Thelicham

ശാസ്ത്രത്തിന്റെ നരംവശശാസ്ത്രത്തിലേക്ക്: ബ്രൂണോ ലത്വയുടെ ചിന്താലോകം

ഈ കഴിഞ്ഞ ഒക്ടോബര് മാസം ഒമ്പതാം തീയ്യതി ഈ ലോകത്തോട് വിടപറഞ്ഞ ബ്രൂണോ ലത്വ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ചുരുക്കം ചില തത്വചിന്തകരിലൊരാളായിരുന്നു. എന്നാല്‍, നരവംശശാസ്ത്രം മുതല് തത്വചിന്ത വരെ വ്യാപിച്ച് കിടക്കുന്ന ലത്വയുടെ ചിന്താ പ്രപഞ്ചത്തിന് അതര്ഹിക്കുന്ന രീതിയിലുള്ള പ്രചാരം ഇന്ത്യന് വിജ്ഞാനലോകത്ത് ലഭിച്ചുണ്ടോ എന്ന കാര്യം സംശയകരമാണ്. കേവലാര്ത്ഥത്തിലുള്ള തത്വചിന്തകനെന്നതിനേക്കാള്, ജെറാര്ഡ് ഡെ വ്രെയ്‌സ് വിശേഷിപ്പിക്കുന്നത് പോലെ ഒരു എംപിരിക്കല് ഫിലോസഫര് എന്ന് ലത്വയെ വിശേഷിപ്പിക്കുന്നതാവും കൂടുതല് ഉചിതം.

ജ്ഞാനോദയത്തിന്റെ തുടര്ച്ചയായി സാധ്യമായ ആധുനികതയുടെ പ്രധാന സവിശേഷത വസ്തു-വിഷയി (subject-object) യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ദ്വന്ദ സ്വഭാവത്തിലുള്ള ചിന്താരീതിക്ക് മേല്‌ക്കൈ ലഭിക്കുകയും അത്തരത്തില് നിഷ്പക്ഷമെന്നോ വസ്തുനിഷ്ഠമെന്നോ വിളിക്കാന് സാധിക്കുന്ന വിജ്ഞാനരൂപങ്ങള് ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേഖലകളില്‍ രൂപം കൊള്ളുകയുമാണുണ്ടായത്. ഇത്തരത്തിലുള്ള ജ്ഞാനോല്പാദന രീതികളും ആധുനിക ശാസ്ത്രവും അതിന്റെ ജ്ഞാനവ്യവസ്ഥയും അനുഭവിച്ച് പോരുന്ന വിശിഷ്ടമായ സ്ഥാനവും അതിനെ സാധ്യമാക്കുന്ന വസ്തുനിഷ്ഠമെന്ന് പറയപ്പെടുന്ന പ്രവര്ത്തനശൈലികളും എത്രത്തോളം നിഷ്പക്ഷമാണെന്നും വസ്തുനിഷ്ഠമാണെന്നുമുള്ള അന്വേഷണങ്ങളായിരുന്നു ലത്വയുടേത് എന്ന് പറയാം.

എന്നാല്, അത് മാത്രമാണ് ലത്വയുടെ സംഭാവന എന്ന് പറഞ്ഞാല് ശാസ്ത്രത്തിലും, തത്വശാസ്ത്രത്തിലും, മനുഷ്യകുലത്തിന്റെ ആധുനികതയുടെ സ്വഭാവങ്ങളെ കുറിച്ചുള്ള നരംവശശാസ്ത്ര പഠനങ്ങളിലുമെല്ലാം അദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങളെയും നിരീക്ഷണങ്ങളെയും വിലകുറച്ച് കാണുന്നത് പോലെയാവും. ആക്റ്റര്-നെറ്റ്വര്ക്ക് തിയറിയെ ലോകത്തിന് സംഭാവന ചെയ്തതും ലത്വയാണ്.

ഇത്തരത്തില്, ശാസ്ത്രത്തിലും നരംവശശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലുമെല്ലാമായി വിശാലമായി പരന്ന് കിടക്കുന്നതാണ് ബ്രൂണോ ലത്വയുടെ ചിന്താ ലോകം. അരനൂറ്റാണ്ടോളം കാലം നീണ്ടുനിന്ന ലത്വയുടെ വിശാലമായ വിജ്ഞാനോല്പാദനത്തിന്റെ സമഗ്രമായ വിശകലമെന്നതിലുപരിയായി ലത്വയുടെ ചിന്താലോകത്തിലേക്കും, സവിശേഷമായി ശാസ്ത്രത്തിന്റെ നരംവശശാസ്ത്രസാധ്യതകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളിലേക്കുമുള്ള ഒരു എത്തിനോട്ടമാണ് ഈ ലേഖനം.


