യൂറോപ്യന്‍ അടിമവ്യാപാരികള്‍ ആഫ്രിക്കയിലെത്തി വ്യാപാരം തുടങ്ങുന്നതിനും മുന്നേ ഒരു ലോകമുണ്ടായിരുന്നു. നിരവധി ആഫ്രിക്കന്‍ പണ്ഡിതരും രാജാകന്മാരും തങ്ങളുടെ ചരിത്രവും ആലോചനകളുമെല്ലാം സ്വന്തം ഭാഷകളില്‍ രേഖപ്പെടുത്തിയ കാലം. അങ്ങനെയുള്ള ഏതാണ്ട് 40,000 ത്തിലധികം ആഫ്രിക്കന്‍ മാനുസ്‌ക്രിപ്റ്റുകൾ ഈ അടുത്ത് പൊതുജനങ്ങള്‍ക്കു വേണ്ടി ഡിജിറ്റല്‍ എഡിഷനായി പ്രസിദ്ധീകരിക്കുകയുണ്ടായി.ആഫ്രിക്കന്‍ മുസ്‌ലിം പ്രതൃകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കലാകാരനെന്ന നിലയില്‍ വലിയ സന്തോഷം നല്‍കിയ വാര്‍ത്തയാണിത്.
ഈ ലേഖനം അമേരിക്കയില്‍ അടിമകളാക്കപ്പെട്ട ഉമര്‍ ബിന്‍ സൈദിനെയും ഇബ്രാഹീം സൂരിയെയും പോലുള്ള ആഫ്രിക്കന്‍ മുസ്‌ലിംകളുടെ എഴുത്തുകുത്തുകളെയും തിംബുക്തുകളുടെ മാനുസ്‌ക്രിപ്റ്റുകളെയും വിവരിക്കാനും നമ്മുടെ ചരിത്ര പഠനത്തില്‍ (കറുത്തവര്‍ഗക്കാര്‍ മുസ്‌ലിംകള്‍) ഇവയുടെ പ്രാധാന്യത്തെ സൂചിപ്പിക്കാനുമുള്ള ഒരു ശ്രമമാണ്.
അമേരിക്കയില്‍ അടിമകളാക്കപ്പെട്ട ആഫ്രിക്കകാരില്‍ മുപ്പത് ശതമാനവും മുസ്‌ലിംകളായിരുന്നുവെന്നാണ് കണക്ക്. ഉമര്‍ ബിന്‍ സൈദ് അതിനൊരു ഉദാഹരണമാണ്, 1770 ല്‍ സെനഗലിലെ ഫുതാ തോറയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഉമര്‍ ഖുര്‍ആനിലും മറ്റു ഇസ്‌ലാമിക ശാസ്ത്രങ്ങളിലും വ്യുല്‍പത്തി നേടി.
നാല്‍പ്പതാം വയസ്സില്‍ അമേരിക്കയില്‍ അടിമയായി വില്‍ക്കപ്പെടുന്നതിന് മുമ്പ് തന്റെ നാല് മക്കളോടൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അതിനകം തന്നെ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ‘സെര്‍വന്റ്‌സ് ഓഫ് അല്ലാഹ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് സില്‍വയിന്‍ ദിയൂഫ് ഉമര്‍ ബിന്‍ സൈദിനെ വിശേഷിപ്പിക്കുന്നത് ‘അടിമയായിരിക്കെ ആത്മകഥയെഴുതിയ ഒരേയൊരു വ്യക്തി എന്ന നിലയിലാണ്. ഉമര്‍ ബിന്‍ സൈദിന്റെ ആത്മകഥയാണ് അമേരിക്കന്‍ അടിമത്വത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളില്‍ നിലനില്‍ക്കുന്ന ഏക അറബി ഗ്രന്ഥം.
ഇബ്രാഹീം സൂരിയാവട്ടെ, വെസ്റ്റ് ആഫ്രിക്കയിലെ ഗിയന്നയിലെ അമീറായിരുന്നു. 1788 ലെ യുദ്ധത്തില്‍ അപ്രതീക്ഷിത പരാജയം രുചിക്കുന്നത് വരെ നാട്ടിലെ പ്രമുഖ യോദ്ധാവുമായിരുന്നു സൂരി. 26ാം വയസ്സില്‍ തുടങ്ങി നാല്‍പത് വര്‍ഷത്തോളം അമേരിക്കയില്‍ അടിമ ജീവിതം നയിക്കേണ്ടി വന്നു.
അടിമയായിരിക്കുമ്പോഴും എല്ലാവരും സൂരിയെ പ്രിന്‍സ് എന്ന് തന്നെ വിളിച്ചു, അദ്ദേഹത്തിന്റെ യജമാനനും അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. ഇതൊരു യഥാര്‍ത്ഥ പ്രിന്‍സാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ല. ഇബ്രാഹീം സൂരിയുടെ സ്വഭാവമഹിമയും നിഷ്ഠയും ക്ഷമയുമെല്ലാം പ്രശസ്തമാണ്. ഒടുവില്‍ ഇബ്രാഹീം സൂരി യഥാര്‍ഥ ആഫ്രിക്കന്‍ പ്രിന്‍സായിരുന്നുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയായിരുന്നു. വിശ്വാസിയായ മുസ്‌ലിമായിരിക്കെ തന്നെ അറബിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.
മുകളില്‍ കൊടുത്തിരിക്കുന്നത് 2010 ല്‍ ഞാന്‍ ചെയ്ത ഒരു ആര്‍ട്ട് വര്‍ക്കാണ്. ‘ദി ലോഡ്‌സ് പ്രെയര്‍, ടേക് മൈ വേഡ് ഫോര്‍ ഇറ്റ്’ എന്ന് നാമകരണം ചെയ്ത ഈ ആര്‍ട്ട് വര്‍ക്ക് ഉമര്‍ ബിന്‍ സൈദിന്റെയും ഇബ്രാഹീം സൂരിയുടെ എഴുത്തുകളില്‍ അവലംബിച്ച് ചെയ്ത ഒന്നാണ്. ഇടത് വശത്തുള്ളത് ഉമര്‍ ബിന്‍ സൈദിന്റെ ‘ ലോഡ് പ്രെയര്‍’, യജമാനന്റെ നിര്‍ദേശപ്രകാരം ഉമര്‍ എഴുതിയതാണിത്. ഉമറും ഒരു സാക്ഷിയും അതില്‍ ഒപ്പിട്ടിട്ടുണ്ട്. വലതുവശത്തുള്ളത് ഇബ്രാഹീം സൂരി ഫാതിഹക്കെഴുതിയ തഫ്‌സീറാണ്. സ്വതന്ത്രനായതിന് ശേഷമാണ് സൂരി ഇതെഴുതിയത്. ഇതിലും ഉമറിന്റെയും സാക്ഷിയുടെയും ഒപ്പ് കാണാം.
ഓരോ സംസ്‌കാരത്തെ കുറിച്ചും നമുക്ക് വ്യത്യസ്തങ്ങളായ സങ്കല്‍പ്പങ്ങളുണ്ടാവും. ആഫ്രിക്ക, മുസ്‌ലിംകള്‍, ബ്ലാക്ക്‌സ്, അമേരിക്ക എന്നൊക്കെ കേള്‍ക്കുമ്പോള്‍ പല ചിന്തകളായിരിക്കും മനസ്സില്‍ വരിക. യാഥാര്‍ഥ്യവുമായി അവക്ക് പലപ്പോഴും യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. ആഫ്രിക്കന്‍ മുസ്‌ലിംകളെ കുറിച്ചുള്ള അത്തരം പല സങ്കല്‍പങ്ങളെയും തകര്‍ക്കുന്നതാണ് ഈ മാനുസ്‌ക്രിപ്റ്റുകള്‍. വെസ്റ്റ് ആഫ്രിക്കന്‍ ഇസ്‌ലാമിനെ കുറിച്ചും അവിടെ സമ്പന്നമായിരുന്ന വിദ്യഭ്യാസ സംസ്‌കാരത്തെ കുറിച്ചും ഉമര്‍ ബിന്‍ സൈദിന്റെ ആത്മകഥ ചെറുവിവരണം നല്‍കുന്നുണ്ട്. അവിടുത്തെ രാഷ്ട്രീയ ചുറ്റുപാടും അടിമത്വകാലവും മതവിദ്യാഭ്യാസത്തോടുള്ള ഒടുങ്ങാത്ത താത്പര്യവുമെല്ലാം ഈ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം.
