Thelicham

ഇസ്്‌ലാം: സ്വയം സമര്‍പ്പണത്തിന്റെ സൗന്ദര്യം

രാജ്യത്തെ അടുത്തിടെ പ്രക്ഷുബ്ധമാക്കിയത് ചില സുപ്രീം കോടതി വിധികളായിരുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ ഭരണഘടനയിലെ 377-ാം വകുപ്പ് എടുത്തുമാറ്റിയതായിരുന്നു ഒന്ന്. അത് കഴിഞ്ഞപ്പോഴാണ് ഉഭയസമ്മത പ്രകാരം വിവാഹേതര ലൈംഗിക ബന്ധം ആവാമെന്ന വിധി വരുന്നത്. ശബരിമലയിലെ അയ്യപ്പസന്നിദാനത്തേക്ക് സ്ത്രീപ്രവേഷം അനുവദിച്ചുകൊണ്ടുള്ളതാണ് മൂന്നാമത്തേത്. ഈ മൂന്ന് വിധികള്‍ക്കുമെതിരെ കോടിതിയെ സമീപിക്കുകയോ തെരുവിലിറങ്ങി അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്തത് വിവിധ മതസംഘടനകളായിരുന്നു എന്നതാണ് ഇവ തമ്മിലുള്ള സാമ്യതകളില്‍ ഒന്ന്.
മറ്റൊരു സമാനമായ ഘടകം കൂടെ സൂക്ഷമവിശകലനത്തില്‍ ബോധ്യമാവും. അടിസ്ഥാനപരമായി ഇവ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഒന്നു തന്നെയാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ എവിടെയാണ്? രാജ്യത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഇവ അലോസരപ്പെടുത്തുന്നത് മറ്റൊരു വിധത്തിലാണ്; എന്താണ് ഒരാളുടെ വിശ്വാസം? എന്ന സുപ്രധാമായ ഒരു ചോദ്യത്തിലൂടെ.
സകല ബന്ധനങ്ങളില്‍ നിന്നും മനുഷ്യനെ സര്‍വ്വ സ്വതന്ത്രമാക്കാനുള്ള ആധുനികതയുടെ അഭിനിവേശത്തിന് ചരിത്രപരമായ വികാസ-പരിണാമ ഘട്ടങ്ങള്‍ ഉണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് മുന്നില്‍ പ്രതിബന്ധമായി നിന്നിരുന്നത് മതങ്ങളും മതസംവിധാനങ്ങളും ആണെന്ന ധാരണയില്‍ നിന്നാണ് ലോകത്ത് വ്യക്തിസ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. കാലങ്ങളായി വിവിധ മതങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന ആചാര-അനുഷ്ഠാന-വിശ്വാസങ്ങളില്‍ പലതും ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി കാലഹരണപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന തീക്ഷ്ണമായ ജാതി സമ്പ്രദായവും സതി പോലുള്ള ഹീനമായ ആചാരങ്ങളും, ഹിന്ദു മതത്തില്‍ തന്നെയുണ്ടായ നവോത്ഥാന സംരംഭങ്ങളുടെ പ്രവര്‍ത്തനഫലമായി അപ്രത്യക്ഷമായതാണ്.
അധമസംസ്‌കാരങ്ങളുടെയും ഹീനവിവേചനങ്ങളുടെയും പിടിയില്‍ പരസഹസ്രം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ യൂറോപ്പില്‍ പിന്‍കാലത്ത് രൂപപ്പെട്ട സ്വാതന്ത്ര്യ ചിന്തകള്‍ക്കും വ്യക്തി സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്കും ഇത്തരം മാറ്റങ്ങളില്‍ കാര്യമായ പങ്കു വഹിക്കാനായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
ലിബറല്‍-സെക്കുലര്‍ പ്രസ്ഥാനങ്ങള്‍ എന്ന് പരിചയപ്പെടുത്താവുന്ന ഇത്തരം പ്രസ്ഥാനങ്ങളും ആശയധാരകളും ഇസ്‌ലാമിക വിമര്‍ശത്തിലേക്ക് വരുമ്പോള്‍ ഇതര മതങ്ങളെ പോലെ പൗരോഹിത്യവും പുരുഷാധിപത്യവും ഉള്ള ഒരു മതമാണ് ഇസ്‌ലാമെന്ന സാമാന്യവത്കരണം വെച്ചുപുലര്‍ത്തുന്നതായി കാണാം. ‘ആറാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസികള്‍’ എന്ന് കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികളിലൊന്നിറക്കിയ കുറിപ്പില്‍ അടിച്ചുവന്നത് ഈ ധാരണ ഇവിടെയും എത്ര ശക്തമാണ് എന്നതിന്റെ സൂചകമാണ്.
