Thelicham

‘ബലാത്സംഘി’യും കേരളീയ പൊതുബോധത്തിന്‍റെ നിസ്സംഗതകളും

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫേസ്ബുക്കില്‍ ‘മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവര്‍ക്ക് നാം കുഞ്ഞുങ്ങളെ നല്‍കണം ‘ എന്ന കമന്റ് പ്രത്യക്ഷപ്പെടുന്നത് . ലവ് ജിഹാദിനെതിരെയുള്ള ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴെയാണ് രാധാകൃഷ്ണപിള്ള എന്നൊരാള്‍ ഇങ്ങനെ കമന്റിട്ടത്.എന്നാല്‍ ഉയര്‍ന്ന സാക്ഷരതയും ജനാധിപത്യബോധവുമുണ്ടെന്ന് മേനിനടിക്കുന്ന കേരളീയ പൊതു സമൂഹം ഈ പരാമര്‍ശത്തോടു പുലര്‍ത്തിയ നിസ്സംഗത നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്.

വിദ്വേഷ പ്രസംഗമെന്ന പേരില്‍ ശംസുദ്ധീന്‍ പാലത്തിനെതിരെ കേസെടുത്തവര്‍ പരാതി കിട്ടിയിട്ടും പിള്ളക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നു മാത്രമല്ല അത്തരമൊരു നടപടി എടുക്കാന്‍ ഇവിടുത്തെ സ്ത്രീവാദഗ്രൂപ്പുകളോ മതേതര രാഷ്ട്രീയ പാര്‍ട്ടികളോ യുവജനപ്രസ്ഥാനങ്ങളോ ഒന്നും തന്നെ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

‘അമ്മ’ക്കും മക്കള്‍ക്കുമിടയിലെ പ്രശ്‌നം തീര്‍ക്കാന്‍ വിചാരണ നടത്തുകയായിരുന്ന മാധ്യമങ്ങളാകട്ടെ ഈ പ്രശ്‌നത്തെ വളരെ നിസ്സാരമായി കാണുകയും ചെയ്തു എന്നത് കേരളീയ മതേതര പൊതുബോധത്തിന്റെ പൊള്ളത്തരമാണ് തുറന്നു കാണിക്കുന്നത്. ലിബറല്‍  ഫെമിനിസ്റ്റുകളാകട്ടെ പതിവുപോലെ മൗനം പാലിച്ചു.വര്‍ഗ്ഗീയ ഭ്രാന്തു മൂത്ത് നടത്തിയ ഇത്തരം പരാമര്‍ശം ലിബറല്‍ ഫെമിനിസ്റ്റുകള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല

കാരണം അവരുടെ ‘സ്ത്രീ ‘കാറ്റഗറിക്കകത്ത് മുസ്ലിം സ്ത്രീ വരണമെങ്കില്‍ ഒന്നുകില്‍ മുത്തലാക്കോ അല്ലെങ്കില്‍ ജീന്‍സിട്ടതിന്റെ പേരില്‍ ,തലമറക്കാത്തതിന്റെ പേരില്‍ മുസ്ലിം യുവതി അനുഭവിച്ച ‘കദന’ കഥകളോ ആയിരിക്കേണ്ടതുണ്ട്.

മതേതര സ്ഥാപനങ്ങളോ മതേതര പുരോഗമന ഇടങ്ങളോ മുസ്ലിം സ്ത്രീയോട് ചെയ്യുന്ന ഹിംസ അതെത്ര തീവ്രമായാലും അവരുടെ പരിഗണനയില്‍ വരില്ല എന്നത് മഫ്ത വിവാദം തൊട്ട് നിലവിലെ ഹാദിയ കേസ് വരെ സാക്ഷിയാണ്.ഇഷ്ടമുള്ള വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയ അവര്‍ക്ക് വിഷയമാകാത്തത് അതുകൊണ്ടാണ്.

പറഞ്ഞു വരുന്നത് ലോകത്തു നടന്ന എല്ലാ വംശീയ വര്‍ഗ്ഗീയ കലാപങ്ങളിലെല്ലാം തന്നെ ബലാല്‍സംഗം ഒരു സ്ട്രാറ്റജിയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാനും ഇരക്കുമേല്‍ ശാരീരികവും മാനസികവുമായ ആധിപത്യം സ്ഥാപിക്കാനും വേണ്ടി മാത്രമല്ല ഇര പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ അടിച്ചമര്‍ത്താനും കൂടിയുള്ള ഉപാധിയായിട്ടാണ് ബലാല്‍സംഗം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.ശാരീരികവും ലൈംഗികവുമായ ആക്രമണത്തിനു പുറമെ സ്ത്രീയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒരു ഉപാധികൂടിയാണത്.

