Home » Article » Politics » പോസ്റ്റ് ട്രൂത്ത് : മഹാകള്ളങ്ങളുടെ രാഷ്ട്രീയം

പോസ്റ്റ് ട്രൂത്ത് : മഹാകള്ളങ്ങളുടെ രാഷ്ട്രീയം

അമേരിക്ക നേതൃത്വം നല്‍കിയ മഹാസഖ്യം 2003ല്‍ ഇറാഖിനു മേല്‍ രണ്ടാമതും അധിനിവേശം നടത്തുന്നതിന് മാസങ്ങള്‍ മുമ്പ് യുഎന്‍സ്‌കോം എന്ന പേരില്‍ ആയുധ പരിശോധനക്കായി യു.എന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സംഘത്തലവനായുണ്ടായിരുന്നത് സ്വീഡിഷ് മുന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ബ്ലിങ്ക്‌സ്. 700 ലേറെ തവണ ഇറാഖിലുടനീളം സന്ദര്‍ശിച്ച് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയതിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ നശീകരണ ശേഷിയുളള രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സദ്ദാമിനു ശേഷിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് ആയുധമാക്കിയ അധിനിവേശ ശക്തികള്‍ രണ്ടു ലക്ഷം സൈനികരെയിറക്കി ഇറാഖിനെ നാമാവശേഷമാക്കിയും സദ്ദാം ഹുസൈനെ കൊടുംകുറ്റവാളിയാക്കി തൂക്കിലേറ്റിയും തുടക്കമിട്ടത് പതിറ്റാണ്ട് കഴിഞ്ഞും തീരാത്ത മഹാനാശമായി തുടരുകയാണ്.

അമേരിക്ക നേതൃത്വം നല്‍കിയ മഹാസഖ്യം 2003ല്‍ ഇറാഖിനു മേല്‍ രണ്ടാമതും അധിനിവേശം നടത്തുന്നതിന് മാസങ്ങള്‍ മുമ്പ് യുഎന്‍സ്‌കോം എന്ന പേരില്‍ ആയുധ പരിശോധനക്കായി യു.എന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സംഘത്തലവനായുണ്ടായിരുന്നത് സ്വീഡിഷ് മുന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ബ്ലിങ്ക്‌സ്. 700 ലേറെ തവണ ഇറാഖിലുടനീളം സന്ദര്‍ശിച്ച് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയതിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ നശീകരണ ശേഷിയുളള രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സദ്ദാമിനു ശേഷിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് ആയുധമാക്കിയ അധിനിവേശ ശക്തികള്‍ രണ്ടു ലക്ഷം സൈനികരെയിറക്കി ഇറാഖിനെ നാമാവശേഷമാക്കിയും സദ്ദാം ഹുസൈനെ കൊടുംകുറ്റവാളിയാക്കി തൂക്കിലേറ്റിയും തുടക്കമിട്ടത് പതിറ്റാണ്ട് കഴിഞ്ഞും തീരാത്ത മഹാനാശമായി തുടരുകയാണ്. അമേരിക്കന്‍ യുദ്ധക്കൊതിക്ക് സാധൂകരണം നല്‍കി റിപ്പോര്‍ട്ട് നല്‍കിയ അതേ ബ്ലിങ്ക്‌സ് പക്ഷേ, പിന്നീട് പശ്ചാത്തപിച്ചും അമേരിക്കയും ബ്രിട്ടനുമടങ്ങിയ അച്ചുതണ്ടിനെ നിശിതമായി വിമര്‍ശിച്ചും രംഗത്തെത്തിയപ്പോള്‍ മാധ്യമങ്ങള്‍ കാര്യമാക്കിയതേയില്ല. താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇറാഖിന്റെ ആയുധ ശേഷി അപകടകരമാണെന്ന് ഒരിക്കലും പറഞ്ഞില്ലെന്നും സായുധ നീക്കത്തോട് യോജിച്ചില്ലെന്നുമായിരുന്നു കുമ്പസാരം.

