ടിപ്പുവിന്റെ 1799 ലെ അവസാന ആംഗ്ലോ മൈസൂർ യുദ്ധത്തിലെ പതനത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം കണ്ടുകെട്ടിയ വസ്തു ശേഖരങ്ങൾക്കിടയിൽ ടിപ്പു സ്വകാര്യമായി എഴുതിയ തന്റെ സ്വപ്‌നങ്ങളുടെ ഡയറിയുണ്ടായിരുന്നു. ശ്രീരംഖപട്ടണം കവർച്ചയിൽ പേർഷ്യൻ ഭാഷയിലെഴുതപ്പെട്ട പ്രസ്തുത കൈയ്യെഴുത്ത് പ്രതി ടിപ്പുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തുന്നത് 1798-1805 വർഷങ്ങളിൽ ഹൈദരാബാദ് റെസിഡന്റ് ആയി ജോലി ചെയ്ത ജെയിംസ് ആർക്കില്ലസ് കിർപാട്രിക്കായിരുന്നു. ശ്രീരംഖപട്ടണത്തിന്റെ വീഴ്ചക്ക് ശേഷം 1800 ൽ അലക്‌സാണ്ടർ ബീറ്റ്‌സൺ ഗവർണർ ജനറൽ മാർക്കസ് വെല്ലസിയുടെ പേരിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്ടേഴ്‌സിൽ പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥം സമർപ്പിച്ചു.
ശ്രീരംഖപട്ടണത്തിൽ നിന്ന് കടത്തിയ കൈയ്യെഴുത്ത് പ്രതിയടങ്ങുന്ന പുസ്തക ശേഖരങ്ങൾ പിന്നീട് ലണ്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ന് ഇന്ത്യ ഓഫീസ് ലൈബ്രറിയുടെയും ഉടമസ്ഥതയിലാണ് .ടിപ്പു കൈപ്പണികൾ ചെയ്ത ഖുർആൻ പോലൊത്തെ അപൂർവ ഗ്രന്ഥങ്ങൾ കൊള്ളയടിക്കപ്പെട്ട പുസ്തക ശേഖരത്തിൽ അടങ്ങിയിട്ടുണ്ട്. കൈയ്യെഴുത്ത് പ്രതിയുടെ സമർപ്പണ വേളയിൽ ബീറ്റ്‌സൺ നൽകിയ നോട്ട്‌സിൽ അതിന്റെ കണ്ടെത്തലിനെ കുറിച്ച് ഇപ്രകാരം എഴുതുന്നു:
കേണൽ വില്യം കിർപാട്രിക്കാണ് ശ്രീരംഖംപട്ടണത്തിലെ പാലസിൽ രഹസ്യ സ്വഭാവമുള്ള രേഖകൾക്കിടയിൽ വെച്ച് സുൽത്താന്റെ സ്വപ്‌നങ്ങളുടെ പുസ്തകം കണ്ടെത്തുന്നത്. പുസ്തകം കണ്ടെത്തിയ സമയത്ത് സുൽത്താന്റെ വിശ്വസ്ത സേവകരിലൊരാളായ ഹബീബുല്ല സമീപമുണ്ടായിരുന്നു. അയാൾ ആ പുസ്തകം മുമ്പ് കണ്ടിട്ടില്ലെങ്കിലും സുൽത്താന് അങ്ങനെയൊരു പുസ്തകം സൂക്ഷിക്കുന്നതായി അറിവുണ്ടായിരുന്നു. സുൽത്താൻ ജീവിതകാലത്ത് പ്രസ്തുത എഴുത്തുകൾ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്.
