Thelicham

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല: സൂഫി ഭാവനയുടെ പ്രതലങ്ങള്‍ 2

മാപ്പിള സാഹിത്യത്തിലെ എല്ലാ മാലപ്പാട്ടുകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം അതില്‍നിന്നും വളരെ വ്യത്യാസം പുലര്‍ത്തുന്നു. മാലയുടെ പരമ്പരാഗത ഇശലായ യമന്‍ കെട്ട് അദ്ദേഹം പിന്തുടരുന്നില്ല. ഭാഷയിലും ശൈലിയിലുമാണ് പ്രധാന വ്യത്യാസം. തമിഴ് എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അറബിത്തമിഴ് കാവ്യങ്ങളും മുസ്‌ലിയാര്‍ കൃതികളും തമ്മിലുള്ള സാമ്യത എടുത്തുകാട്ടുന്നുണ്ട്.
1607 ല്‍ രചിക്കപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയില്‍ 20 ശതമാനം തമിഴ് പദങ്ങളുള്ളപ്പോള്‍ 1785 ലെ നൂല്‍മാലയില്‍ അത് 80 ശതമാനമായി മാറുന്നു. കാവ്യ ഭാഷയില്‍ വന്നുചേര്‍ന്ന വലിയൊരു വ്യതിയാനത്തെയാണ് ഇത് കാണിക്കുന്നത്. സമകാലിക തമിഴ് പണ്ഡിതര്‍ക്കുപോലും ദുര്‍ഗ്രഹമായി തോന്നാവുന്ന, ഇന്ന് ഉപയോഗത്തിലില്ലാത്ത ധാരാളം തമിഴ് പദങ്ങള്‍ നൂല്‍മാലയിലുണ്ട്. മറ്റു സമുദായങ്ങളിലെ കവികള്‍ സംസ്‌കൃതവും പ്രാദേശിക മൊഴികളുമാണ് കാവ്യങ്ങളില്‍ ഇക്കാലത്ത് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍, മുസ്‌ലിയാര്‍ സമകാലികരായ മലയാള കവികളെക്കാള്‍ അറബിത്തമിഴിന്റെ പാരമ്പര്യത്തുടര്‍ച്ചയിലാണ് തന്നെ സ്ഥാനപ്പെടുത്തുന്നത് എന്നു കാണാം. മാപ്പിളമാരുടെ സാംസ്‌കാരിക വളര്‍ച്ചയെ സ്വാധീനിച്ച ഖാദിരീ പാരമ്പര്യവും തമിഴിന്റെ വഴിയിലൂടെയാണല്ലോ കേരളത്തിലെത്തിച്ചേര്‍ന്നത്.

വണങ്കിയ തവത്തിനോര്‍ക്ക് അരുള്‍ പുരിയ
വള്ളലായ് വന്ത മാധവത്തേന്‍
ഗുണങ്കുടി വാഴും മുഹ് യിദ്ദീനാം-എന്‍
ഗുരുപദം ശിരത്തിന്‍മേല്‍ കൊള്‍വോം

