Home » Article » ലൗ മുതല്‍ ലാന്‍ഡ് വരെ: ജിഹാദോഫോബിയ പ്രഹസനമാകുമ്പോള്‍

ലൗ മുതല്‍ ലാന്‍ഡ് വരെ: ജിഹാദോഫോബിയ പ്രഹസനമാകുമ്പോള്‍

പാലാ ബിഷപ്പ് മാര്‍ ജോസഫിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തോടെ വീണ്ടും ഇസ്ലാമോഫോബിയ വമിപ്പിക്കുന്ന ജിഹാദാരോപണങ്ങളുടെ വെടിക്കെട്ടുകള്‍ ഒന്നൊന്നായി പൊട്ടിത്തുടങ്ങിയിരിക്കുകയാണ്.

ഒരു വസ്തു വിനോടുള്ള അമിതവും, അകാരണവും, അതിതീവ്രമായ ഭയത്തെയാണ് ‘ഫോബിയ’ എന്ന് വിളിക്കുന്നത്. ഇതില്‍ നിന്നും ഉറവെടുത്ത ‘ഇസ്ലാമോഫോബിയ’ ആഗോളതലത്തിലെ ചില ഗൂഡതന്ത്രങ്ങളുടെ ഫലമാണ്. ‘ഇസ്ലാമോഫോബിയ’ (ഇസ്ലാംഭീതി)യെ പറ്റിയുള്ള ‘georgetown university’ യുിലെ പഠനം ഇങ്ങനെ സൂചിപ്പിക്കുന്നു: Islamophobia is an extreme fear of and hostility towards islam and muslims. it often leads to hate speech and hate crimes, social, political discrimination ( ഇസ്ലാമോഫോബിയ ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അതിതീവ്ര ഭയവും ശത്രുതയുമാണ്. ഇത് പലപ്പോഴും വിദ്വേഷ പ്രസംഗങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും സാമൂഹികവും രാഷ്ട്രീയവുമായ വിവേചനത്തിലേക്കും നയിക്കുന്നുണ്ട്)

ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിലും നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിന്റെ സുന്ദരമായ ധ്വനികള്‍ തെറ്റായി വരച്ചുകാട്ടിയും ദുര്‍വ്യാഖ്യാനിച്ചു കൊണ്ടുമുള്ള ഈ പ്രവണത സംഘപരിവാറും ചില സഭകളുമാണ് മുഖ്യ അജണ്ടയായി ഏറ്റെടുത്തിട്ടുള്ളത്. അത് ഒരു പരിധിവരെ മുസ്ലിം ന്യൂനപക്ഷ വിരുദ്ധ വികാരം ശക്തമാക്കാനും അതുവഴി ആസൂത്രിത കലാപങ്ങള്‍ സൃഷ്ടിച്ചെടുക്കാനും അവര്‍ക്ക് എളുപ്പമാക്കി. മതസൗഹാര്‍ദത്തിന്റെ കഥകള്‍ പറയുന്ന സമൂഹത്തില്‍ പോലും ഇസ്ലാമിന് ഭീതിതമായ പരിവേഷം ചാര്‍ത്തി കൊണ്ട് പൊതുസമൂഹത്തില്‍ നിന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തിയും ചരിത്രത്തെ തന്നെ മായ്ച്ച് കൊണ്ടും അവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയായിരുന്നു. പ്രധാനമായും ജിഹാദ് എന്ന പദത്തെ ചുറ്റിപിടിച്ചു കൊണ്ടാണ് ഇസ്ലാമോഫോബിക് തരംഗം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്.

