ഉസ്‌ബെക്ക് യാത്ര എന്ന സ്വപ്‌നം വര്‍ഷങ്ങളായി മനസ്സിലുണ്ട്. ഉസ്‌ബെക്കിന്റെ ആര്‍ട്ടും ആര്‍ക്കിടെക്ച്വറും ആത്മീയതയുമെല്ലാമാണ് ഈ ആഗ്രഹത്തിന് തിരികൊളുത്തിയത്. ആയിടക്കാണ് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ഫൗണ്ടേഷന്‍ ഉസ്‌ബെക്കിസ്ഥാനില്‍ ജ്യോമെട്രിക്കല്‍ പാറ്റേണ്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന വിവരമറിഞ്ഞതും അതില്‍ രജിസ്റ്റര്‍ചെയ്തതും. ദീന്‍ ഫൗണ്ടേഷനെക്കുറിച്ചും വിവിധഭാഗങ്ങളില്‍ അവര്‍ നടത്തുന്ന വർക്ക് ഷോപ്പുകളെക്കുറിച്ചും നേരത്തെതന്നെ അറിയാം. പ്രഗത്ഭ ആര്‍ട്ടിസ്റ്റുകളായ ഫ്രഞ്ചുകാരന്‍ ജീന്‍മാര്‍ക്കേസും തുര്‍ക്കികാരി സറാപ്പി എക്‌സിലറുമാണ് പരിപാടിയുടെ മുഖ്യസംഘാടകര്‍. പ്രഗത്ഭരായ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം കാലിഗ്രഫിയാല്‍ സമ്പന്നമായൊരു നാട്ടിലേക്കുള്ള സന്ദര്‍ശനം എന്നതായിരുന്നു ഈ യാത്രക്ക് എന്നെ തല്‍പരനാക്കിയ പ്രധാനഘടകം.
നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യം പേറുന്ന മണ്ണാണ് ഉസ്‌ബെക്കിസ്ഥാന്റേത്. നൂറ്റാണ്ടുകള്‍ നീളുന്ന സമ്പന്ന ചരിത്രത്തില്‍ ഉസ്‌ബെക്കിന്റെ വഴികളിലൂടെ കടന്നുപോവാത്ത സംസ്‌കാരധാരകളോ സാമ്രാജ്യത്വമോഹികളോ ഇല്ല. മാറിമാറിവന്ന ഭരണാധികാരികളും പല ദേശങ്ങളില്‍നിന്നായി വന്ന മതങ്ങളും സംസ്‌കാരങ്ങളുമാണ് ഉസ്‌ബെക്കിന്റെ സമ്പന്നസംസ്‌കാരം രൂപപ്പെടുത്തിയെടുത്തത്. മധ്യകാല നിര്‍മിതികളാല്‍ സമ്പന്നമായ ഉസ്‌ബെക്ക് നഗരങ്ങള്‍ കാലിഗ്രഫി തല്‍പരര്‍ക്ക് സ്വര്‍ഗരാജ്യമാണ്. പുരാതന സില്‍ക്ക് റൂട്ടിന്റെ മധ്യകേന്ദ്രമാണ് ഉസ്‌ബെക്കിസ്ഥാന്‍. ക്രിസ്തുവിനും 500 വര്‍ഷം മുമ്പ് ചൈനയിലെ വിഖ്യാതമായ സില്‍ക്ക് തുണികള്‍ യൂറോപ്പിലെത്തിക്കാനായി സ്വാഭാവികമായി തുറക്കപ്പെട്ട ഒരു വ്യാപാര പാതയാണ് സില്‍ക്ക് റൂട്ട്.
വിവിധ രാജ്യങ്ങളിലെ വ്യാപാരികളും അവരുടെ അനുചരരും ഇടക്കിടെ ഇവിടെ ഒത്തുകൂടി. അവര്‍ നാണയങ്ങളും സാധന സാമഗ്രികളും പരസ്പരം കൈമാറി. ആധുനിക മണി എക്‌സ്‌ചേഞ്ചുകളുടെ പുരാതന രൂപം അക്കാലത്ത്തന്നെ ഉസ്‌ബെക്കിസ്ഥാനില്‍ ഉണ്ടായിരുന്നു. അതോടൊപ്പംതന്നെ തങ്ങളുടെ മതങ്ങളും സംസ്‌കാരങ്ങളും ഉസ്‌ബെക്കിനും അവിടെ വരുന്ന വ്യാപാരികള്‍ക്കും കൈമാറി.
