Thelicham

ഹജ്ജും കടൽകൊള്ളയും: കടൽ ആഖ്യാനങ്ങളിലെ ഗന്ജെ സവായി

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ആദ്യകാല ഹജ്ജ്‌യാത്ര ചരിത്രത്തിലെ കുപ്രസിദ്ധ ഏടാണ് മുഗള്‍ കപ്പല്‍ ഗന്‍ജേ സവായിയുടേത്. 1695ല്‍ ഹജ്ജ് യാത്രകഴിഞ്ഞ് തീര്‍ഥാടകരും ചരക്കുകളുമായി സൂറത്തിലേക്ക് യാത്രതിരിച്ച ഗന്‍ജെ സവായിയെ ഹെന്റി എവരിയുടെ നേതൃത്വത്തിലുള്ള കൊള്ളസംഘം ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് കൊള്ളയടിച്ചു. ചെങ്കടല്‍ കേന്ദ്രീകരിച്ച് വളര്‍ന്നുപന്തലിച്ച കടല്‍കൊള്ളയുടെ ചരിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയ ദാരുണവും, എന്നാല്‍ ഏറ്റവും ലാഭകരവുമായ കവര്‍ച്ചകളിലൊന്നായിരുന്നു ഗന്‍ജെ സവായി.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ പഠനങ്ങളൊക്കെയും കടല്‍കൊള്ളയുടെ യുറോപ്യന്‍ സ്രോതസ്സുകള്‍ അവലംബിച്ചുള്ളതാണ്.
1695ലെ മുഗള്‍ കപ്പല്‍മേധാവി മുഹമ്മദ് ഇബ്രഹീം, കപ്പലുകള്‍ക്ക് നേരിട്ട ദുരനുഭവത്തെ വിവരിച്ച് എഴുതിയ കത്ത്, മുഗള്‍ സാമ്രാജ്യവും പതിനേഴാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ ഉടലെടുത്ത യൂറോപ്യന്‍ കടല്‍കൊള്ളയുടെ രണ്ടാം തരംഗവും തമ്മിലുളള സംഘട്ടനങ്ങളുടെ രേഖയാണ്. മുഹമ്മദ് ഇബ്രാഹീമിന്റെ കത്തും മറ്റുള്ള സ്രോതസ്സുകളും, മുഗള്‍ സാമ്രാജ്യവും ഇസ്‌ലാമിന്റെ പുണ്യ നഗരങ്ങളായ മക്കയും മദീനയും തമ്മില്‍ നിലനിന്നിരുന്ന ബാന്ധവത്തെകുറിച്ചും, തീര്‍ഥാടനത്തിനും കച്ചവടത്തിനും തടസ്സം നില്‍ക്കുന്ന യൂറോപ്യന്‍ കടല്‍കൊള്ളക്കാരെക്കുറിച്ചും വെളിപെടുത്തുന്നുണ്ട്.

മുഗള്‍ തുറമുഖമായ സൂറത്തിനും ചെങ്കടലിനും മധ്യേയുള്ള പാതയുടെ പ്രാധാന്യം വെറും കച്ചവടം മാത്രമായിരുന്നില്ല, മറിച്ച് ഇതിനിടയില്‍ നിലനിന്നിരുന്ന ആഗോള തീര്‍ഥാടനം കൂടിയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ആഗതമാവുന്ന ഹജ്ജ് മുസ്‌ലിംങ്ങള്‍ക്ക് ആയുഷ്‌കാലത്തിനിടക്ക് ഒരു തവണയെങ്കിലും നിര്‍വഹിക്കേണ്ട ആരാധനയാണ്. ഈ മാനദണ്ഡം ആധുനിക കാലത്തെ ആരംഭ ദശയിലെ ഏറ്റവും വലിയ മനുഷ്യസഞ്ചാരത്തിന് കാരണമായിത്തീര്‍ന്നു.

ഉത്തരാഫ്രിക്കയിലെ അറ്റ്‌ലാന്റിക്ക് തീരങ്ങളില്‍ നിന്നുവരെ തീര്‍ഥാടകര്‍ ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഉഷ്ണമേഖലയില്‍ എത്തിച്ചിരുന്നു. ഇവരുടെയെല്ലാം യാത്രാലക്ഷ്യം ഒട്ടോമന്‍ ഭരണകൂടത്തിന്റെ കീഴിലുണ്ടായിരുന്ന മക്കയും മദീനയുമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വളരെ അപകടം പിടിച്ച ഈ തീര്‍ഥാടന യാത്രകളുടെ രേഖകളധികവും ഒട്ടോമന്‍ ഭരണകൂടത്തിനു കീഴിലെ സഞ്ചാരങ്ങളെക്കുറിച്ചാണ്. മക്കയിലേക്കുളള മുഗള്‍ സഞ്ചാരത്തെക്കുറിച്ചുള്ള രേഖകള്‍ കുറവാണ്. പക്ഷെ അതിനിടയിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കവര്‍ച്ചയുടെ വര്‍ത്തമാനമാണ് ഗന്‍ജെ സവായി.