ശാസ്ത്രവും ലബോറട്ടറി ജീവിതവും

1979 ലാണ് ലത്വയുടെ ‘ലബോറട്ടറി ലൈഫ്: ദി കണ്‌സ്ട്രക്ഷന് ഓഫ് സയന്റിഫിക്ക് ഫാക്റ്റ്‌സ്’ എന്ന പുസ്തകം പുറത്ത് വരുന്നത്. പ്രശസ്ത ബ്രിട്ടീഷ് സോഷ്യോജളിസ്റ്റായ സ്റ്റീവ് വുള്ഗാറിനൊപ്പം രചിച്ച ഈ പുസ്തകം ശാസ്ത്രത്തെ കുറിച്ചുള്ള നരംവശശാസ്ത്ര- എത്‌നോഗ്രഫിക്ക് പഠനമാണ്. നോബല് സമ്മാന ജേതാവും അമേരിക്കന് ന്യൂറോ സയന്റിസ്റ്റും ലത്വയുടെ സുഹൃത്തുമായിരുന്ന റോജര് ഗില്ലിമിന്റെ സാല്‍ക്ക് ഇന്സ്റ്റിറ്റിയൂട്ടിലെ ലബോറട്ടറിയുടെ എത്‌നോഗ്രഫിയാണ് ഈ പഠനം. പുസ്തകത്തിന്റെ തലക്കെട്ടില് പറയുന്നത് പോലെ തന്നെ ‘ശാസ്ത്രീയ വസ്തുതകളുടെ നിര്മിതി’കളിലേക്ക് നയിക്കുന്ന ശാസ്ത്രജ്ഞരുടെ ദൈനംദിന പ്രവര്ത്തനങ്ങളെ നിരീക്ഷിച്ച് അപഗ്രഥിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലത്വയും വുള്ഗാറും പറയുന്നുണ്ട്. ഈ നിരീക്ഷണങ്ങളുടെയും അപഗ്രഥനങ്ങളുടെയും ഉപാധിയായി എത്‌നോഗ്രഫി എന്ന നരംവശശാസ്ത്ര സങ്കേതത്തെയാണ് ലത്വയും വൂള്ഗാറും ഉപയോഗപ്പെടുത്തുന്നത്.

ഒരു സവിശേഷ സ്ഥലിക-കാലിക ഇടത്തിലെ ജനങ്ങളുടെയോ സംഘങ്ങളുടെയോ പ്രവര്ത്തനങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി നടത്തുന്ന നിരന്തരവും ശാസ്ത്രീയവുമായ നിരീക്ഷണ പ്രവര്ത്തനങ്ങളുടെ സങ്കലനമാണ് എത്‌നോഗ്രഫി എന്ന് വേണമെങ്കില് പറയാം. നരംവശശാസ്ത്ര വിജ്ഞാനശാഖയ്ക്കകത്തുള്ള എത്‌നോഗ്രഫിയുടെ വളര്ച്ചയെയും പരിണാമത്തെയും കുറിച്ച് വിശദീകരിക്കേണ്ടത് ലത്വയുടെ പഠനത്തിന്റെ സവിശേഷതയെ മനസ്സിലാക്കാന് ഏറെ അനിവാര്യമാണ്.

ജ്ഞാനോദയത്തിന്റെ തുടര്ച്ചയായും പിന്നീട് വ്യവസായ വിപ്ലവാനന്തര സമൂഹങ്ങളുടെ തുടര്ച്ചയായും വികസിച്ചുവന്ന സാമൂഹ്യശാസ്ത്ര (sociology) , നരംവശശാസ്ത്ര പഠനങ്ങളില് സാമൂഹ്യശാസ്ത്രത്തിന്റെ വിശകലന മേഖലയായി സ്വാഭാവികമായും പടിഞ്ഞാറന്-യൂറോപ്യന് സമൂഹങ്ങള് വരികയും, നരംവശശാസ്ത്ര പഠനങ്ങളുടെ ഉപാധിയായി പൗരസ്ത്യ-ആഫ്രിക്കന് ‘സംസ്‌ക്കാര’ങ്ങള് വിധേയമാവുകയും ചെയ്തതോടെ സംജാതമായ ഒരു വിശകലന ദ്വന്ദ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, ദൂരപ്രദേശങ്ങളിലെ ‘പ്രാകൃത’ സംസ്‌ക്കാരങ്ങളുടെ ‘വിചിത്ര’ രീചികളെ പഠിക്കാനും പരിചയപ്പെടാനുമുള്ള വിശകലനോപാധിയായാണ് എത്‌നോഗ്രഫി പിന്നീട് പ്രചരിക്കുന്നത്.

മലിനോവ്‌സ്‌ക്കിക്കും ബോആസിനും മുമ്പ്, സാമൂഹ്യശാസ്ത്രത്തിന്റെ പരിഗണയില് പെട്ടിരുന്ന ‘വികസിത സമൂഹ’ങ്ങളില് നിന്നും വ്യത്യസ്തമായി ‘അപരിഷ്‌കൃത സംസ്‌കാര’ങ്ങളെ പഠിച്ചിരുന്നത് പലപ്പോഴും മിഷനറിമാരുടെയും മറ്റും യാത്രാവിവരണങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമായിരുന്നു. ഇത്തരത്തില്, പഠിക്കുന്ന പ്രദേശത്തെ പലപ്പോഴും കാണാതെയുള്ള ചിന്തകരുടെ വലിയ പഠന-വിശകലനങ്ങളെ സഹായിക്കുന്ന കേവല വിവരണങ്ങളില് നിന്നും ഫ്രാന്‌സ് ബോആസിലേക്കെത്തുമ്പോള് മാത്രമാണ് അക്കാദമികമായി പരിശീലനം ലഭിച്ച നരംവശശാസ്ത്രജ്ഞര് എത്‌നോഗ്രഫി വിശകലനത്തിലേക്കെത്തുന്നത്.

