിപാടിയിലൂടെ നാടോടി, ജനപ്രിയം, ക്ലാസിക്, സാംസ്‌കാരികം, സൂഫി സംഗീതം തുടങ്ങിയ മേഖലകളിലെ നിരവധി കലാകാരന്മാര്‍ ഇതിലേക്ക് ക്ഷണിക്കപ്പെട്ടു. ഏകദേശം ഒരു വര്‍ഷത്തോളമായി കോവിഡ് ദൈനംദിന സാമൂഹിക ജീവിതത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നത് മുതല്‍ വ്യക്തിഗതവും സാമൂഹികവുമായ ഒത്തുചേരലുകള്‍, സംഗീത കലാപരിപാടികള്‍ എന്നിവ അടക്കം എല്ലാ വിധ സാമൂഹിക സാമ്പത്തിക മേഖലയെയും ലോക്ക്‌ഡോണ്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. പിഎച്ച്ഡി ഗവേഷണ പദ്ധതിയുടെ ഭാഗമായി നരവംശശാസ്ത്രം, വര്‍ഗ്ഗസംഗീത ശാസ്ത്രം, സാംസ്‌കാരിക, പൈതൃക പഠനങ്ങള്‍ എന്നിവക്കായി ഞാന്‍ പാകിസ്താനിലെ സിന്ധ് മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടത്. അപ്പോഴാണ് സമൂഹത്തില്‍ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സംഗീതജ്ഞരുടെ ആശങ്കകള്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രത്യേകിച്ച് സൂഫി സത്രങ്ങളിലും ഉത്സവങ്ങളിലും നടക്കുന്ന പൊതുപരിപാടികളെ മാത്രം ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന സംഗീതജ്ഞര്‍. ഈ അവസരത്തിലാണ് സിന്ധിലെ കലാ പരിശീലനത്തെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കൊറോണക്കാലത്ത് ഒറ്റപ്പെട്ട പൊതുജനങ്ങള്‍ക്ക് ആശ്വാസമായും സിന്ധ് സാംസ്‌കാരിക വകുപ്പ് കഫെ സകാഫത്ത് ആരംഭിക്കുന്നത്.

കഫെ സഖാഫത്ത് (സാംസ്‌കാരിക കഫെ) ഇന്തോ-പാകിസ്ഥാന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. സൂഫീ മഠങ്ങളും ആഘോഷങ്ങളുമൊക്കെ ആണ്‍-പെണ്‍ ഭേദമന്യേ ടൂറിസ്റ്റുകളും വിശ്വാസികളും സന്ദര്‍ശിക്കുന്ന പൊതു ഇടങ്ങളാണ്. അതുപോലെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂഫി മഠങ്ങളാണ് നൂറ്റാണ്ടുകളായി സാംസ്‌കാരിക സംഗീതകലയുടെ തനിമയെ നിലനിര്‍ത്തുന്നതും. സൂഫീ മഠങ്ങളുടെ രക്ഷാധികാരികള്‍, പൊതുജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയോടെ സൂഫികള്‍ കവിതയുടെയും സാംസ്‌കാരിക സംഗീതത്തിന്റെയും രൂപത്തില്‍ വിശുദ്ധ പാരമ്പര്യത്തെ തുടര്‍ന്നും കൈമാറിപ്പോന്നു. ഇന്ത്യയിലെ സൂഫി മഠങ്ങള്‍ ദൈനംദിന, പ്രതിവാര, ദ്വൈവാര, പ്രതിമാസ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടുന്ന കലാ കേന്ദ്രങ്ങളാണ്. അതിനുപുറമേ വിശ്വാസികളും സൂഫി സംഗീതവും ചിന്തയും ഇഷ്ടപ്പെടുന്ന ചിന്താഗതിക്കാരും പങ്കെടുക്കുന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ വാര്‍ഷിക സൂഫി ഉത്സവങ്ങള്‍ ഒരു ജനപ്രിയ സാംസ്‌കാരിക പൊതുഇടം രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ട്.