വര്‍ഗ്ഗീയ കലാപങ്ങളിലെല്ലാം ബലാല്‍സംഗം ചെയ്യുന്നവന്‍ താന്‍ വിദ്വേഷം വെച്ചു പുലര്‍ത്തുന്ന ജനതക്കുമേലുള്ള വിജയ പ്രഖ്യാപനമായിട്ടാണതിനെ കാണുന്നത്. അതിനാല്‍ തന്നെ അപരസമൂഹങ്ങളിലെ സ്ത്രീകള്‍ക്കു മേലുള്ള ലൈംഗികമായ കയ്യേറ്റം മാത്രമല്ല അതിനെക്കുറിച്ചുള്ള ഭാവനകള്‍ പോലും അവന് നിഗൂഢമായൊരു ആനന്ദം നല്‍കുന്നതാണ്. മുസ്ലിം സ്ത്രീകളുടെ ഭര്‍ത്താക്കന്മാരില്‍ അധികപേരും വിദേശത്തായതിനാല്‍ പലരും കടിമൂത്ത് ഇരിക്കുകയാണെന്നും അവസരം മുതലെടുക്കണമെന്നുമുളള സംഘി പോസ്റ്റുകളുടെ ഗണ്യമായ വര്‍ധന സംഭവിക്കുന്നതും അത് കൊണ്ടാണ്. വംശീയമായ ചേരിതിരിവുള്ള സമൂഹത്തില്‍ അപരസമൂഹങ്ങളിലെ സ്ത്രീകളുടെ സൗന്ദര്യം ,ലൈംഗികത തുടങ്ങിയവയില്‍ വംശീയവാദികള്‍ അഭിരമിക്കുന്നതും തക്കം കിട്ടിയാല്‍ ലൈംഗിക കയ്യേറ്റത്തിനു മുതിരുന്നതും അവരുടെ പൊതു സ്വഭാവമാണെന്നു കാണാം.

പ്രാചീനകാലം തൊട്ടേ വംശീയവാദികളുടെ ഒരായുധമായിരുന്നുവെന്നതിന്റെ സൂചനകള്‍ സെമിറ്റിക് ചരിത്രത്തില്‍ ഫറോവയുടെ ചരിത്രം പറയുന്നിടത്ത് ഖുര്‍ആനിലും ബൈബിളിലുമെല്ലാം കാണാന്‍ കഴിയും.ഫറവോനെപ്പറ്റി ‘ഫററോവ ഭൂമിയില്‍ അഹങ്കാരം നടിക്കുകയും അതിലെ ആളുകളെ വിവിധ വിഭാഗങ്ങളാക്കുകയും അതിലൊരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്തു.അവരുടെ ആണുങ്ങളെ കൊല ചെയ്യുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു’ എന്നു പറയുന്നുണ്ട് ഖുര്‍ആന്‍ . പുരുഷന്‍മാരെ കൊല്ലുകയും സ്ത്രീകളെ ലൈംഗികമായ കയ്യേറ്റങ്ങള്‍ക്ക് സാധ്യമാക്കുന്ന വിധം നിന്ദ്യമായ അവസ്ഥയിലേക്ക് തള്ളിവിടുക എന്ന ഫറോവന്‍ സാമൂഹിക ക്രമത്തിന്റെ അടിത്തറയായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.

എല്ലാ മര്‍ദ്ദക സാമൂഹിക ക്രമത്തിലും അന്തര്‍ലീനമായിക്കിടക്കുന്ന ഒന്നാണ് തങ്ങളുടെ വംശം ,ജാതി, ദേശ ,സമുദായ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുക എന്നത്.ഇന്ത്യയിലെ ജാതിവ്യവസ്ഥയിലും ദലിത് കീഴാള സ്ത്രീകളെ ലൈംഗികമായി അടിച്ചമര്‍ത്തുന്നത് നമുക്കു കാണാന്‍ കഴിയും.

നിയമം മൂലം നിരോധിച്ചിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നതും ചില ജാതികളെ ലൈംഗികത്തൊഴിലില്‍ തളച്ചിടുന്നതും ഇന്നും നാട്ടുനടപ്പാണു ഇന്ത്യയില്‍.