കണ്ടെത്തപ്പെട്ട കൈയ്യഴുത്ത് പ്രതി വെറും സ്വപ്‌നശേഖരങ്ങളുടെ പുസ്തകമല്ല. മറിച്ച്, പിൽകാല ചരിത്രകാരൻമാർ മെമ്മറാണ്ടം എന്നു വിളിച്ച മറ്റു ചില കുറിപ്പുകളും സംഭവങ്ങളും അടങ്ങിയ ഒരു രജിസ്റ്ററാണ്. എങ്കിലും പ്രസ്തുത കുറിപ്പുകൾ വേണ്ടത്ര പഠനങ്ങൾക്ക് വിധേയമായിട്ടില്ല. ടിപ്പു സ്വന്തം കൈപ്പടയിൽ എഴുതിയ സ്വപ്‌നങ്ങൾ അടങ്ങിയ ജേണലിൽ 1786 ഏപ്രിൽ മുതൽ മരണത്തിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് 1799 വരെ ക്രമബദ്ധിതമായല്ലാതെ എഴുതിയ മുപ്പത്തിയേഴ് സ്വപ്‌നങ്ങളാണുള്ളത്.
സ്വപ്‌നങ്ങൾക്കുപുറമേയുള്ള കുറിപ്പുകൾ ഒഴിവാക്കി മുപ്പത് വർഷത്തെ മുപ്പത്തിയേഴ് സ്വപ്‌നങ്ങൾ സൂചിപ്പിക്കുന്നത് എഴുതപ്പെടാൻ മാത്രം മൂല്യമുള്ളതേ ടിപ്പു എഴുതിയിട്ടുള്ളുവെന്നും അല്ലെങ്കിൽ അവസരം ഒത്തുവന്നിട്ടുള്ളൂവെന്നാണ്. എഴുതപ്പെട്ട മുപ്പത്തിയേഴ് സ്വപ്‌നങ്ങളിൽ പതിനാറെണ്ണവും ടിപ്പുവിന്റെ മരണത്തിന് മുമ്പ് മൂന്ന് വർഷങ്ങൾക്കിടയിൽ എഴുതപ്പെട്ടതാണ്. കണ്ടെടുക്കപ്പെട്ട ജേണലിന്റെ ആദ്യ പതിനാറു പേജുകളിലുള്ള സ്വപ്‌നങ്ങൾക്ക് ശേഷം തുടർന്നുവരുന്നത് 166 കാലി പേജുകളും അതിനെ തുടർന്ന് ബാക്കിയുള്ള സ്വപ്‌നങ്ങൾ കുറിപ്പുകൾക്കൊപ്പവുമാണ്.
സ്വപ്‌നങ്ങളിൽ വളരെ കുറച്ച് മാത്രമെ ഉറക്കിൽ നിന്നുണർന്നയുടൻ എഴുതിയതായി മനസ്സിലാക്കാൻ സാധിക്കുന്നുള്ളു. അധികവും പിന്നീട് ക്രമബദ്ധമല്ലാതെ എഴുതി ചേർത്തതാണ്. ചെറുപ്പത്തിലെ ഉയർന്ന വിദ്യഭ്യാസവും പേർഷ്യനടക്കം വ്യത്യസ്ത ഭാഷകളിൽ നൈപുണ്യവും നേടിയ ടിപ്പുവിന്റെ ഈ സ്വകാര്യ സ്വപ്‌ന ശേഖരത്തിൽ അക്ഷര പിശകുകളും വ്യാകരണ പിഴവുകളുമുണ്ട്. സ്വപ്‌ന പുസ്തകത്തിലെ തിയതികൾ ടിപ്പു അവതരിപ്പിച്ച മീലാദി കലണ്ടർ പ്രകാരവുമാണ് കുറിച്ചിട്ടുള്ളത്.