സൂഫീ-പ്രഭാഷണങ്ങളും കലാ പരിപാടികളും സിന്ധിലെ മുസ്ലിം സ്വത്വത്തിന്റെ ഘടകങ്ങളാണ്. ഇസ്ലാമിക പ്രഭാഷണ പരിജ്ഞാനവും പുരോഗമന രാഷ്ട്രീയ സങ്കല്‍പ്പങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് ഏറെ പ്രസക്തമാവുന്നു. വില്യം സി തന്റെ എത്നോമുസിക്കോളജീ (വര്‍ഗ്ഗ-സംഗീത ശാസ്ത്രം) കൃതികളില്‍ സംഗീതത്തിന്റെ വിപണനവല്‍ക്കരണത്തിലുണ്ടാവുന്ന പ്രശ്നങ്ങളും സംഗീതത്തിന്റെ സാംസ്‌കാരിക പ്രസക്തിയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍, കഫെ സകഫത്ത്, സിന്ധ് സാംസ്‌കാരിക വകുപ്പ് നടത്തുന്ന ഒരു പുതിയ മുന്‍നിര ലൈവ്‌സ്ട്രീം സംഗീത പരിപാടി എന്ന നിലയില്‍ കൊറോണകാലത്തെ സിന്ധി സംഗീതത്തിന്റെ സാംസ്‌കാരിക പ്രസക്തിയെ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ ഭയാനകമായ സാഹചര്യത്തില്‍, ഒറ്റപ്പെടല്‍, സാമൂഹിക അകലം, അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സജീവമായ ഒരു മാര്‍ഗ്ഗമായി പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും കലയും സംഗീതവും രംഗപ്രവേശനം ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, പാകിസ്ഥാനിലെ ലോക്ക്ഡൗണ്‍ സമയത്ത്, സിന്ധിലെ വിവിധ സിവില്‍ സൊസൈറ്റികളും, അഭിനേതാക്കളും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കടന്നു വരികയും ഓണ്‍ലൈന്‍ സ്ട്രീം ചെയ്ത പരിപാടികള്‍, സംഗീത നിര്‍മ്മാണ സെഷനുകള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ജൂലൈയില്‍ ‘സെയ്ഫ് സമെജോ’ തന്റെ കീഴിലെ ലാഹൂട്ടി ലൈവ് സെഷനില്‍ വനിതാ സൂഫി നാടോടി കലാകാരി മാര്‍വല്‍ മുര്‍ക്കിനെ വെച്ച് സിന്ധി-മാര്‍വാരി ഭാഷാ ഫ്യൂഷന്‍ മ്യൂസിക് വീഡിയോ പുറത്തിറക്കുകയും ചെയ്തു. ”വബാഉന്ന് ജെ സമാനെ മേന്‍ (വ്യാധിയുടെ കാലഘട്ടത്തില്‍)”എന്ന് തുടങ്ങുന്ന വരികള്‍ കവിയും എഴുത്തുകാരനും പ്രവിശ്യാ സിന്ധ് സാംസ്‌കാരിക, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രിയുമായ സര്‍ദാര്‍ ഷായും മാര്‍വല്‍ മുര്‍ക്കും സംയുക്തമായി രചിച്ചതാണ്. പ്രണയ ജീവിതങ്ങളെ സാരമായി ബാധിച്ച പകര്‍ച്ചവ്യാധിയുടെ പ്രയാസകരമായ സന്ദര്‍ഭങ്ങളിലെ മനുഷ്യന്റെ വികാരങ്ങളെയും അവസ്ഥയെയും പാട്ടിലെ വരികള്‍ പ്രകടിപ്പിക്കുന്നു. ചുവടെയുള്ള വാചകം ഗാനത്തിന്റെ പ്രാരംഭ ചരണത്തെ പ്രതിനിധീകരിക്കുന്നു.

പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ നാം ഏറെ പ്രയാസപ്പെടുമ്പോള്‍..
നിങ്ങളുടെ കൈ പിടിക്കാതെ ഒരാള്‍ ഹൃദയത്തിന്റെ നനഞ്ഞ മണ്ണില്‍ ചവിട്ടുന്നത് എങ്ങനെ
പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ പ്രണയത്തിന്റെ തീരം വളരെ അകലെയാണ്
ആരാധനാലയങ്ങളിലേക്ക് ഞാന്‍ എന്റെ നേര്‍ച്ച, വഴിപാടുകള്‍ നടത്തുന്നു, എന്റെ സ്‌നേഹിതരെ, നിങ്ങളെ കാണാന്‍ പ്രാര്‍ത്ഥിക്കുന്നു

