Thelicham

ഫത്ഹുല്‍ മുഈന്‍ വായനയിലെ വ്യാഖ്യാനങ്ങളുടെ ഇടം

  • പത്താം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച പ്രമുഖ പണ്ഡിതനും ആത്മീയ നോതാവുമായിരുന്ന സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്റെ ഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമാണ് ഫത്ഹുല്‍ മുഈന്‍. കേരളീയ മുസ്‌ലിംകളെ ശാഫിഈ ധാരയില്‍ സംയോജിപ്പിക്കുന്നതിലും ശാഫിഈ സരണിയുടെ വ്യാപനം സജീവമാക്കുന്നതിലും ഈ ഗ്രന്ഥം വഹിച്ച പങ്ക് അനിഷേധ്യമാണ്. സുഗ്രാഹ്യമായ ഭാഷയില്‍ ശാഫിഈ കര്‍മശാസ്ത്ര നിയമങ്ങള്‍ വിശകലനം ചെയ്യുന്ന ഫത്ഹുല്‍ മുഈനിന്റെ രീതിശാസ്ത്രം മതവിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈന്‍ അടിസ്ഥാനമാക്കി കേരളത്തിനകത്തും പുറത്തും നിരവധി ഗ്രന്ഥങ്ങള്‍ വ്യാഖ്യാനങ്ങളായും ഹാശിയകളായും സംഗ്രഹങ്ങളായും വിവര്‍ത്തനങ്ങളായും കാവ്യങ്ങളായും ഗവേഷണ പഠനങ്ങളായും രചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിരചിതമായ 8 ഓളം വ്യാഖ്യാന ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഈ പഠനം. ലഭ്യമായ ഹാശിയകളുടെ രചയിതാക്കള്‍, രീതിശാസ്ത്രം, സവിശേഷതകള്‍, സമാനതകള്‍, പോരായ്മകള്‍, സാങ്കേതിക പദങ്ങള്‍ എന്നിവ വിശകലനം ചെയ്യാനും പ്രമുഖ വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇആനത്, തര്‍ശീഹ് എന്നിവയെ കര്‍മശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി താരതമ്യം ചെയ്യാനും ഈ പഠനം താല്‍പര്യപ്പെടുന്നു.
    ഇആനതുല്‍ മുസ്തഈന്‍ അലാ ഫത്ഹില്‍ മുഈന്‍
    ഫത്ഹുല്‍ മുഈനിന്റെ പ്രഥമ വ്യാഖ്യാന ഗ്രന്ഥമായ ഇആനതുല്‍ മുസ്തഈനിന്റെ രചന നിര്‍വഹിച്ചത് യമനീ കര്‍മശാസ്ത്ര വിശാരദനായ അലി ബ്‌നു അഹ്മദ് ബ്‌നു സഈദ് ബാസ്വബ്‌രീന്‍ (1304-1387) ആണ്. ഫത്ഹുല്‍ മുഈനിന്റെ രചന കഴിഞ്ഞ് 278 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. രചനാ പശ്ചാത്തലം ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു – ”ചില സഹോദരങ്ങള്‍ക്ക് (ഫത്ഹുല്‍ മുഈന്‍) അധ്യാപനം നടത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. എന്നാല്‍ അധ്യാപനത്തെ സഹായിക്കുന്ന വിശദീകരണക്കുറിപ്പുകള്‍ എനിക്ക് കണ്ടെത്താനായില്ല. ഫത്ഹുല്‍ മുഈന്‍ അനുബന്ധമായി ഗ്രന്ഥ രചന നിര്‍വഹിച്ച ഒരാളെയും എനിക്ക് കാണാന്‍ കഴിഞ്ഞതുമില്ല. തദവസരം ഫത്ഹുല്‍ മുഈനിന് ഹാശിയ രചിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുകയും അല്ലാഹുവിനോട് നന്മ തേടി പ്രാര്‍ത്ഥിക്കുകയും എന്റെ ഗ്രന്ഥത്തിന് ഇആനതുല്‍ മുസ്തഈന്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു”.
    കര്‍മശാസ്ത്രത്തിലെ ബൃഹത്തായ ഗ്രന്ഥങ്ങളെയാണ് ഇമാം ബാസ്വബ്‌റീന്‍ തന്റെ രചനക്ക് ആധാരമാക്കിയത്. ഇബ്‌നു ഹജറിന്റെ തുഹ്ഫതുല്‍ മുഹ്താജ്, ശിഹാബുദ്ദീന്‍ മുഹമ്മദ് റംലിയുടെ നിഹായതുല്‍ മുഹ്താജ്, ശംസുദ്ദീന്‍ ഖത്വീബുശ്ശിര്‍ബീനിയുടെ മുഗ്‌നില്‍ മുഹ്താജ്, സഈദ് ബ്‌നു മുഹമ്മദ് ബാഅ്ശന്റെ ബുഷറല്‍ കരീം, ഹാശിയതു ശബ്‌റാമല്ലിസി, ഹശിയതു ശര്‍ഖാവി, ഹശിയ്തുല്‍ ബുജൈരിമി എന്നിവ അവയില്‍ ചിലതാണ്.
    ഹി. 1261 ദുല്‍ഖഅ്ദ 25 ശനിയാഴ്ച ളുഹ്ര്‍ സമയത്താണ് ഗ്രന്ഥ രചന പൂര്‍ത്തിയാക്കുന്നത്. ഇആനതു ത്വാലിബീനിന്റെ ഗ്രന്ഥ കര്‍ത്താവായ സയ്യിദ് ബക്‌രിയുടെ ജനനത്തിന്റെ അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇത്. രണ്ട് വാള്യങ്ങളിലായി 913 ഓളം പേജുകള്‍ ഉള്‍കൊള്ളുന്നതാണ് ഈ ഗ്രന്ഥം. പ്രസിദ്ധീകരിക്കപ്പെടാത്ത ഗ്രന്ഥം കയ്യെഴുത്ത് പ്രതികളായാണ് വിവിധ രാഷ്ട്രങ്ങളില്‍ വ്യപിച്ചത്. ഈജിപ്തിലെ ദാറുല്‍ കുതുബില്‍ മിസ്‌രിയ്യയില്‍ സൂക്ഷിക്കപ്പെട്ട ഇആനതിന്റെ കൈയെഴുത്ത് പ്രതി ഇതിനെ സാധൂകരിക്കുന്നുണ്ട്. കാരണം ഇആനതിന്റെ രചന കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹി 1269 റമളാന്‍ 10 ( 1853 ജൂണ്‍ 17)നാണ് പ്രസ്തുത ഗ്രന്ഥം ദാറുല്‍ കുതുബില്‍ എത്തുന്നത്. ഫത്ഹുല്‍ മുഈനിന്റെ പ്രഥമ വ്യാഖാന ഗ്രന്ഥമായതുകൊണ്ട് തന്നെ പണ്ഡിതര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടാന്‍ ഇആനതിനു സാധിച്ചു. ഇബ്‌നു ഹജര്‍ ഹൈതമി(റ)യുടെ തുഹ്ഫതുല്‍ മുഹ്താജിന് ടിപ്പണി എഴുതിയ അബ്ദുല്‍ ഹമീദ് ശര്‍വാനി ഇആനതില്‍ നിന്നും ഉദ്ധരിച്ചതായി കാണാം. ഇതു വരെ പ്രസിദ്ധീകരിക്കപ്പെടാത്ത ഇആനതിന്റെ കൈയെഴുത്ത് പ്രതികള്‍ തരീമിലെ അല്‍ അഹ്ഖാഫ് ലൈബ്രറി, ഹറം ലൈബ്രറി, മലിക് സഊദ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ചാലിയം അസ്ഹരിയ്യ ലൈബ്രറി എന്നിവിടങ്ങളില്‍ സൂക്ഷിക്കപ്പൈട്ടിട്ടുണ്ട്.