സ്വപ്‌നങ്ങൾ പല മേഖലകളിലായി വ്യാപരിച്ചുകിടക്കുന്നതാണെങ്കിലും അതിലധികവും ടിപ്പു ശത്രുക്കൾക്കെതിരിൽ സ്വീകരിക്കുന്ന മുൻകരുതലുകളും വിജയങ്ങളുമാണ്. ചിലത് പ്രവാചകനും മറ്റു സൂഫി പണ്ഡിതരുമായുള്ള കണ്ടുമുട്ടലുകളുമാണ്. സ്വപ്‌നങ്ങളിൽ ചിലതിന് ടിപ്പു തന്നെ നൽകുന്ന വ്യഖ്യാനങ്ങൾ (13,17,27) വളരെ കൗതുകമുണർത്തുന്നതാണ്. ഇരുപത്തിയേഴാമത്തെ സ്വപ്‌നത്തിൽ ഈത്തപഴത്തിന്റെ മൂന്ന് ട്രേകളെ തന്റെ മൂന്ന് പ്രധാന ശത്രുക്കളായ മറാത്തരെയും നിസാമിനെയും ബ്രിട്ടീഷുകാരെയും പരാജയപ്പെടുത്തുന്നതായി ടിപ്പു വ്യാഖ്യാനിക്കുന്നു. പതിമൂന്നാമത്തെ സ്വപ്‌നത്തിൽ വരുന്ന പുരുഷവേഷധാരിയായ സ്ത്രീയെ മറാത്തകളായും ടിപ്പു വ്യാഖ്യാനിക്കുന്നുണ്ട്.
ടിപ്പുവിന്റെ സ്വപ്‌നങ്ങൾ ഭരണകാലത്തെ സാഹചര്യങ്ങളെയും ടിപ്പുവിന്റെ സമീപനങ്ങളിലെ ഗതിമാറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കെയ്റ്റ് ബ്രിറ്റിൽബൻക് പറയുന്നു.
ടിപ്പുവിന്റെ സ്വപ്‌നവും അതിന്റെ വ്യാഖ്യാന ശ്രമങ്ങളും ഇസ്‌ലാമിന്റെ സ്വപ്‌നവ്യഖ്യാന ചരിത്രവുമായി ചേർത്തുവായിക്കണം. ഇസ്‌ലാമിൽ സ്വപ്‌ന വ്യഖ്യാനം വ്യവസ്ഥാപിതമായ ഒരു വൈജ്ഞാനിക ശാഖയായി പ്രവാചക കാലമോ അതിനു മുമ്പോ നിലവിലുണ്ട്. ടിപ്പു തന്റെ സ്വപ്‌നങ്ങളെ കുറിക്കാൻ ഖവാബ്(സ്വപ്‌നങ്ങൾ) എന്നുപയോഗിക്കുന്നുണ്ടെങ്കിലും കുടുതലും മുആമലത്ത് (Affair/Matter) എന്ന വാക്കാണുപയോഗിക്കുന്നത്. ഇത് സൂഫി പാരമ്പര്യത്തിൽ യഥാർഥ സ്വപ്‌നങ്ങളെ കുറിക്കാനുള്ള വാക്കുകളോട് സമാനമാണ്. സ്വപ്‌ന വ്യാഖ്യാന മേഖലയിൽ (Dream interpritation) ഒരുപാട് പഠനങ്ങൾ പുറത്തുവരുന്നുണ്ട്. ഈയടുത്തായി കെയ്‌റോയിലെ സ്വപ്‌നവ്യാഖ്യാനങ്ങളെ കുറിച്ച് ആമിറ മെറ്റമൈർ ദ ഡ്രീം ദാറ്റ് മറ്റേർസിൽ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്.
മേലുദ്ദരിച്ചതുപ്രകാരം, ടിപ്പുവിന്റെ സ്വപ്‌നമടങ്ങിയിട്ടുള്ള ജേണലിൽ വേറെയും കുറിപ്പുകളുണ്ട്. ജേണലിന്റെ ഒടുക്കത്തിൽ കോലാറിൽ നിന്നുള്ള സയ്യിദ് മുഹമ്മദ് അസ്‌ലം എന്ന സൂഫിയുടെ സ്വപ്‌നം അടങ്ങിയിട്ടുണ്ട്. ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിമൂന്നാമത്തെയും സ്വപ്‌നങ്ങൾക്കിടയിൽ നാല് സ്വപ്‌നമല്ലാത്ത കുറിപ്പുകളും കാണാം.