തെറ്റിദ്ധരിക്കപ്പെടുന്ന ജിഹാദ്

പറഞ്ഞുകേട്ട ഒരു നാടോടിക്കഥയുണ്ട്. ഒരുപാട് നാട്ടുരാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഒരു ആഫ്രിക്കന്‍ ദേശത്തെ നാട്ടുരാജാവിന്റെ അടുത്തേക്ക് ഹഷീം..ഹഷീം..എന്ന് നിലവിളിച്ച് കൊണ്ട് എവിടെ നിന്നോ ഒരു അറബി പാഞ്ഞെത്തി.. രാജാവിന് ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ തന്റെ ഭാഷയില്‍ എന്തൊക്കെയോ അലറി വിളിച്ചു. ആകെ കുഴങ്ങിയ രാജാവിന് സഭയിലെ അല്‍പഭാഷാജ്ഞാനി (മുറിഭാഷാപണ്ഡിതന്‍) വിവര്‍ത്തനം ചെയ്തു കൊടുത്തു: പ്രഭോ, ഹഷീം എന്ന രാജാവും സൈന്യവും നമ്മുടെ അയല്‍ നാട്ടുരാജ്യങ്ങളെ ആക്രമിച്ചു കൂട്ടക്കുരുതി ചെയ്തിട്ടുണ്ട്. അവര്‍ ഇങ്ങോട്ടേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഇത് കേള്‍ക്കേണ്ട താമസം രാജാവ് സൈന്യവുമായി നീങ്ങി. കഥ ചുരുക്കിപ്പറഞ്ഞാല്‍ അല്‍്പജ്ഞാനിയെയും വിശ്വസിച്ച് പടനയിക്കാന്‍ പോയ രാജാവിന് ‘ഹഷീം’ എന്നാല്‍ (അറബിയില്‍) ‘കാട്ടുതീ’യാണ് എന്ന് തിരിച്ചറിയാന്‍ സൈന്യവുമായി അവിടം വരെ പോയി അല്‍പം പൊള്ളലേല്‍ക്കേണ്ടി വന്നത്രേ.. ഈ പറഞ്ഞ കഥയും കഥാ പാത്രവും നാഴികക്ക് നാല്‍പതുവട്ടം ‘ജിഹാദ്’ വിളിയുമായി മുസ്ലിം സമൂഹത്തിന്റെ മേല്‍ കുതിര കയറുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകളോടും സഭകളോടും സാമ്യത തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. (തെളിച്ചം മാസിക, ഫെബ്രുവരി 2021)

ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. വിവിധ ദേശങ്ങളില്‍ നടക്കുന്ന വിമോചന പോരാട്ടങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും മാനവികതക്കു തന്നെ ഭീഷണിയായിത്തീരുന്ന ഭീകരവാദത്തെപ്പറ്റിയുള്ള അപഗ്രഥനങ്ങളിലും ഇസ്ലാമിനെയും മുഹമ്മദ് നബി(സ)യെയും പ്രതിചേര്‍ത്തുകൊണ്ടുള്ള പഠനങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പദമാണത്. ജിഹാദെന്ന ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഒഴുകുന്ന രക്തവും കരയുന്ന വ്രണിതരും തകരുന്ന കെട്ടിടങ്ങളും നിരയായി കിടക്കുന്ന ശവശരീരങ്ങളും സ്ഫോടനത്തില്‍ നിന്നുയരുന്ന അഗ്നിസ്ഫുലിംഗങ്ങളും തോക്കും വാളും കഠാരയും മുഖംമൂടിയണിഞ്ഞ ആയുധധാരികളുമാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. ജിഹാദ് എന്ന പദവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പരികല്പനയുടെ സ്വാധീനം നമ്മുടെ മാധ്യമങ്ങളിലും പൊതുവ്യവഹാരങ്ങളിലുമെല്ലാം കാണാന്‍ കഴിയും.

കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും മേശപ്പുറത്തെ എളുപ്പ റഫറന്‍സിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഇംഗ്ലീഷ് നിഘണ്ടുവായ ‘റീഡേഴ്സ് ഡൈജസ്റ്റ് ഓക്സ്ഫോര്‍ഡ് കംപ്ലീറ്റ് വേള്‍ഡ് ഫൈന്‍ഡര്‍’ ജിഹാദിനെ നിര്‍വചിക്കുന്നത് ‘അവിശ്വാസികള്‍ക്കെതിരെ മുസ്ലിംകള്‍ നടത്തുന്ന വിശുദ്ധയുദ്ധം’ എന്നാണ്. വിശദമായ ഇംഗ്ലീഷ് പദപഠനത്തിന് ഉപയോഗിക്കപ്പെടുന്ന ‘വെബ്സ്റ്റേഴ്സ് എന്‍സൈക്ലോപീഡിക് ഡിക്ഷണറിയില്‍ ‘മുസ്ലിംകള്‍ പരിശുദ്ധ ഉത്തരവാദിത്തമായി പരിഗണിക്കുന്ന വിശുദ്ധയുദ്ധം’ എന്നും ‘ഒരു ആശയത്തിനോ തത്ത്വത്തിനോ വേണ്ടി നടത്തുന്ന ഉജ്വലമായ, പലപ്പോഴും കയ്പേറിയ കുരിശു യുദ്ധം’ എന്നുമാണ് ജിഹാദിന് നല്‍കിയിരിക്കുന്ന രണ്ട് നിര്‍വചനങ്ങള്‍. ‘മുഹമ്മദീയര്‍ നടത്തുന്ന പോര്; മതപ്രചാരണാര്‍ത്ഥം ഇസ്ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം’ എന്നാണല്ലോ മലയാള ഭാഷാകാരന്‍മാരില്‍ പ്രമുഖനായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ പ്രസിദ്ധമായ ‘ശബ്ദ താരാവലി’യില്‍ ജിഹാദിനെ നിര്‍വചിച്ചത്. പ്രൊഫ: ഇ.പി. നാരായണ ഭട്ടതിരിയുടെ അസ്സീസി മലയാളം നിഘണ്ടുവിലാകട്ടെ, ‘മുസ്ലിംകളുടെ വിശുദ്ധയുദ്ധം; മതത്തിനു വേണ്ടിയുള്ള യുദ്ധം; കുരിശു യുദ്ധം; മിന്നലാക്രമണം പോലെ പെട്ടെന്നുള്ള ആക്രമണം’ എന്നീ നാല് അര്‍ഥങ്ങള്‍ നല്‍കിയിട്ടുണ്ട്, ജിഹാദിന്. നിഘണ്ടുകള്‍ വ്യാപകമായി നിര്‍മിക്കുവാനാരംഭിച്ച പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും തന്നെ ജിഹാദെന്നാല്‍ കുരിശുയുദ്ധത്തിന് സമാനമായ ഇസ്ലാമിക സംജ്ഞയാണെന്ന ധാരണ നിലനിന്നിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നു. (സ്‌നേഹസംവാദം വെബ്‌സിന്‍ ഏപ്രില്‍ 6, 2021)

ജിഹാദ് എന്ന അറബി പദത്തില്‍ അല്‍പജ്ഞാനം കൊണ്ട് അള്ളിപ്പിടിച്ചു കൊണ്ട് ലവ് ജിഹാദ്, യുപിഎസ് ജിഹാദ്, എന്നിവയില്‍ തുടങ്ങി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക ജിഹാദില്‍ എത്തിനില്‍ക്കുന്നു ജിഹാദ് ആരോപണങ്ങള്‍. ഈ സംഭവ വികാസങ്ങളെക്കുറിച്ച് പ്രമുഖ ഇന്ത്യന്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് ഷബ്നം ഹാഷ്മി അല്‍ജസീറ-യോട് പ്രതികരിച്ചത് ഇങ്ങനെയാണ് ‘ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തികച്ചും ഇസ്ലാമോഫോബിക് അന്തരീക്ഷമാണ്.ഓരോ അവസരവും തീവ്ര വലതുപക്ഷ ഹിന്ദുക്കള്‍ മുസ്ലിംകളെ ആക്രമിക്കാന്‍ ഉപയോഗപ്പെടുത്തുന്നു’ (തെളിച്ചം, ഫെബ്രുവരി 2021)

ലൗ ജിഹാദ്

കേരളത്തിലെ മുസ്ലിം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍, ഹിന്ദു യുവതികളെ പ്രേമം നടിച്ചു മതം മാറ്റി വിവാഹം ചെയ്യുകയും ഇറാഖിലും സിറിയയിലും കൊണ്ടുപോയി കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു എന്നതാണ് സംഘപരിവാര്‍ മുസ്ലിം സമൂഹത്തിനു മേല്‍ ഉന്നയിക്കുന്ന ആരോപണം. ഇത്തരമൊരു മതംമാറ്റം സംഘടിത തീവ്രവാദത്തിന്റെ ഭാഗമാണെന്ന വാദവുമായാണ് അവര്‍ കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് കോടതികള്‍ ഈ വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തെളിവും ലഭിക്കാതെ ഒടുക്കം അന്വേഷണത്തിന് സ്റ്റേ ചെയ്യുകയാണുണ്ടായത്.

