Thelicham

ഹലാല്‍ ബ്രാന്റ്: കമ്പോളത്തിലെ മതം

ഫഗേഹ് ശീറാസിയുടെ Brand Islam: The marketing and communication of piety എന്ന പുസ്തകം സംബന്ധിച്ച് ചില പ്രതികരണങ്ങള്‍ വായിക്കാനിടയായി. വളരെ രസകരമെന്നു തന്നെ പറയാം. ഇസ്‌ലാം എന്നത് ഒരു രാഷ്ട്രീയ പ്രതിഭാസമോ അല്ലെങ്കില്‍ ചരിത്രങ്ങള്‍ക്കിപ്പുറം മതേതര സങ്കല്‍പ്പങ്ങള്‍ക്ക് സമാന്തരമായി നിലയുറപ്പിച്ച ഒരു ചിന്താധാരയായിട്ടോ വീക്ഷിക്കുന്നതിന് പകരം കുറച്ചുകൂടെ സങ്കീര്‍ണ്ണവും ആഴവുമുള്ള ചില അപഗ്രഥനങ്ങള്‍ക്കും ആശയ സംവേദനങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒരു ഉദ്യമമായിട്ട് ബ്രാന്റ് ഇസ്‌ലാമിനെ വിലയിരുത്താം. ഇത്തരം ചര്‍ച്ചകള്‍ സമകാലിക മുസ്‌ലിംകള്‍, അവരുടെ ചുറ്റുപാടുകള്‍ എന്നിവിടങ്ങളിലെ ദൈവികവും സാംസ്‌കാരികവും രാഷ്ട്രീയവും അതിലേറെ സാമ്പത്തികവുമായ തികച്ചും ആശാവഹങ്ങളായ ചില സമാന്തരങ്ങള്‍ നിര്‍മിക്കുന്നു. ഇസ്‌ലാം മോഡേണിറ്റിയെ അഭിമൂഖീകരിക്കുന്ന രീതികളിലെ വ്യതിയാനങ്ങള്‍ തന്നെയാണ് ഇത്തരം സമാന്തരങ്ങള്‍ക്ക് വികാസം നല്‍കുന്നത്. വിഖ്യാതരായ സാമ്പത്തിക വിചക്ഷണര്‍ വിലയിരുത്തുന്നത് പ്രകാരം നവലിബറല്‍ കാപിറ്റലിസ്റ്റ് എക്കണോമിയുടെ ഉപഭോക്താക്കളില്‍ മുസ്‌ലിംകള്‍ വരും തലമുറകളില്‍ ഉയരാന്‍ മാത്രം സാധ്യതയുള്ള വലിയൊരു ശതമാനം തന്നെയാണ്. മുസ്‌ലിം ഉപഭോഗ സംസ്‌കാരത്തിന്റെ ആനുപാതികമായ ഈ വളര്‍ച്ച ബ്രാന്റ് ഇസ്‌ലാം വിവക്ഷിക്കുന്നത് പ്രകാരം മുസ്‌ലിം സമൂഹത്തിന്റെ ദൈവികവും സാംസ്‌കാരികവുമായ സമീപന വ്യതിയാനങ്ങളുടെ പരിണിതിയാണെന്നും വിലയിരുത്താം. ഒബാമ ഭരണകാലത്തെ ഉപദേശക സമിതിയിലെ പ്രമുഖനായ വലിയ്യ് നാസര്‍ വിലയിരുത്തുന്നു: ”ഉത്തരാധുനികതയില്‍ മതമെന്നതിലുപരി കാപിറ്റലിസ്റ്റ് കമ്പോളങ്ങളായിരിക്കും മുസ്‌ലിം സമൂഹത്തിന്റെ മത്സരവേദി.” ഇത്തരം അഭിപ്രായങ്ങളെ വീക്ഷിക്കേണ്ടത് ആധുനിക മുസ്‌ലിം സമൂഹത്തിന്റെ മോഡേണിറ്റിയുമായുള്ള മുഖാന്തരങ്ങളുടെ നവീന സാധ്യതകളായാണ്. കാരണം കാപിറ്റല്‍ കമ്പോളങ്ങളെ മറ പിടിച്ച് ഭക്ഷണം, വസ്ത്രം, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി ഉത്പന്നങ്ങള്‍ ‘ഇസ്‌ലാമികം’ എന്ന ലാബലില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെന്ന പോലെ മുസ്‌ലിം രാജ്യങ്ങളിലും മാരകമായ തോതില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. ആത്മീയപരമായി ഉപയോഗശൂന്യവും ഐഹികവുമെന്ന് കരുതപ്പെടുന്ന ഉപഭോഗ വിഭവങ്ങളെ എങ്ങനെ മതപരമായ ചേരുവകള്‍ ചേര്‍ത്ത് മുസ്‌ലിംകള്‍ കാതലായി അനുവര്‍ത്തിച്ച് പോരുന്ന പയറ്റി(തഖ്‌വ) യുടെ ഭാഗമായി മാര്‍ക്കറ്റ് ചെയ്യുന്നതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് ശീറാസി. ഹലാല്‍ മാര്‍ക്കറ്റുകള്‍ ഉത്സാഹജനകമായ ഒന്നല്ലെന്നും