Thelicham

ചരിത്രത്തിന്റെ അന്ത്യവും നരവംശശാസ്ത്രത്തിന്റെ ആരംഭവും: കായല്‍പട്ടണവും ചരിത്രബോധവും

മതദ്രോഹവിചാരകന്റെ കൈകളാല്‍ ശിക്ഷിക്കപ്പെടാന്‍ വേണ്ടിയല്ല യേശുക്രിസ്തു തിരികെ വന്നത് എന്നും അതുകൊണ്ട് തന്നെ കാരമസോവ് സഹോദരന്‍മാര്‍ എന്ന കൃതി അസംബന്ധമാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പറയുന്നത്, ആ കൃതിയെ പൂര്‍ണ്ണമായും ദുരുപയോഗം ചെയ്യലാണ്. ചരിത്രത്തെ സാധ്യതയുള്ള സംഭവങ്ങളുടെ മാത്രം രേഖയാക്കി മാറ്റുക മാത്രമല്ല, യുക്തിഭദ്രമായ വിശ്വാസത്തിന്റെ അവസാനതീര്‍പ്പുകാരനായി ചരിത്രവിജ്ഞാനീയത്തെ പ്രതിഷ്ഠിക്കുക കൂടെയാണ് ഈ ഒരു സമീപനം ചെയ്യുന്നത്-

തലാല്‍ അസദ്, Thinking about Religion through Wittgenstein

ഒരു ദിവസം വൈകുന്നേരമായിരുന്നു ഞാന്‍ ഫൗസിയയുടെ വീട്ടിലേക്ക് പോയത്. ഫൗസിയയുടെ ഉമ്മ ഫാത്തിമയും അവിടെയുണ്ടായിരുന്നു. നേരത്തെ, പല സന്ദര്‍ഭങ്ങളിലായുള്ള സംഭാഷണങ്ങളുടെ തുടര്‍ച്ചകള്‍ തേടിയായിരുന്നു എന്റെ സന്ദര്‍ശനം. എന്റെ ഗവേഷണ പ്രദേശമായ കായല്‍പട്ടണത്തിന്റെ ചരിത്രത്തെ കുറിച്ചും, അവരുടെ വീട് സ്ഥിതി ചെയ്യുന്ന തൈക്കാ തെരുവിന്റെ ചരിത്രത്തെ കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് അവര്‍ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രത്തിലേക്ക് കയറി. ”ഞങ്ങള്‍ സിദ്ദീഖുല്‍ അക്ബറിന്റെ (അബൂബക്ര് സിദ്ദീഖ് (റ)) പിന്‍മുറക്കാരാണ്. അദ്ദേഹത്തില്‍ നിന്നാണ് ഞങ്ങളുടെ കുടുംബത്തിന്റെ തുടര്‍ച്ച”. ആശ്ചര്യത്തോടെ ഞാന്‍ തലകുലുക്കി. പിന്നീട് പല സന്ദര്‍ഭങ്ങളിലായുള്ള സംഭാഷണങ്ങളുടെ ഇടയിലും അവരിത് സൂചിപ്പിച്ചിരുന്നു.

തമിഴ്‌നാട്ടിലെ കോറമാണ്ടല്‍ തീരത്തെ പ്രശസ്ത ഇസ്ലാമിക കേന്ദ്രമായ കായല്‍പട്ടണത്തിലെ മതകീയ ശബ്ദലോകത്തെ കുറിച്ചുള്ള എന്റെ ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, ഗൂഗിളില്‍ കായല്‍പട്ടണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനിടെയായിരുന്നു സ്വദഖത്തുള്ള എന്ന കായല്‍പട്ടണത്തുകാരന്റെ ക്വി.എസ്.എല്‍ വെബ്‌സൈറ്റ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. അമച്വര്‍ റേഡിയോ കൂട്ടായ്മകളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന സ്വതന്ത്രമായ ഈ സര്‍വറില്‍ തന്റെ ജീവിതരേഖയുടെ ഒരു ചെറിയ ഭാഗം തന്നെ അദ്ദേഹം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കായല്‍പട്ടണത്തെ കുറിച്ചും ഇസ്ലാമിനെ കുറിച്ചുമെല്ലാമുള്ള തന്റേതായ വിവരണത്തോടൊപ്പം ‘വംശാവലി’ (genealogy) എന്നൊരു സബ് ഹെഡിങ്ങും ആ വെബ്‌സൈറ്റില്‍ കാണാം. അത് ക്ലിക്ക് ചെയ്ത് തുറന്ന് വന്ന പേജ് സന്ദര്‍ശിച്ച എനിക്ക് ലഭിച്ചത് ഹ്രസ്വമായ ഒരു വിവരണവും ഒരു പട്ടികയുമാണ്. ഇങ്ങനെ പോകുന്നു ആ വിവരണം:

”എന്റെ ജന്മപ്രദേശ (കായല്‍പട്ടണം)ത്തുള്ള ഭൂരിഭാഗം പേരും ഖലീഫ അമീറുല്‍ മുഅ്മിനീന്‍ അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ പിന്മുറക്കാരും, ചുരുക്കം ചിലര്‍ പ്രവാചകന്റെയും പിന്മുറക്കാരുമാണ്. ഞാന്‍ അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ പിന്മുറക്കാരനാണ്. എന്റെ വംശവാവലിയാണ് താഴെ”.

ഇതേതുടര്‍ന്ന് അബൂബക്കര്‍ (റ) ല്‍ നിന്നും അദ്ദേഹത്തിലേക്കെത്തുന്ന ദീര്‍ഘമായ ഒരു വംശാവലിയും അദ്ദേഹം നല്‍കിയിട്ടുണ്ട്. കായല്‍പട്ടണത്ത് നടത്തിയ വംശീയശാസ്ത്ര പഠനത്തിനിടയില്‍
ഈ ഒരു വംശാവലിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ പലരും ഏറെ പ്രൗഢിയോടെ ഉന്നയിച്ചിരുന്നു. ഇത് ഈ വിഷയത്തിലുള്ള എന്റെ താല്‍പര്യത്തെ ഏറെ വര്‍ധിപ്പിക്കുകയാണുണ്ടായത്. തങ്ങളുടെ സവിശേഷമായ ചരിത്രത്തെയും പാരമ്പര്യത്തെയും നിലനിര്‍ത്താനും അതിന്റെ വംശാവലികളെയും സമുദ്രബന്ധങ്ങളെയും കാത്തുസൂക്ഷിക്കാനും ഒരു സമൂഹം നടത്തുന്ന പരിശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം.


ചരിത്രം എന്ന അക്കാദമിക വിജ്ഞാനത്തിന്റെ യുക്തിഭദ്രമായ സ്വഭാവത്തോടും, അതുപോലെ തന്നെ പുരാവസ്തുശാസ്ത്രം പോലെയുള്ള അതിന്റെ വൈജ്ഞാനികതലങ്ങളോടുമുള്ള ജനകീയമായ ഓര്‍മകളുടെയും ആ ഓര്‍മകളെ നിലനിര്‍ത്തുന്ന ദൈനംദിനജീവിത വ്യവഹാരങ്ങളോടും, അതുപോലെ പാരമ്പര്യത്തിന്റെയും ഇടര്‍ച്ചകളെയും ചോദ്യങ്ങളെയും പരിഗണിച്ചുകൊണ്ട്, ചരിത്രമെന്ന ഒരു സാമൂഹികമായ ഒരു ആവശ്യത്തെ അതിന്റെ ഡിസിപ്ലിനറി പരിസരങ്ങളില്‍ നിന്നും വിട്ടുമാറിക്കൊണ്ട് നരവംശശാസ്ത്രത്തിന്റെ പരിസരത്ത് നിന്നുകൊണ്ട് എങ്ങനെ മനസ്സിലാക്കാന്‍ ശ്രമിക്കാം എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യവുമായ ബന്ധപ്പെട്ട പ്രാഥമികമായ ചില ആലോചനകളാണ് ചില എത്‌നോഗ്രാഫിക്ക് വിവരണങ്ങളിലൂടെയുള്ള ഈ ലേഖനം മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്നത്.

