തുറാസ് (പാരമ്പര്യം) എന്ന് പൊതുവെ വിവക്ഷിക്കപ്പെടാറുള്ള സാംസ്‌കാരിക സ്വത്വത്തിന് നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ എന്ത് പ്രാധാന്യമാണുള്ളത്? 19-20 നൂറ്റാണ്ടുകളില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പ്രസക്തമായൊരു ചോദ്യമാണിത്. സ്വത്വബോധത്തിന്റെയും ധാര്‍മിക മൂല്യത്തിന്റെയും അടിത്തറയാണ് പാരമ്പര്യം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന സ്വത്വ നിര്‍മിതിയുടെ പുതിയ രൂപകങ്ങളെ എങ്ങനെയാണ് പാരമ്പര്യത്തിലുള്‍ച്ചേര്‍ക്കാനാവുക? ആധുനിക ദേശ രാഷ്ട്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്വത്വങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തിനെങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുക? മുസ്‌ലിം ബുദ്ധിജീവികള്‍ നേരിടുന്ന ചില സമകാലിക ചോദ്യങ്ങളാണിവ. ആധുനികത ഒഴിച്ച് കൂടാനാകാത്തൊരു വ്യവഹാരമായി വളര്‍ന്നു കഴിഞ്ഞു. അധിനിവേശത്തിലൂടെയും പിന്നീട് മുഗള്‍, സഫാവിദ്, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും ആധുനികത മുസ്‌ലിം പ്രദേശങ്ങളിലെത്തിച്ചേര്‍ന്നിരിക്കുന്നു.
ആധുനിക ദേശ രാഷ്ട്രങ്ങളെ സാധ്യമാക്കുകയും രൂപപ്പെടുത്തുകയും ചെയ്ത സംസ്‌കാരങ്ങളേക്കാള്‍ തീവ്രവും പ്രതികരണാത്മകവുമായ പല സംസ്‌കാരങ്ങളോടും നാഗരികതകളോടും ഇസ്‌ലാമും ഏറ്റുമുട്ടിയിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള പല ഇടര്‍ച്ചകളും വീഴ്ചകളും ഉള്‍ചേര്‍ന്ന് മുസ്‌ലിം ധാര്‍മിക ബോധങ്ങള്‍ വളരെ സങ്കീര്‍ണമായി മാറിത്തീര്‍ന്നിരിക്കുന്നു. അറേബ്യന്‍ ഊഷര ജീവിതത്തില്‍ നിന്നുയിര്‍ കൊണ്ട ഇസ്‌ലാമിക സാംസ്‌കാരത്തിന് പിന്നീട് നോര്‍ത്താഫ്രിക്കന്‍, ആഫ്രിക്കന്‍, പേര്‍ഷ്യന്‍, മലായി സ്വത്വബോധങ്ങളോട് ഏറ്റുമുട്ടേണ്ടിവന്നു. മുട്ടേണ്ടി വന്നു. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ച സമൂഹങ്ങളെല്ലാം ഇസ്‌ലാമിക സംസ്‌കാര നിര്‍മിതിയില്‍ കൃത്യമായും ക്രിയാത്മകമായും ഇടപെട്ടതായാണ് നമുക്ക് കാണാനാവുക. എന്നാല്‍, ഇന്ന് മധ്യ സംസ്‌കാരങ്ങളെ വൈദേശികമെന്ന് പേര് പറഞ്ഞ് അകറ്റി നിര്‍ത്തുന്ന സ്വഭാവം മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ന്ന് വരുന്നു.