മറിച്ച് വിജയകരമായി എങ്ങനെ പയറ്റിയെ വാണിജ്യപരമായി ദുരുപയോഗപ്പെടുത്താമെന്നതിന്റെ സാധ്യതകളിലേക്കും അവര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടിഞ്ഞാറിന്റെ രാഷ്ട്രീയ സാമൂഹിക വാണിജ്യ പാശ്ചാത്തലങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഹലാല്‍ മാര്‍ക്കറ്റുകള്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ചില തിയോളജിക്കല്‍ ഉള്ളടക്കങ്ങള്‍ പ്രദാനംചെയ്യുന്നുണ്ട്. ഒരേ സമയം മതകീയ പരിസരങ്ങളെ പുഷ്‌കലമാക്കുകയും വികലമാക്കുകയും ചെയ്യുന്ന ഹലാല്‍ മാര്‍ക്കറ്റുകള്‍ വാണിജ്യപരമായ ഇസ്‌ലാമികതയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഹലാല്‍ ഹറാം ബൈനറികളെ വിശദീകരിച്ച് കൊണ്ടാണ് ശീറാസി തന്റെ വാണിജ്യപരമായ മുസ്‌ലിം ആലോചനകളുടെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. ശരീഅത്തിനെ സംബന്ധിച്ചിടത്തോളം ഹലാല്‍ എന്നത് മുസ്‌ലിം അനുഭവ ഭേദ്യങ്ങളെ നിയമപരമായും ദൈവികമായും സാധൂകരിക്കുന്ന ഒന്നാണ്. ഹലാല്‍ ഉത്പന്നങ്ങളെന്ന് പുറമെ പറയുന്ന കമ്പോളങ്ങള്‍ അതിന്റെ മതപരതയെ ക്രിയാത്മകമായി ഉള്‍ചേര്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തികച്ചും അശുഭമായിരിക്കാം. മുസ്‌ലിം ജീവിതത്തെ ആപാദഛൂഢം വിഴുങ്ങിക്കളഞ്ഞ കമ്പോളങ്ങള്‍, ബാങ്കിംഗ് വ്യവഹാരങ്ങള്‍, ആതുര സേവനങ്ങള്‍, വാണിജ്യ വ്യാപാരങ്ങള്‍ എന്നീ മേഖലകളെ ഹലാല്‍ ബ്രാന്റിംഗിലൂടെ ജനകീയ വല്‍ക്കരിക്കുന്ന പ്രവണത അപകടപൂര്‍ണ്ണമാണ്. മേല്‍ പറഞ്ഞതിനു പുറമെ ഫാഷന്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ടെക്‌നോളജി എന്നീ ഉത്പന്നങ്ങളിലേക്കും സമാനമായ ദുരവസ്ഥ വ്യാപിച്ചിരിക്കുന്നു. കമ്പോളങ്ങളില്‍ ലഭ്യമാകുന്ന ഹലാല്‍ ഉത്പന്നങ്ങളുടെ ഉത്പാദന ഘടനയും, ഘട്ടങ്ങളും തികച്ചും സംശയങ്ങളുടെ നിഴലിലാണെങ്കിലും ഹലാല്‍ ജീവിതരീതിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ ആശങ്കാപരമായ സമീപനം പരിശോധിക്കുമ്പോള്‍, ശാസ്ത്രീയവും സാങ്കേതികപരവുമായ ഹലാല്‍ നിര്‍ണ്ണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അതീവ ഗുരുതരമായ മറ്റൊരു പരിണിതിയായി വിലയിരുത്താം. ബ്രാന്റ് ഇസ്‌ലാം എന്ന പുസ്തകം സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന രണ്ട് വീക്ഷണങ്ങളെ ഞാന്‍ പരിചയപ്പെടുത്താം. ഒന്നാമതായി പാശ്ചാത്യ പൗരസ്ത്യ ഭേദമന്യേ ഹലാല്‍ എന്ന ആശയം അര്‍ത്ഥവത്തായ അവരുടെ ഇസ്‌ലാമികമായ ഐഡന്റിറ്റിയെ ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകമാണ്. മുസ്‌ലിം കുടിയേറ്റങ്ങളിലൂടെ വിവിധ രാജ്യങ്ങളിലെത്തിയ മുസ്‌ലിം യുവതലമുറയുടെ ഹലാല്‍ പ്രതിബദ്ധത ഒരേ സമയം അവരെ ഗ്ലോബല്‍ ഉമ്മഃയുടെ ഭാഗമാക്കുകയും അതോടൊപ്പം തന്നെ സാമൂഹികാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാം ഭീതിക്കെതിരെ നിര്‍മ്മാണാത്മകമായ ഇടപെടലുകള്‍ നടത്താനും പാശ്ചാത്യ സംസ്‌കാരത്തിന്റെ നിര്‍ഗുണ സ്വാധീനങ്ങളില്‍ നിന്ന് കുതറി മാറാനും പ്രേരിപ്പിക്കുന്നു. രണ്ടാമതായി മോഡേണ്‍ കോര്‍പറേറ്റ് മാര്‍ക്കറ്റുകള്‍ ഹലാല്‍ മാര്‍ക്കറ്റുകളെ നിരീക്ഷിക്കുന്നത് സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഉപാധിയായിട്ടാണ്. ഇസ്‌ലാമിക സാമ്പത്തിക ഘടനയെ അര്‍ത്ഥപൂര്‍ണമായി ആവാഹിക്കുന്നുവെന്ന വ്യാജേനെ നിര്‍മിച്ചെടുക്കുന്ന ഇത്തരം കമ്പോളങ്ങള്‍ മതപരമായ വികാരങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഒരു മിഥ്യാധാരണ പടച്ചുവിടുകയാണ് ചെയ്യുന്നത്. ഇത്തരം ധാരണകള്‍ക്കടിമപ്പെട്ട് ശോചനീയമായ ചില ഉപഭോഗ സംസ്‌കാരങ്ങള്‍ ദൈവികമായിത്തീരുന്നുവെന്ന് സ്വയം വിശ്വസിക്കുന്ന മൂഢസമൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ആധുനിക മുസ്‌ലിം സമൂഹം മിഥ്യാധാരണകളോടെ വിശ്വസിച്ച് പോരുന്ന ഹലാല്‍ മാര്‍ക്കറ്റുകള്‍ ഗ്ലോബല്‍ എക്കണോമിയുടെ ഒബ്ജക്ടുകളാണ്. അത്തരം ഉത്പന്നങ്ങളും ഉത്പാദകരും പ്രസ്തുത എക്കണോമിയുടെ ഒബ്ജക്ടുകള്‍ തന്നെയാണ്. ഗ്ലോബല്‍ എക്കണോമിയുടെ വെറും ഒബ്ജക്ടുകളാവുന്നതിലുപരി ക്രിയാത്മകമായ സബ്ജക്ടീവ് ഇടപെടലുകള്‍ മുസ്‌ലിം സമൂഹത്തിന് സാധ്യമാവുന്നില്ല. പാശ്ചാത്യ പൗരസ്ത്യ ഭേദമന്യെ ആധുനിക മുസ്‌ലിം സമൂഹം നിത്യ ജീവിതത്തോട് മതകീയ ബിംബങ്ങളെ ചേര്‍ത്തുവെക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പ്രത്യക്ഷത്തില്‍ ഹലാല്‍ ഉത്പന്നങ്ങളോടുള്ള അതീവ താല്‍പര്യം മതപരമാണെങ്കിലും ഗ്ലോബല്‍ എക്കണോമിയുടെ ഒബ്ജക്ടുകളായി മാറുന്നതോടൊപ്പം ഐഹികതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിരോധാഭാസം ഇവ്വിഷയകമായി നമുക്ക് നിരീക്ഷിക്കാം. പ്രസ്തുത പ്രശ്‌നങ്ങള്‍ ഹലാല്‍ മാര്‍ക്കറ്റുകളെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിം സ്വതത്തെ നിര്‍മ്മാണാത്മാകമായി പ്രതിഷ്ഠിക്കാവുന്ന ചില ഇടങ്ങളെ നിര്‍മിക്കുന്നതില്‍ ഇവകളുടെ പങ്ക് പ്രസ്താവ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടിഞ്ഞാറിന്റെ രാഷ്ട്രീയ സാമൂഹിക വാണിജ്യ പാശ്ചാത്തലങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഇത്തരം ഹലാല്‍ മാര്‍ക്കറ്റുകള്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ചില തിയോളജിക്കല്‍ ഉള്ളടക്കങ്ങള്‍ പ്രദാനംചെയ്യുന്നുണ്ട്. ഒരേ സമയം മതകീയ പരിസരങ്ങളെ പുഷ്‌കലമാക്കുകയും വികലമാക്കുകയും ചെയ്യുന്ന ഹലാല്‍ മാര്‍ക്കറ്റുകള്‍ വാണിജ്യപരമായ ഇസ്‌ലാമികതയെ പ്രതിരോധത്തിലാക്കുന്നുണ്ട്. മതകീയ ബിംബങ്ങളെ ലാഭകരമായ വാണിജ്യവത്കരണത്തിലേക്കു തള്ളിയിടുന്ന ഒരുതരം ശോചനീയാവസ്ഥയെക്കുറിച്ച് ശീറാസി തുറന്ന് പറയുന്നുണ്ട്.
മതമെന്നതിലുപരി ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍വ്വവും വരും കാലങ്ങളിലെ കമ്പോളങ്ങളില്‍ വാണിജ്യവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് മാക്‌സ് വെബര്‍ പോലും നിരീക്ഷിക്കുന്നുണ്ട്. കാപിറ്റലിസം, വാണിജ്യവല്‍ക്കരണം, കമ്പോളവല്‍ക്കരണം എന്നീ പ്രക്രിയകളുടെ ഭാഗമാകുന്നതോടെ ഇസ്‌ലാം അതിന്റെ മതപരതയെ അല്ലെങ്കില്‍ ഇസ്‌ലാമികതയെ പുതുതായി രൂപപ്പെട്ടുവരുന്ന ഉപഭോഗ സംസ്‌കാരത്തിനു മുമ്പില്‍ പൂര്‍ണമായും ബലിനല്‍കുകയാണ്. ലോറന്‍സ് മൂറിനെപ്പോലുള്ള ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത് പ്രകാരം മതകീയ ബിംബങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഗുരുതരമായ വാണിജ്യ വല്‍ക്കരണങ്ങള്‍ക്ക് വിധേയമായ ചരിത്രം വളരെ പുരാതനമാണ്. ഉദാഹരണമായി പടിഞ്ഞാറിലെ വാണിജ്യ പാശ്ചാത്തലങ്ങള്‍ ക്രിസ്ത്യാനിറ്റിയെയും വ്യാവസായിക കാപിറ്റലിസത്തെയും പ്രാചീനകാലം മുതലേ സഹവാസ മനോഭാവത്തോടെ അവര്‍ കണ്ടുപോന്നു. മനുഷ്യന്‍ നിത്യേനെ സഹവസിക്കുന്ന ഐഹികമായ പദാര്‍ത്ഥങ്ങളിലൂടെയാണ് മതങ്ങളുടെ ചരിത്രം പുനരുല്‍പാദിക്കപ്പെടുന്നതെന്ന് കുളീന്‍ മക്ഡാനല്‍ സിദ്ധാന്തിക്കുന്നു. വാണിജ്യപരമായും സാങ്കേതികപരമായും പുരോഗതി കൈവരിച്ച ഉത്തരാധുനിക കാലത്ത് മതം മൈന്‍ഡിന്റെ പ്രതിഫലനങ്ങളെ പ്രതിനിധീകരിക്കുന്നതിന് പകരം ബോഡിയുടെ വ്യവഹാര ക്രിയകളെ പുറത്തുകൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്ന് ബ്രന്റ് റോഡിഗ്രസ് പ്ലൈറ്റ് വാദിക്കുന്നു. മതചിഹ്നങ്ങളെ വാണിജ്യവല്‍ക്കരിക്കുമ്പോള്‍ പ്രസ്തുത മതവിശ്വാസികളിലുണ്ടാവുന്ന ഫെറ്റിഷ് മനോഭാവം പോലും അതിപുരാതനമാണെന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുണ്ട്. ആപാദഛൂഢം വാണിജ്യവല്‍ക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയില്‍ മതങ്ങള്‍ പോലും സാംസ്‌കാരികാപശബ്ദങ്ങളെ മറികടക്കാന്‍ ജനീനമെന്ന് സ്വയം വിശ്വസിക്കുന്ന കമ്പോള വ്യവസ്ഥയില്‍ സജീവമായി ഇടപെടേണ്ടതായി വരും.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.