ന്യൂനപക്ഷങ്ങള്‍ അതിഭീകരമായ ദുരനുഭവങ്ങള്‍ നേരിടുന്ന നാടാണ് ആസ്സാം, വിശേഷിച്ച് ബംഗാളി വംശജരായ നിയോ ആസ്സാമീസുകള്‍. നാ- അസാമിയ, മിയ മുസ്ലിം എന്നൊക്കെ ഇവര്‍ അറിയപ്പെടുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആസ്സാം. 2011ലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം 3.12 കോടി ജനങ്ങളുള്ള അസമിലെ 34.22 ശതമാനവും മുസ്ലിം ജനവിഭാഗമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ അടുത്ത കാലത്തായി അവര്‍ നിരന്തരം വേട്ടയാടപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും. ഉത്തരം വളരെ ലളിതമാണ് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം ഭാരതത്തിന്റെ മഹത്തായ മതേതര സംസ്‌കാരത്തെ മെല്ലെ മെല്ലെ മായ്ച്ചു കൊണ്ടിരിക്കുന്നു.
നിലവില്‍ ദരാജ് ജില്ലയിലെ ധോല്‍പൂരില്‍ നടക്കുന്നത് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ കുടിയൊഴിപ്പിക്കലാണ് പോലീസ് ഭാഷ്യമെങ്കിലും യാധാര്‍ത്ഥ്യം മറ്റൊന്നാണ്, അസാമിസ് സനാതന സംസ്‌കാരവും തദ്ദേശീയ വാദവും ഉയര്‍ത്തികൊണ്ടുവന്ന് വിത്യസ്ത മത സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയെന്നതാണ്.
കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചു ബിജെപിയിലേക്കു ചേക്കേറി ഇപ്പോള്‍ അസാം മുഖ്യമന്ത്രിയായ ഹിമന്ത് ബിശ്വ ശര്‍മ്മയുടെ വാക്കുകളില്‍ നിന്നതു വളരെ വ്യക്തവുമാണ്, ‘നാം പശുവിനെ ആരാധിക്കുന്നു മഞ്ഞളും പയറും അഭിഷേകം ചെയ്തു അവയെ പൂജിക്കുന്നു, നമുക്ക് മൂന്ന് ആഘോഷങ്ങളുണ്ട് ഇങ്ങനെ മഹത്തായ സനാതന സംസ്‌കാരം പുലര്‍ത്തുന്ന നമ്മുടെ ഭൂമിയില്‍ വെച്ച് മുസ്ലിംകള്‍ ഗോമാംസം ഭക്ഷിക്കുന്നത് നമുക്ക് വെച്ചു പൊറുപ്പിക്കാനാവുമോ?’. കഴിഞ്ഞ ബി ജെ പി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സന്ദര്‍ഭത്തിലും ഇദ്ധേഹം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന 700 മദ്രസ്സകളും സംസ്‌കൃത സ്‌കൂളുകളും അസമില്‍ അടച്ചുപ്പൂട്ടുകയും ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും മുസ്ലിം സമുദായത്തെ ഇല്ലാഴ്മ ചെയ്യാനുള്ള ഫാസിസ്റ്റ് കുടില മനോഭാവത്തിന്റെ കപട മുഖമായിട്ട് നാം ഇതിനെ വിലയിരുത്തുക തന്നെവേണം.
ഹിന്ദുത്വ അജണ്ടയും സര്‍ക്കാര്‍ ഒത്താശയും
മുസ്ലിം ജനസംഖ്യ ഗണ്യമായി വര്‍ദ്ധിക്കുന്നതുമൂലം സാമ്പത്തിക അസന്തുലിതത്വവും തൊഴിലവസരമില്ലാഴ്മയും രൂപപ്പെടുന്നുവെന്നും അതിലുപരിയായി മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി ആസ്സാം പില്‍ക്കാലത്ത് പരിവര്‍ത്തിക്കപ്പെടുമെന്നുമുള്ള പച്ചയായ നുണകള്‍ അവിടെയുള്ള തദേശിയരായ ഗോത്ര വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കുത്തിവെച്ച് മുസ്ലിം വിരുദ്ധ ചേരിയെ സൃഷ്ടിക്കുന്ന സംഘപരിവാരത്തിന്റെ ഈ സംഘടിത നീക്കം ഭരണകൂട കൊലപാതകങ്ങളുടെയും കലാപങ്ങളുടേയും ദുരന്ത ഭൂമിയായി നമ്മുടെ രാജ്യത്തെ കൊണ്ടെത്തിക്കുന്നതിലേക്കാണ് നയിക്കുന്നത്.