സാമ്പത്തികമായും സാംസ്‌കാരികമായും ഉസ്‌ബെക്ക് നഗരങ്ങള്‍ മറ്റു നഗരങ്ങളേക്കാള്‍ മുന്നിട്ടുനിന്നു. ഇതിന്റെ ഫലമായി പടുകൂറ്റന്‍ മനോഹരനിര്‍മിതികള്‍ ഉസ്‌ബെക്ക് നഗരങ്ങളില്‍ ഉയര്‍ന്നുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന കലാകാരന്മാരും ആര്‍ക്കിടെക്ടുകളും ഉസ്‌ബെക്ക് നഗരങ്ങളെ മനോഹരമാക്കി. കാലാന്തരങ്ങളില്‍ മാറിമാറിവന്ന സാമ്രാജ്യങ്ങളും രാജാക്കന്മാരും ഉസ്‌ബെക്കിനെ പ്രൗഢിയോടെ നിലനിര്‍ത്തി. ഇബ്‌നു ബത്തൂത്തയുടെയും മാര്‍ക്കോപോളോയുടെയുമെല്ലാം യാത്രാവിവരണങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സമ്പന്നമായ ഉസ്‌ബെക്ക് നഗരങ്ങളെ കാണാനാവും.
ഇന്ത്യയുമായി ഹൃദയബന്ധമുള്ള രാജ്യമാണ് ഉസ്‌ബെക്കിസ്ഥാന്‍. ഇന്ത്യക്കാരോട് എവിടെയും പ്രത്യേക സ്‌നേഹവും പരിഗണനയുമാണ്. ഇന്ത്യക്കാരനാണെന്നറിഞ്ഞാല്‍ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഉസ്‌ബെക്ക് ജനത. പലതവണ ഈ സ്‌നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ വന്ന് കെട്ടിപ്പിടിച്ച ഷെഹ്‌രിസാബ്‌സിലെ വയോധികനും കൂടെ നിന്ന് സെല്‍ഫിയെടുത്തോട്ടെ എന്ന് ചോദിച്ച രിഗിസ്ഥാനിലെ കൊച്ചുബാലികയുമെല്ലാം ഉസ്‌ബെക്ക് ജനതയുടെ ഇന്ത്യന്‍ പ്രണയത്തിന്റെ പ്രതീകങ്ങളാണ്.
ഇന്ത്യക്കാരോടുള്ള അതിരറ്റ ഈ സ്‌നേഹം എന്നെ ഏറെ അതിശയിപ്പിച്ചിരുന്നു. രിഗിസ്ഥാനില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ വന്ന ഒരു ഉസ്‌ബെക്ക് നിവാസിയോട് ഞാനത് ചോദിക്കുകയും ചെയ്തു. ‘യു കൈം ടു റിബിള്‍ഡ് അസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശരിയാണ്, രാജ്യത്തെ പല നിര്‍മിതിളുടെ പുനര്‍നിര്‍മാണവും മറ്റും നടത്തുന്നത് ഉത്തരേന്ത്യയില്‍നിന്നുള്ള തൊഴിലാളികളാണ്. അവിടേക്കാവശ്യമായ മാര്‍ബിളും മറ്റും എത്തിക്കുന്നത് രാജസ്ഥാനില്‍നിന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണീ ബന്ധം. സമര്‍ഖന്ദിലെ ബീബി ഖാനിം പള്ളിയുടെ നിര്‍മാണത്തിന് വലിയ കല്ലുകള്‍ അക്കാലത്ത്തന്നെ ഇന്ത്യയില്‍നിന്ന് ആനകള്‍ വഴിയായിരുന്നത്രേ ഉസ്‌ബെക്കില്‍ എത്തിച്ചത്.
പുരാതന ഇന്ത്യന്‍ ജനതയോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹം കൂടിയാണ് ഈ ഇന്ത്യന്‍ പ്രണയമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പുതിയകാല ഇന്ത്യയും രാഷ്ട്രീയസാഹചര്യങ്ങളുമെല്ലാം ആ സ്‌നേഹത്തിന് വിഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അടുത്ത തലമുറക്ക് ചിലപ്പോള്‍ ഇതെല്ലാം നഷ്ടപ്പെട്ടേക്കാം. ബോളിവുഡ് സിനിമകളുടെ വലിയ ആരാധകര്‍ കൂടിയാണ് ഉസ്‌ബെക്ക് ജനത. ഇന്ത്യയെന്നാല്‍ അവര്‍ക്ക് ബോളിവുഡ് സിനിമകളാണ്. ഇന്ത്യക്കാരെല്ലാം ബോളിവുഡ് നായകരെ പോലെ എപ്പോഴും പാട്ടുംപാടി ഡാന്‍സ് കളിച്ചാഘോഷിക്കുന്നവരാണെന്ന ബോധം അവരില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. ഇന്ത്യക്കാരനാണോ എന്നതിന് പകരം, എന്നെ ചൂണ്ടി ‘ഷാറൂഖ് ഖാന്‍?’ എന്ന ടാക്‌സി ഡ്രൈവറുടെ ചോദ്യം എന്നില്‍ ചിരിപടര്‍ത്തി. ബോളിവുഡിനോടുള്ള സ്‌നേഹംകൂടിയാവാം ഉസ്‌ബെക്കിന്റെ ഇന്ത്യന്‍ പ്രണയത്തിന് പിന്നില്‍. ഇന്ത്യന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പലപ്പോഴും ആതിഥ്യമരുളിയ ഭൂമി കൂടിയാണ് ഉസ്‌ബെക്കിസ്ഥാന്‍. ഇന്ത്യാ-പാക് ഉടമ്പടിക്ക് പലപ്പോഴും ഉസ്‌ബെക്ക് നഗരങ്ങള്‍ സാക്ഷിയായി. ഇന്ത്യ-പാക് ചര്‍ച്ചക്കായി ഉസ്‌ബെക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്‌കന്റിലെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നല്ലോ.
ഉസ്‌ബെക്ക് തലസ്ഥാനമായ താഷ്‌കന്റ് എയര്‍പോര്‍ട്ടില്‍നിന്നായിരുന്നു ഞങ്ങളുടെ യാത്രാരംഭം. ഉസ്‌ബെക്കിന്റെ പ്രധാന നഗരഭാഗമാണ് താഷ്‌കന്റ്. മറ്റു ഉസ്‌ബെക്ക് നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി റഷ്യന്‍ഛായയാണ് താഷ്‌കന്റിന്. 1924 മുതല്‍ 1991 വരെ യു.എസ്.എസ്.ആറിന് കീഴിലായിരുന്നല്ലോ ഉസ്‌ബെക്കിസ്ഥാന്‍.
രാവിലെ വര്‍ക്ക് ഷോപ്പും അതിനുശേഷം പൈതൃകകേന്ദ്രങ്ങളിലേക്കുള്ള യാത്രയുമാണ് പാക്കേജിലുള്ളത്. ഓരോ ദിവസവും രാവിലെ അന്നേത് പള്ളിയിലേക്കാണോ പോവുന്നത്, അവിടുത്തെ ആര്‍ട്ട് വര്‍ക്ക് വരച്ച് പരിശീലിക്കും. അത് കഴിഞ്ഞ് ആ പള്ളി സന്ദര്‍ശിച്ച് നേരത്തെ ചെയ്ത വര്‍ക്ക് വിലയിരുത്തും. ഒരിക്കല്‍ കൂടി അതിനടുത്ത്‌നിന്ന് അവ വരക്കും. ഇതാണ് വര്‍ക്ക്‌ഷോപ്പിന്റെ രീതി.
താഷ്‌കന്റിലെ ആദ്യ സന്ദര്‍ശനം ഹസ്തി ഇമാം ചത്വരത്തിലേക്കായിരുന്നു. താഷ്‌കന്റിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണത്. പ്രമുഖ പണ്ഡിതനും കവിയുമായ ഹസ്രത് ഇമാം അബൂബക്കര്‍ മുഹമ്മദ് കഫാല്‍ ശാഷിയുടെ മഖ്ബറയാണ് ചത്വരത്തിന്റെ പ്രധാന ആകര്‍ഷണം. പള്ളി, മദ്രസ, ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടനേകം മത-സാംസ്‌കാരിക കേന്ദ്രങ്ങളുടെ നഗരിയാണ് ഹസ്തി ഇമാം ചത്വരം. പ്രമുഖ കിതാബുകളുടെ കൈയെഴുത്തുപ്രതികളാല്‍ സമ്പന്നമായ ഒരു വലിയ ലൈബ്രറിയും അവിടെ കണ്ടു. വിവിധയിനം കലകള്‍ പരിശീലിപ്പിക്കുന്ന മദ്രസകള്‍ ഇവിടെയുണ്ട്. കാലിഗ്രഫി, മറ്റു ആര്‍ട്ട് വര്‍ക്കുകളും ഇവിടെ അഭ്യസിക്കപ്പെടുന്നു. ഖലീഫാ ഉസ്മാന്‍(റ) വിന്റെ രക്തക്കറ പുരï വിശുദ്ധഖുര്‍ആന്‍ ഇവിടെയാണ് സൂക്ഷിക്കപ്പെടുന്നത്. മനോഹരമായ കൊത്തുപണികളാല്‍ സമ്പന്നമായ ബില്‍ഡിംഗുകളാണ് ഹസ്തി ഇമാമിലേത്. കാലിഗ്രഫി വര്‍ക്കുകളേക്കാള്‍ അവിടെ പ്രകടമായി കാണുക ജ്യോമെട്രിക്കല്‍ ഷെയ്പ്പുകളാണ്.
താഷ്‌കന്റിന്റെ വഴിയോരങ്ങള്‍ കലാകാരന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധയിനം ആര്‍ട്ട് വര്‍ക്കുകള്‍ വില്‍പനക്ക് വെച്ച അവിടെ ലൈവ് വര്‍ക്കുകളും കാണാം. വളരെ സൂക്ഷ്മതയോടെ കൃത്യമായി ശ്രദ്ധിച്ചാണ് ഓരോ വര്‍ക്കും തയ്യാറാക്കുന്നത്. ഉസ്‌ബെക്കിന്റെ ചരിത്രം, സംസ്‌കാരം എന്നിവ ഓരോ വര്‍ക്കിലും കാണാം. മനോഹരമായ വര്‍ക്കുകള്‍ കïപ്പോള്‍ ചിലത് വാങ്ങാതിരിക്കാനായില്ല. ഓരോ യാത്രയിലും ഇങ്ങനെ എന്തെങ്കിലും വാങ്ങി നാട്ടില്‍ കൊïണ്ടുവരുന്ന ശീലമുïണ്ട്. സന്ദര്‍ശിക്കുന്ന ഓരോ നാട്ടിലെയും തനത് സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന എന്തെങ്കിലും വാങ്ങി കാഗ്രാര്‍ട്ടില്‍ കൊïണ്ടുവന്ന് നമ്മുടെ നാട്ടുകാരെ കാണിക്കുക എന്നത് കൂടിയാണ് ഇത്തരം യാത്രകളിലെ ലക്ഷ്യം.
ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തും വലിയ മാര്‍ക്കറ്റ് കാണാം. എല്ലാ തരം ഉപഭോഗ-ഭക്ഷ്യവസ്തുക്കളും അവിടെ കിട്ടും. സ്ത്രീകളാണ് പ്രധാന കച്ചവടക്കാര്‍. വയസ്സേറിയ ഉമ്മയും മക്കളുമെല്ലാം അവിടെ കച്ചവടക്കാരായി കാണാം. സദാ പ്രസന്നവദരരായിരിക്കുന്ന അവര്‍ ചിരിച്ചാല്‍ ചിലപ്പോള്‍ സ്വര്‍ണ്ണപ്പല്ലുകള്‍ പുറത്തേക്ക് തെളിയും. ഉസ്‌ബെക്ക് സ്ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന ഒരു സവിശേഷതയാണിത്. യു.എസ്.എസ്.ആര്‍ അധിനിവേശ കാലത്ത് നിശ്ചിത അളവില്‍ കൂടുതല്‍ സമ്പത്ത് കൈയില്‍ കരുതാന്‍ പാടില്ലായിരുന്നു. ഈ നിയമകുരുക്കില്‍നിന്ന് രക്ഷതേടി അന്നത്തെ മിക്ക സ്ത്രീകളും സമ്പത്തെല്ലാം സ്വര്‍ണമാക്കി പല്ലുകള്‍ ഘടിപ്പിച്ചു.
വഴിയോരത്തെ ഒരു കച്ചവടക്കാരി കൊച്ചുവിൽപനക്കാരി
സമര്‍ഖന്ദിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. താഷ്‌കന്റില്‍ നിന്ന് വിഭിന്നമായി ഉസ്‌ബെക്കിന്റെ തനത് ഛായയില്‍തന്നെയാണ് സമര്‍ഖന്ദ് ഇന്നും. സാമ്രാജ്യത്വമോഹികളായിരുന്ന അലക്‌സാïര്‍ ദി ഗ്രേറ്റ്, ചെങ്കിസ് ഖാന്‍, അമീര്‍ തിമൂര്‍ എന്നിവരുടെയെല്ലാം ഭരണത്തിന് കീഴിലായ നഗരമാണ് സമര്‍ഖന്ദ്. ഉമര്‍ ഖയ്യാമിനെപ്പോലുള്ള പ്രഗത്ഭര്‍ക്ക് ജന്മം നല്‍കിയ സമര്‍ഖന്ദ,് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ മത-സാസ്‌കാരിക കേന്ദ്രമായിരുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണിതെന്ന് പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ചാരി മാര്‍കോ പോളോ തന്റെ യാത്രാവിവരണത്തില്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ സ്വര്‍ഗം എന്നാണ് ഇമാം ജുവൈനി വിശേഷിപ്പിച്ചത്.
അമീര്‍ തിമൂറിന്റെ ഭരണസിരാകേന്ദ്രമായിരുന്ന സമര്‍ഖന്ദ് ആ കാലത്തെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായി. നീല ഖുബ്ബകളാല്‍ മനോഹരമാണ് ഇവിടുത്തെ മിക്ക ബില്‍ഡിംഗുകളും. വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെട്ട സമര്‍ഖന്ദ് യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട്.
വര്‍ണങ്ങളും വരകളും തേടിയായിരുന്നല്ലോ ഈ യാത്ര. സമര്‍ഖന്ദ് യാത്രയുടെ പ്രധാനഭാഗമായിരുന്നു റിഗിസ്ഥാനിലേക്കുള്ളത്. ലോകത്തെ ഏറ്റവും വലിയ ചത്വരമാണ് റിഗിസ്ഥാന്‍. സമര്‍ഖന്ദിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചത്വരത്തിന്റെ ചുറ്റും മൂന്ന് മദ്രസകളാണ്. ഉലുഗ് ബെഗ് മദ്രസ, ടില്യ കോരി മദ്രസ, ഷേര്‍ ഡോര്‍ മദ്രസ എന്നിവയാണവ. പതിനാലാം നൂറ്റാണ്ട് മുതല്‍തന്നെ വിദ്യനുകരാനായി ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ ഇവിടെയെത്തിയിരുന്നു.
മനോഹരമാണ് റിഗിസ്ഥാന്‍, രാത്രിയിലോ വര്‍ണാഭവും. ഷേര്‍ ഡോര്‍ മദ്രസയുടെ കവാടത്തിലെ ഒരു ചിത്രം എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു പുലി, മുന്നിലൊരു മാന്‍പേട, അതിനു മുകളില്‍ സൂര്യ കിരണങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനുഷ്യമുഖവും. ഒപ്പമുണ്ടായിരുന്ന ഗൈഡിനോട് ഇതിന്റെ പൊരുള്‍ അന്വേഷിച്ചു. ‘മദ്രസയാണല്ലോ, പലതരത്തിലുള്ള ആളുകള്‍ ഇവിടെ പഠിക്കാന്‍ വരും. മൃഗീയ സ്വഭാവമുള്ളവരും അവരിലുണ്ടാവും. അവരെല്ലാം പഠിച്ച് മാന്‍പേട പോലെ അനുസരണയുള്ള ശാന്തസ്വഭാവമുള്ളവരാവും. അറിവുകാരണം സൂര്യനെപ്പോലെ അവര്‍ പ്രകാശിച്ചുനില്‍ക്കും’ ഗൈഡിന്റെ വിവരണം ഹൃദയസ്പര്‍ശിയായി തോന്നി. ഒരു മദ്രസക്ക് പറ്റിയ ചുമര്‍ചിത്രം.
ബീബി ഖാനിം മോസ്‌കായിരുന്നു അടുത്ത സന്ദര്‍ശകയിടം. ഇന്ത്യയുമായി വലിയ ബന്ധമുണ്ട് ഈ പള്ളിക്ക്. 1399ല്‍ ഇന്ത്യ കീഴടക്കാനായി ദല്‍ഹിയിലെത്തിയ അമീര്‍ തിമൂര്‍ ദല്‍ഹിയിലെ കെട്ടിടങ്ങള്‍ കണ്ട് അമ്പരന്നു. ഇതുപോലെ ഒരു കെട്ടിടം തന്റെ നാട്ടിലും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി കലാകാരന്മാരെയെല്ലാം ഒരുമിച്ചുകൂട്ടി ലോകത്തെ ഏറ്റവും വലിയൊരു പള്ളി നിര്‍മിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ഇതിനായി ഇന്ത്യയില്‍നിന്ന് ആനകളെ ഉപയോഗിച്ച് വലിയ കല്ലുകള്‍ എത്തിച്ചിരുന്നു എന്നാണ് ചരിത്രം.
സമര്‍ഖന്ദിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചുതീര്‍ക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യംപേറുന്ന സമര്‍ഖന്ദ് സന്ദര്‍ശകരുടെ പറുദീസയാണ്. സമര്‍ഖന്ദില്‍നിന്നും ബുഖാറയിലേക്കുള്ള യാത്രാ മധ്യേയാണ് ഗുര്‍ഏ അമീര്‍. ഉസ്‌ബെക്കുകാരുടെ ആരാധ്യപുരുഷനായ അമീര്‍ തിമൂറിന്റെ മഖ്ബറയാണിവിടം. ലോകത്തെ മറ്റു ദേശക്കാര്‍ക്ക് അമീര്‍ തിമൂര്‍ ഒരു ക്രൂരനായ അക്രമിയും അധിനിവേശ നായകനുമാണെങ്കില്‍ ഉസ്‌ബെക്കുകാര്‍ക്ക് അമീര്‍ തിമൂര്‍ ഒരു നല്ല ഭരണാധികാരിയായിരുന്നു. ഉസ്‌ബെക്കിസ്ഥാനെ മറ്റു നഗരങ്ങള്‍ക്കിടയില്‍ പുകള്‍പെറ്റതാക്കിയ ഭരണാധികാരി. ഈ സൗധത്തിന്റെ വാസ്തുവിദ്യമാതൃകയാക്കിയാണ് ഇന്ത്യയിലെ ഹ്യുമയൂണ്‍ ടോമ്പും താജ്മഹലുമെല്ലാം പണികഴിപ്പിച്ചിരിക്കുന്നത്. അനിര്‍വചനീയമായ സൂഫീ അന്തരീക്ഷമാണ് ഇവിടം. അമീറിന്റെ ഗുരുവും വലിയ സ്വൂഫീ പണ്ഡിതനുമായിരുന്ന സയ്യിദ് ബറകയുടെ ഖബറും ഇവിടെയുണ്ട്.
ബസിറങ്ങി ഒത്തിരിനടക്കാനുണ്ടവിടേക്ക്. യാത്രികരെയെല്ലാം ഒരുഭാഗത്തിറക്കി അരമണിക്കൂറിന് ശേഷം ബസിലെത്തണമെന്ന് ഗൈഡ് നിര്‍ദേശിച്ചു. മഖ്ബറയിലെ വരകളും വര്‍ണങ്ങളും ഖബറുകളും തേടി എന്നിലെ സോളോ യാത്രികന്‍ ഉണര്‍ന്നു. മഖ്ബറകളില്‍ പ്രാര്‍ഥിച്ചും വരകളില്‍ നോക്കിയും ഞാനങ്ങനെ നടന്നു. കൂടെയുള്ളവരെ പിന്നിട്ട് നടന്നല്‍പം ദൂരെയെത്തിയിരിക്കുന്നു. പറഞ്ഞ സമയം കഴിയാറായി എന്നറിഞ്ഞപ്പോള്‍ തിരികെ നടന്നുതുടങ്ങി. ബസ് നിര്‍ത്തിയ സ്ഥലത്തെത്തിയെങ്കിലും അവിടെ ആരെയും കാണാനില്ല. ഇനിയെങ്ങാനും എന്നെ കൂട്ടാതെ ബസ് പുറപ്പെട്ടിരിക്കുമോ? സോളോ യാത്രികന്റെ എല്ലാ ആവേശവും ചോര്‍ന്നുതുടങ്ങി. കൂടെയുള്ളവരുമായി ബന്ധപ്പെടാന്‍ ഒരുവഴിയുമില്ല. ഇന്റര്‍നെറ്റോ വൈഫൈ കണക്ഷനോ ലഭ്യമല്ല. അടുത്തുണ്ടായിരുന്ന ഒരാളോട് വൈഫൈ ചോദിച്ചു. ബസ് ഇവിടെയല്ല, മറ്റൊരു ഭാഗത്താണെന്ന് അടുത്തുണ്ടായിരുന്ന ഉസ്‌ബെക്കുകാരന്‍ ആംഗ്യഭാഷയില്‍ കാണിച്ചുതന്നു. തിടുക്കപ്പെട്ട് ആ ഭാഗം ലക്ഷ്യമാക്കി നടന്നു. ഇടക്ക് കിട്ടിയ ചെറിയ വണ്ടിയിൽ കയറി അവിടെയെത്തിയപ്പോഴേക്കും എന്നെയും കാത്ത് ബസും യാത്രികരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഏതോ ഒരുത്തന് വേണ്ടി അരമണിക്കൂറിലേറെ കാത്തിരുന്നതിന്റെ മുഷിപ്പൊന്നും അവര്‍ കാണിച്ചില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ അവരെന്നോട് പെരുമാറി. കേവലം മിനുട്ടുകള്‍ മറ്റൊരാളെ കാത്തിരിക്കാന്‍ പോലും മനസ്സ് കാണിക്കാത്തവരുടെ നാട്ടില്‍നിന്ന് വരുന്ന എന്നിലുണ്ടാക്കിയ അമ്പരപ്പ് ചെറുതൊന്നുമല്ല.
വിവിധ കാലിഗ്രഫികൾ
ബുഖാറയായിരുന്നു ഞങ്ങളുടെ അവസാന സന്ദര്‍ശകയിടം. ഗതകാല വാസ്തുവിദ്യയുടെ കണ്ണാടിയാണ് ബുഖാറ. ഇമാം ബുഖാരി, ബഹാഉദ്ദീന്‍ നഖ്ഷബന്ദിയെപ്പോലുള്ള മഹാന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് ബുഖാറ. ആറാം നൂറ്റാണ്ടു മുതലുള്ള എഴുതപ്പെട്ട ചരിത്രമുണ്ട് ബുഖാറക്ക്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ബുഖാറ ഉസ്‌ബെക്കിന്റെ മത, വ്യാപാര, സാംസ്‌കാരിക കേന്ദ്രമായി മാറിയിരുന്നു. ‘ഭാഗ്യങ്ങളുടെ നഗരം’ എന്നാണ് ബുഖാറയുടെ അര്‍ഥം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍നിന്ന് മതപണ്ഡിതരും കവികളും കലാകാരന്മാരും ഇവിടെ ഒത്തുകൂടി ചര്‍ച്ചകള്‍നടത്തി. പല നൂറ്റാണ്ടുകളിലായി മാറിമാറി വന്ന രാജാക്കന്മാരും സാമ്രാജ്യത്വ മോഹികളും ബുഖാറ അടക്കി ഭരിച്ചു. രാജാക്കന്മാരും സാമ്രാജ്യങ്ങളും മാറി മാറി വന്നെങ്കിലും അവരെല്ലാം ബുഖാറയെ പൊന്നുപോലെ കാത്തു. റഷ്യന്‍ അധിനിവേഷത്തിന് കീഴില്‍ പോലും ബുഖാറക്ക് രൂപമാറ്റങ്ങളൊന്നും സംഭവിച്ചില്ല. ബുഖാറ അതിന്റെ പഴമയോടെ നിലനിന്നു, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെന്നോ സ്തംഭിച്ചുപോയ നഗരം പോലെ.
പൊതുവെ ശാന്തമായിരുന്നു ബുഖാറ. ആകാശം മുട്ടുന്ന മിനാരങ്ങളോ വലിയ ബില്‍ഡിംഗുകളോ കൂടുതലായൊന്നും അവിടെ കണ്ടില്ല. ഗ്രാമീണ പ്രദേശമാണ് ബുഖാറ. നിറയെ പാടങ്ങളും തോട്ടങ്ങളും നിറഞ്ഞ മനോഹര പ്രദേശം. സുഹൃത്ത് സഹീദ് റൂമി ബുഖാറയില്‍ എന്നെ കാത്തിരിക്കുന്നുïായിരുന്നു. ബുഖാറയില്‍ ബിസിനസുള്ള മലപ്പുറം സ്വദേശിയാണ് റൂമി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റൂമിക്കൊപ്പമായിരുന്നു ബുഖാറയിലെ കറക്കം. റൂമിയുടെ സുഹൃത്തിന്റെ വീട്ടില്‍ പോയതും ആപ്രിക്കോട്ട് തോട്ടത്തിന്റെ മധ്യത്തിലുള്ള സല്‍കാരവും ആവശ്യമുള്ളത്ര ആപ്രികോട്ട് പറിച്ച് തിന്നതുമെല്ലാം ബുഖാറയിലെ രാത്രിയെ മനോഹരമാക്കി.
ബുഖാറയുടെ സൗന്ദര്യം അവിടെ അനുഭവപ്പെടുന്ന ആത്മീയാനുഭൂതികൂടിയാണ്. സ്വൂഫീ സരണിയായ നഖ്ശബന്ദി ത്വരീഖതിന്റെ കേന്ദ്രം കൂടിയാണ് ബുഖാറ. പ്രമുഖ സ്വൂഫിയും പണ്ഡിതനുമായിരുന്ന ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്ദിയാണ് ഈ സ്വൂഫീ സരണിക്ക് തുടക്കം കുറിച്ചത്. ബുഖാറയില്‍തന്നെയാണ് ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ മഖ്ബറ. വലിയൊരു അനുവാചകവൃന്ദം തന്നെ മഖ്ബറക്ക് ചുറ്റുമുണ്ട്. വിദേശികളും സ്വദേശികളുമായി ഒത്തിരിപ്പേര്‍ അവിടെ വന്ന് സിയാറത് ചെയ്യുന്നുണ്ട് . അവരിലൊരുവനായി ഞാനും കൂടി. ശൈഖിനോട് സലാം ചൊല്ലി, മഖ്ബറക്കരികെ അല്‍പനേരം നിന്ന് പുറത്തിറങ്ങി. ചുറ്റുഭാഗവും മനോഹരമായ കൊത്തുപണികളാല്‍ അലങ്കരിച്ചിരിക്കുന്നു. ശൈഖിന്റെ ഉപദേശങ്ങളും ഉദ്ധരണികളുമെല്ലാം ചുമരില്‍ കാണാം. Occupy your hearts with Allah, and your hands with work എന്ന വാചകം ആകര്‍ഷകമായി തോന്നി. ജോലിക്കൊന്നും പോവാതെ വെറും ദിക്‌റിലും നിസ്‌കാരത്തിലുമൊതുങ്ങി ജീവിതം നയിച്ച അനുചരര്‍ക്കുള്ള തിരുത്തായിരുന്നുവത്.
ആര്‍ക്കിടെക്ചറിന്റെയും കലയുടെയും പാണ്ഡിത്യത്തിന്റെയുമെല്ലാം വശ്യഭൂമിയായ ഉസ്‌ബെക്കില്‍നിന്ന് മടങ്ങാനുള്ള സമയമായിരിക്കുന്നു. ബുഖാറയില്‍നിന്നും താഷ്‌കന്റിലേക്ക് ട്രെയിന്‍ കയറി. പരമാവധി കാഴ്ചകള്‍ കണ്ടും അതിലേറെ കാണാന്‍ ബാക്കിവെച്ചും താഷ്‌കന്റില്‍നിന്ന് ഞാന്‍ വിമാനം കയറി. ഒരു സ്ഥലവും മുഴുവനായി കാണരുത് എന്നാണല്ലോ. ഒരു വരവിനുള്ളതെന്തെങ്കിലും അവിടെ ബാക്കിവെച്ച് വേണം തിരിക്കാന്‍. കാഴ്ചകള്‍ ഇനിയുമെത്രയോ ഉസ്‌ബെക്ക് ബാക്കിവെച്ചിട്ടുണ്ട്.
Add comment