ഇസ്‌ലാമിക ലോകത്തെ സ്വപ്‌ന വ്യാഖ്യാന ചരിത്രത്തോടൊപ്പം ടിപ്പുവിന്റെ സ്വപ്‌ന പുസ്തകം വായിക്കുമ്പോൾ തന്നെ അത് രാജകീയ സ്വപ്‌നത്തിന്റെ ഭാഗമായും വിലയിരുത്തപ്പെടണം. ഇസ്‌ലാമിക ചരിത്രത്തിൽ ഒന്നിലധികം രാജാക്കൻമാർ തങ്ങളുടെ സ്വപ്‌ന ഗ്രന്ഥങ്ങൾ എഴുതിവെച്ചിട്ടുണ്ട്. പേർഷ്യൻ രാജാവ് ശാ തഹ്‌മസാബും ഒട്ടോമൻ സുൽത്താൻ മുറാദ് രണ്ടാമനും മുഗൾ രാജാവ് ബാബറും പ്രസ്തുത ശ്രേണിയിലുള്ളവരാണ്. രാജാക്കൻമാരുടെ സ്വപ്‌ന ഗ്രന്ഥങ്ങളുടെ അവരുടെ ഭരണത്തിനുള്ള നിയമസാധുതയും ദൈവികതയും സ്വപ്‌നങ്ങളിലൂടെ സ്ഥിരീകരിക്കാനാണ് ശ്രമിക്കുക. പ്രവാചകനും അലിയുമായുള്ള കൂടികാഴ്ച്ചകളുടെ സ്വപ്‌നങ്ങൾ അടിസ്ഥാനപ്പെടുത്തി ടിപ്പുവിന്റെ സ്വപ്‌നങ്ങളെയും പ്രസ്തുത രീതിയിൽ വായിക്കാൻ സാധിക്കുമെന്ന് ബ്രിറ്റിൽബൻക് വിശദീകരിക്കുന്നുണ്ട്.
തിരഞ്ഞെടുത്ത സ്വപ്‌നങ്ങൾ
സ്വപ്‌നം 4
പാൽ പാത്രങ്ങൾ
കരുണാമയനായ ദൈവമേ!
മുഹമ്മദിന്റെ ജനന പ്രകാരം 1218 തക്കി മാസത്തിന്റെ പതിനെട്ടാം തിയ്യതി, ബുധനാഴ്ച രാത്രിയുടെ നാവ് പാറാവ് ശേഷിക്കെ. സലാമാബാദിനടുത്തുള്ള മദ്ഹർ കേരായിലെ രാമനായരുടെ കടന്നുകയറ്റങ്ങൾ പരാജയപ്പെടുത്തി വരുമ്പോൾ എനിക്കീ സ്വപ്‌ന ദർശനമുണ്ടായി: അപ്പോൾ കറന്നെടുത്ത് പശുപാലിന്റെ രണ്ട് പാത്രങ്ങളുമായി ഒരാൾ എന്റെയടുത്തേക്ക് വന്ന് ഈ പാൽ എനിക്ക് വേണ്ടി ഇപ്പോൾ കറന്നെടുത്ത വെണ്ണനിറഞ്ഞതും സ്വാദിശ്ടവുമായ പാലാണെന്ന് പറഞ്ഞു. അദ്ദേഹത്തന്റെ കയ്യിൽ നിന്ന് ഞാനാപ്രത്രങ്ങൾ വാങ്ങി ഇതു വളരെ സ്വാദിഷ്ടവും മധുരമൂറുന്നതുമായിരിക്കുമെന്ന് പറഞ്ഞ് ഞാനത് സൂക്ഷിച്ചു. ഈ സന്ദർഭത്തിൽ ഞാനുണരുകയും സ്വപ്‌നം എഴുതിവെക്കുകയും ചെയ്തു.