ഇത് എത്രമാത്രം യുക്തവും സത്യവുമാണെന്നതാണ് പ്രധാനം. ആവിര്‍ഭാവത്തിനു ശേഷം നാല് നൂറ്റാണ്ടുകള്‍ക്കകം കൃത്യമായ ആധിപത്യ താല്‍പര്യങ്ങളോടെ ക്രിസ്തുമതം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഭരണകൂട താല്‍പര്യങ്ങളും പുരോഹിത സ്വാര്‍ത്ഥതകളും സംരക്ഷിക്കാനുള്ള ഉപാധിയായി മാറിയ ഒരു മതം വിതച്ച പാരതന്ത്ര്യത്തിന്റെ മതില്‍കെട്ടുകളോടുള്ള സ്വാഭാവിക പ്രതികരണങ്ങളാണ് വ്യക്തിസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ഫെമിനിസ്റ്റ് ലിബറല്‍ പ്രസ്ഥാനങ്ങളും.
പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലാരംഭിച്ച് മതനിരാസത്തിലേക്കും മതനിയമങ്ങളുടെ സമ്പൂര്‍ണ്ണ തമസ്‌ക്കരണത്തിനും നീങ്ങിയ ഇത്തരം പ്രസ്ഥാനങ്ങളാണ് പുരോയാനത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഇസ്‌ലാമികാശയങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത്. പാട്രിയാര്‍ക്കിയുടെയും പൗരോഹിത്യത്തെയും പഴയ ആരോപണങ്ങള്‍ തന്നെയാണ് ഇവര്‍ കൂടെ കരുതുന്നതും.
ഇസ്‌ലാം ഒരു ദൈവിക മതം എന്ന നിലയില്‍ നിന്ന് പുരുഷാധിപത്യ സംരക്ഷണവും പൗരോഹിത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കറപ്റ്റഡ് റിലീജിയന്‍ ആയി അവസ്ഥാന്തരപെട്ടിട്ടുണ്ടോ എന്ന ആരോഗ്യകരമായ വിശകലനങ്ങള്‍ നടത്തുന്നതില്‍ നമുക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ മതസംബന്ധിയായ നിലവിലുള്ള യൂറോപ്യന്‍ ബോധ്യങ്ങളെ ഒന്നാകെ ഇസ്‌ലാമില്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുന്നത് അശാസ്ത്രീയമാണെന്ന് ആണെന്ന് പറയാതെ വയ്യ!
ഒരു പുരോഹിത വര്‍ഗ്ഗത്തിന് കയ്യടക്കാനാവാത്ത സുഭദ്രമായ ഒരു ആന്തരിക സംവിധാനം ഇസ്‌ലാമിലുണ്ടെന്നത് ഒരു വിശകലന പഠനത്തിലൂടെ ബോധ്യമാവും. തികച്ചും ദൈവികമായ അതിനെ പ്രഘോഷിക്കുന്നുണ്ട് നിശ്ചയമായും അദ്ദിക്‌റിനെ(ഖുര്‍ആനിനെ) ഇറക്കിയത് നാമാണ്, നാമാണ് അതിനെ സംരക്ഷിക്കുന്നത് എന്ന് അര്‍ഥം വരുന്ന ഖുര്‍ആനിലെ പതിനഞ്ചാം അധ്യായത്തിലെ ഒമ്പതാം സൂക്തം.
