Home » Article » Culture » ധീരയായ മാധവിക്കുട്ടി ഇരയായ കമലാ സുറയ്യ മതേതരയായ ആമി

ധീരയായ മാധവിക്കുട്ടി ഇരയായ കമലാ സുറയ്യ മതേതരയായ ആമി

കോളേജ് തലത്തില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രം അംഗങ്ങളായ ഒരു വാട്‌സാപ്ഗ്രൂപ്പില്‍ ഞാനുമുണ്ട്. മലയാള സംസ്‌കാരത്തെ സ്പര്‍ശിക്കുന്ന പലകാര്യങ്ങളും ആ വേദിയില്‍ ചര്‍ച്ചക്കായി കടന്നുവരും. സംഘ്പരിവാര്‍ അനുകൂലികള്‍, ഇടതുലിബറലുകള്‍ മുതല്‍ വിശ്വാസികളായ മുസ്‌ലിംകള്‍വരെയുള്ള ആ ഗ്രൂപ്പില്‍ ആമി എന്ന സിനിമ പുറത്തിറങ്ങിയശേഷം ഉന്നയിക്കപ്പെട്ട ചില വാദങ്ങളെ വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും. മലയാളഭാഷയിലും സാഹിത്യത്തിലും സജീവ ശ്രദ്ധയുള്ള ഒരു ഗ്രൂപ്പ് മതം, മതപരിവര്‍ത്തനം, സ്ത്രീകര്‍തൃത്വം, പ്രണയം തുടങ്ങിയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന മനോഭാവങ്ങള്‍ മനസ്സിലാക്കാന്‍ ഇത്രയും യോജിച്ച അവസരവും സാധ്യതയും അപൂര്‍വമാണല്ലോ. താഴെ പ്രസ്തുത ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം. അടഞ്ഞ ഗ്രൂപ്പിലെ വ്യവഹാരം എന്നനിലയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുടെയും പേരുകള്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്:

ആമി തുറന്നുവിട്ട ഭൂതങ്ങള്‍

കവയിത്രിയായ അധ്യാപിക ഗീത. കെ.പി എഴുതിയ ദീര്‍ഘമായ ‘ആമി’ ആസ്വാദനക്കുറിപ്പാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. നാലപ്പാട്ടു തറവാട്, പുന്നയൂര്‍കുളം ഗ്രാമം, മുത്തശ്ശി, ബാലാമണിയമ്മ തുടങ്ങിയവയൊക്കെയടങ്ങുന്ന ‘ശക്തമായ പാരമ്പര്യ’മാണ് മാധവിക്കുട്ടിയെ എഴുത്തുകാരിയാക്കിയത് എന്ന് ആലങ്കാരികഭാഷയില്‍ ദീര്‍ഘമായി വിവരിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ആമിയുടെ നിഷ്‌കളങ്കതയെയും അതുമൂലമുണ്ടായ പ്രണയാതുരതകളെയും വിവരിക്കുന്നു. അവസാനത്തിലാണ് മതംമാറ്റം എന്ന വിഷയം കടന്നുവരുന്നത്. ”മതംമാറ്റത്തിനു ശേഷം എന്തുകൊണ്ട് ആമി എഴുത്തില്‍ ശക്തമായില്ല എന്നതിന് ഉത്തരം സിനിമയിലുണ്ട്. വായനക്കാരന്റെ ഉത്തരവുമതുതന്നെ… തറവാടും, കൃഷ്ണനുമല്ല മറിച്ച് എഴുത്താണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ചിന്തകളും, നിലപാടുകളുമാണ് നിഷേധിക്കപ്പെട്ടത്. മുസ്‌ലിം സ്ത്രീയായിരിക്കെ ഇനി തുറന്നെഴുത്ത് പറ്റില്ല എന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള താക്കീത്. അതവരെ ബാധിച്ചിരിക്കാം. എഴുത്തുകാരി എന്ന നിലയില്‍ അസ്വസ്ഥപ്പെടുത്തിയിരിക്കാം. ഒരു തിരിച്ചുവരവ് അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ആരുമില്ലെങ്കിലും നീയുണ്ടല്ലോ കൃഷ്ണാ എന്നവര്‍ വിലപിച്ചു. കൃഷ്ണനില്‍ സാന്ത്വനം തേടി. കൃഷ്ണന്‍ ഒരു ഗോപികയെയും കൈവെടിയില്ലല്ലോ. കൃഷ്ണനും പ്രണയത്തിനും അതിര്‍ വരമ്പുകളില്ലല്ലോ…” എന്നിങ്ങനെ ഗീത ടീച്ചറുടെ സിനിമാനുഭവം തുടരുന്നു.
ഇസ്‌ലാം സ്വീകരിച്ച ശേഷമാണ് ഒട്ടേറെ കൃതികള്‍ കമല സുറയ്യ എഴുതിയത് എന്ന വസ്തുത വെളിപ്പെടുത്തിക്കൊണ്ട,് അതിനുതാഴെ ഞാന്‍, ‘യാ അല്ലാഹ്’ എന്ന കവിതാസമാഹാരത്തില്‍നിന്ന് ഒരു കവിത ചേര്‍ത്തു. ”അവരെസംബന്ധിച്ച് അത് വമ്പന്‍ പരാജയമായിരുന്നുവല്ലോ” എന്ന മറുപടിക്കുറി ഗീതടീച്ചര്‍ എഴുതി. ”കൃഷ്ണനെക്കുറിച്ചെഴുതിയാല്‍ വിജയമാണെന്നും അല്ലാഹുവെക്കുറിച്ചെഴുതിയാല്‍ പരാജയമാണെന്നുമാണോ ടീച്ചറുടെ മാനദണ്ഡം?” എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ ടീച്ചര്‍: ”അല്ല, അത് മാഷിന്റെ യാഥാസ്ഥിതികത നിറഞ്ഞ മനസ്സില്‍നിന്ന് വന്ന ചോദ്യമാണ്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കൃഷ്ണസങ്കല്‍പം പ്രണയമാണ്. അല്ലാഹുവിലേക്ക് വരുമ്പോള്‍ അത് കാണുന്നില്ല. ഭക്തിയും പ്രണയവുമല്ല അവിടെ കാണുന്നത്. എന്തുകൊണ്ട് മതംമാറ്റത്തിനുശേഷം അവരുടെ എഴുത്ത് ശക്തമായില്ല, വിജയിച്ചില്ല? മരുപ്പച്ചയില്‍ സമാധാനത്തിന്റെ ദര്‍ശനമുണ്ട്, പക്ഷേ ഒരു പെണ്ണെന്ന എഴുത്തില്ല. അത്തരത്തിലൊരു തുറന്നെഴുത്ത് വന്നില്ല. പറിച്ചുനട്ടപ്പോള്‍ അവരുടെ എഴുത്തിന്റെ കരുത്ത് വഴിമാറി സഞ്ചരിച്ചു” എന്നായി ടീച്ചര്‍.
ഉടനെ അതുവരെ നിശ്ശബ്ദയായിരുന്ന ചിലര്‍കൂടി അപ്പോള്‍ ചര്‍ച്ചയിലേക്ക് കയറിവന്നു.
മിനിടീച്ചര്‍: എല്ലാവര്‍ക്കും എല്ലാവരെയും പ്രണയിക്കാന്‍ മോഹമുണ്ട്. പക്ഷേ, അത് മനുഷ്യനെയാകുമ്പോള്‍ നിരോധനങ്ങളുടെ മതില്‍ ഉയര്‍ന്നുവരും. അപ്പോള്‍ പ്രണയത്തെ അതിന്റെ പാരമ്യത്തില്‍ ഭക്തിയായി പരിവര്‍ത്തിച്ച് ദൈവമെന്ന് സങ്കല്‍പിച്ച് അങ്ങോട്ട് പ്രക്ഷേപിക്കുന്നു. അപ്പോള്‍ കുഴപ്പമില്ലാതെ ദൈവത്തെ സങ്കല്‍പിച്ച് സ്വയംഭോഗം നടത്താം. ഒരു റിപ്പബ്ലിക്കില്‍നിന്നും പുറത്തുപോകേണ്ടതില്ല.
ലതടീച്ചര്‍ : പ്രണയത്തിനുവേണ്ടി ഏതറ്റവും വരെ പോകാന്‍ തയ്യാറാണ് മാധവിക്കുട്ടി. അതുകൊണ്ടാണല്ലോ, അവരുടെ പ്രണയത്തെക്കാള്‍ കൂടുതല്‍ മതത്തെ പ്രണയിച്ചവന്റെ പ്രണയലബ്ധിക്കായി അവര്‍ കമല സുറയ്യയായത്. പക്ഷേ, ഉപാധിയോടെയുള്ള ഏതു ബന്ധവും ഒടുവില്‍ ബന്ധനമാകുവുമെന്നവര്‍ ഓര്‍ത്തില്ല. സര്‍വവിധ സ്വാതന്ത്ര്യവുമനുഭവിച്ചിരുന്ന അവരിലെ എഴുത്തുകാരിക്കും ഈ ബന്ധനത്തില്‍ വീര്‍പ്പുമുട്ടേണ്ടിവന്നപ്പോഴാണ് അവര്‍ തികച്ചും ഹതാശയായത്. പ്രണയം വറ്റിയ ആ എഴുത്തുകാരി ആദ്യം മരിച്ച് എത്രയോ കഴിഞ്ഞാണ് ആ ഭൗതികശരീരം നിശ്ചലമാകുന്നത്. അവരുടെ ഖബറിടം പ്രണയസ്മാരകമാകുന്നില്ല. മറിച്ച് പ്രണയ ശൂന്യമാണത്. ഇത്രമേല്‍ വാഴ്ത്തപ്പെട്ട അവരുടെ പ്രണയസങ്കല്‍പ്പത്തിന്റെ ഭൗതികപരിണാമം എത്ര ശോചനീയം!.

