Thelicham

ഹുസ്‌നുല്‍ ജമാലിന്റെ പുറപ്പാടും കലാസഞ്ചാരവും


മാപ്പിളപ്പാട്ടെന്നു കേള്‍ക്കുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ ഇന്നും ഓടിയെത്തുന്നത് ഒരു തരുണീമണിയുടെ ചിത്രമാണ്:
”ഹേമങ്ങള്‍ മെത്തെ പണി ചിത്തിരം
ആബരണക്കോവ യണിന്ദെ ബീവി…
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കയ് രണ്ടെറിന്ദു ബീശി….
കരിപോല്‍ ഇടത്തും വലത്തിട്ടൂന്നീ
കണ്‍പിരി വെട്ടി ചുശറ്റിടലില്‍
ബരിനൂല്‍ മദനം തരിത്തെ നോക്കും
പവിളപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും”
ആ സൗന്ദര്യത്തിന്റെ പേരത്രെ ഹുസ്‌നുല്‍ ജമാല്‍. അനുബന്ധമായി, അവളുടെ ഭാവനാചിത്രം കേരളീയാസ്വാദക ഹൃദയത്തില്‍ വരച്ചുചേര്‍ത്ത മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പേരും അനിവാര്യമായി ഓര്‍മയിലെത്തും. പതിനാലു ദശകങ്ങള്‍ക്കപ്പുറം അറബിമലയാളത്തില്‍ രചിക്കപ്പെട്ട ഒരു പാട്ടുകാവ്യമാണത്. ഒപ്പംതന്നെ ഹൃദയഹാരിയായ ഒരു പ്രണയകഥയും. ആ കഥയിലെ നായികാനായകന്മാരുടെ നാമം തന്നെയാണ്, അതുപോലെ സുന്ദരമായ കാവ്യത്തിന്റെയും നാമം-”ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍.”

ആവിഷ്‌കാരഭേദങ്ങള്‍

1872ല്‍ എഴുതി ‘പാടി അരങ്ങേറ്റിയ’ കാലം മുതല്‍ അതിവിപുലമായ നിലയില്‍ ആസ്വാദകരെ ആഹ്ലാദിപ്പിച്ചുപോന്ന കൃതിയാണിത്. മലയാള കവിതാസാഹിത്യ ചരിത്രത്തില്‍ രമണന്റെയും ചന്ദ്രികയുടെയും പ്രണയകഥ പറയുന്ന ചങ്ങമ്പുഴയുടെ ‘രമണനാ’ണു ജനകീയതയില്‍ സമാനമായ അനുഭവം. ഹുസ്‌നുല്‍ ജമാല്‍ പുറത്തുവന്ന് ആറരപ്പതിറ്റാണ്ടു കഴിഞ്ഞ് 1936ലാണു രമണന്റെ പിറവി. രമണന്‍ തരംഗം അവസാനിച്ചിട്ടു കാലം കുറച്ചായി. എന്നാല്‍ ഹുസ്‌നുല്‍ ജമാല്‍ ഇന്നും പുതിയ ആവിഷകാരരൂപങ്ങള്‍ പൂണ്ടു പുനരവതരിച്ചുകൊണ്ടേയിരിക്കുന്നു. ഇശലൊത്ത പാട്ടുകളും ഇശലില്ലാത്ത കവിതകളും ധാരാളമായെഴുതുകയും പഠനനിരൂപണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത പുന്നയൂര്‍കുളം ബാപ്പു(1916-1973)വാണ് ആ കൃതിയെ മാനകമലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ചത്. പാടി രസിക്കാവുന്ന പാട്ടുരൂപത്തില്‍ മോയിന്‍കുട്ടി വൈദ്യരെഴുതിയ കൃതി അല്പം ആവേശാധിക്യത്തോടെ വായിച്ചാസ്വദിക്കാവുന്ന ഗദ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

അല്ലാഹുവിനെ സ്തുതിക്കാനും അവന്റെ റസൂലിനും അനുചരന്മാര്‍ക്കും വേണ്ടി ഗുണപ്രാര്‍ഥന നടത്താനുമായി വൈദ്യര്‍ തുടക്കത്തില്‍ത്തന്നെ എഴുതിച്ചേര്‍ത്ത പാട്ടുകള്‍ അടങ്ങുന്ന കൃതിയാണു ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. ‘യവ്വര്‍ തുണയും തന്ദരുള്‍ റഹ്‌മാനേ’ എന്നു തുടങ്ങുന്ന പ്രഖ്യാതമായ പാട്ടടങ്ങുന്നതാണ് ഹംദും സ്വലാത്തും ഉള്‍ക്കൊള്ളുന്ന ഭാഗം. അങ്ങനെയുള്ള ഒരു കൃതി ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അമ്പലപ്പറമ്പുകളില്‍ നടക്കുന്ന കലാപരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്നതില്‍ ചില കൗതുകങ്ങളുണ്ട്. ഒരു കഥാപ്രസംഗത്തിന്റെ രൂപം പൂണ്ടപ്പോഴാണ് അതു സാധ്യമായത്. മാപ്പിളപ്പാട്ടിനു മലബാറിലേതിനോളം പ്രചാരമില്ലാത്ത തെക്കന്‍ കേരളത്തിലാണു റംലാബീഗം അങ്ങനെയൊരു അതിശയകാര്യം സാധിച്ചത്. ഹുസ്‌നുല്‍ ജമാലിന് സംഭവിച്ച രൂപഭേദങ്ങളില്‍ മൂന്നാമത്തേതു സംക്ഷേപത്തിന്റേതാണ്. അത്രയ്ക്ക് അനിവാര്യമല്ലെന്നു സംക്ഷേപകര്‍ത്താക്കള്‍ നിശ്ചയിച്ച ഭാഗങ്ങള്‍ ഒഴിവാക്കി, ഓരോ പാട്ടിനും മുമ്പേ കഥാസൂചന നല്‍കി, കഥാഗതിയിലൂന്നി, മാനകമലയാളത്തില്‍ സംക്ഷിപ്തരൂപങ്ങള്‍ പലരാലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. കെ.കെ.മുഹമ്മദ് അബ്ദുല്‍കരീം മുതല്‍ പ്രഗത്ഭര്‍ ആ നിരയിലുണ്ട്.