ഗന്‍ജെ സവായി കവര്‍ച്ച

1695 ഓഗസ്റ്റ്, ഹജ്ജ് കഴിഞ്ഞ് സൂറത്തിലേക്ക് തിരിച്ച മുഗള്‍ കപ്പല്‍വ്യൂഹത്തെ കാത്ത്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സോകത്തറ ദ്വീപിനും സൂറത്തിനുമിടയില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് കടല്‍കൊള്ള കപ്പലുകള്‍ കാത്തിരുന്നു.കൊള്ളക്കപ്പലുകളിലെ ഏറ്റവും വലുതും പീരങ്കികളുമടങ്ങിയ ഫാന്‍സിയെ നയിച്ചിരുന്നത് ഇംഗ്ലീഷുകാരനായ ഹെന്റി എവരിയായിരുന്നു. മുഗള്‍ കപ്പല്‍വ്യൂഹത്തിലെ വലിയ രണ്ട് കപ്പലുകളായ ഫത്തേഹ് മുഹമ്മദും, 80 പീരങ്കികളുള്ള ഗന്‍ജെ സവായിയും ദൃശ്യമായ ഉടനെ തന്നെ ഹെന്റി രണ്ട് കപ്പലുകളെയും വെടിയുതിര്‍ത്ത് വീഴ്ത്തി. കപ്പലുകളില്‍നിന്ന് ലഭിച്ച കൊള്ളമുതലൊക്കെ ഫാന്‍സിയിലേക്ക് മാറ്റിയതിന് ശേഷം എവരി, ആക്രമണം അറിയിക്കാന്‍ സൂറത്തിലേക്ക് പതാകക്കപ്പലായ ഗന്‍ജെ സവായിയെ തിരിച്ചയച്ചു. രണ്ടു കപ്പലുകളില്‍ നിന്നുമായി ലഭിച്ച കൊള്ളമുതല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന സമ്പത്തായിരുന്നു.

ഹെന്റി എവരിയുടെ നാവിക പര്യടനം ഹജ്ജ് കപ്പലുകള്‍ കേന്ദ്രീകരിച്ചുള്ള പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആദ്യത്തെയോ അവസാനത്തയൊ കവര്‍ച്ചയായിരുന്നില്ല. തദ്ദേശികവും വൈദേശികവുമായ കടല്‍കൊള്ളയുടെ നീണ്ടചരിത്രം ഇന്ത്യന്‍ മഹാസമുദ്രത്തിനുണ്ട്. പോര്‍ച്ചുഗീസുകാരുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവേശവും അതിന് മറുപടിയായി ഒട്ടോമന്‍, മുഗള്‍, മംലൂക് പ്രത്യാക്രമണങ്ങളുമായി നിരന്തരം പ്രസ്തുത മേഖലയിലെ കൊള്ള ചരിത്രവഴികള്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു.

ഇന്ത്യന്‍മഹാസമുദ്രത്തിലൂടെയുളള കൈമാറ്റചരിത്രം ചികയുമ്പോള്‍ പൊതുവായി കടല്‍കൊള്ളയുടെ വഴിയടയാളങ്ങള്‍ കാണാം. അതില്‍ പതിനേഴാം നൂറ്റാണ്ട് സവിശേഷ ഇടം അര്‍ഹിക്കുന്നുണ്ട്. കാരണം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാഗ്യം തേടിയിറങ്ങിയ കടല്‍കൊള്ളക്കാരുടെ സുവര്‍ണ കാലഘട്ടമായാണ് ഈ നൂറ്റാണ്ട് ഗണിക്കപ്പെടുന്നത്. ഈ സമയത്തെ കടല്‍കൊള്ളയധികവും മഡഗാസ്‌കറിന്റെ വടക്കുകിഴക്കുള്ള സെറ്റ് മേരീസ് ദ്വീപുകള്‍ കേന്ദ്രീകരിച്ചായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മണ്‍സൂണ്‍ കാലാവസ്ഥ വിദൂരമായ കച്ചവടങ്ങള്‍ക്ക് പോലും അനുയോജ്യമായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലായിരുന്നു പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച് കമ്പനികളും വ്യാപാരികളും ഈ മേഖലകളില്‍ കച്ചവടത്തിനിറങ്ങിയത്. വ്യാപാരവേളയിലെ ചരക്കുകളുടെയും സമ്പത്തിന്റെയും ഒഴുക്കില്‍ കണ്ണ് നട്ടായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ കവര്‍ച്ചയുടെയും വളര്‍ച്ച. അതിലധികവും ഇംഗ്ലീഷ് കച്ചവടക്കാരും മുഗള്‍ ഹജ്ജ് യാത്രാവ്യൂഹങ്ങളുമായിരുന്നു ഇരകള്‍.

1570ല്‍ അക്ബര്‍ സൂറത്ത് കീഴടക്കിയതുമുതലാണ് ഒന്നര നൂറ്റാണ്ട് നീണ്ട മുഗള്‍ തീര്‍ഥാടക സംഘങ്ങളുടെ മക്കയിലേക്കുള്ള യാത്രകള്‍ ആരംഭിക്കുന്നത്. (സൂറത്ത് കീഴടക്കിയെങ്കിലും ചെങ്കടല്‍ മുതല്‍ കാംബൈ കടലിടുക്കിനിടയില്‍ ഉണ്ടായിരുന്ന പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങളുമായി മുഗള്‍ ഭരണകൂടത്തിന് ഉടയേണ്ടിവന്നു.) തീര്‍ഥാടകരെയും കച്ചവടപാതയെയും സംരക്ഷിക്കാന്‍ വൈകാതെ ചക്രവര്‍ത്തി അക്ബര്‍ സമവായത്തിന് തയ്യാറായി.