ഇസ്‌ലാം സ്വീകരിച്ച ശേഷമാണ് ഒട്ടേറെ കൃതികള്‍ കമല സുറയ്യ എഴുതിയത് എന്ന വസ്തുത വെളിപ്പെടുത്തിക്കൊണ്ട,് അതിനുതാഴെ ഞാന്‍, ‘യാ അല്ലാഹ്’ എന്ന കവിതാസമാഹാരത്തില്‍നിന്ന് ഒരു കവിത ചേര്‍ത്തു. ”അവരെസംബന്ധിച്ച് അത് വമ്പന്‍ പരാജയമായിരുന്നുവല്ലോ” എന്ന മറുപടിക്കുറി ഗീതടീച്ചര്‍ എഴുതി. ‘കൃഷ്ണനെക്കുറിച്ചെഴുതിയാല്‍ വിജയമാണെന്നും അല്ലാഹുവെക്കുറിച്ചെഴുതിയാല്‍ പരാജയമാണെന്നുമാണോ ടീച്ചറുടെ മാനദണ്ഡം?’

അപ്പോള്‍ ശ്രീജ നെയ്യാറ്റിന്‍കരയുടെ ‘ആമി’ നിരൂപണം ഞാന്‍ വായിക്കാന്‍ കൊടുത്തു. കമല സുറയ്യയുടെ ഇസ്‌ലാം സ്വീകരണത്തെ അംഗീകരിച്ചുകൊണ്ടുള്ള കുറിപ്പായിരുന്നു അത്. ഉടനെ ഗീതടീച്ചര്‍ ”വൈദ്യുതശ്മശാനത്തില്‍ അടക്കിയാല്‍ മതിയെന്നും പറഞ്ഞ ഒരു ആമിയുണ്ട്” എന്നായി. കമല സുറയ്യ അങ്ങനെ പറഞ്ഞതിന് ഞാന്‍ റഫറന്‍സ് ചോദിച്ചു. അല്‍പനേരം കഴിഞ്ഞ് മറുപടിയെത്തി, ”അത് മുസ്‌ലിമാകുന്നതിന് മുമ്പേ പറഞ്ഞതാണ്. മുസ്‌ലിമായപ്പോള്‍, ഗുരുവായൂര്‍ക്ക് ആരും പോകണ്ട, അവിടെ കൃഷ്ണനില്ല എന്നും പറഞ്ഞിട്ടുണ്ട്. മതംമാറ്റം… അതിലുമുണ്ട് ഒരുപാട് അര്‍ഥതലങ്ങള്‍. പുനത്തിലിന്റെ അവസ്ഥയും അറിയാമല്ലോ. (മാഷേ, വൈദ്യുത ശ്മശാനം നല്ല ഒരു സാധ്യതയാണ്. മണ്ണിലിനി മനുഷ്യനെ ഒതുങ്ങില്ല) പുനത്തിലിന് ചിത ഇഷ്ടമായിരുന്നു. മാധവിക്കുട്ടിക്ക് ചെറുപ്പത്തില്‍ കാച്ചിയും തട്ടവും ഇഷ്ടമായിരുന്നു”.
തുടര്‍ന്ന് സ്വാമി ചിന്‍മയാനന്ദയുടെ അദൈ്വതചിന്തകള്‍ അടങ്ങിയ ഒരു കുറിപ്പ് ചന്ദ്രന്‍ എന്ന മാഷ് പോസ്റ്റുചെയ്യുന്നു. ‘എല്ലാ മതവും ഒന്നാണ് പിന്നെന്തിന് മാറണം’ എന്നാണതിന്റെ ആകത്തുക. ഈ ആശയം ഈശാവാസ്യോപനിഷത്തിലെ ആദ്യ ശ്ലോകത്തിന്റെ ആശയമാണെന്ന് മുജീബ് എന്ന ഒരധ്യാപകന്റെ പിന്തുണയും ഉണ്ടായി.
അപ്പോഴാണ് സുനന്ദ എന്ന ടീച്ചര്‍ ലീലാ മേനോന്റെ കുപ്രസിദ്ധമായ ലേഖനം പോസ്‌ററുചെയ്യുന്നത്. ഉടനെ ‘അത് കുറേയേറെ ശരിയാണ്’ എന്ന് ലീലാ മേനോനില്‍ കയറിപ്പിടിച്ചു, ഗീതടീച്ചര്‍. ‘ലീലാമേനോന്റെ ആരോപണത്തില്‍ പറയുന്ന മുസ്‌ലിം നേതാവ് തന്നെ പ്രണയിച്ചിട്ടില്ല’ എന്ന മറ്റൊരു സാഹിത്യകാരിയുടെ വെളിപ്പെടുത്തല്‍ ഞാന്‍ ഓര്‍മിപ്പിച്ചു. ജാബിര്‍ റഹ്മാന്‍ കുങ്കുമം വാരികയില്‍ കമല സുറയ്യയുമായി നടത്തിയ അഭിമുഖവും അതിന്റെ പശ്ചാത്തലക്കുറിപ്പും അതോടനുബന്ധമായി ഞാന്‍ ചേര്‍ക്കുകയും ചെയ്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ”എന്നാലും നമ്മള്‍ പറയും, പ്രഖ്യാപിത സംഘ്പരിവാര്‍ സഹയാത്രികയായ ലീലാ മേനോന്‍ പറയുന്നതിലാണ് സത്യമെന്ന്. മേനോന്‍മാര്‍ നുണപറയില്ലല്ലോ”.