അത്ഭുതസംഭവങ്ങളും നാടകീയതയും നിറഞ്ഞു നില്‍ക്കുന്ന പ്രസ്തുത കൃതിക്കു കുഞ്ഞുമനസ്സുകളെ ആകര്‍ഷിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞു ബാലസാഹിത്യരൂപത്തില്‍ പുനരവതരിപ്പിച്ച കാരശ്ശേരിയുടെ ശ്രമം പലതരം മധുരഫലങ്ങളുണ്ടാക്കുകയുണ്ടായി. അതിനെ അതേപടി ആംഗലഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയാണ് അജീര്‍കുട്ടി ചെയ്തത്. മലയാളത്തിലെ പ്രശസ്തകവികളിലൊരാളായ ഡി. വിനയചന്ദ്രനു മാനകമലയാളത്തില്‍ കവിതയായി തന്നെ ഹുസ്‌നുല്‍ ജമാല്‍ പുനരാവിഷ്‌കരിക്കാന്‍ സഹായകമായതും കാരശ്ശേരിയുടെ സംരംഭമാണ്. നമ്മുടെ നാടകപ്രതിഭകളിലൊരാളായ ഇബ്രാഹിം വെങ്ങര പ്രസ്തുത കൃതിക്കു നാടകാവിഷ്‌കാരം നല്‍കിയാണ് അവതരിപ്പിച്ചത്. ഇതിനൊക്കെ മുമ്പെ പി.ടി അബ്ദുറഹ്‌മാന്‍ അറബി മലയാളത്തിലെഴുതപ്പെട്ട ആ പാട്ടുകൃതിയെ മാനകമലയാളത്തില്‍ മാപ്പിളപ്പാട്ടായിത്തന്നെ പുനരവതരിപ്പിച്ചിട്ടുണ്ട്. സീരിയല്‍ രൂപത്തിലാണ് ദൃശ്യമാധ്യമരംഗത്തു ഹുസ്‌നുല്‍ ജമാലിന്റെ രംഗപ്രവേശമുണ്ടായത്. അവിടെയും അന്തിച്ചു നില്‍ക്കാതെ, സിനിമയുള്‍പ്പെടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി തുടര്‍ന്നു കൊണ്ടേയിരിക്കുകയാണു ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിന്റെ കലാസഞ്ചാരം. ഇതിനുപുറമെ, വളരെ പ്രഗത്ഭരായ ഒരുപാടു നിരൂപകശ്രേഷ്ഠരുടെ പഠനനിരൂപണങ്ങള്‍ക്കു കാലങ്ങള്‍ക്കു മുമ്പേതന്നെ വിധേയമായ കൃതിയാണത്. ശൂരനാട്ടു കുഞ്ഞന്‍പിള്ള മുതല്‍ ടി ഉബൈദ്, പുന്നയൂര്‍ക്കുളം വി. ബാപ്പു, കാരശ്ശേരി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങി എത്രയോ പേര്‍.

വൈദ്യരുടെ കഥാസ്രോതസ്സ്

ഇങ്ങനെയൊക്കെ ഉഴുതുമറിയ്ക്കപ്പെട്ടിട്ടും മോയിന്‍കുട്ടിവൈദ്യര്‍ നമുക്കു മുമ്പില്‍ പുനരവതരിപ്പിച്ച ഈ പ്രണയകഥ ആദ്യമായി വിരിഞ്ഞത് ഏതു പ്രതിഭയുടെ ഭാവനയിലാണെന്നു കണ്ടെത്തുന്നതിനു കാലങ്ങളോളം നമുക്കു കഴിഞ്ഞിരുന്നില്ല.
‘നുവല്‍വാന്‍ ഇദിന്‍ റാവി നിസാമുദ്ദീനാം
നാമം ഹനഫിയില്‍ മശ്ഹൂറനാം”
എന്നു മാത്രമേ വൈദ്യര്‍ തന്റെ കൃതിയില്‍ കഥാസ്രോതസ്സിനെ കുറിച്ചു പറയുന്നുള്ളു. ഇമാം അബൂഹനീഫയുടെ അഭിപ്രായങ്ങളെ മാനിച്ചു മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന വിഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ പ്രശസ്തനായ നിസാമുദ്ദീനാണ് ഈ കഥ തനിക്കു വിവരിച്ചു തന്നത് എന്നു മാത്രമേ വൈദ്യരുടെ വരികളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നുള്ളു. ഈ വിഷയത്തില്‍ മാപ്പിളസാഹിത്യത്തിന്റെ ആധികാരികവക്താക്കളിലൊരാളും ആദ്യത്തെ മാപ്പിള സാഹിത്യചരിത്രകാരനുമായ ഒ. ആബുസാഹിബിന്റെ നിഗമനം എന്തെന്നറിയാന്‍ ”തന്റെ അറബിമലയാളസാഹിത്യചരിത്രം” പരിശോധിച്ചപ്പോഴാണു കൗതുകകരമായ ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്. 1970ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയില്‍ ഇത്രമേല്‍ ജനകീയമായ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന രചനയെ കുറിച്ച് ആകെക്കൂടി ഒറ്റവാചകത്തിലൊതുങ്ങുന്ന ഒരു പരാമര്‍ശം മാത്രമേ കാണാനുള്ളൂവെന്നതാണത്. അത്രയും ചെറിയ ഒരു പരാമര്‍ശത്തിനകത്തു കഥാസ്രോതസ്സിനെ കുറിച്ചു സൂചിപ്പിക്കാന്‍ പോലും കഴിയില്ലെന്നു സാമാന്യബുദ്ധിക്ക് ഊഹിക്കാവുന്നതേയുള്ളു. ആ സാഹിത്യചരിത്രം രചിക്കപ്പെടുന്നതിനു മുമ്പേ തന്നെ, രണ്ടാമത്തെ മാപ്പിള സാഹിത്യചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ഇവ്വിഷയകമായ ഒരു സൂചന നല്‍കിയിരുന്നുവെന്നതുകൊണ്ടാണ് ഈ മൗനം വാചാലമാകുന്നത്. മഹാകവിയുടെ നാട്ടുകാരന്‍ തന്നെയായ കരീം മാഷ് തയ്യാറാക്കിയ വൈദ്യരുടെ ഒരു ലഘുജിവചരിത്രം 1955-ല്‍ തൃശൂരിലെ ആമിന ബുക്സ്റ്റാള്‍ (പസിദ്ധീകരിച്ചിട്ടുണ്ട്. അതിനകത്താണു വൈദ്യര്‍ പുനരാവിഷ്‌കരിച്ച പ്രണയകഥയുടെ സ്രോതസ്സിനെ കുറിച്ച് ആദ്യമായി ഒരു അഭിപ്രായം രേഖപ്പെട്ടു കാണുന്നത്. ഒരു പേര്‍ഷ്യന്‍ കൃതിയെ ഉപജീവിച്ചാണു വൈദ്യര്‍ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ രചിച്ചതെന്നു പതിനൊന്നാം പുറത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സി.എന്‍ അഹ്‌മദ് മൗലവിയുമായി ചേര്‍ന്നു കരീം മാഷ് തയ്യാറാക്കിയ ”മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ (പ്രസി.1978) ഇക്കാര്യം കുറെക്കൂടി വിശദമാക്കുന്നുണ്ട്. മുന്നൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഖാജാ മുഈനുദ്ദീന്‍ ശാ ശീറാസി പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ നോവലാണ് ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ (പുറം 341) എന്നെഴുതിയ ശേഷം ആ നോവലാണു മോയിന്‍കുട്ടിവൈദ്യര്‍ക്കു നിസാമുദ്ദീന്‍ വിവര്‍ത്തനം ചെയ്തു കൊടുത്തത് എന്നുകൂടി പറയുന്നുണ്ട്.