റോമന് കാത്തലിക്ക് ചര്ച്ചിന് വിശുദ്ധരുടെ രക്തമെന്തായിരുന്നോ, അതായിരുന്നു നരവംശശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം എത്‌നോഗ്രഫി എന്ന് യുദ്ധ പൂര്വ്വ ബ്രിട്ടീഷ് നരംവശശാസ്ത്രഞ്ജരില് പ്രധാനിയായിരുന്ന ചാള്‌സ് സെലിഗ്മാന് നിരീക്ഷിക്കുന്നുണ്ട്. എന്നാല്, യുദ്ധാനന്തര കാലയളവില് പാപ്പുവ ന്യൂ ഗിനിയയിലും പരിസര പ്രദേശങ്ങളായ മലിനേഷ്യയിലും ട്രോബ്രിയന്റ് ദ്വീപുകളിലുമെല്ലാം വര്ഷങ്ങള് ചെലവഴിച്ച ബ്രിട്ടീഷ് നരംവശശാസ്ത്രജ്ഞനായ ബ്രാനിസ്ലാവ് മലിനോവ്‌സ്‌കിയാണ് ഈ നിരീക്ഷണത്തെ അനുഭവപരമായ തലത്തിലേക്കുയര്ത്തിക്കൊണ്ട് എത്‌നോഗ്രഫിയെ സമൂലമായി നവീകരിച്ചത്.

‘സൈദ്ധാന്തികന്റെ അടച്ച്പൂട്ടിയ മുറിയില് നിന്നും’ ‘മിഷനറി വരാന്തയില് നിന്നും’ പുറത്തിറങ്ങിക്കൊണ്ട് ‘നരംവശശാസ്ത്രത്തിന്റെ തുറന്ന മൈതാനത്തേക്ക്’ കടന്ന് വന്ന മലിനോവ്‌സ്‌ക്കി നരംവശശാസ്ത്ര വിശകലനങ്ങളുടെ രീതിശാസ്ത്രത്തിന്റെ മധ്യത്തില് എത്‌നോഗ്രഫിയെ പ്രതിഷ്ഠിച്ച് കൊണ്ട് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. തദ്ദേശീയരായ മനുഷ്യരെ ‘പ്രചഹ്ന വേഷം ധരിച്ച കോമാളികളെ പോലെ കാണാതെ’ സെര്‍വാന്റിസിന്റെയും ഷേക്‌സ്പിയറിന്റെയും കഥാപാത്രങ്ങള്‍ക്ക് സമാനമായി കേവലമായ ഏകമാത്ര വിശകലനങ്ങള്ക്കപ്പുറം പലതലങ്ങളില് നിന്നുള്ള വിശകലന-നിരീക്ഷണങ്ങളിലൂടെ പലമാനങ്ങളുള്ള മനുഷ്യരായി ചിത്രീകരിക്കാന് മലിനോവ്‌സ്‌ക്കിക്ക് സാധിച്ചു എന്ന് ജെയിംസ് ജി ഫ്രെയ്‌സര് നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, എത്‌നോഗ്രഫിയും അതിന്റെ ജ്ഞാനോല്പാദനരീതികളും അപ്പോഴും ‘ബാഹ്യ’വും ‘അപര’വുമായ ഒന്നിനെ കുറിച്ചുള്ള പഠനങ്ങളായി തുടരുകയും അത് വഴി പഠിക്കുന്ന പാശ്ചാത്യനും പഠിക്കപ്പെടുന്ന പൗരസ്ത്യനുമെന്ന ‘വിഷയി-വിഷയ’ ദ്വന്ദത്തെ ദൃഢീകരിക്കുകയും ചെയ്തുപോന്നു.

ഇത്തരത്തില്, വിഷയീ-വിഷയ ദ്വന്ദത്തില് നിലകൊള്ളുകയും പാരമ്പര്യമായി ബാഹ്യ-അപര ‘ഗോത്ര’ങ്ങളെ പഠിക്കുകയും ചെയ്യാനുപയോഗിച്ച് പോന്ന ഒരു രീതിശാസ്ത്രത്തെ ഉപയോഗിച്ച് കൊണ്ട് നമുക്കെങ്ങനെ നമ്മള്ക്കടുത്തു തന്നെയുള്ള ‘ഗോത്രങ്ങളെ’ പഠിക്കാം എന്നാണ് ലത്വ തന്റെ ലബോറട്ടി ലൈഫില് ചോദിക്കുന്നത്. ശാസ്ത്രജ്ഞരെന്ന ഗോത്രത്തെയും അവരുടെ ശാസ്ത്രവിജ്ഞാനോല്പാദനത്തെയുമാണ് ലത്വ ഇതിലൂടെ ലക്ഷ്യം വെച്ചത്. വിദൂരപ്രദേശങ്ങളിലെ ഗോത്രങ്ങളുടെ ‘ആകര്ഷണീയമായ’ ആചാരങ്ങളെ കുറിച്ചും മിത്തുകളെ കുറിച്ചും പഠിക്കുന്ന നമ്മള്ക്ക് എന്തുകൊണ്ട് അതുപോലെ തന്നെ നിഗൂഢമായി പണിയെടുക്കുന്ന നമ്മുടെ ശാസ്ത്രകാരന്മാരെ കുറിച്ചും നാഗരികതയുടെ അടിസ്ഥാനമെന്ന് കരുതപ്പെടുന്ന അവരുടെ നിരീക്ഷണ-പരീക്ഷണങ്ങളെ കുറിച്ചും പഠിച്ചുകൂടാ എന്നാണ് ലത്വയുടെ ചോദ്യം.