ഇആനതു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍
ഫത്ഹുല്‍ മുഈന്‍ പഠിതാക്കളിലും അധ്യാപകരിലും ഏറെ പ്രചാരം നേടിയ വ്യാഖാന ഗ്രന്ഥമാണ് ഇന്ത്യോനേഷ്യന്‍ സ്വദേശി അബൂബക്കര്‍ ഉസ്മാന്‍ ബ്‌നു ശത്വാ അദ്ദിംയാഥി (സയ്യിദ് ബക്‌രി)(1266-1310) രചിച്ച ഇആനതു ത്വാലിബീന്‍. നാല് വാള്യങ്ങളിലായി പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം ഫത്ഹുല്‍ മുഈനിനെ സമഗ്രവും സുതാര്യവുമായി സമീപിക്കുന്ന ബൃഹദ് ഗ്രന്ഥമാണ്.
കൃതിയുടെ ആമുഖത്തില്‍ രചനാ പശ്ചാത്തലം ഗ്രന്ഥകാരന്‍ വിവരിക്കുന്നു: ‘മസ്ജിദുല്‍ ഹറാമില്‍ ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്തുന്നതിനിടയില്‍ ഞാന്‍ സമാഹരിച്ച കുറിപ്പുകള്‍ ചില അഭ്യുദയകാംക്ഷികളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് കോര്‍ത്തിണക്കിയതാണ് ഈ ഗ്രന്ഥം’. മക്കയില്‍ വെച്ചായിരുന്നു അദ്ദേഹം ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്. മക്ക ഹറം മസ്ജിദിലെ തന്റെ ഗുരുനാഥനായ സൈനി ദഹ്‌ലാനിലൂടെയാണ് സയ്യിദ് ബക്‌രി ഫത്ഹുല്‍ മുഈന്‍ പരിചയപ്പെടുന്നത്. ശാഫിഈ സരണിയിലെ പ്രബല ഗ്രന്ഥങ്ങളായ തുഹ്ഫതുല്‍ മുഹ്താജ്, ഫത്ഹുല്‍ ജവാദ്, നിഹായതുല്‍ മുഹ്താജ്, ശറഹുര്‍ റൗള്, ശറഹുല്‍ മന്‍ഹജ്, ഹാശിയതു ഇബ്‌നി ഖാസിം, ഹാശിയതു അലി ശിബ്‌റാമുല്ലസി, ഹാശിയതുല്‍ ബുജൈരിമി എന്നിവയാണ് രചനക്ക് സയ്യിദ് ബക്‌രി ആധാരമാക്കിയത്. ഹി-1298 ജുമാദുല്‍ ഉഖ്‌റ 27 ബുധനാഴ്ചയാണ് ഗ്രന്ഥ രചന പൂര്‍ത്തിയാകുന്നത്.ഫത്ഹുല്‍ മുഈന്‍ രചിക്കപ്പെട്ട് 315 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇആനത്ത് രചിക്കപ്പെടുന്നത്. 1300 ശവ്വാല്‍ 23 തിങ്കളാഴ്ച ഗ്രന്ഥത്തിന്റെ സംശോധനയും പൂര്‍ത്തിയായി. നാല് വാള്യങ്ങളിലായാണ് ഇആനത്ത് സംവിധാനിക്കപ്പെട്ടത്. നിസ്‌കാരം, ജമാഅത്ത് നിസ്‌കാരം, കച്ചവടം, വിവാഹ മോചനം എന്നീ അധ്യായങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് വാള്യങ്ങളില്‍ പ്രഥമ അധ്യായങ്ങളായി വരുന്നു.

കര്‍മശാസ്ത്രത്തിലെ ബൃഹത്തായ ഗ്രന്ഥങ്ങളെയാണ് ഇമാം ബാസ്വബ്‌റീന്‍ തന്റെ രചനക്ക് ആധാരമാക്കിയത്. ഇബ്‌നു ഹജറിന്റെ തുഹ്ഫതുല്‍ മുഹ്താജ്, ശിഹാബുദ്ദീന്‍ മുഹമ്മദ് റംലിയുടെ നിഹായതുല്‍ മുഹ്താജ്, ശംസുദ്ദീന്‍ ഖത്വീബുശ്ശിര്‍ബീനിയുടെ മുഗ്‌നില്‍ മുഹ്താജ്, സഈദ് ബ്‌നു മുഹമ്മദ് ബാഅ്ശന്റെ ബുഷറല്‍ കരീം, ഹാശിയതു ശബ്‌റാമല്ലിസി, ഹശിയതു ശര്‍ഖാവി, ഹശിയ്തുല്‍ ബുജൈരിമി എന്നിവ അവയില്‍ ചിലതാണ്.

ഇന്ത്യ, ഈജിപ്ത്, ലബനാന്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ നിന്ന് അച്ചടിക്കപെട്ട ഈ ഗ്രന്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തില്‍ സ്വാധീനം നേടിയതായി കാണാം. കിഴക്കന്‍ ആഫ്രക്കന്‍ മതപാഠശാലകളില്‍ ഫത്ഹുല്‍ മുഈനും ഇആനതും വ്യാപകമായിരുന്നുവെന്ന് കിഴക്കനാഫ്രിക്കന്‍ ശാഫിഈ പണ്ഡിതരുടെ ജീവചരിത്രമെഴുതിയ അബ്ദുല്ല സ്വാലിഹ് ഫാരിസി വ്യക്തമാക്കിയിട്ടുണ്ട്. ഖൂത്തുല്‍ മുഹ്താജീന്‍ ഇലാ ഇബ്‌റാസി ദഖാഇഖി ഫത്ഹില്‍ മുഈന്‍, ഇത്ഖാനുല്‍ മുഫ്തീന്‍ ഫീ ബയാനി മആനി ഫത്ഹില്‍ മുഈന്‍ എന്നീ രണ്ട് പേരുകളിലാണ് പല നാടുകളിലും ഇആനത്ത് അറിയപ്പെട്ടത്. കിഴക്കന്‍ ആഫ്രിക്കയിലെ ശാഫിഈ പണ്ഡിതന്‍ അബ്ദുല്ല ബഖാത്തിര്‍ സയ്യിദ് ബക്‌രിയില്‍ നിന്ന് ഫത്ഹുല്‍ മുഈനും ഇആനതും പഠിച്ചിട്ടുണ്ട്. ഇആനതിന്റെ രചന കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം 1888 ലാണ് അദ്ദേഹം മക്കയിലെത്തുന്നത്. പഠനം പൂര്‍ത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ അദ്ദേഹം കെനിയയിലെ സാന്‍സിബാര്‍, ലാമു എന്നിവിടങ്ങളില്‍ സയ്യിദ് ബക്‌രിയുടെ വിവിധ ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തിയതായി ചരിത്രത്തില്‍ കാണാം. 