ചരിത്രം, പ്രാമാണികത്വം, പിന്തുടര്‍ച്ച

”അഞ്ച് സഹോദര രാജാക്കന്മാരില്‍ ഏറ്റവും മുതിര്‍ന്നവനായ അസ്ഹറിന്റെ അധികാരത്തിലുള്ള മഹനീയവും കുലീനവുമായ നഗരമാണ് കായല്‍. ഏദനില്‍ നിന്നും അതുപോലെ അറേബ്യയിലെ സര്‍വഭാഗങ്ങളില്‍ നിന്നും കുര്‍മോസില്‍ നിന്നും ക്യൂസിയില്‍ നിന്നുമെല്ലാം കുതിരകളും കച്ചവടസാധനങ്ങളും നിറഞ്ഞ കപ്പലുകള്‍ നിരന്തരം വന്നടുക്കാറുള്ള തുറമുഖമാണത്. നല്ല കച്ചവടസ്ഥലമെന്ന നിലയ്ക്കും, പല ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാരെത്തുന്ന സ്ഥലമെന്ന നിലയ്ക്കുമാണ് വ്യാപാരികള്‍ ഈ വസ്തുക്കളുമായി ഇവിടേക്കെത്തുന്നത്”,

തമിഴ്‌നാട്ടിലെ കോറമാണ്ഡല്‍ തീരത്തെ മധ്യകാല തുറമുഖമായിരുന്ന കായലിനെ കുറിച്ചുള്ള മാര്‍ക്കോ പോളോയുടെ വിവരണമാണിത്. കായല്‍ എന്ന ഈ തുറമുഖത്തിന്റെ സ്ഥാനം ഏകദേശം ഇന്നത്തെ കായല്‍പട്ടണത്തിന്റേതിന് സമാനമാണെന്ന് തെക്കേന്ത്യയിലെ പ്രശസ്ത ഗവേഷകനായ മെഹര്‍ദാദ് ഷൊക്കൂഹി നിരീക്ഷിക്കുന്നുണ്ട്. ഷൊക്കൂഹിയുടേതടക്കമുള്ള പല ചരിത്രപഠനങ്ങളും സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ള നഗരമാണ് കായല്‍പട്ടണം. എന്നാല്‍, ഈ ചരിത്രബോധവും അതിന്റെ പ്രാമാണികത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളുമെല്ലാം വളരെ താല്‍പര്യജനകമായ ചില ചോദ്യങ്ങള്‍ നമുക്ക് മുന്നിലേക്ക് വെക്കുന്നുണ്ട്. കായല്‍പട്ടണത്തെ മുസ്ലിംകളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി എങ്ങനെയാണ് അവരുടെ ചരിത്രബോധം മാറുന്നത് എന്നും, ഈ സവിഷേശബോധത്തിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് അവരുടെ ദൈനംദിന മതകീയത രൂപപ്പെടുന്നത് എന്നും എത്‌നോഗ്രഫിക്ക് വിവരണങ്ങളിലൂടെ നോക്കിക്കാണുകയാണ് ഈ പഠനം.


കായല്‍പട്ടണം എന്ന പ്രദേശത്തിന്റെ സാമ്പ്രദായികമായ ചരിത്രത്തെ വിവരിക്കുക എന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. കായലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ആര്‍.എസ് അബ്ദുല്‍ ലത്തീഫിന്റെയും, സൂസന്‍ ബെയ്‌ലിയുടെയും രാജാമുഹമ്മദിന്റെയും സൂസന്‍ ഷോംബര്‍ഗിന്റെയുമെല്ലാം മികച്ച പഠനങ്ങള്‍ നമുക്ക് ലഭ്യമാണ്. അതുകൊണ്ട് തന്നെ, ഭക്തിപൂര്‍വ്വമായ പ്രകടനാത്മക പ്രവര്‍ത്തികളെയും മതകീയ സ്വത്വത്തെയും രൂപപ്പെടുത്തുന്നതില്‍ തങ്ങളുടെ ചരിത്രത്തെ ഒരു പ്രാമാണിക തത്വമായി ഉപയോഗപ്പെടുത്തുന്നതിലൂടെ കായല്‍പട്ടണത്തുകാര്‍ സാധ്യമാക്കുന്നത് എന്നും സാമ്പ്രദായികവും ‘യുക്തിഭദ്ര’വുമായ ചരിത്രവിജ്ഞാനീയത്തോട് എങ്ങനെയാണ് ഈ ബോധ്യം ഇടഞ്ഞ് നില്‍ക്കുന്നത് എന്നും ഈ പഠനം നിരീക്ഷിക്കുന്നു.

പിന്‍തുടര്‍ച്ചക്കാരും പാരമ്പര്യങ്ങളും

മൂന്ന് ഘട്ടങ്ങളിലായുള്ള കുടിയേറ്റങ്ങളാണ് കായല്‍പട്ടണത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തുന്നത് എന്നാണ് സൂസന്‍ ഷോംബര്‍ഗ് നിരീക്ഷിക്കുന്നത്. രണ്ടാം ഖലീഫയായ ഉമറിന്റെ ഭരണകാലത്ത് (642 C.E) ഒരു കുടിയേറ്റം നടക്കുകയും നിലവിലെ പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി കടല്‍ക്കരയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന്, 842 C.E യില്‍ ആദ്യ ഖലീഫയായ അബൂബക്കര്‍ സിദ്ദീഖിന്റെ പിന്മുറക്കാരനായ മുഹമ്മദ് ഹല്‍ജി കെയ്‌റോയില്‍ നിന്നും കായല്‍പ്പട്ടണത്തേക്ക് ഒരു സംഘത്തെയും കൊണ്ട് വന്നെത്തുന്നതാണ് ഷോംബര്‍ഗ് രേഖപ്പെടുത്തുന്ന രണ്ടാം ഘട്ടം.

Thoufeeq K



1284 C.E യില്‍ സുല്‍ത്താന്‍ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടല്‍മാര്‍ഗം വന്ന് ഇവിടേക്ക് കുടിയേറി പാര്‍ത്തതാണ് മൂന്നാം ഘട്ടമെന്ന് അവര്‍ നിരീക്ഷിക്കുന്നു. കായല്‍പ്പട്ടണത്തിന്റെ ചരിത്രത്തെ കുറിച്ച് വളരെ വിശദമായി പഠിക്കുകയും തുടര്‍ന്ന് തമിഴിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ആര്‍.എസ് അബ്ദുല്‍ ലത്തീഫിന്റെ ‘എ കണ്‍സൈസ് ഹിസ്റ്ററി ഓഫ് കായല്‍പട്ടണം’ എന്ന പഠനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഷോംബര്‍ഗ് ഈ നിരീക്ഷണം മുന്നോട്ട് വക്കുന്നത്. ഈ കുടിയേറ്റങ്ങളെ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിന് വേണ്ടി അബ്ദുല്‍ ലത്തീഫ് നിരവധി തെളിവുകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഷോംബര്‍ഗ് അവയുടെ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല.