സ്വപ്‌നം 22
1224 ഹിറാസത്ത് വർഷത്തിലെ സാക്കിരി മാസത്തിന്റെ എട്ടാം തിയ്യതി ജമാദുസ്സാനി ഏഴിനോട് സമമായ ചൊവ്വ രാത്രിയും തുടർന്നുള്ള ബുധനും പ്രഭാതത്തിനോട് അടുത്ത സമയം എനിക്കീ സ്വപ്‌ന ദർശനമുണ്ടായി;
പേർഷ്യൻ ഭാഷയിൽ നിന്ന് കറാച്ചി യൂണിവേഴ്‌സിറ്റി പ്രഫസറായിരുന്ന മഹ്‌മദ് ഹുസൈൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം അടിസ്ഥാനപ്പെടുത്തിയുള്ള ചില സ്വപ്‌നങ്ങളുടെ മലയാള വിവർത്തനം.
സ്വപ്‌നം 12
ചംക്രമണതിന്റെ നാൽപതാമത്തെ വർഷം. ബുസുദ് വർഷത്തെ ഹൈദരി മാസത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസം. (ടിപ്പുവിന്റെ മീലാദി കലണ്ടർ പ്രകാരം ഈ സമയം 1786 സെപ്റ്റംബറിനോട് സമാനമാണ്).
തുംഗബദ്ര നദിയുടെ തീരത്ത് നിലയുറപ്പിച്ചപ്പോൾ എനിക്കീ സ്വപ്‌ന ദർശനമുണ്ടായി. എല്ലാവരും നിർവികാരരായി നിൽക്കുന്ന പരലോകത്തെ വിധി പ്രസ്താവന ദിവസം (ഉമ്യ ീള ഷൗറഴലാലി)േ. തിളങ്ങുന്ന മുഖവും ചുവന്ന താടിയും ആജ്ഞാശേഷിയുമുള്ള ഒരു വലിയ മനുഷ്യൻ എന്റെയടുത്തേക്ക് വരികയും എന്റെ കൈ പിടിച്ച് എന്നോട് ചോദിച്ചു: നിനക്ക് ഞാനാരാണെന്ന് അറിയുമോ?. എനിക്കറിയില്ലെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അന്നേരം അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ മുർതസാ അലി അല്ലാഹുവിന്റെ സന്ദേശവാഹകനാണ്. അദ്ദേഹം തുടർന്നു, ഞാൻ നിങ്ങളോട് കൂടെയല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. എനിക്ക് വളരെ അധികം സന്തോഷം തോന്നുകയും ഞാനുറക്കിൽ നിന്നുണരുകയും ചെയ്തു. ദൈവം അതിശക്തനും സന്ദേശവാഹകൻ മധ്യസ്ഥനുമാണ്.