തന്‍റെ ആണധികാരവും വംശീയമോ ജാതീയമോ ആയ അധിപത്യവും ഇരകള്‍ക്കു മേല്‍ സ്ഥാപിക്കാനുള്ള മനശ്ശാസ്ത്രപരമായ ആക്രമണമാണ് ബലാല്‍സംഗം ചെയ്യുന്നവര്‍ ഉദ്ദേശിക്കുന്നത്. ഇരയേയും ഇര പ്രതിനിധാനം ചെയ്യുന്ന സമൂഹത്തേയും മാനസികമായി തളര്‍ത്തി ആത്മവിശ്വാസം കുറഞ്ഞവരായി തീര്‍ക്കുക എന്ന തന്ത്രം കൂടിയുണ്ട് ഇതില്‍. ടാങ്കറുകളേക്കാളും ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളേക്കാളും അത്യാധുനിക ആയുധങ്ങളേക്കാള്‍ വിസ്‌ഫോടനശക്തിയുള്ള യുദ്ധ തന്ത്രമായിട്ടാണ് വംശീയ ആക്രമണങ്ങളിലെല്ലാം ബലാല്‍സംഗങ്ങള്‍ ഉപയോഗിക്കപ്പെടാറുള്ളത്.

പുരുഷാധിപത്യസമൂഹത്തില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുന്ന സ്ത്രീകളോടുള്ള മനോഭാവവും ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതാണ്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്ത് സിംഹള പോലീസ് ഉദ്യോഗസ്ഥരാല്‍ ലൈംഗിക പീഢനത്തിനിരയാക്കപ്പെട്ട യുവതി തനിക്കുണ്ടായ ഈ ദുരിതം ഭര്‍ത്താവിനോടു പോലും തുറന്നു പറയാന്‍ കഴിയാതെ വിഷാദത്തിനും മാനസിക രോഗത്തിനും അടിമപ്പെടുന്ന അനുഭവം ഫ്രാന്‍സിസ് ഹാരിസണ്‍ തന്‍റെ ‘സ്റ്റില്‍ കൗണ്ടിംഗ് ദഡെഡ് സര്‍വ്വൈവേഴ്‌സ് ഓഫ് ശ്രീലങ്കാസ് ഹിഡന്‍ വാര്‍’ എന്ന കൃതിയില്‍ പറയുന്നുണ്ട്.ബോസ്‌നിയന്‍ മുസ്ലിം സ്ത്രീകളെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുക എന്ന തന്ത്രമാണ്  യുഗോസ്ലാവിയന്‍ തകര്‍ച്ചക്കാലത്ത് സെര്‍ബ് വംശീയവാദികള്‍ അനുവര്‍ത്തിച്ചത് എന്നു കാണാന്‍ കഴിയും.റുവാണ്ടന്‍ വംശഹത്യാകാലത്തും ഹുതു വംശീയവാദികള്‍ ടുട്‌സി വനിതകള്‍ക്കെതിരെ ബലാല്‍സംഗം ഒരു ആയുധമായി ഉപയോഗിച്ചിരുന്നു എന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തന്‍റെ മൂക്കിലിപ്പോഴും ശുക്ലത്തിന്റെ വാസന നില്‍ക്കുന്നുണ്ട് എന്നു ബലാത്സംഗം ചെയ്യപ്പെട്ട ഒരു ടുട്‌സി വനിത താനനുഭവിച്ച പീഢനത്തെക്കുറിച്ചു പറയുന്നതായി അതിലൊരു റിപ്പോര്‍ട്ടില്‍ കാണാം.അതിനാല്‍ തന്നെ കാലദേശങ്ങള്‍ക്കതീതമായി വര്‍ഗ്ഗീയവാദികളുടെ സ്ട്രാറ്റജിയാണ് ബലാല്‌സംടഗം എന്നു നമുക്കു കാണാന്‍ കഴിയും.
ഇന്ത്യയില്‍ നടന്ന മുസ്ലിം വിരുദ്ധ വംശഹത്യയില്ലൊം തന്നെ ബലാല്‌സംകഗം ഒരു പൊതുനയമായി സംഘ്പരിവാര്‍ അനുവര്‍ത്തിച്ചതായി കാണാം.

