Thelicham

ക്രിപ്‌റ്റോകറന്‍സി മായികമോ പ്രച്ഛന്നമോ?


ക്രിപ്‌റ്റോകറന്‍സി അഥവാ മായികനാണയം (വിര്‍ച്വല്‍ കറന്‍സി) അല്ലെങ്കില്‍ പ്രച്ഛന്നഗണിത സമ്പാദ്യം എന്നൊക്കെ പേരു പറയാവുന്ന സാങ്കേതിക രീതി ആഗോള സാമ്പത്തിക ഘടനക്കു സമാന്തരമായി ഉരുവം കൊണ്ടിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടിരിക്കയാണ്. തികച്ചും വ്യതിരിക്തമായ പ്രവര്‍ത്തന രീതിയും അസ്തിത്വവും കൊണ്ട് സങ്കീര്‍ണ്ണമായ ഈ രംഗം അനുദിനം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത പരമ്പരാഗത സാമ്പത്തിക സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത് സാമ്പത്തിക വിദഗ്ധര്‍ പരോക്ഷമായെങ്കിലും അംഗീകരിക്കുന്ന വാസ്തവമാണ്. ബില്‍ ഗേറ്റ്‌സിനെയും റയാന്‍ ഫാറെലിനെയും പോലുള്ളവര്‍ ബ്ലോക്ക് ചെയിന്‍ സംവിധാനത്തിന്റെ സുരക്ഷിതത്വവും സാങ്കേതികതയും അംഗീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം സാമ്പത്തിക വിചക്ഷണര്‍ അവകാശപ്പെടുന്നത് ഇത് അല്‍പായുസ്സായ കുമിളസങ്കേതം (economic ripple) മാത്രമാണെന്നാണ്. ഹ്രസ്വകാലത്തെ സാമ്പത്തിക ചലനത്തിനു ശേഷം കെട്ടടങ്ങി പോകുന്ന ലളിത സംവിധാനമാണിതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. നാണയ വിനിമയവുമായി ബന്ധപ്പെട്ട് സുതാര്യവും കണിശവുമായ നിയമങ്ങള്‍ മുന്നോട്ട് വെക്കുന്ന ഇസ്്‌ലാമിക കര്‍മശാസ്ത്രം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന അന്വേശണമാണ് ഈ എഴുത്തിന്റെ കാതല്‍. അതിന് എന്താണ് ക്രിപ്‌റ്റോ കറന്‍സി എന്നും അതിന്റെ സംവ്വിധാനമെന്തെന്നും ആമുഖമായി പരിചയപ്പെടാം

അടിസ്ഥാനപരിചയം
വികേന്ദ്രീകൃതമായ സാമ്പത്തിക സംവിധാനം എന്ന സങ്കല്‍പ്പമാണ് ഈ രംഗത്തിന് ബീജാവാപം നല്‍കുന്നത്. നിലവിലുള്ള പരമ്പരാഗത സാമ്പത്തിക സംവിധാനത്തില്‍ രണ്ടു കരടുപത്രങ്ങള്‍ സൂക്ഷിച്ചുള്ള രീതിയാണ് തുടര്‍ന്നുപോരുന്നത്. അഥവാ സാമ്പത്തിക രംഗത്തെ കണക്കുകള്‍ രണ്ടു ലെഡ്ജറുകളില്‍ സൂക്ഷിക്കുകയും അതിനെ കേന്ദ്ര ബാങ്ക് നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്രീകൃത സാമ്പത്തിക സംവിധാനമാണ് (double ledger system) ഇന്നത്തെ സാമ്പത്തിക ഘടന എന്നു ചുരുക്കം. ഇതില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ ഒരു സാമ്പത്തിക ഘടനയിലൂടെ സുഗമമായ ഒരു സാമ്പത്തിക വ്യവസ്ഥ സാധ്യമാക്കുകയാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോളാടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെട്ട ഒരു സമ്പദ് വ്യവസ്ഥ കടന്നുവരുമ്പോഴുണ്ടാകുന്ന നേട്ടങ്ങളും ഇതിന്റെ ഗുണഫലമായി ചേര്‍ത്തുവായിക്കാം. പരമ്പരാഗത രീതിയില്‍ രണ്ടു കരടുകളായി സൂക്ഷിക്കുന്ന കൊടുക്കല്‍ വാങ്ങല്‍ രേഖകള്‍ ബ്ലോക്ക് ചെയിന്‍ സംവിധാനത്തില്‍ സ്വയംപരിശോധനയായി (verification) ലഘൂകരിക്കപ്പെടുന്ന രീതിയിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഒരേ തുകയുടെ ആവര്‍ത്തിച്ചുള്ള വിനിയോഗം തടയുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രീകൃത സംവിധാനത്തില്‍ കേന്ദ്രസമിതി പ്രവര്‍ത്തിക്കുന്നത്. വിനിയോഗത്തിലെ ശൂന്യമായ ആവര്‍ത്തനം ( double spending problem/ byzantine general’s problem) എന്ന ഗുരുതരമായ ക്രമക്കേടിനെ സ്വയം നിയന്ത്രിക്കാന്‍ പര്യാപ്തമായ സംവിധാനമാണ് ബ്ലോക്ക്‌ചെയിന്‍ ശൃംഖല.