ചുരുക്കത്തില്‍, മുഗളിന്റെ ഹജ്ജ്‌യാത്രകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യൂറോപ്യന്‍ കച്ചവട ശക്തികളുമായുള്ള സൗഹൃദവും ശത്രുതയുമായിരുന്നു നിര്‍ണയിച്ചിരുന്നത്. അക്ബറിന്റെ ജീവചരിത്രകാരന്‍ അബുല്‍ ഫള്ല്‍ എൈനെ അക്ബരിയില്‍ ഇപ്രകാരം എഴുതുന്നു: ‘ഫിറന്‍ഗീസ് (പോര്‍ച്ചുഗീസ്) ഹാജിമാരുടെ ഹിജാസിലേക്കുള്ള യാത്രക്ക് മുമ്പില്‍ വിഘ്‌നമായി നില്‍ക്കുന്നു’. മുഗള്‍ സാമ്രാജ്യത്തിന്റെ കീഴില്‍ രണ്ട് കപ്പലുകള്‍ ഹജ്ജിന് വേണ്ടി നിര്‍മിക്കപ്പെട്ടിരുന്നു എന്നും ഇലാഹീ, സാലിമീ എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നതെന്നും പ്രമുഖ ചരിത്രകാരി ശീറിന്‍ മുസ്‌വി വിശദീകരിക്കുന്നുണ്ട്.

മണ്‍സൂണ്‍ കാറ്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമുദ്രത്തിലെ തീര്‍ഥാടന, കച്ചവട സമയങ്ങള്‍ പ്രവചനീയമായിരുന്നു. ഈ അവസരങ്ങളിലെല്ലാം മക്കയില്‍നിന്ന് തിരിക്കുന്ന യാത്രാസംഘങ്ങള്‍ക്കൊപ്പം സ്വര്‍ണവും ചരക്കുകളും ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഇക്കാരണം കൊണ്ടാണ് കച്ചവടക്കാരും തീര്‍ഥാടകരും തമ്മില്‍ തങ്ങളുടെ കച്ചവടത്തിനുകൂടിയുള്ള അവസരമായി ഹജ്ജ് യാത്രയെ കണ്ടത്. ഇതേ അവസരം തന്നെയാണ് ചെങ്കടല്‍ കേന്ദ്രീകരിച്ചുള്ള കടല്‍കൊള്ളക്കും വലിയൊരളവില്‍ സഹായകമായത്. ഗന്‍ജെ സവായി സംബന്ധിച്ചുള്ള സ്രോതസ്സുകളെ അവലംബിച്ച്, ദക്ഷിണേഷ്യയും ഇസ്‌ലാമികലോകവും തമ്മില്‍ ഹജ്ജ് വഴി രൂപപ്പെട്ട കച്ചവട ശൃംഖലകളെ ഒരു പരിധി വരെ പുനര്‍നിര്‍മിക്കാന്‍ സാധിച്ചേക്കാം.

മുഗള്‍ പുനരാഖ്യാനങ്ങള്‍


1722ലെ കഫി ഖാന്റെ മുന്‍തകബുല്‍ ലുബാബ് ഗന്‍ജെ സവായി ആക്രമണത്തിന്റെ മുഗള്‍ പുനരാഖ്യാനമാണ്. കഫി ഖാന്‍ ഔറംഗസേബിന്റെ അനൗദ്യോഗിക ചരിത്രകാരനായിരുന്നു. മുന്‍തകബുല്‍ ലുബാബില്‍ അദ്ദേഹം ഒരുപാട് താളുകള്‍ ഗന്‍ജെ സവായിക്ക് വേണ്ടി മാറ്റിവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചന മുഗള്‍ സാമ്രാജ്യം ഹജ്ജ് യാത്രക്ക് നല്‍കിയിരുന്ന പ്രാധാന്യത്തെ കുറിച്ചിടുന്നുണ്ട്.

കഫി ഖാന്‍ വിവരിക്കുന്നപ്രകാരം ഗന്‍ജെ സവായി സൂറത്തില്‍നിന്ന് പുറപ്പെടുന്ന ഏറ്റവും വലിയ കപ്പലായിരുന്നു. എല്ലാ വര്‍ഷവും അത് മക്കയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെടും. ഗന്‍ജെ സവായി അറേബ്യന്‍ തുറമുഖങ്ങളായ മക്കയിലേയും ജിദ്ദയിലേയും കച്ചവടങ്ങള്‍ക്ക് ശേഷം സ്വര്‍ണവും വെള്ളിയുമായി അന്‍പത്തിരണ്ട് ലക്ഷം രൂപ അടങ്ങുന്ന സ്വത്തുക്കളുമായി തിരിച്ചുവരികയായിരുന്നു.

മുഗള്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുള്ള ഗന്‍ജെ സവായി കൊള്ളയെ കുറിച്ച് മുന്‍തകബുല്‍ ലുബാബില്‍ വിവരിക്കുന്നത് ഇപ്രകാരമാണ് ‘സൂറത്തില്‍ നിന്ന് എട്ടോ ഒന്‍പതോ ദിവസത്തെ യാത്രക്ക് ശേഷം ഒരു ഇംഗ്ലീഷ് കപ്പല്‍ പ്രത്യക്ഷപ്പെട്ടു. കൊള്ളക്കപ്പലുകളാണെന്ന് തിരിച്ചറിഞ്ഞയുടനെ അതിനു നേരെ നിറയൊഴിക്കല്‍ ആരംഭിച്ചെങ്കിലും, നിര്‍ഭാഗ്യവശാല്‍ കപ്പലിലെ ഒരു പീരങ്കി പൊട്ടിത്തെറിക്കുകയും നിരവധി യാത്രക്കാരുടെ ജീവഹാനിക്ക് കാരണമായിത്തീരുകയും ചെയ്തു.