2018 ഫെബ്രുവരി 22 ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഡല്‍ഹിയിലെ ഒരു സെമിനാറില്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പരസ്യമായി പ്രഖ്യപിച്ച കാര്യങ്ങളും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ ഭൂമി കയ്യേറിയവരെ കുടിയൊഴിപ്പിക്കുന്ന സാധാരണ സംഭവമായി ഈ നടപടിയെ കാണാന്‍ കഴിയില്ല. അയാള്‍ പ്രസ്താവിച്ചത് ‘അസമിലെ വിവിധ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നത് ആശങ്കയോടെ കാണണം, മേഖലയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍ ആദ്യം അഞ്ചായിരുന്നെങ്കില്‍ ശേഷമത് എട്ടും ഒമ്പതും ആയിരിക്കുന്നു ,ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ’ ‘ബദ്രുദ്ദീന്‍ അജ്മല്‍ എന്നയാള്‍ നയിക്കുന്ന എഐയുഡിഎഫ് എന്നൊരു പാര്‍ട്ടിയുണ്ട്. അവരുടെ വളര്‍ച്ച ശ്രദ്ധിച്ചാല്‍ അറിയാം, ബിജെപി വര്‍ഷങ്ങളെടുത്തു വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അതിന്റെ വളര്‍ച്ച. 1984 ല്‍ ബി.ജെ പിക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത് എന്നാല്‍ 2005 ല്‍ രൂപികരിക്കപ്പെട്ട AlUDF (ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) ന് നിയമസഭയില്‍ നിലവില്‍ പതിമൂന്ന് അംഗങ്ങളും പാര്‍ലിമെന്റില്‍ മൂന്ന് അംഗങ്ങളുമുണ്ട്. പാക്കിസ്ഥാന്‍ ചൈനയുടെ പിന്തുണയോടെ നടത്തുന്ന നിഴല്‍ യുദ്ധമാണിത് അതിനാല്‍ ശക്തമായ നടപടികള്‍ കേന്ദ്രം കൈകൊള്ളും’ .
ഈ വിവാദ പരാമര്‍ഷത്തിനു ശേഷമായിരുന്നു മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ പൗരത്വ നിയമം പാസാക്കിയതും അസമില്‍ നിരവധി പേരെ തദേശിയരല്ലെന്നു വിധിച്ച് ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചതിലിട്ടടച്ചു പൂട്ടിയതും.
ഹിന്ദുത്വ രാഷ്ട്രമെന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കാന്‍ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും കുടിയേറ്റക്കാരെന്നും കുറ്റം ചുമത്തി പ്രബല ന്യൂനപക്ഷ സമുദായമായ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ആസൂത്രിത നീക്കങ്ങളുടെ ആവര്‍ത്തനം തന്നെയാണ് കഴിഞ്ഞ ഏതാനു ദിവസങ്ങളില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ധോല്‍പൂരിലെ പോലീസ് നരനായാട്ടിലൂടെ മറനീക്കി പുറത്തുവന്നതും. ഏകദേശം എണ്ണൂറോളം കുടുംബങ്ങളെ ഇതിനോടകം കുടിയിറക്കി ആട്ടിയോടിക്കുകയും അനവധി ആരാധനാലയങ്ങള്‍ നിര്‍ദാക്ഷിണ്യം തകര്‍ത്തുകളയുകയും ചെയ്തു. മാത്രമല്ല മനുഷ്യത്വ രഹിതമായ ഈ നടപടിയുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ്മ സന്ദേഹരഹിതമായി വ്യകത്മാക്കുകയും ചെയ്തതോടെ കലുഷിതമായ സാഹചര്യമാണ് അസമിലെ മുസ്ലിംകളെ കാത്തിരിക്കുന്നതെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു.
ചരിത്രപരമായ കാരണങ്ങള്‍
എന്നാല്‍ അസമിലെ മുസ്ലിം ജനസംഖ്യ വളര്‍ച്ചക്ക് ചരിത്രപരമായ മറ്റൊരു കാരണമുണ്ട്, ആ വസ്തുതയെ ബോധപൂര്‍വ്വം വിസ്മരിച്ചിട്ടാണ് അസാമിയ സനാതന സംസ്‌കാരവും തദേശീയവാദവും ഉയര്‍ത്തിപ്പിടിച്ച് മതവിദ്വേഷത്തിന്റേയും വിഭാഗീയതയുടെയും തീ പ്പൊരി ആളികത്തിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ആവതും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ആസാമില്‍ ഇസ്ലാമിക പ്രചരണം ആരംഭിച്ചത്. പിന്നീട് പലപ്പോഴായി ഇന്ത്യയെ മാറി മാറി ഭരിച്ച മുസ്ലിം രാജഭരണങ്ങളും അധിനിവേഷ ശക്തികളും അതിനൊരു നിധാനമായിവര്‍ത്തിച്ചു,എന്നാല്‍ ഇതിനെല്ലാം ഉപരിയായി പതിനാലാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ നിന്നുള്ള ആത്മീയ ഗുരു ശൈഖ് ഗിയാസുദ്ധീന്‍ ഔലിയയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സൂഫീകള്‍ വന്നതോടുകൂടിയാണ് വലിയ തോതിലുള്ള ഇസ്ലാമിയ വ്യാപനവും സ്വാധീനവുംഅസമിലുണ്ടായത്.