ഇന്റര്‍നെറ്റ് സംവിധാനത്തെപ്പോലുള്ള ഒരു ഡിജിറ്റല്‍ പ്രതലമാണ് ബ്ലോക്ക് ചെയിന്‍ മണ്ഡലം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത.പ്രഥമ കൈമാറ്റം മുതല്‍ ഏറ്റവും അവസാനം നടന്ന ഇടപാടു വരെയുള്ള എല്ലാ വിവരങ്ങളുടെയും ചിഹ്നവിവര സംരക്ഷണസംവിധാനമാണ് ബ്ലോക്ക് ചെയിന്‍ എന്നും ചുരുക്കി വിവരിക്കാം. ഈ സംവിധാനം സുരക്ഷയിലും സുസ്ഥിരതയിലും വിശ്വസനീയമാണെന്നും മേല്‍നോട്ടം വഹിക്കുന്നതിന് മനുഷ്യബുദ്ധിയുടേയോ കായികശേഷിയുടേയോ ആവശ്യമേതുമില്ല എന്നാണ് വിചക്ഷണരുടെ വീക്ഷണം. ഇത്തരം ഒരു സംവിധാനം പ്രചാരം നേടുന്നതോടെ നിലവിലെ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധികള്‍ക്കും അസൗകര്യങ്ങള്‍ക്കു പരിഹാരമാകും എന്നാണ് കരുതപ്പെടുന്നത്.

ഉത്ഭവം, ചരിത്രം
ലോകത്താദ്യമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കപ്പെട്ടത് 2009 ലെ ബിറ്റ്‌കോയിനിലൂടെയാണ്. സതോഷി നകൊമോട്ടോ എന്ന അജ്ഞാത വ്യക്തിയോ അല്ലെങ്കില്‍ സംഘമോ പരിചയപ്പെടുത്തിയ പ്രച്ഛന്നഗണിത മൂല്യസങ്കേതമാണ് ബിറ്റ്‌കോയിന്‍. ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ വെയര്‍ സംവിധാനമുപയോഗിച്ച് ഖനനം (mining) ചെയ്‌തെടുക്കാമായിരുന്ന ബിറ്റ്‌കോയിന്‍ രംഗത്തെ ഇന്നത്തെ നിക്ഷേപം 10 ദശലക്ഷം ഡോളറാണ് (2016, crypto currency market capitalizations). ആര്‍ക്കും ഖനനം ചെയ്‌തെടുക്കാവുന്ന ഈ സംവിധാനത്തിലെ പുതിയ ബിറ്റ്‌കോയിന്‍ ഉത്പാദനം (bitcoin generation) 2140 താമാണ്ട് വരെ മാത്രമേ തുടരാനാകൂ എന്നും അതു കഴിഞ്ഞാല്‍ ഖനനം ചെയ്യപ്പെട്ടവയുടെ കൈമാറ്റം മാത്രമേ നടക്കൂ എന്നും സതോഷി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് നാണയപ്പെരുപ്പം മൂല്യമില്ലായ്മ തുടങ്ങിയ പ്രതിസന്ധികള്‍ ഈ രംഗത്തെ ബാധിക്കില്ല എന്ന വ്യംഗ്യ പ്രഖ്യാപനമാണ് ഈ വാഗ്ദാനം. തികച്ചും സങ്കീര്‍ണ്ണമായി മാറിക്കഴിഞ്ഞ ഈ രംഗത്ത് ഇന്ന് കോടിക്കണക്കിനു രൂപയുടെ നിക്ഷേപവുമായി അനേകം മൈനിംഗ് സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതേറിയം, ലൈറ്റ്‌കോയിന്‍ തുടങ്ങിയവയെല്ലാം ക്രിപ്‌റ്റോകറന്‍സിയുടെ ഉദാഹരണങ്ങളാണ്. ബിറ്റ്‌കോയിന്റെ കടന്നു വരവിന് ശേഷം അനേകം സമാനസംവിധാനങ്ങള്‍ കടന്നു വന്നിട്ടുണ്ട്. സംഖ്യാബാഹുല്യത്തെ അതിജയിക്കും വിധമുള്ള വളര്‍ച്ചയാണ് ഈ രംഗത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.