ഗുജറാത്ത് ,മുസഫര്‍ നഗര്‍ തുടങ്ങി എണ്ണമറ്റ മുസ്ലിം വിരുദ്ധ കലാപങ്ങളിലെല്ലാം തന്നെ മുസ്ലിം സ്ത്രീകള്‍ക്കു നേരെയുളള ലൈംഗികാതിക്രമം കാണാന്‍ കഴിയും .ഹരിയാനയിലെ മേവാത്തില്‍ അര്‍ദ്ധരാത്രി വീടാക്രമിച്ചു പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കമുള്ളവരെ ഗോരക്ഷകര്‍ ബലാല്‍സംഗം ചെയ്തതിനു ന്യായീകരണമായി പെണ്‍കുട്ടികളൊട് പറഞ്ഞത് ‘നിങ്ങള്‍ ബീഫ് കഴിക്കുന്നവരായതുകൊണ്ടാണ് ഞങ്ങളിതു ചെയ്യുന്നത്’ എന്നാണ്.ഗുജറാത്തില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനു കുറ്റവാളികള്‍ക്കെതിരെ നിയമയുദ്ധം നടത്തി ഇന്ത്യയിലെ തന്നെ മനുഷ്യാവകാശ ചരിത്രത്തിലെ ഐതിഹാസിക പോരാളിയായി മാറിയത് വേണ്ട രീതിയില്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പരിഗണിച്ചില്ല എന്നത് നമുക്കറിയാവുന്നതാണ്.യുപി മുഖ്യമന്ത്രിയായ യോഗി ആതിഥ്യനാഥിരിക്കുന്ന വേദിയിലാണ് മുസ്ലിം സ്ത്രീകളുടെ ശവത്തെപ്പോലും ബലാല്‌സംഗം ചെയ്യണമെന്നു ആഹ്വാനം ചെയ്യപ്പെട്ടത്. ബലാല്‍സംഗം എന്നതിനെ ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചു ഹിന്ദുത്വവാദികള്‍ക്കു ഒട്ടും തന്നെ ശങ്കയില്ല എന്നത് ചരിത്രമാണ്.

     ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കര്‍ 1966ല്‍ മറാത്തിയിലെഴുതിയ പുസ്തകത്തില്‍ കല്യാണിലെ മുസ്ലിം ഗവര്‍ണ്ണറെ തോല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മരുമകളെ വെറുതെ വിട്ടത് ശിവജിയുടെ തെറ്റായ ധാര്‍മ്മിക സങ്കല്‍പ്പം കൊണ്ടാണെന്നു പറയുന്നുണ്ട്. ശത്രു ഭാഗത്തുള്ള സ്ത്രീകളെ ബലാല്‍സംഗം ചെയ്യല്‍ ‘പരംധര്‍മ്മ’മാണെന്നും അദ്ദേഹം പറയുന്നുണ്ട്.അതായത് മധ്യകാല മുസ്ലിം ഭരണാധികര്‍ ഹിന്ദു സ്ത്രീകളോട് ചെയ്തു എന്നു പറയുന്ന നിറം പിടിപ്പിച്ചതും അസത്യവും അര്‍ദ്ധസത്യങ്ങളുമായ സംഗതികള്‍ നിരത്തിയിട്ട് അത്തരം സംഗതികള്‍ക്കു പകരം തടവിലാക്കപ്പെട്ട മുസ്ലിം സ്ത്രീയോട് ശിവജിക്കു ചെയ്യാമായിരുന്നു എന്നാണ് സവര്‍ക്കര്‍ പറയുന്നത്.

നീതിബോധം എന്ന സംഗതി ഹിന്ദു ഭീകരവാദികള്‍ക്കു അന്യമായതിനാല്‍ മുസ്ലിം പുരുഷന്‍മാര്‍ ഹിന്ദു സ്ത്രീകളെ അപമാനിച്ച എന്ന വ്യാജ കഥകള്‍ ഉല്‍പ്പാദിപ്പിച്ചു അതിനു പകരം മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യലാണ് പ്രതികാരം എന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്നവരാണ് ഹിന്ദു തീവ്രവാദികള്‍ .അതുകൊണ്ടു തന്നെ ഹിന്ദു സ്ത്രീയെ ഏതെങ്കിലും മുസ്ലിം പുരുഷന്‍ കമന്റടിച്ചാല്‍ മതി ഒരു സംഘിക്കു മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ‘ന്യായമായ കാരണമായി’ മാറാന്‍.മുസഫര്‍ നഗര്‍ കലാപത്തിനു മുമ്പു തന്നെ പത്തും പതിനഞ്ചും ചെറുപ്പക്കാരെ ഒരോ നഗരങ്ങളിലും ഗ്രാമങ്ങളിലും റിക്രൂട്ട് ചെയ്തു ലഹളക്കുള്ള ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അതിലെ ഒരു ‘കലാപരിപാടി’യെന്നത് തലയില്‍ തൊപ്പിയും താടിയും വെച്ച സംഘി ഒരു ഹിന്ദു പെണ്‍കുട്ടിയെ കമന്റടിക്കുക എന്നതായിരുന്നുവെന്ന് മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ചന്വേഷിച്ച ‘അന്‍ഹദ് ‘ എന്ന മനുഷ്യാവകാശസംഘടനയുടെ റിപ്പോര്‍ട്ടു പറയുന്നു.