അദ്ധേഹം മക്കയില്‍ നിന്ന് ഒരു പിടി മണ്ണുകൊണ്ടുവന്ന് ഗരുരാചാല ക്കുന്നിന്‍ മുകളില്‍ പ്രതിഷ്ഠിക്കുകയും പില്‍ക്കാലത്ത് അവിടം ഒരു ഖാന്‍ ഗാഹ് നിര്‍മിക്കുകയും ബര്‍മഖാം പൊവ മക്ക എന്നപേരിലതറിയപ്പെടുകയും ചെയ്തു.
മക്കയില്‍ വെച്ചു നിര്‍വഹിച്ചാല്‍ ലഭിക്കുന്ന ആത്മീയ പവിത്രതയുടെ നാലിലൊന്ന് ഇവിടം വെച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ നേടാനാകുമെന്നാണ് വിശ്വാസം, അതുകൊണ്ടു തന്നെ Poa Mecca ( quarter of Mecca) എന്ന പേരിലതു പ്രസിദ്ധമായി.
മറ്റൊരു കാരണം കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുക്കാരും മാര്‍വാഡികളും അസമിലെ ചായത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ യധേഷ്ടം മുസ്ലിംതൊഴിലാളി കിഴക്കന്‍ ബംഗാളില്‍ നിന്ന് കൊണ്ടുവരികയും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പില്‍ക്കാലത്തവരവിടെ സ്ഥിര താമസക്കാരാവുകയും ചെയ്തു, ഇവര്‍ മിയ മുസ്ലിംകളെന്നും നാ- അസാമിയ ( ബംഗാളി വംശജരായ നിയോ ആസ്സാമികള്‍) എന്നും അറിയപ്പെട്ടു.
ഇന്ന് ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് കാല പത്തിന്റെ കൊടിയുയര്‍ത്തുന്നത് ഇവര്‍ക്കെതിരെയാണ്. അതിനുള്ള സുപ്രധാന കാരണംഅസമിലെ നാല് പ്രധാന മുസ്ലീം വംശീയ ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണ് ഈ പറയപ്പെട്ട നാ-അസാമിയകള്‍ , അവര്‍ മാത്രം അസമിലെ വോട്ടര്‍മാരുടെ മൂന്നിലൊന്ന് ഭാഗം പങ്കിടുന്നുണ്ട്, കൂടാതെ മറ്റു തദേശിയരെന്നറിയപ്പെടുന്ന ദേശി, മാരിയ, ഗൗരിയ, തുടങ്ങിയ നൂറ്റാണ്ടുകള്‍ക്കു മുന്നേ ഇസ്ലാം സ്വീകരിച്ച മുസ്ലിം വിഭാഗങ്ങളേക്കാള്‍ താരതമ്യേന വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും മികച്ചു നില്‍ക്കുന്നവരും ഇവരാണ് , മാത്രമല്ല കേരളത്തിലെ മുസ്ലിംകള്‍ അറബി മലയാളം ഭാഷയായി സ്വീകരിച്ചതു പോലെ ബംഗാളിയും ആസാമിയും കലര്‍ന്ന പ്രാദേശിക ഭാഷയുമുണ്ടവര്‍ക്ക്, നിരവധി കഥകളും കവിതകളും സാഹിത്യകൃതികളും ഈ ഭാഷയില്‍ അവര്‍ക്കിടയില്‍ രചിക്കപ്പെട്ടിട്ടുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ആസാമീസ് ഭാഷ ഔദ്യോഗികമായി അംഗീകരിക്കുകയും കുട്ടികളെ ആസാമീസ് മീഡിയം സ്‌കൂളുകളിലേക്ക് അയയ്ക്കുകയും അസമീസ് സംസ്‌കാരത്തിന്റെ മുഖ്യധാരയില്‍ ലയിച്ചു ചേരുകയും ചെയ്തവരാണവര്‍, അതോടുകൂടെ തങ്ങള്‍ക്കു ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇന്നുവരെ ഒരു ബംഗാളി -മീഡിയം സ്‌കൂള്‍ പോലും അവര്‍സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുമില്ല.