എന്നാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട് വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അപമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികളുടെ പുതിയ കണ്ടെത്തലാണ് ലൗ ജിഹാദ് എന്നും അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് തല്‍്പരകക്ഷികളുടെ കുപ്രചരണത്തെ സാമാന്യവത്കരിക്കലാണെന്നും കേരള ഇമാംസ് കൗണ്‍സില്‍ ആരോപണമുന്നയിച്ചിട്ടുണ്ട് (മാതൃഭൂമി ഒക്ടോബര്‍ 4 2019). അതേസമയംതന്നെ സംഘപരിവാറിന്റെ ഈ നുണ പ്രചാരണത്തിന് കരുത്തുപകര്‍ന്നു കൊണ്ട് ചില ക്രിസ്തീയ സംഘടനകള്‍ പിന്തുണയുമായി രംഗത്ത് വരികയുണ്ടായി (ടൈംസ് ഓഫ് ഇന്ത്യ, ഒക്ടോബര്‍ 14, 2019)

എന്നാല്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗജിഹാദ് നടന്നതായി തെളിവില്ലെന്ന് കേന്ദ്രം തന്നെ സമ്മതിച്ചു. ഈ കേസ് പോലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും ജസ്റ്റിസ് എം ശ്രീധരന്‍ ഉത്തരവിറക്കി.

യു പി എസ് സി ജിഹാദ്

മുസ്ലിം സമുദായം സിവില്‍ സര്‍വീസ് ഉദ്യോഗങ്ങളിലേക്ക് നുഴഞ്ഞുകയറുകയാണെന്നും ഇതിനുപിന്നില്‍ തീവ്രവാദത്തെ ഊട്ടി വളര്‍ത്തുക എന്ന ലക്ഷ്യമാണെന്നും ആരോപിച്ചുകൊണ്ടാണ് സംഘപരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവി യു പി എസ് സി ജിഹാദ് എന്ന പ്രമേയത്തില്‍ ഒരു പരിപാടി തയ്യാറാക്കിയത്. എന്നാല്‍ പരാതിയെ തുടര്‍ന്ന് കോടതി അതിന്റെ സംപ്രേക്ഷണം വിലക്കുകയായിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മുസ്ലിം സമൂഹം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വളരെയേറെ പിന്നിലായിരുന്നു (മാധ്യമം സെപ്റ്റംബര്‍ 2020). ഈയൊരു സാഹചര്യത്തിന് മാറ്റം വരാനും മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുമായാണ് സകാത്ത് ഫൗണ്ടേഷന്‍ രംഗത്തെത്തിയത്. പ്രാപ്തരായ യുവതയെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കി അവരെ ഉദ്യോഗസ്ഥരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ വിജയംകണ്ടു വരികയും ചെയ്തത് സംഘപരിവാറിനെ ചെറുതായൊന്നുമല്ല അസ്വസ്ഥമാക്കിയത്. ഇതോടെയാണ് യുപിഎസ് ജിഹാദ് ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വന്നത്. കാരണം അവര്‍ ഉദ്ദേശിക്കുന്ന വിധത്തിലുള്ള ഉദ്യോഗസ്ഥ ലോബിയയെ സൃഷ്ടിച്ചെടുക്കുന്നതിന് ഇതൊരു വിലങ്ങു തടിയായിരുന്നു.