ദൈവിക വെളിപാടെന്നോ സിദ്ധിയെന്നോ പരിചയപ്പെടുത്തി തല്‍പരകക്ഷികള്‍ക്ക് എളുപ്പം കയ്യടക്കാവുന്ന ഒരു സംവിധാനത്തിലൂടെ രൂപം കൊണ്ടതല്ല ഇസ്‌ലാമിലെ നിയമസംഹിതകളൊന്നും. ഇജ്തിഹാദ്/ഗവേഷണം എന്ന തികച്ചും ശാസ്ത്രീയമായ ഖനനമനന ഉപാധിയാണ് ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനശില. വിശുദ്ധ ഖുര്‍ആനും വിശ്വാസയോഗ്യമായ കൈവഴികള്‍ വഴി കൈമാറിയ പ്രവാചക വചനങ്ങളുമാണ് ജ്ഞാനസ്രോതസ്സുകളായി വര്‍ത്തിക്കുന്നത്. ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഖിയാസും ഇജ്മാഉം ഒരു മുജ്തഹിദിനെ നേര്‍വഴി നടത്തുന്നു. ഒരു ഗവേഷകന് അനിവാര്യമായും ആവശ്യം വരുന്ന ജ്ഞാനസിദ്ധികള്‍ കൈവശം ഉണ്ടാവണമെന്ന നിബന്ധനയോടെ, ആര്‍ക്കും ഗവേഷണത്തില്‍ ഏര്‍പ്പെടാം എന്നുകൂടെ പറയുമ്പോള്‍ യുക്തിഭദ്രവും വിവേചനരഹിതവുമായ ഒരു മഹദ് സംവിധാനത്തിന്റെ മനോഹരചിത്രം അനാവൃതമാവുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സര്‍വതലങ്ങളെ സ്പര്‍ശിക്കുന്ന ജീവിതവഴിയാണ് ഇസ്‌ലാം. ഇതര മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പരപ്പിക്കുന്ന സൂക്ഷമാവസ്ഥയാണ് ഇസ്‌ലാമിക നിയമങ്ങള്‍ക്കുള്ളത്. ഇരുപ്പിലും നടപ്പിലും എടുപ്പിലും ഒരു മുസ്‌ലിമിന് നിര്‍ദേശങ്ങളുണ്ട്. ഇവയിലൊന്ന് പോലും ഇസ്‌ലാമിന്റെ അടിസ്ഥാന ഗവേഷണ സ്രോതസുകളെ തുടര്‍ന്നല്ലാതെ രൂപപ്പെട്ടിട്ടില്ല എന്ന യാഥാര്‍ഥ്യം തന്നെ എത്ര അത്ഭുതകരമാണ്.