ആധുനിക സ്വത്വബോധത്തെ രൂപപ്പെടുത്തേണ്ട ബുദ്ധിജീവികളും പണ്ഡിതരും പരസ്പരം സംവേദനത്തിലേര്‍പ്പെടുന്നില്ല എന്നതാണ് വസ്തുത. അങ്ങനെ സംവേദനത്തിലേര്‍പ്പെടുമ്പോഴാകട്ടെ അപരനെ അവഹേളിക്കാനുള്ള കേവല വാഗ്വാദങ്ങളായി അവ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. ‘വൈദേശികരുടെ മൂടുതാങ്ങി ‘, ‘പാരമ്പര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍’ തുടങ്ങിയ സ്ഥിരം ആക്ഷേപങ്ങളുപയോഗിച്ച് പരസ്പരം പഴിചാരുകയാണവര്‍.
ഇന്നത്തെ ചര്‍ച്ചകള്‍, കേവല അറബ്-ഇസ്‌ലാമിക് സംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകളല്ല. പകരം അവ പാരമ്പര്യ(തുറാസ്)ത്തെ പറ്റിയുള്ള പറച്ചിലുകളാണ്. ആഫ്രോ-ഇസ്‌ലാമിക്, യൂറോ ഇസ്‌ലാമിക്, മലായ്- ഇസ്‌ലാമിക, ഇന്തോ- ഇസ്‌ലാമിക്, പേര്‍ഷ്യന്‍-ഇസ്‌ലാമിക് സങ്കര സ്വത്വങ്ങള്‍ക്കും അവക്കുള്ളില്‍ സ്ഥാനമുണ്ട്. വൈവിധ്യങ്ങളാര്‍ന്ന അര്‍ഥ രൂപങ്ങളും ജീവിത സാഹചര്യങ്ങളും ഉള്‍ചേര്‍ന്നൊരു സങ്കര രൂപമാണ് ഇസ്‌ലാമിക സംസ്‌കാരം ആയതിനാല്‍ നിലവിലെ ചര്‍ച്ചകള്‍ കേവലം അറബ് രാജ്യങ്ങളിലേക്ക് ചുരുക്കാവതല്ല. ഇന്തോനേഷ്യയിലെയും, നൈജീരിയയിലെയും, മധ്യ-ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെയും, ഉത്തരമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ ഈ ചര്‍ച്ചകളില്‍ ക്രിയാത്മകമായി പങ്കുചേരുന്നു.
മുസ്‌ലിം ലോകത്തിലെ വ്യത്യസ്ത സമൂഹങ്ങള്‍ വ്യത്യസ്ത രീതികളിലാണ് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത്. സ്വന്തമായി ചിന്താ മണ്ഡലം രൂപപ്പെടുത്തിയെടുക്കുന്ന വിഭാഗമാവട്ടെ ആധുനിക വിദ്യാഭ്യാസ രീതികളെയും സ്വത്വത്തെയും അന്ധമായനുകരിക്കുന്നവരാണ്. പ്രശ്‌ന പരിഹാരത്തിന് വേണ്ടിയവര്‍ ആധുനിക ധാര്‍മിക രീതികളെയാണ് പിന്തുടരുന്നത്. സാംസ്‌കാരികമായ സങ്കീര്‍ണതകളെ ഗൗരവമായെടുക്കുകയും അവയെ മുസ്‌ലിം സാംസ്‌കാരത്തെയും മുസ്‌ലിം നാഗരികതയെ സാധ്യമാക്കിയ ഘടകങ്ങളെയും പുനര്‍ നിര്‍മിക്കാനുള്ള ഒരവസരമായെടുക്കുകയും ചെയ്യുന്നു. പാരമ്പര്യ വാദികളായ എതിര്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇക്കൂട്ടര്‍ ഇസ്‌ലാമിന്റെ ചരിത്ര പാരമ്പര്യത്തെയും അടിസ്ഥാനാധ്യാപനത്തെയും ഒഴിവാക്കിയവരാണ്. പാരമ്പര്യാധികാര വ്യവസ്ഥ കൂടുതള്‍ നിര്‍ദേശാത്മകമാവണമെന്ന് അഭിപ്രായപ്പെട്ടതാണ് ഈ പുരോഗമന വാദികള്‍ ചെയ്ത തെറ്റെന്ന് ലബനീസ് എഴുത്തുകാരന്‍ യഹ്‌യ മുഹമ്മദ് പറയുന്നുണ്ട്. പ്രസ്തുത പുരോഗമനവാദികളുടെ അഭിപ്രായ പ്രകാരം പാരമ്പര്യം പൂര്‍ണമായി ഉപയോഗപ്രദമല്ല. പകരം അവയില്‍ നിന്ന് സാര്‍വകാലികമായ മൂല്യങ്ങള്‍ക്ക് മാത്രമേ ഇന്ന് പ്രസക്തിയുള്ളൂ. പുരോഗമനവാദികളായ ഇവര്‍ രാഷ്ട്രീയ വികാസങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്നതും അവരുടെ തെറ്റാണ്. ധാര്‍മികതയെയും, നിയമത്തെയും, ലിംഗ നീതിയെയും പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നെങ്കിലും മുസ്‌ലിം രാഷ്ട്രീയത്തിനുള്ളിലെ ആധുനിക രാഷ്ട്രീയതയെ പറ്റിയുള്ള ചര്‍ച്ച അവഗണിക്കപ്പെട്ടു. അധികാര കേന്ദ്രങ്ങളിലെ ആണധികാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോഴും രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ സദാ വിസ്മരിക്കപ്പെട്ട് പോന്നു. രാഷ്ട്രീയോത്തരവാദിത്വം ഒരു മൂല്യമായി മാറിയില്ല.
മുസ്‌ലിം സമൂഹത്തിലെ മറ്റൊരു വിഭാഗം മത പണ്ഡിതരായ ഉലമാക്കളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്വത്വ സങ്കല്‍പങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ പാരമ്പര്യ മത സ്ഥാപനങ്ങളില്‍ നിന്നും, ദക്ഷിണേഷ്യയിലെ മദ്രസകളില്‍ നിന്നും, ഇറാന്‍, ഇറാഖ് ഭാഗങ്ങളില്‍ നിന്നും, വരുന്നവരാണിവര്‍. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം പാരമ്പര്യം കേവല നിയമ വ്യവസ്ഥയും സ്വത്വ നിര്‍മാണത്തിലെ അവശ്യ ഘടകവുമാണ്. എന്നാല്‍ പാരമ്പര്യത്തിന്റെ സംരക്ഷകരാല്‍ മാത്രം നടപ്പിലാക്കപ്പെടേണ്ടവയാണവ. ഉലമാക്കളെ സംബന്ധിച്ചിടത്തോളം പാരമ്പര്യം നേരിയ മാറ്റങ്ങള്‍ മാത്രം വരുത്തപ്പെടേണ്ട പവിത്ര ബിംബമാണ്. അതേപടി പ്രയോഗിക്കപ്പെടേണ്ടവയാണവ.