മഖ്ദൂമിന്റെ നാട്ടുകാരായ കേരളീയര്‍ ഇആനതിനെ നെഞ്ചേറ്റി. അധ്യാപകരും വിദ്യാര്‍ഥികളും പഠനാവശ്യങ്ങള്‍ക്കായി നിരന്തരം ഇആനതിനെ നെഞ്ചേറ്റി ആശ്രയിച്ചു. കേരളീയ പണ്ഡിതന്മാര്‍ തയ്യാറാക്കിയ തഅ്‌ലീഖാത്തുകളില്‍ ഇആനതിലെ ഉദ്ധരണികള്‍ സ്ഥാനം പിടിച്ചു. മലയാളത്തിലേക്ക് ഇആനത് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനാണ് ചാലിലകത്ത് അബ്ദുല്ല മൗലവി. സയ്യിദ് ബക്‌രിയുടെ ഹറമിലെ ഗുരുനാഥന്‍മാരില്‍ മലയാളിയായ കോടഞ്ചേരി അഹ്മദ് മുസ്‌ലിയാരും ഇടം നേടിയത് കേരളീയര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
സവിശേഷതകള്‍
* സരളവും ലളിതവുമായ ഭാഷാ പ്രയോഗം.
* ഗുരുനാഥന്‍ സൈനി ദഹ്‌ലാനി(റ) ന്റെ പ്രത്യേക പ്രാര്‍ഥനകള്‍, ദിക്‌റുകള്‍, സുപ്രധാന ഫത്‌വകള്‍ (തഅ്‌സിയത്ത് സംബന്ധമായ ഫത്‌വ ഉദാഹരണം)എന്നിവ ഉദ്ധരിക്കുന്നു.
* ചില സ്ഥലങ്ങളില്‍ ഫത്ഹുല്‍ മുഈനിനോട് വിയോജിക്കുന്നു.
”ഒരു ഭരണാധികാരിയോ പ്രമാണിയോ വിധി ന്യായത്തിന് അനര്‍ഹനെ നിയമിച്ചാല്‍ അത് നടപ്പാകുന്നതാണ്, പ്രസ്തുത ഭരണാധികാരി അമുസ്‌ലിമാണെങ്കിലും”(സാധുവാകുന്നതാണ്)(ഫ.മു)
”ഈ വിശദീകരണം തുഹ്ഫയിലോ നിഹായയിലോ മറ്റു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലൊ ഉദ്ധരിക്കാത്തതാണ്. കാരണം ഭരണാധികാരി മുസ്‌ലിമായിരിക്കല്‍ നിര്‍ബന്ധമാണ്, സത്യനിഷേധിയുടെ ഭരണമോ നേതൃത്വമോ സ്വീകാര്യയോഗ്യമല്ല”(ഇആനത്ത് 4-215)
* നിരവധി സ്ഥലങ്ങളില്‍ മറ്റു മൂന്നു മദ്ഹബുകളിലെ അഭിപ്രായങ്ങളും പരാമര്‍ശിക്കുന്നു.
* പ്രധാന നിസ്‌കാരങ്ങളുടെയും അദ്കാറുകളുടെയും ശ്രേഷ്ടത ഹദീസുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു.
* പല സ്ഥലങ്ങളിലും അവലംബം വ്യക്തമാക്കാതെ വിശദീകരണം നല്‍കുന്നു.സയ്യിദ് ബക്‌രിയുടെ ഈ പ്രവര്‍ത്തനത്തെ തര്‍ശീഹിന്റെ രചയിതാവ് അലിയ്യു സഖാഫ് (റ) വിമര്‍ശിച്ചിട്ടുണ്ട്.
* മഖ്ദൂമിന്റെ പേര് പരാമര്‍ശിക്കുന്ന വേളയില്‍ മുഅല്ലിഫു ഹിദായത്തില്‍ അദ്കിയാഅ് ഇലാ ത്വരീഖത്തില്‍ ഔലിയാഅ് എന്ന് പരിചയപ്പെടുത്തുന്നു.
* മഖ്ദൂമിന്റെ പിതാവിന്റെ പേര് അബ്ദുല്‍ അസീസ് എന്നാണ് പരാമര്‍ശിക്കുന്നത്. ഇത് പ്രബലാഭിപ്രായത്തോട് എതിരാണ്.
* ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളുടെ മുന്‍ഗണനാക്രമം വിശദീകരിക്കുന്ന വേളയില്‍ മജ്മൂഇന് ഒന്നാം സ്ഥാനത്ത് പരിഗണിക്കുന്നു.
തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍
ഇആനത്ത് കഴിഞ്ഞാല്‍ ഏവും കൂടുതല്‍ പ്രചാരത്തിലുള്ള വ്യാഖാന ഗ്രന്ഥമാണ് തര്‍ശീഹ്. മക്ക സ്വദേശി അലവി ബ്‌നു അഹ്മദ് ബ്‌നു അബ്ദിറഹ്മാന്‍ അസ്സഖാഫ് (1255-1335,ക്രി. 1839-1916) ആണ് ഇതിന്റെ രചയിതാവ്. ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ച പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുന്നു ‘ഹി 1292 ല്‍ ചില സഹോദരങ്ങള്‍ക്ക് ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്താനുള്ള ഭാഗ്യം ലഭിച്ചു, അതിനാല്‍ അധ്യാപനത്തെ സഹായിക്കുന്ന നോട്‌സുകളും കുറിപ്പുകളും തയ്യാറാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ പ്രസ്തുത ഉദ്യമത്തില്‍ നിന്നും പല കാര്യങ്ങളും എന്നെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ, സയ്യിദ് ബക്‌രിയുടെ വ്യാഖ്യാന ഗ്രന്ഥം ഞാന്‍ കാണാനിടയായി. ഫത്ഹുല്‍ മുഈനിന്റെ ഇബാറത്തുകളെ ഇഴകീറി പരിശോധിക്കുന്ന പ്രസ്തുത ഗ്രന്ഥം ഏറെ പ്രയോജനകരമാണെങ്കിലും അതില്‍ ചില പോരായ്മകളുള്ളതായി എനിക്ക് ബോധ്യപെട്ടു. അങ്ങനെ ഞാന്‍ എന്റെ രചന വേഗത്തിലാക്കി”. സയ്യിദ് ബക്‌രിയുടെ സമകാലികനായ ഇദ്ദേഹം ഇആനതിന്റെ രചന കഴിഞ്ഞ് 8 വര്‍ഷത്തിനു ശേഷം 1307 റമളാന്‍ 27ാം രാവിനാണ് (ഫത്ഹിന്റെ രചന കഴിഞ്ഞ് 323 വര്‍ഷങ്ങള്‍ക്ക് ശേഷം) രചന പൂര്‍ത്തിയാകുന്നത്.