കൈമാറ്റം, രീതി, ഖനനം
ഇടപാടുകളുടെ വിവരങ്ങള്‍ സംഖ്യാരൂപത്തില്‍ (algorithm) സൂക്ഷിച്ചു വെച്ചിട്ടുള്ള ഡിജിറ്റല്‍ ഇടമാണ് ബ്ലോക്ക് ചെയിന്‍ ശൃംഖല എന്ന് സൂചിപ്പിച്ചുവല്ലോ. ഓരോ ഇടപാടുകളും മുന്‍പുള്ള കൈമാറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രത്യേക രീതിയിലാണ് ഈ ശൃംഖലയുടെ ഘടന. നിര്‍ണ്ണിത രീതിയില്‍ ഇടപാടു നടത്തി ഉപഭോക്താവാകാം എന്നല്ലാതെ പുറത്തു നിന്നുമുള്ള നുഴഞ്ഞുകയറ്റം ഒരു തരത്തിലും സാധിക്കാത്ത വിധം ശക്തമായ സുരക്ഷാ സംവിധാനമുള്ള ശൃംഖലയാണിത്. പരസ്പരബന്ധിതമായ ഓരോ ഹാഷുകളും പ്രത്യേക രഹസ്യ കോഡുകളും അടങ്ങിയതിനാല്‍ ഒരു ഹാഷ് ഹാക്കു ചെയ്താല്‍ പോലും സംവിധാത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യമല്ല എന്നതാണ് മറ്റൊരു സവിശേഷത. ഈ സംവിധാനത്തില്‍ ആദ്യം നടന്ന ഇടപാടു മുതല്‍ ഏറ്റവും അവസാന കൈമാറ്റം വരെയുള്ളവയെല്ലാം പരസ്പര ബന്ധിതമാണെന്നതിനാല്‍ ശൃംഖലയില്‍ കൈകടത്തുന്ന ഒരാള്‍ക്ക് മുഴുവന്‍ ഹാഷുകളും ഹാക്കു ചെയ്യേണ്ടിവരും. കോടിക്കണക്കിന് ആസ്തിയുടെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തെ ഒന്നാകെ ഹാക്കു ചെയ്യാന്‍ അതിലും എത്രയോ മടങ്ങ് വൈദ്യുതി ആവശ്യമാകും എന്നതിനാല്‍ അതു സാധ്യമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വീക്ഷണം.

ക്രിപ്‌റ്റോകറന്‍സി ഉടമ മറ്റൊരാള്‍ക്ക് തന്റെ കറന്‍സി കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ താത്പര്യമറിയിക്കുകയും കൈമാറേണ്ട വ്യക്തിയുടെ വിവരം നല്‍കുകയും ചെയ്യും. സംവിധാനത്തിലുള്ള ഇരുവരുടെയും ഡിജിറ്റല്‍ വാലറ്റ് പരിശോധിച്ച ശേഷം നിലവിലുള്ള ബാലന്‍സ് മറ്റാരുമായും കൈമാറിയിട്ടില്ല എന്നുറപ്പിക്കുന്നതിനായി മുഴുവന്‍ സംവിധാനവും പരിശോധിക്കുകയുമാണ് ചെയ്യുന്നത്. ഈ പരിശോധന പൂര്‍ത്തിയായിക്കഴിയുന്നതോടെ പുതിയൊരു ഹാഷ് രൂപപ്പെടുകയും (hash generation) ഇതുവരെയുള്ള ഒരു ഹാഷുമായും സാമ്യമില്ലാത്ത അതില്‍ ഇടപാടു വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു (placement of the transaction). ഈ ഇടപാടു പരിശോധിക്കുന്നത് സംവിധാനത്തിന് പുറത്തു നിന്നും പ്രവര്‍ത്തിക്കുന്ന മൈനര്‍മാര്‍ ആണ്. കൈമാറ്റം ചെയ്യുന്നവര്‍ക്കിടയില്‍ ഇടനിലക്കാരനായി ബാങ്കോ സമാന സംവിധാനങ്ങളോ ഇല്ലാതെ നടക്കുന്ന ഇടപാടു രീതി (peer to peer) യാണ് ഈ ശൃംഖലയില്‍ തുടര്‍ന്നു പോരുന്നത്. അഞ്ചു മിനിട്ടിനുള്ളില്‍ പ്രത്യേക ഗണിതസൂത്രങ്ങള്‍ (algorithms) പരിഹരിക്കുന്നതിലൂടെയാണ് ഈ പ്രക്രിയ നടക്കുന്നത്. ആര്‍ക്കുള്ള ഇടപാടാണെന്നോ അത് എത്രയാണെന്നോ ഇവര്‍ക്കറിയാന്‍ കഴിയില്ല. ഇങ്ങനെ ഗണിത രൂപങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിഹരിക്കുന്നതിനായി വലിയ അളവില്‍ വൈദ്യുതി ചെലവാക്കി അനേകം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഖനനപ്രക്രിയ പൂര്‍ത്തീകരിക്കുമ്പോ്ള്‍ രൂപപ്പെടുന്ന പുതിയ ഹാഷിലൂടെ ക്രിപ്‌റ്റോകറന്‍സി കൂടി രൂപപ്പെടുന്നുണ്ട്. ഇതാണ് മൈനര്‍മാരുടെ പ്രതിഫലം. നിശ്്ചിത വര്‍ഷത്തിനു ശേഷം ഖനനം പൂര്‍ത്തിയാകുമ്പോള്‍ സംവിധാനം പൂര്‍ണ്ണമാകുകയും പുതിയ ഹാഷുകള്‍ നിര്‍മിക്കപ്പെടാതാകുകയും ചെയ്യും. അഥവാ സംവിധാനം സ്വയം കൈമാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാകും എന്നു ചുരുക്കം.


ശേഖരണം, സംരക്ഷണം, അവകാശം
ക്രിപ്‌റ്റോകറന്‍സി ഉടമപ്പെടുത്താനുള്ള പ്രധാനമാര്‍ഗ്ഗം ഖനനം തന്നെയാണിത്. പിന്നെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാലറ്റ് സ്വന്തമാക്കിയും ഉടമപ്പെടുത്താം. ഇതോടെ അയാള്‍ സംവിധാനത്തിന്റെ ഭാഗമായി മാറുകയാണ്. തന്റെ സ്വത്ത് വെബ്‌സൈറ്റിലെ വാലെറ്റിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും വരെ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ അതു നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പകരം മറ്റൊന്നു ലഭിക്കല്‍ അസാധ്യമാണ്. ഓരോന്നും വ്യതിരിക്തമായ വസ്തുക്കളാണ് എന്നതിനാലും ഒന്നു പോലെ മറ്റൊന്നും ഉണ്ടാകില്ലെന്നതിനാലും പകരമൊന്ന് വീണ്ടെടുക്കുക എന്നതും അസാധ്യമാണ്. സൂക്ഷിക്കുന്നതെവിടെയാണെങ്കിലും ഇടപാടുകള്‍ക്കും കൈമാറ്റത്തിനും ബ്ലോക്ക് ചെയിന്‍ സംവിധാനം തന്നെ ഉപയോഗിക്കേണ്ടി വരും എന്നതാണ് മറ്റൊരു വസ്തുത. ഇന്നു നടക്കുന്ന കറന്‍സി എക്‌സ്‌ചേഞ്ച് സംവിധാനത്തില്‍ പലരും ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ട്. മൂല്യത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ലാഭം നല്‍കുന്ന ഈ രംഗത്ത് ഇവയുടെ വിനിയോഗം കൂടി വരുന്നുണ്ട് എന്നു വിലയിരുത്താം.


മൂല്യം, വ്യതിയാനം, കൈമാറ്റം
ഇവയുടെ മൂല്യനിര്‍ണ്ണയം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതാണ്. മൂല്യവ്യതിയാനം കൂടുതല്‍ ഇടപാടുകള്‍ക്ക് കാരണമാകുന്നു. കൂടുതല്‍ ഇടപാടുകള്‍ മൂല്യവ്യതിയാന (value fluctuation) ത്തിന് കാരണമാകുന്നു എന്ന വൈരുധ്യ സങ്കലനമാണ് ഈ സംവിധാനത്തിന്റെ സങ്കല്‍പം. അതായത് ഇതിനു മൂല്യം നല്‍കുന്ന ഖരവസ്തുക്കളൊന്നുമില്ല എന്ന വസ്തുതയാണ് ആദ്യം മനസ്സിലാക്കേണ്ടത്. പുറമെ ഉണ്മയില്ലാത്ത ഡിജിറ്റല്‍ വസ്തുവാണ് ക്രിപ്‌റ്റോകറന്‍സി. അപ്പോള്‍ മൂല്യം നല്‍കുന്നത് എന്താണ് എന്ന ചോദ്യം കടന്നു വരുന്നു. ഇതിനുള്ള ആവശ്യം (demand) ഇതിനു മൂല്യം നല്‍കുന്നു എന്നാണിതിന്നുള്ള ഉത്തരം. ഈ ആവശ്യം കണക്കാക്കപ്പെടുന്നത് ഇടപാടിനനുസരിച്ചാ്ണ്. കൂടുതല്‍ ഇടപാടു നടക്കുന്നു എന്നു വച്ചാല്‍ അതിനര്‍ഥം കൂടുതല്‍ ആവശ്യക്കാരുണ്ട് എന്നാണ്. അപ്പോള്‍ അതിന് മൂല്യം കൂടുകയും ഇടപാടു കുറയുമ്പോള്‍ മൂല്യത്തിന് ഇടിവു വരികയും ചെയ്യുന്നു. മാര്‍ക്കറ്റ് അവസാനിക്കുമ്പോഴുള്ള വില (closing value) എന്ന ഒരു മൂല്യം ഈ രംഗത്തുണ്ടാവില്ല. കാരണം മുഴുവന്‍ സമയവും ഇവിടെ പ്രവര്‍ത്തന സമയമാണ്. ഓരോ മിനുട്ടിലും മാറിക്കൊണ്ടിരിക്കുന്ന ഈ വാല്യുഗ്രാഫ് ഇടപാടുകള്‍ക്കും ഇടപാടുകള്‍ മൂല്യവ്യതിയാനത്തിനും കാരണമാകുന്നു. ഈ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തിന്റെ സുസ്ഥിരത അവകാശപ്പെടുന്നവരും ഉണ്ട് എന്നതാണ് വാസ്തവം.


