ഓരോ പുസ്തകത്തിനും ചരിത്രപരവും പ്രാദേശികവുമായ പശ്ചാത്തലമുണ്ട്. വരികളൊപ്പിച്ചുള്ള വായനയേക്കാള്‍ ഒരു പുസ്തകം തേടുന്നത് വരികള്‍ക്കിടയിലൂടെയുള്ള വായനയാണ്. അത് സ്വന്തം ഭൂതകാലത്തെ മാത്രമല്ല, വരുന്ന ലോകത്തിന്റെയും ഉള്‍കാഴ്ചകള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്നു.
ജാമിഉതെംസീല്‍ ‘കഥകളുടെ ശേഖരം’ എന്ന പുസ്തകം മധ്യകാലത്തു പേര്‍ഷ്യന്‍ ഭാഷ സാധ്യമാക്കിയ ഭൂഖണ്ഡാന്തര സാഹിത്യവിപ്ലവത്തിന്റെ അദ്വിദീയമായ മാതൃകയാണ്. പതിനേഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെടുന്നത്. എന്നാല്‍, അതൊരിക്കലും പേര്‍ഷ്യന്‍ ഭാഷയുടെ ഈറ്റില്ലമായിരുന്ന ഇറാനിലായിരുന്നില്ല മറിച്ച്, ദക്ഷിണേഷ്യയിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഡക്കാന്‍ പീഢഭൂമിയിലെ അതിപ്രധാനമായ ഹൈദരാബാദ് നഗരത്തില്‍നിന്നാണ് പുസ്തകത്തിന്റെ ചരിത്രപരമായ പ്രയാണം ആരംഭിക്കുന്നത്.

ഇറാനിലെ കാസ്പിയന്‍ കടല്‍തീരത്തെ പച്ചിലകള്‍ നിറഞ്ഞ ഹബ്ലറൂഡ് എന്ന ചെറുപട്ടണത്തിലാണ് ജാമിഉതെംസീലിന്റെ രചിയിതാവ് മുഹമ്മദ് അലി ഹബ്ലറൂഡി ജനിക്കുന്നത്. ജാമിഉതെംസീലിനെ ‘ഇറാനിയന്‍’ എന്ന് പലരും കരുതുന്നതിനുള്ള പ്രധാനകാരണവും ഹബ്ലറൂഡിയെന്ന ഈ പേര്‍ഷ്യനായ രചയിതാവ് ആയിരുന്നിരിക്കണം. എന്നാല്‍, പുസ്തകത്തിന്റെ ചരിത്രം ദേശരാഷ്ടത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച പേര്‍ഷ്യന്‍ സാഹിത്യത്തിന്റെ നഷ്ടപ്പെട്ട ഭൂമിശാസ്ത്രം വെളിപ്പെടുത്തുന്നതാണ്.
മനോഹരമായ ഈ ഭൂതകാലം ഏഷ്യയുടെ വൈവിധ്യമാര്‍ന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ചിരുന്നു. ദേശീയത എന്ന സങ്കല്‍പം രൂഢമൂലമായ ഈ കാലത്ത് അതിരുകളും മതിലുകളും കൊണ്ട് വേര്‍തിരിക്കുന്ന വ്യത്യസ്ത നാഗരികതകളായിട്ടാണ് പലപ്പോഴും നാം നമ്മെ തന്നെ മനസ്സിലാക്കുന്നത. എന്നാല്‍, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നാഗരികസംസ്‌കൃതിയെയാണ് ജാമിഉതംസീല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഹൈദറാബാദില്‍ നിന്നും തുര്‍ക്കിയോളം നീണ്ടു നിന്ന പേര്‍ഷ്യന്‍ ഭൂപ്രകൃതിയുടെ മറഞ്ഞുപോയ ഭൂതകാലത്തെക്കുറിച്ചുള്ള ഗതകാല സ്മരണകളാണ് അവ വിസ്തരിക്കുന്നത്.
