Home » Article » Society » മുസ്‌ലിമിന്റെ പ്രശ്‌നം ദേശമാണ്; ദലിതന്റേത് ജാതിയും

മുസ്‌ലിമിന്റെ പ്രശ്‌നം ദേശമാണ്; ദലിതന്റേത് ജാതിയും

വ്യക്തിപരമായ ജീവിതത്തില്‍ ജാതീയമോ വംശീയമോ ആയ ഇടപെടലുകള്‍ നടത്തരുതെന്ന അതീവ ജാഗ്രത പുലര്‍ത്തുന്നവനാണ് ഞാന്‍. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമയത്ത് ജാതി സംബന്ധിയായ ഒരു വിഷയത്തില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ ജാതീയമായ രീതിയില്‍ ഒരു പ്രഫസറോട് ഞാന്‍ പെരുമാറിയതായി ഒരു സുഹൃത്ത് പരാതിപ്പെട്ടു. ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹത്തെ കണ്ട് കാര്യമന്വേഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷേ, അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറല്ലായിരുന്നു.
ദലിത് മുസ്‌ലിം സാഹോദര്യമെന്നുള്ളത് ഭാവനാത്മകമായ ഐഡിയയായിട്ടാണ് എനിക്ക് തോന്നുന്നത്. അത് പ്രാവര്‍ത്തികമാക്കാവുന്ന സാധ്യതയില്‍ നിന്ന് ഈ ജനറേഷന്‍ എത്രയോ അകലത്തിലാണ്. ജാതീയമായ അനുഭവ പരിസരങ്ങള്‍ പരിചയിച്ചു വളര്‍ന്നവരില്‍ സ്വാഭാവികമായും അതിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്. ജാതീയമായ പരസ്പരമുള്ള മുന്‍ധാരണകളെ പൊളിച്ചെഴുതലാണ് സാഹോദര്യത്തിലേക്കുള്ള ആദ്യപടി. ദലിതുകളുടെയും മുസ്‌ലിമിന്റെയും ഇടയില്‍ നിലവിലുള്ള ഡിസ്‌കോഴ്‌സുകളുടെ സ്റ്റാറ്റസ് കോ ഇതോടൊപ്പം വിശകലന വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഇടയില്‍ വിവിധ സംഘടനകള്‍ക്കും മൂവ്‌മെന്റുകള്‍ക്കും നേതൃത്വം നല്‍കുന്ന സാഹോദര്യ വ്യവഹാരങ്ങളുടെ നിലവിലെ അവസ്ഥ ചിന്തിക്കുമ്പോഴാണ് പുതിയ സാധ്യതകളിലേക്കുള്ള വഴികള്‍ തുറക്കുന്നത്.
ദലിത് മുസ്‌ലിം സാഹോദര്യം നിലവില്‍ ഏതെങ്കിലും വിഷയസംബന്ധിയായി ചുരുക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ദലിതുകള്‍ ഇരകളാകുമ്പോള്‍ മുസ്‌ലിംകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. മുസ്‌ലിംകള്‍ ഭീഷണി നേരിടുന്ന അവസരങ്ങളില്‍ ദലിതര്‍ തിരിച്ചും ഐക്യപ്പെടുന്നു. ഈയൊരു സാഹചര്യത്തില്‍ നിന്നും സാഹോദര്യം പുതിയ വ്യവഹാര മേഖലകളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. കേരളീയ രാഷ്ട്രീയ പശ്ചാതലത്തില്‍ വ്യവസ്ഥാപിത രാഷ്ട്രീയഘടനയുടെ ഭാഗമായി അധികാര പങ്കാളിത്തത്തിന്റെ ഭാഗമാകാന്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. അതേ അളവില്‍ ദലിതുകള്‍ക്ക് മുഖ്യധാരയുടെ ഭാഗമാവാനുള്ള സാധ്യതകള്‍ രൂപപ്പെടുത്തുന്നത് അവര്‍ക്കകത്ത് തന്നെയുള്ള പൊളിറ്റിക്കല്‍ ഏകീകരണത്തിലൂടെയോ മുസ്‌ലിം- ദലിത് സഹോദര്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിലൂടെയോ ആണ്. പരസ്പരം പങ്ക് വെക്കുന്ന അജണ്ടകള്‍ക്കും ഭാഷകള്‍ക്കും അതീതമായ ഐക്യം അതിനപ്പുറത്തുള്ള കാര്യമാണ്. റിയലിസ്റ്റിക്കായി ഇതിനെയെല്ലാം നോക്കി കാണാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ദലിത് മുസ്‌ലിം സാഹോദര്യം എന്തുകൊണ്ട് യാഥാര്‍ഥ്യമാകണം എന്ന ചോദ്യം വളരെ പ്രസക്തമാണ്. രണ്ട് വര്‍ഷത്തെ എച്ച്.സി.യു അനുഭവ പാഠം എന്നെ ബോധ്യപ്പെടുത്തിയത് ഈ സാഹോദര്യം യാഥാര്‍ഥ്യമാകേണ്ടതുണ്ടെന്നാണ്. ഇവിടെ മുസ്‌ലിമിന്റെ പ്രശ്‌നം ദേശമാണ്. ദലിതന്റെ പ്രശ്‌നം ജാതിയും. സ്വാഭാവികമായും സാഹോദര്യത്തിന്റെ രൂപകങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ഈ സംഘര്‍ഷങ്ങളുടെ ഏകീകരണത്തിലൂടെയാണ്. ഒരു മുസ്‌ലിം ജാതി വിരുദ്ധനായിരിക്കേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. മൗലികമായി വിമോചന സ്വഭാവമുള്ളതാണ് ഇസ്‌ലാം. പക്ഷേ, കേരളത്തിലെ മുസ്‌ലിംകളില്‍ ജാതിയില്ല എന്ന് പറയുമ്പോഴും ജാതീയമായ സങ്കുചിതഭാവങ്ങളില്‍ നിന്നും അവര്‍ മോചിതരല്ല.

മുസ്‌ലിമിന്റെ പ്രശ്‌നം ദേശമാണ്. ദലിതന്റെ പ്രശ്‌നം ജാതിയും. സ്വാഭാവികമായും സാഹോദര്യത്തിന്റെ രൂപകങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ഈ സംഘര്‍ഷങ്ങളുടെ ഏകീകരണത്തിലൂടെയാണ്. ഒരു മുസ്‌ലിം ജാതി വിരുദ്ധനായിരിക്കേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്‌

സമൂഹത്തിലെ ജാതിപ്രകടനം പുതിയ രീതികളിലേക്ക് മാറിയിട്ടുണ്ട്. ജാതിയെ ഒരു ഐഡിയോളജിയായി നാം ഇപ്പോള്‍ കണക്കാക്കേണ്ടതില്ല. കാരണം നിലവിലുള്ള ജാതി പരിസരങ്ങള്‍ അതിന് കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അല്ലു അര്‍ജുനെ രണ്ട് വേഷങ്ങളില്‍ വെച്ച് ഒരു മൈമ് ഈയിടെ വ്യാപകമായിരുന്നു. പരമ്പരാഗത ബ്രാഹ്മണ വേഷങ്ങളിലുള്ള ഒരു സീനും പാശ്ചാത്യ രീതിയില്‍ വസ്ത്ര ധാരണം നടത്തിയ മറ്റൊരു സീനുമായിരുന്നു അതിലുണ്ടായിരുന്നത്. ജാതിയെ നാം വീക്ഷിക്കുന്നതും സമീപിക്കുന്നതുമായ രീതികള്‍ മാറ്റേണ്ടതുണ്ട് കാരണം അത് സ്വയം മാറിക്കൊണ്ടിരിക്കുകയാണ്. മറിച്ച് ഇന്ന് ജാതി നിലനില്‍ക്കുന്നത് വിവേചനത്തിലൂടെയും മാറ്റിനിര്‍ത്തലിലൂടെയുമാണ്. ഇതൊക്കെ തന്നെയായിരിക്കാം എന്നില്‍ നിന്ന് ആ സഹോദരന് സംഭവിച്ചിട്ടാുണ്ടാകുക.
മുസ്‌ലിമെന്ന നിലക്ക് ഇന്‍ഷാ അല്ലാഹ് എന്ന് ഞാന്‍ പറയുന്നത് എന്റെ സഹപ്രവര്‍ത്തകരായ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും എസ്.എഫ്.ഐ കാര്‍ക്കും പ്രശ്‌നമുണ്ടാക്കും. ദേശം എന്നെ ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എനിക്ക് അങ്ങനെ പറയാന്‍ സാധിക്കാത്തത്. ദൈനം ദിന ജീവിതത്തില്‍ ദേശം എന്നെ ഡിസിപ്ലിന്‍ ചെയ്തു കൊണ്ടേയിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സ്വത്വും പേരും കാരണം പലയിടത്തും നമുക്ക് റൂമുകള്‍ നിഷേധിക്കപ്പെടുന്നത്. ദേശം നമ്മെ പുറന്തള്ളുന്നതിന്റെ ഭാഗമാണിത്. മുസ്‌ലിമിനെ പുറന്തള്ളുന്ന ദേശത്തോട് കലഹിക്കാന്‍ ദലിതന്‍ തയ്യാറാണെങ്കില്‍ അവിടെ സഖ്യത്തിനുള്ള സാധ്യതകള്‍ ജനിക്കുന്നുണ്ട്. തങ്ങളെ പ്രാന്തവത്കരിക്കുന്ന സ്റ്റേറ്റിനോട് കലഹിച്ച് സ്വന്തം കമ്യൂണിറ്റിക്കിടയില്‍ ഡീഹിന്ദുവൈസേഷന്‍ നടത്താന്‍ തയാറുള്ള ദലിതനോടും ദലിത് രാഷ്ട്രീയ നീക്കങ്ങളോടുമാണ് സഹകരണം വേണ്ടത്. ശരിയായ രീതിയില്‍ ജാതീയതാ വിരുദ്ധ നീക്കങ്ങള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരായിരിക്കുകയും വേണം മുസ്‌ലിംകള്‍. വിവിധ ജാതികളില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ട് മുസ്‌ലിമായ കേരള മുസ്‌ലിംകളില്‍ ജാതീയമായ സ്വഭാവമില്ല എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും സാധ്യമല്ല എന്നത് ഒരു വസ്തുതയാണ്.
ദേശത്തെ രൂപപ്പെടുത്തുന്ന ഹിന്ദുത്വത്തെ തള്ളിപ്പറയാതെ മുസ്‌ലിമിനെ പുറന്തള്ളുന്ന ദേശത്തോട് ദലിതന് കലഹിക്കാനാവില്ല. അതേ സമയം മുസ്‌ലിം തികഞ്ഞ ജാതീയതാ വിരുദ്ധനുമായിരിക്കണം. കാരണം മുസ്‌ലിം പാഠം ഉള്‍കൊള്ളേണ്ടത് മതത്തില്‍ വിവേചനവും ജാതിയുമില്ല എന്ന അധ്യാപനത്തില്‍ നിന്നാണ്. ഇവിടെ നിന്നാണ് സാഹോദര്യം രൂപം കൊള്ളേണ്ടത്.
ലിബറലുകളെയും ലെഫ്റ്റിനെയും ഉള്‍പ്പെടുത്തി ഈ സാഹോദര്യത്തെ വിപുലീകരിക്കുന്നത് വിഷയത്തെ യാഥാര്‍ഥ്യ ബോധത്തോടെയല്ലാതെ സമീപിക്കുമ്പോള്‍് ഉണ്ടാകുന്നതാണ്. മുസ്‌ലിമും ദലിതനും ജനിക്കുന്നതിന്റെ പ്രസക്തി അവിടെ നഷ്ടമാകുന്നുണ്ട്. പെട്ടെന്ന പരിഹാരമെന്നുള്ള നിലക്ക് നാം ഈ സഖ്യം നിര്‍മിക്കുമ്പോള്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടി ജാതീയത ഉള്ളിലൊളിപ്പിച്ച മറ്റൊരുത്തരെ പിന്തുണക്കുന്നെന്നു മാത്രം. മറ്റൊരു ചേരിയില്‍ ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നുള്ള ഒരു ഭാരം നമ്മുടെ മുകളിലുണ്ട്.
കോണ്‍ഗ്രസിനെ ഞാന്‍ വിശ്വസിക്കുന്നില്ല. ബി.ജെ.പി വര്‍ഗീയത വ്യക്തമായി പുറത്തു കാണിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ വര്‍ഗീയത വെളിപ്പെടുത്തുന്നതില്‍ സന്ദേഹിക്കുണ്ടെന്നു മാത്രം.
പ്രത്യക്ഷമായ കാര്യങ്ങള്‍ മാത്രമായിരിക്കണം നാം സംസ്‌കരിക്കേണ്ടത്. സാഹോദര്യത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളെ നാം യാഥാര്‍ത്ഥ്യ ബോധത്തോടെ മനസ്സിലാക്കുകയും വേണം. മുന്‍ ധാരണകളെ പൊളിച്ചെഴുതി അനുഭവങ്ങളിലൂടെ നാം പ്രവര്‍ത്തിക്കണം. ദലിതുകള്‍ ഹെജിമണിക് ദേശത്തോട് കലഹിക്കുകയും മുസ്‌ലിംകള്‍ ജാതിയതാ വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ട് പോവുകകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ രാഷ്ട്രീയത്തിന് വിജയം കൈവരിക്കാനാവൂ.

(പിറ്റ്‌സ മലപ്പുറത്ത് സംഘടിപ്പിച്ച ദലിത് മുസ്‌ലിം സഹോദര്യം ദേശീയ സെമിനാറില്‍ നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത് ഫസല്‍ കോപ്പിലാന്‍)

Editor Thelicham

Thelicham monthly