സാധ്യതകള്‍, വെല്ലുവിളികള്‍
സാമ്പത്തികരംഗത്ത് സജീവമായ ചലനം സൃഷ്ടിക്കാന്‍ മാത്രമുള്ള അവസരങ്ങളുമായാണ് ഈ രംഗം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉടമയുടെ വ്യക്തിത്വം വ്യക്തമാക്കാതെ തന്നെ ഇടപാടുകള്‍ നടത്താനും സുരക്ഷിതമായി സ്വത്ത് സംരക്ഷിക്കാനുമുള്ള സുഗമ സംവിധാനമാണ് ഈ ശൃംഖല വാഗ്ദാനം ചെയ്യുന്നത്. വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ സമ്പത്തു സൂക്ഷിക്കാന്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നവരുണ്ട്. കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യമില്ലാതെ സ്വത്തൊളിപ്പിക്കാനുള്ള ഇടം എന്നതിനപ്പുറം കരിഞ്ചന്തകളില്‍ ഇടപാടുനടത്തുന്നതിനും ആയുധക്കച്ചവടത്തിനും മറ്റും വ്യക്തിത്വം വെളിപ്പെടുത്താതെ ഇടപാടു നടത്തുന്നതിനാണ് ഈ രംഗം ഇന്ന് സജീവമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പരാതിപ്പെടാനോ അബദ്ധങ്ങള്‍ പരിഹരിക്കാനോ കഴിവുള്ള ഉത്തരവാദിത്വത്തിന്റെ അഭാവവും ഉപജ്ഞാതാക്കളെപ്പറ്റിയുള്ള അജ്ഞതയും പ്രധാന വെല്ലുവിളികളായി നില കൊള്ളുന്നു. ഉപജ്ഞാതാക്കള്‍ക്ക് സംവിധാനത്തില്‍ എങ്ങനെയെല്ലാം കൈകടത്താനാകും എന്നതിലും അവ്യക്തതയാണ് നിലനില്‍ക്കുന്നത്. അടിസ്ഥാന മൂല്യം നല്‍കുന്ന വ്‌സ്തുക്കളുടെ അഭാവവും നിരന്തരം വ്യതിയാനം വന്നു കൊണ്ടിരിക്കുന്ന മൂല്യ സൂചികയും അന്തിമ വിലയുടെ അഭാവവും പ്രതിസന്ധിയായി നിലനില്‍ക്കുന്നു.


സ്വീകാര്യത, പ്രചാരം
ക്രിപ്‌റ്റോകറന്‍സി സംവിധാനത്തോട് ലോകരാജ്യങ്ങള്‍ സ്വീകരിച്ച നിലപാടും നടപടികളും വ്യത്യസ്തമാണ്. ഇസ്രായേലിലും ബള്‍ഗേറിയയിലും ഇത് നികുതി കൊടുക്കേണ്ട സ്വത്താണ്. സ്വിറ്റ്‌സര്‍ലന്റില്‍ ഇത് വിദേശനാണയമായി പരിഗണിക്കപ്പെടുന്നു. അര്‍ജന്റീനയിലും സ്‌പെയിനിലും ഇതു നികുതി ചുമത്തുന്ന സ്വത്താണ്. ഡെന്‍മാര്‍ക്കില്‍ നിയമപരമായ സ്വത്തായി പരിഗണിക്കുകയും നികുതി ചുമത്തുന്നതോടൊപ്പം ഇതില്‍ നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക കൂടി ചെയ്യുന്നതാണ്. യു.കെ യില്‍ കോര്‍പ്പറേഷന്‍ ടാക്‌സാണ് ഇതിന് ചുമത്തുന്നത്. കാനഡയില്‍ ഇവയുടെ ഉപയോഗം അനുവദനീയമാണ്. ഇന്ത്യയില്‍ ഇതു നിയമപരമോ നിയമവിരുദ്ധവുമോ അല്ല എന്നതാണ് നിലപാട്. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, ഒരു തരത്തിലുള്ള ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതല്ല. ലോകത്ത് ഇവക്ക് ഇന്നുള്ള പ്രചാരം മനസ്സിലാക്കാന്‍ നിക്ഷേപത്തുകയുടെ വിവരങ്ങള്‍ തന്നെ ധാരാളമാണ്. പല സ്ഥാപനങ്ങളും ക്രിപ്‌റ്റോകറന്‍സികളിലൂടെ പ്രതിഫലം കൈപ്പറ്റുന്ന സംവിധാനം നിലവില്‍ കൊണ്ടുവന്നത് ഇവയുടെ പ്രചാരത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതും ആവശ്യക്കാരെയും ഇടപാടുകാരെയും വര്‍ധിപ്പിച്ച് സജീവമാക്കുകയും ചെയ്യുന്നതിലൂടെ ഇവയുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പദ്ധതികള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ട്. തത്ഫലമായി വ്യക്തമായ ധാരണ പോലുമില്ലാതെ അനേകം പേര്‍ ഇതിന്റെ ഉപഭോക്താക്കളായി മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഈ രംഗത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവരില്‍ നിന്നും പണം സ്വീകരിച്ച് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പെട്ടെന്നുള്ള നഷ്ടങ്ങളില്‍ പിടിച്ചു നില്‍ക്കാനാകാതെ വരികയും പണം തിരിച്ചു നല്‍കാന്‍ കഴിയാതാകുകയും ചെയ്യുന്നതാണ് ഈ രംഗത്തെ മറ്റൊരു വെല്ലുവിളി. കരിഞ്ചന്തകളിലെ സജീവ വിനിയോഗത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ഈ രംഗത്ത് പെട്ടെന്ന് നിരോധനം വരികയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യുമ്പോള്‍ ഇടപാടുകള്‍ കുറയുകയും അതോടെ മൂല്യം ഇടിയുകയും ചെയ്യുന്നതാണ് മറ്റൊരു പ്രതിസന്ധി.