ആയുധ ശേഷി ഇല്ലാതാക്കാനെങ്കില്‍ പോലും ഒരു രാജ്യത്തെ നാമാവശേഷമാക്കേണ്ടിയിരുന്നില്ലെന്നും ബ്ലിങ്ക്‌സ് പറഞ്ഞുവെച്ചു. യു.എന്‍ എന്ന പാവ സംഘടനയെ മുന്നില്‍ നിര്‍ത്തി വന്‍ശക്തികള്‍ നിര്‍മിച്ചെടുത്ത ഒരു മഹാകള്ളത്തിന്റെയും അതുണ്ടാക്കിയ തുല്യതയില്ലാത്ത ദുരന്തത്തിന്റെയും കെടുതികള്‍ ഇന്നും പശ്ചിമേഷ്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്നത് സംഭവത്തിന്റെ ബാക്കിപത്രം.  സത്യാനന്തരം (post truth) എന്ന ‘പഴയ’ പദം പോയ വര്‍ഷത്തിന്റെ പുതിയ വാക്കായി ഓക്‌സ്ഫഡ് ഡിക്ഷണറി തെരഞ്ഞെടുത്തതിന്റെ മുഴക്കങ്ങള്‍ക്കിടെയാണ് ഇന്നും വെടിയൊച്ച നിലക്കാത്ത ഇറാഖും ഹാന്‍സ് ബ്ലിങ്ക്‌സും ചര്‍ച്ചയിലേക്കു വരുന്നത്. അധിനിവേശമുറപ്പിക്കാന്‍ അമേരിക്കയും കൊളോണിയല്‍ ശക്തികളും കാലങ്ങളായി മൂന്നാം ലോകത്തോട് ചെയ്തുകൊണ്ടിരുന്നത് സ്വന്തം പ്രസിഡന്റ് അമേരിക്കന്‍ ജനതയോട് പറഞ്ഞു തുടങ്ങിയപ്പോഴായിരുന്നു മാധ്യമപ്പടയും പദോല്‍പത്തി ശാസ്ത്രജ്ഞരും കൗതുകമുള്ള ഈ വാക്കു തേടിയിറങ്ങിയത്.

സത്യാനന്തരം മഹാനുണകള്‍ സത്യാനന്തരം എന്നു ഭാഷാന്തരം ചെയ്യാവുന്ന പോസ്റ്റ് ട്രൂത്ത് (post truth) എന്ന ആംഗലേയ പദം 2016ന്റെ പദമായി ഓക്‌സ്ഫഡ് ഡിക്ഷ്ണറി പ്രഖ്യാപിക്കുന്നത് നവംബര്‍ പാതിയോടെയാണ്. തൊട്ടുമുമ്പ് പൂര്‍ത്തിയായ അമേരിക്കന്‍ തെരഞ്ഞെടുപ്പും, യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനായി മാസങ്ങള്‍ക്ക് മുമ്പ് ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയും സൃഷ്ടിച്ച കോലാഹലങ്ങളാണ് ഈ പദത്തിന് അപ്രതീക്ഷിത ആഗോള പരിവേഷം നല്‍കിയത്. വസ്തുതകളും യാഥാര്‍ഥ്യങ്ങളും മാറ്റിനിര്‍ത്തി പൊതുജനവികാരവും വ്യക്തിഗത വിശ്വാസവും മാത്രം ആധാരമാക്കി പുതിയ സത്യങ്ങള്‍ പടച്ചെടുക്കാനുള്ള പ്രചാര വേലകളാണ് പദത്തിന്റെ പരിധിയില്‍ വരുന്നതെന്ന് നിഘണ്ടുക്കാര്‍ പറയുന്നു.  കച്ചവടവും ടെലിവിഷന്‍ ഷോകളും മാത്രം പരിചയിച്ച ഡോണാള്‍ഡ് ട്രംപ് എന്ന ശതകോടീശ്വരന്‍ നിരന്തരം കള്ളങ്ങള്‍ എഴുന്നള്ളിച്ച് അമേരിക്കയുടെയും അതുവഴി ലോകത്തിന്റെയും ഒന്നാം പൗരനായി വോട്ടു ജയിച്ച് വന്നപ്പോള്‍ തെല്ലൊന്നുമല്ല ലോകം ഞെട്ടിയത്. അമേരിക്കയിലെ വിവരമില്ലാത്തവരെയാണ് എനിക്കിഷ്ടമെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങളോരോന്നും.