അപ്പോള്‍ ലതടീച്ചര്‍: ”മാധവിക്കുട്ടി വല്ലാത്തൊരു ഭാവനാജീവിയാണ്. നല്ല വട്ടുകേസും. പറയുന്നതൊക്കെ ജല്പനങ്ങളായി കരുതിയാല്‍ മതി. അത് വ്യാഖ്യാനിക്കാന്‍ നിന്നാല്‍ നമുക്കും വട്ടാകും. മാധവിക്കുട്ടിയുടെ ആണ്‍ജന്മമാണ് കുഞ്ഞബ്ദുള്ള. കുഞ്ഞബ്ദുള്ളയുടെ സ്ത്രീജന്മം മാധവിക്കുട്ടിയുടേതും”. നേരത്തെ സ്വാമിക്ക് റഫറന്‍സ് നല്‍കിയ മുജീബ് മാഷ് അത് ലൈക്ക് ചെയ്തു. കാര്യമുള്ള നിരീക്ഷണം എന്ന ഒരു അഭിനന്ദനവും നല്‍കി.
”ഒരു സ്ത്രീ മുമ്പ് പറഞ്ഞതൊക്കെ ‘ധീരത’, ‘തുറന്നു പറച്ചില്‍’ ‘ആണ്‍കോയ്മക്കെതിരെയുള്ള പ്രതിഷേധം’ ആവുകയും അവള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അത് ‘ഭ്രാന്ത്’ ആവുകയും ചെയ്യും. സ്ത്രീയുടെ കര്‍തൃത്വത്തെക്കുറിച്ച് കോളേജ് അധ്യാപകര്‍ അടക്കം പുലര്‍ത്തുന്ന ഈ ഇസ്‌ലാമോഫോബിക് ആണ്‍കോയ്മ വ്യവഹാരങ്ങള്‍ നിശ്ശബ്ദമായി കേട്ടുകൊണ്ടിരിക്കുക, അതിനെ ‘കാര്യമുള്ള നിരീക്ഷണമായി’ മറ്റൊരു അധ്യാപകന് തോന്നുക.” എന്നായി ഞാന്‍. ‘എന്റെ കഥ’ വായിച്ചാല്‍ അങ്ങനെ തോന്നും എന്ന് മുജീബിന്റെ പ്രതികരണം.
ഉടന്‍ ഗീത ടീച്ചര്‍ ചാടിവീണു: ”കുഞ്ഞബ്ദുള്ളക്ക് ചിതയില്‍ കത്തി തീരാനായിരുന്നു മോഹം. നടന്നോ…? ഇസ്‌ലാമോഫോബിയ. കാര്യം പറഞ്ഞാല്‍ ഫോബിയയാകുമോ? അപ്പൊ ഈ കാണുന്നതിനെയും പറയുന്നതിനെയും ഹിന്ദുത്വഫോബിയ എന്നും വിളിക്കാലോ. അതൊക്കെ ചുമ്മാ പറയാന്‍ എളുപ്പമാ. പക്ഷെ, സത്യങ്ങള്‍.. ഇല്ലേ? ഉറച്ച മനസ്സിന്റെ തീരുമാനമായിരുന്നില്ല മാധവിക്കുട്ടിയുടെ മതംമാറ്റം. അവസാന സമയങ്ങളില്‍ അവര്‍ക്ക് നല്ല വിഭ്രമമായ മനസ്സു തന്നെയായിരുന്നു. ഒരു ഭ്രമമായിരുന്നു മതം മാറ്റവും. അതൊക്കെ പോട്ടെ, വീട്ടുകാരും ബന്ധുക്കളും അത് അവരുടെ സ്വാതന്ത്ര്യമായി കണ്ടപ്പോള്‍ നാട്ടുകാര്‍ കൊടും കുറ്റമായി കണ്ടു. അപ്പോള്‍ ജന്മദേശത്തേക്കു വരാനാകാതെ അവര്‍ വേദനിച്ചു.
അപ്പൊള്‍ ഒരാള്‍, ‘ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍’ എന്ന തലക്കെട്ടില്‍ ജോയ്മാത്യുവിന്റേതാണെന്ന പേരില്‍ ഒരു നെടുങ്കന്‍ പ്രസ്താവന തള്ളിയിട്ടു പോയി. മറ്റു ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വത്തിന്റെ ഭാഗമായി സംസാരിക്കുന്ന ടീച്ചറാണ് കക്ഷി. ഞാന്‍ കമല സുറയ്യയുടെ പ്രസംഗം പോസ്റ്റുചെയ്തു. അതിനുതാഴെ ഗീതടീച്ചര്‍ വീണ്ടും വന്നു. ”മതംമാറ്റം അടിസ്ഥാനപരമായി എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കാനാണ്? അഥവാ, ഉണ്ടെന്നു പറയുന്നതിന്റെ ആത്മാര്‍ത്ഥതയെന്താണ്? ഒരുവന്‍ ജനിച്ചു വളര്‍ന്നു ജീവിക്കുന്ന പരിതസ്ഥിതിയാണ് മതം. അത് ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നു”. ഇത്രയും പറഞ്ഞ് സംവാദം ഇവിടെ നിറുത്താമെന്ന് ടീച്ചര്‍ കുറിച്ചു. ‘മതമില്ലാത്ത ജീവനുവേണ്ടിയാണ് ഇനി നാം പ്രവര്‍ത്തിക്കേണ്ടത്’ എന്ന ഒരു ഉപദേശം എനിക്ക് തന്നാണ് ടീച്ചര്‍ പോയത്.
‘ഇന്‍ ദ നെയിം ഓഫ് ജീസസ്’ എന്ന തലക്കുറിയുള്ള ഒരാള്‍ ആ അഭിപ്രായം ‘കലക്കീട്ടോ’ എന്ന് അഭിനന്ദിച്ചു.