ഫത്‌വകള്‍, നിലപാടുകള്‍
ഇവ്വിഷയകമായി ദാറുല്‍ ഇഫ്താഇല്‍ മിസ്‌രിയ്യ പുറപ്പെടുവിച്ച വിധിയാണ് പ്രഥമ നിലപാടുകളിലൊന്ന്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകളും അപ്രകാരം ഇതിന്റെ ഉടമസ്ഥാവകാശവും സാമ്പത്തിക ഇടപാടുകളും നിഷിദ്ധമാണ്. മൈനിംഗ് കമ്പനികളില്‍ പങ്കുചേരുന്നതു പോലുള്ള സാമ്പത്തിക നീക്കങ്ങളും ഇപ്രകാരം തന്നെ. കാരണം ഇതില്‍ അനിശ്ചിതത്വം സങ്കീര്‍ണ്ണത അവിശ്വാസ്യത തുടങ്ങിയ പ്രശ്‌നങ്ങളുണ്ട് എന്നതാണ്.

ദാറുല്‍ ഇഫ്താഇല്‍ ഫലസ്തീനിയ്യയുടെ വീക്ഷണപ്രകാരം വിര്‍ച്വല്‍ നാണയങ്ങളൊന്നും തന്നെ ഇസ് ലാമികമല്ല. ഹറാം എന്നതാണ് ഇതിന്റെ വിധി. ദാറുല്‍ഇഫ്താഇസ്സഊദിയ്യ പറയുന്നത് ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു രംഗമല്ല എന്നാണ്. അതായത് ജനങ്ങളുടെ സ്വത്ത് നഷ്ടപ്പെടുത്താന്‍ പാടില്ല എന്നതു പോലെത്തന്നെ അനിശ്ചിതമായ ഇടപാടിലേക്ക് ജനങ്ങളെ തള്ളി വിടാനും പാടില്ല. മജ്‌ലിസുല്‍ ഇഫ്താഇല്‍ ജസാഇര്‍ തീരുമാന പ്രകാരം ഇതിന്റെ എല്ലാ തരം വിനിയോഗവും അപ്രാമാണികമാണ്. മജ്‌ലിസുല്‍ ഇഫ്താഇല്‍ ഇറാന്‍ പ്രഖ്യാപിച്ചത് സഭക്ക് ഇവ്വിഷയത്തില്‍ അന്തിമ തീരുമാനം ഇല്ല എന്നാണ്. ചിലര്‍ പറയുന്നത് ഇത് നിഷിദ്ധമാണെന്നും മറ്റുചിലര്‍ പറയുന്നത് ഇത് തികച്ചും അനുവദനീയമാണ് എന്നുമാണ്. ഇത് സമ്പത്ത് നഷ്ടപ്പെടുത്തലാണെന്നു പറയുന്നവരുമുണ്ട്. ആയതിനാല്‍ സഭ ഇവ്വിഷയത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നില്ല. മജ്‌ലിസുല്‍ ഇഫ്താഇര്‍ റൂസി (റഷ്യ) യുടെ നിലപാട് ഇത് എല്ലാ നിലക്കും അനുവദനീയമായ സാമ്പത്തിക സംവിധാനമാണ് എന്നാണ്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളാണ് പണ്ഡിതര്‍ക്ക് ഈ വിഷയത്തിലുള്ളത്. വിഷയത്തെ സമീപിക്കുന്ന രീതിക്കും മനസ്സിലാക്കുന്നതിലെ വ്യത്യാസത്തിനും അനുസൃതമായി വിധിയില്‍ മാറ്റം വരും എന്ന് ചുരുക്കം. കൂടുതല്‍ വ്യക്തത വരാനുണ്ട് എന്നതു കൊണ്ടാണ് പണ്ഡിതര്‍ അന്തിമ വിധി പറയാന്‍ മുതിരാത്തത് എന്നു മനസ്സിലാക്കാം.