ലാറ്റിന്‍ വംശജരയെും മുസ്‌ലിംകളെയും അയല്‍ക്കാരായ മെക്‌സിക്കോക്കാരെയും മാത്രമല്ല, സ്വന്തം നാട്ടിലെ കറുത്തവരെയും മാധ്യമപ്രവര്‍ത്തകരെയും വരെ ട്രംപ് ശത്രുവായി പ്രഖ്യാപിച്ചു. എന്നിട്ടും അമേരിക്കന്‍ ജനത അദ്ദേഹത്തെ വിശ്വസിച്ചു. വിവരമില്ലാത്തവര്‍ മാത്രമല്ല, നന്നായി ഉള്ളവരും. പരാജയപ്പെടുമെന്ന് സര്‍വേ ഫലങ്ങളും കണക്കുകളും നിരത്തിയവരെയും സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്‍ അംഗങ്ങളെയും ഒരുപോലെ സ്തബ്ധരാക്കി സമീപകാലത്തെ റെക്കോഡ് വിജയവുമായാണ് ട്രംപ് തരംഗമായത്. അങ്ങനെ, സത്യാനന്തരം അമേരിക്കയില്‍ ട്രംപ് യുഗം പിറന്നു. നട്ടാല്‍ മുളക്കാത്ത പച്ചക്കള്ളങ്ങള്‍ക്ക് കാലം ഇത്രയേറെ വിശ്വാസ്യത നല്‍കുന്നത് ഇതാദ്യമൊന്നുമല്ല. ഒന്നര വര്‍ഷം മുമ്പാണ് ബ്രിട്ടനിലെ പൈങ്കിളി പത്രം ഡെയ്‌ലി മെയ്ല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിനെതിരെ ഞെട്ടിക്കുന്ന സ്‌കൂപുമായി എത്തിയത്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പഠന കാലത്ത് ‘പിയേഴ്‌സ് ഗാവെസ്റ്റണ്‍’ എന്ന തെമ്മാടിക്കൂട്ടത്തില്‍ അംഗമായിരുന്ന കാമറണ്‍ ചത്ത പന്നിയുടെ തലയില്‍ ലൈംഗിക ദാഹം തീര്‍ത്തെന്നായിരുന്നു വെളിപ്പെടുത്തല്‍.

സര്‍ക്കാര്‍ ചെലവില്‍ ഇറങ്ങുന്ന ബി.ബി.സിക്കു പോലും വാര്‍ത്ത നല്‍കാതിരിക്കാനായില്ല. രാജ്യം കത്തിയ ദിനങ്ങളില്‍ കടുത്ത നിഷേധവുമായി പ്രധാനമന്ത്രി ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും അദ്ദേഹം പുറത്തേക്കെന്ന് രാജ്യം ഉറപ്പിച്ച ദിനങ്ങള്‍. അതിനിടെയാണ് അടുത്തഞെട്ടലായി ഡെയ്‌ലി മെയ്ല്‍ ലേഖിക ഇസബെല്‍ ഓക്‌ഷോട്ടിന്റെ നിഷേധം പുറത്തുവരുന്നത്. അങ്ങനെയൊന്ന് നടന്നതിന് തന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് തീര്‍ത്തും നിസ്സംഗമായി ടെലിവിഷന്‍ ചാനലിനോട് അവര്‍ പറയുമ്പോള്‍ അത്രയും നാള്‍ സമരമുഖത്തുനിന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരായി. പിന്നീട് ഒമ്പതു മാസം കൂടി കാമറണ്‍ അധികാരത്തില്‍ തുടര്‍ന്നെങ്കിലും ഈ വിവാദമുയര്‍ത്തിയ മാനഹാനിയില്‍ നിന്ന് അദ്ദേഹം മോചിതനായതേയില്ല.  ബ്രക്‌സിറ്റ് ഹിതപരിശോധനയുടെ മുന്നോടിയായി ബ്രിട്ടനിലെ ബസുകളിലുള്‍പെടെ വ്യാപകമായി കണ്ട പരസ്യങ്ങളിലൊന്ന് ‘യൂറോപ്യന്‍ യൂനിയന് നാം ഓരോ ആഴ്ചയും 35 കോടി പൗണ്ട് നല്‍കുന്നു, ഈ തുക നമുക്ക് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നല്‍കിക്കൂടെ’ എന്നായിരുന്നു. കുടിയേറ്റക്കാര്‍ യൂറോപില്‍ അഭയം തേടി എത്തിത്തുടങ്ങിയതോടെ എല്ലാ രാജ്യങ്ങളും നിശ്ചിത അളവ് അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ തീരുമാനമെടുത്തത് മറികടക്കാന്‍ തീവ്ര വലതുപക്ഷത്തെ ചിലര്‍ പടച്ചെടുത്ത മഹാനുണയായിരുന്നു ഇതെന്ന് ഇപ്പോഴും ബ്രിട്ടീഷ് ജനതയില്‍ വലിയ വിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല.