കഫെ സകാഫത്തിന്റെ സാംസ്‌കാരികമായ ഇടം സാമൂഹിക-രാഷ്ട്രീയമായി ഏര്‍പ്പെട്ടിരിക്കുന്ന കലയുടെയും കലാപരിശീലനത്തിന്റെയും ആശയം പ്രകടമാക്കുന്നു. സിന്ധിലെ ഇന്റലിജന്റ്സ് നടപ്പാക്കിയ പുരോഗമന-വിമര്‍ശനാത്മക കലയുടെയും സൂഫി സംഗീത പൈതൃകത്തിന്റെയും സാംസ്‌കാരിക പ്രക്ഷേപണം, പ്രചരണം എന്നിവ ഇത് വെളിപ്പെടുത്തുന്നു.

സിന്ധി സംഗീതത്തിലെ വിവിധ കലാകാരന്മാരെയും കലാസംഘങ്ങളെയും ക്ഷണിക്കുന്നതിനും അവരുമായി ഇടപഴകുന്നതിനുമായാണ് കഫെ സകാഫത്ത് ലൈവ്‌സ്ട്രീം സംരംഭം ആരംഭിച്ചത്. സംഗീതത്തിനുപുറമെ, സാഹിത്യം, ചലച്ചിത്രം, ടിവി, റേഡിയോ എന്നീ മേഖലകളിലെ ജനപ്രിയ ജീവിത ഇതിഹാസങ്ങളും കഫെ സകഫത്തിലേക്ക് ക്ഷണിക്കപ്പെടുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാല കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തില്‍ സിന്ധിലെ പുരോഗമന ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിച്ച ഒരു സാംസ്‌കാരിക ഇടവും ‘പുതിയ ഭാവനയുടെ സൃഷ്ടിയുമായി കഫെ സകഫത്ത് വിലയിരുത്തപ്പെട്ടിരിക്കുന്നു. കലയോടും സംഗീതസ്നേഹത്തോടും സഹിഷ്ണുത പുലര്‍ത്തുന്ന ബഹുസ്വരതയുടെ സിന്ധി സൂഫി സ്വത്വത്തിലൂടെ കഫെ സകാഫത്ത് മുസ്ലിം സമൂഹങ്ങള്‍ക്കുള്ളിലെ കലയുടെ സാന്നിധ്യവും സ്ഥാനവും വ്യക്തമാക്കുന്നു.

2020 നവംബര്‍ 05 ന് കഫേ സകഫത്തിന്റെ ആദ്യ പരിപാടി പ്രശസ്ത സിന്ധി ഭാഷാ കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ഇംദാദ് ഹുസൈനി നിര്‍വ്വഹിച്ചു. അതിനുശേഷം, കഫെ സകാഫത്ത് പ്രതിവാര സായാഹ്നങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാകാരന്മാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍ എന്നിവരുടെ സഹകരണത്തോടെ വളരുന്നു. നവംബര്‍ 26 ന് കഫേ സകഫത്തിലെ തുടര്‍ച്ചയായ മൂന്നാമത്തെ പരിപാടിയായി സിന്ധിലെ പ്രശസ്ത സൂഫി ഗായകനായ ഉസ്താദ് ഷാഫി ഫക്കീറിന്റെ പ്രകടനം തത്സമയം സംപ്രേഷണം ചെയ്തു. സിന്ധിലെ പുരോഗമന കവിയും ടിവി അവതാരകനുമായ ബക്ഷാന്‍ മെഹ്റാന്‍വിയും പരിപാടി അവതരിപ്പിച്ചു. പാരമ്പര്യമായി സംഗീതജ്ഞരുടെ കുടുംബത്തില്‍ നിന്നുള്ള ഉസ്താദ് ഷാഫി ഫക്കീര്‍ സിന്ധിലെ വിവിധ സൂഫിമടങ്ങളിലും സാഹിത്യോത്സവങ്ങളിലും സൂഫി കലാപാരമ്പര്യം കൈമാറ്റം ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും പതിനെട്ടാം നൂറ്റാണ്ടിലെ സൂഫി രക്തസാക്ഷിയായ ഷഹീദ് സൂഫി ഷാ ഇനയാത്തിന്റെ സൂഫീമടവുമായാണ് അദ്ദേഹം കൂടുതല്‍ ബന്ധപ്പെടാറുള്ളത്. കഫെ സകഫത്ത് പരിപാടിയില്‍ ക്ഷണിക്കപ്പെടുന്ന കലാകാരനുമായി ആദ്യം അഭിമുഖം തുടര്‍ന്ന് സംഗീത പ്രകടനവും നടക്കുന്നു.ഇതോടൊപ്പം പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങളും ആരാധകരുടെ വീഡിയോ കോളുകളും ഉള്‍പ്പെടുത്തി ഓണ്‍ലൈനില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള സിന്ധി പ്രവാസികള്‍ ഉള്‍പ്പെടുന്ന കാഴ്ചക്കാരുടെ പേരുകളും അവരുടെ വാചക സന്ദേശങ്ങളും വായിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരിപാടി കൂടുതല്‍ ജനപ്രിയമാക്കുന്നു.