കോടതി തന്നെ തള്ളിയ ‘ലവ് ജിഹാദി’നു പകരമായിട്ടാണല്ലോ രാധാകൃഷ്ണപിള്ള കുഞ്ഞുങ്ങളെ സമ്മാനിക്കാനായി നടക്കുന്നത്.ഇനി സംഘിയുടെ ലിംഗം ഉദ്ധരിക്കാന്‍ ഇത്രയൊന്നും വേണമെന്നില്ല മറിച്ചു മധ്യകാലഘട്ടത്തില്‍ മുസ്ലിം ഭരണാധികാരികള്‍ ഹിന്ദു സ്ത്രീകളോട് ചെയ്ത നിറം പിടിപ്പിച്ച കഥകള്‍ മാത്രം മതി അവര്‍ക്കതിന്.കേരളത്തില്‍ സൈബര്‍ ഇടങ്ങളില്‍ സജീവമായ സംഘികളില്‍ ചിലരുടെ പൊതു സ്വഭാവമാണ് ബലാല്‍സംഗ ഭീഷണി ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനു നേരെയും മുമ്പൊരിക്കല്‍ സംഘികള്‍ ഫേസ്ബുക്കില്‍ ബലാല്‍സംഗ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം കേരളീയ പൊതുസമൂഹം അത് ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നാല്‍ ഒരു വ്യക്തി എന്നതിലപ്പുറം ഒരു സമൂഹത്തെയൊന്നടങ്കം ബലാല്‍സംഗം ചെയ്യാനാഹ്വാനം ചെയ്തത് ചര്‍ച്ചയാവാത്തതിലെ പൊള്ളത്തരം നാം തിരിച്ചറിയേണ്ടതുണ്ട്.’സിന്ധു സൂര്യകുമാര്‍ അര്‍ഹിക്കുന്ന പരിഗണനയൊന്നും മുസ്ലിം സ്ത്രീക്കില്ല എന്നാണോ പൊതുസമൂഹവും മാധ്യമങ്ങളും കരുതുന്നത് എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

 