ആധുനിക സ്വത്വബോധത്തെ രൂപപ്പെടുത്തേണ്ട ബുദ്ധിജീവികളും പണ്ഡിതരും പരസ്പരം സംവേദനത്തിലേര്‍പ്പെടുന്നില്ല എന്നതാണ് വസ്തുത. അങ്ങനെ സംവേദനത്തിലേര്‍പ്പെടുമ്പോഴാകട്ടെ അപരനെ അവഹേളിക്കാനുള്ള കേവല വാഗ്വാദങ്ങളായി അവ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. ‘വൈദേശികരുടെ മൂടുതാങ്ങി ‘, ‘പാരമ്പര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍’ തുടങ്ങിയ സ്ഥിരം ആക്ഷേപങ്ങളുപയോഗിച്ച് പരസ്പരം പഴിചാരുകയാണവര്‍. അതേസമയം ദേശ രാഷ്ട്രങ്ങളാവട്ടെ മുസ്‌ലിം സ്വത്വത്തെപ്പറ്റിയുള്ള പുതിയൊരു ചര്‍ച്ചയിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വത്വ പ്രതിസന്ധിയെ രാഷ്ട്രീയവല്‍കരിച്ച് അതിലൂടെ ദേശ രാഷ്ട്രങ്ങള്‍ക്ക് പിന്നണിയായി മാറുന്നൊരു കാലാള്‍പ്പടയെ നിര്‍മിക്കാനാണവരുടെ തിരക്ക്. സുന്നി, ശിയ വിഭാഗീയതയെ ഊതി വീര്‍പ്പിച്ച് പുതിയൊരു വര്‍ഗീയ സ്വത്വം വികസിപ്പിക്കുകയാണ് ദേശരാഷ്ട്രങ്ങള്‍. ആയതിനാല്‍, പാരമ്പര്യം കേവലാധികാരത്തിനും വര്‍ഗീയ സംഘര്‍ഷത്തിനുമുപയോഗിക്കുന്നൊരായുധമായി ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു.
മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ കാതലായ വശത്തെപ്പറ്റി നമുക്ക് സംസാരിക്കാം. ഇസ്‌ലാമിക ചരിത്രത്തില്‍ നിലവിലുള്ള വ്യവസ്ഥയിലും ഭാവിക്ക് വേണ്ടിയും എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാനാവും എന്നതാണ് നിലവിലെ ചര്‍ച്ചകളുടെ ആകെത്തുക. മറ്റൊരര്‍ഥത്തില്‍, ആധുനിക ലോകത്ത് എങ്ങനെയെല്ലാം മുസ്‌ലിം സ്വത്വം പ്രാവര്‍ത്തികമാക്കാം എന്നതാണിന്നത്തെ ഏറ്റവും വലിയ ചര്‍ച്ച. സ്വത്വത്തെപ്പറ്റിയള്ള പ്രസ്തുത ചര്‍ച്ചയാവട്ടെ ഇസ്‌ലാമിക നിയമം, ധാര്‍മികത, ഫിലോസഫി, മതനവീകരണം, ലിംഗ സമത്വം, വിദ്യാഭ്യാസം, വ്യക്തിത്വം തുടങ്ങിയ നാനാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍, മോഡേണിസ്റ്റുകള്‍, പാരമ്പര്യ വാദികള്‍, ഫെമിനിസ്റ്റുകള്‍, ജെന്റര്‍ ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ചര്‍ച്ചയില്‍ വ്യക്തമായ സ്ഥാനങ്ങളുണ്ട്.
ജൈവികാനുഭവങ്ങളോട് കണ്ണിചേര്‍ത്താല്‍ മാത്രമേ പാരമ്പര്യത്തിന് സ്വത്വ നിര്‍മിതിയ്ക്കായി ശ്രമിക്കുന്ന മുസ്‌ലിം ഭൂരിപക്ഷത്തിനിടയില്‍ പ്രവര്‍ത്തിക്കാനാവൂ. പാരമ്പര്യത്തിന് പുതിയ ആഖ്യാനങ്ങള്‍ ചമക്കേണ്ട ഉത്തരവാദിത്വമാണ് ഇനി മുസ്‌ലിം സമൂഹം ചെയ്യേണ്ടത്. ഇന്നത്തെ രാഷട്രീയത്തിലും നയരൂപീകരണത്തിലും ആചാരങ്ങള്‍ എങ്ങെനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാതെ അവയെ അന്ധമായി പിന്തുടരുന്നതിലൂടെ പാരമ്പര്യത്തെ നിര്‍മിക്കാന്‍ നമുക്കാവില്ല. പകരം അവയെ പുതിയ കാലത്തിനനുസരിച്ച് പ്രയോഗവല്‍കരിക്കാന്‍ കൂടി ശ്രമിക്കണം.
(കടപ്പാട്::contendingmodernities.nd.edu))