ദക്ഷിണേന്ത്യയിലെ പ്രശസ്ത മിഷനറി പണ്ഡിതന്മാരിലൊരാളായിരുന്ന റോബര്‍ട്ട് കാഡ്‌വെല്ലിന്റെ ‘പൊളിറ്റിക്കല്‍ ആന്‍ഡ് ജനറല്‍ ഹിസ്റ്ററി ഓഫ് തിന്നല്‍വേലി (തിരുനല്‍വേലി)” എന്ന തന്റ പുസ്തകത്തില്‍ മധ്യകാലത്തെ കോറമാണ്ഡല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവും നഗരവുമായിരുന്നു കായല്‍ എന്നും അവിടെ മുസ്ലിംകളായിരുന്നു പ്രധാനമായും അധിവസിച്ചിരുന്നത് എന്നും നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തുകൂടെയൊഴുകുന്ന തമ്രപാണി നദീതടത്തില്‍ ഉത്ഖനനം നടത്തിയ കാഡ്‌വെല്‍ ഈ കായലാണ് കായല്‍പട്ടണമെന്ന് തെറ്റിദ്ധരിക്കരുത് എന്നും കായല്‍പട്ടണമെന്നത് തീര്‍ത്തും ആധുനികമായ ഒരു പ്രദേശമാണ് എന്നും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിരവധി കായല്‍പട്ടണത്തുകാര്‍ അവരുടെ പൂര്‍വ്വികര്‍ കായലില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും കാഡ്‌വെല്‍ പറഞ്ഞ് വെക്കുന്നുണ്ട്.

വാസ്തുശാസ്ത്ര ഗവേഷകനും പണ്ഡിതനുമായ മെഹര്‍ദാദ് ഷൊകൂഹിയാണ് കായല്‍പട്ടണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള സമഗ്രമായ മറ്റൊരു വിവരണം നല്‍കുന്നത്. ദക്ഷിണേന്ത്യയിലെ മുസ്ലിം വാസ്തുശാസ്ത്രത്തെ കുറിച്ചുള്ള തന്റെ വിശദമായ പഠനത്തില്‍ മഅ്ബര്‍ എന്ന ഭാഗത്താണ് കായല്‍പട്ടണത്തെ കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. ഫലകങ്ങളും സ്മാരകലേഖനങ്ങളുമെല്ലാം അപഗ്രഥിച്ച് പഠിക്കുന്ന ഷൊക്കൂഹിയുടെ വീക്ഷണത്തില്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് കായല്‍പട്ടണത്തിലെ ഏറ്റവും പഴയ ഫലകത്തിന്റെ പഴക്കം. അതേസമയം തന്നെ, കാഡ്‌വെല്ലിന്റെ നിരീക്ഷണങ്ങള്‍ക്കും വാദങ്ങള്‍ക്കും വിമര്‍ശനാത്മകമായ മറുപടികള്‍ നല്‍കാനും ഷൊകൂഹി ശ്രമിക്കുന്നുണ്ട്. പഴയ കായല്‍ എന്ന് പറയപ്പെടുന്ന സ്ഥലത്തെ ഇസ്ലാമികമായ അവശിഷ്ടങ്ങളെ പരിഗണിക്കാതെയാണ് കാഡ്‌വെല്ലിന്റെ നിരീക്ഷണങ്ങളെന്ന് പറയുന്ന ഷൊക്കൂഹി ‘മുസ്ലിംകള്‍ തങ്ങളുടെ പൂര്‍വികരായ പുണ്യാത്മാക്കളുടെ സ്മാരകകുടീരങ്ങള്‍ ഉപേക്ഷിക്കാറില്ല’ എന്നും നിരീക്ഷിക്കുന്നുണ്ട്.



ഫലകങ്ങളിലെയും മറ്റും ആലേഖനങ്ങളും ലിഖിതങ്ങളും പഠിക്കുന്ന ഷൊക്കൂഹി കായല്‍പ്പട്ടണത്തെ കുറിച്ചുള്ള കാഡ്‌വെല്ലിന്റെ വിവരണം തെറ്റിദ്ധാരണകള്‍ നിറഞ്ഞതാണെന്നും ഈ പഠനത്തെ അടിസ്ഥാനമാക്കി സ്വീകരിച്ചുകൊണ്ടാണ് കായല്‍പട്ടണത്തെ കുറിച്ച് പിന്നീടുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും വരുന്നത് എന്നും നിരീക്ഷിക്കുന്നുണ്ട്. ചരിത്രവിവരണങ്ങളെയും, ഇബ്‌നുബത്തൂത്തയെയും മാര്‍ക്കോ പോളെയെയും പോലെയുള്ള സഞ്ചാരികളുടെ യാത്രാവിവരണങ്ങളെയും പ്രാദേശിക ആലേഖനങ്ങളെയും ഫലകങ്ങളെയുമെല്ലാം വിശകലനം ചെയ്തുകൊണ്ട് കായല്‍ എന്ന പഴയ മുസ്ലിം പട്ടണം തന്നെയായിരിക്കണം കായല്‍പട്ടണം എന്ന കാര്യത്തില്‍ വലിയ സംശയങ്ങളൊന്നുമില്ല എന്ന് ഷൊക്കൂഹി നിരീക്ഷിക്കുന്നുണ്ട്.

പഴയ കായലിന്റെ ചരിത്രവും പൈതൃകവുമെല്ലാം നിലവിലെ കായല്‍പട്ടണത്തോട് ചേര്‍ത്ത് വെക്കുന്ന ഷൊകൂഹി, പത്താം നൂറ്റാണ്ടിനപ്പുറത്തുള്ള ഈ പട്ടണത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പട്ടണത്തിലെ ആദ്യ മുസ്ലിം അധിവാസത്തെ കുറിച്ച് പറയുമ്പോള്‍ പതിനൊന്നാം നൂറ്റാണ്ടിന്റെയും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയുമിടയിലാണ് ഈ അധിവാസം നടന്നിരിക്കുക എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. എന്നാല്‍ കായല്‍പട്ടണത്തെ ആദ്യകാല അധിവാസങ്ങളെ കുറിച്ച് പഠിക്കുന്ന അനസ് ബാബുവിന്റെ പഠനത്തില്‍ കാഡ്‌വെല്‍ തന്റെ ഉത്ഖനനത്തില്‍ കണ്ടെടുത്ത ഹിജ്‌റ വര്‍ഷം 71 (693 AD) എന്ന ഡേറ്റുള്ള അറബി നാണയത്തെ അധിവാസത്തിന്റെയും അറേബ്യയുമായി പ്രദേശത്ത് നിലനിന്നിരുന്ന വ്യാപാരത്തിന്റെയും വ്യക്തമായ അടയാളമാക്കി സൂചിപ്പിക്കുന്നുണ്ട്. തന്റെ ഗ്രന്ഥത്തിന്റ അവസാനഭാഗത്ത് കാഡ്‌വെല്‍ തന്നെ ഈ നാണയത്തിന്റെ പുറത്ത് മുഹമ്മദ് വര്‍ഷം 71 എന്ന അടയാളമുണ്ടെന്ന് എഴുതുന്നുണ്ട്.