പേര്‍ഷ്യന്‍ നോവലിന്റെ വിവര്‍ത്തനം

വൈദ്യരുടെ ഭാവനാവിലാസത്തിനു വെള്ളവും വളവുമായി വര്‍ത്തിച്ചതു കൊണ്ടോട്ടിത്തങ്ങളുടെ മേല്‍വിലാസത്തില്‍ പുഷ്ടിപ്പെട്ടു വന്ന സാംസ്‌കാരികാന്തരീക്ഷമായിരുന്നു. ശീഈ സമീപനങ്ങള്‍ക്കായിരുന്നു അവിടെ മുന്‍തൂക്കം. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരും പേര്‍ഷ്യന്‍ കൃതികള്‍ വായിക്കുന്നവരുമായിരുന്നു അവര്‍. അവര്‍ക്കിടയിലെ പണ്ഡിതപ്രതിഭ നിസാമുദ്ദീന്‍ മിയ പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നല്ല വ്യുത്പത്തിയുള്ളയാളായിരുന്നു. അദ്ദേഹം പല പേര്‍ഷ്യന്‍ കൃതികളും വൈദ്യര്‍ക്കു വിവരിച്ചു കൊടുക്കുകയും അവയില്‍ ചിലതൊക്കെ വൈദ്യര്‍ കാവ്യരൂപത്തില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തില്‍ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കഥയുടെ സ്രോതസ്സ് വരെ ഒരു പേര്‍ഷ്യന്‍ കൃതിയാണെന്നു വൈദ്യര്‍ പഠിതാക്കളില്‍ ആരെങ്കിലും അനുമാനിക്കുന്നത് എത്രയും സംഗതമാണ്. അതിനു ബലം നല്‍കാവുന്ന ആഭ്യന്തരത്തെളിവുകള്‍ക്കു പ്രസ്തുത കൃതിയില്‍ യാതൊരു പഞ്ഞവുമില്ലെന്നു കൂടി ഓര്‍ക്കണം. അന്നപാനീയങ്ങള്‍, ആടയാഭരണങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, പൂന്തോട്ടാദി അലങ്കാരങ്ങള്‍, കൊട്ടാരങ്ങളും സിംഹാസനങ്ങളും തുടങ്ങി പേര്‍ഷ്യന്‍ സംസ്‌കാരപ്രഭാവം പ്രകടമാക്കുന്ന കാര്യങ്ങള്‍ ആ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വായനക്കിടയില്‍ തടയുന്ന ഇത്യാദി സൂചനകളും അന്വേഷകനെ പേര്‍ഷ്യന്‍ വഴിക്കു കൊണ്ടുപോകുന്നതു തീര്‍ത്തും സ്വാഭാവികമാണ്.

