Thelicham

ഇന്ത്യന്‍ രാഷ്ട്രീയം സത്യാനന്തരയുഗത്തില്‍

രാഷ്ട്രസംബന്ധിയായ ഏതു പ്രവര്‍ത്തനവും രാഷ്ട്രീയമാണ്. സഹകരണവും സംഘര്‍ഷവും രാഷ്ട്രീയത്തിന്റെ നാനാര്‍ത്ഥങ്ങളാണ്. ആധുനിക രാഷ്ട്രീയം വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയം എന്നത് കേവലം തിരഞ്ഞെടുപ്പ് പങ്കാളിത്തവും, പ്രചരണങ്ങളും, കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാത്രമല്ല, ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ പോലും രാഷ്ട്രീയമാണ്. (പേര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍) രാഷ്ട്രീയമെന്നാല്‍ വഞ്ചനയുടേയും കാപട്യത്തിന്റെയും തത്വശാസ്ത്രമാണെന്ന സങ്കല്‍പവുമുണ്ട്. സത്യാനന്തര കാലത്തെ രാഷ്ട്രീയം അതിന്റെ പൈതൃകം കണ്ടെത്തുന്നത് അവിടെയാകാം.

സത്യാനന്തര കാലം

ഇരുപതാം നൂറ്റാണ്ടില്‍ നിരവധി സാമൂഹ്യസിദ്ധാന്തങ്ങള്‍ വളര്‍ച്ചക്കും വികാസപരിണാമങ്ങള്‍ക്കും വിധേയമാവുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി സാമൂഹ്യസിദ്ധാന്തങ്ങളുടെ അനന്തരകാലമെന്നും അറിയപ്പെടുന്നു. ഉത്തരാധുനികതയും, പോസ്റ്റ് സ്ട്രക്ച്ചറലിസവും അതിന് ഉദാഹരണങ്ങളാണ്. ഇതേ പാരമ്പര്യത്തില്‍ നിന്നും കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വികസിച്ചുവന്ന ആശയമാണ് ‘പോസ്റ്റ് ട്രൂത്ത്’ (സത്യാനന്തര വാദം). രാഷ്ട്രീയം എന്നത് നുണകളിലൂടെയും തന്ത്രങ്ങളിലൂടെയും നിലനില്‍ക്കുന്ന ഒന്നാണ് എന്ന സങ്കല്‍പ്പം പുരാതനകാലം മൂതലേയുണ്ട്. എന്നാല്‍ അമ്പരപ്പിക്കുന്ന കടുത്ത കള്ളസത്യങ്ങളിലൂടെ (നുണകളിലൂടെ) സാധ്യമായിരിക്കുന്ന രാഷ്ട്രീയത്തെയാണ് ‘സത്യാനന്തരകാല രാഷ്ട്രീയം’ എന്ന് വിളിക്കുന്നത്. വസ്തുതകളെ വളരെ വേഗം അട്ടിമറിച്ച് വാസ്തവമെന്ന രൂപത്തില്‍ അവതരിപ്പിക്കുന്ന സിദ്ധിയാണത്. പൊതുവിടത്തില്‍ സത്യമെന്താണ് എന്ന് തെളിയിക്കാനാകാത്ത ഇത്രയും ദുര്‍ഘടമായ അവസ്ഥ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ ഫിലോസഫി പ്രൊഫസറായ സുന്ദര്‍ സറുക്കൈ എഴുതുന്നു. പോസ്റ്റ് ട്രൂത്ത് പ്രതിഭാസത്തിന് ഏറ്റവും നല്ല ഒരുദാഹരണം നോക്കുക: ഈ ജുണ്‍ മാസത്തില്‍ പരമ്പരാഗത ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ചൈന ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. താമസിയാതെ സര്‍വ്വകക്ഷിയോഗം വിളിച്ച ഭരണത്തലവനായ പ്രധാനമന്ത്രി മോദി ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയിട്ടില്ല എന്ന് പ്രഖ്യാപിച്ചു. വാര്‍ത്താമാധ്യമങ്ങള്‍ ആ വ്യവഹാരത്തെ വിപുലപ്പെടുത്തി, ചൈനാ വിരുദ്ധ തീവ്രദേശീയ രോഷത്തെ ശമിപ്പിച്ചു. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു എന്നത് താമസിയാതെ വെളിപ്പെട്ടു. വ്യാജ പ്രസ്താവനയിലൂടെ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം മറക്കാനാവില്ല എന്ന് മുന്‍ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിങ്ങും, രാഹുല്‍ ഗാന്ധിയും പ്രസ്താവിച്ചു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ അംബാസിഡറുമായിരുന്ന ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെ ചിലര്‍ പൊതുജനം ‘സത്യ’മറിയണം എന്നും പ്രസ്താവിക്കുകയുണ്ടായി. അതിര്‍ത്തിയില്‍ പലഭാഗങ്ങളില്‍ കടന്നുകയറി ചില ഭാഗത്ത് നിന്നും പിന്മാറ്റം നടത്തി, നിശ്ചയിച്ച ഭാഗം സ്വന്തമാക്കുകയാണിപ്പോള്‍ ചൈന ചെയ്തുകൊണ്ടിരിക്കുന്നത്. ചൈനീസ് തന്ത്രങ്ങളില്‍ പരമ്പരാഗത ഇന്ത്യന്‍ വിദേശനയങ്ങള്‍ (ഫോറിന്‍ പോളിസീസ്) തകര്‍ന്നുപോകുന്നു എന്ന സത്യം