Thoufeeq K



ഉത്ഖനനങ്ങളെയും, ഫലകങ്ങളെയും, ആലേഖനങ്ങളെയുമെല്ലാം പിന്തുടരുന്ന ‘യുക്തിഭദ്ര’മായ ഈ ചരിത്ര വിവരണങ്ങള്‍ ചരിത്രത്തിന്റെ പൂര്‍ണ്ണതയെ വ്യക്തമാക്കുന്നതിന് പകരം അവര്‍ തന്നെ പൂര്‍ണ്ണമായും അംഗീകരിക്കുകയോ അതോ ഉറപ്പ് പറയുകയോ ചെയ്യാത്ത ഒരു വിവരണത്തെയാണ് നമുക്ക് മുമ്പില്‍ വെക്കുന്നത് എന്നാണ് ഈ വിവരണങ്ങളുടെ വിശകലനത്തില്‍ നിന്നും മനസ്സിലാകുന്നത്. ഹിജ്‌റ കഴിഞ്ഞ് എഴുപത് വര്‍ഷം മാത്രം പഴക്കമുള്ള ഒരു നാണയം കണ്ടെടുത്തെങ്കിലും, ഈ പട്ടണത്തിന്റെ ഭൂമിശാസ്ത്രപരമായ തുടര്‍ച്ചയെ അംഗീകരിക്കാന്‍ കാഡ്‌വെല്‍ തയ്യാറല്ല. കാഡ്‌വെല്ലിന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കുന്ന ഷൊകൂഹിയാകട്ടെ, പത്താം നൂറ്റാണ്ടിനപ്പുറത്തേക്കുള്ള കായല്‍പ്പട്ടണത്തിന്റെ ചരിത്രത്തെ അംഗീകരിക്കുന്നുമില്ല. വ്യക്തതകളേക്കാളും തീര്‍പ്പുകളേക്കാളുമേറെ അസന്ദിഗ്ദ്ധതകളെ അവശേഷിപ്പിക്കുകയാണ് ഈ വിവരണങ്ങള്‍.

കായല്‍പട്ടണത്തിന്റെ പ്രാദേശിക ചരിത്രകാരന്മാരുടെ കാര്യമെടുക്കുകയാണെങ്കില്‍, അവയില്‍ ഏറ്റവും സമഗ്രമായതെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഗ്രന്ഥമാണ് ആര്‍.എസ് അബ്ദുല്‍ ലത്തീഫിന്റെ ‘ദ കണ്‍സൈസ് ഹിസ്റ്ററി ഓഫ് കായല്‍പട്ടണം’ എന്ന ഗ്രന്ഥം. പ്രാദേശിക ബോധ്യങ്ങളും വാദങ്ങളുമായി പല രീതിയില്‍ താദാത്മ്യം പുലര്‍ത്തുന്ന കൃതിയായത് കൊണ്ട് തന്നെ പട്ടണത്തിന്റെ ചരിത്രബോധത്തെ മനസ്സിലാക്കാന്‍ ഏറെ സഹായകരമായേക്കാവുന്ന പുസ്തകമാണിത്. നേരത്തെ പരാമര്‍ശിച്ചത് പോലെയുള്ള മൂന്ന് ഘട്ടങ്ങളായുള്ള കുടിയേറ്റത്തിന്റെയും അധിവാസത്തിന്റെയും ചരിത്രമായിക്കോട്ടെ മറ്റെന്തെങ്കിലുമായിക്കോട്ടെ, തന്റെ അവകാശവാദങ്ങളെയെല്ലാം തെളിവുകളോട് കൂടെ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് നമുക്ക് കാണാം.


ആയത്തുല്‍ കുര്‍സിയോട് കൂടി ആരംഭിക്കുന്ന ഈ പുസ്തകത്തിന്റെ ആരംഭത്തില്‍ ചരിത്രമെന്നത് കൊണ്ട് താന്‍ മനസ്സിലാക്കുന്നതെന്താണ് എന്നതിനെ കുറിച്ചുള്ള ഒരു ചെറു വിവരണം അദ്ദേഹം നല്‍കുന്നുണ്ട്. ”ഭൂതകാലത്തിലെ ധാര്‍മിക മൂല്യങ്ങളെയും, ജീവിത രീതികളെയും കുറിച്ച് നമുക്കുള്ള ഒരു പാഠമാണ് ചരിത്രമെന്ന്” പറയുന്ന അദ്ദേഹം, ചരിത്രത്തിന്റെ അറബി പദമായ താരീഖ് എന്നത് താഖീര്‍ എന്ന പദത്തില്‍ നിന്നും രൂപപ്പെട്ട് വന്നതാണെന്ന് കൂടെ പറഞ്ഞ് വെക്കുന്നുണ്ട്. ഭൂതകാലത്തെ ഭാവികാലവുമായി ബന്ധിപ്പിക്കുന്നതിലുള്ള മാര്‍ഗമാണ് താഖീര്‍. അതുകൊണ്ട് തന്നെ, ഒരു പ്രസ്തുത സമയത്ത് എന്ത് നടന്നു എങ്ങനെ നടന്നു എന്നതുപോലെയുള്ള ജ്ഞാനോല്‍പാദമോ, അല്ലെങ്കില്‍ ജ്ഞാന സമാഹരണമോ മാത്രമല്ല ചരിത്രം എന്നദ്ദേഹം പറഞ്ഞ് വെക്കുന്നു.

ധാര്‍മിക ബോധത്തോട് കൂടിയ ഈ ചരിത്രരചനയില്‍, പവിത്രവും പ്രാപഞ്ചികവും (sacred and profane) ഇടകലരുന്ന രീതി ഏറെ ശ്രദ്ധേയമാണ്. ഉദാഹരണത്തില്‍, കായല്‍പട്ടണത്തെ സ്‌കൂളുകളെ കുറിച്ചും കോളേജുകളെ കുറിച്ചുമുള്ള അദ്ധ്യായത്തില്‍ ഒരു തലക്കെട്ട് ഇങ്ങനെയാണ് ‘ദിക്‌റാണ് ഏറ്റവും വലിയ ഉത്തരവാദിത്വം; ശാശ്വതമായ ദൈവിക വ്യവസ്ഥ’. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ളത്. കൂടാതെ, ഖുര്‍ആനിലും ഹദീസുകളിലും ദിക്‌റിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളുടെ വിശദീകരണങ്ങളുമുണ്ട്. ഇത്തരത്തിലുള്ള നിരന്തരമായ ഇടകലരുകളിലൂടെ രേഖീയവും യുക്തിഭദ്രവുമായ ചരിത്രവിജ്ഞാനീയത്തിന്റെ സാമ്പ്രദായിക യുക്തികളില്‍ നിന്നും വിട്ടുമാറിക്കൊണ്ടാണ് ആര്‍.എസ് അബ്ദുല്‍ ലത്തീഫിന്റെ ചരിത്ര രചന എന്ന് കാണാം.

എന്നാല്‍ ചരിത്രരചനയുടെ ഈ സ്വഭാവത്തെ എല്ലാ കായല്‍പട്ടണത്തുകാരും പൂര്‍ണ്ണമായും സ്വീകരിക്കുന്നില്ല എന്നും നമുക്ക് കാണാം. ഉദാഹരണത്തിന്, ആര്‍. എസ് അബ്ദുല്‍ ലത്ത്വീഫുമായി കായല്‍പട്ടണം.കോം എന്ന വെബ്‌സൈറ്റിന് വേണ്ടി എം.എസ് സ്വാലിഹ് നടത്തുന്ന അഭിമുഖത്തിലെ ചില ചോദ്യങ്ങള്‍ കായല്‍പട്ടണത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അധികം ഇടം പിടിക്കാത്തതും എന്നാല്‍ ഏറെ താല്‍പര്യജനവുമായ ചോദ്യങ്ങളാണ്. എന്തെല്ലാം സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് താങ്കളുടെ ചരിത്രരചന എന്ന സ്വാലിഹിന്റെ ചോദ്യത്തിന് ചരിത്രപുസ്തകങ്ങളും, രേഖകളും, മഖ്ബറകളിലെ ലിഖിതങ്ങളും, വാമൊഴി പാരമ്പര്യങ്ങലും എഴുത്തോലകളുമാണ് തന്റെ സ്രോതസ്സ് എന്നാണ് ലത്ത്വീഫിന്റെ മറുപടി. തുടര്‍ന്ന്, കായല്‍പട്ടണത്തേക്കുള്ള മുസ്ലിംകളുടെ പ്രഥമ ആഗമനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ എടുത്ത് പറഞ്ഞ് കൊണ്ട് (633 AD യില്‍ കായല്‍പട്ടണത്തെത്തിയ സഹാബികളാണ് ആദ്യത്തെ മുസ്ലിം അധിവാസികള്‍ എന്ന വാദം) അതിനെ പിന്തുണക്കുന്ന രേഖകളെന്തെല്ലാമാണെന്ന് അദ്ദേഹത്തോടുള്ള ചോദ്യത്തിനുള്ള ലത്ത്വീഫിന്റെ മറുപടി ഏറെ ശ്രദ്ധയര്‍ഹിക്കുന്നതാണ്.