ഇസ്ലാമിക വീക്ഷണം
ഇസ് ലാമിക വീക്ഷണപ്രകാരം വസ്തുക്കളുടെ മൂല്യമാകാന്‍ കഴിയുന്നത് സ്വര്‍ണ്ണത്തിനും വെള്ളിക്കും (നഖ്ദാനി) മാത്രമാണ്. അതല്ലാത്തവയൊന്നും മൂല്യം എന്ന ഗണത്തില്‍ പെടുന്നതല്ല. ദിര്‍ഹമും ദീനാറും ഇസ് ലാം അവതരിപ്പിച്ച നാണയ സംവിധാനമല്ലെങ്കില്‍ പോലും സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചുള്ളവയായതു കൊണ്ട് ആ സംവിധാനം നിലനിര്‍ത്തുകയായിരുന്നു. മൂല്യത്തിനനുസരിച്ചുള്ള അടിസ്ഥാനമൂല്യത്തോടു (intrinsic value) കൂടിയുള്ള നാണയ സങ്കല്‍പ്പം എന്നു സാരം. കറന്‍സിയും മറ്റു നാണയങ്ങളും അംഗീകരിക്കുന്നത് ബാങ്ക്‌നോട്ട് സംവിധാനത്തിലേക്കു നോക്കിയാണ്. അതായത് സമാനമായ അളവില്‍ സ്വര്‍ണ്ണം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ആവശ്യമാകുമ്പോള്‍ മടക്കിനല്‍കാമെന്നുമുള്ള ധാരണയില്‍ നല്‍കുന്ന ടോക്കണുകള്‍ക്കാണ് ബാങ്ക് നോട്ടുകള്‍ എന്നു പറയുന്നത്. ഇതേ ധാരണയുടെ അടിസ്ഥാനത്തിലാണ് (പില്‍ക്കാലത്ത് സ്വര്‍ണ്ണം ലഭിക്കില്ലെന്ന തീരുമാനം വന്നെങ്കിലും) കറന്‍സികള്‍ അംഗീകരിക്കുന്നത്. ഇതില്‍ നിന്നും മൂല്യം നല്‍കാന്‍ ഒന്നുമില്ലാത്ത ക്രിപ്‌റ്റോകറന്‍സി എന്ന ഡിജിറ്റല്‍ വസ്തു നാണയമോ മൂല്യമോ ആകാന്‍ കഴിയില്ല എന്നത് വ്യക്തമായി. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ മൂല്യവും അംഗീകാരവുമുള്ളതിനാല്‍ ഇതിന്റെ അടിസ്ഥാന സ്വീകാര്യത (തമവ്വുല്‍) നിഷേധിക്കാനാവില്ല. അതിനാല്‍ ഇതിനെ ഒരു വില്‍പന വസ്തുവായും ചരക്ക് (commodity) എന്ന രീതിയിലും പരിഗണിക്കാവുന്നതാണ്. ഈ വിഷയത്തില്‍ ഫത്‌വ നല്‍കിയ കര്‍മശാസ്ത്ര സംഘങ്ങള്‍ ഇതു നാണയമല്ലാത്തതിനാല്‍ ഇതു മൂല്യമാക്കിയുള്ള ഇടപാടുകള്‍ സ്വീകാര്യമല്ല എന്നും നാണയമാക്കാനുള്ള യോഗ്യതയില്ലാത്ത ഇതിനെ സ്വീകരിക്കാവതല്ല എന്നുമാണ് വിധി നല്‍കിയിട്ടുള്ളത്. എന്നാല്‍, കച്ചവടത്തിന്റെ സ്വീകാര്യത ഇടപാടുകാരുടെ തൃപ്തി (തറാളി) യില്‍ അധിഷ്ഠിതമാണ് എന്നതിനാല്‍ ചരക്ക് എന്ന രൂപത്തില്‍ ഇതിന്റെ ഇടപാട് അംഗീകരിക്കാവുന്നതാണ്. ഉപകാരമില്ലാത്ത ഇതിനെ എന്തിനു സ്വീകരിക്കുന്നു എന്നതിനുത്തരം അത് ആപേക്ഷികമാണ് എന്നതാണ്.