എന്നാല്‍ കഥയും കാലവും ദേശവും കഥാകാരന്റെ പേരും വരെ സന്ദേഹലേശമെന്യേ പറയപ്പെട്ട നിലക്കു മൂലകൃതി കണ്ടെത്താനുള്ള ശ്രമം തീര്‍ച്ചയായും നടക്കേണ്ടതുണ്ട്. എഴുത്തച്ഛന്റെ രാമായണ മഹാഭാരത കിളിപ്പാട്ടുകളും ആശാന്റെ ചിന്താവിഷ്ടയായ സീതയുമൊക്കെ പൂര്‍വകൃതികളെ ഉപജീവിച്ചു രചിയ്ക്കപ്പെട്ടവയെന്ന നിലയില്‍ നമ്മുടെ ഭാഷാ സാഹിത്യക്ലാസുകളില്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ ഈ അന്വേഷണം തീര്‍ച്ചയായും അക്കാദമിക ആലോചനകളുടെ ഭാഗമായുണ്ടാകേണ്ടതായിരുന്നു. അക്കാര്യത്തിലും മുന്‍കൈയുണ്ടായത് കരീം മാഷില്‍ നിന്നു തന്നെയാണ്. തന്റെ സുഹൃത്തും പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതനുമായ സി ഹംസ ഇറാന്‍ കള്‍ച്ചറല്‍ ഹൗസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന തൊണ്ണൂറുകളില്‍ അദ്ദേഹം വഴി പേര്‍ഷ്യന്‍ ഭാഷയില്‍ നോവലെഴുതിയ ഖാജാമുഈനുദ്ദീന്‍ ശാ ശീറാസിയെ കുറിച്ചും അദ്ദേഹം രചിച്ച മൂന്നു നൂറ്റാണ്ടു പഴക്കമുള്ള ”ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍” എന്ന കൃതിയെ കുറിച്ചും അന്വേഷിക്കുകയുണ്ടായി. അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ചോ അപ്പേരിലുള്ള ഒരു കൃതിയെക്കുറിച്ചോ ഒരു വിവരവും ലഭിക്കാതെ പ്രസ്തുത ശ്രമം എങ്ങുമെത്താതെ ഒടുങ്ങുകയാണുണ്ടായത്. വൈദ്യര്‍ പഠനം തുടര്‍ന്നവര്‍, പ്രത്യേകിച്ച് ഒരു രേഖയും നല്‍കാതെ കരീം മാഷ് നടത്തിയ നിഗമനത്തെ പുനഃപരിശോധിക്കാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

കവി സ്വയം സൃഷ്ടിക്കുന്ന ഒരു അത്ഭുത ലോകത്തില്‍ നടക്കുന്ന കഥയാകയാല്‍ കവിതയിലെ ദേശസൂചന അടിത്തറയാക്കി ആലോചന നടത്തുന്നതു വലിയ ഗുണം ചെയ്യില്ലായിരിക്കാം. എങ്കിലും ഹിന്ദിന്റെ ഒരു ഭാഗത്തുള്ള അസ്മീര്‍ എന്നുപേരുള്ള നഗരത്തിലെ മഹാസിന്‍ രാജാവിന്റെ മകളുടെയും മന്ത്രികുമാരന്റെയും പ്രണയകഥയാണു കവി കവനം ചെയുന്നത് എന്നു മനസ്സിലാകുമ്പോള്‍ ഇതൊരു ഇന്ത്യന്‍ രചനയാണോ എന്ന് ഒരു മേലാലോചന നടത്താനത് ഉന്മേഷം നല്‍കേണ്ടതായിരുന്നു. ”ഇന്ത്യയുടെ പദപ്പുറപ്പാട്’ ”ഹിന്ദ്’ എന്ന പദത്തില്‍ നിന്നാണെന്നതു ചരിത്രാംഗീകൃതമാണല്ലോ.