ഇആനത്ത് കഴിഞ്ഞാല്‍ ഏവും കൂടുതല്‍ പ്രചാരത്തിലുള്ള വ്യാഖാന ഗ്രന്ഥമാണ് തര്‍ശീഹ്. മക്ക സ്വദേശി അലവി ബ്‌നു അഹ്മദ് ബ്‌നു അബ്ദിറഹ്മാന്‍ അസ്സഖാഫ് ആണ് ഇതിന്റെ രചയിതാവ്. അധ്യാപനത്തെ സഹായിക്കുന്ന നോട്ടുകളും കുറിപ്പുകളും തയ്യാറാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെടുന്നത്‌

ലഭ്യമായ വിവരം അനുസരിച്ച് കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അവസാനം വിരചിതമായത് തര്‍ശീഹാണ്. ശാഫിഈ ധാരയിലെ കിടയറ്റ പണ്ഡിതരായ ജലാലുദ്ദീന്‍ അല്‍ മഹല്ലി(791-864, ക്രി.1389-1459), ശൈഖ് സകരിയ്യ അല്‍ അന്‍സാരി, ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി, ഖതീബ് അശ്ശിര്‍ബീനി, ശംസുദ്ദീന്‍ അറംലി, മുഹമ്മദ് ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി(1127-1194,1715-1780), ശൈഖ് സുലൈമാന്‍ അല്‍ ജമല്‍, ഇബ്‌റഹീം ബ്‌നു മുഹമ്മദ് അല്‍ ബാജൂരി, അബ്ദുല്ല ശര്‍ഖാവി, സഈദ് ബ്‌നു മുഹമ്മദ് ബാഅ്ശന്‍, അലിയ്യു ബ്‌നു അലിയ്യിശ്ശബ്‌റാമല്ലിസി, അഹ്മദ് ബ്‌നു ഖാസിം അല്‍ അബ്ബാദി, സുലൈമാന്‍ അല്‍ ബുജൈരിമി എന്നിവരുടെ ഗ്രന്ഥങ്ങളെയാണ് തര്‍ശീഹിന്റെ രചനക്ക് പ്രധാനമായും ആധാരമാക്കിയത്. ഇആനത് പരാമര്‍ശിക്കാത്ത പല വിശദീകരണങ്ങളും ഉള്‍കൊള്ളുന്ന, 450 ഓളം പേജുകളിലായി സംവിധാനിക്കപ്പെട്ട ഈ ഗ്രന്ഥം കര്‍മശാസ്ത്ര പഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്.

തര്‍ശീഹിന്റെ ചില കോപ്പികളില്‍ അല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് വ ദ്ദുററുസാബിആത്തും (ഖുര്‍ആന്‍, ഹദീസ്, നബി(സ) യില്‍ നിന്നും വാരിദായ ദിക്‌റുകളും പ്രത്യേക പ്രാര്‍ത്ഥനകളും കോര്‍ത്തിണക്കി രചിക്കപ്പെട്ട ഗ്രന്ഥം) മുന്‍ ബസ്വറ ഖാളി ശൈഖി അഹ്മദ് നൂറിന്റെ പൗത്രന്‍ ശൈഖ് മഹ്മൂദ് ബസ്വ്‌രി എഴുതിയ അനുമോദനകാവ്യവും ചില കോപ്പികളില്‍ ചേര്‍ത്തിട്ടുണ്ട്.
സവിശേഷതകള്‍
* ശാഫിഈ ധാരയിലെ പ്രബലാഭിപ്രായങ്ങള്‍ ചുരുങ്ങിയ വാക്യങ്ങളില്‍ ഉള്‍കൊള്ളിക്കുമ്പോള്‍ അവ സുതാര്യമാക്കാന്‍ വേണ്ടി ചില വിശദീകരണങ്ങള്‍ നല്‍കുന്നു.
* സൈനുദ്ധീന്‍ മഖ്ദും ഉള്‍ക്കൊള്ളിക്കാത്ത ചില അധ്യായങ്ങള്‍ കൊണ്ടുവരുന്നു
* തുഹ്ഫതുല്‍ മുഹ്താജിനെ – ഉമ്മു കിതാബിഹി വ ഖിബ്‌ലതു മിഹ്‌റാബിഹി- എന്ന് വിശേഷിപ്പിക്കുന്നു.
* ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ തഖ്‌ലീദിന്റെ അനിവാര്യത, ശാഫിഈ ധാരയിലെ ഗ്രന്ഥങ്ങളുടെ മുന്‍ഗണനാക്രമം, ശാഫിഈ ഗ്രന്ഥങ്ങളിലെ സാങ്കേതിക പദങ്ങള്‍ തുടങ്ങിയ വിശദമായി ചര്‍ച്ചചെയ്യുന്നു.
* സുപ്രധാന മസ്അലകള്‍ പരാമര്‍ശിക്കുന്നു (തഫ്‌സീര്‍ ജലാലൈനി വുളു കൂടാതെ സ്പര്‍ശിക്കല്‍, ഫോട്ടോഗ്രഫി)
* മുഖ്തസ്വറുല്‍ ഫവാഇദില്‍ മക്കിയ്യ, അല്‍ അന്‍സാബുല്‍ മുസ്തഫവിയ്യ വസ്സീറത്തുന്നബവിയ്യ, അല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്, ഹിദായത്തുല്‍ മുഖ്താരീന്‍ ഫീ ഇല്‍മില്‍ ഫലഖ്, അല്‍ ഖൗലുല്‍ മലീഹ് ഫീ നുബ്ദിം മിന്‍ സ്വലാത്തിത്തസ്ബീഹ് തുടങ്ങിയ തന്റെ ഗ്രന്ഥങ്ങളിലേക്ക് സുചന നല്‍കുകയും അവ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
