Thelicham

കപ്പലേറിയ ഹജ്ജനുഭവങ്ങള്‍

1986 ലായിരുന്നു എന്റെ പ്രഥമ ഹജ്ജ് യാത്ര.അന്ന് യാത്രകപ്പലായി അക്ബര്‍ മാത്രമെഉണ്ടായിരുന്നുള്ളു . ഇതിനു മുമ്പു നൂര്‍ ജഹാന്‍, മുഹമ്മദിയ്യ, ഇസ്ലാമിയ്യ, തുടങ്ങിയ പേരുകളിലായി ധാരാളം കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു .ഒരു കപ്പല്‍ തന്നെ മൂന്നോ നാലോ ട്രിപ്പുകള്‍ അടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഹാജിമാരെ ജിദ്ദയില്‍ എത്തിച്ചിരുന്നത് .ഒരു കപ്പല്‍ ജിദ്ദയില്‍ പോയി തിരിച്ചു വന്ന് രണ്ടാമത് യാത്ര പുറപ്പെടുമ്പോഴേക്ക് 25 ദിവസത്തോളം എടുത്തിരുന്നു. ഈ രീതിയില്‍ ഹജ്ജ് കപ്പല്‍ സര്‍വീസ് പോക്കും വരവുമായി ഏകദേശം ആറ് മാസത്തോളം നീളുന്നതായിരുന്നു.


അന്ന് ബോംബെ ഒരു മിനി മക്കയായിരുന്നു. ഹജ്ജ് സീസണില്‍ ബോംബെ ഒരു ഹജ്ജ് നഗരമായ പ്രതീതിയായിരുന്നു. നാലു നിലകളുള്ള സാബു സിദ്ദീഖു മുസാഫര്‍ഖാന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഹാജിമാരെ കൊണ്ടു നിറഞ്ഞ് കവിയും . നാലു മാസത്തോളം ഇവിടെ തിരക്ക് പിടിച്ച നഗരമായിരിക്കും . കേരള ഹജ്ജ് ഹൗസ് പരിസരവും ഹാജിമാരുടെ ഒരു സംഗമ സ്ഥാനമായിരിക്കും . ഇന്ന് ഇന്ത്യയില്‍ ധാരാളം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റ്‌റുകള്‍ ഉണ്ടായതും കപ്പല്‍ സര്‍വീസ് നിലച്ചതും കാരണം ബോംബെയുടെ പ്രൗഡി ഇല്ലാതാക്കിയിരിക്കുന്നു. കേരള ഗവര്‍മെന്റിന്റെ ഹജ്ജ് വളണ്ടിയറായിരുന്നു എന്റെ ആദ്യ ഹജ്ജനുഭവം .ഇന്നത്തെ പോലെ രണ്ടു ഡസന്‍ വളണ്ടിയര്‍ മാരൊന്നും അന്ന് ഉണ്ടായിരുന്നുല്ല.രണ്ടേ രണ്ട്് വളണ്ടിയര്‍മാര്‍ മാത്രമാണ് അന്നുണ്ടായിരുന്നത്് .കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവും മുനിസിപ്പല്‍ ചെയര്‍ മാനുമായിരുന്ന പൊന്നാനി കുഞ്ഞിമുഹമ്മദായിരുന്നു സഹവളണ്ടിയര്‍ .


അക്ബറിന്റെ പ്രഥമ ട്രിപ്പിലായിരുന്നു ഞാന്‍ യാത്ര തിരിക്കേണ്ടിയിരുന്നതെങ്കിലും ബോംബെയില്‍ എത്തിച്ചേര്‍ന്നപ്പോഴേക്ക് ഷിപ്പുപുറപ്പെട്ടതിനാല്‍ അതില്‍ പോകാന്‍ കഴിഞ്ഞില്ല. രണ്ടാം കപ്പലില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങാതെ ബോംബെയില്‍ തന്നെ കാത്തിരുന്നു .രണ്ടാം കപ്പലില്‍ കേരളക്കാരായ ഹാജിമാര്‍ ഇല്ലാത്തതിനാല്‍ അതിലും പോകാന്‍ കഴിഞ്ഞില്ല . ഇതില്‍ യാത്ര തരപ്പടുത്താനായി ബോംബെയിലെ പല പ്രമുഖരും എനിക്ക് വേണ്ടി ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയാണുണ്ടായത് . അവസാനം മൂന്നാം കപ്പലിലാണ് യാത്ര തിരിച്ചത്. ഒന്നരമാസത്തോളം ബോംബെയില്‍ ചെലവഴിക്കേണ്ടി വന്നു ഇതിനിടയില്‍ ഹാജിമാര്‍ക്ക് വേണ്ട പല സേവനങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതോടൊപ്പം ബോംബെ നഗരത്തില്‍ നല്ലൊരു പരിചയ വൃന്ദത്തെയും സൃഷ്ടിക്കാന്‍ കഴിഞ്ഞു .