ഫോസെറ്റിന്റെ ലേഖനം

മാപ്പിളപ്പാട്ടു പഠനത്തിലെ അലസതയുടെ ആഴം പതിഞ്ഞു കാണുന്ന നാഴികക്കല്ലായി നില്‍ക്കുന്ന ഒരു ലേഖനമുണ്ട്. ഇന്ത്യന്‍ റെയില്‍വേ പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എഫ്. ഫോസെറ്റ് 1899-ല്‍ ഇന്ത്യന്‍ ആന്റിക്വറിയുടെ 28-ാം വാള്യത്തിലെഴുതിയ എ പോപ്പുലര്‍ മാപ്പിളസോംഗ് എന്ന ലേഖനമാണത്. മാപ്പിളപ്പാട്ടിനെ കുറിച്ച് എഴുതപ്പെട്ട പല ലേഖനങ്ങളിലും പാശ്ചാത്യരുടെ പരിഗണനയെന്ന നിലയില്‍ ഈ ലേഖനം പരാമര്‍ശിക്കപ്പെട്ടു കാണാം. എന്നാല്‍ ഒരിക്കല്‍പോലും അയാള്‍ പറഞ്ഞ നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്തിട്ടില്ല എന്നതുകൊണ്ടാണത് അലസതയുടെ നാഴികക്കല്ലാവുന്നത്. വളരെ ചെറിയ ഒരാമുഖക്കുറിപ്പോടുകൂടി ”ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍” എന്ന പാട്ട’ിന്റെ രത്‌നച്ചുരുക്കം ഇംഗ്ലീഷില്‍ അവതരിപ്പിക്കുകയാണു ഫോസെറ്റ് ചെയ്യുന്നത്. അത്രയും ചെറിയ ആമുഖക്കുറിപ്പില്‍ മോയിന്‍കുട്ടിവൈദ്യരെ കുറിച്ചുള്ള നിര്‍ണായകങ്ങളായ മൂന്നു വിഷയങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. വൈദ്യരുടെ പ്രായത്തെക്കുറിച്ചുള്ളതാണ് ഒരു പരാമര്‍ശം. ആറുവര്‍ഷം മുമ്പു നാല്‍പത്തഞ്ചാമത്തെ വയസ്സില്‍ മോയിന്‍കുട്ടിവൈദ്യര്‍ മരിച്ചുവെന്നാണ് 1899-ല്‍ ഫോസെറ്റ് എഴുതുന്നത്. നാല്‍പതാമത്തെ വയസ്സില്‍ മരിച്ചുവെന്ന നിലയില്‍ നടപ്പിലുള്ള വിശ്വാസത്തിനു വിരുദ്ധമാണ് ഈ പരാമര്‍ശം. ഫോസെറ്റാവട്ടെ പിന്നീടു പ്രായനിര്‍ണയം നടത്തിയവരാകട്ടെ ആരും പ്രത്യേകിച്ച് ഒരു രേഖയും ഉദ്ധരിച്ചുകൊണ്ടല്ല അതു ചെയ്തിട്ടുള്ളത്. അതിനാല്‍ 1852-1892 എന്ന കാലനിര്‍ണയം തീര്‍ച്ചയായും പുനഃപരിശോധന അര്‍ഹിക്കുന്നുണ്ട്.
വൈദ്യരുടെ പൂര്‍വികരെ കുറിച്ചുള്ള പരാമര്‍ശമാണ് അടുത്ത വിഷയം. അദ്ദേഹത്തിന്റെ പിതാമഹന്‍ വൈദ്യചികിത്സ പാരമ്പര്യത്തൊഴിലായി തുടര്‍ന്നുവന്ന വേലന്‍ സമുദായക്കാരനോ വൈദ്യര്‍ സമുദായക്കാരനോ ആയിരുന്നുവെന്നും അയാള്‍ ഇസ്‌ലാമിലേക്കു മതം മാറി മാപ്പിളയായതാണെന്നുമുള്ള പരാമര്‍ശമാണത്. വൈദ്യരുടെ സംസ്‌കൃതപാണ്ഡിത്യവും ചികിത്സാവൈദഗ്ധ്യവുമൊക്കെയായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ഇവിടെ കടന്നുവരുന്നുണ്ട്.
ഈ ചര്‍ച്ചയില്‍ ഏറ്റവും പ്രധാനം മൂന്നാമത്തെ കാര്യമാണ്. അത് ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കൃതിയുടെ കഥാസ്രോതസ്സുമായി ബന്ധപ്പെട്ടതാണ്. അതാകട്ടെ മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളെക്കാളും എളുപ്പത്തില്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുന്നതും ഇന്നും സൂക്ഷ്മപരിശോധന നടത്താവുന്നതുമാണ്. ബൊക്കാച്ചിയോവും ഷേക്‌സ്പിയറുമൊക്കെ ചെയ്തതുപോലെ പഴങ്കഥകള്‍ കണ്ടെടുത്ത് പുതുരൂപത്തില്‍ ആവിഷ്‌കരിക്കുകയാണു വൈദ്യര്‍ ചെയ്തതെന്നു ഫോസെറ്റ് കരുതുന്നു. അഞ്ചാം റോയല്‍ ഐറിഷ് ലാന്റേഴ്‌സിലെ ലഫ്റ്റനന്റ് ബൗള്‍ഡര്‍ ബെല്‍ 1871- ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുക വഴി പൊതുവില്‍ അറിയപ്പെട്ട പൗരസ്ത്യ യക്ഷിക്കഥകളിലൊന്നായ ”നസ്‌റെ ബേനസീര്‍” ആണു മൂലകഥ. ഹസന്‍ ദഹ്‌ലവി എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ മീര്‍ഹസന്‍ 1802-ല്‍ രചിച്ചതാണത്. ഈ പരാമര്‍ശത്തിന് അതേ പേജില്‍ തന്നെ എഡിറ്ററുടെ വകയായി നല്‍കിയിരിക്കുന്ന അടിക്കുറിപ്പു നമുക്കു തീര്‍ച്ചയായും പ്രസക്തമാണ്. ബെയ്‌ലിന്റെ ഓറിയന്റല്‍ ബയോഗ്രഫിക്കല്‍ ഡിക്ഷ്ണറി നല്‍കുന്ന വിവരമനുസരിച്ച് മീര്‍ഹസന്‍ ബദ്‌റെ മുനീറിന്റെയും ബേനസീറിന്റെയും കഥ കവിതയാക്കുത് 1785-ലാണ്. 1790-ല്‍ അദ്ദേഹം മരിക്കുകയും ചെയ്യുന്നു. ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും പോസ്റ്റ് ഗ്രാജ്വേഷനു പഠിക്കുന്ന കുട്ടികള്‍ക്കുള്ള പാഠപുസ്തകമാണ് ഇപ്പോഴും സഹ്‌റുല്‍ബയാന്‍ എന്നുകൂടി പേരുള്ള മീര്‍ഹസന്റെ മസ്‌നവി. മീര്‍ഹസനും ആദ്ദേഹത്തിന്റെ പിതാവ് മീര്‍സാഹിക്കും ഉര്‍ദു സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരാണ്. ചുരുക്കത്തില്‍ 1785-ല്‍ മീര്‍ഹസന്‍ ദഹ്‌ലവി ഉര്‍ദു ഭാഷയിലെഴുതിയ ”സഹ്‌റുല്‍ ബയാന്‍” അഥവാ ”കിസ്സായെ ബദ്‌റെ മുനീര്‍” എന്ന അറബിക്കഥയിലെ കഥകളെ അനുസ്മരിപ്പിക്കുന്ന കഥയാണു പുത്തന്‍മാളിയേക്കല്‍ നിസാമുദ്ദീന്‍ മിയ മോയിന്‍കുട്ടിവൈദ്യര്‍ക്കു വിവരിച്ചുകൊടുത്തിരിക്കാവുന്നത്. അതിനെ ഉപജീവിച്ചുകൊണ്ടാണു വൈദ്യര്‍ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കാവ്യം ചമിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ആന്റിക്വറിയില്‍ നിന്നു കിട്ടുന്ന ഈ വിവരവും കരീം മാഷ് നല്‍കുന്നതും തമ്മില്‍ വല്ലാതെ ഇടഞ്ഞുനില്‍ക്കുന്നു. ”മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള കാലം കൂടി പരിഗണിച്ചാല്‍ മൂേന്നകാല്‍ നൂറ്റാണ്ടിലേറെക്കാലം മുമ്പു രചിക്കപ്പെട്ടതാണു മൂലകൃതി. ഫോസറ്റു പറയുന്നതനുസരിച്ച് രണ്ടേകാല്‍ നുറ്റാണ്ടുകാലത്തെ പഴക്കമേ ഇേന്നക്കുള്ളൂ. പേര്‍ഷ്യന്‍ ഭാഷയിലെ നോവല്‍ എന്നു കരീം മാഷ് അഭിപ്രായപ്പെടുമ്പോള്‍ ഉര്‍ദു ഭാഷയിലെ മസ്‌നവി എന്ന് ആന്റിക്വറി. (ശീറാസുകാരനായ ഖാജാ മുഈനുദ്ദീന്‍ ശായാണ് മൂലഗ്രന്ഥകാരനെന്ന വാദത്തെ ഇന്ത്യക്കാരനായ മീര്‍ഹസന്‍ ദഹ്‌ലവിയെന്നു തിരുത്തുന്നു). ശീറാസിയെ കുറിച്ചോ തന്റെ നോവലിനെ കുറിച്ചോ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ദഹ്‌ലവിയുടെ ജീവചരിത്രവും അയാളുടെ കൃതിയും നമുക്കു മുന്നിലുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ആന്റിക്വറി റഫറന്‍സായി കാണിക്കുന്നതില്‍ രസം കാണുന്ന രീതിയവസാനിപ്പിച്ച് നമുക്ക് അതു നല്‍കുന്ന വിവരങ്ങള്‍കൂടി കണക്കിലെടുത്തു മുന്നോട്ടു പോകേണ്ടതുണ്ട്.