* പ്രത്യേക ദിനങ്ങളിലെ പ്രാര്‍ത്ഥനകളും ദിക്‌റുകളും ദീര്‍ഘമായി വിശദീകരിക്കുന്നു, ഇമാം നവവിയുടെ അദ്കാര്‍, അഹ്മദ് സൈനി ദഹ്‌ലാന്റെ തഖ്‌രീബുല്‍ ഉസ്വൂല്‍, ഇമാം ആമിരിയുടെ ബഹ്ജ തുടങ്ങിയവയില്‍ നിന്നാണ് മിക്ക ദിക്‌റുകളും പ്രാര്‍ത്ഥനളും ഉദ്ധരിക്കുന്നത്.
* ഗുരുനാഥന്‍മാരായ മുഹമ്മദ് ബ്‌നു ഹുസൈന്‍ അല്‍ ഹബശി, അഹ്മദ് സൈനി ദഹലാന്‍ എന്നിവരുടെ ഫത്‌വകള്‍ ഉദ്ധരിക്കുന്നു.
* മഖ്ദൂമിന്റെ പിതാവിനെ അബ്ദുല്‍ അസീസ് മലൈബാരി എന്നാണ് പരിചയപ്പെടുത്തുന്നത്, ഇത് പ്രബലാഭിപ്രായത്തിനെതിരാണ്, പ്രബലാഭിപ്രായം മുഹമ്മദ് ഗസ്സാലി എന്നാണ്.
* എഴുപതിലധികം സ്ഥലങ്ങളില്‍ സയ്യിദ് ബക്‌രിയുമായി വിയോജിക്കുന്നു. മുഹശ്ശി എന്ന പദംപ്രയോഗിച്ചാണ് സയ്യിദ് ബക്‌രിയെ സൂചിപ്പിക്കുന്നത്. സ്വനീഉല്‍ മുഹശ്ശി അജീബുന്‍ ബല്‍ അഅ്ജബു മിന്‍ഹു, കമാ സഅമഹുല്‍ മുഹശ്ശി, വ മിന്‍ഹു തുഅ്‌ലമു മാ ഫില്‍ മുഹശ്ശ, തകല്ലഫഹുല്‍ മുഹശ്ശി തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തുന്നത്.
ഉദാഹരണങ്ങള്‍
1) ഇആനത്: തല തടവുന്ന വേളയില്‍ മൂര്‍ദ്ധാവിന്റെ അളവിനേക്കാള്‍ കുറഞ്ഞ ഭാഗം തടവല്‍ കൊണ്ട് മതിയാകുന്നതല്ല എന്ന ഇമാം ബഗ്‌വിയുടെ ഉദ്ധരണി ബലഹീനവും പണ്ഡിതരുടെ ഏകോപനാഭിപ്രായത്തോട് എതിരായതുമാണ്(1-41)
തര്‍ശീഹ്: ഇമാം ബഗ്‌വിയുടെ ഉദ്ധരണി പണ്ഡിത ഏകോപനത്തിനോട് എതിരാണെന്ന ഹാശിയക്കാരന്റെ വാദത്തിലെ അപാകത വ്യക്തമാണ്. കാരണം, പണ്ഡിത ഏകോപനം നടന്നത് തലതടവുന്ന വേളയില്‍ മൂര്‍ദ്ധാവ് തന്നെ തടകല്‍ നിര്‍ബന്ധമില്ല എന്നതിലാണ്, മൂര്‍ദ്ധാവിന്റെ അളവിനേക്കാള്‍ കുറഞ്ഞ ഭാഗം തടവിയാലും മതിയാകും എന്നതിലല്ല (1-18)
2) ഇആനത്: വലിയ സംഘത്തിന്റെ ഇമാം തന്റെ സഹ്‌വിന്റെ സൂജൂദ് മൂലം മഅ്മൂമീങ്ങളില്‍ ആശയക്കുഴപ്പം ഭയക്കുന്ന പക്ഷം പ്രസ്തുത സുജൂദ് അവന് സുന്നത്താകുകയില്ല (1-196)
തര്‍ശീഹ്: വലിയ സംഘത്തിന്റെ ഇമാം തന്റെ സഹ്‌വിന്റെ സൂജൂദ് മൂലം മഅ്മൂമീങ്ങളില്‍ ആശയക്കുഴപ്പം ഭയന്നാലും അവന് സുജൂദ് സുന്നത്ത് തന്നെയാണ്, ഇബ്‌നു ഹജര്‍(റ) തന്റെ ഈആബില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇമാം ഹലബി ഈആബിന്റെ ഈ ഉദ്ധരണിയില്‍ ആശയക്കുഴപ്പത്തിലാകുകയും പ്രസ്തുത സുജൂദ് ഇമാമിന് സുന്നത്തില്ല എന്ന് തെറ്റായി ഉദ്ധരിക്കുകയും ചെയ്തു. തുടര്‍ന്ന് അബ്ദുല്‍ ഹമീദ് ശര്‍വാനിയും മിസ്വ്‌രിലെ പല ഹാശിയക്കാരും ഇമാം ഹലബി ഉദ്ധരിച്ചത് അതേ പടി പകര്‍ത്തി. അവരില്‍ നിന്നാണ് (ഈ) ഹാശിയക്കാരന് ഈ അഭിപ്രായം ലഭിച്ചത്. പക്ഷേ, അവലംബം വ്യക്തമാക്കാതെയാണ് അദ്ദേഹം ഇത് വിശദീകരിച്ചിട്ടുള്ളത്, അതിനാല്‍ നീ(വായനക്കാരന്‍) ജാഗ്രത പുലര്‍ത്തണം, മേല്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പണ്ഡിതരും ഇമാം ഹലബിയുടെ ഗ്രന്ഥമാണ് അവലംബിച്ചതെന്ന് എന്റെയടുത്ത് സ്ഥിരപ്പെട്ട വസ്തുതയാണ് (1-76)

ലഭ്യമായ വിവരം അനുസരിച്ച് കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അവസാനം വിരചിതമായത് തര്‍ശീഹാണ്. ശാഫിഈ ധാരയിലെ കിടയറ്റ പണ്ഡിതരായ മഹല്ലി, സകരിയ്യ അല്‍ അന്‍സാരി, ഇബ്‌നു ഹജര്‍, ഖതീബ് അശ്ശിര്‍ബീനി, റംലി, ഇബ്‌റഹീം ബ്‌നു മുഹമ്മദ് അല്‍ ബാജൂരി, അബ്ദുല്ല ശര്‍ഖാവി, സഈദ് ബ്‌നു മുഹമ്മദ് ബാഅ്ശന്‍, അലിയ്യു ബ്‌നു അലിയ്യിശ്ശബ്‌റാമല്ലിസി, ബുജൈരിമി എന്നിവരുടെ ഗ്രന്ഥങ്ങളെയാണ് തര്‍ശീഹിന്റെ രചനക്ക് പ്രധാനമായും ആധാരമാക്കിയത്‌

3) ഇആനത്: (മിസ്‌വാക്ക് സംബന്ധമായ ചര്‍ച്ചയില്‍) ഉശ്‌നാന്‍ (വാകപ്പൊടി, പൊട്ടാഷ്)കൊണ്ടും മിസ്‌വാക്ക് ചെയ്യല്‍ അനുവദനീയമാണ്, ഉശ്‌നാന്‍ എന്നാല്‍ ഗാസൂലോ (സാസൂന്‍ മരം)അതിന്റെ കായയോ ആണ്(1-45)
തര്‍ശീഹ്: (ഗാസൂല്‍, ഉശ്‌നാന്‍ എന്നിവയെ പരാമര്‍ശിക്കുന്ന ഇംദാദിന്റെ ഉദ്ധരണി പരാമര്‍ശിച്ചതിനു ശേഷം) ഇതില്‍ നിന്നും വ്യക്തമാകുന്നത് ഉശ്‌നാനും ഗാസൂലും ഒന്നല്ല എന്നാണ്. എന്നാല്‍ ഇതിനെതിരായ വിശദീകരണമാണ് ഹാശിയക്കാരന്‍ നല്‍കിയിട്ടുള്ളത്(1-20)
4) ഇആനത്: ബാങ്ക് വിളിക്കുന്ന വേളയില്‍ ചൂണ്ടുവിരല്‍ ചെവിക്കുഴിയില്‍ വെക്കല്‍ സുന്നത്താണ്. ബാങ്ക് ഉച്ചത്തിലാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ചെയ്യേണ്ടതെന്ന് ഇബ്‌നു ഹജര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ ഈ പ്രസ്താവന അദ്ദേഹത്തിന്റെ തുഹ്ഫയിലോ ഫത്ഹുല്‍ ജവാദിലോ പരാമര്‍ശിച്ചിട്ടില്ല, മറ്റു ഗ്രന്ഥങ്ങളിലാകാനാണ് സാധ്യത(1-237)
തര്‍ശീഹ്: ഇബ്‌നു ഹജര്‍(റ) ന്റെ പ്രസ്താവന ഫത്ഹുല്‍ ജവാദില്‍ തന്നെയാണ്, പ്രസ്തുത ഉദ്ധരണി ഇപ്രകാരമാണ് – ശബ്ദം ഉച്ചത്തിലാക്കല്‍ സുന്നത്തുള്ള വേളയില്‍ ചൂണ്ടുവിരല്‍ ചെവിക്കുഴിയില്‍ വെക്കല്‍ സുന്നത്താണ്, ഇത് കാണാത്തതുകൊണ്ടായിരിക്കാം ഹാശിയക്കാരന്‍ അപ്രകാരം പറഞ്ഞത് (88)
5) ഇആനത്: (ഇശ്‌റാഖ് നിസ്‌കാരം ളുഹാ അല്ല എന്ന അഭിപ്രായ പ്രകാരം) ഇശ്‌റാഖ് നിസ്‌കാരത്തിന്റെ സമയം സൂര്യന്‍ ഉദിച്ചുയര്‍ന്ന് അല്‍പ സമയം കഴിയുന്നതോടെ അവസാനിക്കും, സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്നത് വരെ(സവാല്‍) നീണ്ടുനില്‍ക്കില്ല (1-255)
തര്‍ശീഹ്: രണ്ട് അഭിപ്രായപ്രകാരവും ഇശ്‌റാഖ് നിസ്‌കാരത്തിന്റെ സമയം പ്രവേശിക്കുന്നത് ളുഹാ നിസ്‌കാരം പോലെ സൂര്യന്‍ ഉദിച്ചുയര്‍ന്നത് മുതല്‍ തന്നെയാണ്, ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ ഈ അഭിപ്രായമാണ് പ്രബലമാക്കിയിട്ടുള്ളത്. ഇമാം ശര്‍വാനി രേഖപ്പെടുത്തുന്നു- ഇബ്‌നു ഹജറോ മറ്റു പണ്ഡിതരോ ഇശ്‌റാഖ് നിസ്‌കാര സമയം അവസാനിക്കുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ളുഹാ നിസ്‌കാരത്തോട് തുലനം ചെയ്ത് സവാല്‍ വരെയോ അല്ലെങ്കില്‍ സാധാരണ രീതിയില്‍ ദീര്‍ഘിച്ച ഇടവേള സംഭവിക്കല്‍ കൊണ്ടോ ഇശ്‌റാഖ് നിസ്‌കാര സമയം അവസാനിക്കാനാണ് സാധ്യത. എന്നാല്‍ സൂര്യന്‍ ഉദിച്ചുയര്‍ന്ന് അല്‍പം കഴിയുന്നതോടെ സമയം അവസാനിക്കുമെന്ന ഹാശിയക്കാരന്റെ വാദം ചിന്തനീയം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവലംബം വ്യക്തമാക്കാത്ത ഹാശിയക്കാരന്റെ ചെയ്തി പഠിതാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് (92)
6) ഇആനത്: പള്ളിയില്‍ വെച്ചുള്ള നിസ്‌കാരത്താല്‍ ലഭിക്കുന്ന ശ്രേഷ്ടതയും പള്ളിയല്ലാത്ത സ്ഥലത്ത് വെച്ചുള്ള നിസ്‌കാരത്തിലെ ഹുളൂറും എതിരായാല്‍ ഇബാദത്തിന്റെ സത്തയുമായി ബന്ധപ്പെട്ടതിനെ മുന്തിേക്കണ്ടതാണ്. ഇവിടെ ഹുളൂറ് എന്നതിന്റെ ഉദ്ദേശ്യം ഹൂളൂറുല്‍ ജമാഅത്ത് (ജമാഅത്ത് ലഭിക്കല്‍) എന്നാണ് സന്ദര്‍ഭത്തില്‍ നിന്നും വേഗത്തില്‍ ഗ്രഹിക്കുന്നത്, എന്നാല്‍ ഹുളൂറിന്റെ ഉദ്ദേശ്യം ഹൃദയസാന്നിധ്യം എന്ന് ലഭിക്കുന്നത് വളരെ വിദൂരമായ വഴിയിലൂടെയാണ്(2-5)
തര്‍ശീഹ്: പ്രസ്തുത ഉദ്ധരണിയില്‍ നിന്നും എനിക്ക് വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിഞ്ഞത് ഹൃദയസാന്നിധ്യം എന്ന് തന്നെയാണ്, എന്നാല്‍ ഹാശിയക്കാരന്‍ ഗ്രഹിച്ചത് ഇപ്രകാരമല്ല, വിദൂരാര്‍ഥത്തെ സുഗ്രാഹ്യമാക്കിയും സുഗ്രാഹ്യമായതിനെ വിദൂരാര്‍ഥമാക്കിയുമാണ് ഹാശിയക്കാരന്‍ അവതരിപ്പിച്ചത്(103).
7) ഇആനത്: വലാ ദാഖിലും യഅ്താദുല്‍ ബുത്വ്അ വ തഅ്ഖീറല്‍ ഇഹ്‌റാമി ഇവിടെയുള്ള ‘വാവ്’ അൗ എന്നതിന്റെ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്(2-13)
തര്‍ശീഹ്: ‘വാവ്’ അൗ എന്നതിന്റെ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ഹാശയതു അലിയ്യനി ശിബ്‌റാമുല്ലസിയില്‍ നിന്നും ഇമാം ബുജൈരിമി ഉദ്ധരിച്ചത് എന്റെ ദൃഷ്ടിയില്‍പെട്ടു, അതിനെ തുടര്‍ന്നാണ് ഹാശിയക്കാരനും അപ്രകാരം എഴുതിയത്,എന്നാല്‍ ശബ്‌റാമുല്ലസിയില്‍ എനിക്കത് കാണാന്‍ കഴിഞ്ഞിട്ടില്ല(106)
8) ഇആനത്: (സംഘടിത ജമാഅത്തിന്റെ നിബന്ധനകള്‍ വ്യക്തമാക്കുന്ന വേളയില്‍) മഅ്മൂം സ്വന്തമായി ഒന്നാമത്തെ അത്തഹിയ്യാത്തില്‍ ഇരിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല, തുഹ്ഫയില്‍ അപ്രകാരം പ്രതിപാദിച്ചിരിക്കുന്നു(2-31)
തര്‍ശീഹ്: ഇമാം ഇസ്തിറാഹത്തിനു വേണ്ടി ഇരിക്കുന്ന വേളയിലും മഅമൂമിന് പ്രസ്തുത അത്തഹിയ്യാത്ത് അനുവദനീയമല്ല, ഈ അഭിപ്രായത്തോടാണ് തുഹ്ഫക്ക് ചായ്‌വുള്ളത്. മുഗ്‌നിയും നിഹായയും അപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്, അതിനാല്‍ മഖ്ദും ഉദ്ധരിച്ചത് അപ്രബലമായ അഭിപ്രായമാണ്. ഇത് വേണ്ട രീതിയില്‍ ഗ്രഹിക്കാതെ തുഹ്ഫയിലെ ഉദ്ധരണി മഖ്ദൂം(റ) ന്റെ അഭിപ്രായത്തോട് യോജിപ്പിക്കാനാണ് ഹാശിയക്കാരന്‍ ശ്രമിച്ചത്(111).