കുലസ്ത്രീയും അടിമപ്പെണ്ണും

മലയാളഭാഷയും സാഹിത്യവും ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ പഠിച്ചവരാണ് ഈ ഗ്രൂപ്പിലുള്ള ഏതാണ്ടെല്ലാവരും. മാധവിക്കുട്ടിയുടെ നെയ്പ്പായസം, കോലാട്, പക്ഷിയുടെ മണം, ചന്ദനമരങ്ങള്‍, എന്റെ കഥ തുടങ്ങി പല പ്രശസ്ത രചനകളും മലയാളപഠനകാലത്ത് പഠിച്ചവരാണവര്‍. ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരും. ‘സ്ത്രീയുടെ തുറന്നെഴുത്ത്’, ‘സ്ത്രീ അനുഭവങ്ങളുടെ കഥാകാരി’, ‘ധീരയായ എഴുത്തുകാരി’ തുടങ്ങിയ വിശേഷണങ്ങളോടെയാണ് ആ രചനകള്‍ ക്ലാസ്സ് മുറികളിലും ഉത്തരപ്പേപ്പറിലും അവര്‍ നിറച്ചത്. അമ്മാവനായ നാലപ്പാട്ട് നാരായണമേനോന്‍, അച്ഛനായ വി. എം. നായര്‍, ഭര്‍ത്താവ് മാധവദാസ്, മകന്‍ എം. ഡി നാലപ്പാട് തുടങ്ങിയ പുരുഷന്‍മാരുടെയൊന്നും സംരക്ഷണത്തില്‍ ഒതുങ്ങാതെ പ്രണയത്തിനും എഴുത്തിനും വേണ്ടി സ്‌ത്രൈണകര്‍തൃത്വത്തെ ആഘോഷിച്ച കഥാകാരി എന്ന വിശേഷണമാണ് മാധവിക്കുട്ടിയെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട നൂറുകണക്കിന് പ്രബന്ധങ്ങളും പഠനങ്ങളും ഗവേഷണങ്ങളും അവര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ച് മാധവിക്കുട്ടി കമല സുറയ്യ ആയി മാറിയതോടെ ആ വിശേഷണങ്ങളൊക്കെയും അട്ടിമറിക്കപ്പെട്ടു. രണ്ടുതരം വ്യവഹാരങ്ങളാണ് അതില്‍ പ്രകടമായത്
ഒന്ന്: ആ വിശേഷണങ്ങളൊക്കെയും ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള മാധവിക്കുട്ടിക്കുമാത്രം ബാധകമായതാണ്. അതിനുശേഷം അവര്‍ ഇസ്‌ലാമിന്റെ ‘കടുത്ത പുരുഷാധിപത്യ’ത്തില്‍ അടിമയാക്കപ്പെട്ട വെറുമൊരു കമല സുറയ്യ മാത്രമായി മാറി എന്നായിരുന്നു.

പ്രണയത്തിനും എഴുത്തിനും വേണ്ടി സ്‌ത്രൈണകര്‍തൃത്വത്തെ ആഘോഷിച്ച കഥാകാരി എന്ന വിശേഷണമാണ് മാധവിക്കുട്ടിയെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട നൂറുകണക്കിന് പ്രബന്ധങ്ങളും പഠനങ്ങളും ഗവേഷണങ്ങളും അവര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ച് മാധവിക്കുട്ടി കമല സുറയ്യ ആയി മാറിയതോടെ ആ വിശേഷണങ്ങളൊക്കെയും അട്ടിമറിക്കപ്പെട്ടു