മീര്‍ഹസന്റെ മസ്‌നവി


അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ ഉര്‍ദു വിഭാഗം അധ്യാപകന്‍ ഖമറുല്‍ഹുദാ ഫരീദി എഡിറ്റു ചെയ്ത പഠനക്കുറിപ്പുകള്‍ സഹിതം 2001-ല്‍ അലീഗഢിലെ എജ്യുക്കേഷണല്‍ ബുക് ഹൗസ് പ്രസിദ്ധീകരിച്ച ”സഹ്‌റുല്‍ ബയാന്റെ” കോപ്പിയാണ് എനിക്കു കിട്ടിയത്. ഈ മസ്‌നവി രചിയ്ക്കപ്പെട്ടിട്ട് ഇരുനൂറിലേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയില്‍ കവിതയുടെ പദാവലി മാറി, രൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടു, വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങളുടെ മാനദണ്ഡം മാറി. പോയ കാലത്തെ സാഹിത്യ കൃതികള്‍ മിക്കതും ഗ്രന്ഥശാലകളിലെ അലമാരകള്‍ക്ക് അഴകായിത്തീര്‍ന്നു. എന്നിട്ടും സഹ്‌റുല്‍ ബയാന്റെ പേരും സ്വീകാര്യതയും ഇന്നും മങ്ങിയിട്ടില്ല എന്നു ഖമറുല്‍ഹുദാ ഫരീദി തന്റെ ആമുഖത്തില്‍ പറയുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തു ദല്‍ഹിയില്‍ വന്നു താമസമാക്കിയ മീര്‍ ഇമാം മൂസവിയുടെ പേരക്കുട്ടിയാണു മീര്‍ഹസന്‍. മൂസവിയുടെ മകന്‍ മീര്‍ഗുലാം ഹുസൈന്‍ സാഹികാണ് മീര്‍ഹസന്റെ പിതാവ്. പേരും പെരുമയുമുള്ള ഉര്‍ദു സാഹിത്യകാരനായിരുന്നു അദ്ദേഹം. ദില്ലി പഴയ നഗരത്തില്‍ ഹി. വര്‍ഷം 1150-ലോ (ഖാസി അബ്ദുല്‍ വദൂദിന്റെ അഭിപ്രായത്തില്‍) 1154-ലോ (ഡോ.വഹീദ് ഖുറൈശിയുടെ നിഗമനമനുസരിച്ച്) ആണ് മീര്‍ ഹസന്‍ ജനിക്കുന്നത്. മീര്‍ ഗുലാം ഹസന്‍ എന്നാണു മുഴുവന്‍ പേര്. ഹസന്‍ തൂലികാനാമം. മീര്‍ ഹസന്‍ ദഹ്‌ലവി എന്ന പേരില്‍ പ്രശസ്തനായി.
ചെറുതും വലുതുമായ പന്ത്രണ്ടോളം മസ്‌നവികള്‍ എഴുതിയിട്ടുണ്ട് മീര്‍ ഹസന്‍ ദഹ്‌ലവി. കൂട്ടത്തില്‍ ദീര്‍ഘങ്ങളും കലാമേന്മയുള്ളവയും മൂന്നെണ്ണമാണ്. റമൂസുല്‍ ആരിഫീന്‍, ഗുല്‍സാറെ അറം, സഹ്‌റുല്‍ ബയാന്‍ എന്നിവയാണവ. ഏറ്റവും ഒടുവില്‍ എഴുതിയതും ഏറ്റവും മികച്ചതുമായ രചനയാണു സഹ്‌റുല്‍ ബയാന്‍. ഹിജ്‌റ വര്‍ഷം 1199-ലാണ് അതിന്റെ രചന പൂര്‍ത്തീകരിച്ചത്. ക്രിസ്തുവര്‍ഷം പരിഗണിച്ചാല്‍ 1784/85 കാലം. അക്കാര്യം കവിതയുടെ അവസാന ഭാഗത്ത് അക്ഷരസങ്കേതം വഴി കവിതന്നെ കുറിച്ചിട്ടുണ്ട്. ഈ രീതി വൈദ്യര്‍ തന്റെ കൃതികളില്‍ അനുവര്‍ത്തിക്കുന്നതു കാണാം. മസ്‌നവി മീര്‍ഹസന്‍, മസ്‌നവി ബദ്‌റെ മുനീര്‍, കിസ്സായെ ബദ്‌റെ മുനീറെ ശഹ്‌സാദ ബേനസീര്‍ എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. ഈ കൃതിയുടെ ഏറ്റവും പഴയ കയ്യെഴുത്തു കോപ്പി അലീഗഢിലെ ആസാദ് ലൈബ്രറിയിലാണുള്ളത്. 1205-ല്‍ എഴുതിയതാണത്. തുടക്കത്തിലും ഇടക്കുമുള്ള കുറേ താളുകള്‍ നഷ്ടപ്പെട്ട കോപ്പി. രചന കഴിഞ്ഞ് 19/20 വര്‍ഷത്തിനു ശേഷമാണ് അതു അച്ചടിക്കപ്പെട്ടത്. ഇതായിരിക്കണം 1805-ല്‍ രചിയ്ക്കപ്പെട്ട കൃതി എന്നു ഫോസറ്റു തെറ്റിദ്ധരിക്കാന്‍ ഇടയായത്.