ബാങ്ക് വിളിക്കുന്ന വേളയില്‍ ചൂണ്ടുവിരല്‍ ചെവിക്കുഴിയില്‍ വെക്കല്‍ സുന്നത്താണ്. ബാങ്ക് ഉച്ചത്തിലാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ചെയ്യേണ്ടതെന്ന് ഇബ്‌നു ഹജര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ ഈ പ്രസ്താവന അദ്ദേഹത്തിന്റെ തുഹ്ഫയിലോ ഫത്ഹുല്‍ ജവാദിലോ പരാമര്‍ശിച്ചിട്ടില്ല, മറ്റു ഗ്രന്ഥങ്ങളിലാകാനാണ് സാധ്യത

9) ‘വ തുഅ്ഖസു മിന്‍ഹു വ ഇന്‍ ലം യുഖാതില്‍ ഖഹ്‌റന്‍’ ഇവിടെയുള്ള ‘വ ഇന്‍ ലം യുഖാതില്‍’ എന്നത് ‘ഖഹ്‌റന്‍’ എന്നതിന് ശേഷം പറയലായിരുന്നു ഉചിതം(2-148)
തര്‍ശീഹ്: ഇമാം റംലി(റ) നിഹായയിലും ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ജവാദിലും ഇപ്രകാരം തന്നെയാണ് ഉദ്ധരിച്ചിട്ടുള്ളത്, അതിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല, അതിനാല്‍ ഹാശിയക്കാരന്‍ നിര്‍ദേശിച്ച തിരുത്ത് അസ്ഥാനത്താണ്(146)
10) ഇആനത്: അരി ഭക്ഷണം കഴിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. നബി(സ)യുടെ പ്രകാശത്തില്‍ നിന്നും ഒരു ഉപാധിയും കൂടാതെ സൃഷ്ടിക്കപ്പെട്ടതാണത്(2-160)
തര്‍ശീഹ്: അരി ഭക്ഷണം കഴിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് ഹാശിയക്കാരന്‍ പറഞ്ഞത് ചില അസാധുവായ ഹദീസുകളെ ആധാരമാക്കിയാണ്, അതിനാല്‍ നീ ജാഗ്രത പാലിക്കണം(147).

തന്‍ശീത്വുല്‍ മുത്വാലിഈന്‍
കേരളീയനായ അലിയ്യു ബ്‌നു അബ്ദിറഹ്മാന്‍ അന്നഖ്ശബന്ദി (കുഞ്ഞുട്ടി മുസ്‌ലിയാര്‍, 1300 -1347) രചന നിര്‍വഹിച്ച ബൃഹത്തായ ഗ്രന്ഥമാണ് തന്‍ശീത്വ്. ഗ്രന്ഥ രചന പൂര്‍ത്തിയാകും മുമ്പേ അദ്ദേഹം വഫാത്തായി. 51 പേജുകളിലായി ഒറ്റവാള്യത്തില്‍ സംവിധാനിക്കപ്പെട്ട ഈ ഗ്രന്ഥം സ്വലാത്തുന്നഫ്ല്‍ (സുന്നത്ത് നിസ്‌കാരം) എന്ന അധ്യായം വരെയാണ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ രചിക്കപ്പെട്ട ഇതര വ്യാഖാന ഗ്രന്ഥങ്ങളില്‍ നിന്നും സൂക്ഷ്മ നിരീക്ഷണം കൊണ്ടും ആശയവിപുലത കൊണ്ടും വ്യതിരക്തമാണ് തന്‍ശീത്വ്.

സവിശേഷതകള്‍
1- ഫത്ഹുല്‍ മുഈനിലെ വാക്യങ്ങള്‍ക്ക് മാത്രമാണ് 51 പേജുകളിലായി വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ളത്.
2-നിരവധി സ്ഥലങ്ങളില്‍ അബ്ദുറഹ്മാന്‍ ഇബ്‌നു സിയാദ്(റ)ന്റെയും അല്‍ അജ്‌വിബത്തുല്‍ അജീബയില്‍ നിന്ന് ഇമാം സംസമിയുടെയും ഫത്‌വകള്‍ ഉദ്ധരിക്കുന്നു(12,16,17,20,21)
3- കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിലവാരത്തിലേക്കുയരുന്ന തന്‍ശീത്വില്‍ ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.
4-പത്തിലധികം സ്ഥലങ്ങളില്‍ സയ്യിദ് ബക്‌രിയുമായി വിയോജിക്കുന്ന ഗ്രന്ഥകാരന്‍ മുഹശ്ശി എന്ന പദം പ്രയോഗിച്ചാണ് ബക്‌രിയെ സൂചിപ്പിക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം ഇആനത്തിന്റെ ഉദ്ധരണികള്‍ കൊണ്ടുവരികയും യുക്തിബദ്ധമായി അവയെ ഖണ്ഡിക്കുകയും ചെയ്യുന്നു.
1345-1926ല്‍ തിരൂരങ്ങാടി മുള്ഹിറുല്‍ മുഹിമ്മാത്ത് പ്രസ്സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹാശിയതു ശീറാസി
മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയത്ത് ജനിച്ച് കോഴിക്കോട് നാദാപുരത്ത് ജീവിച്ച അഹ്മദ് ശീറാസി(1269-1326) രചിച്ച ഗ്രന്ഥമാണ് ഹാശിയതു ശീറാസി. ശാഫിഈ ധാരയിലെ ഗ്രന്ഥങ്ങളായ തുഹഫതുല്‍ മുഹ്താജ്, നിഹായതുല്‍ മുഹ്താജ്, മുഗ്‌നില്‍ മുഹ്താജ്, കന്‍സുര്‍റാഗിബീന്‍ ഇആനതു ത്വാലിബീന്‍, ഹാശിയതു ഖല്‍യൂബി, ഹാശിയതു ശര്‍ഖാവി എന്നിവയാണ് രചനക്ക് അദ്ദേഹം ആധാരമാക്കിയത്. മൂന്ന് വാള്യങ്ങളിലായി രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇതു വരെ പ്രസിദ്ധീകരിക്കിപ്പെട്ടിട്ടില്ല, നാദാപുരം ജുമാമസ്ജിദില്‍ ശീറാസിയുടെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്.

ഫത്ഹുല്‍ മുല്‍ഹിം
കേരളത്തിലെ പൂര്‍വിക പണ്ഡിതരുടെ തഅ്‌ലീഖാത്തുകള്‍ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഗ്രന്ഥമാണ് ഫത്ഹുല്‍ മുല്‍ഹിം. ചേളാരി ക്രസന്റ് പ്രസ്സ് പ്രതിനിധികള്‍ ഒരുമിച്ചു കൂട്ടിയ തഅ്‌ലീഖാത്തുകള്‍ വിപുലീകരിച്ചതും സംശോധന നിര്‍വഹിച്ചതും പ്രമുഖ പണ്ഡിതനും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അധ്യാപകനുമായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരും കെ.കെ അബൂബക്കര്‍ ഹസ്‌റത്തുമാണ്.