ഉടനെ കൊള്ളക്കപ്പലായ ഫാന്‍സി പ്രത്യാക്രമണം തുടരുകയും ഗന്‍ജെ സവായിയുടെ പ്രധാന പായ്മരം തകര്‍ക്കുകയും ചെയ്തു. അദ്ദേഹം തുടരുന്നു: കച്ചവടചരക്കുകളും കച്ചവട മുതലുകളും ഫാന്‍സിയിലേക്ക് മാറ്റി. നിധി ശേഖരങ്ങള്‍കൊപ്പം കപ്പലിലുണ്ടായിരുന്ന യാത്രക്കാരായ തീര്‍ഥാടകരെ തടവുപുള്ളികളായി പിടിച്ചു. പ്രായഭേദമന്യേ സത്രീകളെ മാനഭംഗപ്പെടുത്തുകയും പുരുഷന്‍മാരെ കൊടിയ പീഢനങ്ങള്‍ക്കും ഇരയാക്കി’. ഒരുപാട് സ്ത്രീകള്‍ തങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കാന്‍ കടലിലേക്ക് ചാടിയും മറ്റും ആത്മാഹുതിക്ക് തയ്യാറായി.

പ്രസ്തുത രേഖകള്‍ പ്രധാനമായും ഗന്‍ജെ സവായിയെപ്രതിയുളള സംഭവങ്ങള്‍ മാത്രമേ വിവരിക്കുന്നുള്ളൂ. ലഭ്യമായ ചില ദക്ഷിണേഷ്യന്‍ സ്രോതസ്സുകള്‍ ആദ്യകാല ആധുനിക ഹജ്ജിനെപ്രതിയും കപ്പല്‍ നിര്‍മാണത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ രേഖകള്‍ പ്രസ്തുത സംഭവത്തിന് ശേഷം വഷളായ മുഗള്‍- ഈസ്റ്റ് ഇന്ത്യ കമ്പനി ബന്ധങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ഹജ്ജിന്റെ സീസണിലൂടെ അഭിവൃദ്ധിപ്പെട്ട വാണിജ്യ ബന്ധങ്ങളെക്കുറിച്ചും വിവരങ്ങള്‍ തരുന്നു. കഫി ഖാന്റെ രേഖകള്‍ക്ക് പുറമെ ഇംഗ്ലീഷ് കടല്‍കൊള്ളക്കാരുടെത്തന്നെ സാക്ഷിമൊഴികളും സംഭവത്തിന് ആധാരമായുണ്ട്.

കടല്‍കൊള്ളകാരന്റെ ഏറ്റുപറച്ചില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം, പിടിക്കപ്പെട്ട കപ്പല്‍ അംഗങ്ങള്‍ ഓള്‍ഡ് ബെയ്‌ലില്‍ നല്‍കിയ സാക്ഷിമൊഴി പ്രകാരം, 1694 മെയ് 30 സ്‌പെയ്ന്‍ തീരത്തുവെച്ചാണ് ഇതിന്റെയെല്ലാം ആരംഭം. വേതനം ലഭിക്കാത്ത ചാര്‍ള്‍സ് ദി സെക്കന്‍ഡ് എന്ന കപ്പലിലെ തൊഴിലാളികള്‍ ഹെന്റി എവരിയുടെ നേതൃത്വത്തില്‍ സംഘടിച്ചു കലാപം നയിച്ചു. പിടിച്ചെടുത്ത കപ്പല്‍ ഫാന്‍സിയെന്ന് പുനര്‍നാമകരണം ചെയ്ത് നാല്‍പത് പീരങ്കികളുമായി എവരിയുടെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചു.

തെക്കെ ആഫ്രിക്കന്‍ തീരങ്ങളില്‍ ചെറുതും വലുതുമായ കപ്പലുകള്‍ കൊള്ളയടിച്ച് യാത്രതുടര്‍ന്ന അവര്‍ മഡഗാസ്‌കറിനടുത്ത് സ്ഥിതിചെയ്യുന്ന യൊഹാന ദ്വീപുകളില്‍ എത്തിച്ചേര്‍ന്നു. ഈ ദ്വീപ് ദക്ഷിണേഷ്യന്‍ കച്ചവട പാതയിലെ പാണ്ഡികശാലയെന്നറിയപെടുന്ന സൂറത്തിലേക്കുള്ള യാത്രാമധ്യേയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെവെച്ചാണ് ഹെന്റി എവരി തന്റെ ആത്മഗതങ്ങളെ ലോകത്തോട് പ്രഖ്യാപിച്ചത്.

1695 ഫെബ്രുവരി 29ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറാന്‍ ഒരു കത്ത് നല്‍കിയാണ് എവരി അടുത്ത യാത്ര ആരംഭിക്കുന്നത്. കത്തില്‍ തന്റെ കപ്പല്‍ 46 പീരങ്കികളും 150 തൊഴിലാളികളുമടങ്ങിയതാണെന്നും ഇംഗ്ലീഷ്, ഡച്ച് കപ്പലുകളെ താന്‍ അക്രമിച്ചിട്ടില്ലെന്നും അത് തങ്ങളുടെ ലക്ഷ്യത്തില്‍ ഇല്ലെന്നും അതില്‍ ഉള്‍പെടുത്തിയിരുന്നു. കത്തിലൂടെ യൂറോപേതര യാത്രാ കപ്പലുകളാണ് ലക്ഷ്യെമെന്ന് പ്രഖ്യാപിക്കുന്നത് തന്റെ കടല്‍കൊള്ളയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കാന്‍ താല്‍പര്യമില്ലാത്തതിന്റെ ഭാഗമായിരുന്നു. എങ്കിലും കത്തിലൂടെ താന്‍ അക്രമിച്ച ഇംഗ്ലീഷ് കപ്പലുകളെ തന്ത്രപൂര്‍വമായി മറച്ചുവെക്കാന്‍ ഹെന്റി ശ്രമിക്കുന്നുണ്ട്.