രണ്ട്: പണ്ടേ നിലതെറ്റിയ സ്ത്രീയായിരുന്നു കമല. അവര്‍ ഇടയ്ക്കിടയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഭ്രാന്തുകളുടെ ഭാഗം തന്നെയാണ് മതം മാറ്റവും. അതിനാല്‍ ഈ മതം മാറ്റത്തിനൊന്നും വലിയ വില കല്‍പിക്കേണ്ടതില്ല.
ഒന്നാമത്തെ വിഭാഗക്കാര്‍ മാധവിക്കുട്ടി, കമല സുറയ്യ എന്നീ ഒരേ ജീവിത ഭാഗങ്ങളെ രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളായാണ് കാണുന്നത്. മാധവിക്കുട്ടിയുടേത് കേരളത്തിന്റെ ആദര്‍ശപാരമ്പര്യത്തിന്റെ പ്രതീകമാണ്. പാരമ്പര്യമെന്നത് ജാത്യാധിഷ്ഠിതമായ സിദ്ധിയാണെന്നാണ് തിരിച്ചറിയേണ്ടത്. മറ്റൊരു കുടുംബത്തിലായിരുന്നു എങ്കില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയേ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഈ ‘പാരമ്പര്യ’ത്തിലെ മുന്നറിയിപ്പ്. മതപരിവര്‍ത്തനത്തെ നെഗറ്റീവ് ആയിക്കാണുന്ന ഏതാണ്ടെല്ലാവരും മാധവിക്കുട്ടിയുടെ ഗ്രാമീണ നിഷ്‌കളങ്കതയെ പ്രധാന കുറ്റമായാണ് കണ്ടത്. ആ നിഷ്‌കളങ്കതയാണ് അവരെ പ്രണയത്തിലേക്ക് നയിച്ചത്. സ്ത്രീവാദഗവേഷകര്‍ മുമ്പ് കണ്ടെത്തിയ സ്‌ത്രൈണ കര്‍തൃത്വധീരതയെ മറിച്ചിടാനുള്ള ആദ്യ അടവാണ് ഈ നിഷ്‌കളങ്കതാവാദം. കമലയുടെ നിഷ്‌കളങ്കതയുടെ ഊക്കുകൊണ്ട് ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിക്ക് സ്വര്‍ണവളകള്‍ അഴിച്ചുകൊടുത്തത് എത്രവട്ടം ആവര്‍ത്തിച്ച ഉദാഹരണമാണെന്നോര്‍ക്കുക. ഉന്നത നായര്‍ തറവാട്ടിലെ അംഗം, ഗ്രാമീണ വിശുദ്ധിയുടെ പ്രതീകം, നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രവാചക, പ്രണയത്തിന്റെ രാജകുമാരി, സ്ത്രീ തുറന്നെഴുത്തിന്റെ മാതൃക, വിമോചനത്തിന്റെ എഴുത്തുകാരി തുടങ്ങിയ സവര്‍ണകാല്‍പനികതയുടെ വിശേഷണങ്ങള്‍ക്കെല്ലാം അനുയോജ്യയായ വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേത്. നെറ്റിയിലെ നിറമുള്ള പൊട്ട്, അഴിച്ചിട്ട മുടി, നിറമുള്ള പട്ടുസാരി, നായര്‍ ഈണത്തിലുള്ള സംസാരം എന്നിവയൊക്കെയാണ് അതിന്റെ എടുത്തുകെട്ടുകള്‍. ‘കമല’ എന്ന പേരിനെക്കാളും മലയാളത്തിനിണങ്ങുക ‘മാധവിക്കുട്ടി’തന്നെ.
ഈ സവര്‍ണ സ്ത്രീ ബിംബത്തിനു മറുവശത്ത് കേരളത്തിലെ സാംസ്‌കാരിക ബോധം നിര്‍മിച്ചുവെച്ച ഒരു അപരസ്ത്രീയുണ്ട്. മറച്ച മുടി, പൊട്ടില്ലാത്ത നെറ്റി, ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത വസ്ത്രധാരണം, കറുത്ത വേഷം എന്നിവയാണ് അതിന്റെ ചിഹ്നങ്ങള്‍. അത് സ്ത്രീയുടെ അടിമത്തത്തിന്റെയും പുരോഗമനരാഹിത്യത്തിന്റെയും പ്രതീകമാണ്. അപരിഷ്‌കൃതവും മതത്തിന്റെ വേലിക്കെട്ടുകള്‍ക്കകത്ത് ഞെരിഞ്ഞമരുന്നതുമാണ്. മാധവിക്കുട്ടി എന്ന ‘കുലസ്ത്രീ’ കമല സുറയ്യ എന്ന ‘അടിമസ്ത്രീ’യായി മാറിയതിന്റെ ഞെട്ടലില്‍ നിന്ന് കേരളത്തിലെ സവര്‍ണഭാവുകത്വം ഇനിയും മുക്തമായിട്ടില്ല. മാധവിക്കുട്ടി ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് പൊക്രാന്‍ ആണവപരീക്ഷണത്തിനെ അനുകൂലിക്കുകയും മധുരം വിതരണംചെയ്യുകയും ചെയ്തതിനെ അഭിനന്ദിച്ച ഹിന്ദുത്വവാദികള്‍ അവരെ കറകളഞ്ഞ ദേശീയവാദിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ അസ്വസ്ഥരായി. ലീലാമേനോന്റെ കുറിപ്പില്‍ ആ അസ്വസ്ഥത പ്രകടമാണ്. അതിലെ ‘പരമേശ്വര്‍ജി’ (പി. പരമേശ്വരന്‍) യുടെ പ്രതികരണവും അതേ അസ്വാസ്ഥ്യംതന്നെയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം കമലസുറയ്യക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ പി. പരമേശ്വരന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘പതിവ്രതാ പുരസ്‌കാരം വാസവദത്തയ്‌ക്കോ?’ എന്നായിരുന്നു. കുമാരനാശാന്റെ കവിതയിലെ വാരസുന്ദരിയാണ് വാസവദത്ത എന്നോര്‍ക്കുക.

ഇസ്‌ലാം എന്ന നരകം

ഇസ്‌ലാമിലേക്കെത്തുന്നതോടെ പെണ്ണിന്റെ എന്നല്ല, മനുഷ്യന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങളുടെ എല്ലാ സാധ്യതകളും അവസാനിക്കുന്നു എന്ന ഭയം അറിഞ്ഞോ അറിയാതെയോ മാധവിക്കുട്ടിയുടെ മതംമാറ്റചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. കല്യാണം കഴിഞ്ഞാല്‍ മഞ്ജുവാര്യര്‍ അഭിനയം നിറുത്തും എന്നതുപോലെ ഇസ്‌ലാം സ്വീകരിച്ചാല്‍ മാധവിക്കുട്ടി എഴുത്തു നിറുത്തും എന്ന് അവര്‍ ആശിച്ചുപോയിരുന്നു. പക്ഷേ, അവരതുചെയ്തില്ല എന്നു മാത്രമല്ല, വണ്ടിക്കാളകള്‍ എന്ന നോവല്‍ അതിനുശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്നും അവര്‍ കഥകളും കവിതകളുമെഴുതി. സ്വന്തം ജീവിതവും തോന്നലുകളും എഴുതി. വിദേശത്തടക്കം പോയി പ്രസംഗിച്ചു. ഡോക്യുമെന്ററികളില്‍ മുഖം കാണിക്കുകയും അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതോടെ പഴയ മാധവിക്കുട്ടി മരിച്ചുപോകും എന്ന സവര്‍ണപ്രതീക്ഷ ഉടഞ്ഞുപോയി. ഈ സാമൂഹിക ഇടപെടലുകളെല്ലാം അവര്‍ നടത്തിയത് പര്‍ദയണിഞ്ഞുകൊണ്ടായിരുന്നു. വിമര്‍ശകരില്‍ അത് കൂടുതല്‍ വിഷമം സൃഷ്ടിച്ചു. രണ്ടു യുദ്ധങ്ങളാണ് പരാജയപ്പെടുന്നത്, ഒന്ന് ഇസ്‌ലാമിനെതിരെയുള്ള യുദ്ധം, രണ്ട് പര്‍ദക്കെതിരെയുള്ള യുദ്ധം.