യൂറോപ് എന്നും രോഗിയായി കണ്ട തുര്‍ക്കി, 28 അംഗ യൂറോപ്യന്‍ യൂണിയനിലെ പുതിയ അംഗമാകാന്‍ പോകുന്നുവെന്നും ഇസ്‌ലാമിക ഫണ്ടമെന്റലിസത്തിന് ഇതോടെ ഭൂഖണ്ഡം ഔദ്യോഗിക പദവി നല്‍കുകയാണെന്നുമായിരുന്നു മറ്റൊരു കഥ. അകത്തുകടക്കാന്‍ തുര്‍ക്കിക്കു മോഹമെന്നേയുണ്ടെങ്കിലും യൂറോപ്യന്‍ യൂനിയനില്‍ അവര്‍ ഇല്ലെന്നുറപ്പാക്കാന്‍ അരയും തലയും മുറുക്കി ഒത്തിരിപേര്‍ സജീവമായി രംഗത്തുണ്ടെന്നിരിക്കെ അതു സംഭവിക്കില്ലെന്നും ബ്രിട്ടീഷ് ജനത അറിഞ്ഞുകാണില്ല. അങ്ങനെ, വെറുതെ വീര്‍പ്പിച്ചെടുത്ത കുമിളകളുടെ പുറത്ത് ബ്രിട്ടന്‍ യൂറോപിന്റെ വലിയ കൂട്ടായ്മയില്‍ നിന്ന് പുറത്തേക്ക് വഴി തുറന്നു. നിങ്ങള്‍ കള്ളം പറയൂ, വിശ്വസിക്കാന്‍ ഞങ്ങളുണ്ട് മാധ്യമങ്ങളെന്നാല്‍ പത്രങ്ങളും ടെലിവിഷനും മാത്രമല്ലാതാകുകയും ഏതുനിമിഷവും വാര്‍ത്ത വിരല്‍തുമ്പിലുണ്ടെന്നതും വേണമെങ്കില്‍ സ്വന്തമായി എഴുതി നിങ്ങള്‍ക്ക് ലോകത്തെ കൊണ്ട് വായിപ്പിക്കാമെന്നതും മാറിയ കാലത്തിന്റെ മുദ്രയായതോടെയാണ് വസ്തുതകള്‍ മാത്രം പറയണമെന്ന് ലോകത്തിന് നിര്‍ബന്ധമില്ലാതായത്.