ദിവ്യവും പരിപാവനവും ക്രമപ്രവൃദ്ധവുമായ ഒരു സംവിധാനത്തിലൂടെ രൂപപ്പെട്ട നിയസംഹിതക്ക് മുന്നിലുള്ള സ്വയം സമര്‍പ്പണവും അതിനായുള്ള ത്യാഗവും അനിര്‍വചനീയമായ ആത്മീയ ഭംഗി സമ്മാനിക്കുന്ന ആത്മീയാനുഭവമാണെന്ന് പക്ഷെ, മറ്റുള്ളവര്‍ക്കറിയില്ലല്ലോ? ഷണ്ഡന് ലൈംഗികാസ്വാദനത്തെ പറ്റി വിവരിച്ച് നല്‍കുമ്പോള്‍ സംഭവിക്കുന്നത് പോലെ പലര്‍ക്കുമത് വ്യര്‍ഥമായ ഒരു അധരവ്യായാമമായി മാത്രം അനുഭവപ്പെടുന്നത് ഈ അടിസ്ഥാനത്തിന്റെ അഭാവത്തിലാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനങ്ങളുടെ പ്രത്യയശാസ്ത്ര ഭംഗിയൊന്ന് ശ്രദ്ധിക്കൂ. ദൈവപ്രോക്തമായ നിയമങ്ങള്‍ക്ക് സ്വയം സമര്‍പ്പിച്ച് ജീവിക്കുന്നതിലൂടെ ആര്‍ജ്ജിക്കുന്ന പരലോക വിജയവും ദൈവപ്രീതിയുമാണ് ഒരു വിശ്വാസിയുടെ അന്തിമ ലക്ഷ്യം. സമര്‍പ്പണം എന്നര്‍ഥം വരുന്ന ‘ഇസ്‌ലാം’ എന്ന പദം തന്നെ ഇതിന്റെ സൂചകമായി മനസ്സിലാക്കേണ്ടതാണ്. ഇവിടെ നടക്കുന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്. ദൈവിക വിചാരണക്ക് വിധേയനാകാന്‍ പരലോക വിചാരണാ വേദിയിലേക്ക് ഓരോ മനുഷ്യനും എത്തുന്നത് വ്യക്തിപരമായി ആണെന്നത് ഇസ്‌ലാം എത്രമാത്രം വ്യക്തിനിഷ്ടമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരു സാമൂഹ്യജീവിയെന്ന മനുഷ്യന്റെ അടിസ്ഥാനപരമായ വിശേഷണത്തെ കൂടെ ഇസ്‌ലാം കണക്കിലെടുത്തിട്ടുണ്ട്. ഉമ്മത്ത്, മില്ലത്ത് എന്നൊക്കെ പരിചയപ്പെടുത്തുന്ന ഉത്തമ സമുദായത്തിന്റെ രൂപഘടനക്കാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുമുണ്ട്.
ഇസ്‌ലാമിന്റെ ഈ ആന്തരിക ഘടന സ്വവര്‍ഗ ലൈംഗികത എന്ന ഒരു പ്രത്യേക പ്രശ്‌നത്തില്‍ എങ്ങനെ പ്രവര്‍ത്തന സജ്ജമാവുന്നു എന്ന് പരിശോധിക്കാം. നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും വെളിച്ചത്തില്‍ ഇസ്‌ലാമില്‍ നിശിദ്ധമാണെന്ന ഖണ്ഡിതമായ പണ്ഡിത തീരുമാനമുള്ള ഒന്നാണ് സ്വവര്‍ഗ ലൈംഗികത. ലൂത്വ് നബിയുടെ സമൂഹത്തിനവതരിച്ച കഠോരമായ ശിക്ഷയെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളാണ് ഈ തീരുമാനത്തെ ശരിവെക്കുന്നത്.
ഇതിനെ സമനീതിക്ക് നേരെയുള്ള കയ്യേറ്റമായി വിലയിരുത്തി ഇസ്‌ലാമിനെതിരെ രംഗത്തെത്തുന്നവര്‍ പറഞ്ഞത് സ്വവര്‍ഗ ലൈംഗികത പ്രകൃതിപരമാണ്(നാച്വറല്‍) എന്നായിരുന്നു. സ്വവര്‍ഗ ലൈംഗികത ഒരു പ്രകൃതി പ്രതിഭാസമാണെന്ന് തന്നെ വാദത്തിന് വേണ്ടി അംഗീകരിച്ചാലും ഇസ്‌ലാമിന്റെ നിയതമായ തീരുമാനങ്ങളില്‍ മാറ്റമുണ്ടാവുന്നില്ല. മഹനീയമായൊരു സമര്‍പ്പണത്തിലേക്ക് വ്യക്തിനിഷ്ഠമായി ഉത്തമ വിശ്വാസികളെ ക്ഷണിക്കുകയാണ് അവിടെയും ഇസ്‌ലാം. ജെനറ്റിക് പ്രശ്‌നങ്ങള്‍/ഓറിയന്റേഷന്‍ കാരണമായി സ്വവര്‍ഗ താല്‍പര്യങ്ങളുള്ളവര്‍ക്കും ഇസ്‌ലാമിന്റെ വിളിക്ക് ഉത്തരമേകാം. ആ വിളി കേട്ട് സ്വയം സമര്‍പ്പിതരാവുന്ന വിശ്വാസികളെ കാത്തിരിക്കുന്നതാവട്ടെ, ത്യാഗത്തിന് അനുസൃതമായ തോതിലുള്ള പരലോക വിജയവും.
അന്ധനായ അബ്ദുല്ലാ ബിന്‍ ഉമ്മിമഖ്തൂം എന്ന സ്വഹാബിയോട് പള്ളിയിലേക്ക് ജമാഅത്തിനു വരാന്‍ പ്രവാചകര്‍ കല്‍പ്പിച്ചു. അന്ധതയുടെ ഇരുട്ടില്‍ വഴിയരികിലെ പ്രതിബന്ധങ്ങള്‍ താണ്ടി കടക്കാന്‍ ആ മഹാന്‍ എത്ര കഷ്ടപ്പെട്ട് കാണും! ദൈവിക വിളിക്ക് കീഴ്‌പെട്ടുള്ള ആ ത്യാഗത്തെ നീതിമാനായ അല്ലാഹു മുഖവിലക്കെടുക്കാതിരിക്കുമോ? വിശ്വാസത്തിനായി വ്യക്തിപരമായി ഒരാള്‍ തിരഞ്ഞെടുക്കുന്ന ത്യാഗത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് സാരം
ത്യാഗവും സമര്‍പ്പണവും വ്യക്തിനിഷ്ടമാണ് എന്ന് വരുമ്പോള്‍ പിന്നെ ശരീഅത്ത് ശിക്ഷാ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതെന്തിന് എന്ന സംശയം ഉയര്‍ന്നുവെന്ന് വരാം. പൊതു സദാചാരത്തെ (പബ്ലിക് മൊറാലിറ്റി) ചോദ്യംചെയ്യുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇസ്‌ലാം ഐഹികശിക്ഷ വിധിച്ചിട്ടുള്ളൂ. അന്യനുമായി അവിഹിത സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നവരെ എറിഞ്ഞുകൊല്ലാന്‍ കല്‍പ്പിക്കുന്ന ഇസ്‌ലാം പ്രസ്തുത ശിക്ഷാനടപടി നടപ്പാക്കണമെങ്കില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നാല് സാക്ഷികളടക്കമുള്ള നിബന്ധനകള്‍/മുന്‍കരുതലുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവുന്നതാണ് ഈ യാഥാര്‍ത്ഥ്യം.
പബ്ലിക് മൊറാലിറ്റിയെ ചോദ്യം ചെയ്യാതെ തീര്‍ത്തും വ്യക്തിനിഷ്ഠമായ ചില തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ വ്യംഗമായ സൗകര്യവും ഒരര്‍ഥത്തില്‍ ഒരു വ്യക്തിക്ക് ഇസ്‌ലാമിക സമൂഹത്തിലുണ്ട്. അപരിമേയനും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്ന് രക്ഷപ്പെടുക സാധ്യമല്ലെങ്കിലും.
പതിനാലാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹത്തില്‍ ആരംഭിച്ച ഒരു മതത്തിന്/നിയമവ്യവസ്ഥക്ക് സര്‍വ്വകാലികമായി നിലകൊള്ളാന്‍ സാധിക്കുമോ? പലരും ഉന്നയിക്കുന്ന സംശയമാണ്. തീര്‍ത്തും ദൈവികമാണെന്നതിനാല്‍ സാധിക്കുമെന്ന മറുപടിക്കൊപ്പം ചേര്‍ത്തു പറയേണ്ട ചിലതുണ്ട്. ഇസ്‌ലാമിലെ മത-അനുഷ്ടാന നിയമങ്ങളൊക്കെ അഞ്ച് ലക്ഷ്യങ്ങളെ സംരക്ഷിക്കാന്‍ രൂപപ്പെട്ടതാണ്.

1. ഹിഫഌദ്ദീന്‍ (ദീനിന്റെ സംരക്ഷണം)
2. ഹിഫഌന്നഫ്‌സ് (ശരീര സംരക്ഷണം)
3. ഹിഫഌല്‍ അഖ്ല്‍ (ബൗദ്ധിക സംരക്ഷണം)
4. ഹിഫഌല്‍ മാല് (സാമ്പത്തിക സംരക്ഷണം)
5. ഹിഫഌന്നസ്ല്‍ (പരമ്പര സംരക്ഷണം)
എന്നിവയാണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങളായി(മഖാസിദ്) നിദാന ശാസ്ത്രം പരിചയപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായി മനുഷ്യകുലത്തില്‍ സ്ഥായിയായി നിലകൊള്ളേണ്ടതാണ് ഈ പഞ്ചലക്ഷ്യങ്ങളും.
ഈ ദര്‍ശന സൗന്ദര്യത്തെ ആധുനിക ലിബറല്‍ ധാരകളുടെ ആശയപാപ്പരത്തവുമായി ഒന്ന് ഒത്തുനോക്കൂ. മനുഷ്യനെ അവസാനിച്ചിട്ടില്ലാത്ത പരിണാമപ്രക്രിയയുടെ ഇടരൂപങ്ങളിലൊന്നായി ന്യൂനീകരിച്ച് കാണുമ്പോള്‍ സ്ഥായിയായ സദാചാരവും നൈതികതയും അടിസ്ഥാനരഹിതമായി മാറുന്നു. മാറുന്ന പൊതുബോധത്തിനനുസരിച്ച് വ്യതിയാനം സംഭവിക്കുന്ന സദാചാരസങ്കല്‍പങ്ങള്‍ എത്ര മൂല്യരഹിതമാണെന്ന് ചിന്തിച്ചുനോക്കൂ. ഇന്ന് സ്വവര്‍ഗ്ഗ ലൈംഗികതയെ സ്വാഗതം ചെയ്യുന്നവര്‍ക്ക് നാളെ മൃഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നു. മനുഷ്യനും ആത്യന്തികമായി ഒരു മൃഗമാണെന്ന ധാരണയുമായി നിയമനിര്‍മ്മാണം നടത്തുന്നവര്‍ക്ക് മുന്നില്‍ അവസാനം ഒരു ചോദ്യമുയരുന്നു; മനുഷ്യനും മൃഗമെങ്കില്‍; മൃഗതുല്യമായ അവന്റെ ചേഷ്ടകളെ ഒക്കെ അനുവദിച്ച് നല്‍കാനായി ഒരു നിയമ സംവിധാനത്തിന്റെ ആവശ്യകതയെന്താണ്? പരസ്പരം കലഹിച്ചും കൊന്നുതിന്നും സ്വേഷ്ടപ്രകാരം അവര്‍ മതിച്ചു നടക്കേണ്ടതല്ലേ?
കാലങ്ങളായി മനുഷ്യസമൂഹം ആര്‍ജിച്ച സംസ്‌കാരവും മഹത്വവുമൊക്കെ അതോടെ മണ്ണടിഞ്ഞു പോകുന്നു.
ഒരിക്കലും നില്‍പ്പുറക്കാത്ത, അടിക്കടി അകന്നുമാറുന്ന അടിത്തറയില്‍ നിന്നാണ് തങ്ങളുടെ ധാരണകള്‍ രൂപം കൊള്ളുന്നതെന്ന ധാരണയേ ഇല്ലാതെ ലിബറലിസ്റ്റുകള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും. അപ്പോഴൊക്കെ ദിവ്യസൂക്തങ്ങളുടെ സ്ഥായിഭാവം ഉള്ളലറിഞ്ഞ വിശ്വാസികളാകട്ടെ സമര്‍പ്പിത ജീവിതത്തിന്റെ ദിവ്യ സൗന്ദര്യത്തില്‍ ലയിച്ചിരിക്കും.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.