വെളിപ്പെടുത്തുവാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ശ്രമിച്ചില്ല എന്നതാണ് ‘സത്യാനന്തര കാല’ത്തിന്റെ ഏറ്റവും അടുത്ത അനുഭവം. യൂറോപ്യന്‍ തത്വചിന്താ ലോകത്തെ അപൂര്‍വ്വം വനിതകളിലൊരാളായ ഹന്നാ ആരന്റ് ‘ട്രൂത്ത് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന ലേഖനത്തില്‍ പറയുന്നു: ‘ പൊളിറ്റിക്‌സും സത്യവും പരസ്പരം മോശം ബന്ധത്തിലാണ് എന്ന് ആരും ഒരിക്കലും സംശയിച്ചിട്ടില്ല. അതുപോലെ രാഷ്ട്രീയ സദ്ഗുണങ്ങളില്‍ (പൊളിറ്റിക്കല്‍ വിര്‍ച്വ്യൂസ്) സത്യസന്ധതയും ആരും കണക്കാക്കിയിട്ടില്ല. നുണകള്‍ സദാ ആവശ്യമുള്ളതും നീതീകരിക്കപ്പെടുന്നതുമായ ഉപാധികളുമാണ്. രാഷ്ട്രീയക്കാര്‍ക്കും, ജനകീയ നേതാക്കള്‍ക്കും, (ഡിമഗോഗ്‌സ്) പ്രത്യേകിച്ച് രാഷ്ട്രതന്ത്രജ്ഞര്‍ക്ക് (സ്‌റ്റേറ്റ്‌സ്‌മെന്‍) സത്യത്തിന്റെ സകല രൂപത്തോടും യുദ്ധത്തിലായിരിക്കുക എന്നത് രാഷ്ട്രീയ മണ്ഡലത്തിന്റെ ഒരു പ്രകൃതമായിരിക്കാം, എന്നും ആരന്റ് എഴുതുന്നു. ലോകത്തെ ഏറ്റവും വലിയ ഭീകര ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലറിന്റെ നാസി ജര്‍മനിയില്‍ ഗെസ്റ്റപ്പോ എന്ന രഹസ്യപ്പോലീസിന്റെ തടവറയില്‍ നിന്നുമുള്ള അനുഭവത്തില്‍ നിന്നാണ് ഹന്നാ ആരന്റ് (1906-1975) ഇത് എഴുതിയത്. സത്യാനന്തരകാലത്തിന്റെ ഏറ്റവും വലിയ ദോഷം സംവാദ ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നു എന്നതാണ്. അഥവാ ‘സത്യാനന്തരകാലം’ ജനാധിപത്യത്തിന്റെ ഇരുണ്ടകാലം തന്നെ. ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ഒരു രാഷ്ട്രീയവിഷയമായിത്തന്നെ ‘സത്യാനന്തരകാലത്തെ’ കുറിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ട്. യു.എസ്, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് അവയില്‍പ്പെടും. ഓക്‌സഫഡിനെ ഡിക്ഷണറി 2016-ല്‍ ‘വേഡ് ഓഫ് ദ ഇയര്‍’ ആയി ‘പോസ്റ്റ് ട്രൂത്തി’ നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയം എന്നത് സ്വതന്ത്രാനന്തരം 1970കള്‍ വരെ കുറേയൊക്കെ മൂല്യാധിഷ്ഠിതമായി നിലനിന്നിരുന്നു എന്ന് വിലയിരുത്തപ്പെടാറുണ്ട്. ക്രമേണ ആ വ്യവസ്ഥയ്ക്ക് ക്ഷയം സംഭവിക്കുകയും അടുത്ത കാലത്തായി റാഡിക്കലായി മാറുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ സത്യാനന്തരകാലം സംവദിക്കുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടങ്ങിയ നിഗൂഢമായ രാഷ്ട്രീയ മാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന ആശയത്തിന്റെ തന്നെ സ്തംഭനമാണ്. അതിന് ഏറ്റവും അടുത്ത ഉദാഹരണമാണ്, തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണത്തലവനായ പ്രധാനമന്ത്രി തന്നെ മതപുരോഹിത വേഷത്തില്‍ ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. വരും ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള സുപ്രധാനമായ ഒരു സൂചനയാണിത്. മതേതര ജനാധിപത്യം അവസാനിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ആ പൂജകള്‍. കഴിഞ്ഞ രണ്ട് ദശകങ്ങളായുള്ള ഗുജറാത്തില്‍ നിന്നുമുള്ള സാമൂഹ്യ പാഠങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കുമ്പോഴാണ് ‘സത്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയം’ തിരിച്ചറിയുവാനാകുകയുള്ളൂ. ഗുജറാത്തില്‍ നിന്നുമാണ് ‘സത്യാനന്തരകാല രാഷ്ട്രീയം’ ഇന്ത്യയിലേക്ക് വികസിച്ചത്. 2014 ഏപ്രില്‍ മാസം അഹ്മദാബാദിലെ മലയാളി പത്രപ്രവര്‍ത്തകനായ ജെ.എസ്. മനോജ് ‘ജനാധിപത്യത്തിന്റെ ‘മോദി’ വല്‍ക്കരണം’ ഒരു ലേഖനമായി മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്നു. ഗുജറാത്തിലെ ‘സത്യാനന്തര കാല’ത്തേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിശകലനമായിരുന്നു അത്. ആധുനിക ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ അധികാരം മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിയമ നിര്‍മ്മാണ സഭ, കാര്യനിര്‍വ്വഹണ സഭ, ജൂഡീഷ്യറി എന്നിങ്ങനെയാണത്. ഗുജറാത്തില്‍ മോദി ഭരിക്കുന്ന കാലഘട്ടത്തില്‍, പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ നിയമസഭയുടെ പ്രവര്‍ത്തനം കേവലം ചടങ്ങ് മാത്രമായിരുന്നു. അര ദിവസം മാത്രം സഭ സമ്മേളിച്ച് പിരിഞ്ഞ ചരിത്രമുണ്ടവിടെ. ഗുജറാത്ത് സോഷ്യല്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ നിയമസഭയെ പഠിച്ച ശേഷം പറയുന്നു: ‘സഭാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി വളരെ കുറച്ചാണ് പങ്കെടുക്കുക. നിശബ്ദനായിരുന്ന് ചോദ്യങ്ങള്‍ക്ക്് മറുപടി മറ്റു മന്ത്രിമാര്‍ പറയുന്ന ശൈലി രൂപപ്പെടുത്തി. ചോദ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായതിനാല്‍ സഭയുടെ സ്വഭാവം തികച്ചും സ്വേച്ഛാധിപത്യപരമായിരുന്നു. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിന് യാതൊരുവിധ അവസരങ്ങളും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് അംഗങ്ങളായി ജയിച്ച് സഭയിലെത്തിയവര്‍ കേവലം വസ്ത്രം മാറുന്ന ലാഘവത്തോടെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത് ഗുജറാത്തിലെ വര്‍ത്തമാനകാല അനുഭവമാണ് എന്നത് ഇവിടെ ഓര്‍ക്കുക. ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും സ്വന്തമായി ചോദ്യം ചോദിക്കുന്നതിനുള്ള അവസരങ്ങള്‍ വളരെ നിയന്ത്രിതമായിരുന്നു. സര്‍ക്കാറിന് താല്‍പര്യമുള്ള ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്ത് ചോദിപ്പിക്കുകയാണ് അവിടത്തെ രീതി. 2007-ല്‍ വിചിത്രമായ ഒരു സംഭവം നടന്നത് ജെ.എസ് മനോജ് എഴുതുന്നു. ‘നിയമസഭയില്‍ ചോദ്യം ചോദിക്കേണ്ട ഫോറങ്ങള്‍ പോലീസ് മേധാവികള്‍ക്ക് സര്‍ക്കാര്‍ തന്നെ ഇ-മെയില്‍ വഴി അയച്ച് കൊടുക്കുകയുണ്ടായി. ശൂന്യമായ ഫോറങ്ങളില്‍ ബി.ജെ.പി എം.എല്‍.എമാരുടെ ഒപ്പ് ശേഖരിച്ച് തിരിച്ചയക്കണമെന്ന നിര്‍ദ്ദേശത്തോടെയാണത് നടന്നത്. ഒരിക്കല്‍ ഒരു പോലീസുദ്യോഗസ്ഥന്‍ ഫോറം അബദ്ധത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ പക്കലെത്തിച്ചു. അദ്ദേഹം അത് അടുത്ത ദിവസം സഭയില്‍ വെളിപ്പെടുത്തിയപ്പോള്‍ ആണ് നാടകം ജനങ്ങളറിഞ്ഞത്.’ സത്യാനന്തരകാല രാഷ്ട്രീയത്തിന്റെ ഗുജറാത്ത് അനുഭവങ്ങളുടെ ഒരു സംഭവം മാത്രമാണിത്. അതേസമയം ഇന്ത്യയിലെ മാതൃകാവികസന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഗുജറാത്ത് എന്ന അധീശ വ്യവഹാരം (ഹെജിമണിക് ഡിസ്‌കോഴ്‌സ്) ആണ് ഇവിടെ നിലനില്‍ക്കുന്നത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ പോലും അതില്‍ വിശ്വസിച്ചിരുന്നു എന്നതാണ് സത്യാനന്തര രാഷ്ട്രീയത്തിന്റെ വ്യാപ്തി. ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം മൂന്ന് വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത് അധികാരത്തിന്റെ വികേന്ദ്രീകരണത്തിനും സുഗമമായ ഭരണത്തിനുമാണ്. യൂറോപ്യന്‍ രാഷ്ട്രീയ ചിന്തകരായ ജോണ്‍ ലോക്ക്, മോണ്ടെസ്‌ക്യൂ, ഇമ്മാനുവല്‍ കാന്റ് എന്നിവരാണ് ഈ വ്യവസ്ഥ നിര്‍ദ്ദേശിച്ചത്. 17-18 നൂറ്റാണ്ടുകളില്‍ വികസിച്ചുവന്ന ഈ വ്യവസ്ഥകള്‍ക്ക് ഇന്നും ബദല്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ താരതമ്യേനെ വിജയം കൈവരിച്ച രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. 1975-ലെ അടിയന്തരാവസ്ഥയില്‍ ശക്തമായ ഭീഷണി ഇത് നേരിട്ടെങ്കിലും 1977-ല്‍ അതിനെ മറികടന്ന് ജനാധിപത്യത്തിന്റെ മോചനസങ്കല്‍പ്പങ്ങള്‍ വീണ്ടും വികാസം പ്രാപിച്ചു. അതുല്‍ കോഹ്‌ലിയുടെ ‘ദി സക്‌സസ് ഓഫ് ഇന്ത്യാസ് ഡെമോക്രസി’ (2001) എന്ന ഗ്രന്ഥത്തില്‍ ഇത് വിശദമായി പറയുന്നുണ്ട്. കൂട്ടുകക്ഷി രാഷ്ട്രീയം (കോളീഷന്‍ പൊളിറ്റിക്‌സ്) ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പുരോഗമനപരമായിരുന്നു. 1952ലെ പൊതുതിരഞ്ഞെടുപ്പു മുതല്‍ 1977 വരെ കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി മേധാവിത്വ കാലഘട്ടമെന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയം അറിയപ്പെടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശേഷം രാജ്യം ഭരിച്ച ഇടക്കാല ഗവണ്‍മെന്റിലും ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച മന്ത്രിസഭയിലും പ്രതിപക്ഷ നേതാക്കന്മാരായ ഡോ. അംബേദ്കറും ശ്യാമപ്രസാദ് മുഖര്‍ജിയും ഉണ്ടായിരുന്നു. കൂടാതെ ജയപ്രകാശ് നാരായണനെ പോലുള്ള സോഷ്യലിസ്റ്റ് നേതാക്കന്മാരെ ഗവണ്‍മെന്റില്‍ ചേരുവാന്‍ നേഹ്‌റു ക്ഷണിക്കുകയും ചെയ്തിരുന്നു. ജനാധിപത്യത്തിന്റെ വികസനക്ഷമത ലോകത്തോട് ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ നെഹ്‌റു ചെയ്തത്. മൂന്ന് ദശകം കൊണ്ട് കോണ്‍ഗ്രസിന്റെ ഏകകക്ഷി സമ്പ്രദായം ജനവിരുദ്ധമായിത്തീര്‍ന്നത് സ്വാഭാവികമായും ഉണ്ടാകേണ്ട നയപരിഷ്‌കരണങ്ങള്‍ നടത്താത്തത് മൂലമാണ്. എന്നാല്‍ 2014ല്‍ ബി.ജെ.പിയുടെ ഏകകക്ഷി മേധാവിത്വ കാലഘട്ടം തുടക്കം മുതല്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. എക്‌സിക്യൂട്ടീവിനെയും ജൂഡീഷ്യറിയേയും ലജിസ്ലേച്ചര്‍ ശക്തമായി ഞെരുക്കി ഗുജറാത്തിലേത് പോലെ നിശ്ചലമാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ ഗുജറാത്ത് ഇന്ത്യയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല, ഇന്ത്യയില്‍ നിലവില്‍ അതുണ്ട് എന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ഈയടുത്ത് പ്രസ്താവിച്ചത് അനുഭവങ്ങളില്‍ നിന്നാണ്. പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും വിരലിലെണ്ണാവുന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരിലും മാത്രമായി ഇന്ത്യയുടെ ദേശീയരാഷ്ട്രീയം ചുരുങ്ങി സമഗ്രാധിപത്യ സ്വഭാവം കൈവരിച്ച് കൊണ്ടിരിക്കുന്നു. ഇസ്രായേലിലെ ‘ഹാരറ്റ്‌സ്’ ദിനപത്രം വരെ ‘ഇന്ത്യ അണ്ടര്‍ മോദി ബികമിംഗ് ബ്രൂട്ടല്‍ അതോറിറ്റേറിയന്‍ സ്‌റ്റേറ്റ്’ (2019) എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ലെജിസ്ലേച്ചറിലെ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകള്‍ നാമമാത്ര ചര്‍ച്ചകളിലൂടെ പാസാക്കുകയും ഭൂരിപക്ഷം കുറവുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുവാന്‍ പല തന്ത്രങ്ങള്‍ പ്രയോഗിക്കലുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത.് താമസിയാതെ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തകര്‍ച്ച ദ്രുതഗതിയിലാകും. നോട്ടുനിരോധനം, കാശ്മീര്‍ ബില്‍, സി.എ.എ എന്നിവ പാസ്സാക്കിയത് ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. ജനാധിപത്യത്തില്‍ ഉള്ള ചോദ്യങ്ങളും വ്യവഹാരങ്ങളും തീവ്ര(കപട) ദേശീയതാ വ്യവഹാരങ്ങളില്‍ മുങ്ങിപ്പോകുകയാണ് ഈ സത്യാനന്തര കാലത്ത്. ഭരണകൂടത്തോടുള്ള ഏതു ചോദ്യങ്ങളെയും ‘പാക്കിസ്ഥാന്‍ ഭാഷ്യം’, ‘ഇംറാന്‍ ഖാന്‍ ഭാഷ്യം’, ‘ദേശവിരുദ്ധം’ എന്നീ സ്ഥിരം തന്ത്രങ്ങളിലൂടെ നിശബ്ദമാക്കുവാന്‍ കഴിയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര രൂക്ഷമായ കള്ളസത്യ നിര്‍മ്മിതികള്‍ ആദ്യമായിട്ടാണ് അനുഭവപ്പെടുന്നത്. മൂന്നാമത്തെ സുപ്രധാന അധികാര സ്ഥാപനമായ ജൂഡീഷ്യറിയും ഗുരുതരമായ നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പിന്നോക്ക സമുദായ സംവരണമെന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലെ അയിത്ത നിര്‍മ്മാര്‍ജന പദ്ധതി, വ്യംഗ്യമായും അല്ലാതെയും ഇന്നും തുടര്‍ന്ന് പോരുന്ന ജാതീയത കാരണം അത്യന്താപേക്ഷിതമാണ്. 2020 ഫെബ്രുവരി ആദ്യവാരം സുപ്രീംകോടതി രണ്ട് വിധിപ്രഖ്യാപിച്ചതിന്റെ ഭരണഘടനാസാധുത പരിശോധിക്കേണ്ടത് തന്നെയാണ്. ‘സംസ്ഥാന സര്‍ക്കാറുകള്‍ എസ്.സി, എസ്.ടി സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കുന്നത് നിയമബന്ധിതമല്ല’, ‘ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള സംവരണം മൗലികാവകാശമല്ല’ എന്നീ വിധികളാണ് ഭരണഘടനയെ വൈരുദ്ധ്യത്തിലാക്കുന്നത്. മൗലികാവകാശങ്ങളെ അവ വെല്ലുവിളിക്കുന്നു എന്നതുതന്നെ കാരണം. ഇന്ത്യാ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാല് ജഡ്ജുമാര്‍ തങ്ങളുടെ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുകള്‍ക്ക് എതിരേ വാര്‍ത്താസമ്മേളനം നടത്തിയത് സത്യാനന്തര കാലത്താണ്. മുന്‍ സുപ്രീം കോടതി ജഡ്ജ് ആയിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ‘വിതര്‍ ഇന്ത്യന്‍ ജുഡീഷ്യറി?’ (2018) എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്യമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ശ്രേഷ്ഠതകളിലൊന്ന്. 2020 ജനുവരിയിലെ ‘ദി ഇക്കണോമിസ്റ്റ് ഇന്റലിജന്റ് യൂണിറ്റ്’ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് പട്ടിക പുറത്തുവിട്ടപ്പോള്‍ ഇന്ത്യയുടെ സ്ഥാനം അമ്പത്തിയൊന്നാമതായിരുന്നു.

പൗരത്വ നിയമം: പുതിയ വിപത്ത്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അട്ടിമറിയാണ് 2019 ഡിസംബറില്‍ കണ്ടത്. പൗരത്വ നിയമ ഭേദഗതി. വളരെയധികം ആസൂത്രിതമായിട്ടാണ് തിടുക്കത്തില്‍ ഇരുസഭകളിലും നിയമം പാസാക്കിയെടുത്തത്. ഒറ്റ നോട്ടത്തില്‍ പ്രശ്‌നമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ഭേദഗതി. പക്ഷെ ഭരണഘടനയുടെ സത്തയില്‍ അട്ടിമറി നടന്നിരിക്കുന്നു എന്നതാണ് സത്യം. ഭരണഘടനയിലെ അടിസ്ഥാന ശിലകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. ഭരണഘടനയില്‍ ആര് മൗലിക അവകാശങ്ങള്‍ ‘ഇന്ത്യന്‍’ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഒന്നാണ്. മുസ്‌ലിംകള്‍ പൗരത്വരേഖകള്‍ സമര്‍പ്പിക്കണമെന്ന് നിയമം പറയുമ്പോള്‍ നിലവില്‍ അവര്‍ ആ മൗലിക അവകാശങ്ങള്‍ക്ക് അര്‍ഹരല്ല എന്നാണര്‍ത്ഥം. ഇവിടെ അസത്യം സത്യമാണെന്ന് തോന്നിപ്പിക്കും. ‘ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലിംകള്‍ക്ക് പ്രശ്‌നമില്ല’ എന്ന് മോദിയും അമിത് ഷായും ആവര്‍ത്തിച്ച് പറയുന്നതിലെ മറഞ്ഞിരിക്കുന്ന അപകടം സൂക്ഷ്മമായി നോക്കുമ്പോഴാണ് കാണുവാന്‍ കഴിയുകയുള്ളൂ. വസ്തുത ഇതാണ്: രേഖകള്‍ സമര്‍പ്പിക്കാതെ പൗരത്വം മുസ്‌ലിംകള്‍ക്ക് ലഭിക്കില്ല എങ്കില്‍ എങ്ങനെ ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലിംകള്‍ ഉണ്ടാകും? മുന്‍തലമുറകളുടെ രേഖകള്‍ എത്രപേര്‍ക്ക് സമര്‍പ്പിക്കാനാകും? സമര്‍പ്പിക്കുന്ന രേഖകളില്‍ അക്ഷരപ്പിശകുണ്ടെങ്കില്‍ തിരുത്തല്‍ സാധ്യമല്ല. സാങ്കേതികതയുടെ പേരില്‍ അസമില്‍ പൗരത്വം നഷ്ടപ്പെട്ടവര്‍ ഉണ്ട്. ‘സത്യാനന്തര കാലത്തിന്റെ അനുഭവമാണ് ആ രേഖകള്‍.

ഇന്ത്യയ്ക്കുള്ള വിമോചന സങ്കല്‍പ്പങ്ങള്‍

ആധുനികതയുടെ രാഷ്ട്രീയ മൂല്യങ്ങളാണ് സത്യാനന്തരകാലത്ത് നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന് ഉള്ള ഏകമാര്‍ഗ്ഗം. കാരണം ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയമായ യാത്ര മനുസ്മൃതിയുടെ പാരമ്പര്യത്തിലേക്കാണ്. അവിടെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആണ് അറിവിനെ നിശ്ചയിക്കുന്നത്. ആധുനികതയില്‍ യുക്തി ബോധമാണ് അറിവിന്റെ സ്രോതസ്സ്. പാരമ്പര്യ സാമൂഹ്യബന്ധങ്ങള്‍ ലംബമാനമായി (വെര്‍ട്ടിക്കല്‍)രുന്നുവെങ്കില്‍ ആധുനികത തിരശ്ചീന (ഹോരിസോണ്ടല്‍) മാകുവാനാണ് ആവശ്യപ്പെടുന്നത്. അതായത് പ്രജ (സബ്ജക്ട്‌സ്)കളില്‍ നിന്നും പൗരന്‍മാരിലേക്കുള്ള (സിറ്റിസണ്‍സ്) പരിവര്‍ത്തനം സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇല്ലാതാകുന്നത് പൗരാവകാശ സംസ്ഥാപനത്തിലൂടെയാണ്. മനുഷ്യരാശിയുടെ ആധുനികവല്‍ക്കരണം ആണത്. ആധുനികത എന്നത് ശാസ്ത്ര, സാങ്കേതിക വിജ്ഞാനം വര്‍ദ്ധിക്കുന്ന പ്രക്രിയയും അതേസമയം തന്നെ മാനവികതയുടെയും നീതിയുടേയും വികാസവുമാണ്. 2014 ആദ്യമാസങ്ങളില്‍ സുപ്രസിദ്ധ എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായിരുന്ന യു.ആര്‍ അനന്തമൂര്‍ത്തി ‘മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിട്ടുപോകും’ എന്ന് പ്രസ്താവിക്കുകയുണ്ടായി. ഈ സത്യാനന്തരകാലത്തെ മുന്‍കൂട്ടി കണ്ടതിനാലായിരുന്നു ആ പ്രസ്താവന. ഈ സത്യാനന്തര കാലത്തെ ഏറ്റവും വലിയ ‘മഹാപാപി’ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ദിനം പ്രതി നെഹ്‌റുവിനെ ഉന്മൂലനം ചെയ്യുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും, ചരിത്രരേഖകളില്‍ നിന്നുമെല്ലാം നെഹ്‌റു ആധുനികതാ വാദിയായിരുന്നുന്നതാണ് മുഖ്യകാരണം. ഇന്ത്യാവിഭജനം സംഭവിച്ചു എങ്കിലും നെഹ്‌റു മുന്നോട്ടുവെച്ച ആശയങ്ങളാണ് പിന്നീട് ഒരു വിഭജനം ഉണ്ടാകാതെ ഇന്ത്യയെ സംരക്ഷിച്ചത്. 1948ലെ ഗാന്ധി വധം സംഘ്പരിവാര്‍ ശക്തികള്‍ക്ക് വന്‍ തിരിച്ചടിയായപ്പോള്‍ 1949-ലെ ബാബരി മസ്ജിദ് വിവാദത്തോടെയാണ് അവര്‍ തങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. മസ്ജിദിലെ വിഗ്രഹം എടുത്തുമാറ്റുവാന്‍ നെഹ്‌റു പ്രഖ്യാപിച്ചത് ഭാവിയിലെ ദുരന്തം മുന്‍കൂട്ടി കണ്ടത് കൊണ്ടായിരുന്നു.

ഇന്ത്യയുടെ ആധുനികവല്‍ക്കരണം

ബ്രിട്ടീഷ് കൊളോണിയല്‍ യുഗത്തില്‍ ആധുനികത ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ഇന്ത്യന്‍ സാമൂഹ്യഘടനയെ പ്രധാനമായും നിര്‍ണ്ണയിക്കുന്ന ജാതിവ്യവസ്ഥയെ ഗൗരവമാക്കി സ്പര്‍ശിക്കുവാന്‍ അതിന് കഴിഞ്ഞില്ല. ഇത് ഇന്ത്യയിലെ പാരമ്പര്യവ്യവസ്ഥകളും ആധുനികതയും തമ്മിലുള്ള വ്യക്തമായ വൈരുദ്ധ്യങ്ങളെ ദുര്‍ബലമാക്കിയെന്ന് സുദിപ്താ കവിരാജ് ‘ട്രാജക്ടറീസ് ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്: പൊളിറ്റിക്‌സ് ആന്‍ഡ് ഐഡിയാസ്’ (2010) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പ്രമുഖ ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ആയ എം.എന്‍ ശ്രീനിവാസ് പറയുന്നു: ‘പാശ്ചാത്യവല്‍ക്കരണം’ (വെസ്‌റ്റേണൈസേഷന്‍), ആധുനികവല്‍ക്കരണം (മോഡേണൈസേഷന്‍) എന്നീ സംജ്ഞകള്‍ വിശദീകരിക്കുമ്പോള്‍ പാശ്ചാത്യവല്‍ക്കരണം എന്നത് നൂറ്റമ്പത് വര്‍ഷത്തെ കൊളോണിയല്‍ ഭരണത്തിലൂടെ സാങ്കേതികവിദ്യയിലും സ്ഥാപനങ്ങളിലും ആദര്‍ശത്തിലും മൂല്യങ്ങളിലുമുണ്ടായ മാറ്റങ്ങളാണ് എന്ന് കാണാം. പാശ്ചാത്യവല്‍ക്കരണം മൂലം പ്രത്യയശാസ്ത്രങ്ങള്‍ക്കും ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കും ഉപരിയായി മാനവികതയും യുക്തിബോധവും വളര്‍ന്നുവന്നിട്ടുള്ള ഒരു സമൂഹമാണ് ആധുനിക സമൂഹം എന്ന് എം.എന്‍ ശ്രീനിവാസ് വ്യാഖ്യാനിക്കുന്നു. ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് 2014 മുതല്‍ എന്ത് സംഭവിക്കുന്നു എന്ന് മസ്സാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ബാനു സുബ്രഹ്മണ്യം എഴുതുന്നുണ്ട്. ജാതിയെയും പുരുഷാധിപത്യത്തെയും ഹൈന്ദവാധികാരത്തെയും സംയോജിപ്പിക്കുവാന്‍ വര്‍ത്തമാനകാലത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളെ ഹിന്ദുത്വ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുന്നത് എന്ന് ‘ഹോളി സയന്‍സ്: ദി ബയോപൊളിറ്റിക്‌സ് ആന്‍ഡ് ഹിന്ദു നാഷനലിസം'(2019) എന്ന ഗ്രന്ഥത്തില്‍ ബാനു വിശദീകരിക്കുന്നുണ്ട്. ‘പുഷ്പക വിമാനം’, ‘ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി’ തുടങ്ങിയ പ്രസ്താവനകള്‍ ഈ കാലഘട്ടത്തില്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും തന്നെയാണ് ഉണ്ടായത്. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസുകള്‍ പല തവണ സ്വയം അപഹസിക്കപ്പെടുന്ന പ്രഭാഷണങ്ങള്‍ക്ക് വേദിയാകുകയുണ്ടായി. ഭരണകൂടം ഒരിക്കല്‍ പോലും അതൊന്നും നിഷേധിക്കുന്നില്ല. ‘സത്യാനന്തര കാല’ത്തിന്റെ അനുഭവങ്ങളായിത്തന്നെ ഇതിനെ കണക്കാക്കാം. വലിയൊരു ജനസമൂഹമാണ് ഇതെല്ലാം വിശ്വസിക്കുന്നത് എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. ‘വിവിധ രാഷ്ട്രങ്ങളില്‍ ആധുനികത വിവിധ രീതികളിലാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വ്യവസ്ഥകള്‍, രീതികള്‍, ജാതീയത, തുടങ്ങിയവയെല്ലാം ഇന്ത്യയിലെ ആധുനികതയെ അകറ്റിനിര്‍ത്തിയിരിക്കുന്നു’, എന്ന് പ്രമുഖ ഇന്ത്യന്‍ സോഷ്യോളജിസ്റ്റായ ദീപാങ്കര്‍ ഗുപ്ത തന്റെ ‘മിസ്‌റ്റേക്കണ്‍ മോഡേണിറ്റി: ഇന്ത്യ ബിറ്റ്‌വീന്‍ വേള്‍ഡ്‌സ്’, (2000) എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. സമുദായങ്ങളും സമൂഹങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, സ്ത്രീകളുടെ സാമൂഹ്യപദവി എന്താകുന്നു എന്നിവയെല്ലാമാണ് ആധുനികതയുടെ അടിസ്ഥാനമെന്ന് ദീപാങ്കര്‍ ഗുപ്ത പറയുന്നു. വ്യക്തിയുടെ അഭിമാനം, സമത്വം ഇവ പരിഗണിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. ആധുനികത എന്നത് ഒരു മനഃസ്ഥിതിയോ മനോഭാവമോ ആയിരിക്കണം. സാര്‍വത്രികമായ ജനാധിപത്യം, സമത്വം, നീതി, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണത്. മുതലാളിത്തത്തിന്റെ വളര്‍ച്ചയും ഉപഭോഗപരതയും (കണ്‍സ്യൂമറിസം) ഇന്ത്യയില്‍ ആധുനികതയുടെ ലക്ഷണമല്ല എന്നും ഗുപ്ത പറയുന്നു. 2014 മുതല്‍ വ്യാജ ഗോരക്ഷയുടെ പേരില്‍ നൂറിനടുത്ത് ദരിദ്രരായ കച്ചവടക്കാരും ക്ഷീരകര്‍ഷകരും കൊല്ലപ്പെട്ടിരിക്കുന്നു. നൂറുകണക്കിനാളുകള്‍ അക്രമണത്തിന് ഇരയായി ചികിത്സ തേടിയിട്ടുണ്ട്. അതേ സമയം ‘ഗോവധ നിരോധനം’ എന്ന പദ്ധതി നടപ്പിലാക്കുന്നതിലൂടെ പശുവെന്ന കാര്‍ഷിക വ്യവസ്ഥ ക്രമേണ ഇല്ലാതായിപ്പോകുമെന്ന സത്യം ഇവിടെ തിരസ്‌കരിക്കപ്പെടുന്നു. ഗോമാംസം രഹസ്യമായി അറബ് നാടുകളിലേക്ക് കയറ്റുമതി ചെയ്യുകയും ഗോമാംസ കയറ്റുമതി ഈ കാലഘട്ടത്തില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായും രേഖകളുണ്ട്. ‘സത്യാനന്തരകാലത്ത് ഇത് സംഭവിക്കുന്നത് സ്വാഭാവികമായിത്തന്നെയാണ്. മതേതര ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി.ആര്‍. അംബേദ്കറെ തട്ടിയെടുക്കുവാനായി തീവ്രയജ്ഞം നടത്തുകയാണ് തികഞ്ഞ ബ്രാഹ്മണിക് പ്രസ്ഥാനമായ ബി.ജെ.പി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സകല രാഷ്ട്രീയ പ്രസ്ഥാനക്കാരും അവഗണിച്ചിരുന്ന അംബേദ്കര്‍, സത്യാനന്തരകാലത്ത് സകല രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പ്രിയ നേതാവായി തിരിച്ചുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അംബേദ്കറുടെ രചനകള്‍ തുറന്ന മനസ്സോടെ വായിക്കുന്നത് വരെ ആയിരിക്കും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അംബേദ്കര്‍ ‘ഹൈജാക്കിംഗി’ന്റെ ആയുസ്സ്. മനുസ്മൃതിയുടെ ഭരണഘടനയെ പുറത്താക്കി ആധുനികതയുടെ ഭരണഘടനയെ പ്രതിഷ്ഠിക്കുകയായിരുന്നു അംബേദ്ക്കര്‍ ചെയ്തത്. ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെയും മനോഘടന ഇപ്പോഴും ക്രമീകരിക്കപ്പെട്ടിരിക്കുന്ന മനുസ്മൃതിയിലാണ്. അതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മാത്രം. ഭരണഘടനയെ കുറിച്ച് അംബേദ്ക്കര്‍ പറയുന്നു: ‘ഭരണഘടനാ ധാര്‍മ്മികത (കോണ്‍സ്റ്റിറ്റിയൂഷനല്‍ മൊറാലിറ്റി) നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്. സ്വയം ഉണ്ടായി വരികയില്ല. ഇന്ത്യയിലെ (ഇന്നത്തെ) ജനാധിപത്യം എന്നു പറയുന്നത് ഒരു മേലങ്കി മാത്രമാണ്.’ തുടര്‍ന്ന് പറയുന്നു, ‘ ഇന്ത്യയുടേത് മികച്ച ഭരണഘടനയാണ് എങ്കിലും ഭരിക്കുന്നവര്‍ ജനാധിപത്യത്തെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഈ ഭരണഘടനയും മോശമാകും.’ 1950ലെ ആ മുന്നറിയിപ്പാണ് സത്യാനന്തര കാലത്ത് യാഥാര്‍ത്ഥമായി ഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ ധാര്‍മ്മികത (സോഷ്യല്‍ മൊറാലിറ്റി) മനുസ്മൃതിയാല്‍ ശക്തമായി സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ ധാര്‍മികതക്ക് മേല്‍ പ്രസ്തുത സാമൂഹ്യ ധാര്‍മികതാ പുനഃസ്ഥാപനമാണ് പൗരത്വനിയമ ഭേദഗതിയും പുതിയ രാമക്ഷേത്ര നിര്‍മ്മിതിയും ലക്ഷ്യം വെക്കുന്നത്. ‘ജനാധിപത്യം’ എന്നത് ഒരു ഭരണകൂട (ഭരണസംവിധാന) പ്രക്രിയ മാത്രമല്ല. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം സ്വാതന്ത്ര്യം, നീതി, അവകാശങ്ങള്‍ തുടങ്ങിയ മൂല്യങ്ങളുടെ ബൃഹദ് സഞ്ചയം എന്നതാണ്. ജനാധിപത്യമെന്ന സാമൂഹ്യ ധാര്‍മ്മികത നേടുമ്പോഴാണ് ഇന്ത്യ ആധുനിക രാഷ്ട്രമാകുന്നത്. ഈ ‘സത്യാനന്തരകാലം’ സ്ഥായിയായ ഒന്നല്ല. പൗരാവകാശ ലംഘനങ്ങളില്‍ ദീര്‍ഘകാലം ഇന്ത്യന്‍ ജനതയെ തളച്ചിടുവാനാകില്ല. ‘സത്യാനന്തര കാല’ത്തെ അതിജയിക്കുവാന്‍ സിവില്‍ സമൂഹത്തിന്റെ നിരന്തരമായ ജാഗ്രതയും അവകാശപ്പോരാട്ടങ്ങളും അത്യന്താപേക്ഷിതമാണ്. ലിബറല്‍ ജനാധിപത്യത്തിന്റെ അപചയ കാലഘട്ടമാണിത്. ആഗോള തലത്തില്‍ തന്നെ ഇത് ദര്‍ശിക്കാം. അമേരിക്കയിലും, റക്ഷ്യയിലും ജനാധിപത്യത്തിന്റെ ഭീഷണികള്‍ വര്‍ത്തമാനകാല അനുഭവമാണ്. ഒരിക്കല്‍ തങ്ങള്‍ അനുഭവിച്ച സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കുവാന്‍ ഇന്ത്യയിലായാലും അമേരിക്കയിലായാലും സിവില്‍ സമൂഹം തെരുവിലെത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ നിരവധി ജനാധിപത്യ പ്രക്ഷോഭങ്ങളുടെ വേദിയായി തെരുവുകള്‍ മാറിയതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്തായാലും, ഈ ‘സത്യാനന്തര കാല’ ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളില്‍ പഠിക്കുവാന്‍ മാത്രം ഇന്ത്യാ ചരിത്രത്തെ ശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്.

ഡോ. ടി.കെ ജാബിര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.