സ്വപ്‌നം 13
ബുസ്ദ് വർഷത്തിലെ ഖുസ്‌റവി മാസത്തിലെ ആറാമത്തെ ദിവസം, ദേവഗിരി കരയിലെ ശാഹ് നൂരിലെ മറാത്തകൾക്കെതിരിൽ രാത്രി അക്രമിക്കുന്നതിന് മുമ്പ് ഞാനീ സ്വപ്‌നം കാണുകയുണ്ടായി: സുന്ദരനായ ഒരു യുവാവിനെ പോലെ തോന്നിപ്പുക്കുന്ന ഒരു അപരിചിതൻ എന്റെയടുത്ത് വന്നിരുന്നു. ഒരാൾ സ്ത്രീകളോട് കളിയായി സംസാരിക്കുന്ന രീതിയിലുള്ള ചില പരാമർശങ്ങൾ ഞാൻ അവരോട് പറഞ്ഞു. ഒരാളോടും ഇങ്ങനെയുള്ള കളി വാക്കുകൾ പറയൽ എന്റെ സ്വഭാവത്തിന്റെ ഭാഗമല്ലല്ലോ എന്ന് ഞാൻ സ്വന്തം പറഞ്ഞു. ഉടനെ ആ യുവാവ് എഴുന്നേറ്റ് കുറച്ച് മുന്നാക്കം പോയി തിരിച്ച് വന്ന് തലപ്പാവിനടിയിലെ തന്റെ മുടി കെട്ട് അഴിച്ചിട്ടു. പിന്നീട് തന്റെ മേൽ വസ്ത്രം അഴിച്ച് തന്റെ മാറിടം തുറന്നു കാണിച്ചു. അന്നേരമാണ് അതൊരു സ്ത്രീയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഉടനെ ഞാനവളെ വിളിച്ച് എന്റെയടുത്തിരുത്തി പറഞ്ഞു. കുറച്ച് മുമ്പ് ഞാൻ നീയൊരു സ്ത്രീയായിരിക്കുമെന്ന് ഊഹിച്ചു എന്റെ തമാശ ഞാൻ നിർത്തി. ഇപ്പോളെനിക്ക് നീയൊരു സ്ത്രീയാണെന്ന് ഉറപ്പായിരിക്കുന്നു. ഈയൊരു സംഭാഷണത്തിനിടക്ക് നേരം പുലരുകയും ഞാനുണരുകയും ചെയ്തു. പിന്നീട് ഈ സ്വപ്‌നം ഞാൻ മറ്റുചിലരുമായി പങ്കുവെക്കുകയും പ്രസ്തുത രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തു. ആ പുരുഷ വസ്ത്രം ധരിച്ച സ്ത്രീകൾ മറാത്തകാരാണ്. ഉപര്യുക്ത വർഷത്തിലെ മാസത്തിന്റെ എട്ടാം തിയ്യതി ശനിയാഴ്ച്ച പ്രഭാതത്തിൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും സഹായത്തോടെ അവിശ്വാസികളായ ശത്രുക്കളുടെ മേലിൽ ഞാൻ അപ്രതീക്ഷിത അക്രമം നടത്തി. ഇരുന്നൂറോ മുന്നൂറോ പേരുടെ കൂടെ ഞാൻ തന്നെ അക്രമം നടത്തി അവരുടെ കാമ്പിലേക്ക് ഇരച്ചുകയറി. എല്ലാവരേയും കീഴ്‌പെടുത്തി ഹരി പന്ത് പാർകിയ യുടെ ടെന്റ് വരെ ഞനെത്തി. അന്നേരം അവർ സ്ത്രീകളെ പോലെ പേടിച്ചോടി.
സ്വപ്‌നം 16
ജഅ്ഫരി മാസത്തിലെ 23 ാം തിയ്യതി വ്യാഴാഴ്ച്ച പാഞ്ചൻഗുഡയുടെ തീരത്ത് അവിശ്വാസികളായ നസ്‌രീയ്യിങ്ങളുമായി(ബ്രിട്ടീഷ്)യുദ്ധത്തിന് പുറപ്പെടാൻ നിൽക്കെ എനിക്കീ സ്വപ്‌ന ദർശനമുണ്ടായി: ഞാൻ പൂമുഖത്തിരിക്കെ ജനങ്ങൾ എനിക്കുചുറ്റും കൂടി ശൈത്യകാറ്റിനെയും മഞ്ഞിനെയും കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദൈവം നമുക്കുമേൽ കരുണ ചെയ്യുമെന്ന് ഞാൻ അവരോട് പറഞ്ഞു. അന്നേരം തണുപ്പിക്കുന്ന മേഘം എന്റെയടുത്തേക്ക് വരികയും ഞാൻ അകത്തളത്തിലേക്ക് പോവുകയും ചെയ്തു. അന്നേരം അവിടെ ഒരു പാമ്പിനെ കാണുകയും ഞാനതിനെ കൊല്ലുകയും ചെയ്തു. അവിടെ നിന്ന് പുറത്ത് വന്നപ്പോൾ ഒരു കടുവ ഓടി മറയുന്നത് ഞാൻ കണ്ടു. തോക്കുമെടുത്ത് കുറച്ചു ദൂരം അതിനെ പിന്തുടർന്ന് അതിനെ വെടിവെച്ചിട്ടു. അപ്പോൾ അതേ മേഘം എന്റയടുത്തേക്ക് വന്ന് നിലയുറപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. തുടർന്ന മഴയോടപ്പം രണ്ട് വലിയ മല്ലപ്പൂ ചെടികളുടെയും മറ്റ് ചെറിയ പൂക്കളുമായി പെയ്യാൻ തുടങ്ങി. അന്നേരം ഞാൻ പറഞ്ഞു: ഈ സുന്ദരമായ പൂക്കൾകൊണ്ട് എനിക്ക് മേൽ കരുണ ചെയ്ത ദൈവത്തിനാണ് സർവസ്തുതിയും ഇനിയും ഞങ്ങൾക്ക് മേൽ കരുണ ചെയ്യുന്നത് തുടരണമേ. പ്രഭാതം വിടർന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ സന്തോഷവാനായിരുന്നു.