ദക്ഷിണേഷ്യന്‍ രാജവംശങ്ങള്‍ അവരുടെ വംശീയ ഉത്ഭവം പരിഗണിക്കാതെ, രാമായണം, മഹാഭാരതം തുടങ്ങിയ പ്രധാന സംസ്‌കൃത കൃതികളുടെ വിവര്‍ത്തന പദ്ധതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇന്‍ഡോ-പേര്‍ഷ്യന്‍ കവികളായ അമീര്‍ ഖുസ്‌റു (14-ാം നൂറ്റാണ്ട്) ഡല്‍ഹിയിലും പരിസരങ്ങളിലും മാത്രമല്ല, വിശാലമായ പേര്‍ഷ്യന്‍ ലോകമെമ്പാടും പ്രശസ്തി നേടി. ഇറാനില്‍ ഇഖ്ബാല്‍-ഇ ലഹോരി എന്നറിയപ്പെടുന്ന മുഹമ്മദ് ഇഖ്ബാലിനെ (1877-1938) പോലെയുള്ള ദക്ഷിണേഷ്യന്‍ കവികള്‍ ഇപ്പോഴും വ്യാപകമായി വായിക്കപ്പെടുന്നു.
ദക്ഷിണേഷ്യയില്‍ മാത്രമല്ല, മധ്യേഷ്യയിലുടനീളവും കോക്കസ് പോലുള്ള പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും പേര്‍ഷ്യന്‍ ഭാഷയായിരുന്നു മുഖ്യധാരാ-മാധ്യമം. ഇത്തരത്തില്‍, പേര്‍ഷ്യന്‍ ഭാഷ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ജനവിഭാഗങ്ങളുമായി ബന്ധംസ്ഥാപിച്ചിരുന്നു. അവ പ്രത്യേക മതപരമോ വംശീയമോ ആയ സമൂഹവുമായി ബന്ധപ്പെട്ടിരുന്നില്ല. പേര്‍ഷ്യന്‍ ഭാഷ മുസ്ലിംകള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, സൊരാഷ്ട്രിയര്‍, ജൂതന്മാര്‍ തുടങ്ങിയ വംശങ്ങള്‍ കൂടിക്കലര്‍ന്ന സങ്കര സംസ്‌കാരത്തിന് വിത്തുപാകി. അഭിരുചിയുടെയും ധാര്‍മിക പെരുമാറ്റത്തിന്റെയും പൊതുവായ ബോധമുള്ള വൈവിധ്യമാര്‍ന്ന ആളുകള്‍ക്കിടയില്‍ ‘കോസ്മോപൊളിറ്റന്‍്’ എന്ന ബോധത്തിന് ഇത് തുടക്കംകുറിച്ചു.
വിവിധ ഭാഷകളിലും സമൂഹങ്ങളിലും അറിവ് പങ്കുവയ്ക്കുന്നതിനുള്ള ഒരു ഉപകരണമായിരുന്നു പേര്‍ഷ്യന്‍ ഭാഷ. സംസ്‌കൃതം, അറബിക്, ചഗതായ് തുര്‍ക്കിഷ്, തമിഴ് എന്നീ ഭാഷകളില്‍ നിന്നും മറ്റുമൊക്കെയായി പേര്‍ഷ്യന്‍ ഭാഷയിലേക്ക് നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത് ഏഷ്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവയിലേക്കുള്ള വഴി പ്രാപ്യമാക്കി. 1500 കളില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി പേര്‍ഷ്യന്‍ ഭാഷയെ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത് പേര്‍ഷ്യന്‍ ഭാഷയുടെ കോസ്മോപൊളിറ്റന്‍ സ്വഭാവമായിരുന്നു, പ്രധാനമായും അതൊരിക്കലും ചിലര്‍ക്ക് മാത്രം നിക്ഷിപ്തമായതായിരുന്നില്ല. മറിച്ച്, എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു.
പേര്‍ഷ്യന്‍ ഇന്നും ഇറാന്റെ ഔദ്യോഗിക ഭാഷയാണ്. ചരിത്രത്തിന്റെ ഗതകാലസ്മരണകളുയര്‍ത്തി അവയിന്നും ആധുനിക സംസ്‌കാരത്തോട് ഇഴകിച്ചേര്‍ന്നുനില്‍ക്കുന്നു. പല ജനവിഭാഗങ്ങള്‍ക്കും അവരുടേതായ മാതൃഭാഷ ഉണ്ടായിരിക്കുമ്പോള്‍തന്നെ അവരുടെ പൊതുവായ സാംസ്‌കാരികഭാഷയായി പേര്‍ഷ്യന്‍ ഇന്നും ഉപയോഗിക്കപ്പെടുന്നു. അസെറിക്കാര്‍ക്കും കുര്‍ദുകള്‍ക്കും തുര്‍ക്കികള്‍ക്കും അസീറിയക്കാര്‍ക്കും മറ്റു ഭാഷാ ജനവിഭാഗങ്ങള്‍ക്കുമെല്ലാം പേര്‍ഷ്യന്‍ അവരുടെ സാഹിത്യത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, അവര്‍ക്കിടയിലെ പൊതുവായൊരു ആശയവിനിമയോപാദികൂടിയായി പേര്‍ഷ്യന്‍ ഭാഷ പരിണമിച്ചിരുന്നു.