2021 ജനുവരി 21 ന് സിന്ധിലെ പ്രശസ്ത, ജനപ്രിയ നാടോടി സൂഫി ഗായകനായ മഞ്ജി ഫക്കീറിനൊപ്പം കഫെ സകഫത്ത് ഒരു സംഗീത പരിപാടി അവതരിപ്പിച്ചു. എഴുത്തുകാരനും കവിയും റേഡിയോ ബ്രോഡ്കാസ്റ്ററും ടിവി ഹോസ്റ്റുമായ യാസിര്‍ കാസി മഞ്ജി ഫക്കീറിനൊപ്പം പരിപാടി മോഡറേറ്റ് ചെയ്തു. ഇരുപത് വര്‍ഷത്തിലേറെയായി സിന്ധിലെ ജനപ്രിയ സൂഫി പരിപാടികളില്‍ പ്രാധാന്യം നേടിയ വ്യക്തിത്തമാണ് മഞ്ജി ഫക്കീര്‍. സിന്ധില്‍ അദ്ദേഹത്തിന്റെ വിമത സൂഫി വിഭാഗം സൂഫി ചെറുത്തുനില്‍പ്പിന്റെ ആശയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ബഹുസ്വരതയും മുസ്ലിം സ്വത്വവും യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ജനപ്രിയ സൂഫി കലാപരിപാടികള്‍ക്ക് പുരോഗമന മതേതര രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും, മോഡേണിസ്റ്റ് യുവാക്കള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമിടയില്‍ നല്ല സ്വാധീനമുണ്ട്.

സിന്ധ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ ഓണ്‍ലൈന്‍ സ്ട്രീം (കഫെ സകഫത്ത്) പ്രോഗ്രാമിലേക്ക് ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്, അതില്‍ ഓരോ ആഴ്ചയും വ്യത്യസ്ത കലാകാരന്മാര്‍, ഗായകര്‍, അഭിനേതാക്കള്‍, പ്രക്ഷേപകര്‍, കവികള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ ക്ഷണിക്കപ്പെടുന്നു. സമൂഹത്തിലെ കലാമികവ് കൊണ്ട് സംഭാവന അര്‍പ്പിക്കുന്നവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു. സിന്ധിലെ മണ്ണ് തസവ്വൂഫിന്റെ (സൂഫിസം) മണ്ണാണ്, ഈ മണ്ണ് തസവ്വൂഫിന്റെ സുഗന്ധം കൊണ്ട് നിര്‍മ്മിച്ചതാണ്, മാത്രമല്ല അതിന്റെ ആത്മാവിലും അസ്തിത്വത്തിലും ഉള്ള ഓരോ വ്യക്തിയും ഒരു സൂഫിയാണ്. തസവ്വൂഫ് നമ്മുടെ മതത്തിന്റെ ഘടകമാണെന്നും പ്രപഞ്ചത്തില്‍ ഞങ്ങള്‍ ആരോടും വിദ്വേഷം പ്രകടിപ്പിക്കുന്നില്ല എന്നതിനും ദൈവം സാക്ഷിയാണ്.നമ്മുടെ മതം എന്നും സ്‌നേഹത്തിന്റേതാണ്. . സിന്ധിലെ മണ്ണില്‍ നിന്നുള്ള ആളുകള്‍ക്ക് മനുഷ്യരോടുള്ള ബഹുമാനത്തില്‍ വിശ്വാസമുണ്ടായിരിക്കണം, മാത്രമല്ല മനുഷ്യരില്‍ സ്രഷ്ടാവിന്റെ വൈവിദ്ധ്യത്തെ കണ്ടെത്തുകയും വേണം,