സ്വപ്‌നം 17
1217 ശാദാബ് വർഷത്തിലെ ജഅ്ഫരി മാസത്തിന്റെ എഴാമത്തെ ദിവസം. രാമ നായരുടെ കടന്നുകയറ്റത്തിന് മേലുള്ള അക്രമണത്തിന്റെ ഭാഗമായി സലാമാബാദിൽ തമ്പടിച്ചിരിക്കെ മഗ് രിബ് നമസ്‌കാനന്തരം അല്ലാഹുവിനോട് ഞാൻ ഇപ്രകാരം പ്രാർഥിച്ചു: ഓ ദൈവമേ അവിശ്വാസികളും ശത്രുക്കളും ഇവിടം പ്രാർഥനയും നോമ്പുകളും നിരോധിച്ചിരിക്കുന്നു. അങ്ങയുടെയും പ്രവാചകന്റെയും മതത്തിന് ശക്തിപകരാൻ അവരെ ഇസ്‌ലാമിലേക്ക് പരിവർത്തിപ്പിക്കണെ. ആ രാത്രിയിൽ പ്രഭാതത്തോടടുത്ത് എനിക്കീ സ്വപ്‌ന ദർശനമുണ്ടായി. അഹ്‌മദീ സർക്കാരിന്റെ സൈന്യം കാടുകളും കുന്നുകളും മുറിച്ച് കടന്ന് തമ്പടിച്ചപ്പോൾ എനിക്കിപ്രകാരം തോന്നി. തമ്പടിച്ചിരിക്കുന്നതിനടുത്ത് ഒരു പശുവിനേയും അതിന്റെ കുഞ്ഞിനേയും ഞാനും കണ്ടു. മുഖരൂപവും പല്ലുകളും അതിനെ ഒരു വരയുളള കടുവയുടെ രൂപസാദൃശ്യം തോന്നിപ്പിച്ചു. അതിന്റെ മുൻകാലുകൾ പശുവിന്റേതും സഞ്ചാരത്തിൽ വളരെ മന്ദഗതിയിലുമായിരുന്നു. പിൻകാലുകളില്ലാതിരുന്ന അത് കഴിവതും അക്രമിക്കാൻ ശ്രമിച്ചികൊണ്ടിരുന്നു. സൂക്ഷമമായി നരീക്ഷിച്ച് കാമ്പിലേക്ക് മടിങ്ങി കുറച്ച് പേരോട് തയ്യാറായി എന്നെ പിന്തുടരാനും പറഞ്ഞു. തുടർന്ന് അവരോട് ഞാൻ പറഞ്ഞു: കടുവയെ പോലെ തോന്നിപ്പിക്കുന്ന പ്രസ്തുത കടുവയുടെ അടുത്ത് ചെന്ന് അതിനെയും കുട്ടിയെയും ഞാൻ തന്നെ കഷ്ണങ്ങളാക്കും. ഇതുപറഞ്ഞ് രണ്ട് ചാരകുതിരകളെ വേഗത്തിൽ തയ്യാറാക്കി കൊണ്ടുവരാൻ പറഞ്ഞു. തുടർന്ന് നേരം വെളുക്കുകയും ഞാനുണരുകയും ചെയ്തു.