വാമൊഴി പാരമ്പര്യങ്ങളെയും ആളുകളുമായുള്ള സംഭാഷണങ്ങളെയുമാണ് താന്‍ പ്രധാനമായും സ്വീകരിച്ചത് എന്ന് പറയുന്ന അദ്ദേഹം കണ്ണൂര്‍ ബുഖാരി തങ്ങള്‍ തന്റെ ശിക്ഷ്യനും കായല്‍പട്ടണത്തെ പ്രശസ്ത സൂഫി വര്യനുമായിരുന്ന ഉമറുല്‍ ഖാഹിരിക്ക് നല്‍കിയ സന്ദേശത്തിലൂടെയാണ് ഈ വാര്‍ത്ത പടരുന്നത് എന്ന് പറയുന്നു.

First Settlements of Arabs in Kayalpattinam എന്ന തന്റെ മറ്റൊരു പ്രബന്ധത്തില്‍ തന്റെ ഇതേ വാദം തന്നെ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്‍മിക്കപ്പെട്ടത് കായല്‍പട്ടണത്താണെന്ന് ബുഖാരി തങ്ങള്‍ ഉമറുല്‍ ഖാഹിരിയോട് ഏകദേശം ഇരുനൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിക്കുന്നുണ്ടെന്നും ഈ പള്ളി പിന്നീട് നശിച്ചുപോവുകയാണുണ്ടായത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. കമ്പം അബ്ദുറഹ്‌മാന്‍ വലിയ്യ് ഈ വിവരം ഉമറുല്‍ ഖാഹിരിയില്‍ നിന്നും മനസ്സിലാക്കിയ ഗുരുപരമ്പരകളിലൂടെയാണ് ഗ്രഹിച്ചത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.

കായല്‍പട്ടണത്തിന്റെ ചരിത്രത്തെയും ചരിത്ര രചനയെയും യുക്തിഭദ്രമാക്കാനുള്ള സ്വാലിഹിന്റെ ശ്രമം ചോദ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആര്‍.എസ് ലത്ത്വീഫിന്റെ പുസ്തകങ്ങളിലെ വാദങ്ങളുടെ ചരിത്രപരമായ പ്രാമാണികതയെ കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹം പ്രധാനമായും ഉന്നയിക്കുന്നത് എന്ന് കാണാം. തെളിവുകളും, ചരിത്രപരമായ കൃത്യതയും കാലഗണനയിലെ വ്യക്തതയുമടക്കമുള്ള യൂറോപ്യന്‍ നവോത്ഥാനത്തിന് ശേഷമുള്ള ചരിത്രവിജ്ഞാനീയത്തിന്റെ സ്വഭാവങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ആഗ്രഹങ്ങളാണ് അദ്ദേഹത്തിന്റേത് എന്ന് കാണാം. എന്നാല്‍, ലത്ത്വീഫിന്റെ മറുപടിയില്‍ ഈ ചരിത്രവിജ്ഞാനീയത്തിന്റെ സ്വഭാവവും അദ്ദേഹം തന്നെ നേരത്തെ പരാമര്‍ശിച്ചത് പോലെ ചരിത്രത്തെ ഒരു ധാര്‍മിക ബോധ്യത്തിന്റെ മാര്‍ഗമായി കാണാനുള്ള താല്‍പര്യവും ഇടകലരുന്നത് നമുക്ക് കാണാം.

ഈ വാദങ്ങളെല്ലാം തന്നെ കൂടുതല്‍ വിശദമായ ഗവേഷണപഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്ന ടോര്‍സ്റ്റന്‍ ഷാഹര്‍, പതിനഞ്ച് മുതല്‍ പതിനേഴ് നൂറ്റാണ്ട് വരെയുള്ള കാലത്തെ മഅ്ബരി വരേണ്യവര്‍ഗക്കാര്‍ക്കിടയിലും അബൂബക്റിൽ (റ) നിന്നുള്ള പിന്തുടര്‍ച്ചയുടെ അവകാശവാദങ്ങള്‍ നിലനിന്നിരുന്നു എന്ന് നിരീക്ഷിക്കുന്നതിലൂടെ ഈ വാദത്തിന്റെ ചരിത്രപരമായ സ്ഥിരതയെ സ്ഥിതീകരിക്കുന്നുണ്ട്. ഈ വാദങ്ങളിലെ പ്രമാണികത പരിശോധിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം, മറിച്ച് കായല്‍പട്ടണത്തിന്റെ ചരിത്രരചനക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്ന സവിശേഷമായ ചരിത്രവിജ്ഞാനീയത്തിന്റെ സ്വഭാവത്തെ എങ്ങനെ മനസ്സിലാക്കാം എന്നതാണ് പ്രധാനം.

ഫ്രഞ്ച് ചരിത്രകാരിയായ നതാലി സിമോണ്‍ ഡേവിസും പ്രശസ്ത ഫ്രഞ്ച് ചരിത്രകാരനായ റോബര്‍ട്ട് ഫിന്‍ലേയും തമ്മിലുളള ഡേവിസിന്റെ ‘ദി റിട്ടേണ്‍ ഓഫ് ദ മാര്‍ട്ടിന്‍ ഗ്വരെ’ എന്ന പുസ്തകത്തിനെ കുറിച്ചുള്ള സംവാദം സാമ്പ്രദായിക ചരിത്ര രചനയിലെ യുക്തിഭദ്രതയെ കുറിച്ചും വ്യഖ്യാനസ്വഭാവത്തെ കുറിച്ചുമുള്ള വളരെ പ്രധാനപ്പെട്ട സംവാദങ്ങളിലൊന്നാണ്. തന്റെ ഗ്രാമത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി പോയ മാര്‍ട്ടിന്‍ ഗ്വരെ എന്ന കര്‍ഷകന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിക്കൊണ്ട് അദ്ദേഹത്തിന്റ ഭാര്യയായ ബെര്‍ട്രാന്റിനെ വരെ വിശ്വസിപ്പിച്ച ആര്‍നോഡ് ഡു തില്‍ എന്നയാളുടെ കഥയെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടാണ് ഡേവിസ് ഈ പുസ്തകം രചിക്കുന്നത്. ബെര്‍ട്രാന്‍ഡിന്റെ കണ്ണിലൂടെ ഈ ചരിത്രത്തെ നോക്കിക്കാണുന്ന ഡേവിസ് ഈ ചരിത്രവിവരണത്തിലൂടെ മധ്യകാലത്തെ ഫ്രഞ്ച് കര്‍ഷകരുടെ ജീവിതശൈലിയെയും അവരുടെ കാമനകളെയും ആഗ്രഹങ്ങളെയും സ്വഭാവങ്ങളെയും വിവരിക്കാനാണ് ശ്രമിക്കുന്നത്.

