Thelicham

മതവും ബലിയും: കീർകെഗാദും ജിറാദും സാധ്യമാക്കുന്ന പുനരാലോചനകൾ

മനുഷ്യചരിത്രത്തിലെ അതുല്യവും ഏറെ ദുര്‍ജ്ഞേയവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇസ്മാഈല്‍ നബി(അ) ബലികൊടുക്കപ്പെടാനൊരുങ്ങിയ സന്ദര്‍ഭം. ദൈവത്തിന്റെ ആജ്ഞ മാനിച്ച് ഇബ്‌റാഹിം നബി(അ) മകന്‍ ഇസ്മാഈലി(അ)ന്റെ -ബൈബിളില്‍ അബ്രഹാമും ഐസക്കും- കഴുത്തില്‍ കത്തിവെക്കാനൊരുങ്ങിയ നിമിഷത്തെ, വിശ്വാസത്തിന്റ പരമമായ ആവിഷ്‌കാരങ്ങളിലൊന്നായി പലരും വിലയിരുത്തിയിട്ടുണ്ട്.

സോറന്‍ കീര്‍കെഗാദ്

എന്നാല്‍ കേവലം വിശ്വാസമളക്കാന്‍ വേണ്ടിയുള്ള ഒരു പരീക്ഷണമെന്നതിലുപരി, ധാര്‍മികതയുടെയും വിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ പുനര്‍നിര്‍വചിക്കുന്ന ഭാഷയുടെയും നിശബ്ദതയുടെയും ഇടങ്ങളടയാളപ്പെടുത്തുന്ന, വിവിധങ്ങളായ താത്വികമാനങ്ങളുള്ള ഒന്നായി ഈ ബലിസന്ദര്‍ഭം അഭിവീക്ഷിക്കപ്പെടാവുന്നതാണ്. പല തത്വചിന്തകരും ആ രീതിയില്‍ തന്നെ അതിനെ കണ്ടിട്ടുണ്ട്, പ്രത്യേകിച്ചും ഡാനിഷ് ചിന്തകന്‍ സോറന്‍ കീര്‍കെഗാദ്.

ധാര്‍മികതക്കപ്പുറത്തെ ബലി

അസ്തിത്വത്തെയും അറിവിനെയും തുടങ്ങി സര്‍വതിനെയും വിശദീകരിക്കാന്‍ പ്രാപ്തിയുള്ള സര്‍വാശ്ലേഷിയായ ഒരു താത്വികവ്യവസ്ഥയെന്ന അവകാശവാദത്തോടെ ഹെഗല്‍ മുന്നോട്ടുവെച്ച ചിന്താപദ്ധതിക്കുള്ള നിശിതമായ വിമര്‍ശനമാണ് സോറന്‍ കീര്‍കെഗാദില്‍ നമുക്ക് കാണാനാവുക. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന കീര്‍കെഗാദിന്റെ ചിന്തയുടെ വ്യതിരിക്തമായ സ്വഭാവം, സൈദ്ധാന്തിക അവലോകനത്തിന്റെ പരിധികള്‍ക്ക് പുറത്ത് കിടക്കുന്ന വ്യക്തിയുടെ സവിശേഷമായ അസ്തിത്വത്തെ പ്രതിയുള്ള വിചാരപ്പെടലുകളാണ്.

മനുഷ്യജീവിതത്തിന്റെ സാധ്യതകളില്‍-കലാപരം, ധാര്‍മികം, മതകീയം-നിന്ന് ഏറ്റവും ഉന്നതമായി കീര്‍കെഗാദ് കാണുന്ന മതകീയാസ്തിത്വത്തെ, ഐസക്കിന്റെ ബലിസന്ദര്‍ഭത്തിലൂടെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ Fear and Trembling (ഭയവും വിറയും). സത്യത്തില്‍ സ്വന്തം മകനെ ബലിയറുക്കാനുള്ള കല്‍പനയും അത് ചെയ്യാനൊരുങ്ങിയ അബ്രഹാമിന്റെ മനോധൈര്യവും കുറിക്കുന്നതെന്താണ്? പുത്രവധമെന്ന ധാര്‍മികതയോട് ഒരു തരത്തിലും ഒത്തുപോവാത്ത നികൃഷ്ടപ്രവൃത്തിയെ ഈയൊരു സന്ദര്‍ഭത്തില്‍ നാമെങ്ങനെയാണ് മനസ്സിലാക്കേണ്ടത്? തുടങ്ങിയ ചോദ്യങ്ങളെയാണ് പ്രസ്തുതകൃതി അഭിമുഖീകരിക്കുന്നത്.