എന്ന് ഗുണംകുടി മസ്താന്‍ (1788-1835) തമിഴില്‍ പാടുമ്പോള്‍

മുളക്കും വിതക്കും മുരട് ആണോരെ
മിളിക്കും ഒളിക്കും മണിതാര്‍ അവരെ
വെളിക്കും മറക്കും അബ്ദുല്‍ ഖാദിര്‍ തമൈ
വിളി നെഞ്ച് കുതിര്‍ത്ത് കണ്ടുയെത്തും നാള്‍
എന്നാണ് നൂല്‍മാലയില്‍ മുസ്‌ലിയാര്‍ മലയാളികളോട് പാടുന്നത്. ഈ ഭാഷയുടെ തുടര്‍ച്ചയായിത്തന്നെയാണ് മോയിന്‍ കുട്ടി വൈദ്യരുടെ (1852-1892) ബഹുഭാഷക്കാലത്തെ മാപ്പിളപ്പാട്ടുകളിലെ തമിഴ്‌സ്വാധീനത്തെയും കാണേണ്ടത്. കാരണം, വൈദ്യരുടെ സമകാലികരായ മലയാള കവികള്‍ അപ്പോഴേക്കും തമിഴിന്റെ സ്വാധീനത്തില്‍നിന്ന് മുക്തരായി പച്ചമലയാളത്തിലേക്കും സംസ്‌കൃതീകരിച്ച മലയാളത്തിലേക്കും തിരിഞ്ഞിരുന്നുവല്ലോ. മാപ്പിള കവികള്‍ തമിഴിനെ ഭാഷ എന്നതിനെക്കാള്‍ അവരുടെ ശൈലിയുടെ ഭാഗമായി നിലനിര്‍ത്തി എന്നു കാണാവുന്നതാണ്. നൂല്‍മാലയിലെ പ്രാരംഭ ഗദ്യവര്‍ണനയായ വമ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്:
‘കോന്‍ തന്‍ ഖുദ്‌റത്താല്‍ ഒളി മുത്ത് ഉദിത്ത് അത്തിരി മുന്‍ജലാല്‍ അന്നള്‌റാല്‍ ഉരുകി പലേ ബദുബദുപ്പുകള്‍ ഉയിര് തിരുത്തി അത്തരുള്‍ ഹള്ള് അകപ്പെടാമല്‍ ഈരേഴ് വാന്‍ ഉരുവി ഉലകത്തുക്കും മുസ്ഥഫാ ഉന്‍കണ്‍മണി നാഇബ് അബ്ദുല്‍ ഖാദിര്‍ എന്‍ കണ്ണാല്‍ കാണ്‍മതുക്ക് ആശ കമലം ചാടി പുകള്‍ നുവല്‍ ചെയ്ത് ഇടുവതുക്കും തുണ തന്നരുള്‍ മന്നവാ യാ റഹ്മാനേ…’
(അല്ലാഹുവിന്റെ കഴിവിനാല്‍, (പ്രവാചകനാകുന്ന) ഒളിമുത്ത് (ഒളിഞ്ഞുകിടന്നിരുന്ന മുത്ത് എന്നും മുത്തൊളി എന്നും അര്‍ത്ഥം പറയാം) ഉദിച്ച് ആ തിരിനാളത്തിന്റെ പ്രഭയാല്‍ തിളങ്ങി പല പടപ്പുകള്‍ ജീവന്‍ കൊണ്ടു. അത്തരം ഒരു ഭാഗ്യം ഇല്ലായിരുന്നുവെങ്കില്‍, പതിനാല് ആകാശ ഭൂമി ലോകത്തിനും കാരണമായ മുസ്ഥഫാ (സ്വ) യുടെ കണ്‍മണിയും പ്രതിനിധിയുമായ അബ്ദുല്‍ ഖാദറിന്റെ ഉണ്മ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ കണ്ണാല്‍ കാണുന്നതിന് ആഗ്രഹമാകുന്ന താമരപ്പൂ വിടര്‍ന്ന് സ്തുതികള്‍ നെയ്തുണ്ടാക്കാന്‍ തുണ തന്നരുളൂ മന്നവാ, കാരുണ്യവാനേ.)
ഇവിടെ കോന്‍, ഒളിമുത്ത്, ഉദിത്ത്, ബദുബദുപ്പുകള്‍, അത്തരുള്‍, ഹള്ള്, അകപ്പെടാമല്‍, ഈരേള്, ഉരുവി, പുകള്‍, നുവല്‍ ചെയ്ത്, ഇടുവതുക്ക് തുടങ്ങിയ പദങ്ങളും വാക്യ ഘടനയും തമിഴിന്റെതാണ് എന്നു കാണാം. വമ്പുകളുടെ കാര്യത്തില്‍ മുസ്‌ലിയാരുടെ അതേ പാതയാണ് മോയിന്‍ കുട്ടി വൈദ്യരും പിന്തുടരുന്നത് എന്നത് കൗതുകകരമാണ്. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍പോലും മാപ്പിളക്കവികള്‍ ഇതൊരു പാരമ്പര്യമായി തുടര്‍ത്തി എന്നാണല്ലോ അത് കാണിക്കുന്നത്. വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ 57 ാം ഇശല്‍ ഒരു വമ്പാണ്:
‘മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലമ അവ്വലുല്‍ മൗജൂദത്തിന് എഴുത്ത് പങ്കജത്താല്‍ പിണത്തെ ആയത്തുല്‍ കുബ്‌റാം കല്‍പകത്തട്ട് അര്‍ശിന്‍ കീഴാക്കി രാജാക്കള്‍ ചൂടും തിരുമകുട കവി കൈകാലടി നടുക്കുള്‍ പതിച്ചെ വജ്ര കുഞ്ഞിക്കുരു പോല്‍ ഇരുപ്പതാകെ മന്‍മന ചെയ്‌വാന്‍ പണിയും പച്ചക്കലശത്തില്‍ അന്തരക്കുഴി പോല്‍ ഈ ഭൂലോകത്തുക്ക് നടുവട്ടമാകും ഉമ്മുല്‍ ഖുറാ തലത്തില്‍ കുഫ്‌രിയ്യത്തെണ്ടെ കട്ടരികള്‍ വിത്ത് ഊണ്ടി കൊടും കാഫിര്‍ മനക്കായല്‍ യെളുന്ത്..’ എന്നിങ്ങനെ അത് തുടരുന്നു.