ഈ കഥയുടെ സാമൂഹ്യ-ചരിത്ര വിശകലനം നല്‍കാനുള്ള ഡേവിസിന്റെ ശ്രമത്തെ എതിര്‍ത്തുകൊണ്ട് പരമ്പരാഗത ചരിത്രവിജ്ഞാനീയത്തോട് കൂറ് പുലര്‍ത്തുന്ന റോബര്‍ട്ട് ഫിന്‍ലേ ഈ കഥയുടെ പരമ്പരാഗതമായ ആഖ്യാനമാണ് ശരി എന്ന് വാദിച്ചുകൊണ്ട് ഈ കൃതിക്ക് മറുപടിയെഴുതുന്നു. വാഖ്യാനമില്ലാത്ത ബോധ്യങ്ങളെ തെളിവുകളാക്കി സ്വീകരിക്കാമെന്ന് വിശ്വസിക്കുന്ന യുക്തിബലമില്ലാത്ത ആഖ്യാനമാണ് ഡേവിസിന്റേത് എന്ന് ഫിന്‍ലേ വിമര്‍ശിക്കുന്നു. തോന്നലുകളുടെയും അവയെ ശക്തിയുക്തം സ്ഥാപിക്കുന്നതിലൂടെയും ചരിത്ര രേഖകളെ മറികടക്കാന്‍ പറ്റുമെങ്കില്‍ ചരിത്രത്തെ കല്‍പനാസൃഷ്ടിയില്‍ നിന്നും വേര്‍തിരിക്കുന്നതെന്താണ് എന്ന ചോദ്യവും ഫിന്‍ലേ മുന്നോട്ട് വെക്കുന്നുണ്ട്.

ഡേവിസിന്റെ കൃതിയിലെ ഈ കണ്ടുപിടുത്തങ്ങള്‍ പ്രധാനമായും നരംവംശശാസ്ത്രത്തിലെയും എത്‌നോഗ്രഫിയിലെയും പുതിയ ആശയങ്ങളില്‍ നിന്നും രീതിശാസ്ത്രങ്ങളില്‍ നിന്നും രൂപം കൊള്ളുന്നതാണ് എന്നാണ് ഫിന്‍ലേയുടെ നിരീക്ഷണം. സമകാലിക ചരിത്രരചനയില്‍ ഈ രീതിശാസ്ത്രങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് വാദിക്കുന്ന ഫിന്‍ലേ, ഇതിനെ വിമര്‍ശിച്ച് കൊണ്ട് സ്രോതസ്സിനെ മറികടന്ന് കൊണ്ട് ചരിത്രത്തിലെ വ്യക്തികളെ കൊണ്ട് സംസാരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫിന്‍ലേക്കുള്ള തന്റെ ഏറെ ശ്രദ്ധേയമായ മറുപടിയില്‍, ചരിത്ര രചനയില്‍ ഉള്ളടങ്ങിയിട്ടുള്ള സങ്കീര്‍ണ്ണതകളെയും സന്നിഗ്ധതകളെയും തുറന്ന് കാണിക്കുന്ന ഡേവിസ് മിത്തുകളിലൂടെയും ഐതിഹ്യങ്ങളിലൂടെയുമെങ്ങനെയാണ് ചരിത്ര രചന സാധ്യമാവുന്നത് എന്നും മൂല്യങ്ങളെയും സ്വഭാവങ്ങളെയും എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിശദമാക്കുന്നുണ്ട്.

ഈ ഒരു പരിസരത്ത് നിന്നും ആര്.എസ് ലത്ത്വീഫിന്റെ ചരിത്ര രചനയുടെ സ്വഭാവത്തെ പരിശോധിക്കുമ്പോള്‍ വളരെ ശ്രദ്ധേയമായ കാര്യങ്ങള്‍ നമുക്ക് മുമ്പില്‍ വ്യക്തമാകുന്നുണ്ട്. ധാര്‍മിക മൂല്യങ്ങളെയും പാരമ്പര്യ ബോധങ്ങളെയും ഉള്ളടങ്ങുന്ന ഈ ചരിത്രരചന എങ്ങനെയാണ് പ്രാമാണികതയുടെയും പ്രാദേശിക-സംസ്‌കാരിക സവിശേഷതയുടെയും ദൈനംദിന പ്രവൃത്തികളുടെയും അടിസ്ഥമായി വര്‍ത്തിക്കുന്നത് എന്ന് കായല്‍പട്ടണത്തിന്റെ പരിസരത്ത് നിന്നും നമുക്ക് വ്യക്തമാണ്.

കായല്‍പട്ടണത്തെ ശബ്ദലോകങ്ങളിലെ ആത്മീയ ശബ്ദങ്ങളുടെ പ്രധാന രീതിയും ശൈലികളുമെല്ലാം കടല്‍ കടന്ന് വരുന്നതാണ് എന്ന ബോധ്യം ഇവയിലൊന്നാണ്. കായല്‍പട്ടണത്ത് ബുര്‍ദകളും മൗലീദുകളും പാരായണം ചെയ്യുന്ന രീതി ഹദ്‌റമൗത്തിലെയും തരീമിലെയും രീതികള്‍ക്ക് സമാനമാണ് എന്ന സ്വാഭാവികമായ കാര്യവും ഇതില്‍ പെടും. മഅ്ബറിലും പിന്നീട് മലബാറിലുമുള്ള മതകീയ-ധാര്‍മിക വിദ്യഭ്യാസത്തിനും ബോധ്യത്തിനും അടിത്തറ പാകിയ മഖ്ദൂമി പണ്ഡിതന്മാരുടെ കടല്‍ കടന്നുള്ള വരവും ഇതില്‍ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

ഈ ശൈലികളും രീതികളും കടന്ന് വരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പലായന-സഞ്ചാര പാരമ്പര്യങ്ങളുടെ സങ്കീര്‍ണ്ണതകളെ സഞ്ജയ് സുബ്രഹ്‌മണ്യത്തിന്റെ പരസ്പരബന്ധിതമായ ചരിത്രങ്ങള്‍ എന്ന ആശയത്തെ ഉപയോഗപ്പെടുത്തി മനസ്സിലാക്കാന്‍ സാധിക്കും. സ്ഥായിയ ബിന്ദുക്കളായി നമ്മള്‍ മനസ്സിലാക്കുന്ന പല ചരിത്രങ്ങളും ഏതെങ്കിലും ശൃംഖലകളുമായിട്ടോ പ്രചാര സഞ്ചാരപാതകളുമായിട്ടോ ബന്ധപ്പെട്ട് കിടക്കുന്നവയായിരിക്കുമെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം ഈ കണ്ണികളൈ കൂട്ടി യോജിപ്പിക്കാനാണ് ചരിത്രകാരന്മാരോട് ആവശ്യപ്പെടുന്നത്.

ചരിത്രത്തിന്റെ സാമ്പ്രദായിക യുക്തിയില്‍ നിന്നും വിട്ടുമാറിക്കൊണ്ട്, ഈ കണ്ണികളെ കൂട്ടിയോജിപ്പിക്കുമ്പോഴാണ് കായല്‍പട്ടണത്തെ ചരിത്രത്തിന്റെയും ശബ്ദലോകത്തിന്റെയും സമുദ്രബന്ധങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നത്.