ഇത്രത്തോളംതലമുറകളായി അസാമിയ സംസ്‌കാരത്തോടും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പാശ്ചാതലത്തോടും ഇഴചേര്‍ന്നു നിന്നിട്ടും അംഗീകരിക്കാന്‍ മുതിരാതെ ആട്ടിയോടിക്കപ്പെടേണ്ട വംശമായി അസമിലെ ഈ മനുഷ്യരെ മുദ്രകുത്തുന്നുവെങ്കില്‍ മുസ്ലിംകളെ ലാക്കാക്കിയുള്ള വംശശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണിതെന്നു സാമാന്യ ബോധമുള്ളവന് അനുമാനിക്കാവുന്നതാണ്.
അസമിലെ 2001-2011 ലെ ജനസംഖ്യ നിരക്കിനേക്കാള്‍ 2021 ലെ മുസ്ലിം ജനസംഖ്യ 29 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, 2011 ല്‍ 34. 22 ശതമാനം മാത്രമാണ് മുസ്ലിംകള്‍ ഉണ്ടായിരുന്നെങ്കില്‍ 2021ല്‍ അത് മൊത്തം ജനസംഖ്യയുടെ 40.03 ശതമാനമായി തീരുമെന്നും സംഘപരിവാര്‍ സംഘടനകളുംസില്‍ബന്തികളും തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി , എന്നാല്‍ നാഷ്യണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം 2005-2006 ലെ മുസ്ലിം ഉമ്മമാരുടെ പ്രസവനിരക്ക് ഒരാള്‍ക്ക് 3.6 ശതമാനമായിരുന്നെങ്കില്‍ 2019 -20 ല്‍ അത് 2.4 ആയി കുറയുകയാണ് ചെയ്തിട്ടുള്ളത്, ഒന്നും കൂടി വ്യക്തമായി പറഞ്ഞാല്‍ പ്രസവനിരക്ക് മുന്‍കാലത്തേക്കാള്‍ 1.3 ശതമാനമായി ചുരുങ്ങിയിരിക്കുന്നു, അതേസമയം ഇതേ വര്‍ഷത്തിനിടക്ക് ഹിന്ദു പോപ്പുലേഷനില്‍ വന്ന കുറവ് വെറും 0.4 ശതമാനവും മാത്രമാണ്.
ഇതാണ് വസ്തുതയെന്നിരിക്കെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പടച്ചുവിട്ടു മുസ്ലിം വിരുദ്ധ വികാരം കൊഴുപ്പിക്കുകയും അതുവഴി അധികാര സിംഹാസനങ്ങള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന ഹീനമായ ഈ ഫാഷിസ്റ്റ് ഗൂഢതന്ത്രം നമ്മുടെ രാജ്യത്തിനും മതേതര ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കും വന്‍ ഭീഷണിയും വെല്ലുവിളിയുമാണ്.
അത് കൊണ്ട് തന്നെ തദ്ദേശീയത ബോധവും സനാതന സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച് അപരമത വൈര്യവും വെറുപ്പും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ആര്‍ എസ്സ് എസ്സ് ഹിന്ദുത്വ ദേശിയ വാദികളുടെ അരമനകളില്‍ ആസൂത്രണം നടത്തി സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചെയ്യുന്ന മുസ്ലിംവിരുദ്ധ കലാപമായിട്ടു തന്നെ ഇതിനെ കാണണം, ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ മാത്രംലക്ഷ്യമാക്കി സംഘ പരിവാര്‍വര്‍ഗ്ഗീയ സംഘടനകള്‍ നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പെരുംനുണകളെ കയ്യടിച്ചു.
പ്രോത്സാഹിപ്പിക്കുന്ന ഈ ഭരണകൂട പ്രവണത കലാപ കലുഷിതമായ അന്തരീക്ഷത്തിനു കളമൊരുക്കുമെന്നതില്‍ സന്ദേഹമില്ല, മതവിദ്വേഷത്തിന്റെയും വെറുപ്പിന്റേയും തീ ഊതി കത്തിക്കാതെ ആവതും വേഗത്തില്‍ ഊതിക്കെടുത്താനാണ് ഉത്തരവാദിത്വപ്പെട്ട ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്, എങ്കിലേ പാരസ്പര്യത്തിന്റേയും അപരമത സ്‌നേഹത്തിന്റേയും മനോഹരമായ ചരിത്ര ങ്ങള്‍ ഇനിയും നമുക്ക് പകര്‍ന്നു നല്‍കാന്‍ കഴിയൂ, അതിനു കാലപങ്ങളും കൂട്ടക്കുരുതികളുമില്ലാത്ത മനുഷ്യത്വ ലോകം കെട്ടിപ്പടുക്കുവാന്‍ നമുക്കാവണം.
Add comment