തുടർന്നു പ്രസ്തുത സ്വപ്‌നത്തിന്റെ വ്യാഖ്യനാമായി ഈ കാര്യങ്ങൾ എനിക്ക് തോന്നി; മലമുകളിലെ നസ്‌രിയ്യീങ്ങൾ രുപത്തിൽ കടുവയെ പോലെ തോന്നിപ്പിക്കുന്ന പശുവിനേയും കുട്ടിയേയും പോലെയാണ്. ദൈവത്തിന്റെ സഹായത്തോടെ കുന്നുംപുറത്തിൽ നിന്ന് വളരെ വേഗത്തിൽ തുരത്താനും കൊല്ലാനും സാധിക്കും. മുൻകാലുകളുടെ മന്ദഗതിയിലുള്ള സഞ്ചാരം അവർ യുദ്ധത്തിന് ശ്രമിക്കുന്നതിനേയും പിൻകാലുകളുടെ അഭാവം അവരുടെ നിസ്സാഹായതെയെയും സൂചിപ്പിക്കുന്നതായി ഞാൻ വ്യാഖ്യാനിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ മുസ്‌ലിംങ്ങളിൽ ആർക്കം ഒരു പരിക്കുമേൽക്കില്ല.
സ്വപ്‌നം 22
1224 ഹിറാസത്ത് വർഷത്തിലെ സാകിരി മാസത്തിന്റെ എട്ടാം തിയ്യതി ജമാദു സ്സാനി ഏഴിനോട് സമമയ ചൊവ്വ രാത്രി തുടർന്നുള്ള ദിവസം ബുധൻ രാവിലെ എനിക്കീ സ്വപ്‌ന ദർശനമുണ്ടായി. പിൻഭാഗം തകർന്ന ഒരു ക്ഷേത്രം. അതിൽ ഒരുപാട് വലിയ വിഗ്രഹങ്ങൾ അടങ്ങിയിരുന്നു. ഞാൻ കുറച്ച്‌പേരുടെ ഒപ്പം ആ ക്ഷേത്രത്തിലേക്ക് പോയപ്പോൾ ആ വിഗ്രഹങ്ങളൊക്കെയും മനുഷ്യസമാനവും അതിന്റെ കണ്ണുകൾ ചലിക്കുന്നതുമായിരുന്നു. പ്രസ്തതുത കാഴ്ച കണ്ട് ഞാൻ അമ്പരക്കുകയും എന്തുകൊണ്ടായിരിക്കും അങ്ങനെയെന്ന് ചിന്തിക്കുകയും ചെയ്തു. അവസാന വരിയിൽ പുരുഷ രൂപത്തിനും മറ്റുചിലതിനും ഇടയിൽ രണ്ട് സ്ത്രീ വിഗ്രഹങ്ങളുണ്ടായിരുന്നു. അവർ അതുവരെ ദൈവത്തിനോട് പ്രാർത്ഥിച്ചുകൊണ്ടിരുക്കുയണെന്ന് അവർ എന്നോട് പറഞ്ഞു. അന്നേരം ദൈവത്തിന്റെ സ്മരണയിൽ മുഴുകിയിരിക്കൽ നല്ല കാര്യമാണെന്ന് അവരോട് ഞാൻ പ്രതിവചിച്ചു. തുടർന്ന് അമ്പലം നന്നാക്കാൻ ഞാൻ ഉത്തരവ് നൽകി അന്നേരം ഞാൻ ഉറക്കിൽ നിന്നുണർന്നു.
Add comment