സാമ്പത്തിക ജിഹാദ്

അന്താരാഷ്ട്ര വിപണികളില്‍ ഭക്ഷ്യ സാധനങ്ങളും മറ്റും ഹലാല്‍ മുദ്രപതിപ്പിച്ച് കൊണ്ടുള്ള വിപണി അമുസ്ലിം സമൂഹത്തിന്റെ സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തി സാമ്പത്തിക തലത്തില്‍ തങ്ങളുടേതായ ആധിപത്യം സൃഷ്ടിക്കാനുള്ള ഭാഗമാണെന്ന് ആരോപിച്ചു കൊണ്ടാണ് സാമ്പത്തിക ജിഹാദ് എന്ന പേരില്‍ പുതിയ ആരോപണത്തിന് സംഘപരിവാര്‍ തിരികൊളുത്തിയത്. അതേസമയം അമുസ്ലീങ്ങളുടെ കച്ചവടസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുന്ന ഇസ്ലാമിക നിയമമാണ് ഹലാല്‍ എന്ന് വരെ ആരോപണമുയര്‍ന്നു.

അനുവദനീയമായത് എന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന അറബി പദമാണ് ഹലാല്‍. ഒരു ഇസ്ലാം മതവിശ്വാസിയുടെ ജീവിതം ഹലാല്‍ (അനുവദനീയമായത്) ഹറാം (നിഷിദ്ധമായത്) എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം ഇടപെടാത്ത ഒരു കാര്യവും മനുഷ്യന്റെ ദൈനം ദിന ജീവിതത്തില്‍ സംഭവിക്കുന്നില്ല. അത് കൊണ്ടാണ് അതിനെ സമഗ്ര ജീവിത വ്യവസ്ഥ എന്ന് പറയുന്നത്. സ്വാഭാവികമായും ഈ അനുമതികളും വിലക്കുകളും ഭക്ഷണത്തിന്റെ വിഷയത്തില്‍ കൂടി കടന്നു വരുന്നു.

ബിസിനസ് മേഖലയില്‍ മുസ്ലിം സ്വാധീനം ശക്തമാക്കാനുള്ള സാമ്പത്തിക ജിഹാദിന്റെ ഭാഗമാണ് ഇതെന്ന് സംഘപരിവാര്‍ ആരോപിക്കുന്നത്. കാള പെറ്റെന്നു കേള്‍ക്കുമ്പോ കയറെടുക്കുന്ന സഭകളും ഇതേറ്റെടുത്തതോടെ ബിസിനസ് മേഖലയിലും വര്‍ഗ്ഗീയ ധ്രുവീകരണാന്തരീക്ഷം ഉടലെടുത്തു.

ഒരു മുസ്ലിം ഇസ്ലാമികാചാര പ്രകാരം ബലിയറുത്ത (ഭക്ഷിക്കല്‍ അനുവദനീയമായ മൃഗത്തിന്റെ)മാംസം മാത്രമാണ് മുസ്ലിംകള്‍ക്ക് ഹലാല്‍ ആയിട്ടുള്ളത്. ഇവിടെ മതപരമായ വിവേചനമല്ല ഇസ്ലാമികാചാരപ്രകാരമുള്ള അറവ് മാത്രമാണ് വിവക്ഷിക്കപ്പെടുന്നത്. കാരണം ഇസ്ലാമിക ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരു മുസ്ലിം ബലിയറുത്താലും അത് ഹലാല്‍ ആയി കണക്കാക്കപ്പെടുകയില്ല.

മാംസാഹാരമല്ലാത്ത മറ്റു ഉത്പന്നങ്ങളില്‍ ഇത്തരമൊരു നിയമം കടന്നുവരുന്നില്ല. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ അവയുടെ സ്വഭാവമനുസരിച്ചാണ് ഹലാല്‍, ഹറാം എന്നിങ്ങനെ നിശ്ചയിക്കപ്പെടുന്നത്.
അഥവാ മോഷ്ടിച്ചോ അന്യായമായോ ഉത്പന്നങ്ങള്‍ ആര് കൈക്കലാക്കിയാലും അത് ഹറാം തന്നെയാണ്. അതേസമയം ന്യായമായ രൂപത്തില്‍ വാങ്ങിയോ വിളവെടുത്തോ ഒരു അമുസ്ലിം ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് വെച്ചാല്‍ അതും ഹലാല്‍ ഇനത്തിലാണ് പെടുക. ഇനി ഭക്ഷ്യ യോഗമല്ലാത്ത ഉത്പന്നങ്ങള്‍ (മരുന്നുകള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ) ആല്‍ക്കോഹോള്‍ പോലുള്ള ഇസ്ലാമിക വിധി പ്രകാരം അശുദ്ധമെന്ന് ഗണിക്കപ്പെടുന്ന ചേരുവകള്‍ ഇല്ലാതെ നിര്‍്മിച്ചതിന് ഹലാല്‍ എന്നും അല്ലാത്തവയെ ഹറാം എന്നും വിളിക്കാം. ഇവിടെ സാമ്പത്തിക ജിഹാദ് ആരോപണങ്ങള്‍ കൂടുതല്‍ അപ്രസക്തമാകുന്നു.

മതത്തില്‍ ഒരു ബലപ്രയോഗവുമില്ല എന്നതാണ് ഇസ്ലാമിക നയം. ഹലാല്‍, ഹറാം എന്നിവ ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമായുള്ള മാര്‍ഗ്ഗരേഖയാണ്. ഞങ്ങള്‍ പശുവിറച്ചി കഴിക്കാറില്ല. അത് കൊണ്ട് ആരും അത് കഴിക്കരുതെന്ന് പറയുന്നവര്‍ക്ക് ഇവിടെ ഇവ്വിഷയത്തില്‍ പ്രതികരിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്?

നാര്‍ക്കോട്ടിക് ജിഹാദ്

ഇപ്പോള്‍ പൊതുജന മധ്യേ വീണ്ടും ജിഹാദി ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ‘നാര്‍ക്കോട്ടിക് ജിഹാദ്’ ആണല്ലോ ഇപ്പോള്‍ പ്രധാന വിഷയം. കേരളത്തിലെ മിക്ക മയക്കുമരുന്ന് കടത്ത് കേസുകളിലും പ്രതിസ്ഥാനത്ത് മുസ്ലീം നാമധാരികള്‍ ആയതുകൊണ്ടും മതം വിലക്കിയതിനാല്‍ മുസ്ലിംകള്‍ മയക്കുമരുന്ന് ഉപയോഗിക്കാത്തവര്‍ ആണ് എന്ന തിയറിയും ചേര്‍ത്തുവച്ചാണ് മറ്റു സമുദായങ്ങളെ ലഹരിയില്‍ മുക്കി നശിപ്പിക്കാനുള്ള ആസൂത്രിതശ്രമം (നാര്‍കോട്ടിക് ജിഹാദ് )എന്ന ആരോപണവുമായി സംഘപരിവാര്‍ ചാനലായ ജനം ടിവി ആദ്യമായി രംഗത്ത് വന്നത്. വിശുദ്ധ എട്ടാം നോമ്പ് തിരുനാളില്‍ പാലാ ബിഷപ്പ് ‘മാര്‍ ജോസഫ് കല്ലറങ്ങാട്ട്’ ഈ ആരോപണം ഏറ്റു പിടിച്ചതോടെ ക്രിസംഘികളും രംഗത്ത് സജീവമായി. അതോടെ ജിഹാദ് ഡിക്ഷനറിയിലേക്ക് പുതിയ പദം കൂടി പിറവിയെടുത്തത് നാം കാണേണ്ടി വന്നു.

ഫാസിസ്റ്റുകളില്‍നിന്നും പഴയ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ കക്ഷി മത രാഷ്ട്രീയ ഭേദമന്യേ സര്‍വ്വരും കൈകോര്‍ത്ത് പ്രയത്‌നിക്കുമ്പോള്‍ സംഘപരിവാറിന്റെ അച്ചാരം വാങ്ങി, മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്ന മാര്‍ ജോസഫിനെ പോലുള്ള വ്യാജ ആത്മീയ മുഖംമൂടികളെ ജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കുമെന്ന് തന്നെയാണ് വിശ്വാസം. മുസ്ലിം ക്രിസ്ത്യന്‍ ഭിന്നതയും അതുവഴി ന്യൂനപക്ഷ ഐക്യം തകര്‍ക്കലും ലക്ഷ്യമിട്ടിരുന്ന സംഘപരിവാറിന് കാത്തിരുന്ന് കിട്ടിയ പിടിവള്ളിയായിരുന്നു ഈ സംഭവങ്ങള്‍. വാഗ്വാദങ്ങളുടെ പുക അല്‍പം അടങ്ങിയപ്പോഴും പിന്നില്‍ കത്തിനിന്ന കനലുകളൊക്കെയും സംഘപരിവാര്‍ സൃഷ്ടികളായിരുന്നു.

‘ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്നു ചില രാഷ്ട്രീയപ്പാര്‍ട്ടികളും കേരളീയസമൂഹത്തെ മതകീയമായി വിഭജിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറും വാദകോലാഹലങ്ങള്‍ സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍ കേരളീയ പൊതുമനസിനെ ഈ വിഷയം ഒട്ടും സ്പര്‍ശിച്ചതേയില്ല. മുകള്‍തട്ടില്‍ നടക്കുന്ന വാദകോലാഹലങ്ങള്‍ കൗതുകത്തോടെ അവര്‍ നോക്കിനിന്നു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിച്ച് ആ പഴുതിലൂടെ കേരള രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ സൈബര്‍ ഇടങ്ങളെ വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാറിന്റെ സൈബര്‍ ഹിന്ദുത്വം.’ (സുപ്രഭാതം, സെപ്റ്റംബര്‍ 23) മുസ്ലിം വിരുദ്ധതയുടെ ഏടുകള്‍ എത്ര അട്ടി നിരത്തിയാലും ന്യൂനപക്ഷങ്ങളെ മൊത്തം ഇരയായി കാണുന്ന സംഘപരിവാറിനെ പ്രീതിപ്പെടുത്താനാവില്ലെന്ന് ക്രിസംഘികള്‍ ഓര്‍ക്കുന്നതാണ് നല്ലത്.

ജിഹാദോഫോബിയ: സംഘ താവളങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ പ്രഹരങ്ങള്‍

ഇന്ത്യന്‍ സമൂഹത്തില്‍ ഇസ്ലാമോഫോബിയ കൃത്യമായി പ്രതിഷ്ഠിച്ചെടുക്കാനുള്ള ഇസ്ലാം വിരുദ്ധരുടെ മുഖ്യ ആയുധമാണ് ജിഹാദ്-പദം എന്ന് പറഞ്ഞല്ലോ. അത് അവര്‍ ഉദ്ദേശിച്ച വിധം മുസ്ലിം സമൂഹത്തിനു മേല്‍ സാമൂഹികപരമായും ആശയപരമായും ഒരു പ്രഹരമായി രൂപപ്പെട്ടു വരാന്‍ അധികമൊന്നും വേണ്ടി വന്നില്ല. ഇതിനെതിരെ ഇസ്ലാമിന്റെ തനതായ ആശയങ്ങള്‍ വെച്ച് മുസ്ലിം സമൂഹം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ഒക്കെയും നിമിഷങ്ങള്‍കൊണ്ട് ധൂളികളാക്കാന്‍ മാത്രം ശക്തമായിരുന്നു ജിഹാദ് എന്ന പദത്തിന്റെ മേല്‍ അവര്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത മുന്‍ധാരണകള്‍.

ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലും ബുദ്ധ ഭൂരിപക്ഷമുള്ള ശ്രീലങ്കയിലും ആശങ്കകളും ചോദ്യങ്ങളുമെല്ലാം ചെന്നു പതിക്കുന്നത് മുസ്ലിംകളുടെ മേലാണ്. ഇസ്ലാമോഫോബിയ പ്രതിഭാസം, ഗവണ്‍മെന്റുകള്‍ക്ക് തങ്ങളുടെ കൊള്ളരുതായ്മകളും പരാജയങ്ങളും മറച്ചുവയ്ക്കാനും എല്ലാം മുസ്ലിംകളുടെ മേല്‍ കെട്ടിവയ്ക്കാനുമുള്ള നല്ലൊരു മറയായിരിക്കുന്നു. മുസ്ലിം രാജ്യങ്ങളും ഈ സാഹചര്യത്തിന്റെ നേട്ടം സ്വന്തമാക്കുന്നുവെന്നതാണ് വലിയ തമാശ. ‘ഇസ്ലാം അപകടത്തിലാണ്’ എന്ന പേരില്‍ തങ്ങളുടെ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിന് ജനങ്ങളുടെ മേലുള്ള ആധിപത്യം മുറുക്കാനുള്ള അവസരമൊരുക്കുന്നു (ശബാബ് വാരിക).

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഉത്ഭവ കാലത്ത് തന്നെ അതിന്റെ നേര്‍ക്കാഴ്ച പ്രകടമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ട് പോലുമില്ലാത്ത സമയത്തെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ ഇന്ത്യയൊട്ടാകെ വ്യാപിച്ച മഹാവ്യാധിയുടെ ഉത്തരവാദിത്വം ചാര്‍ത്താന്‍ വേണ്ടി വന്നത് കേവലം ‘കോറോണ ജിഹാദ്’ എന്ന പദപ്രയോഗം മാത്രമായിരുന്നു. ഇതോടെ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ മുസ്ലീങ്ങള്‍ കുറ്റക്കാരും ഒറ്റുകാരുമായി വാഴ്ത്തപ്പെട്ടു. സൈബറിടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ‘സൈബര്‍ ജിഹാദ്’ ഒരു വെല്ലുവിളിയായിരുന്നു. പിന്നീടങ്ങോട്ട് മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട സകലവിധ വസ്തുവകളിലും +ജിഹാദ് കൊട്ടിയാഘോഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അരികുവല്‍ക്കരിക്കരിക്കപ്പെടുകയും ചെയ്യുന്ന ഭീതിതമായ ഒരു കാഴ്ചയാണ് നാം കാണേണ്ടിവന്നത്. അഥവാ ഭയാനകമായ അരക്ഷിതാവസ്ഥയിലേക്ക് മുസ്ലിം സമൂഹത്തെ ഒതുക്കി നിര്‍ത്താന്‍ തീരുമാനിച്ചുറപ്പിച്ചെന്നര്‍ത്ഥം. ബിഷപ്പിന്റെ നാര്‍കോട്ടിക് പരാമര്‍ശത്തിന് ശേഷം രാജസ്ഥാന്‍ ബിജെപി ‘ലാന്‍ഡ് ജിഹാദ്’ ആരോപിച്ചു രംഗത്ത് വന്നത് നാം കണ്ടു. മുസ്ലിം കുടുംബങ്ങള്‍ കൂട്ടമായി അധിക വില കൊടുത്ത് ഭൂമി വാങ്ങുന്നെന്നും ഇങ്ങനെ പോയാല്‍ രാജസ്ഥാന്‍ ഭൂമി മുഴുവന്‍ മുസ്ലിംകളുടെ അധീനതയിലാവുമത്രെ.

വ്യാജ മുഖംമൂടികള്‍ അണിഞ്ഞ സംഘപരിവാറിന്റെ ഐടി സെല്ലുകള്‍ക്ക് കീഴിലുള്ള വ്യാജ സോഷ്യല്‍ മീഡിയാ ഐഡികള്‍ ആണ് ഇത്തരത്തില്‍ ഇസ്ലാം ഭീതി നിര്‍മ്മാണത്തിന്റെയും ജിഹാദ് മേക്കിങിന്റെയും മൊത്തവിതരണക്കാര്‍. തെറ്റായ വാര്‍ത്തകളും വിവരങ്ങളും സത്യമാണെന്ന് ധരിപ്പിച്ച് ലഹളകള്‍ സൃഷ്ട്ടിച്ചെടുക്കുമ്പോള്‍ അവര്‍ക്ക് റേറ്റിംഗ് കൂടുന്നു. കപടമുഖങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടുവരാനുള്ള വെല്ലുവിളി ജാതിമതഭേദമന്യേ പൊതുസമൂഹം ഏറ്റെടുക്കുക എന്നതാണ് ഇത്തരം വര്‍ഗീയ അന്തരീക്ഷങ്ങളില്‍ നിന്നുള്ള മോചനത്തിന് പ്രധാന പോംവഴി.

മുഹ്‌സിന്‍ കാടാച്ചിറ

Add comment