സവിശേഷതകള്‍
* ഫത്ഹുല്‍ മുഈനിന്റെ മഹാത്മ്യവും കേരളത്തിലെ തഅ്‌ലീഖാത്ത് ചരിത്രവും അനാവരണം ചെയ്യുന്ന അതിബൃഹത്തായ മുഖവുര.
* ഫത്ഹുല്‍ മുഈനിന്റെ ആശയവൈപുല്യം സൂക്ഷ്മായി മനസിലാക്കിയ തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളായ പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വെന്‍മയനാട് തോപ്പില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കോക്കൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, വലിയങ്ങാടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യരായ വെങ്ങാട് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തലശ്ശേരി കണ്ണിയത്ത് മുസ്‌ലിയാര്‍, ചെര്‍പ്പുളശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ പരാമര്‍ശിക്കുകയും അവരുടെ തഅ്‌ലീഖാത്ത് രചനയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു
* തുഹ്ഫയിലെ ഉദ്ധരണികള്‍ പലപ്പോഴായി പരാമര്‍ശിക്കുന്നു
* മൂലഗ്രന്ഥത്തില്‍ വിശദീകരണം ആവശ്യമുള്ള വാക്യങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തി ബ്രാക്കറ്റ് സഹിതം വിശദീകരണം നല്‍കുന്നു. മൂന്ന് വാള്യങ്ങളിലായി സംവിധാനിക്കപ്പെട്ട ഫത്ഹുല്‍ മുല്‍ഹിം അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാണ്.
* കമാ ഫീഹാ എന്ന പ്രയോഗം കൊണ്ട് ഇആനതിനേയും മുഹശ്ശി എന്നത് കൊണ്ട് സ യ്യിദ് ബക്‌രിയെയും ഉദ്ദേശിക്കുന്നു.
* ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മിക്ക പദങ്ങളുടെയും അര്‍ഥങ്ങള്‍ ചുരുങ്ങിയ വാക്കുളില്‍ സംഗ്രഹിക്കുന്നു.
1397 ലാണ് പ്രഥമ വാള്യത്തിന്റെ രചന പൂര്‍ത്തിയാവുന്നത്.1397 ശഅ്ബാന്‍ മാസത്തില്‍ ആദ്യമായി അച്ചടിയില്‍ പുറത്തിറങ്ങി. 1399 തില്‍ അവസാന വാള്യത്തിന്റെയും രചനയും അച്ചടിയും പൂര്‍ത്തിയായി.
ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍
സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍ മൂന്ന് വാള്യങ്ങളിലായി രചിച്ച വ്യാഖാന ഗ്രന്ഥമാണ് ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍.
10,11 നൂറ്റാണ്ടുകളില്‍ ജീവിച്ച മഖ്ദൂമുമാര്‍ ഫത്ഹുല്‍ മുഈനിന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എഴുതിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. മഖ്ദും കുടുംബത്തില്‍ നിന്നും ലഭ്യമായ ഏക വ്യാഖ്യാന ഗ്രന്ഥം മഖ്ദൂം അഖീറിന്റെ ശറഹുന്‍ അലാ ഫത്ഹില്‍ മുഈനാണ്. പൊന്നാനി മഖ്ദൂമുമാരുടെ മതകീയവും വൈജ്ഞാനികവുമായ പാരമ്പര്യം ശീഈ ഗ്രൂപ്പുകളാല്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ ഗ്രന്ഥത്തിന്റെ ഉദയം. എന്നാല്‍ ശീഈ ആശയങ്ങളെ ഖണ്ഡിക്കാന്‍ അദ്ദേഹം ഈ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തിയില്ല, മറിച്ച് പൊന്നാനിയുടെ വൈജ്ഞാനിക പുരോഗതിയില്‍ മഖ്ദൂം കുടുംബത്തിന്റെ ഇടം അദ്ദേഹം വിശദീകരിച്ചു.
ശറഹുന്‍ അലാ ഫത്ഹില്‍ മുഈന്‍
കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ മകന്‍ കുഞ്ഞി മുസ്‌ലിയാര്‍ (1310-1352) ഫത്ഹുല്‍ മുഈനിന് ഒരു വ്യാഖ്യാന ഗ്രന്ഥം രചിച്ചതായി ചില പഠനങ്ങളില്‍ കാണുന്നു. വിശദ വിവരങ്ങള്‍ ലഭ്യമല്ല.
സമാപ്തം
ഫത്ഹുല്‍ മുഈന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ സംബന്ധിച്ച് നടത്തിയ ഈ ലഘു പഠനത്തില്‍ നിന്നും വ്യക്തമായ ചില നിരീക്ഷണങ്ങള്‍ താഴെ ചേര്‍ക്കുന്നു
* ഫത്ഹുല്‍ മുഈനിന്റെ രചന കഴിഞ്ഞ് (ഹി 982) രണ്ട് നൂറ്റാണ്ടിന് ശേഷമാണ് പ്രഥമ വ്യാഖ്യാന ഗ്രന്ഥം പുറത്തുവന്നത്.
* ഇമാം നവവിയുടെ മാസ്റ്റര്‍പീസായ മിന്‍ഹാജിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളായ കന്‍സുര്‍റാഗിബീന്‍, തുഹ്ഫതുല്‍ മുഹ്താജ്, നിഹായതുല്‍ മുഹ്താജ്, മുഗ്‌നില്‍ മുഹ്താജ് എന്നിവ ഈജിപ്ത് കേന്ദ്രീകൃതമായി രചിക്കപ്പെട്ടതു പോലെ ഫത്ഹിന്റെ കേരളേതര വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇആനതുല്‍ മുസ്തഈന്‍, ഇആനതു ത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്തഫീദീന്‍ തുടങ്ങിയവ മക്ക കേന്ദ്രീകൃതമായാണ് രചക്കപ്പെട്ടത്.
* എല്ലാ വ്യാഖ്യാന ഗ്രന്ഥങ്ങളും ഹി 13ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 14 ന്റെ ആദ്യ പകുതിയിലുമായി രചിക്കപ്പെട്ടവയാണ്.
* 15ാം നൂറ്റാണ്ടില്‍ ഫത്ഹിന് ഹാശിയ രചിക്കപ്പെട്ടതായി അറിവില്ല. പ്രമുഖ പണ്ഡിതനും അല്‍ മുഹിമ്മ ഫീ ബയാനില്‍ അഇമ്മയുടെ(ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതരുടെ ജീവ ചരിത്രം വിവരിക്കുന്ന ഗ്രന്ഥം) കര്‍ത്താവുമായ ചേലക്കാട് കുഞ്ഞ് അലി മുസ്‌ലിയാര്‍ ഫത്ഹിന് ഹാശിയ രചിച്ചിരുന്നതായി ചില പണ്ഡിതരില്‍ നിന്ന് അറിയാന്‍ സാധിച്ചു.
* ഇആനതുല്‍ മുസ്തഈന്‍ രചിക്കപ്പെട്ട് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇആനതു ത്വാലിബീനും അതിനു ശേഷം 8 വര്‍ഷം കഴിഞ്ഞ് തര്‍ശീഹും രചിക്കപ്പെട്ടു.
* ലഭ്യമായ കണക്ക് അനുസരിച്ച് കേരളേതര ഹാശിയകളില്‍ അവസാനം രചിക്കപ്പെട്ടത് തര്‍ശീഹാണ്.
* കേരളത്തിലെ ആദ്യ വ്യാഖ്യാന ഗ്രന്ഥം മഖ്ദും അഖീര്‍ രചിച്ച ശറഹുന്‍ അലാ ഫത്ഹില്‍ മുഈനും അവസാനത്തേത് ഫത്ഹുല്‍ മുല്‍ഹിമും ആണ്.
* മുത്ത് മുഹമ്മദ് ബിന്‍ കുഞ്ഞിബാവ മുസ്‌ലിയാര്‍ രചിച്ച മുശ്കിലാത്തു ഫത്ഹില്‍ മുഈന്‍ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമാണ്. നിസ്‌കാരത്തിന്റെ അധ്യായം മുതല്‍ നേര്‍ച്ച വരെയാണ് ഇത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ ഒരു ഹാശിയ രചിച്ചിരുന്നതായി പറയപ്പെടുന്നു. പക്ഷെ മേല്‍ സൂചിപ്പിച്ച ഹാശിയയും ശീറാസിയുടെ മുശ്കിലാത്തും ഹാശിയത്തു കൈപ്പറ്റയും ചെറുതല്ലാത്ത സാമ്യതകള്‍ ദൃശ്യമാവുന്നുണ്ട്. അത് സംബന്ധമായി കൂടുതല്‍ പഠനങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.