എവരിയുടെ കത്ത് സൂചിപ്പിക്കുന്നതുപ്രകാരം അദ്ദേഹത്തിന്റെയും മറ്റുചിലരുടെയും കണ്ണില്‍ മുസ്‌ലിം കപ്പലുകളെ അക്രമിക്കല്‍ മാപ്പ് ലഭിക്കുന്ന കുറ്റമായിരുന്നു എന്നുവേണം കരുതാന്‍. എവരിയുടെ സ്‌പെയിന്‍ തീരത്ത്‌നിന്ന് ചെങ്കടലിലേക്കുള്ള യാത്രയുടെ കാരണമായി സൂചിപ്പിക്കപെടുന്നതും ഇതേ ഉദാസീനമായ നിലപാടാണ്. ബ്രിട്ടന്‍, ഡച്ച് കപ്പലുകള്‍ ഒഴിവാക്കി മുസ്‌ലിം കപ്പലുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകവഴി ഒരുനാള്‍ കവര്‍ച്ച ഒഴിവാക്കി ഇംഗ്ലണ്ടിലേക്കുതന്നെ മടങ്ങിയാല്‍ ശിക്ഷ ലഘൂകരിക്കാന്‍ തനിക്കും കൂട്ടാളികള്‍ക്കും സാധിച്ചേക്കാം എന്നതാണ്.

യോഹാന ദ്വീപില്‍ രക്ഷാധികാരിക്കടുത്ത് കത്ത് ഏല്‍പിച്ചതിന് ശേഷം എവരി തന്റെ താവളമായ മഡഗാസ്‌കറിലെ സെന്റ് മേരീസ് ദ്വീപില്‍നിന്ന് യാത്രതിരിച്ചു. ഇന്നത്തെ സൊമാലിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന മയ്ദ് നഗരം കെള്ളയടിച്ചതിന് ശേഷം ചെങ്കടലിലെ കടല്‍മുഖത്ത് ഹജ്ജ്കപ്പലുകള്‍ക്ക് വേണ്ടി തക്കം പാര്‍ത്തിരുന്നു. ഫാന്‍സിക്കുപുറമെ അഞ്ച് വ്യത്യസ്ത കൊള്ളക്കപ്പലുകളുമായി അഞ്ച് ആഴ്ച ഹജ്ജ്കപ്പല്‍ വ്യൂഹങ്ങള്‍ക്ക് വേണ്ടി അവര്‍ കാത്തുനിന്നു. സാക്ഷിമൊഴിപ്രകാരം ആദ്യമായി അവര്‍ ഗണ്‍സ് വേ(ഗന്‍ജെ സവായി)യെ തിരിച്ചറിഞ്ഞു. ‘രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അവളെ ഞങ്ങള്‍ കീഴ്‌പെടുത്തി കൊള്ളയടിച്ചു, ശേഷം അതിനെ സൂറത്തിലെക്ക്തന്നെ തിരിച്ചയച്ചു.’

കുറച്ചധികം വര്‍ഷങ്ങള്‍ക്ക് ശേഷം എവരിയുടെ കപ്പലംഗവും സാക്ഷിയുമായിരുന്ന ഫിലിപ്പ് മിഡില്‍റ്റന്‍ എഴുതിനല്‍കിയ സാക്ഷിക്കുറിപ്പ് സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. കോടതി വിസ്താരത്തിനുമുമ്പ്, ഗന്‍ജെ സവായി ആക്രമണത്തിന് ഒരു വര്‍ഷ ശേഷം 1696 ഓഗസ്റ്റില്‍ എഴുതിനല്‍കിയ മൊഴിയില്‍ ഫിലിപ്പ് എഴുതുന്നു: മക്കയില്‍നിന്ന് സൂറത്തിലേക്ക് പുറപ്പെട്ട രണ്ട് സമ്പന്നമായ കപ്പലുകളെക്കുറിച്ച് വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഞങ്ങള്‍ ചെങ്കടലില്‍ അവസരം പാര്‍ത്തിരുന്നു. കപ്പലുകള്‍ പ്രത്യക്ഷമായപ്പോള്‍ത്തന്നെ തുടങ്ങിയ ആക്രമണം രണ്ട് മണിക്കൂര്‍ നീണ്ടു. കപ്പലുകളില്‍ 1300 ഉം 700 ഉം യാത്രികരുണ്ടായിരുന്നു.

ഫിലിപ്പ് തുടരുന്നു ‘കൊള്ളക്കാര്‍ യാത്രക്കാരെയും കപ്പലിനേയും കടലില്‍ രണ്ട് ദിവസം പിടിച്ചിട്ടു, എല്ലാവിധ സമ്പത്തും കൊള്ളയടിച്ചു, അവരുടെ അടുത്ത് വമ്പിച്ച സമ്പാദ്യങ്ങളുണ്ടായിരുന്നു, പലതും മുഗള്‍ രാജാവ് ഔറംഗസേബിനുള്ളതായിരുന്നു. മുഗള്‍ കപ്പലിലെ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു, സ്ത്രീകളെ കപ്പലില്‍വെച്ചുതന്നെ പീഢിപ്പിച്ചു, മാനഭംഗപ്പെടുത്തി. മുസ്‌ലിം സ്ത്രീകളുടെ അടുത്ത് വലിയ ആഭരണശേഖരണങ്ങള്‍ ഉണ്ടായിരുന്നെന്ന പരാമര്‍ശം പറയുന്നത് കപ്പലില്‍ യാത്രചെയ്ത സ്ത്രീകളുടെ ഉന്നതജാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്.’