മാധവിക്കുട്ടി എന്ന ‘കുലസ്ത്രീ’ കമല സുറയ്യ എന്ന ‘അടിമസ്ത്രീ’യായി മാറിയതിന്റെ ഞെട്ടലില്‍ നിന്ന് കേരളത്തിലെ സവര്‍ണഭാവുകത്വം ഇനിയും മുക്തമായിട്ടില്ല. മാധവിക്കുട്ടി ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് പൊക്രാന്‍ ആണവപരീക്ഷണത്തിനെ അനുകൂലിക്കുകയും മധുരം വിതരണംചെയ്യുകയും ചെയ്തതിനെ അഭിനന്ദിച്ച ഹിന്ദുത്വവാദികള്‍ അവരെ കറകളഞ്ഞ ദേശീയവാദിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ അസ്വസ്ഥരായി.

അവിടെയാണ് ഒരു സമാധാന തുരുത്തായി കൃഷ്ണന്‍ അവതരിക്കുന്നത്. എന്റെ കൃഷ്ണനെ ഞാന്‍ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന മട്ടിലുള്ള സുറയ്യയുടെ പ്രസ്താവനയാണ് അതിന് പിടിവള്ളിയായത്. ഇസ്‌ലാമിലേക്ക് വന്നിട്ടും കുറച്ചെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കുന്നതും കുറച്ചെങ്കിലും പ്രണയം ബാക്കിയാകുന്നതും കൃഷ്ണനെ കൂടെ കൂട്ടിയിട്ടാണെന്ന് സവര്‍ണബുദ്ധിജീവികള്‍ ആശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. കമല സുറയ്യയുടെ ഒരു കവിതാസമാഹാരത്തിന്റെ പേരുപോലും ‘യാ അല്ലാഹ്’ എന്നാണ്. അല്ലാഹുവിനോടുള്ള അതുല്യപ്രണയമാണ് അതിലെ വിഷയം. അതിന് കൃഷ്ണനോടുള്ള പ്രണയത്തിന്റെ അത്രയും കരുത്തുപോര എന്നായി പിന്നീടുള്ള വിമര്‍ശനം. കരുത്ത് എന്നുവെച്ചാല്‍ തുറന്നെഴുത്താണ്. തുറന്നെഴുത്ത് എന്നുവെച്ചാല്‍ ലൈംഗികചേഷ്ടകളുടെ വര്‍ണനകളാണ്.
നേരത്തെ തറവാട്ടില്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കൊണ്ടാണ് അവര്‍ അത്രയും ലൈംഗികത എഴുതിയത്, ഇസ്‌ലാമില്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ ലൈംഗികത എഴുതുന്നില്ല. എഴുതിയാല്‍ മതമൗലികവാദികള്‍ കൈയോ തലയോ വെട്ടിക്കളയും എന്ന മട്ടിലാണ് മറ്റൊരു വിമര്‍ശനം. കേരളത്തിലെ നായര്‍ സ്ത്രീകള്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം, മരുമക്കത്തായം എന്നിവ മഹത്തായ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു എന്ന ചരിത്രവിശകലനത്തിന്റെ മറ്റൊരു പതിപ്പാണ് ഇത്. ഇസ്‌ലാം സ്വീകരിച്ചതിനുശേഷം കമല സുറയ്യ എന്റെ കഥയുടെ രണ്ടാംഭാഗം എഴുതിയില്ല എന്നുമാത്രമല്ല, ആ പുസ്തകംപോലും ഭാവനാത്മകമായിരുന്നു എന്ന് തുറന്നുപറയുകയാണ് ചെയ്തത്. ഒരു എഴുത്തുകാരി എഴുതുന്നതു മാത്രമല്ല, എഴുതാതിരിക്കുന്നതും എഴുതിയതിനെ തള്ളിപ്പറയുന്നതും പോലും അവളുടെ തിരഞ്ഞെടുപ്പാണ് എന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയായിരുന്നു സുറയ്യ.

മാധവിക്കുട്ടിയാണോ കമല സുറയ്യയാണോ ശരിക്കും പെണ്ണ്?

ഇങ്ങനെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ കര്‍തൃത്വത്തിനുവേണ്ടിയാണ് ഫെമിനിസ്റ്റുകള്‍ എപ്പോഴും വാദിക്കുക എങ്കില്‍ പോലും മുസ്‌ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പിന് അവര്‍ തീരെ വിലകല്‍പിക്കാറില്ല എന്നതാണ് പൊതു അനുഭവം. മുസ്‌ലിം സ്ത്രീ തെരെഞ്ഞെടുക്കേണ്ടതെന്ത്, ഉപേക്ഷിക്കേണ്ടതെന്ത് എന്ന് സവര്‍ണ ഫെമിനിസ്റ്റുകള്‍ തീരുമാനിച്ചുവെച്ചിട്ടുണ്ട്. മതം ഉപേക്ഷിച്ച മുസ്‌ലിം ഫെമിനിസ്റ്റിനും മതം ഉപേക്ഷിക്കാത്ത മുസ്‌ലിം ഫെമിനിസ്റ്റിനും കേരളത്തില്‍ കിട്ടുന്ന ഫെമിനിസ്റ്റ് റേറ്റിംഗ് ഒരുപോലെയല്ല. എന്നാല്‍ സവര്‍ണ ഫെമിനിസ്റ്റിന് ഈ ആകുലതയില്ല. അവള്‍ക്ക് സമയാസമയം അമ്പലത്തില്‍ പോയും ശ്രീകൃഷ്ണനെ ധ്യാനിച്ചും സീമന്തരേഖയില്‍ സിന്ദുരപ്പൊട്ട് ധരിച്ചും താലി പവിത്രമായി തൂക്കിയിട്ടും സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കാം. എന്നാല്‍ മുസ്‌ലിം സ്ത്രീ പര്‍ദയണിഞ്ഞാല്‍ സ്ത്രീസ്വാതന്ത്ര്യവാദിയാകില്ല, തട്ടമഴിക്കും വരെ അവള്‍ക്കത് തെളിയിക്കാനുമാകില്ല. ഹാദിയക്ക് ലഭിക്കാത്ത പിന്തുണ ജാമിദ ടീച്ചര്‍ക്ക് ലഭിക്കുന്നത് അതുകൊണ്ടാണ്. ഉത്തരകാലം വെബ്മാസികയില്‍ ലദീദ സഖലൂന്‍ എഴുതിയ ലേഖനം ഈ ‘ഇരട്ടഫെമിനിസ’ത്തെ തുറന്നുകാട്ടുന്നതാണ്.
മുസ്‌ലിം അല്ലാത്ത സ്ത്രീയുടെ തെരെഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും ലിബറല്‍ ബുദ്ധിജീവികള്‍ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. ആ തെരെഞ്ഞെടുപ്പില്‍ മതം പെടില്ല. ഇഷ്ടമുള്ള പുരുഷന്റെ കൂടെ ജീവിക്കാന്‍ മാതാപിതാക്കളോ കുടുംബമോ പാരമ്പര്യമോ അവര്‍ക്ക് പ്രശ്‌നമാകില്ല. എന്നാല്‍ ഇഷ്ടമുള്ള മതം മാറുന്നതോടെ അമ്മയുടെ കണ്ണീര്, അച്ഛന്റെ ആധി, പാരമ്പര്യവിശ്വാസം എന്നിവയൊക്കെ ഉന്നയിക്കപ്പെടും. എല്ലാ മതവും ഒന്നല്ലേ, എല്ലാ ദൈവവും ഒന്നല്ലേ എന്നൊക്കെ സിദ്ധാന്തങ്ങളുണ്ടാകും. വളര്‍ന്നുവന്ന സാഹചര്യമാണ് മതം, അത് മാറുന്നത് വഞ്ചനയാണ് എന്നൊക്കെ പ്രസ്താവനയിറക്കും. മതം മാറ്റത്തില്‍ ‘ആവിഷ്‌കാരസ്വാതന്ത്യം’ ഇല്ല. മാധവിക്കുട്ടി മതം മാറിയാല്‍ തടയപ്പെടുന്ന ആവിഷ്‌കാരസ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഭീഷണിപ്പെടുത്തി മാധവിക്കുട്ടിയുടെ മതംമാറ്റം എന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുന്ന തമാശയാണ് ഈ വിമര്‍ശനങ്ങളുടെ ആകത്തുക. അതിനെതിരെയുള്ള കലഹമായിരുന്നു കമലസുറയ്യ നിര്‍വഹിച്ചത് എന്നതാണ് സത്യം.
ലിബറല്‍ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം, പെണ്ണിന്റെ ബുദ്ധി, വിവേകം, സ്വാശ്രയത്വം എന്നിവയെല്ലാം സംശയത്തിലാകുന്ന തെരെഞ്ഞെടുപ്പാണ് ഇസ്‌ലാം. അവളൊറ്റയ്ക്ക് അത്തരമൊരു തീരുമാനത്തിലെത്തുക സാധ്യമല്ല എന്ന് അവര്‍ ആദ്യമേ ധരിച്ചിരിക്കുന്നു. ഇസ്‌ലാം ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറിയിരിക്കാവുന്ന ഒരു ഇടമല്ല എന്നതാണ് അതിനുള്ള കാരണം. ‘ഹിന്ദുമതത്തിന്റെ സ്വാതന്ത്ര്യത്തില്‍ നിന്ന് ഇസ്‌ലാം മതത്തിന്റെ കുടുസ്സിലേക്ക്’ ഒരു പെണ്ണ് പോകണമെങ്കില്‍ അതിലെന്തെങ്കിലും ഭീഷണിയോ പ്രലോഭനമോ ഉണ്ടാകും എന്നാണ് അവരുടെ തീര്‍പ്പ്. ഹാദിയയെ മതംമാറ്റിയത് ഭീകരസംഘടനകളാണെന്നുവരെ പ്രചരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. കമലസുറയ്യ പ്രണയത്തില്‍ കുടുങ്ങിയതാണെന്നാണ് പ്രചരിപ്പിച്ചത്. ലൗ ജിഹാദ് എന്ന വന്‍നുണയുടെ ദേശീയ കാമ്പയിനിനു പിന്നിലും ഈ സ്ത്രീവിരുദ്ധമായ ഭീതിപടര്‍ത്തല്‍ തന്നെയായിരുന്നു. കേരളത്തിലെ ലൗജിഹാദിന്റെ ആദ്യത്തെ ഇരയാണ് കമല സുറയ്യ എന്ന് ലീലാമേനോനും ഇന്ദുമേനോനും പലവട്ടം എഴുതി.

ഇസ്‌ലാം സ്വീകരിച്ചതിനുശേഷം കമല സുറയ്യ എന്റെ കഥയുടെ രണ്ടാംഭാഗം എഴുതിയില്ല എന്നുമാത്രമല്ല, ആ പുസ്തകംപോലും ഭാവനാത്മകമായിരുന്നു എന്ന് തുറന്നുപറയുകയാണ് ചെയ്തത്. ഒരു എഴുത്തുകാരി എഴുതുന്നതു മാത്രമല്ല, എഴുതാതിരിക്കുന്നതും എഴുതിയതിനെ തള്ളിപ്പറയുന്നതും പോലും അവളുടെ തിരഞ്ഞെടുപ്പാണ് എന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയായിരുന്നു സുറയ്യ.

പെണ്ണിന്റെ തിരഞ്ഞെടുപ്പിനു പിന്നില്‍ ആണിന്റെ പ്രണയ പ്രലോഭനങ്ങളുണ്ട് എന്ന വെടി നനഞ്ഞുപോയാല്‍ പിന്നെ ഉന്നയിക്കുന്ന കാരണമാണ് ഭ്രാന്ത്. ഹാദിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങി കാര്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ സ്വന്തം അച്ഛന്‍ കോടതിയില്‍ വാദിച്ചതും അവള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ട് എന്നാണ്. ആമി സംവാദത്തില്‍ ‘വട്ട്’ എന്നാണ് ഒരു ടീച്ചര്‍ എഴുതിയത്. ആധുനിക കേരളത്തില്‍ ബുദ്ധിപരമായി ഏറ്റവും ഉയര്‍ന്ന സ്ത്രീ കമലദാസ് ആണ്. രണ്ടു ഭാഷകളില്‍ അനായാസം എഴുതിയവരാണ്. ലോകത്തെമ്പാടും വായനക്കാര്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിച്ച പരിചയം എന്നിവയെല്ലാം കമലയെ ഒരു ഗ്ലോബല്‍ വിമന്‍ ആക്കി മാറ്റിയിട്ടുണ്ട്. ഇത്രയും ബൗദ്ധികഗരിമ പ്രകടിപ്പിച്ച ഒരു സത്രീയുടെ എല്ലാ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയും ഇസ്‌ലാം സ്വീകരിക്കുന്നതോടെ ‘വട്ടാ’യിമാറുന്നു. ഭ്രാന്തി, പറയുന്നത് എന്താണെന്ന് അറിയാത്തവള്‍, പുലമ്പുന്നവള്‍, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്, ഒരുമ്പെട്ടവള്‍, ഇറങ്ങിപ്പുറപ്പെട്ടവള്‍, പായയില്‍ കിടക്കാത്തവള്‍, അഴിഞ്ഞാട്ടക്കാരി… തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പെണ്ണിന് ചാര്‍ത്തിക്കൊടുക്കാന്‍ മിനുക്കിവെച്ച എല്ലാ തെറികളും കമലസുറയ്യക്കുനേരെ പ്രയോഗിച്ചിട്ടുണ്ട്. അതില്‍ ചിലത്മാത്രമാണ് പി. പരമേശ്വരന്റെ ‘വാസവദത്ത’, മലയാളം ടീച്ചറുടെ ‘വട്ട്’ പ്രയോഗങ്ങള്‍.
പ്രണയമായിരുന്നു മാധവിക്കുട്ടിയുടെ പ്രധാന പ്രമേയം. കമലസുറയ്യ അന്തരിച്ചതിനുശേഷം മെരിലി വിസ്‌ബോര്‍ എഴുതിയ വിവാദ ഓര്‍മപുസ്തകത്തിന്റെ തലക്കെട്ടുതന്നെ മലബാറിന്റെ പ്രണയറാണി (ലൗ ക്വീന്‍ ഓഫ് മലബാര്‍) എന്നാണ്. വിവാഹത്തെ കവിഞ്ഞുനില്‍ക്കുന്നതോ അതിനെ നിരാകരിക്കുന്നതോ ആയ പ്രണയമായിരുന്നു മാധവിക്കുട്ടിയുടെ കഥകളില്‍ ബഹുഭൂരിപക്ഷവും കൈകാര്യംചെയ്തത്. ഭര്‍ത്താവുണ്ടായിരിക്കത്തന്നെ തനിക്കുണ്ടായിരുന്ന പ്രണയാനുഭവങ്ങളാണ് എന്റെ കഥയില്‍ അവര്‍ എഴുതിവെച്ചത്. മാധവിക്കുട്ടി ഒരുവട്ടമേ വിവാഹം കഴിച്ചിട്ടുള്ളൂ. എന്നാല്‍ പലവട്ടം പ്രണയിച്ചതിന്റെ പ്രതീതി അവര്‍ എല്ലാ എഴുത്തുകളിലും സൃഷ്ടിച്ചു. കേരളത്തിലെ ഒരു മുസ്‌ലിംപുരുഷന്റെ പേര് അതിലേക്ക് വലിച്ചിഴച്ചത് പക്ഷേ, മാധവിക്കുട്ടിയല്ല. അവരോട് സ്‌നേഹിതകളെന്ന പേരില്‍ അടുത്തുകൂടിയവരാണ്. പ്രണയം വിവാഹംകഴിച്ചാലേ പൂര്‍ണമാകൂ എന്ന് മാധവിക്കുട്ടിക്കോ ഈ കാടിളക്കുന്ന സ്‌നേഹിതകള്‍ക്കോ അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം, അവരുടെ പെണ്‍വാദം പഠിപ്പിച്ചത് വിവാഹം എന്ന അസ്വതന്ത്ര സ്ഥാപനത്തെ അതിലംഘിക്കുന്ന പ്രണയത്തെക്കുറിച്ചാണല്ലോ. എന്നാല്‍, ‘ആമി’യിലെ അന്‍വര്‍ അലി എന്ന കഥാപാത്രത്തെക്കൊണ്ട് കമലയെ കെട്ടിച്ചേ തീരൂ എന്നാണ് സംവിധായകനും ഈ കഥ യഥാര്‍ഥജീവിതത്തില്‍ മെനഞ്ഞെടുത്ത പരദൂഷണപ്രിയരും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ മാധവിക്കുട്ടി എന്ന കമലസുറയ്യയുടെ ജീവിതം കേരളത്തിലെ സവര്‍ണ, സ്ത്രീവാദ, കാല്‍പനിക പ്രണയത്തിന്റെയും ജീവിതത്തിന്റെയും അതിരുകളെ ഭേദിക്കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. അവരുടെ ഓര്‍മക്കുറിപ്പുകളും കഥകളും എല്ലാം കേവലം സ്ത്രീവിമോചനപരമല്ല, മറിച്ച് കേരളത്തിലെ നായര്‍പുരുഷാധികാരം ജാതിയെയും പെണ്ണിനെയും അടിമകളാക്കിവെച്ചതിന്റെ ചരിത്രമാണ്. അവരെ മതപരിവര്‍ത്തനത്തിലേക്കെത്തിച്ചതിലെ ഒന്നാമത്തെ കാരണവും അതാണ്. അതവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നതിനെ ഓരോ ബുദ്ധിജീവിയും ഭയപ്പെടുന്നു. അതുകൊണ്ടാണ് അതു തുറന്നുപറയുന്നവരെ യാഥാസ്ഥിതിക മനോഭാവക്കാരന്‍, മതമൗലികവാദി, തീവ്രവാദി എന്നൊക്കെ ആക്ഷേപിച്ച് പെട്ടെന്ന് നിശ്ശബ്ദമാക്കുന്നത്. അതുകൊണ്ടാണ് ചില മുസ്‌ലിം ക്രിസ്ത്യന്‍ അധ്യാപകര്‍പോലും സവര്‍ണവാദങ്ങള്‍ക്ക് പിന്തുണയുമായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ്, കോളേജില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപരുടെ ഈ വാട്‌സാപ് ഗ്രൂപ്പില്‍ കേരളത്തില്‍ അറിയപ്പെടുന്ന ബുദ്ധിജീവികളുണ്ടായിട്ടും ഒരാളും ക, മ മിണ്ടാതെ ഈ കലഹം കണ്ടുനിന്നത്.

Editor Thelicham

Thelicham monthly