കൃത്യമായ മാനദണ്ഡങ്ങള്‍ ശീലിച്ച പത്രങ്ങള്‍ പോലും പ്രളയത്തില്‍ പെട്ടതോടെ ‘സെന്‍സേഷന്‍ സ്‌റ്റോറി’കളില്ലാതെ പുറത്തിറങ്ങില്ലെന്ന നിലയിലേക്ക് താണു. അടുത്ത നിമിഷം പിന്‍വലിച്ച് പുണ്യാളനാകാമെന്ന് ഉറപ്പുളള ദൃശ്യമാധ്യമങ്ങള്‍ ‘കാഴ്ചയാണ് വിശ്വാസ’മെന്ന മക്‌ലൂഹന്‍ സിദ്ധാന്തത്തെ സാധൂകരിച്ച് കൊഴുപ്പുള്ള കഥകള്‍ മെനഞ്ഞു. സ്വന്തം മുറിയുടെ സ്വകാര്യതയില്‍ എന്തുമാകാമെന്ന മിഥ്യാബോധത്താല്‍ സമൂഹ മാധ്യമങ്ങളില്‍ ഉറഞ്ഞുതുള്ളിയവര്‍ വലിയ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടിരുന്നു.  ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ആന്‍ഡ്രിയ ലീഡ്‌സം ‘അഴുക്കുചാല്‍ മാധ്യമ പ്രവര്‍ത്തന’മെന്ന് പേരിട്ടുവിളിച്ച ഇവയിലൊന്നിലും സത്യത്തിന്റെ അംശമില്ലെന്നറിഞ്ഞവര്‍ തന്നെ ഇവയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.  വസ്തുതകളും യാഥാര്‍ഥ്യങ്ങളുമല്ല, ഓരോരുത്തരെയും സന്തോഷിപ്പിക്കുന്നവ മാത്രം നല്‍കുകയെന്ന തലത്തിലേക്ക് സമൂഹ മാധ്യമങ്ങള്‍ ആദ്യവും മറ്റുള്ളവ പിന്നെയും മാറിയതോടെ മാധ്യമങ്ങളുടെ പ്രളയകാലത്തും സത്യമറിയാന്‍ വഴിയില്ലെന്നതാണ് വലിയ ദുരന്തം.

പത്രങ്ങള്‍ക്ക് ഒന്നില്‍ നിന്ന് അടുത്തതിലേക്ക് ഒരു ദിവസത്തെ അകലമുള്ളപ്പോള്‍ ഓരോ നിമിഷവും വാര്‍ത്തകള്‍ ഒഴുകുന്ന നവ മാധ്യമങ്ങളില്‍ അറിയാതെ പോലും വായനയുടെ മറുപക്ഷം ലഭ്യമാകാതിരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നത് ബോധപൂര്‍വമാകാനേ തരമുള്ളൂ. അഫ്‌സല്‍ ഗുരു കേസില്‍ ദേശീയ പരമോന്നത കോടതി വിശേഷിപ്പിച്ച പൊതുമനഃസാക്ഷിയെ തൃപ്തിപ്പെടുത്തല്‍ തന്നെയാണ് എല്ലാതരം മാധ്യമങ്ങളുടെയും പൊതുതാല്‍പര്യം. സത്യം പറയുന്നത് അവരെ തൃപ്തിപ്പെടുത്താനാവില്ലെന്നുവന്നാല്‍ സൗകര്യപൂര്‍വം വസ്തുതകള്‍ തമസ്‌കരിക്കാനായിരിക്കും ഇവര്‍ക്ക് തിടുക്കം. ലോല വികാരങ്ങളെ ശമിപ്പിച്ചും അകത്തുള്ളവനും പുറത്തായവനുമെന്ന ദ്വന്ദം വളര്‍ത്തി  യുക്തിഭദ്രമായ സംവാദങ്ങളെ അകറ്റിനിര്‍ത്തിയുമാണ് ഇവ വാര്‍ത്തകളെന്ന പേരില്‍ അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളമ്പുന്നത്. ഇവയെ ഉപജീവിച്ച് വളരുന്ന തലമുറകളാകട്ടെ, സമൂഹം കാലങ്ങളായി കാത്തുപോന്ന നന്മമകളോട് മുഖം തിരിക്കുമെന്ന് മാത്രമല്ല, കടുത്ത നിഷേധികളും ഹിസാംത്മക മനസ്സുള്ളവരുമായി മാറുന്നു.