പതിറ്റാണ്ടുകളുടെ അടിമത്വത്തിനിടയിലും ആഫ്രിക്കന്‍ മുസ്‌ലിംകള്‍ തങ്ങളുടെ ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപിടിച്ചിരുന്നുവെന്നും മതവിജ്ഞാനം എഴുത്തുകളിലൂടെ വ്യാപകമായിരുന്നുവെന്നും ഇബ്രാഹീം സൂരിയുടെ കയ്യെഴുത്തു പ്രതികള്‍ തെളിയിക്കുന്നു. ഇതിനൊരുദാഹരണമാണ് സൂരി ‘ഫാതിഹ’ക്കെഴുതിയ തഫ്‌സീര്‍.
ഒരു ആഫ്രിക്കന്‍ അടിമയെഴുതിയ അറബിക് മൂല ഗ്രന്ഥം എന്ന നിലയില്‍ ഉമര്‍ ബിന്‍ സൈദിന്റെ മാനുസ്‌ക്രിപ്റ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും ഇതിന്റെ അറബി ഭാഷ, യജമാനനും അടിമത്വ വാദികള്‍ക്കും മനസ്സിലാവാത്ത ഭാഷയിലായത് കൊണ്ട് തന്നെ തങ്ങളുടെ ഒളിയജണ്ടകള്‍ക്ക് വിരുദ്ധമാവുമെന്ന് കണ്ട് രചനകള്‍ തിരുത്തിയെഴുതുന്ന പതിവ് ഈ കൃതിയില്‍ ഉണ്ടായില്ല.
ആഫ്രിക്കന്‍ മുസ്‌ലിംകളുടെ എഴുത്തുകള്‍ തെളിയിക്കുന്നത് ഞാനടക്കമുള്ള അമേരിക്കന്‍ വിദ്യാര്‍ഥികള്‍ കാലങ്ങളായി മനസ്സിലാക്കിയ പല ധാരണകളും തെറ്റായിരുന്നുവെന്നാണ്. അടിമകള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നായിരുന്നു അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ബ്ലാക്ക്‌സിനെ കുറിച്ചുണ്ടായിരുന്ന ധാരണ. ആഫ്രിക്കകാര്‍ക്ക് വാമൊഴി പാരമ്പര്യം മാത്രമേ ഉള്ളൂ എന്നും അവര്‍ കരുതിപ്പോന്നു. എന്നാല്‍, അറബിയിലും ആഫ്രിക്കന്‍ ഭാഷകളിലും അക്കാലത്ത് തന്നെ ഒരുപാട് ഓര്‍മകുറിപ്പുകള്‍ അവരുടേതായി ഉണ്ടായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
13,14 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങള്‍ മാലിയിലെ തിംബുക്തു എന്ന പ്രശസ്ത നഗരത്തിലായിരുന്നു. വിദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ അറിവ് തേടി ഇവിടെ എത്തുമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ തിംംബുക്തുവിലെ സങ്കോര്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രം ഇരുപത്തയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ ശാസ്ത്രങ്ങള്‍ പഠിക്കാനെത്തിയിരുന്നുവെന്ന സത്യം അമ്പരപ്പിക്കുന്നതാണ്. മൊത്തം 400 മില്യണ്‍ തിംബോക്തു ആഫ്രിക്കന്‍ മാനുസ്‌ക്രിപ്റ്റുകളാണ് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത്.
11 ാം നൂറ്റാണ്ടിലുള്ളതാണ് കണ്ടത്തപ്പെട്ടതില്‍ ഏറ്റവും പഴക്കം ചെന്നത്. തിംബോക്തു കയ്യെഴുത്തുപ്രതികള്‍ അധികവും പ്രദേശ വാസികളുടെ വീടുകളിലായിരുന്നു സൂക്ഷിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇക്കാലം വരെ അത് വിവര്‍ത്തനം ചെയ്യപ്പെടുകയോ അക്കാദമിക ഡിസ്‌കോഴ്‌സിന്റെ ഭാഗമാവുകയോ ചെയ്തിട്ടില്ല. മുഴുസമയം ഇത്തരം അടിമയെഴുത്തുകള്‍ പരിശോധിക്കാന്‍ സമയം നീക്കിവെച്ച പണ്ഡിതരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും എനിക്കറിയാം. അടുത്തിടെ മാത്രം ലഭ്യമായ ഈ കയ്യെഴുത്തുപ്രതികള്‍ അമേരിക്കന്‍ അടിമത്വത്തെ കുറിച്ചും ബ്ലാക്ക് മുസ്‌ലിംകളെ കുറിച്ചുമുള്ള നമ്മുടെ ധാരണകള്‍ മാറ്റിയെഴുതുമെന്ന് തീര്‍ച്ച.
തിംബുക്തുകരല്ലാത്ത ആഫ്രിക്കന്‍ സമൂഹങ്ങളും അക്കാലത്ത് തന്നെ സാക്ഷരരായിരുന്നു. ലിയോ ആഫ്രിക്കന്‍ എന്നറിയപ്പെടുന്ന ഹസനുല്‍ വസാന്‍ അക്കാലത്ത് ആഫ്രിക്കകാര്‍ക്കിടയില്‍ സജീവമായിരുന്ന പുസ്തകവാണിജ്യത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെ: ‘പാശ്ചാത്യ പുസ്തകങ്ങളായിരുന്നു ഞങ്ങളുടെ പ്രധാന കച്ചവടം. മറ്റേതൊരു ചരക്കിനേക്കാളും ലാഭകരമായ ബിസിനസായിരുന്നു ഇത്.’ ഇത്തരംമാനുസ്‌ക്രിപ്റ്റുകളുടെ നിര്‍മാണത്തിന് പ്രത്യേക് നൈപുണ്യം ആവശ്യമായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ തന്നെ ജഞാനശേഖരണത്തിന് തിംബോക്തുകള്‍ വലിയ പ്രാധാന്യം നല്‍കിപോന്നു. ഈ അടുത്ത കാലങ്ങളില്‍ പോലും പുസ്തകങ്ങളുമായി ബന്ധപ്പെട്ട് വലിയ സാഹസങ്ങള്‍ നടത്തിയതായി കാണാം. ലൈബ്രറികള്‍ കത്തിക്കാന്‍ വന്ന ഭീകരവാദികളുടെ കണ്ണുവെട്ടിച്ച് ഡോ. അബ്ദുല്‍ ഖാദര്‍ ഹദൈറയെ പോലുള്ളവര്‍ പല കയ്യെഴുത്തുപ്രതികളും അതിര്‍ത്തി കടത്തി പുറം നാട്ടിലെത്തിച്ചു.
മറ്റെന്തിനേക്കാളുമേറെ തിംബോക്തുകള്‍ പുസ്തകങ്ങള്‍ക്ക് മൂല്യം കല്‍പ്പിച്ചിരുന്നു. ജ്ഞാനശേഖരണം എന്നതിനൊപ്പം നൂറ്റാണ്ടുകളായി ആഫ്രിക്കന്‍ വാണിജ്യരംഗത്തും പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഇതും അക്ഷര സ്‌നേഹത്തിനൊരു കാരണമായിരിക്കണം. മാലി നഗരത്തിന്റെ കേന്ദ്ര ഭാഗത്ത് കയ്യെഴുത്ത് പാരമ്പര്യത്തിന്റെയും സമ്പന്നമായിരുന്ന അക്കാദമിക് ഡിസ്‌കോഴ്‌സിന്റെയും പ്രതീകമായി ആ ആര്‍ക്കൈവ്‌സ് ഇന്ന് നിലനില്‍ക്കുന്നു.
സ്വന്തം മതകീയ-സാംസ്‌കാരിക നിലപാടുകള്‍ പ്രകടിപ്പിക്കുമ്പോള്‍ അവര്‍ അത്രയും ജാഗ്രത്തായിരുന്നു. ‘ഉമര്‍’ന്റെ സംവിധായകന്‍ മിക്കായേല്‍ അബേല്‍സ് പറയുന്നു: ‘ഉമര്‍ബിന്‍ സൈദിന്റെ ആത്മകഥ വായിക്കുമ്പോള്‍ ഓരോ വാക്കും സൂക്ഷ്മമായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് മനസ്സിലാവും. എന്ത് പറയുമ്പോഴും എന്തിനെയൊക്കെയോ ഭയക്കണമെന്ന ഭാവമാണ് ഇന്നും ഞങ്ങളില്‍ പലര്‍ക്കും. വായനയറിയുന്ന അധിക ആഫ്രിക്കകാരും അക്കാദമിക വ്യവഹാരങ്ങളില്‍ ഒതുക്കമുള്ളവരായിരുന്നു.
സമൂഹത്തില്‍ ഉന്നതരാണെന്ന ചിന്ത തങ്ങളെ പിടികൂടുമോ എന്ന ഭയമായിരുന്നു ഇതിന് കാരണം’. സ്വന്തം നാട്ടില്‍ വലിയ പണ്ഡിതനായി വാഴ്ത്തപ്പെടുക, അല്ലെങ്കില്‍ ഒരു നാട്ടിലെ പ്രിന്‍സായിരിക്കുക, എന്നിട്ടും മറ്റൊരു നാട്ടില്‍ സ്വന്തം ഭാഷയില്‍ സംസാരിക്കാനാവാതെ, അന്യഭാഷയില്‍ എഴുതേണ്ട അവസ്ഥയെ പറ്റി നിങ്ങളാലോചിച്ചിട്ടുണ്ടോ? വായിക്കാനാരുമില്ല എന്നറിഞ്ഞിട്ടും അവരെഴുതി. ഓത്തു കേള്‍ക്കാന്‍ കേള്‍വിക്കാരില്ല എന്നറിഞ്ഞിട്ടും അവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കി.
2009 ല്‍ ഞാന്‍ ചെയ്ത പെയ്ന്റ് വര്‍ക്കാണ് മുകളിലെ ചിത്രം. ഇബ്രാഹീം സൂരിയുടെ ആത്മകഥയുടെ യഥാര്‍ത്ഥപ്രതിയാണ് ഞാനിതിന് ആശ്രയിച്ചത്. സ്വന്തം നാട്ടില്‍ ബന്ദിയായി പിടിക്കപ്പെട്ടതും അമേരിക്കയിലെ അടിമ ജീവിതവും ഒടുവില്‍ സ്വതന്ത്രനായി വിട്ടയക്കപ്പെട്ടതുമെല്ലാം ചെറുതോതില്‍ വിവരിക്കുന്നുണ്ട് ഈ ഒരു പേജ് ആര്‍ട്ട് വര്‍ക്കില്‍.
സൂരി പറഞ്ഞു: ‘അവരെന്നെ കൊണ്ടുപോയി.’ സൂരിയുടെ ഓരോ രചനയിലും ഞാനെന്റെ പ്രപിതാക്കളുടെ ചരിത്രമാണ് തിരഞ്ഞത്. സൂരിയെ പോലെ തന്നെ ചെറുപ്രായത്തില്‍ ബന്ദികളായി പിടിക്കപ്പെട്ട് അമേരിക്കയിലെത്തിപ്പെട്ടവരാണവര്‍. ജീവിതത്തിന്റെ വലിയൊരു ഭാഗം അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ആര്‍ട്ടുമായി ബന്ധപ്പെട്ട് പഴയകാല രേഖകള്‍ പരിശോധിക്കുമ്പോഴെല്ലാം ബ്ലാക്ക് മുസ്‌ലിംകളെ കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന ധാരണകളെല്ലാം അബദ്ധമാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
പൊതു ധാരണയോട് വിരുദ്ധമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുമ്പോഴെല്ലാം ആര്‍ട്ടിലുടെയും മറ്റും ഞാനത് സമൂഹത്തോട് പങ്കുവെച്ചു. ഓരോ ആര്‍ട്ടും ഓര്‍മപ്പെടുത്തലാണ്. നിലനില്‍കുന്ന ബോധ്യങ്ങള്‍ വികസിപ്പിക്കണമെന്നും തെറ്റുകള്‍ തിരത്തണമെന്നും അതിനായി നാം കൂട്ടാമായി ശ്രമിക്കണമെന്നും അവ സമൂഹത്തോട് ആവശ്യപ്പെടുന്നു. 9 നൂറ്റാണ്ടുകാലത്തെ ആഫ്രിക്കന്‍ ഇസ്‌ലാമിക രചനകള്‍ നേരത്തെ കണ്ടെത്തപ്പെട്ടിരുന്നെങ്കില്‍ ഇസ്‌ലാമിക ജഞാനവ്യവഹാര ലോകം എത്രമാത്രം വിശാലമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
തിംബോക്തു രചനകള്‍ അവരുടെ സാംസ്‌കാരിക, സാമ്പത്തിക, മതകീയ ചുറ്റുപാടുകളെ അടയാളപ്പെടുത്തുന്നതായിരുന്നു. മതത്തിന്റെ കാര്യത്തില്‍, തിംബോക്തുകള്‍ വിശാല കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരായിരുന്നു. മിതവാദികളായിരുന്നു അവര്‍.
ആഗോള തലത്തില്‍ ഭീകര സംഘടനകള്‍ രൂപപ്പെട്ട് വരുന്ന ഈ കാലത്ത് അതിനുള്ള പരിഹാരങ്ങളെല്ലാം ഇത്തരം മാനുസ്‌ക്രിപ്റ്റുകളില്‍ കണ്ടെത്താനായേക്കാം.
ഒരു കലാകാരനെന്ന നിലയില്‍, ആഫ്രിക്കന്‍ മുസ്‌ലിംകളുടെ കയ്യെഴുത്തുപ്രതികളും മറ്റും അന്വേഷിച്ച് പരിശോധിക്കുക വഴി സ്വന്തം പ്രപിതാക്കളുടെ സാംസ്‌കാരിക ചരിത്രം സംരക്ഷിക്കുക കൂടിയാണ് എന്റെ ലക്ഷ്യം. ചരിത്രം അമൂര്‍ത്തമാണെന്നാണ് എന്റെ പക്ഷം. ഇത്തരം പുരാരേഖകള്‍ പരിശോധിക്കുന്നത് നമ്മെ കുറിച്ചും നാം ഉള്‍കൊള്ളുന്ന സമൂഹത്തെ കുറിച്ചും മാറി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. പുസ്തകങ്ങളിലും കലാസൃഷ്ടികളിലുമാണ് യഥാര്‍ത്ഥ ജ്ഞാനം ഉള്‍കൊള്ളുന്നത്.
തിംബോക്തു രചനകളിലധികവും ആര്‍ട്ടുവര്‍ക്കുകളാണ്. വിദൂര ദേശത്ത് പതിറ്റാണ്ടുകളോളം അടിമ ജീവിതം നയിച്ചപ്പോഴും ഉമര്‍ ബിന്‍ സൈദ് സ്വന്തം സാംസ്‌കാരിക ചരിത്രം രേഖപ്പെടുത്തിവെച്ചു. ഉന്നംവെച്ചുള്ള ഭീകരാക്രമണങ്ങള്‍ക്കിടയിലും ജീവന്‍ പോലും അപായപ്പെടുത്തി ഈ മാനുസ്‌ക്രിപ്റ്റുകള്‍ സംരക്ഷിക്കാന്‍ ഡോ. അബ്ദുല്‍ ഖാദര്‍ ഹദൈറയെ പോലുള്ളവര്‍ മുന്നോട്ടുവന്നു. അതുപോലെ വരാനിരിക്കുന്ന കാലത്തോട് നമുക്കും ഒരു കടമയുണ്ട്. നാം ജീവിക്കുന്ന സാംസ്‌കാരിക പരിസരം അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണത്.
കടപ്പാട്: https://sacredfootsteps.com/
(വിവർത്തനം: സ്വലാഹുദ്ദീൻ അയ്യൂബി മെെത്ര )
Add comment