ഫിലിപ്പ് മിഡില്‍റ്റന്റെ സാക്ഷിരേഖകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് കൊള്ളക്കാര്‍ ഹജ്ജ്‌യാത്രകഴിഞ്ഞ് വരുന്ന മുഗള്‍ കപ്പലിലെ സമ്പത്തിനെക്കുറിച്ച് ആദ്യമേ ബോധവാന്‍മാരായിരുന്നു എന്നാണ്. കാരണം ഹജ്ജ് കഴിഞ്ഞ് തീര്‍ഥാടകര്‍ മിനയിലെ വലിയ മാര്‍ക്കറ്റിലും മറ്റും കച്ചവടങ്ങള്‍ കഴിഞ്ഞാണ് തിരിക്കുകയെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പ്രാദേശിക ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കപ്പലുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കരസ്ഥമാക്കാനും കൊള്ളസംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ഔറംഗസേബിന്റെ പ്രതികരണം

1695ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് സൂറത്ത് തുറമുഖത്ത്‌നിന്നും ബ്രിട്ടീഷുകാരെ വിലക്കി ഉത്തരവിറക്കുകയുണ്ടായി. കച്ചവട അനുമതി പിന്‍വലിച്ചുകൊണ്ടുളള ഉത്തരവില്‍ ഔറംഗസേബ് പറയുന്നു ‘അവര്‍ (ബ്രിട്ടന്‍) കൊള്ളയടിച്ച കപ്പലുകള്‍ക്കും സമ്പത്തുകള്‍ക്കുമുള്ള നഷ്ടപരിഹാരം കച്ചവടത്തില്‍നിന്നും അവര്‍ക്കുള്ള നിരോധമാണ്. ഇതുമുതലാണ്, ഔറംഗസേബും മുഗള്‍ ഭരണകൂടവും ഹജ്ജ്‌യാത്രകളെ സംരക്ഷിക്കാന്‍ കടല്‍കൊള്ളക്കെതിരില്‍ യൂറോപ്യന്‍ രാജ്യങ്ങളോട് സ്വീകരിച്ച നടപടികളുടെ തുടക്കം നമുക്ക് കാണാനാവുന്നത്.

ഗന്‍ജെ സവായിയെ അക്രമിച്ചതാണ് ഔറംഗസേബിനെ പ്രകോപിപ്പിച്ചത് എന്ന് കരുതപ്പെടുന്നു, ഫാന്‍സി കപ്പലിലെ ജീവനക്കാരന്‍ ജോണ്‍ ഡുന്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്; രണ്ട് മണിക്കൂറിനുള്ളില്‍ അവളെ അവര്‍ കീഴ്‌പെടുത്തി, കൊള്ളയടിച്ചു. ശേഷം ബാക്കിയായ യാത്രക്കാരെ കപ്പലില്‍ കയറ്റി അവളെ സൂറത്തിലേക്ക് തന്നെ യാത്രയാക്കി. സൂറത്തിലെത്തിയ കടല്‍ കൊള്ളയുടെ ഇരകളില്‍നിന്ന്തന്നെ ലഭിച്ച വിവരണങ്ങള്‍ വളരെ വേഗത്തില്‍ മുഗള്‍ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വരെയെത്തി. കപ്പല്‍ഭേദം മത്രമല്ല മറിച്ച് യാത്രക്കാര്‍ മൃഗീയമായി ബലാത്സംഗത്തിനും ഇരയായി എന്നത്, കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.

ഹെന്റി എവരിയുടെ നേതൃത്വത്തിലെ കപ്പല്‍കൊള്ളയുടെ ഉത്തരവാദിത്തം ഔറംഗസേബ് വച്ചു നല്‍കിയത് ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഈ കാരണത്താലായിരുന്നു സൂറത്തില്‍നിന്ന് ഇംഗ്ലീഷുകാരെ വിലക്കിയത്. എന്നിരുന്നാലും ലഭ്യമായ മൊഴികളില്‍ നിന്നൊന്നും ഗന്‍ജെ സവായി അക്രമിച്ച കപ്പല്‍ ഇംഗ്ലീഷ് പതാക ഉപയോഗിച്ചതായി പറയുന്നില്ല.
ഇംഗ്ലീഷ് പൂരിറ്റന്‍ വൈദികന്റെ മകന്‍ സാമുവല്‍ സൂറത്തിലെ ഇന്ത്യന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രസ്തുത സംഭവത്തിന് ശേഷം ഇടക്കിടെ അറസ്റ്റിലായത് മുഗളിന്റെ കൊള്ളകള്‍ക്കെതിരിലുള്ള പ്രതികരണത്തിന്റെ ഭാഗമായിരുന്നു.

ആനസ്‌ലിയുടെ രേഖകള്‍ പ്രകാരം ‘മുറിവേറ്റവരുമായി കപ്പല്‍ സൂറത്തിലേക്ക് തിരിച്ചെത്തി, അതിലെ സ്ത്രീകളൊക്കെയും മാനഭംഗത്തിന് ഇരയായിരുന്നു’ കൊള്ളയുടെ ഉത്തരവാദിത്തം ജനങ്ങള്‍ ബ്രിട്ടീഷ് പ്രതിനിധികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ആനെസ്‌ലിയുടെ രേഖകള്‍ വ്യക്തമാക്കുന്നത് സംഭവത്തിന് ശേഷം മുഗള്‍ ഭരണകൂടം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഈസ്റ്റ് ഇന്ത്യകമ്പനിക്കും ഇംഗ്ലീഷുകാര്‍ക്കും നല്‍കിയതിനെ കുറിച്ചാണ്. കാരണം, അവര്‍ അവരുടെ നാട്ടുകാരനായ എവരിയുടെ കടല്‍ കൊള്ളയെ നയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതായിരുന്നു.