കീര്‍കെഗാദ് പറയുന്നത്, ധാര്‍മികതയുടെ യുക്തിഭദ്രതയെ ഉല്ലംഘിക്കുന്ന, പൊതുയുക്തിക്ക് ഗ്രഹിക്കാനാവാത്ത വിശ്വാസ പാരമ്യതയുടെ പ്രകടനമാണിവിടെ സംഭവിച്ചതെന്നാണ്. കൃതിയില്‍ പരാമര്‍ശിക്കപ്പെട്ട, ഈ ബലിസന്ദര്‍ഭത്തിലൂടെ ഭേദിക്കപ്പെടുന്ന ധാര്‍മികതയുടെ മൂന്ന് സ്വഭാവങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട് കീര്‍കെഗാദ് പണ്ഡിതന്‍ സ്യൂങ് ഗൂ ലീ.

ഒന്നാമതായി, ധാര്‍മികത പ്രതിനിധീകരിക്കുന്നത് സാര്‍വത്രികതയെയാണ്(universality). കാന്റിനും ഹെഗലിനുമെല്ലാം ധാര്‍മിക നിയമങ്ങള്‍ സാര്‍വത്രികവും, ദൈവത്തിനു പോലും മുറിച്ചു കടക്കാന്‍ പറ്റാത്തത്ര സുഭദ്രമായ അതിരുകളോടു കൂടിയുള്ളതുമാണ്. സാര്‍വത്രികതയില്‍ നിന്നുള്ള വ്യതിചലനത്തെയാണ് ഹെഗല്‍ തിന്മ എന്ന് വിളിക്കുന്നത്. ഇവ്വിധത്തിലുള്ള ധാര്‍മിക ബോധത്തിന് ഒരിക്കലും സവിശേഷതയെ(particulartiy) ഉള്‍കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണ്, പൊതുധാര്‍മിക നിയമത്തിനെതിരായി മകന്റെ കഴുത്തില്‍ കത്തിവെക്കാനൊരുങ്ങിയ അബ്രഹാമിന്റെ പ്രവൃത്തി കൊലപാതകതുല്യമാണെന്ന് കാന്റ് വിശേഷിപ്പിച്ചത്. ദൈവത്തോടുള്ള വിധേയത്വത്തിനുപരി, പരമവും അഭേദ്യവുമായ ധാര്‍മിക നിയമങ്ങള്‍ക്ക് കീഴടങ്ങുന്നതാണ് ഇവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ തന്നെ കാതല്‍. ഈയൊരു ധാര്‍മികബോധത്തെ വെല്ലുവിളിക്കുകയാണ് Fear and Tremblingലൂടെ കീര്‍കെഗാദ്.

അബ്രഹാമിന്റെ വിശ്വാസദൃഢതയിലധിഷ്ഠിതമായ സവിശേഷമായ പ്രവൃത്തി, അതിന്റെ സവിശേഷതയോടെത്തന്നെ ഉള്‍കൊള്ളുമ്പോള്‍ ധാര്‍മികതയുടെ യുക്ത്യനുസൃതമായ സാര്‍വത്രികതക്കു പുറത്ത് നില്‍ക്കുന്നതും, ദൈവവുമായുള്ള അഗാധവും ആത്മനിഷ്ഠവുമായ ബന്ധത്തെക്കുറിക്കുന്നതുമാണ് യഥാര്‍ഥ മതകീയതഎന്ന് വരുന്നു.
രണ്ടാമതായി, ധാര്‍മികതക്ക് അതിനപ്പുറത്തുള്ള ഒരു ആത്യന്തിക ലക്ഷ്യമില്ല. ധാര്‍മികനിയമങ്ങള്‍ ഒരു മാധ്യമെന്നതിലുപരി സ്വയം ലക്ഷ്യം തന്നെയാണ്.

ഈ സവിശേഷതയെ ലംഘിക്കുന്ന, ദൈവത്തോടുള്ള പൂര്‍ണവിധേയത്വം എന്ന പരമമായ ലക്ഷ്യമാണ് അബ്രഹാമിനുള്ളത്. ധാര്‍മികത എന്നത് ഏതു സമയവും ഭേദിക്കപ്പെടാവുന്ന ഒരു മാധ്യമം മാത്രമാണ് അദ്ദേഹത്തിന്. അത്പ്രകാരം, പുത്രന്റെ കഴുത്തില്‍ കത്തിവെക്കുന്നതിനു പോലും ദുര്‍ഗ്രഹമായൊരു സാധുത ലഭിക്കുന്നു.