അതിനാല്‍ വളരെ ഗൗരവമായ ഒരു കുറ്റം ചെയ്തിട്ടും ,അതിന് പരാതി ലഭിച്ചിട്ടും കറകളഞ്ഞ മതേതരവാദികളെന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇതുവരെ രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ് .എംഎം അക്ബര്‍,ശംസുദ്ധീന്‍ പാലത്ത് തുടങ്ങിയ ഇസ്ലാം മതപ്രബോധകര്‍ക്കെതിരെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ കേസെടുക്കുകയും അതില്‍ ചിലര്‍ക്ക് യുഎപിഎ ചുമത്തുകയും ചെയ്ത ഇടതുസര്‍ക്കാര്‍,പക്ഷേ ഇത്തരത്തില്‍ വിഷം തുപ്പുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ കേസെടുക്കാന്‍ മടിച്ചു ‘നിഷ്‌ക്രിയതയുടെ മുസ്ലിം പവര്‍ എക്‌സ്ട്രാ’ പകര്‍ന്നു കൊടുക്കുന്ന കാപട്യം നാം കണ്ടില്ലെന്നു നടിക്കരുത്. മറ്റൊരു സംഗതി മുസ്ലിം പൗരോഹിത്യമോ സാമുദായിക നേതാക്കളോ ഏതെങ്കിലുമൊരു സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാലോ മറ്റോ അത് ‘ആഘോഷിക്കുന്ന’ മാധ്യമങ്ങളുടെ ‘സെലക്ഷന്റെ’ രാഷ്ട്രീയത്തെക്കുറിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ ആഭാസകരമായ രീതിയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വേഷം കെട്ടിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആഭാസത്തരെ ആഘോഷിച്ച മീഡിയ ഈ വര്‍ഗ്ഗീയ ഭ്രാന്തുമൂത്ത ,സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആഹ്വാനത്തെ കണ്ടില്ലെന്നു നടിക്കുന്നതു മീഡിയ രംഗത്തെ അധികാരം ,സമുദായം ,തുടങ്ങി പല താല്പര്യങ്ങളേയും വിശകലന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ഉദാഹരണത്തിന് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കമന്റ് പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ഇതൊരു ചര്‍ച്ചയാവുകയും ചെയ്ത സമയത്തു ദൃശ്യമാധ്യമങ്ങളുടെ ചര്‍ച്ച നടിക്കെതിരെയുള്ള പീഢനക്കേസില്‍ പങ്കുണ്ടെന്നാരോപിക്കപ്പെടുന്ന പ്രമുഖ നടനെതിരെ താരസംഘടന എന്തേലും നടപടിയെടുത്തോ എന്നതും നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍മാര്‍ക്കെതിരെ കേസ് കൊടുക്കുമോ എന്നതുമായിരുന്നു.ഏഷ്യാനെറ്റു ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഗെസ്റ്റുകളിലൊന്നു ശോഭാസുരേന്ദ്രനായിരുന്നു ,അതേ മുസ്ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്നെടുത്തു ബലാല്‍സംഗം ചെയ്യണമെന്നാഹ്വാനിച്ച,മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്തു കുഞ്ഞുങ്ങളെ സമ്മാനിക്കാന്‍ നടക്കുന്ന അനുയായികളുള്ള പാര്‍ട്ടിയുടെ നേതാവ്, അവരാണ് നടിയുടെ മനുഷ്യാവകാശത്തെക്കുറിച്ചു ഘോരഘോരം ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെന്ന മനോഹരമായ വൈരുദ്ധ്യം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ നേര്‍ ചിത്രമാണ് .മുകളില്‍ സൂചിപ്പിച്ച പോലെത്തന്നെ ജെന്‍ഡര്‍ എന്നത് എല്ലായിടത്തും ഒരേ സ്വഭാവങ്ങള്‍ വെച്ചു പുലര്‍ത്തുന്ന,സാര്‍വ്വലൗകികമായൊരു സ്വത്വമല്ല അതിനകത്ത് വര്‍ഗ്ഗം,ജാതി ,പ്രദേശം,സമുദായം എന്നിങ്ങനെയുള്ള പല ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നതാണ്.

  അതുകൊണ്ടാണ് പ്രിവിലേജുകളൊരുപാടുള്ളവര്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്കകത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ സവര്‍ണ്ണ ഇടതു പൊതുബോധത്തിനകത്തു മുസ്ലിം വനിതകളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്നതു അരികുവ്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നു വരുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും മനസ്സിലാക്കേണ്ടതുണ്ടെന്നു മാത്രമല്ല അത്തരം സാമുഹിക വിഭാഗങ്ങളളില്‍ നിന്നുള്ള അച്ചടി,ദൃശ്യ,നവമാധ്യമങ്ങള്‍ തങ്ങളുടേതായ അജണ്ട ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ആര്‍ക്കും എന്തും പറയാനുള്ള ഒരു സമൂഹത്തിനെതിരെയുള്ള വെറുപ്പും മുന്‍വിധിയും വെച്ചുപുലര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ളതല്ല. ഒരു സമൂഹത്തോട് അത്യധികം വെറുപ്പു പ്രചരിപ്പിക്കുന്ന കുറ്റകരമായ ഇത്തരം ബലാത്സംഗ ആക്രോശങ്ങള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്.മുസഫര്‍ നഗറും ഗുജറാത്തും നമ്മുടെ നാട്ടില്‍ സംഭവിക്കാതിരിക്കാന്‍ ,ബാബുബജ്‌റംഗിമാര്‍ ഇവിടെ പിറവിയെടുക്കാതിരിക്കാന്‍,വര്‍ഗ്ഗീയതയുടെ അപരമത വിദ്വേഷത്തിന്റെ ഉദ്ധരിച്ച ലിംഗങ്ങളെ നാം വെറുതെവിടരുത്.

 

അഡ്വ. അബ്ദുൽ കബീർ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.