മൈനിംഗില്‍ നടക്കുന്ന പ്രവൃത്തി ജുആലയാണെന്നു പറയാം. അതായത് നിശ്ചിത പ്രവൃത്തി ആരു ചെയ്താലും അയാള്‍ക്ക് പ്രതിഫലമായി നിര്‍ണ്ണിത തുക നല്‍കുമെന്നു പ്രഖ്യാപിച്ചുള്ള ഇടപാടു പോലെ. നഷ്ടപ്പെട്ട അടിമയെയോ വസ്തുവോ തിരിച്ചെത്തിക്കുന്നയാള്‍ക്ക് ഇനാം പ്രഖ്യാപിക്കുന്നതും ഇതില്‍ പെടും. അഞ്ചു മിനിട്ടിനുള്ളില്‍ ആര് ഇടപാട് പൂര്‍ത്തീകരിക്കുന്നതിനായി ഗണിതസൂത്രം പൂര്‍ത്തിയാക്കുന്നോ അയാള്‍ക്ക് നിശ്ചിത കണക്കില്‍ ക്രിപ്‌റ്റോകറന്‍സി ലഭിക്കുന്നതാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടതു പോലെയാണ് ഇതും എന്നര്‍ത്ഥം. അതല്ലെങ്കില്‍ നിശ്ചിത പ്രതിഫലം നിശ്ചയിച്ച് നിബന്ധനയേതുമില്ലാതെ ജോലിയേല്‍പ്പിക്കുകയും (ഇജാറ) പ്രതിഫലം (ഉജ്‌റ) അയാളുടെ ജോലിയുടെ ഫലത്തില്‍ നിന്നു തന്നെ നല്‍കുകയു ചെയ്യുന്ന പോലെയാണ് എന്നു വെക്കാം. ഒരാളെ മാവു കുഴക്കുന്നതിനായി കൂലിക്കെടുക്കുകയും ആദ്യം നിശ്ചയിക്കപ്പെട്ട കണക്കില്‍ മാവു കുഴച്ചതില്‍ നിന്നും പ്രതിഫലമായി നല്‍കുന്നതു പോലെയാണത്. ഖനനം നടത്തുന്നയാളെ കൂലിക്ക് വിളിക്കുകയും അയാള്‍ക്ക് പ്രതിഫലമായി അയാളുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ട ഹാഷില്‍ നിന്നും നിശ്ചിത ഭാഗം നല്‍കുകയും ചെയ്യുകയാണ് ഈ പ്രവര്‍ത്തനത്തില്‍.

ഇതൊക്കെയാണ് വീക്ഷണമെങ്കിലും ഉപജ്ഞാതാക്കളെപ്പറ്റിയുള്ള അജ്ഞത നില നില്‍ക്കുകയും അവര്‍ക്കിതില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റിയുള്ള അവ്യക്തതയും നിലനില്‍ക്കുന്നത് വഞ്ചന (ഗറര്‍) ക്കുള്ള സാധ്യതയാണെന്നും അതിനാല്‍ ഈ രംഗം അഭികാമ്യമല്ല എന്നുമാണ് പണ്ഡിതമതം. ഇതിന് നിശ്ചിത നിബന്ധനകള്‍ വെച്ച് അനുവദനീയമാണെന്ന് വിധി പറഞ്ഞ പണ്ഡിതരുമുണ്ട്. അതായത് കൃത്യമായ ഒരു അതോറിറ്റിയുള്ള (ഫെയ്‌സ്ബുക്കിന്റെ ലിബ്ര ഉദാഹരണം) ക്രിപ്‌റ്റോകറന്‍സിയില്‍ കൃത്യമായ ധാരണയോടു കൂടിയാകണം എന്നതാണ് നിബന്ധന. ഇതുമായി ബന്ധപ്പെട്ട സജീവമായ ചര്‍ച്ചകള്‍ പണ്ഡിതര്‍ക്കിടയില്‍ നടന്നിട്ടും ഇവ്വിഷയകമായി ഇനിയും വ്യക്തത വരാനുണ്ട് എന്നാണ് പണ്ഡിതര്‍ നിഗമിച്ചത്. ഡിജിറ്റല്‍ സ്‌ക്രീനിനു പുറത്ത് ഉണ്‍മയില്ലാത്ത ഈ രംഗത്തെ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല പണ്ഡിതര്‍ സ്വീകരിച്ചിട്ടുള്ളത്. ഇനിയും വ്യക്തത വരേണ്ടതുള്ള ഈ രംഗത്തെപ്പറ്റിയുള്ള വിശകലനങ്ങള്‍ ഇനിയും നടക്കേണ്ടതുമുണ്ട്.


അനുബന്ധം
ക്രിപ്‌റ്റോകറന്‍സി എന്ന പേരു പറയുമ്പോള്‍ തന്നെ യഥാര്‍ഥ കറന്‍സിയല്ല എന്നും ആലങ്കാരിക പ്രയോഗമായി കറന്‍സി എന്ന പദം ചേര്‍ത്തു പരിചയപ്പെടുത്തുകയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. പ്രവര്‍ത്തിപഥത്തില്‍ കറന്‍സിക്കു പകരം നില്‍ക്കാന്‍ പര്യാപ്തമല്ല എന്ന ബോധ്യത്തോടെയാണ് ക്രിപ്‌റ്റോകറന്‍സി എന്ന് ഈ പ്രച്ഛന്നഗണിത വസ്തുവിന് പേരു നല്‍കുന്നതും ഇടപാടു നടത്തുന്നതും.

ഹാശിര്‍ യാഹുദ്ദീന്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.