മൂന്നാമതായി, ധാര്‍മിക നിയമങ്ങള്‍ സുതാര്യവും ഏവര്‍ക്കും ഗ്രാഹ്യമായതുമാണ്. അതാര്യവും ദുര്‍ജ്ഞേയവുമായ ഏതൊന്നിനെയും സംശയത്തോടെ വീക്ഷിക്കാനേ ധാര്‍മികതക്ക് കഴിയൂ. അതുകൊണ്ട്, സാര്‍വത്രികതയുടെ പരമപ്രകടനമായ ഭാഷയുടെ, സംസാരത്തിന്റെ ഇടമാണത്. നേരെ മറിച്ച്, വിശ്വാസപാരമ്യതയുടെ ഈ ബലിസന്ദര്‍ഭത്തില്‍, ഭാഷയും സംസാരവും അബ്രഹാമിന് അന്യമാണ്. കാരണം, അബ്രഹാമിനെ മനസ്സിലാക്കാന്‍ ദൈവത്തിനും അദ്ദേഹത്തിനും മാത്രമേ കഴിയൂ. സാര്‍വത്രിക യുക്തിയുടെ ചട്ടക്കൂട്ടില്‍ ഞെരുങ്ങിക്കിടക്കുന്ന പൊതുബുദ്ധിക്കത് സാധ്യമല്ല.

നിശബ്ദതയുടെയും ദുര്‍ഗ്രാഹ്യതയുടെയും ഈ ബലിസന്ദര്‍ഭത്തില്‍ രണ്ട് ചുവടുവെപ്പുകളാണ് അബ്രഹാം നടത്തുന്നത്. അനന്തമായ പരിത്യാഗത്തിന്റെയും (Infinite Resignation) വിശ്വാസത്തിന്റേയുമാണവ (Movement of Faith). സര്‍വതും ത്യജിക്കാനുള്ള മനോനിലയാണ് കീര്‍കെഗാദ് ഉത്‌ഘോഷിക്കുന്ന അബ്രഹാമിന്റേതു പോലുള്ള പരമമായ മതകീയാസ്തിത്വത്തിന്റെ മുന്നുപാധി. എന്നാല്‍, അതോടൊപ്പം താന്‍ ത്യജിച്ചതെന്തോ, അത് എന്തുതന്നെയായാലും ദൈവം തിരിച്ചുതരുമെന്ന യുക്തിഭദ്രമല്ലാത്ത വിശ്വാസം കൂടിയുണ്ടാവുമ്പോഴേ പ്രസ്തുത മതകീയാസ്തിത്വം പൂര്‍ണമാവൂ. ഇതാണ് ദുരന്തനായകരും(tragic heroes) അബ്രഹാമും തമ്മിലെ പ്രധാനപ്പെട്ട വ്യത്യാസം.

കീര്‍ക്കഗാദ് കൊണ്ട് വരുന്ന ഉദാഹരണം നോക്കുക: ഗ്രീക്ക് രാജാവായ അഗമെംനന്‍ ട്രോജന്‍ യുദ്ധത്തിനുള്ള നാവികവ്യൂഹവുമായി പുറപ്പെടുമ്പോള്‍, കാറ്റില്ലാതെ കപ്പലുകളെല്ലാം സ്തംഭിക്കുകയുണ്ടായി. അവ പൂര്‍വാവസ്ഥയിലാവാന്‍ പുരോഹിതരുടെ നിര്‍ദേശത്തിനനുസരിച്ച് അംഗമെംമന്‍ മകള്‍ ഇഫിജിനൈയയെ ഗ്രീക്ക് ദേവത ആട്ടിമിസിന് ബലിനല്‍കി. അഗമെംമനിന്റെ ഈ പരിത്യാഗത്തെ സര്‍വരും വാഴ്ത്തുകയും ചെയ്തു. ഇവിടെ, അഗമെംമനിന്റേത് അനന്തമായ പരിത്യാഗമാണെങ്കിലും അത് നടന്നത് ധാര്‍മികതക്കുള്ളില്‍വെച്ച് തന്നെയാണ്. അബ്രഹാമിനുള്ളത് പോലെ, നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമെന്ന പൂര്‍ണവിശ്വാസമോ, പൊതുയുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്ര ദുര്‍ഗ്രാഹ്യതയോ അഗമെംമനനിന്റെ ഈ സന്ദര്‍ഭത്തിലില്ല. രാജാവ് ഈ മഹാത്യാഗം നടത്തുന്നത് ധാര്‍മികമായ ഒരു ലക്ഷ്യപൂര്‍ത്തീകരണത്തിനാണെന്ന് എല്ലാവര്‍ക്കും പകല്‍പോലെ വ്യക്തവുമാണ്.

എന്നാല്‍ ഇങ്ങനെയൊന്നുമല്ല അബ്രഹാം. ബലിയെക്കുറിച്ച് ഒരാളെപ്പോലും മനസിലാക്കിക്കൊടുക്കാന്‍ കഴിയാതെ, സാര്‍വത്രികതയില്‍ നിന്നുള്ള ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലില്‍ അദ്ദേഹത്തിന്റെ ശരണം സര്‍വാധികാരിയായ ദൈവമല്ലാതെ മറ്റാരുമല്ല. മകനെ ത്യജിക്കുന്നതിലൂടെ അനന്തപരിത്യാഗത്തിന്റെ നില പ്രാപിക്കുന്നതോടൊപ്പം, അതേസമയം തന്നെ മകനെ ദൈവം തിരിച്ച്തരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു കൂടിയുണ്ട് അബ്രഹാം. ഈയവസ്ഥ പ്രാപിക്കുന്ന വ്യക്തിയെയാണ് knight of faith എന്ന് കീര്‍കെഗാദ് വിശേഷിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ദൃഢതകൊണ്ട് അസംഗതമായതില്‍ വരെ വിശ്വസിക്കുന്ന വിരോധാഭാസകരമായ മതകീയതയുടെ(paradoxical faith) മൂര്‍ത്തീഭാവമാണ് Knight of faith. ഐസക്കിന്റെ ബലിസന്ദര്‍ഭം അബ്രഹാമിലുള്ള ഈ ഉന്നതഭാവത്തെയാണ് വെളിപ്പെടുത്തിയത്.

കീര്‍കെഗാദ് പറയുന്നു: ‘ഏവരെക്കാളും ഉന്നതനാണ് അബ്രഹാം. ദൗര്‍ബല്യത്തിന്റെ കരുത്ത്, യുക്തമല്ലാത്ത വിവേകം, ഭ്രാന്തിന്റെ ഭാവമാര്‍ന്ന പ്രതീക്ഷ, ആത്മനിന്ദ കലര്‍ന്ന സ്‌നേഹം എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ ഈ മഹത്വപ്രാപ്തി’. അഥവാ, വിരോധാഭാസകരം (paradoxical)എന്ന കാറ്റഗറിയിലൂടെയാണ് കീര്‍കെഗാദ് അബ്രഹാമിന്റെ പ്രവൃത്തിയെ വീക്ഷിക്കുന്നതെന്നര്‍ഥം. സ്യൂങ് ഗൂ ലീ അഭിപ്രായപ്പെടുന്നത് വിശ്വാസത്തിന്റെ ഈയവസ്ഥ ജീവിതം മുഴുക്കെയുള്ളതാണെന്നതാണ്. ചില പ്രത്യേക നിമിഷങ്ങളില്‍ അത് പ്രകടിതമാകുന്നെന്ന് മാത്രം. അങ്ങനെ വരുമ്പോള്‍, തന്റെ ജീവിതത്തെ മൊത്തം നിര്‍ണയിക്കുന്ന ജീവിതോദ്യമമാണ് അബ്രഹാമിനെ, അല്ലെങ്കില്‍ Knight of faithനെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നത്. ബലിസന്ദര്‍ഭത്തിലൂടെ തനിമയോടെ അത് പുറത്ത്‌വരികയും ചെയ്തു.

ഹിംസയും മതവും: റെനെ ജിറാദിന്റെ പുനരാലോചനകള്‍

സംസ്‌കാരത്തിന്റെയും മതത്തിന്റെയും ആവിര്‍ഭാവത്തെപ്പറ്റി നടത്തിയ വേറിട്ട നിരീക്ഷണങ്ങളിലൂടെയാണ് ഫ്രഞ്ച് ആന്ത്രപോളജിസ്റ്റും ചരിത്രകാരനുമായ റെനെ ജിറാദ് അക്കാദമിക തലങ്ങളില്‍ ശ്രദ്ധേയനാവുന്നത്. മതത്തെപ്പറ്റി ഇതുവരെ നടന്ന പഠനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പൂര്‍ണമായും ശാസ്ത്രീയമാണ് തന്റെ പഠനമെന്നാണ് ജിറാദ് അവകാശപ്പെടുന്നത്..

ഹിംസ, ബലി എന്നിവയടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യസംസ്‌കാരത്തിന്റെ, പ്രത്യേകിച്ചും മതത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ജിറാദ് സംസാരിക്കുന്നത്. അദ്ദേഹം ആരംഭിക്കുന്നത് മനുഷ്യന്റെ ആഗ്രഹങ്ങള്‍ മൊത്തം അനുകരണ സ്വഭാവമുള്ളവയാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് (mimetic desire). അപരന്‍ ആഗ്രഹിക്കുന്നതെന്തോ അതാണ് നാമും ആഗ്രഹിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വസ്തുവില്ല എന്നത് കൊണ്ടാണിത്. ഒരു വസ്തുവിനെ ഇപ്രകാരം ഒരുപാട് പേര്‍ ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ക്കിടയില്‍ തീവ്രമായ ശത്രുത ഉടലെടുക്കുകയും വസ്തുവിനെ എന്നതിലുപരി, അപരനെ കീഴ്‌പെടുത്താനുള്ള പ്രേരണ ശക്തമാവുകയും ചെയ്യുന്നു. ആഗ്രഹത്തിന്റെ ത്രികോണാകൃതിയിലുള്ള ഈ ചലനഘടനയുളവാക്കുന്ന അസ്ഥിരതയില്‍ നിന്നും സംഘര്‍ഷത്തില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ മനുഷ്യന്‍ മറ്റൊരു ഹിംസയെ, അഥവാ, ബലിയെ ആശ്രയിക്കുന്നു. ഒരു ബലിയാടിനെ അവതരിപ്പിച്ച് അവനെ ബലികഴിക്കുകയാണവര്‍ ചെയ്യുക.

ആദിമലോകത്ത് മനുഷ്യരെ ബാധിക്കുന്ന സര്‍വദുരന്തങ്ങളുടെയും സംഘട്ടനങ്ങളുടെയും ഉത്തരവാദിയായി നിഷ്‌കളങ്കനായ ഒരു ഇരയെ മുദ്ര കുത്തുന്നതോടെ അവനെതിരില്‍ ഒരു സമൂഹമായി മനുഷ്യര്‍ ഒന്നിക്കുന്നു. അങ്ങനെ ആദിമ ഹിംസയിലൂടെ മനുഷ്യര്‍ക്കിടയില്‍ പരസ്പരധാരണയുടെ ഘടകങ്ങളുണ്ടായിവന്നു. അതിലൂടെ മതവും സംസ്‌കാരങ്ങളുമെല്ലാം രൂപപ്പെട്ടു. ഈയര്‍ഥത്തില്‍ മതത്തിനും സംസ്‌കാരത്തിനുമെല്ലാം ബീജാവാപം നല്‍കിയെന്നതിന്റെ പേരില്‍ ബലിയര്‍ക്കപ്പെട്ട ഇര ദൈവമായി അവരോധിക്കപ്പെടുകയും ചെയ്തുവെന്നാണ് ജിറാദ് വാദിക്കുന്നത്.

റെനെ ജിറാദ്

അപ്പോള്‍ ഹിംസയെ വിശുദ്ധിയുടെ മൂടുപടത്തിലവതരിപ്പിച്ചതാണ് ജിറാദിനെ സംബന്ധിച്ചിടത്തോളം മതമെന്നത്. ഇതാണ് യഥാര്‍ഥത്തില്‍ ഓരോ മിത്തും. ഘാതകന്റെ വീക്ഷണകോണില്‍ നിന്ന് രൂപപ്പെട്ടതാണ് മിത്തുകളൊക്കെയെന്നതിനാല്‍ ആദിമഹിംസക്ക് പാത്രമായ ഇരയുടെ നിഷ്‌കളങ്കതയെ മറച്ചുവെച്ചാണ് അവയൊക്കെ പ്രസരിക്കപ്പെട്ടത്. മൊത്തത്തില്‍, പില്‍ക്കാലത്ത് മതങ്ങള്‍ ആഘോഷിച്ച അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പോന്ന ഒരു സാഹചര്യമൊരുങ്ങിയത് വരെ ആദിമമായ ഹിംസ സാധ്യമാക്കിയ ഏകീകരണത്തിലൂടെയായിരുന്നുവെന്നാണ് ജിറാദ് പറഞ്ഞുവെക്കുന്നത്.

ഇനി, ഈ ചിത്രത്തോടൊപ്പം ഐസക്കിന്റെ ബലിസന്ദര്‍ഭത്തെ ചേര്‍ത്തുവെക്കുമ്പോള്‍ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലേക്ക് നാമെത്തിച്ചേരുന്നതാണ്. യഥാര്‍ഥത്തില്‍ ആദിമബലിയുടെ നിരാകരണമാണ് ഐസക്കിന്റെ ബലിസന്ദര്‍ഭം. നിഷ്‌കളങ്കനായ ബാലന് പകരം ബലിയറുക്കപ്പെടുന്നത് ഒരാട് ആകുന്നതിലൂടെ യഥാര്‍ഥ വിശ്വാസത്തിന്റെ, മതകീയതയുടെ അടിസ്ഥാനമായ ഹിംസയുടെ രൂപം ആദിമബലിയില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്ന് പഠിപ്പിക്കുകയാണ് ഇവിടെ ദൈവം. ആദിമഹിംസയുടെ അപനിര്‍മാണമാണ് ഇതിലൂടെ നടന്നത്. ആദിമബലിയില്‍ സമഷ്ടിയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം മാത്രമാണ് മതം. അല്ലെങ്കില്‍, ദൈവത്തോടുള്ള കീഴ്‌പെടല്‍. എന്നാല്‍, അബ്രഹാമിനെ സംബന്ധിച്ചിടത്തോളം ആത്യന്തികലക്ഷ്യമാണ് മതകീയത. അത് അഭിസംബോധനംചെയ്യുന്നത് സാര്‍വത്രികതയില്‍ നിന്നും ഒറ്റപ്പെട്ട വ്യക്തിയുടെ സ്വത്വത്തെയാണ്. സമഷ്ടിയുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മതത്തെ സംശയദൃഷ്ടിയോടെയെല്ലാതെ വീക്ഷിക്കാന്‍ കഴിയുകയില്ലെന്ന സൂചനയും ഇവിടെയുണ്ട്. കാരണം, അനേകം പേരെ നിസ്വരാക്കിയും ബലികഴിപ്പിച്ചുമായിരിക്കും അതതിന്റെ പ്രയാണം ത്വരിതപ്പെടുത്തിയിരിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഏകീകരണശക്തിയായിരിക്കും അതിന്റെ ഇന്ധനം.

അടിസ്ഥാനപരമായി, ഓരോ വ്യക്തിയെയുമാണ് മതം സംബോധനംചെയ്യുന്നത്. ഐസക്കിന്റെ ബലിസന്ദര്‍ഭത്തില്‍ ആ സംബോധനയെ അതിന്റെ സര്‍വ വിഹ്വലതകളോടും കൂടി അബ്രഹാം അനുഭവിച്ചു. ഹിംസ നടത്താന്‍ ആജ്ഞാപിക്കപ്പെടുമ്പോഴും ഹിംസയൊരിക്കലും ഒരു അവസാനമായിരിക്കുകയില്ലെന്നും, അത്ഭുതകരമായി മകനെ തനിക്ക് തിരിച്ചുകിട്ടുമെന്നും ഉറച്ചു വിശ്വസിക്കുന്നുണ്ട് അദ്ദേഹം. അതങ്ങനെയേ സംഭവിക്കൂ എന്ന് തീര്‍ച്ചയായും ദൈവത്തിനുമറിയാം. അപ്പോള്‍ അപനിര്‍മിക്കപ്പെടാന്‍ പോകുന്ന നൈമിഷികമായ ഒന്നാണ് ഇവിടെ മനുഷ്യബലി. അങ്ങനെ വരുമ്പോള്‍ ഹിംസക്കപ്പുറത്ത് അപരസ്‌നേഹത്തിലൂടെയേ വിശ്വാസം പാരമ്യതപ്രാപിക്കൂ എന്ന മഹത്തായ സന്ദേശം കൂടിയാണ് ഇവിടെ ആവിഷ്‌കൃതമാവുന്നത്.

അതുപോലെ, ആദിമബലിയില്‍ ദൈവം മനുഷ്യരാല്‍ നിര്‍മിക്കപ്പെടുന്നുവെങ്കില്‍, ഇവിടെ ഇങ്ങനെയൊരു ദുര്‍ഗ്രഹമായൊരു സന്ദര്‍ഭമുണ്ടാകുന്നതിന്റെ മൂന്നുപാധി തന്നെ സ്പഷ്ടമായ ദൈവാസ്തിത്വമാണ്. യഥാര്‍ഥ വിശ്വാസത്തെ മനുഷ്യന്‍ കണ്ടെത്തുന്നു എന്നതിലും ശരി അത് മനുഷ്യനെ കണ്ടെത്തുന്നു എന്നതാവാം.

താര്‍ക്കികമായ അനിവാര്യതകളടിസ്ഥാനമാക്കിയുള്ള ആലോചനകള്‍ ഒരു പരിധി കഴിഞ്ഞാല്‍ സ്വത്വത്തെയൊന്നടങ്കം ആശ്ലേഷിക്കുന്ന പരിവര്‍ത്തനത്തിന്റെ അലകളുണ്ടാക്കുന്ന ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുത്താല്‍ മാത്രമേ മതകീയാസ്തിത്വം തന്മയത്വത്തോടെ മനുഷ്യനിലവതരിക്കൂ. ആ കുതിച്ചുചാട്ടത്തില്‍, സ്വീകര്‍ത്താവിന്റെ നിലയായിരിക്കും മനുഷ്യന്. തന്റെ മറ്റൊരു കൃതിയായ Repetitionല്‍ ഒരു പൂര്‍വാനുഭവം നവ്യാനുഭൂതിയോടെ ആവര്‍ത്തിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട് കീര്‍കെഗാദിന്റെ തൂലികാനാമമായ കോണ്‍സ്റ്റന്റൈന്‍. നാം അത് സാധ്യമാക്കുന്നു എന്നതിലപ്പുറം, അത് നമുക്കുമേല്‍ ആപതിക്കുന്നു എന്ന് പറയുന്നതാണ് ഏറെ ഉചിതമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഒരര്‍ഥത്തില്‍ മനുഷ്യബലിയിലുള്ള അവിശ്വാസമാണ് അബ്രഹാമിന്റെ വിശ്വാസത്തിന്റെ കാതല്‍. അറുക്കപ്പെടാനൊരുങ്ങുന്നത് തിരിച്ചുകിട്ടുമെന്ന വിശ്വാസം മറ്റൊരു വിധത്തില്‍ യുക്തമായ വിശ്വാസം കൂടിയാണ്. കാരണം, ദൈവം പരമകാരുണികനാണ് എന്ന പ്രഥമമായ ഉറപ്പില്‍ നിന്ന് ന്യായമായും വരുന്നതാണത്. ഏതായാലും, ബലിയുടെ പരിഹാരകശേഷിയില്‍ വിശ്വസിച്ച ആദിമഹിംസക്ക് യഥാര്‍ഥ മതകീയത നഷ്ടപ്പെടുകയാണുണ്ടായത്. എന്നാല്‍ ഹിംസയിലുള്ള അവിശ്വാസത്തിലൂടെ അബ്രഹാം അത് നേടിയെടുക്കുകയും ചെയ്തു.

അപരനും വിശ്വാസവും

കീര്‍കെഗാദ് ആവിഷ്‌കരിക്കുന്ന മതകീയാസ്തിത്വത്തിനെതിരെ അഡോര്‍ണോയടക്കമുള്ളവരുന്നയിച്ച പ്രധാന വിമര്‍ശനം, സമൂഹത്തില്‍ നിന്നും വിഛേദിതമായ ബൂര്‍ഷ്വാവ്യക്തിത്വത്തെയാണ് അതവതരിപ്പിക്കുന്നതെന്നായിരുന്നു. അനീതിയും അക്രമവും നടമാടുന്ന ചുറ്റുപാടുകളെ അവഗണിച്ച്, അപരനെ മാറ്റി നിര്‍ത്തി സ്വയത്തിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന ഈ വ്യക്തിസങ്കല്‍പം വിമോചനസമരങ്ങള്‍ അനിവാര്യതയായി മാറിയ മുതലാളിത്ത ലോകക്രമത്തില്‍ ഏറെ വൈകല്യമുള്ള ഒന്നാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Theodor W. Adorno Biography - Facts, Childhood, Family Life & Achievements
Adorno

കീര്‍കെഗാദില്‍ രാഷ്ട്രീയപരമായ ഒന്നുമില്ലെന്നുള്ള തെറ്റിദ്ധാരണയില്‍നിന്നാണ് ഇതുവരുന്നത്. ബലിസന്ദര്‍ഭത്തില്‍ ഐസക്കിനെ തിരിച്ചുകിട്ടുന്നത്, അബ്രഹാം ഭൗതികതയെ പ്രാപിക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മെറോള്‍ഡ് വെസ്റ്റ്ഫാല്‍, സറ്റീഫന്‍ ഡണിംഗ് തുടങ്ങിയ കീര്‍കെഗാദ് പണ്ഡിതര്‍ ഈ വിമര്‍ശനത്തിന് മറുപടി പറഞ്ഞിട്ടുണ്ട്.

സത്യത്തില്‍, അപരന്‍ തന്റെ പൂര്‍ണത പ്രാപിക്കുന്ന നിമിഷത്തെയാണ് fear and tremblingലുള്ള മതകീയത അടയാളപ്പെടുത്തുന്നത്. കലാപരവും, ധാര്‍മികവുമായ ജീവിത സാധ്യതകളിലുള്ളതിനേക്കാള്‍ ശക്തമായ അപരസാന്നിധ്യമാണിവിടെ തെളിയുന്നത്. അബ്രഹാമിന്റെ വിശ്വാസപരമായ അസ്തിത്വത്തിന്റെ നിലനില്‍പ് തന്നെ അപരനോടുള്ള ബന്ധത്തെയടിസ്ഥാനമാക്കിയാണ്.

ദൈവത്തിന്റെ കല്‍പന സ്വയത്തെ ബലിയര്‍പ്പിക്കാനല്ല, മകനെന്ന അപരനെയാണെന്നതാണ് ശ്രദ്ധേയം. സ്വയത്തെ ബലിയര്‍പ്പിക്കാനുള്ള ആജ്ഞയുണ്ടാവുകയും അത് അബ്രഹാം നിറവേറ്റുകയും ചെയ്തുവെങ്കില്‍ അദ്ദേഹം അനന്തപരിത്യാഗത്തിന്റെ നില പ്രാപിച്ചുവെന്നു മാത്രമേ പറയാനുള്ളൂ. എന്നാല്‍, പുത്രബലിയാണ് വിശ്വാസ പരീക്ഷണത്തിന്റെ അളവുകോലെങ്കില്‍ അപരനിഷേധമല്ലേ യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്? ഒരിക്കലുമല്ല, കാരണം നേരത്തെ പറഞ്ഞതുപോലെ, അബ്രഹാമിനെ മതകീയാസ്തിത്വത്തിന്റെ അത്യുന്നത രൂപമാക്കുന്നത് ബലിയെ നിരാകരിക്കുന്ന, പുത്രനെ തിരിച്ചുകിട്ടുമെന്ന അദ്ദേഹത്തിന്റെ ദൃഢവിശ്വാസമാണ്. അപ്പോള്‍ അപരസ്‌നേഹത്തിന്റെ വിജയമാണ് യഥാര്‍ഥത്തില്‍ ഈ ബലി സന്ദര്‍ഭത്തില്‍ സംഭവിക്കുന്നതെന്ന് കാണാവുന്നതാണ്. ഭൗതികതയുമായുള്ള കൂടിച്ചേരലാണ് ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസമെന്നത്, അല്ലാതെ അപരനില്‍നിന്ന് വേര്‍പെട്ട ആത്മനിഷ്ഠമായൊരു അസ്തിത്വമല്ല.

ഇതുവരെ പറഞ്ഞത്, പ്രസ്തുത സംഭവത്തിനുള്ളിലെ അപരന്റെ കാര്യമാണ്. എന്നാല്‍ കഥക്ക് പുറത്ത് അവഗണിക്കാനാവാത്ത സാന്നിധ്യമായി നിലകൊള്ളുന്ന മറ്റൊരു അപരനുണ്ട്. അത്, പൊതുയുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തത്ര നിഗൂഢമായ ഈ സംഭവത്തിന് ആധികാരത നല്‍കിയ വിശ്വാസികളാണ്. അബ്രഹാമല്ലാത്ത മറ്റൊരു വ്യക്തിക്കാണ് ഇങ്ങനെയൊരു വെളിപാട് കിട്ടിയതെങ്കില്‍ കൊലപാതകതുല്യം എന്നേ ആരും അതിനെക്കുറിച്ച് പറയൂ. എന്നാല്‍, അബ്രഹാമിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന ആധികാരികതയിലാണ് ഈ സംഭവത്തിന്റെ നിലനില്‍പുതന്നെ. അപ്പോള്‍, സംഭവത്തിന് ആധികാരികത നല്‍കുന്ന അപരന്റെ സാന്നിധ്യം കൂടി ഇവ്വിഷയമായിട്ടുള്ള ചര്‍ച്ചകളില്‍ ഉള്‍പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.

ചുരുക്കത്തില്‍, വിമര്‍ശകര്‍ കരുതുന്നതിനേക്കാള്‍ വിശാലമാണ് കീര്‍കെഗാദിന്റെ വിശ്വാസലോകം. ഹിംസക്കപ്പുറത്ത് വിവിധങ്ങളായ അര്‍ഥതലങ്ങളുള്‍വഹിക്കുന്നതാണ് അത്. അപ്രകാരം തന്നെ അതിനെ നോക്കിക്കാണാനാണ് മിക്ക കീര്‍ക്കെഗാദ് പണ്ഡിതര്‍ ശ്രമിച്ചതും.

ഖിദ്ർ പി.ടി തറയിട്ടാൽ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.