ഗന്‍ജെ സവായി കവര്‍ച്ച മുഗള്‍ ഭരണകൂടത്തിന്റെ ശ്രദ്ധ നേടുകയും അതേതുടര്‍ന്ന് മുഗളര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിന്റെ ഭാഗമായി ഈസ്റ്റ് ഇന്ത്യ കമ്പനി ഫാന്‍സിയിലെ ജോലിക്കാരെ വേട്ടയാടിപ്പിടിച്ചു. പക്ഷെ, കൊള്ളത്തലവന്‍ എവരി അപ്പോഴേക്കും അമേരിക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു. മുഗളരുടെയും ഇംഗ്ലീഷുകാരുടെയും ഇടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യതിയിലാക്കാന്‍ ശ്രമിച്ച ആറ് കപ്പല്‍ തൊഴിലാളികളെ ഇംഗ്ലീഷുകാര്‍ പിടിച്ചു. പിടിക്കപെട്ട ആറ് പേരെയും കോടതിയില്‍ ഹാജറാക്കിയെങ്കിലും ഗന്‍ജെ സവായി കവര്‍ച്ച ബ്രിട്ടീഷ് നിയമപ്രകാരം കുറ്റകരമായിരുന്നില്ല, എന്നാല്‍ ചാര്‍ലെസ് ദി സെക്കന്‍ഡില്‍ കലാപം നയിച്ചതിനും എവരിയെ സഹായിച്ചതിനും അവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു.

കപ്പല്‍ മേധാവിയുടെ കുറിപ്പുകള്‍


ബ്രിട്ടീഷ് ലൈബ്രറിയില്‍ ലഭ്യമായ, ചരിത്രകാരന്‍മാരാല്‍ അവഗണിക്കപ്പെട്ട രേഖയാണ് പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഗന്‍ജെ സവായി ക്യപ്റ്റന്റെ കത്ത്. ഈ കത്ത് മുഗള്‍ രാജാവ് ഔറംഗസേബ് സംഭവത്തെ എങ്ങനെയാണ് കണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. മുഗള്‍ ചരിത്രകാരന്‍ കഫി ഖാന്‍ ക്യാപ്റ്റന്റെ പേര് ഇബ്രാഹീം ഖാന്‍ ആണെന്ന് സ്ഥിരപ്പെടുത്തുന്നുണ്ട്. കൈയ്യഴുത്ത് പ്രതിയില്‍ കപ്പലിനെ ഗന്‍ജെ സവായി യെന്നും ജഹാസെ മുബാറക്(വിശുദ്ധകപ്പല്‍)യെന്നും വിശദീകരിക്കുന്നുണ്ട്.

കപ്പല്‍ മേധാവി ഇബ്രാഹീം തന്റെ കത്ത് തുടങ്ങുന്നത് ഗന്‍ജെ സവായിയുടെ മക്കയില്‍നിന്നുള്ള യാത്രാരംഭത്തെക്കുറിച്ച് പറഞ്ഞാണ്. ശേഷം സോകത്തറ ദ്വീപില്‍നിന്നും അപരിചിതമായ ഇംഗ്ലീഷ് (ഇംഗ്ലിസി) കപ്പലുകള്‍ ഉണ്ടെന്നറിയുകയും വഴി തിരിഞ്ഞ് പോവുകയും ചെയ്തു. അദ്ദേഹം സൂചിപ്പിച്ചതുപ്രകാരം മുഗള്‍ തുറമുഖം സൂറത്ത് മുതല്‍ യമനിലെ മൊക്ക തുറമുഖം വരെ ഗന്‍ജെ സവായിയെ പതിവായി സുരക്ഷക്ക് വേണ്ടി പതിവായി മറ്റൊരുകപ്പല്‍ അനുഗമിക്കാറുണ്ടായിരുന്നു, ഇന്ന് ബാബെല്‍ മന്‍ദബ് എന്നറിയപ്പെടുന്ന ചെങ്കടല്‍ മുഖത്തായിരുന്നു ഈ മൊക്ക തുറമുഖം.

കപ്പല്‍ മേധാവി ഇബ്രാഹീം പറയുന്നത് അനുസരിച്ച് അവിടം സമ്പന്നതയിലേക്കുള്ള കവാടവും കപ്പലുകളുടെ ശ്മശാനവുമായിരുന്നു. ഗന്‍ജെ സവായിയും അനുഗമിക്കുന്ന കപ്പലും(ഫത്തേഹ് മുഹമ്മദ്) പരസ്പര സുരക്ഷനല്‍കി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു, താരതമ്യേന അപകടകരമായ ബാബുല്‍ മന്‍ദബ് കഴിഞ്ഞപ്പോഴാണ് പതാകകുപോവാന്‍ ഇല്ലാത്ത കൊള്ളക്കപ്പലുകള്‍ ഗന്‍ജെ സവായിയെയും ഒപ്പമുള്ള കപ്പലിനെയും വളയുന്നതും അക്രമണം അഴിച്ചുവിടുന്നതും.

ക്യാപ്റ്റന്‍ മുഹമ്മദ് ഇബ്രാഹീം എഴുതുന്നു; കപ്പലിലുണ്ടായിരുന്ന പ്രധാനപെട്ട ഒരുപാട് പേര്‍ മരിച്ചുവീണു. നൂര്‍ മുഹമ്മദ്, അവരുടെ അംഗരക്ഷകര്‍, സയ്യിദ് യുസുഫ് അദ്ദേഹത്തിന്റെ സഹധര്‍മിണി, മുഹമ്മദ് യുസുഫ് തുറാബി തുടങ്ങി ഇരുപത് പേര്‍ മരിക്കുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് ഇബ്രാഹീം ഔറംഗസേബിനുള്ള കത്ത് അവസാനിപ്പിക്കുന്നത് ഈ അക്രമത്തിനുള്ള പ്രതികാരം തനിക്ക് വേണമെന്നും അവരെ തനിക്ക് തന്നെ വകവരുത്താന്‍ സാധിക്കുമെന്നും പറഞ്ഞാണ്.