തങ്ങളുടെ പാരമ്പര്യ ബന്ധങ്ങളെ വെട്ടിയില്ലാതാക്കുന്ന ക്ലാസിക്കല്‍ ഗ്രീസിലെയും ആധുനിക നരംവശശാസ്ത്രത്തിലെയും പാഠങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തരം ചരിത്രവും, സാഹിത്യവും നിയമപാരമ്പര്യങ്ങളുമെല്ലാം തങ്ങളുടെ പൂര്‍വ്വികരുമായി കണ്ണിചേര്‍ത്തുകൊണ്ട് പരമ്പരകളിലൂടെ രൂപപ്പെട്ട് വന്നതാണ് എന്ന് ഇന്ത്യന്‍ മഹാസമുദ്രതീരത്തിലൂടെയുള്ള ഹദ്‌റമി പണ്ഡിതരുടെ സഞ്ചാരങ്ങളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ എന്‍സെങ്ങ് ഹോ നിരീക്ഷിക്കുന്നത്. കായല്‍പട്ടണത്തിലെ സാഹിത്യ-മതകീയ പാരമ്പര്യത്തിലും തങ്ങളുടെ പൂര്‍വികരുമായുള്ള ബന്ധത്തെ വളരെ സവിശേഷവത്കരിച്ച് കൊണ്ടും ആദരിച്ച് കൊണ്ടുമുള്ള പരാമര്‍ശങ്ങള്‍ ഏറെ സാധാരണമാണ്. സാം ഷിഹാബുദ്ദീന്‍ വലിയ്യിന്റെ റസൂല്‍ മാലയുടെ കാര്യമെടുത്ത് കൊണ്ട് ടോര്‍സ്റ്റന്‍ ഷാഹര്‍ ഈ പാരമ്പര്യബോധത്തെയും പൂര്‍വ്വിക ബഹുമാനത്തെയും വിശദീകരിക്കുന്നുണ്ട്.

കായല്‍പട്ടണത്തിന്റെ ദൈനംദിനതയുടെ ഭാഗമായ മറ്റ് പ്രകടനാത്മക പാഠങ്ങളിലും കൃതികളിലുമെല്ലാം ഇത് നമുക്ക് ദര്‍ശിക്കാനാകും. പൂര്‍വ്വികരെ ബഹുമാനിക്കുന്നതിലൂടെ പേരുകളെ ബന്ധിപ്പിക്കുന്ന ഒരു വംശാവലിയുടെ രൂപീകരണം ഇത്തരം സമൂഹങ്ങളില്‍ നടക്കുന്നുണ്ട് എന്ന ഹോയുടെ നിരീക്ഷണത്തെ ഇതോട് ചേര്‍ത്ത് വായിക്കാം. ഇത്തരത്തില്‍, തങ്ങളുടെ പ്രവര്‍ത്തികളെയും പാരായണങ്ങളെയും പൂര്‍വ്വികരോടും പാരമ്പര്യത്തോടും ആ പാരമ്പര്യത്തിന്റെ പാലായനങ്ങളോടും ചേര്‍ത്ത് വെച്ചുകൊണ്ടുള്ള ഒരു നൈതിക തലത്തില്‍ നിന്നുമാണ് ചരിത്രമെന്ന വ്യവഹാരത്തോട് കായല്‍പട്ടണത്തുകാര്‍ ഇടപെടുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ഇതേ പരിസരത്ത് നിന്ന് തന്നെയാണ് തലാല്‍ അസദിന്റെ ഇസ്ലാമിക വ്യവഹാരിക പാരമ്പര്യം എന്ന ആശയത്തെ നമ്മള്‍ക്ക് കായല്‍പട്ടണത്തിന്റെ കാര്യത്തില്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചരിത്രപരമായ ഒരു കര്‍മത്തെ അതിന്റെ ശരിയായ ലക്ഷ്യത്തോടെയും പ്രവര്‍ത്തനരൂപത്തോടെയും അതിന്റെ പ്രയോക്താക്കളെ പരിശീലിപ്പിക്കുന്ന ഒരു കൂട്ടം വ്യവഹാരങ്ങളടങ്ങിയതാണ് പാരമ്പര്യമെന്നാണ് അസദ് വാദിക്കുന്നത്. ഈ പ്രവര്‍ത്തി സ്ഥാപിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ബൗദ്ധികമായി ഒരു ഭൂതകാലത്തിലേക്കും അതുപോലെ തന്നെ ഒരു ഭാവികാലത്തിലേക്കുമുള്ള വര്‍ത്തമാനകാലത്തിലൂടെയുള്ള വ്യവഹാരിക ബന്ധങ്ങളടങ്ങിയതാണിത്. നേരത്തെ, ചരിത്രമെന്നതിന് ആര്‍.എസ് ലത്ത്വീഫ് നല്‍കുന്ന വ്യാഖ്യാനത്തിലെ താഖീര്‍ എന്ന ആശയം ഇവിടെ അസദ് മുന്നോട്ട് വെക്കുന്ന വ്യവഹാരിക പാരമ്പര്യവുമായി ചേര്‍ന്ന് പോവുന്നതായി നമുക്ക് കാണാം. നൈതിക മൂല്യങ്ങളെ ഭൂത കാലത്ത് നിന്നും ഭാവി കാലത്തിലേക്ക് ബന്ധിപ്പിക്കുന്ന ഈ പ്രവൃത്തിയാണ് ചരിത്രബോധമായി ലത്ത്വീഫ് മനസ്സിലാക്കുന്നത്.

പ്രവാചകന്റെ കാലത്ത് നിലനില്‍ക്കുന്ന സ്വഭാവത്തില്‍ തന്നെയുള്ള ബൈത്തുകളാണ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളിലുമുള്ളത് എന്ന് കായല്‍പട്ടണത്തെ ഫീല്‍ഡ് വര്‍ക്കിനിടയില്‍ ഞാന്‍ നിരന്തരം കേട്ട കാര്യമായിരുന്നു. പാരമ്പര്യവുമായുള്ള യോജിപ്പ് ആഗ്രഹിക്കുന്ന പ്രയോക്താക്കളുടെ പരിശ്രമങ്ങളായിട്ടാണ് ഈ പ്രാമാണികത്വത്തെ അസദ് മനസ്സിലാക്കുന്നത്. മുസ്ലിമാവുന്നതിന്റെ ‘ശരിയായ പാത’യിലൂടെ ചരിത്രപരമായ ഒരു പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്താനും അതിന്റെ കൈമാറ്റശ്രേണിയെയും വംശാവലിയെയും പരിഗണിക്കാനുമുള്ള അസദ് നിരീക്ഷിക്കുന്ന ഈ ത്വര തങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളില്‍ കായല്‍പട്ടണത്തുകാര്‍ സ്വീകരിക്കുന്ന ചരിത്രാവബോധത്തില്‍ നമുക്ക് കാണാം.

ഇസ്ലാമിക പ്രമാണികത്വം എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിനെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇസ്ലാമിക പാരമ്പര്യത്തില്‍ എങ്ങനെയാണ് പ്രമാണികത്വം, പ്രമാണവത്കരണം തുടങ്ങിയ ആശയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഇസ്മാഈല്‍ ഫജിരീ അല്‍ അത്താസ് നിരീക്ഷിക്കുന്നുണ്ട്.

പ്രവാചക ഭൂതകാലത്തില്‍ നിന്നുമുള്ള തങ്ങളുടെ അകലമാണ് ഈ ഭൂതകാലത്തെ ഒരു മാതൃകയായി സ്വീകരിച്ച് കൊണ്ട് അതിനെ പുനര്‍നിര്‍മിക്കാനും, അതോട് തങ്ങളെ ബന്ധിപ്പിക്കാനുമുള്ള വിശ്വാസികളുടെ ശ്രമങ്ങളുടെ പിന്നിലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ പല ആഖ്യാതാക്കള്‍ രൂപപ്പെടുത്തുന്ന പ്രവാചക ഭൂതകാലത്തിന്റെ പുനര്‍നിര്‍മാണങ്ങളും പ്രതിനിധാനങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെയും, പാഠങ്ങളുടെയും പ്രമാണികത്വങ്ങളുടെയും രൂപങ്ങള സൃഷ്ടിക്കുമെന്നും അതില്‍ ഖലീഫമാര്‍ മുതല്‍, പുണ്യാത്മാക്കളും സൂഫി വര്യന്മാരും വരെ തങ്ങളുടെ അടിസ്ഥാന ഭൂതകാലവുമായുള്ള ബന്ധത്തെ സ്ഥാപിക്കാന്‍ മുസ്ലിംകള്‍ക്കുള്ള മാര്‍മായി തീരുമെന്നും അല്‍-അത്താസ് നിരീക്ഷിക്കുന്നുണ്ട്.