ഈയൊരു കോസ്‌മോപൊളിറ്റന്‍ പേര്‍ഷ്യന്‍ മണ്ഡലത്തിലുടനീളം, ബഹുഭാഷാവാദം സാധാരണമായിരുന്നു. ഭാഷയെ ഇന്നത്തെ പോലെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കപ്പെട്ടായിരുന്നില്ല മനസ്സിലാക്കപ്പെട്ടിരുന്നത്. വ്യത്യസ്ത ഭാഷകളെ വിവിധതരം അറിവുകളിലേക്കുള്ള പ്രവേശന മാധ്യമമായിട്ടായിരുന്നു തിരിച്ചറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയില്‍ പ്രചാരത്തിലൂണ്ടായിരുന്ന ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ല് ഈ വീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. ‘അറബി ശാസ്ത്രമാണ്, പേര്‍ഷ്യന്‍ പഞ്ചസാരയാണ്, ഹിന്ദിയാണ് ഉപ്പ്, തുര്‍ക്കി കലയാണ്’ എന്നതായിരുന്നു അത്. അഥവാ, നമ്മുടെ വൈജ്ഞാനിക രംഗത്തെ നിറവൈവിധ്യത്തെയാണ് ഇത് കുറിക്കുന്നത്.

ഇത്തരത്തില്‍ വിശാലമായ ഈയൊരു സാംസ്‌കാരിക മണ്ഡലം ഏകമാനമായ ഒരു ഭാഷ പങ്കിട്ടതിനാല്‍, ആളുകള്‍ക്ക് വളരെ ദൂരം സഞ്ചരിക്കാനും തങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയുന്ന ആളുകളെയും ജോലി നേടാന്‍ കഴിയുന്ന കോടതികളെ കണ്ടെത്താനും സാധിച്ചു. ദക്ഷിണേഷ്യ ഇറാനില്‍ നിന്നുള്ള കവികളെയും പണ്ഡിതന്മാരെ നന്നായി ആകര്‍ഷിച്ചിരുന്നു. ദക്ഷിണേഷ്യയിലെ സമ്പന്നരായ രാജാക്കന്മാരും വിജ്ഞാനദാഹികളായ രാജകുമാരന്മാരും അവരുടെ ആകര്‍ഷണത്തിന്റെ പ്രധാനകാരണമായി വര്‍ത്തിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഇന്ത്യന്‍ അയല്‍പക്കങ്ങളില്‍ സ്ഥിരതാമസമാക്കിയ ദക്ഷിണേഷ്യന്‍ വ്യാപാരികളെയും തീര്‍ഥാടകരെയും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളിലുള്ള സന്ദര്‍ശകരെയും ഇറാന്‍ ആകര്‍ഷിച്ചു.
1600കളിലാണ് വടക്കന്‍ ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് മുഹമ്മദലി ഹബ്ലറൂഡി താമസം മാറുന്നത്. ഹൈദരാബാദിലെ ഖുതുബ്ഷാഹി കോടതിയില്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു ഇന്ത്യയിലേക്ക് താമസം മാറുന്നത്. ഇറാനിലേക്കു നീളുന്ന തങ്ങളുടെ വംശപരമ്പര മനസ്സിലാക്കിയ ഖുതുബ്ഷാഹി സുല്‍ത്താന്‍മാര്‍, പേര്‍ഷ്യന്‍ സംസാരിക്കുന്ന ലോകത്തെമ്പാടുമുള്ള പണ്ഡിതന്മാരെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ റിക്രൂട്ട് ചെയ്യുകയും അവരുടെ ഭരണ മഹത്വത്തെ സാക്ഷ്യപ്പെടുത്തുന്ന പുസ്തകങ്ങളും കവിതകളും എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി ഭാഷകളില്‍ പ്രചരിക്കുന്ന കെട്ടുകഥകളും പഴഞ്ചൊല്ലുകളും ശേഖരിക്കാന്‍ അവര്‍ ഹബ്ലറൂഡിയെ നിയോഗിച്ചു. ഹൈദരാബാദില്‍ താന്‍ കേട്ട നിരവധി കഥകള്‍ അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയിലായി രേഖപ്പെടുത്തുകയും വിവര്‍ത്തനംചെയ്യുകയും ചെയ്തു. ഈ കഥകളെല്ലാം ഖുതുബ്ഷാഹികളെ പരാമര്‍ശിച്ച് അവതരിപ്പിക്കുകയും നൂറുകണക്കിന് വര്‍ഷങ്ങളായി പേര്‍ഷ്യന്‍ ലോകത്ത് അവരുടെ പ്രശസ്തി പ്രചരിപ്പിക്കുകയും ചെയ്തു.
1626 മുതല്‍ 1671 വരെ ഭരിച്ചിരുന്ന അബ്ദുല്ല ഖുതുബ്ഷായ്ക്കുവേണ്ടിയാണ് താന്‍ ഇത് രചിച്ചതെന്ന് ഹബ്ലറൂഡി പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഒരു സംഭാഷണമധ്യേയാണ് ഇറാനിലെ ഷാ അബ്ബാസ്, തുര്‍ക്കിക് കഥകള്‍ സമാഹരിക്കാന്‍ ഒരാളെ നിയോഗിച്ചതായി അദ്ദേഹത്തിന് മനസ്സിലാകുന്നത്. അങ്ങനെ ഹൈദരാബാദിലെ വസീര്‍ പേര്‍ഷ്യന്‍ കഥകളുടെ ഒരു സമാഹാരം നിര്‍മ്മിക്കാന്‍ ഹബ്ലറൂഡിയോട് നിര്‍ദ്ദേശിച്ചു. ഹൈദരാബാദിലാണ് താമസിക്കുന്നതെങ്കിലും, 2000ത്തോളം മൈലുകള്‍ക്കപ്പുറത്ത് കിടക്കുന്ന ഇസ്ഫഹാനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത് പേര്‍ഷ്യന്‍ ലോകം സാമ്രാജ്യത്വവും ഭൂമിശാസ്ത്രപരവുമായ അതിര്‍ത്തികളിലൂടെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുന്നതായിരുന്നു.
പേര്‍ഷ്യന്‍ കവിതകളില്‍ നിന്നും ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നുമെല്ലാമുള്ള കഥകള്‍ക്കുപുറമെ, വിശേഷ സന്ദര്‍ഭങ്ങളിലും ഒത്തുചേരലുകളിലുമെല്ലാം നിറഞ്ഞുനിന്നിരുന്ന ആഖ്യാനങ്ങളെയെല്ലാമുള്‍പെടുത്തിയാണ് രണ്ടായിരത്തോളം കഥകളുള്ള ഈ പുസ്തകം ക്രോഡീകരിക്കുന്നത്. വീഞ്ഞു വേളകളിലും മറ്റുമുള്ള അവരുടെ നാടോടിക്കഥകളെല്ലാം ഇതില്‍ ഉള്‍പെട്ടിരുന്നു. മൃഗങ്ങള്‍ സംസാരിക്കുന്നതും, ആത്മാക്കളും യക്ഷികളും മാലാഖമാരുമൊക്കെ നേരിട്ടുവന്ന് ഇടപെടുന്നതുമായ മാന്ത്രികതകള്‍ ഇതില്‍ അടങ്ങിയിരുന്നു.

കഥകളധികവും ഗുണപാഠകഥകളാണ്. ഓരോന്നിനും അവ സംഗ്രഹിക്കുന്ന ഗുണപാഠങ്ങളുണ്ട്. ഒന്നില്‍, ഉദാഹരണത്തിന്, ആനയെ എങ്ങനെ കീഴടക്കാമെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഈച്ചകളുടെ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. മറ്റൊരു കഥയില്‍, ഒരു ബ്രാഹ്‌മണന്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായ മംഗൂസിനെ ഏല്‍പ്പിക്കുന്നു. അദ്ദേഹം ഉറക്കമുണര്‍ന്ന സമയത്ത് തന്റെ കുഞ്ഞ് കൊല്ലപ്പെട്ടതായി കാണുമ്പോള്‍, അത് വരെ തന്നോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന മംഗൂസിനെ അയാള്‍ ഉടന്‍ തന്നെ കൊല്ലുന്നു. താമസിയാതെ കുഞ്ഞിന്റെ മരണത്തിന് മംഗൂസ് ഉത്തരവാദിയല്ലെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷെ, അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കുന്നു. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ പോലും, ഒരിക്കലും തിടുക്കത്തില്‍ പ്രവര്‍ത്തിക്കരുത്, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക എന്നതാണ് ഇവ നല്‍കുന്ന പാഠം.

ഇറാന്‍, മധ്യേഷ്യ തുടങ്ങിയ വിദൂരസ്ഥലങ്ങളിലെ പ്രേക്ഷകര്‍ക്ക് ബ്രാഹ്‌മണര്‍ പോലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ രൂപങ്ങളും ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ആനയോ മംഗൂസോ പോലുള്ള മൃഗങ്ങളും പരിചിതമായി. അവര്‍ പഴഞ്ചൊല്ലുകളുടെയും നല്ല പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങളുടെയും ഒരു പങ്കിട്ടശേഖരം വികസിപ്പിച്ചെടുത്തു. ജാമിഉതെംസീലിന്റെ രചനയെത്തുടര്‍ന്ന് പേര്‍ഷ്യന്‍ലോകെമമ്പാടും ഈ കഥകള്‍ അതിവേഗം വ്യാപിച്ചു. ഹബ്ലറൂഡിയുടെ ഈ കഥാശേഖരം നൂറ്റാണ്ടുകളായി ഏറ്റവുമധികം വായിക്കപ്പെട്ട പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, പേര്‍ഷ്യന്‍ ലിത്തോഗ്രാഫ് അച്ചടിയുടെ വലിയരീതിയിലുള്ള വ്യാപനം ഇന്ത്യയിലെ ജാമിഉതെംസീലിന്റെ ആയിരക്കണക്കിന് വിലകുറഞ്ഞ പകര്‍പ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചു. ഇത്തരത്തില്‍ കൃതിയുടെ ജനകീയവല്‍കരണം ആയിരക്കണക്കിന് കോപ്പികള്‍ വിലകുറഞ്ഞ രീതിയില്‍ അച്ചടിക്കാനും എന്നത്തേക്കാളും വേഗത്തില്‍ പ്രചരിക്കാനും അനുവദിച്ചു.
ഇറാനില്‍, 1860കളില്‍ ഇതിന്റെ ആദ്യ പകര്‍പ്പുകള്‍ അച്ചടിക്കാന്‍ തുടങ്ങി. ഇറാന്‍ പ്രസിദ്ധീകരണങ്ങള്‍, ഇന്ത്യന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, പലപ്പോഴും മരം മുറിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പെടുത്തപ്പെട്ടതായിരുന്നു. പ്രധാനമായും ചിത്രകാരനായ മിര്‍സ അലി കോലി ഖോയിയുടെ ചിത്രീകരണങ്ങളും പുസ്തകത്തെ വ്യതിരക്തമാക്കിയിരുന്നു. ദക്ഷിണേഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ പേര്‍ഷ്യന്‍ഭാഷയുടെ സ്വാധീനത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു. ബ്രിട്ടീഷുകാര്‍ രാജ്യത്തെ കോളനിവത്കരിച്ചപ്പോള്‍ പേര്‍ഷ്യക്കുണ്ടായിരുന്ന രാഷ്ട്രീയവും സാംസ്‌കാരികവും വൈജ്ഞാനികവുമായ ഇടം പതുക്കെയായി എടുത്തുമാറ്റപ്പെട്ടു. എന്നിരുന്നാലും ഇന്ത്യക്കാര്‍ പേര്‍ഷ്യന്‍ സ്വകാര്യമായി പഠിക്കുന്നത് തുടര്‍ന്നു. എന്നാല്‍, ദശാബ്ദങ്ങളായി പേര്‍ഷ്യന്‍ പൊതു ഉപയോഗത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഇന്‍ഡോ-പേര്‍ഷ്യന്‍ കൃതികളുടെ വിശാലമായ ലൈബ്രറികള്‍ ഭവനരഹിത ഗ്രന്ഥങ്ങളുടെ നിധിശേഖരങ്ങള്‍ ആയിത്തീരുകയും ചെയ്തു. അവ എഴുതിയതും താമസിക്കുന്നതുമായ രാജ്യങ്ങളില്‍ ഇനി വായിക്കാന്‍ കഴിയാത്ത കൃതികളായി മാറി.

പേര്‍ഷ്യന്‍ഭാഷയുടെ കാലികമായ ദുരവസ്ഥവയെ വിശദീകരിക്കുന്ന നിരവധി പൊതു പ്രയോഗങ്ങള്‍ ഇന്ന് ഉറുദുവിലും പഞ്ചാബിയിലുമെല്ലാം കാണാം. ഉറുദുവിലെ ഒരു പ്രധാന ഉപയോഗമാണ് അവന്‍ ഫാര്‍സി പഠിക്കുകയും എണ്ണ വില്‍ക്കുകയും ചെയ്യുന്നു -പര്‍ഹെയ്ന്‍ ഫാര്‍സി ബെചെയിന്‍ ടെയില്‍- എന്ന പ്രയോഗം. വിളക്ക് കൊളുത്താന്‍ എണ്ണ ഉപയോഗിച്ചിരുന്ന ഒരു കാലത്തെ പരാമര്‍ശിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, എന്നാല്‍ തന്റെ യോഗ്യതയ്ക്ക് താഴെ ജോലി ചെയ്യുന്ന ഒരാളെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഈ പ്രയോഗം വിരോധാഭാസമായി മാറി.
അതേസമയം, പേര്‍ഷ്യന്‍ മറ്റ് നിരവധി രാജ്യങ്ങളില്‍ (അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അസര്‍ബൈജാന്‍ പോലുള്ളവ) ഉപയോഗിക്കുന്നുണ്ടെങ്കിലും, ചരിത്രപരമായി, പേര്‍ഷ്യന്‍ ഇറാന്റെ ദേശീയവും-രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഭാഷയായി വ്യാപകമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ആധുനിക ഇറാന്റെ ദേശീയ അതിര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളുമായും സ്ഥലങ്ങളുമായും പേര്‍ഷ്യന്‍ ബന്ധപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഇറാനിന്റേതല്ല- പകരം, ദക്ഷിണ, മധ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വൈവിധ്യമാര്‍ന്ന ആളുകളെ ബന്ധിപ്പിച്ച ഒരു കാലഘട്ടത്തിന്റെ പ്രധാനഘടകമാണത്.
ടെഹ്റാനിലെ പുരാവസ്തുക്കള്‍ വില്‍ക്കുന്ന ചെറിയൊരു കടയില്‍വെച്ചാണ് ഞാന്‍ ജാമിഉതംസീലിനെ കണ്ടുമുട്ടുന്നത്.
കറുപ്പിന്റെ സുഗന്ധം കടനിറയെ വ്യാപിച്ചിരുന്നു, പരവതാനികളും കരകൗശലവസ്തുക്കളും മനോഹരമായ കൊത്തുപണികളില്‍ തീര്‍ത്ത ലോഹപ്പലകകളുമൊക്കെയായി കട കുമിഞ്ഞു കൂടിയിരുന്നു. അതിനിടയില്‍, ആ വ്യാപാരിയുടെ മുത്തച്ഛനായ ഒരു റബ്ബിയുടെ ചിത്രത്തിന് താഴെ തുകലില്‍ ബന്ധിച്ച നിരവധി പുസ്തകങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. അവയില്‍ മുസ്‌ലിങ്ങളുടെയും, ജൂതന്മാരുടെയുമൊക്കെയായി ചില മതഗ്രന്ഥങ്ങളും, ചില മന്ത്രപുസ്തകങ്ങളും ലോകത്തിന്റെ വ്യത്യസ്തഭാവനകളെക്കുറിച്ച് സംസാരിക്കുന്ന ലിത്തോഗ്രാഫുകളും ഉള്‍പെട്ടിരുന്നു. അതിനിടയിലായിട്ടായിരുന്നു ഹൈദരാബാദില്‍ നിന്നുള്ള ജാമിഉതെംസീല്‍ കണ്ടുകിട്ടുന്നത്.
ഹബ്ലറൂഡിയുടെ കാലത്തെ പേര്‍ഷ്യന്‍ കോസ്മോപോളിറ്റനിസം ഇന്ന് കാലഹരണപ്പെട്ടു. അവ കൊളോണിയല്‍ അതിര്‍ത്തികളാലും ആധുനിക ദേശരാഷ്ട്രസങ്കല്‍പങ്ങളാലും അറുത്തു മാറ്റപ്പെട്ടുകഴിഞ്ഞു. പക്ഷേ, ടെഹ്റാനിലെ ആ ചെറിയ മുറിയിലെ അടുക്കിവെച്ച ഷെല്‍ഫുകളിലെ പുസ്തകങ്ങളിലൂടെ ആ സംസ്‌കാരിക പൈതൃകം നിര്‍വൃതിയുടെ പുതിയ കഥനെയ്യുകയാണ്.
വിവ: സഈദ് ചുങ്കത്തറ
Add comment