ഈ ഭാഷയുടെ തുടര്‍ച്ചയായിത്തന്നെയാണ് വൈദ്യരുടെ ബഹുഭാഷക്കാലത്തെ മാപ്പിളപ്പാട്ടുകളിലെ തമിഴ്‌സ്വാധീനത്തെയും കാണേണ്ടത്. വൈദ്യരുടെ സമകാലികരായ മലയാള കവികള്‍ അപ്പോഴേക്കും തമിഴിന്റെ സ്വാധീനത്തില്‍നിന്ന് മുക്തരായി പച്ചമലയാളത്തിലേക്കും സംസ്‌കൃതീകരിച്ച മലയാളത്തിലേക്കും തിരിഞ്ഞിരുന്നുവല്ലോ. മാപ്പിള കവികള്‍ തമിഴിനെ ഭാഷ എന്നതിനെക്കാള്‍ അവരുടെ ശൈലിയുടെ ഭാഗമായി നിലനിര്‍ത്തി എന്നു കാണാവുന്നതാണ്‌

ക്ഷേത്രകേന്ദ്രിത രംഗകലകള്‍ക്ക് ഉപയോഗിക്കുന്ന നമ്പ്യാന്തമിഴിലേയും കാക്കാരിശ്ശി നാടകം പോലുള്ള നാടോടി നാടകങ്ങളിലെയും ഭാഷക്ക് വമ്പുമായുള്ള സാമ്യം ആലോചിക്കാവുന്നതാണ്. മാപ്പിളമാരുടെ ഗാന സദസ്സുകളില്‍ പാടിപ്പറയലുകാര്‍ രംഗകലാപരമായ മികവോടെയാണ് വമ്പുകള്‍ അവതരിപ്പിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. 14/15 നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന വിഷ്ണുഭക്തിപ്രധാനമായ അംബരീഷോപാഖ്യാനത്തിലും ഇതിന്റെത്തന്നെ പഴക്കമുള്ള ഗദ്യമാണ് കാണുന്നത്:
‘മരക്കലമപ്പൂവിന്‍ നടുവിലൈയിയങ്ങുവിതു, ശരീരമും തണ്ണീരാലേയിയങ്ങുവിതു, മരക്കലം സുദ്രത്തിലോടുവിതു, ശരീരമും സംസാരസമുദ്രത്തിലേ യോടുവിതു മരക്കലം കള്ളര്‍ വെട്ടിപ്പറപ്പും ശരീരമും യമദൂതര്‍ പറിപ്പിന്‍, യെന്നുമതിനാല്‍ ശരീരമും മരക്കലമുമൊത്തിട്ടല്ലോ ഇരിക്കിന്റിതു.’5
മരക്കലമെന്നാല്‍ കപ്പല്‍ എന്നാണര്‍ത്ഥം. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ടിനു തുല്യമായ വിഷയമാണ് ഇവിടെയും പരാമര്‍ശിക്കുന്നത് എന്നത് മറ്റൊരു അന്വേഷണ വിഷയമാണ്. മാപ്പിളമാര്‍, സമകാലിക വരേണ്യ കാവ്യഭാഷയോട് വിയോജിച്ചപ്പോള്‍, പാട്ടു സാഹിത്യത്തിലെ തമിഴ് വഴക്കത്തോടും ചാക്യാര്‍ ഗദ്യത്തോടും അറിയാതെയാണെങ്കിലും സാമ്യം വന്നുചേര്‍ന്നതായിരിക്കാം. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ ഭാഷാ ഘടനയുടെ തുടര്‍ച്ചയിലാണ് മോയിന്‍ കുട്ടി വൈദ്യരുടെ വമ്പ് എന്നു പറയാമെങ്കിലും മറ്റു പദ്യ ഭാഗങ്ങളില്‍ വൈദ്യര്‍ ബഹുഭാഷകളുടെ കലര്‍പ്പുകൊണ്ട് വ്യത്യസ്തനാകുന്നുണ്ട് എന്നു കാണാം.