1800 ഹാജിമാരും നൂറില്‍ പരം തൊഴിലാളികളും ഉള്‍പ്പെടെ രണ്ടായിരത്തോളം യാത്രികരെയും കൊണ്ടാണ് അക്ബര്‍ ഷിപ്പ് ബോംബെ തുറമുഖം വിട്ടത് . മുഗള്‍ ലൈനിന്റെയും ഹജജ് വഖ്ഫ്മന്ത്രാലയത്തിന്റെയും പ്രമുഖരെല്ലാം തുറമുഖത്ത് ഞങ്ങളെ സ്വീകരിക്കാന്‍ വന്നിരുന്നു, കൂട്ടത്തില്‍ ബോംബെ സുന്നീ ജമാഅത്തിന്റെ ചുരുക്കം ചിലര്‍ക്കും തുറമുഖത്ത് വരാന്‍ അനുവാദം ലഭിച്ചിരുന്നു.ഹാജി മസ്താന്‍ അടക്കമുള്ള പല വ്യവസായ പ്രമുഖരുമുണ്ടായിരുന്നു . ഒന്നര മാസത്തോളം ഹജ്ജ് ഹൗസിലെ അന്തേവാസിയായതിനാല്‍ സീ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വന്നവര്‍ അധികവും എന്റെ പരിചയക്കാരായിരുന്നു.


1990 കള്‍ക്ക് ശേഷം ഹജ്ജ് ഗ്രൂപ്പുകള്‍ തുടക്കം കുറിച്ചപ്പോള്‍ ആളെ പിടിക്കാനായി ഹജ്ജ് ഗ്രൂപ്പുകാര്‍ കറക്കം പാഞ്ഞിരുന്ന പോലെ നറുക്കെടുപ്പിലൂടെ ഹജ്ജ് പാസായാല്‍ കൂലികള്‍ ഹാജിമാരെ തേടിനടക്കും .ഒരു കൂലിക്ക് കീഴില്‍ കുറെ സഹായികളുമുണ്ടാകും .അവരാണ് ജോലികള്‍ ചെയ്യുക .മൈന്‍ കൂലി ജോലികളൊന്നും സാധാരണ ചെയ്യാറില്ല. ഹജ്ജ് കപ്പലില്‍ യാത്രചെയ്യുമ്പാള്‍ അംഗീകൃത കൂലി നിര്‍ബന്ധമാണ്.അവര്‍ക്ക് പ്രത്യേക നമ്പറുകളുമുണ്ടാകും. അവരാണ് നമ്മുടെ സാധനങ്ങള്‍ കപ്പലില്‍ വെച്ചു തരിക. എന്റെ കൂലി 96 നമ്പര്‍ കാരനായ പൊന്നാനിക്കാരന്‍ ഇമ്പിച്ചിഹാജിയായിരുന്നു.അദ്ദേഹത്തിന്റെ പുത്രനാണ് അക്ബര്‍ ട്രാവല്‍സ് ഉടമ നാസര്‍.1986 ല്‍ ബോംബെയില്‍ ചെറിയൊരു ഓഫീസായി ആരംഭിച്ചു .
കപ്പലില്‍ കേരളക്കാര്‍ 82 പേര്‍ മാത്രമായിരുന്നു . അവരെല്ലാം 50 വയസിനു മുകളിലുളളവരായതിനാല്‍ ഇപ്പോള്‍ അതില്‍ അധികമാരും ജീവിച്ചിരിക്കുന്നില്ല .കപ്പലില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്് ഞാനായിരുന്നു. ഏറെക്കുറെ എന്റെ സമപ്രായക്കാരനായിരുന്നു .കോഴിച്ചെന സ്വദേശി മമ്മാലികുട്ടി മാസ്റ്റര്‍ . അദ്ദേഹവും മാതാവും മാതൃസഹോദരിയും ഒന്നിച്ചുണ്ടായിരുന്നു . അതില്‍ മാസ്റ്റര്‍ മാത്രമാണ് എന്റെ അറിവനുസരിച്ച് ജീവിച്ചിരിപ്പുള്ള ഒരേയൊരു സഹയാത്രികന്‍. തെയ്യാലയിലെ അഹ്മദ് ഹാജി, വടകരയിലെ മൊയ്തു ഹാജി, കൊട്ടുകരയിലെ ഹൈദര്‍ ഹാജി, കുട്ടശ്ശേരിയിലെ ആലികുട്ടിഹാജി തുടങ്ങിയവര്‍ എനിക്ക് ഏറ്റവും ബന്ധമുണ്ടായിരുന്നവരായിരുന്നു. ഇവരെല്ലാം അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയിട്ട് വര്‍ഷങ്ങളായി.കപ്പല്‍ യാത്ര ഏറെ സുഖദായകമായിരുന്നു .ഒമ്പത് ദിവസ യാത്രയില്‍ ചിലര്‍ ക്ഷീണിച്ചു അവശരാകുമെങ്കിലും ചിലര്‍ക്ക് നേരിയ ക്ഷീണം പോലും പിടിപെടുകയില്ല. യാത്ര ആവേശകരമായതിനാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള കെല്‍പ് അല്ലാഹു എല്ലാവര്‍ക്കും നല്‍കിയ പോലെ.
അക്ബര്‍ കപ്പല്‍ മദ്രാസ് പോര്‍ട്ട്ബ്ലയര്‍ ഇടയില്‍ ഓടുന്ന കപ്പലാണ് . ഇത് ജപ്പാനില്‍ നിന്നും വിലക്കെടുത്ത് അന്തമാനിലെ pwd ഫോറസ്റ്റ് മന്ത്രിയായിരുന്ന എ .പി അബ്ദുള്ള കുട്ടി സാഹിബായിരുന്നു .എനിക്ക് ജീവിതത്തില്‍ ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.ഈ ബന്ധമുപയോഗിച്ച് ഷിപ്പ് ക്യാപ്റ്റനുമായി ഞാന്‍ അന്തമാനില്‍ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. ദീര്‍ഘനാളത്തെ ബോംബെ വാസത്തിനിടയില്‍ പരിചിതരായ ചിലര്‍ വഴി കാസര്‍ക്കോട്ടുകാരായ കപ്പല്‍ ജീവനക്കാരെയും നന്നായറിയാനായി. സര്‍വോപരി ഷിപ്പിലെ ഡോക്ടറായ പാണ്ഡ്യന്റെ സഹോദരന്‍ വിമ്പര്‍ ലിഗഞ്ചിലെ ഡോക്ടറും എന്റെ പരിചയക്കാരനുമായിരുന്നു. ഇങ്ങിനെ ഒരുപാട് അനുകൂല ഘടകങ്ങള്‍ ഉള്ളതിനാല്‍ യാത്ര ഏറെ സുഖകരമായിരുന്നു .ഈ ബന്ധങ്ങള്‍ കേരള ഹാജിമാര്‍ക്കും ഏറെ അനുകൂലമായി . എന്റെ ഔദ്യോഗിക താമസം ബാങ്ക്ക്ലാസിലായിരുന്നെങ്കിലും ഞാന്‍ കപ്പല്‍ ജീവനക്കാരുടെ റൂമിലായിരുന്നു താമസിച്ചിരുന്നത്. കപ്പലില്‍ കൂട്ടായ നിസ്‌ക്കാരങ്ങള്‍ നടന്നിരുന്നു .ഓരോ സംസ്ഥാനക്കാരും സ്വന്തമായി ജമാഅത്ത് നടത്തിയിരുന്നു വളരെക്കൂടുതല്‍ പേര്‍ക്ക് നിസ്‌ക്കരിക്കാന്‍ കപ്പലില്‍ സൗകര്യപ്പെടുകയില്ല. ഞങ്ങള്‍ കേരളക്കാര്‍ സ്വന്തമായി ജമാഅത്ത് നടത്തിയിരുന്നു അതില്‍ മുപ്പതോളം ആളുകള്‍ സംബന്ധിച്ചിരുന്നു ബാക്കി പലരും ഷിപ്പില്‍ ഏറെ ക്ഷീണിതരായിരുന്നു. ചിലര്‍ക്ക് കപ്പലിലെ നടത്തവും അല്‍പ്പം പ്രയാസകരമായിരുന്നു.
മഗ്്‌രിബ് ഇശാനിസ്‌ക്കാരങ്ങള്‍ ഞാന്‍ ഷിപ്പ് ജോലിക്കാര്‍ക്കൊപ്പം നിസ്‌ക്കരിക്കും. അതു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറിയൊരു ഉപദേശവും നല്‍കും. ഭക്ഷണവും അവരുടെ കൂടെയായിരിക്കും. കപ്പലില്‍ പാകം ചെയ്ത ഭക്ഷണങ്ങളെല്ലാം ഞങ്ങളുടെ തീന്‍ മേശയില്‍ ഉണ്ടാകും. ജീവനക്കാര്‍ പല പ്രസക്തമായ ചോദ്യങ്ങളും ചോദിക്കും അതിന് സാധ്യമായ മറുപടിയും നല്‍കും .യാത്ര കഴിഞ്ഞ് കപ്പല്‍ ജീവനക്കാരോട് യാത്ര പറയുമ്പോള്‍ അവര്‍ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു. ആ ജീവനക്കാരെയൊന്നും പിന്നീട് കാണാന്‍ അവസരമുണ്ടായിട്ടില്ല .
കാലാവസ്ഥ അനുകൂലമായാല്‍ 8 ദിവസം കൊണ്ട് തന്നെ കപ്പല്‍ ജിദ്ദ തുറമുഖത്ത് എത്തും. എന്നാല്‍ ഇതിന്റെ ഏകദേശം 10 മണിക്കൂര്‍ മുമ്പായി കപ്പല്‍ യലംലമില്‍ എത്തും .ഇതാണ് കടല്‍ വഴി ഇന്ത്യയില്‍ നിന്നും പോകുന്നവരുടെ മീഖാത്ത് . ഇവിടെ എത്തുന്നതിന്റെ മണിക്കുറുകള്‍ മുമ്പായി കപ്പലില്‍ സൈറണ്‍ മുഴങ്ങി . ഇത് ഇഹ്‌റാമിന് ഒരുങ്ങാന്‍ വേണ്ടിയുള്ളതായിരുന്നു. ഈ സൈറണോടെ കപ്പല്‍ ശബ്ദമുഖരിതമാകും .ക്ഷീണിച്ചു പരവശരായിക്കിടക്കുന്നവര്‍ പോലും ആവേശഭരിതരായി സടകുടഞ്ഞെഴുന്നേല്‍ക്കും ഇപ്പോള്‍ തന്നെ ഇബ്്‌റാഹിം നബിയുടെ വിളിക്കുത്തരം നല്‍കിയ ആത്മനിര്‍വൃതി. ആളുകള്‍ കുളിച്ചു ഇഹ്‌റാം വസ്ത്രങ്ങള്‍ ധരിച്ചു ഇഹ്‌റാമില്‍ പ്രവേശിക്കുന്നു. പിന്നീട് ലബൈക്കിന്റെ മന്ത്രധ്വനികളാല്‍ കപ്പല്‍ പ്രതിധ്വനിക്കും. കപ്പല്‍ പതുക്കെ പതുക്കെ തീരത്ത് അണഞ്ഞ് കൊണ്ടിരിക്കുന്നു. ജിദ്ദയിലെ കര കാണുമ്പോള്‍ തന്നെ ചിലര്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി. അവര്‍ക്ക് കഅ്ബ കണ്ട പ്രതീതി . കപ്പലിലെ ക്വാറന്റെന്‍ പരിശോധനക്കായി സഊദി നാവിക ഉദ്യോഗസ്ഥന്‍ കയറി വന്നു പരിശോധനകള്‍ ആരംഭിച്ചു. അവരുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലെ യാത്രികര്‍ക്ക് കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയൂ. പരിശോധന പൂര്‍ത്തിയാക്കി ഞങ്ങള്‍ കപ്പലില്‍ നിന്നുമിറങ്ങി . അവിടെ നിന്നും ഞങ്ങളെ മദീനത്തുല്‍ ഹുജ്ജാജിലേക്ക് കൊണ്ടു പോയി.
കപ്പല്‍ യാത്രികര്‍ക്ക് വേണ്ടി ജിദ്ദ സീ പോര്‍ട്ടിനടുത്തുള്ള വലിയൊരു കെട്ടിടമാണ് മദീനത്തുല്‍ ഹുജ്ജാജ്.യാത്രാക്രമീകരണങ്ങളും എമിഗ്രേഷന്‍ നടപകടികളും കൈയില്‍ കരുതിയ ട്രാഫ്റ്റുകള്‍ റിയാല്‍ ആകുന്നതും എല്ലാം ഇവിടെ വെച്ചാണ്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ദ്ധ രാത്രിയോടെയാണ്് ഞങ്ങള്‍ മക്കയിലേക്ക് പുറപ്പെട്ടത് .
3600 റിയാലിന് വേണ്ട 14000 രൂപയുടെ ഡ്രാഫ്റ്റാണ്്് ഹാജിമാര്‍ കയ്യില്‍ കരുതിയിരുന്നത് .2800 രൂപയാണ് ബാങ്ക്ക്ലാസ് കപ്പല്‍യാത്രാ ചാര്‍ജ്. ഫസ്റ്റ്് ക്ലാസില്‍ അതല്‍പ്പം കൂടും. അന്ന് 1700 രൂപയുണ്ടായാല്‍ ഹജ്ജ് നിര്‍വഹിക്കാം. 3600 റിയാല്‍ സൂക്ഷിച്ചു ചെലവഴിച്ചാല്‍ അല്‍പ്പം മിച്ചം വെക്കാന്‍ കഴിയും. പരമാവധി രണ്ടായിരം റിയാലെ ചെലവു വരികയുള്ളു . മക്കയോട് അടുക്കും തോറും മനസ്സ് ചാഞ്ചാടുകയാണ്. അനിര്‍വചനീയമായൊരു അനുഭൂതി. ഞങ്ങളുടെ വാഹനം മുതവ്വിഫിന്റെ ഓഫീസ് മുന്നില്‍ നിര്‍ത്തി. സാധനങ്ങള്‍ ഇറക്കി വെച്ചു. ഞങ്ങള്‍ ഉംറ നിര്‍വഹണത്തിന് പോയി. അധിക പേരും മുതമതീഇന്‍ ആയിരുന്നു. അവര്‍ ഉംറ നിര്‍വഹിച്ചു സ്വതന്ത്രരായപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഇഫ്‌റാദായിട്ടായിരുന്നു ഇഹ്‌റാമില്‍ പ്രവേശിച്ചത് .ഞങ്ങള്‍ തവാഫും സഅ്‌യും നിര്‍വഹിച്ചു. ഹജ്ജ് വരെ ഇഹ്‌റാമില്‍ തന്നെ തുടര്‍ന്നു.
അന്ന് താമസിക്കാന്‍ വേണ്ട റൂമുകള്‍ സ്വയം തെരഞ്ഞെടുക്കാറായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ എറെ പരിചയ സമ്പന്നനായ ഹൈദര്‍ ഹാജിയുടെ ഒത്താശയോടെ റൂമുകളെല്ലാം കണ്ടെത്തി. ആയിരത്തില്‍ താഴെ മാത്രമെ റൂം വാടക ഉണ്ടായിരുന്നുള്ളു. മക്ക ഹോട്ടലിന്റെ സമീപത്തുത്തെ ഒരു കൊച്ചു കെട്ടിടത്തിലായിരുന്നു റും. അന്ന് ഹാജിമാരെല്ലാം നിലത്തായിരുന്നു കിടന്നിരുന്നത്. കട്ടിലുകള്‍ ഉണ്ടായിരുന്നില്ല. റൂമുകളില്‍ സ്ത്രീ പുരുഷ സങ്കലനലവും ഉണ്ടാകാറുണ്ട്. അത് അക്കാലത്ത് ഇന്നത്തേക്കാള്‍ കൂടുതലുമാായിരുന്നു .

കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു മിനയിലും മുസ്ദലിഫയിലും അറഫയിലുമെല്ലാം വര്‍ഷാവര്‍ഷം നവീകരണം നടക്കുകയായണിപ്പോള്‍. താര്‍പായ ടെന്റുകളായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നത്തെ പോലെ സ്ഥിരമായ ഷെഡുകളല്ല. സൗകര്യങ്ങളോ വളരെ പരിമിതം. എന്നാല്‍, പല തട്ടുകളായി തിരിച്ചിരുന്നില്ലെങ്കിലും യഥാര്‍ത്ഥ ജംറകളുടെ അടുത്ത് പോയി എറിയാനുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നു. പക്ഷേ കുറച്ചധികം തിരക്ക് സഹിക്കണമെന്ന് മാത്രം.മിനയിലെ രണ്ട് ദിവസത്തെ ഏറ് കഴിഞ്ഞാല്‍ 90 ശതമാനം ഹാജിമാരും മിന വിടും. അന്ന് കേരളത്തില്‍ നിന്നും ഹജ്ജ് ഗ്രുപ്പുകള്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫുനാടുകളില്‍ നിന്നും വരുന്ന മലയാളി ഹജ്ജ് ഗ്രുപ്പുകള്‍ മൂന്ന്്് ദിവസത്തെ ഏറും നടത്തിയാണ് തിരിച്ച് പോയിരുന്നത്. കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകള്‍ ഇല്ലാത്തതിനാല്‍ അറഫ ബഹളമഴമായിരുന്നില്ല. കേരള ഹജ്ജ് ഗ്രൂപ്പുകള്‍ ആരംഭിച്ചതു മുതലാണ് അറഫാത്തിലും മിനയിലും ശബ്ദശല്യം രൂക്ഷമായതും സ്വസ്ഥമായി ദുആ ചെയ്യാന്‍ കഴിയാതിരുന്നതും ഹജ്ജ് കഴിഞ്ഞ് ഒരു മാസക്കാലത്തോളം ഞങ്ങള്‍ മക്കയില്‍ വിനിയോഗിച്ചു. അപ്പോഴേക്കും ഇന്ത്യയിലേക്കുള്ള പ്ലൈനുകളും രണ്ട് കപ്പലുകളും പുറപെട്ടു കഴിഞ്ഞിരുന്നു. ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും വന്ന മിക്ക ഹാജിമാരും തിരിച്ച് പോയി. ഹറം ശൂന്യമായി. ചിലപ്പോള്‍ ഹറം കാണുമ്പോള്‍ സങ്കടം തോന്നിയിരുന്നു ഹജ്ജ് സീസണില്‍ കാലു കുത്താന്‍ ഇടമില്ലാത്ത ഹറമാണല്ലോ ഈ ഒഴിഞ്ഞ് കിടക്കുന്നത്!. ഞാന്‍ 1986 ല്‍ കണ്ട അതെ ഹറമും പരിസരവും തന്നെയായിരുന്നു 2010 വരേക്കും. ഇപ്പോഴുള്ള മാറ്റങ്ങളല്ലാം അതിന് ശേഷം വന്നതാണ് ഹറമിലെ പ്രഗത്ഭ പണ്ഡിതരുടെ ധാരാളം ദര്‍സുകളില്‍ പങ്കെടുക്കാനും ഈ സമയം ഉപയോഗപ്പെടുത്തിയുരുന്നു. പല സലഫി പണ്ഡിതന്മാരുടെയും ക്ലാസുകള്‍ സുന്നീ ആശയങ്ങള്‍ വിശദീകരിക്കുന്നതായിരിന്നു. ലോകത്തിലെ സലഫി ആശയങ്ങളുമായി കേരളത്തിലെ സലഫികള്‍ക്ക് അത്ര വലിയ ബന്ധങ്ങെളൊന്നുമുണ്ടായിരുന്നില്ലെന്ന് ഞാന്‍ അന്ന്് തന്നെ മനസ്സിലാക്കിയിരുന്നു.


മുഹറം എട്ടിനായിരുന്നു മദീനയിലേക്ക് പുറപ്പെട്ടത്. മുഹറം ഒമ്പത് പത്തുകള്‍ മദീനയില്‍ വെച്ചായത് നല്ല ഓര്‍മയുണ്ട്. മദീനയും ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. മിക്കവാറും ഞങ്ങള്‍ മൂന്നാം കപ്പലില്‍ ഉള്ളവര്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു നിസ്‌കാരങ്ങളെല്ലാം അധിക സമയവും റൗളയില്‍ തന്നെ കിട്ടിയിരുന്നു. ഇത് ജീവിതത്തിലെ ആദ്യ മദീന സന്ദര്‍ശനമായിരുന്നെങ്കിലും ഇതുപോലൊരു മദീന സന്ദര്‍ശനം പിന്നീട് ജീവിതത്തില്‍ കിട്ടിയിട്ടില്ല. മദീനയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലെല്ലാം എത്തിച്ചേരാനും വിധി കനിഞ്ഞിരുന്നു. റൗളയുടെ ഭാഗത്ത്് അന്നും ഇന്നും കാര്യപ്രസക്തമായ യാതൊരുമാറ്റമൊന്നുമില്ല. അതേ സമയം, ജന്നത്തുല്‍ ബഖീഇലേക്ക് പൊടിമണ്ണിലൂടെ ഏറെ നടക്കണമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ നവീകരിച്ച പള്ളി അവിടം വരെ നീണ്ടിയിരിക്കുകയാണ്.


മദീനാ താമസം പൂര്‍ത്തിയാക്കി ഞങ്ങള്‍ നേരെ ജിദ്ദയിലേക്ക് പുറപ്പെട്ടു അവിടെ മദീനത്തുല്‍ ഹുജ്ജാജില്‍ രണ്ടു ദിവസം താമസിച്ചു. ജിദ്ദയില്‍ പലയിടത്തിലും കറങ്ങേണ്ടവര്‍ക്ക്്് അവസരം ലഭിച്ചു. ഷിപ്പില്‍ സാധനം കയറ്റാന്‍ പോര്‍ട്ടര്‍മാരുണ്ടെങ്കിലും കൊടും വെയിലില്‍ സീ പോര്‍ട്ടില്‍ ഏറെ നേരം നില്‍കേണ്ടി വന്നതിനാല്‍ പലരും ക്ഷീണിച്ചവശരായി. ചിലര്‍ക്ക്്് തലക്കറക്കവും ശാരീരികാസ്വസ്ഥകളും.എന്തായാലും വൈകുന്നേര സമയമായപ്പോള്‍ കപ്പലില്‍ കയറി. അല്‍പ്പം കഴിഞ്ഞപാടെ ആസാം കാരനായ ഒരു ഹാജി കപ്പലില്‍ വച്ചു മരണപ്പെട്ടു. കപ്പല്‍ അധികൃതര്‍ ഈ വിവരം പുറത്തു വിട്ടില്ല. രാത്രി പത്തു മണിക്ക്്് ഷിപ്പ്്് പ്രയാണം ആരംഭിച്ചു മരണപ്പെട്ട വ്യക്തിയെ കപ്പലില്‍ വച്ച്്്്് കുളിപ്പിച്ചു കടലില്‍ ഇറക്കി മറവ്് ചെയ്്്തു. മടക്കയാത്രയിലെ ഭീതിതമായൊരു രംഗമായിരുന്നു അത്്്. മടക്കയാത്രയില്‍ കടല്‍ താരതമ്യേന ശാന്തമായിരുന്നു. അതിനാല്‍ 8 ദിവസം കൊണ്ട് തന്നെ കപ്പല്‍ ബോംബേ കരപറ്റി. അപ്പോഴേക്കും സഫര്‍ മാസത്തിന്റെ ബാല ചന്ദ്രക്കല ദര്‍ശിതമായിരുന്നു.

അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മേല്‍മുറി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.