അബൂബകറു (റ)മായുള്ള പാരമ്പര്യ-പിന്തുടര്‍ച്ചാ അവകാശങ്ങളെ ഈയൊരു സൈദ്ധാന്തിക തലത്തില്‍ നിന്നും മനസ്സിലാക്കുമ്പോളാണ് നമുക്ക് ഇസ്ലാമിക പാരമ്പര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നത് എന്ന് തോന്നുന്നു. പ്രവാചക ഭൂതകാലത്തെ മനസ്സിലാക്കാനും അതുമായുള്ള തങ്ങളുടെ ബന്ധത്തെ നിര്‍വചിക്കാനുമുള്ള വിശ്വാസികളുടെ ശ്രമത്തിന്റെ സവിശേഷമായ വര്‍ത്തമാന പശ്ചാത്തലത്തില്‍ ഊന്നല്‍ കൊടുക്കാനാണ് അത്താസ് നമ്മളോട് ആവശ്യപ്പെടുന്നത്. ഇത് വിശ്വാസയോഗ്യതയുമായോ യുക്തിഭദ്രതയുമായോ ബന്ധപ്പെട്ട് കിടക്കുന്ന കാര്യമല്ല എന്നാണ് അത്താസ് നിരീക്ഷിക്കുന്നത്.

ഇത്തരത്തില്‍, അവകാശപ്പെടുന്ന ചരിത്രങ്ങള്‍, തങ്ങളുടെ നൈതിക ബോധ്യത്തിന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും സ്രോതസ്സുകളായി വര്‍ത്തിക്കുന്നതിന്റെ അടയാളങ്ങളാണ് കായല്‍പട്ടണത്തിന്റെ ചരിത്രം നമുക്ക് വെളിപ്പെടുത്തുന്നത്. സവിശേഷമായും, പ്രദേശത്തിന്റെ ശബ്ദലോകവും ശബ്ദ-ബന്ധിതമായ ആചാരങ്ങളുടെ ശൈലിയുമെല്ലാം ഈ ബന്ധങ്ങളുടെ തുടര്‍ച്ചകളെ സ്ഥിതീകരിക്കുന്നതിലുള്ള മാര്‍ഗങ്ങളുമായി മാറുന്നത് നമുക്ക് മാറാം. അബൂബകറിൽ (റ) നിന്നുള്ള പിന്തുടര്‍ച്ചയും പ്രവാചകന്റെ കാലത്തുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്രവുമെല്ലാം സാമ്പ്രദായികമായ ചരിത്രയുക്തിയില്‍ നിന്നും നോക്കിക്കാണുമ്പോള്‍ അസന്ദിഗ്ധതകളും അനിശ്ചിതത്വങ്ങളുമാണ് അവശേഷിപ്പിക്കുന്നതെങ്കില്‍, നൈതിക ബോധ്യത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഈ ചരിത്രബോധ്യത്തെ മനസ്സിലാക്കുകകയും ഈ ബോധ്യത്തെ ആളുകള്‍ എങ്ങനെയാണ് തങ്ങളുടെ ദൈനംദിന ജീവിതത്തിലും വിശ്വാസ-ആചാര രൂപങ്ങളിലും മൂര്‍ത്തീകരിക്കുന്നത് (Embody) എന്ന ബോധ്യവും ഈ ചരിത്ര ബന്ധത്തെ നമുക്ക് കൂടുതല്‍ വ്യക്തമാക്കി നല്‍കുന്നുണ്ട്.

സാമ്പ്രദായിക ചരിത്രയുക്തിയെ പാടേ നിരാകരിക്കുകയോ യുക്തിഭദ്രമായ ചരിത്രവിജ്ഞാനീയ രീതിശാസ്ത്രങ്ങളെ അവഗണിക്കുകയോ അല്ല ഈ പഠനത്തിന്റെ ലക്ഷ്യം. മറിച്ച്, ഈ യുക്തിഭദ്രതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം നില്‍ക്കുന്ന അസന്ദിഗ്ധതകളെ മനസ്സിലാക്കാന്‍ ആളുകള്‍ ഈ ബോധ്യങ്ങളെയും ചരിത്രങ്ങളെയും എങ്ങനെയാണ് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് എന്നതിനെ കുറിച്ചുള്ള നരവംശശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ സാധ്യമാകുന്നത് എന്നതിനെ കുറിച്ചുള്ള പ്രാഥമികമായ ചില ആലോചനകള്‍ മാത്രമാണിത്. ചരിത്രത്തെയും നരംവശശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ വിശദമായ പഠനത്തില്‍ നരവംശശാസ്ത്രപരമാവുന്നതിലൂടെ ചരിത്രത്തിന് കൂടുതല്‍ ചരിത്രപരമാവാന്‍ സാധിക്കുമെന്നും ചരിത്രപരമാവുന്നതിലൂടെ നരംവശശാസ്ത്രത്തില്‍ കൂടുതല്‍ നരംവശശാസ്ത്രപരമാവാന്‍ സാധിക്കുമെന്നും ബെര്‍ണാഡ് കോഹന്‍ നിരീക്ഷിക്കുന്നുണ്ട്. ഇടവുമായ ബന്ധപ്പെട്ട കാര്യങ്ങളെ വിവരിക്കുന്ന പഠനശാഖയാണ് നരവംശശാസ്ത്രമെന്നും ചരിത്രമെന്നാല്‍ സമയവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സംവദിക്കുന്ന പഠനശാഖയാണ് എന്നും കോഹന്‍ പറയുന്നുണ്ട്.

കോഹന്റെ ഈ സൈദ്ധാന്തിക സമീപനത്തില്‍ നിന്നും അല്‍പം മുന്നോട്ട് മാറി ആലോചിക്കുകയാണെങ്കില്‍, കായല്‍പട്ടണത്തിന്റെ ദൈനംദിനതയില്‍ ചരിത്രവും ചരിത്രബോധ്യവും പ്രവര്‍ത്തിക്കുന്ന രീതികള്‍ സമയബന്ധിതമായ നരംവശശാസ്ത്ര ആലോചനകളെ വികസിപ്പിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. ചരിത്രത്തെയും പാരമ്പര്യത്തെയും പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള മതേതരവത്കരിച്ച സമയബോധത്തില്‍ നിന്നും വിട്ടുമാറിക്കൊണ്ട് സമയത്തെ ഒരു സാധ്യതയായും പാരമ്പര്യവുമായി ചേര്‍ന്ന് നില്‍ക്കാനുള്ള ഒരു ഉദ്‌ബോധനമായി മനസ്സിലാക്കേണ്ടതുണ്ടെന്ന ആനന്ദ് വിവേക് തനേജയുടെ ഓര്‍മപ്പെടുത്തലും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇത്തരത്തില്‍, ചരിത്രത്തിന്റെയും ചരിത്രബോധ്യത്തിന്റെയും നൈതികമായ അടിത്തറകളെയും പാരമ്പര്യങ്ങളെയും മനസ്സിലാക്കാനും ദൈനംദിനതയിലും ദൈനംദിന പ്രവര്‍ത്തികളും ഈ ബോധ്യം എങ്ങനെയാണ് ഇപെടുന്നത് എന്നുമുള്ള ആലോചനകളെ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.

അഫീഫ് അഹ്മദ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed