യാത്രാമദ്ധ്യേ ആ ഗ്രാമത്തിന്റെ ഒരു കോണില്‍ ഒന്നു നില്‍ക്കണേ… പ്രേമം കഥപറയുകയും കണ്ണുനീരാല്‍ അതെഴുതുകയും ചെയ്യട്ടെ…
അവളധിവസിക്കുന്ന ഗ്രാമത്തെ പോലും
പ്രണയിക്കുന്നതാണെന്റെ മാര്‍ഗം.
ഒരോരോ അനുരാഗികള്‍ക്കും താന്താങ്ങളുടെ പ്രണയത്തില്‍ വ്യത്യസ്ഥ സരണികളുണ്ട്.
പത്താം നൂറ്റാണ്ടിലെ ക്ലാസിക് അറബി കവി അബൂഫിറാസുല്‍ ഹമദാനിയുടെ മേല്‍ ഉദ്ധരിച്ച കവിത പ്രശസ്ത സൂഫി ഗുരു ഇമാം അബ്ദുല്ലാഹില്‍ യാഫിഈ(റ) തന്റെ ‘ഇര്‍ശാദ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. പ്രണയം തുളുമ്പുന്ന വികാരതീവ്രമായ നിരവധി കവിതകളാല്‍ സമ്പുഷ്ടമായ പ്രസ്തുതകൃതിയില്‍ ലൈലയും മദ്യചഷകവും പ്രേമവുമൊക്കെ വിഷയീഭവിക്കുന്ന മെറ്റഫറിസം നിറഞ്ഞ കവിതകളുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ പള്ളിദര്‍സുകളില്‍ ‘തസവ്വുഫ്’ സിലബസിന്റെ ഭാഗമായിരുന്നു ഈ ഗ്രന്ഥമെന്നു വരുമ്പോള്‍ സൂഫിസ്റ്റിക് പ്രണയത്തിന്റെ ബാലപാഠങ്ങള്‍ മതവിദ്യാഭ്യാസത്തില്‍ അക്കാലത്ത് അന്യമായിരുന്നില്ല എന്നു മനസ്സിലാക്കാം. ഇത്തരമൊരു പാരമ്പര്യത്തിന്റെ പരിസരത്തിലാണ് മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’ പ്രണയകാവ്യത്തിന്റെ പിറവി. ലിബറല്‍ ആഖ്യാനങ്ങള്‍ക്കും മതാതീത വായനകള്‍ക്കും ഉപരിയായി ബദറുല്‍ മുനീറിന്റെ രചനാ ചരിത്ര പരിസരത്തെ അങ്ങനെ കൂടി പുനരാലോചിക്കേണ്ടതുണ്ട്. ഒരോ അനുരാഗികള്‍ക്കും പ്രണയം പറയാന്‍ വിവിധമാര്‍ഗങ്ങളാണുള്ളതെന്ന അബൂഫിറാസുല്‍ ഹമദാനിയുടെ തത്വം വൈദ്യര്‍ നവീനമായ കഥപറച്ചില്‍ കാവ്യമാക്കി മാറ്റുകയാണുണ്ടായത്.
‘ഇന്തെ കഥ ഉറ്റിട്ട് അഖല്‍ കൊണ്ടോര്‍ത്താല്‍.
ഏറ്റം ഫസാഹത്തും പൊരുളുണ്ട് കേള്‍’
ഈ കഥ വായിച്ച് ബുദ്ധിപൂര്‍വം ചിന്തിച്ചാല്‍ സാഹിത്യമേന്മയും പൊരുളുകളും ഏറെയുണ്ടെന്ന് മനസ്സിലാക്കുക എന്ന് വൈദ്യര്‍ അനുവാചകനോട് പറയുന്നു. കേവല പ്രണയകഥയല്ല ഇതിലെ ഇതിവൃത്തമെന്നും സാഹിത്യഭംഗിയും അകംപൊരുളുകളും അടങ്ങിയ ഈ കാവ്യത്തെ സഗൗരവം സമീപിക്കണമെന്നുമാണ് വൈദ്യര്‍ ഉണര്‍ത്തുന്നത്. ബദറുല്‍ മുനീറിന്റെ ആരംഭത്തില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ് മുഈനുദ്ദീന്‍ ചിശ്തി എന്നിവരെ മുന്‍ നിറുത്തിയുള്ള പ്രാരംഭ പ്രാര്‍ഥനകളില്‍ നിന്ന് വ്യംഗ്യമായി ഖാദിരി ചിശ്തി ത്വരീഖത്തിലെ ആത്മീയസരണിയാണ് കവി മുന്നോട്ടു വെക്കുന്നതെന്നും വ്യക്തമാണ്. ഈ രണ്ട് സരണികളും പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പൊന്നാനി മഖ്ദൂമുകളുടെ ആത്മീയമാര്‍ഗമായി കേരളത്തിന്റെ മണ്ണില്‍ വേരോടിയതുമാണ്. ആ പാരമ്പര്യത്തുടര്‍ച്ചയുടെ വൈദ്യര്‍ ഭാഷ്യമാണ് ബദറുല്‍ മുനീര്‍ കാവ്യത്തിന്റെ കാതലെന്ന് തിരിച്ചറിഞ്ഞ ഗവേഷണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നത് ദു:ഖസത്യമാണ്. കവി വളര്‍ന്ന സാമൂഹ്യപരിസത്തിന്റെ വളക്കൂറ് എന്താണെന്ന് തിരിച്ചറിയാതെ പല പഠനങ്ങളും വികലമായ രീതിയില്‍ രൂപപരിണാമം സംഭവിച്ചതും മേല്‍ അഭിപ്രായത്തെ പ്രശ്‌നവത്കരിക്കുന്നുണ്ട്. മതാത്മകസംഗീതത്തിന്റെ തരഭേദങ്ങളെ മൂന്നായി വിഭജിക്കാം.
- സാധാരണക്കാര്‍ക്കുവേണ്ടിയുള്ളത്.
- ജ്ഞാനികള്‍ക്ക് വേണ്ടിയുള്ളത്.
- ജ്ഞാനികളിലെ ജ്ഞാനികള്‍ക്ക് വേണ്ടിയുള്ളത്.
ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങള്‍ സൂഫി അവസ്ഥകളുമായി ബന്ധപ്പെട്ടവയാണ്. സൂഫി നിഗൂഢതകളിലെ ഹഖാഇഖ് ജ്ഞാനങ്ങളുടെ ഭാണ്ഡം പേറിയ തമിഴ് പുലവന്മാരുടെ കവിതകള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ട് വരെ കേരളത്തില്‍ വമ്പിച്ച പ്രചാരമുണ്ടായിരുന്നു.എന്നാല്‍ ബദറുല്‍ മുനീര്‍ ഒരേ സമയം സാധാരണക്കാര്‍ക്ക് പാടി രസിക്കാവുന്ന ലളിതമായ അജാഇബ് (ഫാന്റസി) കഥയാണെന്നതും ഒപ്പം ജ്ഞാനികള്‍ക്ക് അവസ്ഥാനുസരണം അകം പൊരുകള്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന കാവ്യമാണെന്നതും ഇരുകൂട്ടര്‍ക്കുമിടയില്‍ ഈ കാവ്യത്തിന് പെട്ടെന്ന് സ്വീകാര്യത ലഭിക്കാന്‍ കാരണമായി. ഫത്‌വകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാതിരുന്ന തികച്ചും ഉലമാകേന്ദ്രീകൃതമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ തലയെടുപ്പുള്ള ഒരു മതപണ്ഡിതനും ബദറുല്‍ മുനീറിനെതിരില്‍ മതവിരുദ്ധത ആരോപിച്ചിരുന്നില്ലെന്നതും സ്പഷ്ടമാണ്. തെറ്റായി വ്യഖ്യാനിക്കപ്പെട്ട പല തമിഴ് പുലവരുടെ കവിതകള്‍ക്കെതിരെ തൂലികപടവാളാക്കിയ വൈദ്യരുടെ സമകാലികരായിരുന്ന ശുജാഇ മൊയ്തു മുസ്‌ലിയാരോ (നഹ്ജുദ്ദഖാഇഖ്), പുവാര്‍ നൂഹ് കണ്ണ് മുസ്ല്യാരോ (ഫത്ഹുസ്സമദ്), പാടൂര് കോയക്കുട്ടി തങ്ങളോ (വൈതുല്യം) സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്ന വൈദ്യര്‍കൃതികളെ വിമര്‍ശിച്ചിട്ടില്ലെന്ന് മാത്രമല്ല ശുജാഇയെ പോലുള്ള പണ്ഡിതകവിസാമ്രാട്ടുകളെ വൈദ്യരുടെ ഇശലുകള്‍ വളരെയധികം സ്വാധീനിക്കുകയുമുണ്ടായി. സഫലമാലയില്‍ വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ ‘ഉണ്ടെന്നും മിശ്കാത്ത്’ എന്ന ഇശല്‍ ശുജാഇ ഇശലായി സ്വീകരിച്ചത് ഒരുദാഹരണം മാത്രം.

പ്രണയത്തിനും സ്‌നേഹത്തിനും അതിപ്രാധാന്യം നല്‍കുന്ന സൂഫിധാരയാണ് ചിശ്തി. എ.ഡി 930ലാണ് ഇത് രൂപം കൊള്ളുന്നത്. സിറിയയില്‍ ജനിച്ച് വളര്‍ന്ന ഖാജാ അബൂഇസ്ഹാഖ് ശാമി(റ) വാണ് ചിശ്തി ത്വരീഖത്തിന്റെ സംസ്ഥാപകന്‍. ഇവരിലേക്ക് ചേര്‍ത്താണ് ചിശ്തി ത്വരീഖത്ത് അറിയപ്പെടുന്നത്. ചിശ്തി ത്വരീഖത്തിന്റെ പ്രാരംഭ അനുയായികള്‍ അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യയിലുമായിരുന്നു. അബൂഇസ്ഹാഖ് ചിശ്തിയുടെ പിന്‍ഗാമികളില്‍ പ്രധാനിയായ ഉസ്മാന്‍ ഹാറൂന്‍(റ)വില്‍ നിന്നും ഖാജ മുഈനുദ്ദീന്‍(റ)വിന് ത്വരീഖത് ലഭിക്കുകയും പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യ-പാക് ഭൂഖണ്ഡങ്ങളില്‍ ത്വരീഖത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശൈഖ് ഫരീദുദ്ധീന്‍ ഗഞ്ച് ശക്കര്‍(റ), ഖുതുബുദ്ധീന്‍ ഭക്തിയാര്‍ കാക്കി ദഹ്‌ലവി(റ), ശൈഖ് നിസാമുദ്ധീന്‍ ഔലിയ(റ), അമീര്‍ ഖുസ്രു, നാസറുദ്ധീന്‍ ചിരാഗ് ദഹ്‌ലവി(റ) എന്നിവരൊക്കെ ചിശ്തി ത്വരീഖത്തിലെ ഇന്ത്യ കണ്ട സുപ്രധാന വ്യക്തിത്വങ്ങളാണ്.
പൊന്നാനിയിലെ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനും ഖാദിരി, ചിശ്തി സരണികളില്‍ സഞ്ചരിച്ചിരുന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ശൈഖ് ഫരീദുദ്ധീന്‍ ഗഞ്ച് ശക്കര്‍ ഇന്ത്യയൊട്ടുക്കും സഞ്ചരിക്കുന്നതിനിടയില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നതായും പൊന്നാനിയിലെ ഏറ്റവും പുരാതനമായ തോട്ടുങ്ങല്‍ പള്ളി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം നിര്‍മിച്ചതാണെന്നും പറയപ്പെടുന്നു. പള്ളിയോട് ചേര്‍ന്ന് കാണുന്ന മഖ്ബറ ഫരീദുദ്ധീന്‍ ശൈഖിന്റെ ആത്മീയശിഷ്യനായ ഉസ്മാന്‍ എന്ന ഉത്താന്‍ മുസ്‌ലിയാരുടേതാണ്. തോട്ടുങ്ങല്‍ പള്ളിയുടെ മഹത്വം പറയുന്ന പൊന്നാനി മഖ്ദൂം തങ്ങളുടെ മകന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ (1849-1905) രചിച്ച കവിതകളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ശൈഖ് നിസാമുദ്ധീന്‍ ഔലിയയുടെ ആത്മീയശിഷ്യനായ അമീര്‍ ഖുസ്രുവിന്റെ ‘ചാര്‍ ദര്‍വേശ്’ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അറബിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതുമൊക്കെ ഇതോട് ചേര്‍ത്ത് വായിക്കാം. ഏകദേശം നാലഞ്ച് നൂറ്റാണ്ടുകളായി ചിശ്തി സ്വാധീനം കേരളത്തില്‍ നിലനിന്നിരുന്നു എന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
പ്രസിദ്ധനായ ചിശ്തി സൂഫി ശൈഖ് നിസാമുദ്ധീന്‍ ഔലിയ തന്റെ ആത്മീയശിഷ്യര്‍ക്ക് പ്രണയത്തെ കുറിച്ച് മനസ്സിലാക്കാന്‍ പറഞ്ഞു കൊടുത്ത കഥയാണ് ‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’. പിന്നീടത് പല വേര്‍ഷനുകളായി സൂഫിധാരകളിലൂടെ പല നാടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഇങ്ങ് കേരളക്കരയില്‍ വൈദ്യര്‍ അത് പാട്ടാക്കി മാറ്റുകയും ചെയ്തു. അതിനാല്‍ ബദറുല്‍ മുനീറിന് സമാനമായ പല കഥകളും ഫാരിസി/ പേര്‍ഷ്യന്‍ ഭാഷകളിലും ഉണ്ടാകാം എന്നല്ലാതെ വൈദ്യര്‍ ഏത് കൃതിയെ അവലംബമാക്കി എന്നു പറയുക ദുഷ്‌കരമാണ്. ഉറുദു കവിയായ മീര്‍ ഹസന്‍ ദഹ്‌ലവി(1786)യുടെ ‘മസ്‌നവി സിഹ്‌റുല്‍ ബയാന്‍’ എന്ന കഥാ-കാവ്യ സമാഹാരത്തിലെ ‘ഖിസ്സെ ബേനസീര്‍, ബദര്‍ മുനീര്‍’ എന്ന കഥയാണ് വൈദ്യര്‍ അവലംബമാക്കിയതെന്ന് പറയാന്‍ കഴിയില്ല. അല്‍പം ചില കാര്യങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ ഇരു കഥകളും തമ്മില്‍ സാരമായ അന്തരമുണ്ടെന്ന് മാത്രമല്ല വൈദ്യരുടെ കഥ കുറേകൂടി വിശദവുമാണ്. പൊതുവില്‍ തന്റെ കാവ്യങ്ങളുടെ ഉപാദാനങ്ങളെ കുറിച്ച് പറയാറുള്ള വൈദ്യര്‍ ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയല്ലാതെ വ്യക്തമായി മറ്റൊന്നും പറഞ്ഞിട്ടുമില്ല. ഇത്തരം മൗനങ്ങളും ഒരുതരത്തില്‍ സൂഫി ചിന്തകളുടെ ഭാഗമാണ്. വൈദ്യരുടെ കൃതിയെ കുറിച്ച് പഠനം നടത്തിയ അക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഫ്രെഡ് ഫൗസറ്റ് ഇങ്ങനെ ആശ്ചര്യപ്പെടുകയുണ്ടായി. ‘ഇവിടെ നിന്നാണ് അദ്ദേഹത്തിന് ഈ ആശയങ്ങളൊക്കെ കിട്ടുന്നത്?’.
‘നുവല്‍വാന്‍ ഇതിന്‍ റാവി നിസാമുദ്ധീനാം
നാമം ഹനഫിയ്യില്‍ മശ്ഹൂറാനാം’.
ഹനഫികള്‍ക്കിടയില്‍ പ്രശസ്തനായ നിസാമുദ്ധീനാണ് ഈ കഥ പറഞ്ഞതെന്ന് വൈദ്യര്‍ കാവ്യാരംഭത്തിലേ പറയുന്നുണ്ട്. ഇന്ത്യയില്‍ കേരളമൊഴികെയുള്ള മറ്റു പ്രദേശങ്ങളിലാകെ ഹനഫി മദ്ഹബ് വ്യാപിച്ചു കിടക്കുമ്പോള്‍ കൊണ്ടോട്ടിയില്‍ ജീവിച്ചിരുന്ന അപ്രശസ്തനും അജ്ഞാതനുമായ നിസാമുദ്ധീന്‍ എന്നയാളാണ് കഥാകാരനെന്ന് ഏതാണ്ടെല്ലാ വൈദ്യര്‍കൃതികളുടെ ഗവേഷകരും തെറ്റിദ്ധരിക്കുകയും പിന്നീട് വന്നവരൊക്കെ പ്രസ്തുത അബദ്ധം അപ്പാടെ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ചില കൈയെഴുത്ത് പ്രതികളില്‍ ‘ഹനഫിയ്യില്‍’ എന്നതിന് പകരം ‘ജബ്ഹത്തില്‍’ എന്നൊരു പദം കണ്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ജബ്ഹത്ത് എന്ന അറബി പദത്തിന് നെറ്റിത്തടം എന്നര്‍ഥം നല്‍കിയാല്‍ ഇന്ത്യയുടെ നെറ്റിത്തടമായ ഡല്‍ഹിയില്‍ പ്രശസ്തനായ നിസാമുദ്ധീനാണ് കഥാകാരന്‍ എന്ന അല്‍പം ശ്രമകരവുമായ ഒരു വ്യാഖ്യാനവുമാവാം.
കൊണ്ടോട്ടിയിലെ തന്നെ അറിയപ്പെടാത്ത ഏതോ പ്രമാണിയുടെ സുന്ദരിയായ മകളോട് വൈദ്യര്‍ക്കുണ്ടായ പ്രണയപരവേശമാണ് ബദറുല്‍ മുനീറിന്റെ രചനാകാരണമെന്നതും അബദ്ധജഡിലമായ മറ്റൊരു ആരോപണമാണ്. അറബി മലയാള രചനകളുടെ അച്ചടി ആരംഭിക്കുന്ന കാലത്താണ് വൈദ്യരുടെ കൃതികള്‍ അച്ചടിക്കപ്പെടുന്നത് എന്നതിനാല്‍ ഈ കാവ്യത്തിന്റെ പിറവിക്ക് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ സമകാലികരായ മതപണ്ഡിതര്‍ പരസ്യമായി എതിര്‍ക്കുമായിരുന്നു.
ഭക്തകവിയും സര്‍വസ്വീകാര്യനുമായ വൈദ്യരുടെ മാനസികനിലയെ പോലും എത്ര വികൃതമായാണ് ചില ഗവേഷകര്‍ വിലയിരുത്തുന്നത്!. സ്വസമുദായത്തിലെ കവിചക്രവര്‍ത്തിയെ ഇത്തരത്തില്‍ ഇകഴ്ത്തുക വഴി എന്ത് മേന്മയാണ് ഈ ഗവേഷകര്‍ക്ക് ലഭിക്കുക? വൈദ്യര്‍ മുന്നോട്ടുവെക്കുന്നത് ദേഹബന്ധിതമായ കേവല പ്രണയമല്ലെന്നും ശരീരേച്ഛകളില്‍ നിന്ന് മുക്തമായ ദിവ്യപ്രണയമാണെന്നും ബദറുല്‍ മുനീറിലെ സൂക്ഷമവായനകളില്‍ നിന്ന് വ്യക്തമാകുന്ന യാത്ഥാര്‍ഥ്യമാണ്. അത്മീയജ്ഞാനവുമായി ബന്ധമുള്ളവര്‍ക്കെ അത് മനസിലാകുകയുള്ളു എന്ന് മാത്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, വൈദ്യരുടെ ബദറുല്‍ മുനീറിനെ ഗവേഷണപരമായി സമീപിച്ചവരില്‍ ഏറിയപങ്കും സൂഫിസത്തില്‍ പരിജ്ഞാനമുള്ളവരായിരുന്നില്ല. തസവ്വുഫ് അറിയുന്ന പിന്‍കാല പണ്ഡിതരാണെങ്കിലോ ബദറുല്‍ മുനീര്‍ കൈകൊണ്ട് തൊട്ടുനോക്കിയതുമില്ല. അങ്ങനെ അര്‍ഹര്‍ കൈയൊഴിയുമ്പോള്‍ അനര്‍ഹര്‍ രംഗം കീഴടക്കുന്ന രംഗം സംജാതമായി.
ബിസ്മിയും ഹംദും ഓതി അല്ലാഹുവിനെ പുകഴ്ത്തി, മുഹമ്മദ് നബി(സ)യിലും നബി കുടുബത്തിന്റെ മേലിലും സ്വലാത്തും സലാമും ചൊല്ലി ഇസ്‌ലാമിക രചനകളുടെ കീഴ്‌വഴക്കമനുസരിച്ച് തുടങ്ങി, സച്ചരിതരായ നാലു ഖലീഫമാരില്‍ (അതും അഹ്‌ലുസുന്നഃയുടെ ക്രമീകരണപ്രകാരം) അനുഗ്രഹം ചൊരിഞ്ഞും, ശേഷം,
‘ബരിശൈ മികന്ദ ബാഗ്ദാദില്‍ ലങ്കും ബദര്‍ അബ്ദുല്‍ ഖാദിര്‍ ഗുരുവാം
ബലദുറ്റെ ഖാജ അജ്മീരില്‍ വാഴും മുഈനുദ്ധീന്‍ താമും തുണയാം.
പരിശില്‍ തികന്ദേ ഖുതുബീങ്ങള്‍ ശൈഖോര്‍ വലിയാക്കള്‍ സാലിക്ക് അനപേര്‍
പരിപൂരണത്തില്‍ തരുളായുദിത്ത നബി ഉമ്മത്ത് എവ്വര്‍ തുണയാം ‘
എന്നിങ്ങനെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ), പിന്നെ ലോകത്തുള്ള സകല ഖുതുബ്, ശൈഖ്, ഔലിയാക്കള്‍ എന്നിവരെ മുന്‍ നിറുത്തി ഒടുക്കം തിരുനബിയുടെ ഉത്തമ സമുദായത്തെ ആകമാനം ഇടനിറുത്തി ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളോടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിന്റെ കാവ്യരചന ആരംഭിക്കുന്ന വൈദ്യര്‍ക്ക് ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം എഴുതാനെങ്കില്‍ ഇത്രയും മഹത്വ വ്യക്തികളെ അപമാനിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ചിന്തിക്കാനുള്ള അല്പബുദ്ധി പോലും ചില ഗവേഷണങ്ങളില്‍ നഷ്ടപ്പെട്ടിരിന്നുവെന്ന് കാണാം. എന്നാല്‍ വൈദ്യര്‍ കവിതകളിലെ ആത്മീയമാനങ്ങളെ കുറിച്ചുള്ള മറ്റുചില നിരീക്ഷണങ്ങള്‍ പ്രസക്തമാണ്.
സി.പി സൈതാലി എഴുതുന്നു: ‘മോയിന്‍ കുട്ടി വൈദ്യര്‍ പാട്ടെഴുത്തിനെ സമീപിച്ചത് ഒട്ടും അലസമായല്ല. പ്രാര്‍ഥനാ നിര്‍ഭരമായ സൂക്ഷ്മതയോടെയാണ്. ഇതിവൃത്തങ്ങളിലൂടെ കണ്ണോടിച്ചാല്‍ പോലും അത് ബോധ്യമാകും.
ബദ്‌റും ഉഹദും മലപ്പുറവും ഹിജ്‌റയും ഹുസ്‌നുല്‍ ജമാലുമൊക്കെ അളവറ്റ വൈഭവം വിനിയോഗിച്ച ഗൗരവപൂര്‍ണമായ ഇതിവൃത്തങ്ങളാണ്. വലിയ ഒരുക്കങ്ങളാണ് അദ്ദേഹം രചനക്ക് വേണ്ടി നടത്തിയത്. നിരന്തരമായ യാത്രകളും അന്വേഷണങ്ങളും കൂട്ടിന്. വിശദാംശങ്ങള്‍ വരെ പഠിച്ചുറപ്പിച്ചാണ് എഴുത്തിന് മുതിര്‍ന്നത്. സൂക്ഷ്മപഠനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള സൂചനകള്‍ വായനക്കിടയില്‍ കണ്ണില്‍ പെടാതെ പോകില്ല. ആവശ്യമായ വിശദാംശങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ അനുഭവിച്ച മലപ്പുറം പടപ്പാട്ടില്‍ പ്രതേകിച്ച് പറയുന്നുണ്ട്. ഉള്ളടക്കത്തില്‍ കാണിച്ച അതേ ശ്രദ്ധയുണ്ട് രൂപത്തിലും. പാട്ടുകെട്ടിന് പറയപ്പെട്ട ചിട്ടകളൊക്കെയും ചട്ടപ്രകാരം അനുവര്‍ത്തിച്ചു തന്നെയാണ് അദ്ദേഹം കവിതകളെഴുതിയത്. എല്ലാ ശ്രമങ്ങളും കലാപരമായി വിജയിക്കുന്നതിനാവശ്യമായ വാസന കൊണ്ട് അനുഗൃഹീതനുമായിരുന്നു വൈദ്യര്‍. അതു കൊണ്ടു തന്നെ പില്‍കാല പാട്ടുകെട്ടുകാര്‍ എഴുത്തില്‍ വൈദ്യരെ ഗുരുതുല്യനായി കണ്ടു’.
മലപ്പുറം പടപ്പാട്ടില്‍ രക്തസാക്ഷികളുടെ പോരാട്ടവര്‍ണനകള്‍ വിശദീകരിക്കുമ്പോള്‍ കൂട്ടത്തില്‍ വീരനായ പോക്കര്‍ ശഹീദിനെ പറ്റി പറയുന്നിടത്ത് നിജസ്ഥിതി പാടാനാകാതെ രണ്ട് ദിവസത്തോളം കവിതാരചന മുടങ്ങിപ്പോയതും പിന്നീട് വെള്ളിയാഴ്ച രാവ് അദ്ദേഹത്തെ സ്വപ്‌നത്തില്‍ ദര്‍ശിച്ച് സംശയനിവൃത്തി വരുത്തിയതും 55ാമത്തെ ഇശലില്‍ വൈദ്യര്‍ സവിസ്തരം പറയുന്നുണ്ട്. വൈദ്യരുടെ ആത്മീയവളര്‍ച്ച വ്യക്തമാക്കുന്ന പ്രസ്തുത സംഭവം ‘അനുഗ്രങ്ങളെ പ്രസ്താവ്യമാക്കി മാറ്റുക’ (വി.ഖു: 99:11) എന്ന ആയത്തിന്റെ പ്രായോഗികതലത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഈ ഒരൊറ്റസംഭവം വൈദ്യരെ കേവലകവി മാത്രമായി വിലയിരുത്തുന്നവരുടെ വായടപ്പിക്കാന്‍ മതിയാകുന്നതാണ്.
പൊതുവില്‍ മാപ്പിളകാവ്യങ്ങളിലെയും വിശേഷിച്ച് വൈദ്യര്‍ കൃതികളിലെയും സൂഫിസ്വാധീനത്തെ കുറിച്ച് കെ.അബൂബക്കര്‍ ഇപ്രകാരം എഴുതുന്നു. ‘ഹസ്രത് നിസാമുദ്ധീന്‍ ഔലിയയുടെ ശിഷ്യന്‍ അമീര്‍ ഖുസ്രു(മ:1325)വാണ് ഇന്ത്യന്‍ പ്രാദേശിക ഭാഷ കാവ്യരചനാമാധ്യമമായി സ്വീകരിച്ച ഏറ്റവും പഴയ സൂഫികവികളില്‍ ഒരാള്‍. ഖഢീബോലിയിലെ പദാവലിക്കൊപ്പം തുര്‍ക്കി, പേര്‍ഷ്യന്‍, അറബി ഭാഷാപദങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത മിശ്രഭാഷയില്‍ ആദ്യമായി കവിത രചിച്ചത് പേര്‍ഷ്യന്‍ ഭാഷയിലെ വിഖ്യാത കവിയായ ഖുസ്രുവാണെന്ന് സാഹിത്യ ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. അദ്ദേഹം തുടങ്ങിവെച്ച ആ പ്രവണത നിരന്തരം വളരുകയും വികസിക്കുകയും ചെയ്ത് പതിനേഴാം നൂറ്റാണ്ടാകുമ്പേഴേക്കും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെല്ലാം മിശ്രഭാഷാഭേദം രൂപപ്പെടുകയും സൂഫി സാഹിത്യകൃതികള്‍ രചിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അറബിമലയാള മിശ്രഭാഷയും മാപ്പിളപ്പാട്ടും ഇതേ സാംസ്‌കാരിക പ്രവാഹത്തിന്റെ ഭാഗമാണ്. അറബിമലയാള സംഗീതത്തില്‍ ഹിന്ദുസ്ഥാനിയുടെ സ്വാധീനം ഭാഷാപ്രയോഗത്തില്‍ മാത്രം ഒതുങ്ങാതെ താളലയത്തിലും പാടിപ്പറയുന്നതിലുമൊക്കെ അന്തര്‍ലീനമായി നിഴലിച്ചു കിടക്കുന്നുണ്ട്. മാപ്പിളപ്പാട്ടുകളിലെ ഇശലും ഹിന്ദുസ്ഥാനി ഖവാലിയും തമ്മില്‍ പാട്ടും പറച്ചിലുമായി എവിടെയോ മുജ്ജന്മ ബന്ധമുള്ളത് പോലെ അനുഭവപ്പെടുന്നു.
ചിശ്തി ഓര്‍ഡറില്‍ ശൈഖ് നിസാമുദ്ധീന്‍ ഔലിയയുടെ ദര്‍ശനങ്ങളില്‍നിന്ന് പ്രണയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അല്പം വിശദീകരിക്കുന്നത് ബദറുല്‍ മുനീറിലെ കഥാതന്തുസംബന്ധമായ സൂഫി മാനത്തിന്റെ വായനക്ക് സഹായകമാവും. ശൈഖ് നിസാമുദ്ധീന്‍ തന്റെ ശിഷ്യരോടായി പറഞ്ഞു:
‘ഒരു ദര്‍വേശിനെ (ആത്മീയശിഷ്യന്‍) സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങള്‍ അവന് അത്യന്താപേക്ഷിതമാണ്. ആ മൂന്നുകാര്യങ്ങളാവട്ടെ ‘ഐന്‍’ എന്ന അറബ് അക്ഷരത്തില്‍ ആരംഭിക്കുന്നു. ഒന്ന്: ഇഷ്ഖ്(അനുരാഗം) രണ്ട്: അഖ്‌ല്(ധിഷണ) മൂന്ന് : ഇല്‍മ്( ജ്ഞാനം). അറബ് ഭാഷയിലെ ഉച്ചാരണസ്ഥാന പ്രകാരം ‘ഐന്‍’ ഗളനാളത്തിന്റെ താഴ്ഭാഗമായ ജുഗുലത്തില്‍നിന്ന് പുറപ്പെടുന്ന അക്ഷരശബ്ദമാണ്. ഇതരഭാഷകളില്‍ നിന്ന് ‘ഐന്‍’ അറബ് ഭാഷയെ വ്യത്യസ്തമാക്കുന്നു. മരണത്തിന്റെയും ജീവന്റെയും വാതില്‍പടിയാണ് സ്വരസ്ഥാനമായ തൊണ്ടക്കുഴി. പ്രാണന്‍ തൊണ്ടക്കുഴിലെത്തുവോളം മനുഷ്യന് അവസരങ്ങള്‍ നല്‍കുമെന്ന് ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നുമുണ്ട്. പ്രാണനില്‍നിന്ന് പ്രണയവും ജനിക്കുന്നു.
ആത്മനൊമ്പരമറിയാത്തവരോട് ഞാനെങ്ങനെ പറയും; എന്റെ ഹൃദയാന്തരത്തില്‍ കനലെരിയുന്നു എന്ന് ജലാലുദ്ധീന്‍ റൂമി ചോദിക്കുന്നത് പോലെ ഒന്നാമത്തെ കാര്യമായ പ്രേമത്തെക്കുറിച്ച് അനുഭവങ്ങളില്ലാത്തവര്‍ക്കെങ്ങനെ വിവരിച്ചു കൊടുക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുടെ ഹൃദയങ്ങളില്‍ ഏറ്റവും ഉദാത്ത വികാരമായ പ്രേമത്തിന്റെ വിത്ത് എങ്ങനെ മുളപ്പിക്കും. അതിനായി ശൈഖ് നിസാമുദ്ധീന്‍ അത്ഭുതാവഹമായ ഒരു കഥ ശിഷ്യരോട് പറയുവാനാരംഭിച്ചു. കഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. കഠിന തത്വജ്ഞാനങ്ങളെ പോലും ഏതു പാമരനും മനസ്സിലാക്കികൊടുക്കാന്‍ കഥകള്‍ക്കുള്ളത്ര ശക്തി മറ്റൊന്നിനുമില്ല. ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും ത്രസിപ്പിക്കുന്ന പ്രണയകഥ ഗുരു പറഞ്ഞു തുടങ്ങി. പല ദിവസങ്ങളിലായിട്ടാണ് ഗുരു ശിഷ്യരോട് കഥ പറഞ്ഞു തീര്‍ത്തത്. ആയിരത്തൊന്ന് രാവുകളുടെ ആഖ്യാന ശൈലിയിലായിന്നു കഥ പറച്ചിലെന്നതിനാല്‍ ഒരോ ദിവസവും കഥയുടെ ബാക്കി ഭാഗം കേള്‍ക്കാന്‍ അതിയായ ജിജ്ഞാസയോടെ ശിഷ്യന്മാര്‍ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു.

എന്നാല്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ നിസാമുദ്ധീന്‍ ശൈഖില്‍ നിന്ന് വൈദ്യരിലേക്ക് ഈ കഥ എത്തിചേര്‍ന്ന കൈവഴി ഇന്നും അജ്ഞാതമായി അവശേഷിക്കുന്നുവെങ്കിലും ഖാജാ മുഈനുദ്ധീന്‍ മുതല്‍ ഖുസ്രു വരെയുള്ള ചിശ്തി സില്‍സിലയിലെ ഗുരുക്കന്മാരിലൂടെ പലതരം കഥ പറച്ചിലുകളുടെ എമ്പാടും ഉദാഹരണങ്ങള്‍ പലയിടത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നേര്‍ക്കുനേര്‍ ഗുരുവിന്റെ മുഖദാവില്‍ നിന്നും സൂക്ഷ്മതയോടെ ഒപ്പിയെടുക്കുന്നത് പോലെയാണ് വൈദ്യരുടെ ബദറുല്‍ മുനീറിലെ കഥാവിവരണങ്ങള്‍ സഞ്ചരിക്കുന്നതെന്നത് നമ്മെ തികച്ചും അത്ഭുതപ്പെടുത്തുന്നതാണ്. ആസ്വാദകനെ മനോലോക ദൃശ്യാവിഷ്‌കാരങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന മാസ്മരികവിദ്യ ബദര്‍, ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകള്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും വൈദ്യര്‍ ഉപയോഗിച്ചതുപോലെ ബദറുല്‍ മുനീറിലും ദൃശ്യമാണ്. കഥയിലൊരിടത്ത് പക്ഷിയായി തീര്‍ന്ന ബദറുല്‍ മുനീറിന്‍െ മാനസികാവസ്ഥയെ കുറിച്ച് കഥാകാരനായ ശൈഖ് ഇപ്രകാരം വിവരിക്കുന്നു.
‘ഏളുന്നു റാവി ഞാന്‍ മുന്നം ഇന്‍സാനദെന്നുമേ
എള്ളോളം ഊഹിക്കാന്‍ ഒയ്യെ ഇല്ല മറ്റൊന്നുമേ ‘
കഥാകാരന്‍ പറയുന്നു : മുന്‍പ് താനൊരു മനുഷ്യനായിരുന്നുവെന്ന് ഓര്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആ അവസരത്തില്‍ ബദറുല്‍ മുനീറിന് കഴിഞ്ഞിരുന്നില്ല.
ഏകദേശം പതിനഞ്ചിലധികം സ്ഥലങ്ങളില്‍ കഥാകാരനായ ശൈഖ് നിസാമുദ്ധീനെ വൈദ്യര്‍ അനുസ്മരിക്കുന്നുണ്ട്. കഥാഖ്യാനങ്ങളിലെ പല ടിസ്റ്റുകളിലും റാവിയുടെ വിശദീകരണങ്ങളും നല്‍കുന്നുണ്ട്.
‘എല്ലാരും ഉറങ്ങിപ്പോയ് പെരിയോന്‍ ഖുദ് റത്താല്‍ നിസാമുദ്ധീന്‍ ശൈഖ് റാവി’.
‘ഖാല നിസാമുദ്ധീന്‍ അവന്‍ മുശ്താഖാം’.
‘ഇരിപ്പായി എനി ബദറുല്‍ മുനീറില്‍ ബാര്‍ത്ത എടുത്തു നിസാമുദ്ധീന്‍ ശൈഖുരത്താര്‍’.
‘നളര്‍ത്തദേ കഥാ ശൈഖും
നിസാമുദ്ധീന്‍ ബിരുത്തെ’
‘അടലിക്കദ ഉരയ് ചുരുക്കി നിസാമുദ്ധീന്‍
ഹുസ്‌നുല്‍ ജമാലാറ്റക്കുളല്‍ അപ്പോള്‍’
‘ചിദം റാവി ബിരുത്തുന്നാ റജുലാനെ പുരിയില്‍
ശിഹാബെണ്ടെ അരശര്‍ ജിന്‍ മകനാണെ’
തുടങ്ങിയ വരികളിലൂടെ നിസാമുദ്ധീന്‍ ശൈഖിന്റെ കഥാഖ്യാന വൈഭവം വൈദ്യര്‍ മനോഹരമായി വിവരിക്കുന്നു.
‘പവനപ്പദി നാമം മഹാസിന്‍ എണ്ടെ
പദവിശുഹ്‌റത്തും പെരുത്തു കൊണ്ടെ’ എന്നിങ്ങനെ അസ്മീറിലെ മഹാസിന്‍ രാജാവിന്റെ പ്രകീര്‍ത്തി പറഞ്ഞു തുടങ്ങുന്ന കാവ്യത്തിന് വൈദ്യര്‍ ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും സംഭവബഹുലമായ കഥ പറഞ്ഞ ശേഷം പരിസമാപ്തി കുറിക്കുന്നതിപ്രകാരമാണ്
‘സാരം പെരിയോനോടടുപ്പാനായേ
സകലം ഒഴിത്തവര്‍ സുഹ്ദായി പോയെ’
രാജാധികാരമെല്ലാം മരുമകന്‍ ബദ്‌റുല്‍ മുനീറിന് കൈമാറിയ ശേഷം മഹാസിന്‍ രാജന്‍ രാജ്യം ഉപേക്ഷിച്ച് അല്ലാഹുവിനോട് അടുക്കാന്‍ പരിത്യാഗിയായി യാത്ര ചെയ്യുന്നു. ഇഷ്ഖിലൂടെ കടന്ന് അഖ്ല്‍ ഉപയോഗപ്പെടുത്തി ഇല്‍മ് എന്ന ദൈവജ്ഞാനം തേടിപ്പോകുന്നു. ദിവ്യപ്രണയം മനസിനെ മഥിക്കുകയും അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്ന ഏകാന്തതകളില്‍ സാധകരുടെ ചുണ്ടുകളില്‍ ബദറുല്‍ മുനീറിലെ വരികള്‍ ആശ്വാസമായി പെയ്തിറങ്ങുകയും കണ്ണുകള്‍ ആര്‍ദ്രമാവുകയും ചെയ്യുമ്പോള്‍ പ്രേമം കഥപറയുകയും കണ്ണുനീര്‍ അതെഴുതുകയും ചെയ്യുന്നു.
‘മാടം എനിക്കെന്ത് മേന്മയെന്ത്
മാനവിന് നിനവെന്ത് സീനത്തെന്ത്
കൂടിപ്പൊറുക്കേണ്ട ആശിഖിനെ
കൂടാതെ നിഅമത്തെനിക്കെന്തിനാ
കൂടും വിട്ട് ഓടി പറന്നു പോന്ന്
കൊമ്പും കാമരില്ല ഞാന്‍ ഉയന്ന്
ഉയന്നെന്റെ സങ്കിടം എന്ന് മാറാന്‍
ഉരുകും മര്‍ളെനിക്കെന്ന് തീരാന്‍ ‘.
എനിക്കെന്ത് വാസസ്ഥലം ? എന്തു മികവ് ?
എന്ത് മനഃസന്തോഷം ? എന്ത് അഴക് ?
ഒത്തുചേരേണ്ട കാമിനിയെ കൂടാതെ ഏതേത് അനുഗ്രഹങ്ങള്‍ എനിക്കെന്തിന് ?
കൂടുവിട്ട് പാറി വന്ന കിളിയാണ് ഞാന്‍
വിശ്രമിക്കാന്‍ കൊമ്പും കമരില്ലാതെ ഞാന്‍ വലയുന്നു.
വലയുന്ന എന്റെ സങ്കടം എന്ന് തീരും ?
എന്റെ രോഗം എനിക്കെന്ന് മാറും?
മറ്റൊരിടത്ത് വിരഹദുഖ:ത്താല്‍ ഹുസ്‌നുല്‍ ജമാലിന്റെ സങ്കടം കവി ഇപ്രകാരം വിവരിക്കുന്നു.
‘പരി കെട്ടി അത്താനം ചേരെ കിടന്ദെ
പരിശില്‍ ബദറുല്‍ മുനീറെ നിനന്ദെ
കരയുന്നു ഇശ്ഖാല്‍ കലങ്ങുന്നു ചിന്താന്‍
കാണും ബദ്ര്‍ എന്ന് കാഴ്ചക്കകം താന്‍
ഒരുമിച്ചു നോം രണ്ടും കൂടുന്നതെന്ന്
ഒക്കെയും കൂടും മഹ്ശറയീന്ന്
തരിശിക്കുന്നത്താനത്തിന്നോ പുരാനെ
ക്ഷണമില്‍ അടുപ്പിക്കന്നാളെന്നില്‍ കോനെ’
കിടന്നപ്പോള്‍ അവള്‍ ബദ്‌റുല്‍ മുനീറിനെ ഓര്‍ത്തുപോയി. പ്രണയത്താല്‍ ചിന്ത കലങ്ങുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. ‘ഇനിയെന്നാണ് ബദ്‌റുല്‍ മുനീറിനെ കാണുക? എന്ന് പരസ്പരം ഒരുമിച്ച് കൂടും? എല്ലാവരും ഒരുമിച്ച് കൂടുന്ന മഹ്ശറില്‍ വെച്ചോ? അങ്ങനെയെങ്കില്‍ അല്ലാഹുവെ ആ ദിനം നീ പെട്ടെന്നാക്കുക’.
Add comment