മുഹമ്മദ് ഇബ്രാഹീം നല്‍കിയ രേഖകള്‍പ്രകാരം ആ കാലഘട്ടത്തിലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ഹജ്ജ്കപ്പലില്‍ അടങ്ങിയ ചരക്കുകളെക്കുറിച്ചും യാത്രകാരെക്കുറിച്ചും വിവരം ലഭിക്കുന്നുണ്ട്. കപ്പല്‍ ജോലിക്കാരുടെ മൊഴികളില്‍നിന്ന് മനസ്സിലാകുന്നത്പ്രകാരം ഹജ്ജ് കഴിഞ്ഞ് സൂറത്തിലേക്ക് വമ്പിച്ച സ്വത്തുക്കളുമായി തിരിച്ച ഗന്‍ജെസവായിയെ അക്രമിക്കാന്‍ അനുയോജ്യസമയമായിരുന്നു അത്.
ഇന്ത്യന്‍ മഹാസമുദ്ര പണ്ഡിതന്‍ മൈക്കല്‍ പിഴേഴ്‌സണ്‍ പറയുന്നത്,

അന്താരാഷ്ട്ര കച്ചവട ബന്ധങ്ങളില്‍ മക്കക്ക് വളരെ ചെറിയ ഭാഗധേയത്വം മാത്രമെയുണ്ടായിരുന്നുള്ളുവെന്നാണ്, കാരണം ഹജ്ജിന് വേണ്ടി വരുന്നവരില്‍ ഭൂരിഭാഗവും പാവങ്ങളായിരുന്നു, ഭീമമായ സംഖ്യമുടക്കി ഹജ്ജ് യാത്ര കഴിഞ്ഞാല്‍ കച്ചവടം ചെയ്യാന്‍ മിച്ചമൊന്നും അവരുടെ പക്കല്‍ ഉണ്ടാവില്ല. പിഴേഴ്‌സണ്‍, സാഫി ഇബ്‌നു വാലി ഖസ്‌വിനിയുടെ യാത്രയെ വിശകലനം ചെയ്യുന്നുണ്ട്. ഇദ്ദേഹം മുഗള്‍ തീര്‍ഥാടന യാത്രക്ക് ഗൈഡെഴുതിയ ഔറംഗസേബിന്റെ മകള്‍ സെബുന്നിസ പണം മുടക്കിയ കച്ചവടക്കാരനായിരുന്നു, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രചിക്കപ്പെട്ട ഏറ്റവും മനോഹരമായ രചനയാണ് സാഫി ബിന്‍ വാലിയുടെത്. അതില്‍ അദ്ദേഹം ഹജ്ജിന് വേണ്ടി വന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുന്ന യാത്രകാരില്‍ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.

സംഗ്രഹം


ഗന്‍ജെ സവായി അക്രമണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ സംഭവപരമ്പരകള്‍ക്ക് ശേഷം മുഗള്‍ ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന്റെ ഭാഗമായി യൂറോപ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഹജ്ജ്കപ്പലുകളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. 1699ല്‍ ഇസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊള്ളക്കെതിരില്‍ ഭരണകൂടത്തിന്റെ പിന്തുണ തേടി കത്തയച്ചു. കടലിലെ അതിക്രമങ്ങളുടെ ഉത്തരവാദിത്തം തങ്ങളുടെ പിരടിയിലാണ് വീഴുന്നെതെന്നും അതിനെ ചെറുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കത്തില്‍ വിശദീകരിച്ചിരുന്നു.

റൂബി മലോനി പതിനേഴാം നൂറ്റാണ്ടിലെ സൂറത്തിലെ ഫാക്ടറികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍, ബ്രിട്ടീഷുകാര്‍ തദ്ദേശീയ ചരക്കുകളെ ബ്രിട്ടീഷ് കപ്പല്‍ വ്യൂഹങ്ങളോട് ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് കടല്‍കൊള്ളയില്‍നിന്ന് അവര്‍ക്കുള്ള സംരക്ഷണത്തിന്റെ ഭാഗമായിട്ടു കൂടിയുള്ളതായിരുന്നു.1698 ന്യൂ ജെഴ്‌സിയിലെ തുറമുഖ നഗരമായ പെര്‍ത്ത് ആംബോയില്‍വെച്ച് ഹെന്റി എവരി കപ്പലിലെ ജോണ്‍ എല്‍സ്റ്റന്‍ എന്ന പേരുള്ള വ്യക്തി പിടിയിലായി. അദ്ദേഹം കൊടുത്ത മൊഴികള്‍ ഫിലിപ്പ് മിഡില്‍റ്റന്റെ മൊഴികളുമായി ഒത്തുപോവുന്നുണ്ട്.

ആദ്യകാല മുഗള്‍ ഹജ്ജ്‌യാത്രകളില്‍ ഏറ്റവും രേഖീയമായി കിടക്കുന്ന കപ്പല്‍യാത്രയാണ് ഗന്‍ജെ സവായി. ഈ രേഖകള്‍ ഒരോ വര്‍ഷത്തിലും ഹജ്ജ്കാലങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന കച്ചവട ചരക്കുനീക്കങ്ങളുടെ ചിത്രം നല്‍കുന്നുണ്ട്. സംഭവങ്ങള്‍ക്ക് ശേഷം നിധിതേടിയുള്ള യാത്രകളും കൊള്ളകളും ഇംഗ്ലണ്ടിലെ സാഹിത്യത്തിലും നാടകങ്ങളിലുംവരെ ഇടംനേടിയിരുന്നു.

(വിവ: മിൻഹാജ് കംബ്ലക്കാട്)

ടെെലർ ജോസഫ് ക്വിൻ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.