ബഹര്‍ അ ഖുര്‍ആനിന്‍ പൊരുള്‍ മുളുതടകിന
ബരിശക്കടല്‍ പതി ബിസ്മില്ലാഹ്
(കടലാകുന്ന ആ ഖുര്‍ആനിന്റെ പൊരുള്‍ മുഴുവനടക്കിയ വര്‍ഷക്കടലിന്റെ അധിപനായ അല്ലാഹുവിന്റെ നാമത്തില്‍)
എന്നതുപോലുള്ള വൈദ്യരുടെ ഭാഷ, കഠിനത്തമിഴില്‍നിന്നും ലളിത തമിഴിലേക്കുള്ള ഒരു അന്വേഷണമായും മനസ്സിലാക്കാവുന്നതാണ്. പിന്നീട് ഏതാണ്ട് 1940 വരെ തമിഴിനോടുള്ള ഈ ഇണക്കം ഏറിയും കുറഞ്ഞും മാപ്പിള കാവ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പുലിക്കോട്ടില്‍ ഹൈദറും ചാക്കീരി അഹ്മദ് കുട്ടിയും കാടായിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജിയും നല്ലളം ബീരാനുമെല്ലാം ആധുനിക ചിന്തയും ദേശീയതയും പടരുന്ന കാലത്ത് കാവ്യഭാഷയെ സങ്കരത്വത്തില്‍നിന്ന് പരിഷ്‌കരിച്ചവരാണ്. എങ്കിലും നാട്ടു ഭാഷയില്‍ ലയിച്ചുകിടക്കുന്ന ഒരു തമിഴ്ച്ചരട് ഇക്കാലത്തും മാപ്പിള ഭാഷയെ പിന്തുടരുന്നത് കാണാം. 1950 കള്‍ക്കു ശേഷമാണ് ടി. ഉബൈദും മെഹറും എസ്.എ. ജമീലും പി.ടി. അബ്ദുറഹ്മാനുമെല്ലാം മലയാള കവിതയുടെ ‘പൊതു’ ഭാഷയിലേക്ക് മാപ്പിളപ്പാട്ടിനെ പുനരെഴുതുന്നത്. പൂര്‍ണമായും തമിഴ്മുക്തമായ മാപ്പിളപ്പാട്ടു ഭാഷയിലേക്ക് നാം എത്തിച്ചേര്‍ന്നതിന്റെ ചരിത്രവഴികളെ ഇങ്ങനെ അനുമാനിക്കാമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ തുടങ്ങിവെച്ച ഭാഷയിലൂടെയാണ് ദീര്‍ഘകാലം മാപ്പിളപ്പാട്ട് സ്ഞ്ചരിച്ചത് എന്നതാണ് ഇവിടെ ആലോചിക്കേണ്ട കാര്യം.

ഇതര മലയാള കവികളില്‍നിന്നുള്ള വ്യത്യാസം
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ബ്രാഹ്മണ കേന്ദ്രിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് കാണുന്നത്. നാട്ടു രാജാക്കന്മാര്‍ അവര്‍ക്കു വിധേയരായിരുന്നു. ഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനമുള്ള മണിപ്രവാളവും പ്രമേയത്തില്‍ ആര്യജീവിതത്തിന്റെ വാഴ്ത്തുകളായ പാട്ടു സാഹിത്യവും ഈ വ്യവസ്ഥയുടെ ഉല്‍പന്നങ്ങളായിരുന്നു. ക്ഷേത്രം, സമ്പത്ത്, വിദ്യാഭ്യാസം എന്നിവ ന്യൂനപക്ഷം വരുന്ന മേലാളരുടെ കൈയിലായിരുന്നപ്പോള്‍ ബാക്കിയുള്ള ബഹുജനങ്ങള്‍ ജാതി വ്യവസ്ഥയില്‍ അടിമകളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ത്രൈവര്‍ണികരുടെ സുഖജീവിതത്തിന്റെ ഭാഗമായിരുന്നു മണിപ്രവാളം.

ഇതിന്റെ 56 വര്‍ഷം മുമ്പ് മുഹ് യിദ്ദീന്‍ മാലയില്‍ തെളിഞ്ഞ മലയാളം ഉപയോഗിച്ച് കാണുന്നുണ്ട്. രാജ ഭാഷയെക്കാള്‍ കൂടുതല്‍ ആധുനികവും ജനകീയവുമായ രീതിയായിരുന്നു ഖാദി മുഹമ്മദും മാലപ്പാട്ടുകാരും വിഭാവനം ചെയ്തത് എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം

പതിനാറാം നൂറ്റാണ്ടിലെ കിളിപ്പാട്ടു പ്രസ്ഥാനത്തിനും പതിനെട്ടാം നൂറ്റാണ്ടിലെ തുള്ളലിലുമെല്ലാം മണിപ്രവാള ചമ്പുക്കളുടെ സ്വാധീനമുണ്ട്. പിന്നീട് ആട്ടക്കഥകളും സന്ദേശ കാവ്യങ്ങളും പ്രചരിക്കുന്ന കാലത്തും ഭൂരിപക്ഷം വരുന്ന മനുഷ്യര്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നിലവിലുള്ള അധീശ സാംസ്‌കാരിക വ്യവസ്ഥയെ പ്രതിആഖ്യാനങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടാണ് മാപ്പിള കവികള്‍ നേരിട്ടത്.
1607 ല്‍ എഴുതപ്പെട്ട മുഹ് യിദ്ദീന്‍ മാലയില്‍
‘കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍’
എന്ന തരത്തിലുള്ള തെളിഞ്ഞ നാട്ടു ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇത് സാമാന്യ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി കാണാവുന്നതാണ്. 1663 ല്‍ കൊച്ചി രാജാവ് ഡച്ചുകാരുമായി തയ്യാറാക്കിയ ഉടമ്പടി പാലിയം ചെപ്പേടില്‍ രേഖപ്പെട്ടുകാണുന്നത് ഇപ്രകാരമാണ്:
‘അരുളിച്ചൈത നമ്മുടെ അനതവരമാര് മേല്‍പ്പെട്ട വെകുമാനപ്പെട്ട കുമ്പഞ്ഞിയെ വിച്ചൊതിച്ച് നമ്മുടെ തൊരുപത്തെ രക്കിച്ച ചൊല്ലേണ്ടുമ് പെറെകാരത്തിന്’ (ഒന്നാം ചെമ്പോല, പുറം:1)
ഇവിടെ വെകുമാനപ്പെട്ട (ബഹുമാനപ്പെട്ട), കുമ്പഞ്ഞി (കമ്പനി), തൊരുപത്തെ (സ്വരൂപത്തെ), രക്കിച്ച (രക്ഷിച്ച), പെറെകാരത്തിന് (പ്രകാരത്തിന്) എന്നിങ്ങനെ വളരെ അവ്യക്തവും ക്ലിഷ്ടവുമായ ഘടനയിലാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഇതിന്റെ 56 വര്‍ഷം മുമ്പ് മുഹ് യിദ്ദീന്‍ മാലയില്‍ തെളിഞ്ഞ മലയാളം ഉപയോഗിച്ച് കാണുന്നുണ്ട്. രാജ ഭാഷയെക്കാള്‍ കൂടുതല്‍ ആധുനികവും ജനകീയവുമായ രീതിയായിരുന്നു ഖാദി മുഹമ്മദും മാലപ്പാട്ടുകാരും വിഭാവനം ചെയ്തത് എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.
കുഞ്ഞായിന്‍ മുസ്‌ലിയാരുടെ സമകാലികനാണ് ഇരിങ്ങാലക്കുടക്കാരനായ ഉണ്ണായി വാര്യര്‍ (1675-1775). തനി സംസ്‌കൃത വാക്യഘടനയില്‍ തുടങ്ങി മലയാള പദങ്ങളില്‍ അവസാനിക്കുന്ന രീതിയാണ് തന്റെ പ്രസിദ്ധമായ നള ചരിതത്തില്‍ വാര്യര്‍ സ്വീകരിക്കുന്നത്.
മുദിതം മാനസം മമ ഭവദംഗ ദര്‍ശനേന
മുഴു തിങ്കളുദയേന കുമുദമെന്നതു പോലെ

ഇവിടെ ലളിത മലയാളവും സംസ്‌കൃത വിഭക്തികളും ചേര്‍ന്നുവരുന്നതു കാണാം. കൂടാതെ ‘ഊര്‍ജ്ജിതാശയ പാര്‍ഥിവേന്ദ്ര/ തവ ഞാനൊരുപകാരം കുര്യാം’ എന്ന മട്ടിലുള്ള വിചിത്ര പ്രയോഗങ്ങളും വാര്യര്‍ക്കുണ്ട്. കാട്ടില്‍ ദമയന്തിയുടെ ശബ്ദം കേട്ട കാട്ടാളന്‍ ആലോചിക്കുന്ന രംഗത്ത്
സ്വരത്തിനുടെ മാധുര്യം കേട്ടാല്‍
ഒരുത്തിയെന്നത് നിശ്ചേയം
സൈ്വരം ചാരേ ചെന്നവളുടെ ഞാന്‍
സുമുഖിയൊടാരിതി പൃശ്ചേയം
മരത്തിനിടയില്‍ കാണാമേ-
സുന്ദരത്തിനുടെ സാദൃശ്യേയം

എന്നിങ്ങനെ വിഭക്ത്യന്ത സംസ്‌കൃതം വാര്യര്‍ ഉപയോഗിക്കുന്നു. ചെന്നവളുടെ ഞാന്‍, സുന്ദരത്തിനുടെ എന്നിവ വളച്ചുകെട്ടിയ പ്രയോഗങ്ങളാണ്. നിശ്ചേയം, സാദൃശ്യേയം തുടങ്ങിയ വലിച്ചുനീട്ടലുകളും കാണാം. ഇക്കാലത്തുതന്നെ ജീവിച്ച കുഞ്ചന്‍ നമ്പ്യാര്‍ ജനകീയ വ്യവഹാര ഭാഷയെയാണ് കൂടുതലും ആശ്രയിക്കുന്നത്. ‘കടുകടെ പടുകഠിന സംസ്‌കൃത വികട കടുകവിത’ സാധാരണക്കാര്‍ക്ക് ദഹിക്കില്ലെന്നും ‘വടിവിയെന്നൊരു ചാരു കേരള ഭാഷതന്നെ ചിതംവരൂ’ എന്നുമദ്ദേഹം പ്രഖ്യാപിക്കുന്നു. പുരാണ നിഷ്ഠങ്ങളായിരുന്നു നമ്പ്യാരുടെ കൃതികളെങ്കിലും വിണ്ണിനെ മണ്ണുമായി ബന്ധപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.6

‘കണ്ടിട്ടറിവാനോ കണ്ണില്ലേ പൊട്ടാ
കാരുണര്‍ ചൊന്ന ചൊല്‍ കേട്ടില്ലേ പൊട്ടാ’
ഇങ്ങനെ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ കപ്പപ്പാട്ടില്‍ ഉപയോഗിക്കുന്നതു പോലെയുള്ള നാട്ടു ശൈലിക്കും നമ്പ്യാരോട് സാധര്‍മ്യമുണ്ട്. പഴഞ്ചല്ലുകളുപയോഗിക്കുന്ന നമ്പ്യാര്‍ രീതിയും മുസ്‌ലിയാരില്‍ കാണാം.

പട്ടം പൊളിഞ്ഞാല്‍ പറക്കാമോ പൊട്ടാ
പൈ തന്ന പാലില്‍ കൈപ്പുണ്ടോ പൊട്ടാ
തുടങ്ങിയ വരികള്‍ ഉദാഹരണമായി എടുക്കാവുന്നതാണ്.
മുസ്‌ലിയാരുടെ അലങ്കാര കല്‍പനകള്‍ മറ്റു കാവ്യങ്ങളെപ്പോലെ നൂല്‍മാലയിലും സമൃദ്ധമായി കണ്ടെത്താം.
കാര്‍ ഇരുള്‍കളിലും കതിരാനോരേ
കാണും ഖല്‍ബ് ഖവാരീര്‍ അകം ഉടയോര്‍
പൂര്‍ണപ്പരിശ് ആണ്ടു അബ്ദുല്‍ ഖാദിര്‍ തമൈ
പേശും നെഞ്ച് കുളിര്‍ത്ത് കണ്ട് യെത്തും നാള്‍
(മൊഴി 8, ഇശല്‍ 3-നൂല്‍മാല)
‘മേഘക്കറുപ്പുകള്‍ക്കിടയിലും സൂര്യനായവനേ..’ എന്നതു പോലുള്ള കാവ്യമധുരമായ ഉപമകള്‍ നൂല്‍മാലയില്‍ അനവധിയുണ്ട്. ‘കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ ഹൃദയത്തിലുള്ളതിനെ കാണുന്നു’ എന്നത് മുഹ് യിദ്ദീന്‍ മാലയെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, കുപ്പിക്ക് ഖവാരീര്‍ എന്ന അറബി പദമാണ് മുസ്‌ലിയാര്‍ ഉപയോഗിക്കുന്നത്. ‘പൂര്‍ണമായ പാതയിലായി, അബ്ദുല്‍ ഖാദര്‍ തങ്ങളെ കണ്ടുമുട്ടും നാളിനെപ്പറ്റി നെഞ്ച് കുളിര്‍ത്ത് പാടുന്നു’ എന്നാണ് ഈ വരികള്‍ സമാപിക്കുന്നത്.

പ്രണയ ഭാജനത്തെ എന്ന പോലെയാണ് സൂഫികള്‍ ആദ്ധ്യാത്മിക ഗുരുനാഥന്മാരെ വിശേഷിപ്പിക്കുക. മേഘക്കറുപ്പ് തിങ്ങിയ മാനത്ത്, അവക്കിടയിലൂടെ സൂര്യന്റെ കതിരുകള്‍ ഭൂമിയില്‍ പതിക്കുന്ന ദൃശ്യം ഓര്‍ത്തുനോക്കുക. ഇരുളാണ്ട ലോകത്തിന് ശൈഖ് ജീലാനിയുടെ സന്മാര്‍ഗ പ്രകാശം ലഭ്യമായതിനെ മുസ്‌ലിയാരുടെ ഭാവന ചിത്രീകരിച്ചത് ആ വിധമാണ്. ‘മദന മണമുടി അഴകും നബിയുടെ മദ്ഹും ഉരചെയ്ത് മുടിയുമോ’ (കാമിനിയുടെ മുടിയഴകും പ്രവാചകരുടെ മദ്ഹും പറഞ്ഞാല്‍ തീരുമോ) എന്ന നൂല്‍മദ്ഹിലെ വരികള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്.
ഉണ്ണായി വാര്യരും കുഞ്ചന്‍ നമ്പ്യാരും കുഞ്ഞായിന്‍ മുസ്‌ലിയാരും സമകാലികരായിരുന്നിട്ടും മൂന്നു തരം ഭാവുകത്വത്തെയാണ് പ്രതിനിധീകരിച്ചത്. ആസ്വാദകര്‍ വ്യത്യസ്തരായതായിരിക്കാം കാരണം. മുഹ്‌യിദ്ദീന്‍ മാല പോലും മുസ്‌ലിം ജനസാമാന്യത്തെ മുന്നില്‍ കണ്ട് രചിക്കപ്പെട്ടപ്പോള്‍ നൂല്‍ മാല ഉല്‍ബുദ്ധരായ കാവ്യാസ്വാദകരെയാണ് ലക്ഷ്യം വെച്ചത്.7 മറ്റെല്ലാ മാലകളും മുഹ് യിദ്ദീന്‍ മാലയെ അനുകരിച്ചപ്പോള്‍ നൂല്‍ മാല അതിന്റെ വ്യതിരിക്തതയും പുതുമയും സൂക്ഷിച്ചു. മാലപ്പാട്ടുകളുടെ പരമ്പരാഗത ഭാഷയോ യമന്‍ കെട്ട് എന്ന ഇശലോ ഇരവുകള്‍ എന്ന പ്രാര്‍ത്ഥനാ ഭാഗമോ നൂല്‍മാലയിലില്ല. സൂഫീ റൊമാന്റിക് കാവ്യങ്ങളുടെ രചനാരീതി, പ്രാസദീക്ഷ, ഗാനാത്മകത, ഗസല്‍ പോലുള്ളവയുടെ ചിട്ട (ഓരോ മൊഴിയുടെയും അവസാനത്തില്‍ ഒരേ വരികള്‍ ആവര്‍ത്തിക്കുന്ന രീതി) എന്നിവയെല്ലാം നൂല്‍മാലയെ വേറിട്ടുനിര്‍ത്തുന്നു.
ഉണ്ണായി വാര്യരും കുഞ്ചന്‍ നമ്പ്യാരും പില്‍ക്കാലത്ത് മലയാള സാഹിത്യ ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ ഖാദി മുഹമ്മദും കുഞ്ഞായിന്‍ മു്‌സ്‌ലിയാരും മാപ്പിളക്കവിയായി മാത്രം എണ്ണപ്പെടുകയാണുണ്ടായത്. ത്രൈവര്‍ണികാധിപത്യം, ഭാഷയെ ഭരിച്ചുകൊണ്ടിരുന്ന കാലങ്ങളില്‍ സമാന്തരമായ ഒരു ഭാവുകത്വവുമായി ബഹുജനങ്ങളോടൊപ്പം നിലകൊണ്ടവരായിരുന്നു മാപ്പിളക്കവികള്‍. കുഞ്ഞായിന്‍ മുസ്‌ലിയാരെപ്പോലുള്ള ഒരു ദാര്‍ശനിക കവിയെ പൂര്‍ണമായും മലയാള ലിപിയില്‍തന്നെ വായനാ സമൂഹത്തിന് ഇപ്പോള്‍ ലഭ്യമാണ്. മുസ്‌ലിയാരുടെ കൃതികളെ തത്ത്വചിന്താപരവും സൗന്ദര്യശാസ്ത്രപരവുമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇനിയും വരേണ്ടതായിട്ടാണിരിക്കുന്നത്. മുസ്‌ലിയാരുടെ ഗഹനമായ പ്രമേയവും ഭാഷയും ഉള്‍ക്കൊണ്ടുകൊണ്ട് ഗവേഷണങ്ങളിലേര്‍പ്പെടുവാന്‍ ബൗദ്ധികമായ സന്നദ്ധത വളരേയധികം ആവശ്യമാണ്. അറബിത്തമിഴിന്റെയും അറബിമലയാളത്തിന്റെയും ചരിത്രപരമായ ബന്ധത്തെപ്പറ്റിയുളള അറിവും അറബി, തമിഴ്, ഉര്‍ദു, പേര്‍ഷ്യന്‍, സംസ്‌കൃതം എന്നീ ഭാഷകളിലുള്ള പ്രാഥമിക ജ്ഞാനവും സൂഫീ സംജ്ഞകളിലുള്ള ധാരണയും മൂസ്‌ല്യാര്‍ കൃതികള്‍ പഠിക്കുവാന്‍ അവശ്യം വേണ്ട ശേഷികളാണ്. ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമായ കപ്പപ്പാട്ട്, നൂല്‍മദ്ഹ്, നൂല്‍മാല എന്നീ കാവ്യങ്ങളെ മുന്‍നിര്‍ത്തി ഭാഷാ സാഹിത്യ ചരിത്രകാരന്മാര്‍ മാപ്പിളകൃതികളെപ്പറ്റിയുള്ള അവരുടെ മുന്‍വിധികളെ പുന:പരിശോധിക്കേണ്ടതാണ്. സാഹിത്യ ചരിത്രങ്ങളില്‍ കൃത്യമായി സ്ഥാനപ്പെടുത്തുകയും അവയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വരുംതലമുറക്ക് ലഭ്യമാക്കുകയും വേണം.

കുറിപ്പുകള്‍
1. മാപ്പിളപ്പാട്ടുകളുടെ തമിഴ്‌പ്പെരുമ, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ചന്ദ്രിക വാരാന്തപ്പതിപ്പ്, സെപ്തംബര്‍ 2, 2000
2. വെളിയംകോട്ടുകാരനായ കുഞ്ഞിമരക്കാര്‍, പോര്‍ച്ചുഗീസുകാര്‍ തട്ടിക്കൊണ്ടുപോയ മുസ്‌ലിം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ തന്റെ വിവാഹദിനത്തില്‍ ഇറങ്ങിപ്പുറപ്പെട്ട് രക്തസാക്ഷിയായി. ഇദ്ദേഹത്തെപ്പറ്റിയുള്ള മാലപ്പാട്ടാണ് കോട്ടുപ്പള്ളി കുഞ്ഞിമരക്കാര്‍ ഖിസ്സപ്പാട്ട്.
3. ഡോ. പി. സക്കീര്‍ ഹുസൈന്റെ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ട്: ഒരു ദാര്‍ശനിക പഠനം, നൂല്‍മദ്ഹ് കവിതയും കാലവും (മോയിന്‍ വൈദ്യര്‍ അക്കാദമി, കൊണ്ടോട്ടി, 2014), നൂല്‍മാല: മൊഴിയും പൊരുളും (2015) തുടങ്ങിയ പുസ്തകങ്ങള്‍ കാണുക.
4. ഹിജ്‌റ 1301 (1883) ല്‍ അരയാല്‍പുറത്ത് കുഞ്ഞിമുഹമ്മദ് തലശ്ശേരിയില്‍നിന്നുമാണ് നൂല്‍മാല അച്ചടിച്ചത്. ‘ഈ നൂല്‍മാല എന്ന പാട്ട് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ തങ്ങളെക്കൊണ്ടുള്ള മദ്ഹ് ആയിരിക്കും’ എന്ന് പുറം ചട്ടയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
5. പ്രാചീന മലയാള ഗദ്യ മാതൃകകള്‍, കേരള സര്‍വകലാശാല, 1971, പുറം: 18-20
6. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, കറന്റ് ബുക്‌സ്, 2003, പുറം: 165
7. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല, ഡോ. കെ.കെ. മുഹമ്മദ് അബ്ദുസ്സത്താര്‍, ഇശല്‍ പൈതൃകം, ത്രൈമാസിക, മാര്‍ച്ച് 2013, പുറം: 32-35

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.