മഞ്ജി ഫക്കീറിനെയും അദ്ദേഹത്തിന്റെ സൂഫി ഭാവത്തെയും പരിചയപ്പെടുത്തിയുള്ള യാസിര്‍ കാസിയുടെ വീക്ഷണങ്ങള്‍ ഇങ്ങനെയാണ്:
”ഇന്ന് ഞങ്ങളുടെ അതിഥി ഒരു രാഗി (ഗായകന്‍) മാത്രമല്ല, അദ്ദേഹത്തിന്റെ രാഗം ഒരു സംഗീതമോ ആലാപനമോ അവതരിപ്പിക്കുക മാത്രമല്ല. അദ്ദേഹത്തിന്റെ സൂഫി പ്രകടനം പണം സമ്പാദിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല, പക്ഷേ സിന്ധിലെ മണ്ണിന്റെ സുഗന്ധത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. മാനവികതയുടെ അന്തസ്സിന്റെ പ്രതീകമാണ്. മനുഷ്യന് സ്‌നേഹത്തിന്റെ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നുനല്‍കുന്നു. സിന്ധിലെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും യാത്രചെയ്യുന്നു, ആരാധനാലയങ്ങളില്‍ പോയി അധ്യാപനം നടത്തുന്നു. തസ്വൂഫിന്റെ സന്ദേശം കൈമാറുന്നു. അദ്ദേഹത്തിന്റെ സൂഫിസത്തിന് നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാനുള്ള ശക്തിയുണ്ട്. അദ്ദേഹം സംഗീതത്തിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നു. ‘

താന്‍ ചെറുപ്പത്തില്‍ത്തന്നെ സൂഫിസത്തിലേക്ക് കടന്നുവന്നയാളായിരുന്നുവെന്ന് മഞ്ജി ഫക്കീര്‍ കഫെ സകാഫത്തിലെ ആതിഥേയനുമായി പങ്കുവെക്കുന്നു, അദ്ദേഹം മതകാവ്യങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ക്രമേണ സൂഫി കവിത, ആലാപനം, വൈവിധ്യമാര്‍ന്ന സൂഫി ശൈലികള്‍ എന്നിവയില്‍ ആകൃഷ്ടനായി. സൂഫികളുമായുള്ള സൂഫി ധ്യാന സമ്മേളനങ്ങളില്‍ പങ്കെടുത്തത് സൂഫി അവബോധത്തിലേക്കും വൈവിധ്യമാര്‍ന്ന സ്വഭാവത്തിലേക്കും പ്രചോദനം നല്‍കിയെന്ന് മഞ്ജി ഫക്കീര്‍ അനുസ്മരിക്കുന്നു. കഫെ സകഫത്തില്‍, മഞ്ജി ഫക്കീര്‍ തന്റെ ബഹുസ്വരവും സമഗ്രവും സമാധാനസ്‌നേഹത്തിന്റെ തുമായ സൂഫിവീക്ഷണം വിശദീകരിച്ചു, എല്ലാ മനുഷ്യരോടും മതങ്ങളോടുമുള്ള സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ധാര്‍മ്മികതയായി മഞ്ജി ഫക്കീര്‍ സൂഫിസത്തെ അടയാളപ്പെടുത്തുന്നു.എല്ലാ മനുഷ്യര്‍ക്കും സഹാനുഭൂതിയുടെയും സമാധാനത്തിന്റെയും ധാര്‍മ്മികതയാണ് സൂഫിസം.

അഥവാ ഇഷ്ഖ് അല്ലെങ്കില്‍ സ്‌നേഹം ഇസ്ലാമിന്റെ സൂഫി പാരമ്പര്യത്തിന്റെ അടിസ്ഥാനമാണ്. ഇസ്ലാമിന്റെ ചരിത്രത്തിലും ജനപ്രിയ സൂഫി സാഹിത്യങ്ങളിലും, സൂഫികളെ സമൂലപ്രേമികളും പ്രണയത്തിന്റെ രക്തസാക്ഷികളുമാക്കി ചിത്രീകരിക്കുന്നു. (Schimmel 1975, Safi 2018)കൂടാതെ, സൂഫി തത്ത്വചിന്തയിലെ സാഹിത്യ വ്യവഹാരങ്ങളുടെ അടിസ്ഥാനം എന്ന ആശയത്തില്‍, വാട്ട് ഈസ് ഇസ്ലാം (2016) എന്ന ഷഹാബ് അഹമ്മദിന്റെ രചനയില്‍ പരാമര്‍ശിക്കുന്നത് : മദ്ഹബീ-ഇ ഇഷ്‌ക് എന്ന സൗന്ദര്യാത്മകമായ ആശയമാണ്.

ദൈവത്തോടൊപ്പമുള്ള ഒരു രീതി, ദൈവിക സത്യത്തെ അതിന്റെ മൂല്യങ്ങളോടും അര്‍ത്ഥത്തോടും കൂടി തിരിച്ചറിയുക, അനുഭവിക്കുക, ജീവിക്കുക”. മദ്ഹബേ- ഇഷ്‌ക്കിന്റെ ആശയപരമായ പ്രയോഗത്തില്‍, ഷഹാബ് അഹമ്മദ് തന്റെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നത് അങ്ങനെയാണ്, സ്‌നേഹത്തിന്റെ അടിസ്ഥാന ആശയം ഉയര്‍ന്ന മൂല്യങ്ങളും സത്യവും സാക്ഷാത്കരിക്കാനും കൈവരിക്കാനും നിര്‍ദ്ദേശിക്കുന്നുവെന്നും ”ഇത് അറിയുന്നതിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും അര്‍ത്ഥമുണ്ടാക്കുന്നതിന്റെയും രീതിയായി പ്രവര്‍ത്തിക്കുന്നു” എന്നാണ്. മദ്ഹബേ- ഇഷ്‌ക് ന്റെ മൂല്യമേറിയ അര്‍ത്ഥസങ്കല്‍പ്പത്തില്‍ നിന്നും നോക്കിയാല്‍ എല്ലാ മതങ്ങളോടും ബഹുമാനവും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കാനും മാനുഷികഐക്യം സ്ഥാപിക്കാനും ചുമതലയുള്ള സ്‌നേഹത്തിന്റെ മതമാണ് സൂഫിസം എന്ന് വ്യക്തമാകും.

കൊറോണ വൈറസിന്റെ അനിശ്ചിത കാലഘട്ടത്തില്‍, കഫെ സകാഫത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീം ചെയ്ത സംഗീത വേദി ഏറെ പ്രതീക്ഷയും സന്തോഷവും സൃഷ്ടിക്കുകയും കാഴ്ചകളുടെയും അറിവിന്റെയും ബഹുത്വം കൈമാറുകയും ചെയ്യുന്നു. കഫെ സകാഫത്തില്‍, സൂഫി സന്ദേശവും സമാധാനം സ്ഥാപിക്കാനുള്ളപ്രത്യാശയും ഉള്‍ക്കൊള്ളുന്ന ഒരു ഗാനത്തിലൂടെ മഞ്ജി ഫക്കീര്‍ തന്റെ പരിപാടി അവസാനിപ്പിച്ചു. ഗാനത്തിലെ സന്ദേശം ഇങ്ങനെയാണ്:

”യുദ്ധമല്ല.. സ്‌നേഹവും, അനുകമ്പയും, സാഹോദര്യവും സ്ഥാപിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, സൂഫികളാണെന്ന് ഞങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്നു”


ഭയം, ഉത്കണ്ഠ, അനിശ്ചിതത്വം,ഐക്യം, ഉള്‍പ്പെടുത്തല്‍, ബഹുസ്വരത, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ സ്ഥാപിക്കുന്നതിനുള്ള സൂഫി സന്ദേശം കഫെ സകാഫത്ത് കൈമാറുന്നുണ്ട്.

വിവ: മുഹ്‌സിന്‍ കാടാച്ചിറ

റാഫിഖ് വസ്സാന്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.