ബേനസീറിന്റെ കഥ


ഭരണീയരെല്ലാം സംതൃപ്തരായ ഒരു നാട്. ഭരിക്കുന്ന രാജാവുമാത്രം അസംതൃപ്തനും ദു:ഖിതനും. സന്താനഭാഗ്യമുണ്ടായില്ല എന്നതാണു കാരണം. ഖേദാധിക്യത്താല്‍ രാജപദവി തന്നെയും ഉപേക്ഷിച്ചു വിരക്തജീവിതം നയിക്കാന്‍ രാജാവു നിശ്ചയിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തില്‍ വിശ്വാസം നഷ്ടപ്പെടരുതെന്ന ഉപദേശം, ആ തീരുമാനത്തില്‍ നിന്നു രാജാവിനെ പിന്തിരിപ്പിക്കുന്നു. പ്രശ്‌നപരിഹാരാര്‍ത്ഥം ജ്യോത്സ്യന്മാരെയും ബ്രാഹ്‌മണരെയുമൊക്കെ വരുത്തുന്നു. വൈകാതെ കുഞ്ഞുണ്ടാകുമെന്ന് അവര്‍ അറിയിക്കുന്നു. എന്നാല്‍ പന്ത്രണ്ടാം വയസ്സില്‍ അപകട സാധ്യതയുണ്ട്, അതിനാല്‍ അതു കഴിയുന്നതുവരെ രഹസ്യമായി വളര്‍ത്തണം എന്നു നിര്‍ദ്ദേശിക്കപ്പെട്ടു. കാലാന്തരത്തില്‍ രാജ്ഞി ഗര്‍ഭിണിയാകുകയും സമയമായപ്പോള്‍ പ്രസവിക്കുകയും ചെയ്തു. ബേനസീര്‍ എന്നു പേരുവിളിക്കപ്പെട്ട രാജകുമാരനെ അതീവ രഹസ്യമായി പോറ്റി. പ്രായം പന്ത്രണ്ടു തികയാന്‍ ഒരു നാള്‍ മാത്രം അവശേഷിക്കെ കുട്ടിക്കു തുറന്ന മച്ചിനുമേലെ കിടന്നുറങ്ങിക്കൊളളാന്‍ അനുവാദം ലഭിച്ചു. മഹ്‌റുഖ് എന്ന പരിജിന്ന് ആകാശയാത്രക്കിടെ ആ സുമുഖനെ കാണുകയും പ്രലോഭിതയായ അവള്‍ അവനെ പൊക്കിയെടുത്ത് പറന്നുപോകുകയും ചെയ്തു. എന്നിട്ട് തന്റെ വീട്ട’ില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. മഹ്‌റൂഖ് ബേനസീറിനെ സ്വന്തമാക്കാന്‍ ഒരു പറക്കും കുതിരയെ വരെ നല്‍കി. എന്നാല്‍ ബേനസീറിന്റെ പറക്കും കുതിരപ്പുറത്തുള്ള യാത്ര ഒരുനാള്‍ ബദ്‌റുല്‍ മുനീറിന്റെ മുന്നിലെത്തിച്ചു. അവര്‍ പരസ്പരം പ്രണയത്തിലായി. വൈകുന്നേരങ്ങളില്‍ ഒന്നിച്ചു കഴിയാന്‍ തുടങ്ങി. അസൂയാലുവായ ഒരു ജിന്ന് അക്കാര്യം മഹ്‌റുഖിന്റെ ചെവിയില്‍ എത്തിച്ചു.
അവള്‍ ബേനസീറിനെ കിണറില്‍ തടവിലാക്കി. കാമിനീകാമുകന്മാരുടെ വേര്‍പാട് വന്‍ ദുരന്തമായി. ഒടുവില്‍ മന്ത്രികുമാരി നജ്മുന്നിസ അവരെ തേടിയിറങ്ങി. ഫൈറൂഷായുടെ സഹായത്തോടെ അവള്‍ അവരെ കണ്ടെത്തി. അങ്ങനെ ബേനസീറും ബദ്‌റുല്‍ മുനീറും വിവാഹിതരായി ഒന്നിച്ചു. നജ്മുന്നിസയും ഫൈറൂഷായും കൂടി വിവാഹിതരാവുന്നതോടെ കഥ അവസാനിക്കുന്നു.
ഇതാണ് സഹ്‌റുല്‍ ബയാനിലെ കഥ. ഈ കഥ തീര്‍ച്ചയായും വൈദ്യരുടെ രചനയ്ക്കു ബീജമാകാവുന്നതു തന്നെയാണ്. ആകയാല്‍ ഫോസെറ്റു മുന്നോട്ടുവെച്ച വാദത്തെ നാം തള്ളിക്കളയേണ്ടതില്ല. ബേനസീര്‍ എന്ന രാജപുത്രനാണു സഹ്‌റുല്‍ ബയാനിലെ നായകന്‍. വൈദ്യരുടെ കൃതിയില്‍ ബദ്‌റുല്‍ മുനീര്‍ എന്ന മന്ത്രികുമാരനാണു നായകന്‍. സഹറുല്‍ബയാനിലെ നായിക ബദ്‌റുല്‍ മുനീര്‍. വൈദ്യര്‍ കൃതിയിലാകട്ടെ ഹുസ്‌നുല്‍ ജമാലും. കഥാഗതിയില്‍ വൈദ്യര്‍ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. പരിജിന്നുകളില്‍പെട്ട’ മഹ്‌റുഖിനാല്‍ തട്ട’ിയെടുക്കപ്പെട്ടതിനു ശേഷമാണ് ബേനസീര്‍ നായികയായ ബദ്‌റുല്‍ മുനീറിനെ കാണുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പ്രണയത്തിന്റെ വിലയായി മാറുകയാണ്. അതു പുനഃസമാഗമത്തെ അത്രമേല്‍ ഹൃദ്യമാക്കുകയും ചെയ്യുന്നു. വൈദ്യരുടെയും മീര്‍ ഹസന്റെയും രചനകളെ സൂക്ഷ്മവും സശ്രദ്ധവുമായ താരതമ്യപഠനത്തിനു വിധേയമാക്കിയാല്‍ ഏതെല്ലാമോ സവിശേഷതകള്‍ കണ്ടെത്താന്‍ കഴിയും.