ഗുട്ടന്‍ബര്‍ഗ് പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചിട്ട് ആറു നൂറ്റാണ്ടിനരികെയും ആദ്യ വെബ്‌സൈറ്റ് നിലവില്‍ വന്നിട്ട് കാല്‍നൂറ്റാണ്ടിലും എത്തിനില്‍ക്കെ സമൂഹത്തില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ വിസ്‌ഫോടനം സംഭവിച്ചിട്ടുണ്ടെങ്കിലും സാമൂഹിക ചുറ്റുപാട് വിപരീത ദിശയിലായിപ്പോയത് എന്തുകൊണ്ടാണെന്നതാണ് ചോദ്യം. മഹാനുണകളുടെ ട്രംപ് മോഡല്‍  ഏകധ്രുവമായി കഴിഞ്ഞ ലോകത്തിന്റെ ചോദ്യം  ചെയ്യപ്പെടാത്ത നേതാവായി ട്രംപ് വാഴുമ്പോഴും പ്രസിഡന്റിന്റെ തിട്ടൂരങ്ങളല്ല, മാധ്യമ ധര്‍മമാണ് തങ്ങളെ വഴി നടത്തുകയെന്ന് കഴിഞ്ഞ ദിവസം അമേരിക്കയിലെ മാധ്യമങ്ങള്‍ ഒപ്പിട്ടുനല്‍കിയ വിശദീകരണ കുറിപ്പ് പുറത്തുവന്നിരുന്നു. ട്രംപിനെ അത്രമേല്‍ തങ്ങള്‍ക്ക് അവിശ്വാസമാണെന്നായിരുന്നു കത്ത് പറയാതെ പറഞ്ഞത്.

അമേരിക്കയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ കത്തിന് ഒരു മറുവശമുണ്ട്. സ്വന്തം കക്ഷിയിലെ ഭൂരിപക്ഷം നേതാക്കളും തമസ്‌കരിച്ച ട്രംപ് എന്ന ഒറ്റയാനെ ട്വിറ്ററില്‍ പിന്തുടരുന്നത് ഒരു കോടിയിലേറെ പേരാണ്. എന്നുവെച്ചാല്‍ ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പെടെ മുന്‍നിര പത്രങ്ങള്‍ ഒന്നിച്ച് തനിക്കെതിരെ എത്ര ഭീകരമായി തൂലിക ചലിപ്പിച്ചാലും പിടിച്ചുനില്‍ക്കാന്‍ സമൂഹ മാധ്യമങ്ങളുടെ കൂട്ട് അദ്ദേഹത്തിനുണ്ട്. ഒപ്പം, സമാനതകളില്ലാത്ത ഊര്‍ജത്തോടെ നഗരം ചുറ്റിയുള്ള പ്രസംഗങ്ങളും.  മുഖ്യധാരയില്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ പ്രമുഖരെ ഒന്നടങ്കം തഴഞ്ഞ് തന്റെ പുതിയ സഹായികളെ തെരഞ്ഞെടുത്തതിലും അദ്ദേഹത്തിന് കൃത്യമായ താല്‍പര്യമുണ്ടെന്നത് വ്യക്തം.

അതിലൊരാളായ ഇസ്രായേലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ ആദ്യം ആവശ്യപ്പെട്ടത് ടെല്‍ അവീവിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം അധിനിവിഷ്ട ഭൂമിയായ ജറുസലേമിലേക്ക് മാറ്റണമെന്നായിരുന്നു.  അമേരിക്കയില്‍ ട്രംപ് നടത്തുന്നതിന് ഇന്ത്യയില്‍ സമാനതകളുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കാനായി നരേന്ദ്ര മോദിയും അമിത്ഷായും നേതൃത്വം നല്‍കിയ ഒന്നാം നിരയും സാധ്വിമാരും സാക്ഷിമാരുമടങ്ങിയ രണ്ടാം നിരയും ഒരുപോലെ പറഞ്ഞുനടന്നത് രാഷ്ട്രത്തിന്റെ ആത്മാവു പൊറുക്കാത്ത നുണകളായിരുന്നു. രാജ്യത്തിന്റെ പൊതുമനസ്സില്‍ കടുത്ത വിടവിന്റെ വിഷം രൂഢമാക്കിയവര്‍ പേരിനു വികസനം പറഞ്ഞ് സവര്‍ണാധിപത്യത്തിനായി കരുക്കള്‍ നീക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഗുജറാത്ത് കലാപം പോലും കൃത്യമായി പദ്ധതിയിട്ട ഗൂഢാലോചനയാകാമെന്ന് നാനാവതി കമീഷന്‍ സൂചിപ്പിച്ചത് സൗകര്യപൂര്‍വം വിസ്മരിക്കാനായിരുന്നു മാധ്യമങ്ങള്‍ക്കിഷ്ടം.

ന്യൂനപക്ഷങ്ങളെ നിഴലില്‍ നിര്‍ത്തി വേട്ട തുടര്‍ന്നവര്‍ തങ്ങളുടെ എതിരാളികളെ മുഴുവന്‍ ദേശദ്രോഹികളാക്കുന്നതില്‍ വിജയിച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നിന്റെ 86 ശതമാനം പണവും അസാധുവാക്കി രാജ്യത്തെ തകര്‍ത്തിട്ടും രക്ഷാ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനു പകരം കള്ളപ്പണ വക്താക്കളാണ് നീക്കത്തെ എതിര്‍ക്കുന്നതെന്ന പ്രചാര വേലയുമായി അവര്‍ നിറഞ്ഞുനിന്നു. നുണകളാല്‍ തീര്‍ത്ത സ്വര്‍ഗങ്ങളില്‍ അഭിരമിക്കുന്ന പ്രധാനമന്ത്രി ഒരിക്കലും യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറാത്തത് തുണച്ചത് രാജ്യത്തെയല്ല, ഭിന്നതയുടെ വക്താക്കളായ സംഘ് ശക്തികളെയാണ്. 70കളില്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യത്തിനു പകരം മോദി നടപ്പാക്കിയ ഒരിക്കലും ഫലം കാണാത്ത പദ്ധതികള്‍ രാജ്യത്ത് ഒന്നല്ല, പലതാണ്. ഇസ്രായേല്‍: നുണകളില്‍ പണിത രാജ്യം തിയോഡര്‍ ഹെര്‍സല്‍ 1890കളില്‍ ആരംഭിച്ച സയണിസ്റ്റ് പ്രസ്ഥാനവും അവര്‍ ഇസ്രായേല്‍ എന്ന പേരില്‍ ഫലസ്തീനികളുടെ മണ്ണില്‍ അധിനിവേശം നടത്തിയുണ്ടാക്കിയ രാജ്യവും നിലനില്‍ക്കുന്നത് തന്നെ നുണകളുടെ പുറത്താണ്. കടുത്ത ഉപരോധത്തില്‍ നാമാവശേഷമായ സമ്പദ്‌വ്യവസ്ഥയുമായി കൊടിയ പട്ടിണിയില്‍ കഴിയുന്ന ഗസ്സക്കു മേല്‍ കൃത്യമായ ഇടവേളകളില്‍ ഓരോ തവണയും ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ഫലസ്തീന്‍ റോക്കറ്റ് വിക്ഷേപിക്കുന്നുവെന്നാണ്. മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പോലും ഇതിനെ സാധൂകരിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു.

പ്രതിവര്‍ഷം 300 കോടി ഡോളര്‍ അമേരിക്ക ഇസ്രായേലിന് നല്‍കിക്കൊണ്ടിരിക്കുന്നത് സ്വയം പ്രതിരോധത്തിനെന്നാണ് വിശദീകരണമെങ്കിലും ഏഴു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ അധിനിവേശം നടത്തിയതിന് കണക്കുകളില്ല. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശേഷിയായി ഇസ്രായേല്‍ മാറിക്കഴിഞ്ഞിട്ടുമുണ്ട്. ആഗോള തലത്തില്‍ ഇസ്‌ലാമിനും മുസ്‌ലിം രാജ്യങ്ങള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ ഈ രാജ്യത്തിന്റെ പങ്ക് ഏറെ വലുതാണ്. ഏറ്റവുമൊടുവല്‍ ഐ.എസ് പോലും ഇതുപോലൊരു ‘സത്യാനന്തര’ നുണയായി ലോകത്തിന് എന്നു മനസ്സിലാകുമോ എന്തോ?

Editor Thelicham

Thelicham monthly

Add comment