ഈ ചര്‍ച്ചയില്‍ പ്രയോജനകരമാകാവുന്ന ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാം. 1994-ല്‍ പ്രസിദ്ധീകരിച്ച കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ കോഴിക്കോട്ടെ മുസ്‌ലിംകള്‍ക്കു നാടകവുമായുളള ബന്ധത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പോയ നൂറ്റാണ്ടിന്റെ ഒടുവില്‍ കോഴിക്കോട്ടെ മുസ്‌ലിംകളെ വളരെയധികം ആകര്‍ഷിച്ച ഒരു നാടകസംഘമായിരുന്നു സയ്യിദ് ഖാദര്‍ ഹുസൈന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുവന്നു നാടകം കളിച്ച ഹിന്ദുസ്താനീ സംഗീതനാടകസംഘം. ബെനജിര-ബദ്‌റെ മുനീറ എന്നു പേരുള്ള അവരുടെ ഒരു നാടകത്തിന്റ കഥാചുരുക്കവും അതിന്റെ ടിക്കറ്റ് നിരക്കും സദസ്സില്‍ പാലിക്കേണ്ട മര്യാദകളും ഉള്‍ക്കൊള്ളുന്ന പരസ്യത്തിന്റെ ചിത്രവും പ്രസ്തുത കൃതിയില്‍ ചേര്‍ത്തിരിക്കുന്നു. (പുറം: 235-236).
നടേ പറഞ്ഞ വിവരങ്ങളുടെ വെളിച്ചത്തില്‍ ആ നോട്ടീസിലൂടെ കടന്നുപോയാല്‍ മീര്‍ ഹസന്‍ ദഹ്‌ലവിയുടെ ക്വിസ്സായെ ബദ്‌റെ മുനീറിന്റെ നാടകാവിഷ്‌കാരമാണതെന്ന് എളുപ്പം മനസ്സിലാവും. ബേനസീര്‍ എന്ന രാജപുത്രനും ബദറുല്‍ മുനീറും തമ്മിലുള്ള പ്രണയവും അതിനുണ്ടാകുന്ന പ്രതിബന്ധങ്ങളും ഒടുക്കം അവര്‍ തമ്മില്‍ നടക്കുന്ന വിവാഹവുമൊക്കെയാണു കഥാചുരുക്കത്തില്‍ കൊടുത്തിരിക്കുന്നത്. സയ്യിദ് ഖാദര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്താനി സംഗീത നാടക സംഘമാണ് ഇത് അവതരിപ്പിക്കുന്നത് എന്നുകൂടി ഓര്‍ക്കുക. അവര്‍ കോഴിക്കോട്ടു തമ്പടിച്ച് നാടകം അവതരിപ്പിച്ചുകൊണ്ടിരുന്നത് വൈദ്യരുടെ ഹുസ്‌നുല്‍ ജമാലെഴുതുന്നതിനു മുമ്പോ പിമ്പോ എന്നറിയാന്‍ നിവൃത്തിയില്ല. പുസ്തകം വായിച്ചാണോ നാടകം കണ്ടാണോ പുത്തന്‍ മാളിയേക്കല്‍ നിസാമുദ്ദീന്‍ മിയ വൈദ്യര്‍ക്കു കഥ പറഞ്ഞുകൊടുത്തതെന്നു തീരുമാനിക്കാനും വഴിയില്ല. എന്തായാലും ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ മാപ്പിളപ്പാട്ടു രൂപത്തില്‍ പുറത്തുവരുന്നതിന് ഏറെയൊന്നും അകലെയല്ലാത്ത കാലത്തു ഖിസ്സായെ ബദ്‌റെ മുനീര്‍ കോഴിക്കോട്ടുകാര്‍ക്കു നാടകരൂപത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നുവെന്നു തീര്‍ച്ചപ്പെടുത്താം. ഇത്രയൊക്കെ വസ്തുതകളുടെ പിന്‍ബലത്തില്‍ പഠനത്തിനെടുക്കുമ്പോള്‍ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കൂടുതല്‍ വ്യക്തമായി, കൂടുതല്‍ സൂക്ഷ്മമായി, മനസ്സിലാക്കാന്‍ കഴിയുമെന്നാണു തോന്നുന്നത്. ആ മട്ടില്‍ സമഗ്രമായ ഒരു ഹുസ്‌നുല്‍ ജമാല്‍ പഠനമായിരിക്കാം ആ രചനയുടെ അടുത്ത അരങ്ങേറ്റരൂപം എന്നു മനസാ കൊതിച്ചുപോകുന്നു.

കെ അബൂബക്കര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.