ശാസ്ത്രത്തെ കുറിച്ച് സാമൂഹ്യശാസ്ത്രജ്ഞര് നടത്തുന്ന ആദ്യ പഠനമൊന്നുമായിരുന്നില്ല ലത്വയുടേതെങ്കിലും ശാസ്ത്രത്തിന്റെ പൊതുവായ വളര്ച്ചയെ കുറിച്ചും, ഫണ്ടുകളെ കുറിച്ചും, അതിന് ലഭിക്കുന്ന പിന്തുണയുടെ രാഷ്ട്രീയത്തെ കുറിച്ചുമെല്ലാമുള്ള പഠനങ്ങളില് പലപ്പോഴും ശാസ്ത്രത്തെ കുറിച്ചുള്ള നിഗൂഢതയെ ഇല്ലാതാക്കുന്നതിന് പകരം വര്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ലത്വ നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ, മുന്‍പഠനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ശാസ്ത്രപ്രവര്ത്തനങ്ങളുടെ ആന്തരിക രീതികളെ നിര്ണ്ണയിക്കുന്ന ഘടകങ്ങളെ കുറിച്ചുള്ള പഠനമാണ് ലബോറട്ടറി ലൈഫ്.

ശാസ്ത്രത്തെ കുറിച്ച് അത് വരെ വന്നിരുന്ന സാമൂഹ്യശാസ്ത്ര പഠനങ്ങളില് പലതും അവയുടെ രീതിശാസ്ത്രത്തിന്റെ കാര്യത്തില് അത്ര വ്യക്തതയും കൃത്യതയും നല്കാത്തത് കൊണ്ട് തന്നെ എംപിരിക്കലായ കണിശത തന്റെ പഠനത്തിലൂടനീളം കാത്തുസൂക്ഷിച്ച ലത്വ തന്റെ പഠനത്തില് രീതിശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്കുന്നുണ്ട്. ലാബോറട്ടറി ശാസ്ത്രജ്ഞരുമായി അടുത്തിടപഴകികൊണ്ടാണ് രണ്ട് വര്ഷത്തിലേറെ കാലം നീണ്ട തന്റെ എത്‌നോഗ്രഫിക്ക് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില് ലത്വ ഈ പുസ്തകം രചിക്കുന്നത്.


ശാസ്ത്രലോകത്തെ അപരന്

ബാഹ്യലോകത്ത് നിന്നും ശാസ്ത്രലോകത്തെ നോക്കിക്കാണുന്നവരെ ശാസ്ത്രജ്ഞര് പരിഗണിക്കുന്ന രീതികളെ കുറിച്ച് ലത്വ എഴുതുന്നുണ്ട്. മറ്റൊരു ശാസ്ത്രശാഖയില് നിന്നുള്ള ശാസ്ത്രജ്ഞനോ ശാസ്ത്രവിദ്യാര്ത്ഥിയോ ആണ് തന്റെ ശാസ്ത്ര പഠനങ്ങളെ കുറിച്ച് തല്പരരായിക്കൊണ്ട് ലാബില് വന്നതെങ്കില്, ശാസ്ത്രജ്ഞന് താല്പര്യത്തോടെ ഒരു അധ്യാപകന്റെ ജോലി ഏറ്റെടുത്തുകൊണ്ട് കാര്യങ്ങള് വിവരിച്ച് നല്കുകയാണ് പൊതുവെ ചെയ്യാറുളളത്. എന്നാല്, ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ബാഹ്യലോകത്ത് നിന്നുള്ള ആളുകളുടെ സമീപനങ്ങളില്‍ ശാസ്ത്രജ്ഞരുടെ ഏറ്റവും പൊതുവായ ചോദ്യം ‘അവര്‌ക്കെന്താണിതില് കാര്യം’ എന്നതായിരിക്കും എന്ന മനോഭാവത്തോട് കൂടിയായിരിക്കുമെന്ന് ലത്വ പറയുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്, ‘ശാസ്ത്രത്തിന്റെ നരവംശശാസ്ത്രജ്ഞന്’ എന്ന വിശേഷണം പലപ്പോഴും ശാസ്ത്രജ്ഞരില് പരിഹാസമോ അല്ലെങ്കില് ആശ്ചര്യമോ ആണ് സൃഷ്ടിക്കുക എന്ന് ലത്വ നിരീക്ഷിക്കുന്നുണ്ട്.


എന്നാല്, ശാസ്ത്ര ബാഹ്യ വിജ്ഞാനത്തെ കുറിച്ചുള്ള ശാസ്ത്രകാരന്മാരുടെ അറിവില്ലായ്മയോ താല്പര്യമില്ലായ്മയോ ആണ് പലപ്പോഴും ഈ വിചിത്രമായ അപരവത്കരണത്തിന് കാരണം. ശാസ്ത്രീയപ്രവര്ത്തനങ്ങളുടെ ദൈനംദിന സ്വഭാവം എന്നതിലുപരിയായി എന്തെങ്കിലും സവിശേഷമായ സന്ദര്ഭങ്ങളോ (event) അല്ലെങ്കില് പ്രശസ്തമായ പ്രതിഭാസങ്ങളോ പ്രവര്ത്തികളോ അതുമല്ലെങ്കില് മറ്റ് തല്പര കഥകളോ മാത്രമാണ് ശാസ്ത്രലോകത്ത് നിന്ന് പുറത്ത് നിന്നുള്ളവരുടെ അന്വേഷണങ്ങളായി മാറുന്നത് എന്നും അതുകൊണ്ട് തന്നെ ഇത്തരം അന്വേഷകരുടെയും അവരുമായി സഹകരിക്കുന്ന ശാസ്ത്രജ്ഞരുടെയും സവിശേഷമായ ബന്ധത്തിന്റെ പ്രകൃതത്തിലേക്കും അങ്ങനെ ശാസ്ത്രത്തെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന പഠനങ്ങളുടെ രീതികളിലേക്കും നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട് എന്നും ലത്വ ഓര്മപ്പെടുത്തുന്നുണ്ട്.

ശാസ്ത്രകാരന്മാര് അടിസ്ഥാനപരമായി സാമൂഹ്യജീവികളാണെങ്കില് തന്നെയും അവരുടെ പ്രവൃത്തികളെ സാമൂഹ്യവിശകലനത്തിനതീതമായി പ്രതിഷ്ഠിക്കുന്ന ഒരു പ്രവണതയാണ് കാണാന് സാധിക്കുക എന്ന് ലത്വ നിരീക്ഷിക്കുന്നു. ഇത്തരത്തില്, ശാസ്ത്രത്തെ സാമൂഹ്യപ്രതിഭാസമെന്നതിനതീതമായി സ്ഥാപിക്കുന്നതോടെ, ശാസ്ത്രീയ തത്വങ്ങളും പ്രവര്ത്തനങ്ങളുമെല്ലാം സാമൂഹ്യശാസ്ത്രപരമായ വിശകലനത്തില് നിന്നും സ്വയം ഒഴിവാക്കപ്പെടുന്നു.

ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങളിലെ സാമൂഹ്യമെന്നം സാങ്കേതികമെന്നുമുള്ള ദ്വന്ദ വിഭജനത്തെയാണ് ലത്വ പിന്നീട് ചോദ്യം ചെയ്യുന്നത്. ശാസ്ത്രത്തെ കുറിച്ചുള്ള സാമൂഹ്യശാസ്ത്രപഠനങ്ങളില് സൃഷ്ടിക്കപ്പെടുന്ന ഈയൊരു ദ്വന്ദം പലപ്പോഴും വൈജ്ഞാനിക അന്വേഷണത്തെ വലിയ രീതിയില് പരിമിതപ്പെടുത്തുന്നുണ്ട്. സാമൂഹ്യമായ അന്വേഷണമെന്നാല് പലപ്പോഴും ബാഹ്യമായ രാഷ്ട്രീയമോ ആയ ഇടപെടലുകള്‍ മാത്രമാണെന്നും അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രത്യക്ഷമായ സംഭവങ്ങള് (event) ഇല്ലെങ്കില് ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രപരമായ വിശകലനത്തിന്റെ ആവശ്യകതയില്ല എന്നും ഈ ദ്വന്ദവായന വരുത്തിത്തീര്ക്കുന്നു. അങ്ങനെ, ശാസ്ത്രത്തിന്റെ ദൈനംദിന സാങ്കേതികതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാത്ത സാമൂഹ്യശാസ്ത്ര വിശകലനം പലപ്പോഴും ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രം എന്നതിനേക്കാള് ശാസ്ത്രജ്ഞരുടെ സാമൂഹ്യശാസ്ത്രമായി പരിമിതപ്പെട്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ, സാങ്കേതിക-സൈദ്ധാന്തിക ദ്വന്ദത്തെയും, സാമൂഹ്യ സാങ്കേതിക ദ്വന്ദത്തെയും അടിസ്ഥാനപരമായ (essential) വിഭജനങ്ങളായി പരിഗണിക്കാതെ അവയുടെ പ്രയോഗാത്മക രൂപത്തില് (empirical) ശാസ്ത്രജ്ഞര് ഉപയോഗിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാനാണ് ലത്വയും വൂള്ഗാറും ശ്രമിക്കുന്നത്.

ഇത്തരത്തില്, സാമൂഹ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില് നിന്നുമുള്ള പൂര്വ്വകാല ശാസ്ത്രപഠനങ്ങളില് നിന്നും വ്യത്യസ്ഥമായി തങ്ങളുടെ ശ്രമത്തെ ശാസ്ത്രത്തിന്റെ നരവംശശാസ്ത്രം എന്ന് തന്നെ വിശേഷിപ്പിക്കുന്നുണ്ട് ഇവര്. ഇവിടെ, ദീര്ഘകാലത്തെ ദൈനംദിന നിരീക്ഷണപ്രക്രിയയുടെ ഫലമായി ശേഖരിച്ച അനുഭവമാത്രമായ (empirical) വസ്തുക്കളുടെ വ്യവസ്ഥാപിതവും പ്രാഥമികവുമായ അവതരണത്തിനാണ് നരംവശശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത്. ശാസ്ത്രജ്ഞര് തന്നെ പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര റിപ്പോര്ട്ടുകളെ അപനിഗൂഢ വത്കരിക്കുന്നതിനും ബാഹ്യലോകത്ത് നിന്നുള്ളവരോട് സംസാരിക്കുമ്പോള് അവരുപയോഗിക്കുന്ന ഭാഷാരീതിയുടെ ഉള്ളടക്ക-രൂപങ്ങളിലെ സാങ്കേതികതകളിലൂടെ തന്നെ അവരുടെ ശാസ്ത്രീയ പ്രവര്ത്തനങ്ങളുടെ രീതികളെ നിഗൂഢമോ വസ്തുനിഷ്ഠമോ ആയി അവതരിപ്പിക്കുന്നതിനുമുള്ള ഒരു മറു ഉപാധിയായിട്ടാണ് ലത്വയും വൂള്ഗറും എത്‌നോഗ്രഫിയെയും എത്‌നോഗ്രഫിക്ക് സങ്കേതമായ പങ്കാളിത്ത നിരീക്ഷണ (participant observation) ത്തെയും കാണുന്നത്.

ശാസ്ത്രീയ പ്രവര്ത്തികളെ അവ നടക്കുന്ന ഇടങ്ങളില് നിന്ന് തന്നെ നിരീക്ഷിച്ചുകൊണ്ട് ആ പ്രവര്ത്തികളുടെ ശൈലിയെ മനസ്സിലാക്കുകയും അത് പോലെ ആ ശൈലീ പ്രവര്ത്തനങ്ങള് എങ്ങനെയാണ് വ്യവസ്ഥാപിതമായ ഒരു റിപ്പോര്ട്ട് ആയി പരിണമിക്കുന്നത് എന്നും പ്രയോഗാത്മകമായ അന്വേഷണത്തിലൂടെ തിരിച്ചറിയേണ്ടതുണ്ട് എന്നും ഇവര് നിരീക്ഷിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്, ദൈനംദിനേന പരീക്ഷണ ശാലകളില് നടക്കുന്ന തീര്ത്തും സാങ്കേതികമായ പ്രവര്ത്തനങ്ങള് എങ്ങനെയാണ് വ്യവസ്ഥാപിതവും വസ്തുനിഷ്ഠവുമായ റിപ്പോര്ട്ടുകളായി പരിണമിക്കപ്പെടുന്നത് എന്ന സമഗ്രമായ അന്വേഷണമാണ് ലത്വയുടേത് എന്ന് പറയാം.

ശാസ്ത്രലോകത്തിനും വസ്തുതകള്ക്കും പുറംലോകം കല്പ്പിച്ച് കൊടുക്കുന്ന അംഗീകാരമോ വസ്തുനിഷ്ഠതയോ പൂര്വ്വകല്പ്പിതമായി നല്കാന് ലത്വ തയ്യാറല്ല. ആധുനികമെന്ന വിശേഷണത്തിന്റെ ഭാരത്തെ സവിശേഷമായ കാലഗണനയോ പുരോഗമനസൂചനയോ ആയി എടുക്കാതെ ഒരു നരംവശശാസ്ത്രജ്ഞന് ഒരു ഗോത്രീയ ആചാരത്തെ കാണുന്നത് പോലെ തന്നെ ശാസ്ത്രജ്ഞരെയും അവരുടെ ശാസ്ത്രീയപ്രവര്ത്തികളെയും വിശകലന വിധേയമാക്കാനാണ് ലത്വ ഇവിടെ ശ്രമിച്ചത്. ബാഹ്യലോകത്ത് പലപ്പോഴും ശാസ്ത്രീയ തത്വങ്ങള്ക്കും വര്ത്തമാനങ്ങള്ക്കും ലഭിക്കുന്ന ഉന്നതമായ പരിഗണന വിശകലനപരമായി ഏറെ അപകടകരമാണെന്നും അതുകൊണ്ട് തന്നെ പുറംലോകത്തേക്കാള് സവിശേഷമായ യുക്തിഭദ്രത ഒന്നും ശാസ്ത്രീയ പരീക്ഷണങ്ങള്ക്ക് പൂര്വ്വകല്പിതമായി (apriori) ആയി അംഗീകരിച്ച് നല്‌കേണ്ട കാര്യമില്ലെന്നും ലത്വ നിരീക്ഷിക്കുന്നുണ്ട്.

അതുപോലെ, ഒരു സവിശേഷമായ ശാസ്ത്രീയനിരീക്ഷണത്തിന്റെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലമോ ആ നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞന്റെ ചിന്താപശ്ചാത്തലമോ സാമൂഹ്യപരിസരമോ തുടങ്ങിയ സാമൂഹ്യനിരീക്ഷണത്തിന്റെ കേവലതകളില് അഭിരമിക്കാതെയും ഈ സവിശേഷ നിരീക്ഷണത്തെ സാധ്യമാക്കുന്നതില് ആ ശാസ്ത്രജ്ഞന് ഉപയോഗിച്ച രീതിയും അത്തരമൊരു നിഗമനത്തിലേക്കെത്താന് സ്വീകരിച്ച വഴികള്, ലഭ്യമായ പലതരത്തിലുള്ള വിവരങ്ങളില് നിന്നും സവിശേഷമായി സൃഷ്ടിച്ചെടുത്ത ഒരു ശാസ്ത്രീയമായ വ്യവസ്ഥിതി തുടങ്ങിയവയിലാണ് ലത്വയും വൂള്ഗറും കൂടുതല് ശ്രദ്ധ പതിപ്പിച്ചത്.

ശാസ്ത്രീയമായ ഈ വ്യവസ്ഥയെ സാധ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ലത്വ ബാഹ്യലോകത്തുള്ളവര് യുക്തിഭദ്രമായതായും സമഗ്രമായതായും കണക്കാക്കുന്ന ശാസ്ത്രീയ പ്രവര്ത്തനങ്ങള് പലപ്പോഴും തീര്ത്തും ക്രമരഹിതമായ ഒരു കൂട്ടം നിരീക്ഷണങ്ങളാണെന്നും അവയെ ഒരു വ്യവസ്ഥാപിതമായ രീതിയില് അവതരിപ്പിക്കാന് ശാസ്ത്രജ്ഞര് കഷ്ടപ്പെടുന്നതായും നിരീക്ഷിക്കുന്നുണ്ട്. സമാനമായ അനവധി വിശകലനസാധ്യതകള് സൃഷ്ടിക്കുന്ന പ്രഹേളികകളെ ദൈനംദിനേന അഭിമുഖീകരിക്കുന്നവരാണ് ശാസ്ത്രജ്ഞര് എന്ന് ലത്വ വാദിക്കുന്നു. ശാസ്ത്രജ്ഞന് എത്രതന്നെ വ്യവസ്ഥാപിതമായും യുക്തിഭദ്രമായും അതിനെ പുനര്ക്രമീകരിക്കാന്‍ ശ്രമിച്ചാലും യഥാര്ത്ഥ ശാസ്ത്രീയ പ്രവര്ത്തിയില് മൂര്ത്തമായ സന്ദേഹങ്ങളെ അഭിമുഖീകരിക്കുകയും അവയോട് നിരന്തരം സംവദിക്കുകയും ചെയ്യേണ്ടി വരുന്നുണ്ട് എന്നും ലത്വ കൂട്ടിച്ചേര്ക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടിയും കൂടുതല് സമഗ്രമായ വിശകലനഫലം സാധ്യമാക്കുന്നതിന് വേണ്ടിയും ശാസ്ത്രജ്ഞര് ആവിഷ്‌കരിച്ച നിരവധിയായ വിശകലനമാതൃകകളുടെ നിര്മാണത്തെയും അവയുടെ സ്ഥാപനങ്ങളെയും വിമര്ശനാത്മകമായി പരിശോധിക്കുകയാണ് ലത്വയുടെ പഠനം.

എന്നാല്, ശാസ്ത്രത്തെയും ശാസ്ത്രീയവിജ്ഞാനത്തെയും പൂര്ണ്ണമായും സാമൂഹികനിര്മിതിയായി കണക്കാക്കിക്കൊണ്ട് മറ്റേതൊരു വസ്തുതയെയും മനസ്സിലാക്കുന്നത് പോലെ വ്യക്തിനിഷ്ഠമായി മനസ്സിലാക്കുന്ന ഉത്തരാധുനിക യുക്തിയില് ലത്വയെ പ്രതിഷ്ഠിക്കുന്നത് തെറ്റാവും. സൗര്വലൗകികമായ സത്യങ്ങളെയോ വസ്തുനിഷ്ഠമായ യാഥാര്ത്ഥ്യങ്ങളെയോ പാടെ നിരാകരിച്ച് കൊണ്ടല്ല ലത്വ തന്റെ തത്വചിന്തയെ വികസിപ്പിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പഠനങ്ങള് തെളിയിക്കുന്നു.

1986ല് പുറത്തിറങ്ങിയ ലബോറട്ടറി ലൈഫിന്റെ രണ്ടാം പതിപ്പില് തന്നെ ഇതിന്റെ സൂചനകള് കാണാം. ലബോറട്ടറി ലൈഫ്: ദ സോഷ്യല് കണ്‌സ്ട്രക്ഷന് ഓഫ് സയന്റിഫിക്ക് ഫാക്റ്റ്‌സ് എന്നതില് നിന്നും സാമൂഹ്യനിര്മിതി എന്നതിനെ കുറിക്കുന്ന സോഷ്യലിനെ എടുത്തുമാറ്റിക്കൊണ്ട് ‘ലബോറട്ടറി ലൈഫ്: ദ കണ്‌സ്ട്രക്ഷന് ഓഫ് സയന്റിഫിക്ക് ഫാക്റ്റ്‌സ്’ എന്നായിരുന്നു രണ്ടാം പതിപ്പിലെ തലക്കെട്ട്. ‘സാമൂഹ്യം’ എന്നതിന്റെ സവിശേഷമായ അര്ത്ഥം നഷ്ടമായെന്നും അതുകൊണ്ട് തന്നെ ആ പ്രയോഗം ഉപയോഗശൂന്യമാണെന്നുമായിരുന്നു ഇത് സംബന്ധിച്ച് പുതിയ പതിപ്പിന്റെ പോസ്റ്റ് സ്‌ക്രിപ്റ്റില് ലത്വ നല്കിയ വിശദീകരണം.

‘ഒരു ഗ്രാഫ് പേപ്പറിലെ വരയും, ഒരു പാഠത്തിന്റെ രൂപീകരണവും, ഒരു അമിനോ-ആസിഡ് ശൃംഖലയുടെ സ്വാഭാവികമായ വികാസവുമെല്ലാം ഒരേപോലെയാണ് സാമൂഹ്യം എന്ന പദം ഉള്‌ക്കൊള്ളുന്നത് എന്നത് കൊണ്ട് തന്നെ ആ പദം സവിശേഷമായി യാതൊരര്‍ത്ഥവും കല്‍പ്പിച്ച് നല്‍കുന്നില്ലെന്ന് ലത്വ വ്യക്തമാക്കുന്നു. ഈ മാറ്റം അദ്ദേഹം പിന്നീട് വികസിപ്പിച്ച പ്രവര്ത്തക-ശൃംഖലാ സിദ്ധാന്ത (actor-network theory)ത്തിലേക്കുള്ള അദ്ദേഹത്തിന്റെ സൈദ്ധാന്തികമായ പരിണാമപ്പെടലായും നമുക്ക് മനസ്സിലാക്കാം.

കോവിഡ് സമയത്ത് വൈറസിന്റെ വ്യാപനത്തെ കുറിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച പ്രശസ്തമായ നിരീക്ഷണത്തെ തുടര്ന്ന് ഗാര്ഡിയന് നല്കിയ അഭിമുഖത്തിലും ശാസ്ത്രത്തെ കേവല-സാമൂഹിക നിര്മിതിയായി ചുരുക്കിക്കാണുന്നതിലുള്ള തന്റെ വിയോജിപ്പ് അദ്ദേഹം പ്രകടമാക്കുന്നുണ്ട്. വസ്തുനിഷ്ഠവും, സമഗ്രവും ദൈവസമാനമായ യുക്തിയും അവകാശപ്പെടുന്ന ശാസ്ത്രത്തെ അദ്ദേഹത്തിന്റെ പഠനങ്ങള് വെല്ലുവിളിച്ചിട്ടുണ്ടെന്നും, എന്നാല് ഈ പഠനങ്ങളെയും അവയുടെ തുടര്ച്ചകളെയും പ്രാകൃതിക പ്രതിസന്ധികളെ കുറിച്ചും കാലാവസ്ഥാമാറ്റത്തെ കുറിച്ചുമെല്ലാമുള്ള ശാസ്ത്രീയമായ വിദഗ്ദ വിജ്ഞാനത്തെ അവഗണിക്കാന് വലതുപക്ഷം ഉപയോഗിക്കുന്നതിനെ കുറിച്ച് ഖേദം പ്രകടിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് നിങ്ങള്ക്ക് തെരഞ്ഞെടുക്കാന് പാകത്തിന് പല സത്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന വാദങ്ങളില് നിന്നും വളരെ വ്യത്യസ്തമാണ് ശാസ്ത്ര വിമര്ശനം എന്നാണ്. കേവല പ്രയോഗവാദം (empirical) കൊണ്ട് മാത്രം വിമര്ശം രൂപപ്പെടില്ല എന്നും ഇതിനെ യുക്തിപരമായ സന്ദേഹമായി തെറ്റിദ്ധരിക്കരുത് എന്നും ലത്വ കൂട്ടിച്ചേര്ക്കുന്നുണ്ട്. ഇത്തരത്തില്, ഭൗതികമാത്രവാദത്തിലെയും സാര്വലൗകിക വിജ്ഞാനങ്ങളിലെയും വ്യവഹാര-സാമൂഹ്യ സാധ്യതകളെ തുറന്ന് കാണിക്കുമ്പോഴും, ദ്വന്ദവാദങ്ങളിലെയും വസ്തുനിഷ്ഠ വാദങ്ങളിലെയും ഇടര്ച്ചകളെ വിമര്ശനാത്മകമായി വിശകലനം ചെയ്യുമ്പോഴും ആരോപിക്കപ്പെട്ടേക്കാവുന്ന ഉത്തരാധുനിക ചട്ടകൂടുകളില് നിന്നും ലത്വ സ്വയം കുതറി മാറുന്നുണ്ട്.

പ്രവര്ത്തക-ശൃംഖലാ സിദ്ധാന്തവും ലത്വയും

പൊതുവെ, തത്വചിന്താലോകമോ നരവംശശാസ്ത്ര ലോകമോ വലിയ രീതിയില് പരിഗണിച്ചിട്ടില്ലാത്ത ലത്വയുടെ സംഭാവനകളില് ഒരുപക്ഷെ ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത് പ്രവര്ത്തക-ശൃംഖലാ സിദ്ധാന്ത(actor-network theory)ത്തിനായിരിക്കും. മനുഷ്യകേന്ദ്രീകൃതമായ കര്തൃത്വ വാദങ്ങളില് നിന്നും വിമര്ശനാത്മകമായി അകന്ന് നിന്ന് കൊണ്ട്, മനുഷ്യര് പലപ്പോഴും തീര്ത്തും അപ്രസക്തമെന്ന് കരുതുന്ന വസ്തുക്കള്ക്കും ജീവികള്ക്കും കര്തൃത്വം കല്പ്പിച്ച് നല്കുകയും ‘അനുവദിക്കാനും, പ്രോല്‌സാഹിപ്പിക്കാനും, സമ്മതിക്കാനും, സ്വാധീനിക്കാനും, തടയാനും, പ്രതിരോധിക്കാനുമെല്ലാം’ വസ്തുക്കള്ക്കും കഴിഞ്ഞേക്കാം എന്ന് ലത്വ വാദിക്കുന്നു. ഭവപരമായി (ontologically) മനുഷ്യര്ക്കും വസ്തുക്കള്ക്കും ഒരു പൊതുവായ പ്രതലം കല്പിച്ച് നല്കുന്ന ലത്വ ഭൂമിയിലെ വസ്തു-വ്യക്തി ബന്ധങ്ങള് പരസ്പരബന്ധിതമാണെന്ന് കരുതുകയും കേവല കാര്യ-കാരണ ബന്ധങ്ങള്ക്കപ്പുറം ഭവപരമായി തന്നെ ഈ ബന്ധം നിലനില്ക്കുന്നുണ്ട് എന്നും വാദിക്കുന്നു.

ഇത് കേവലമായ മനുഷ്യകേന്ദ്രീകൃത-വാദാനന്തര (post- anthropocene) തുടര്ച്ചയിലെ മനുഷ്യ/മനുഷ്യേതര ദ്വന്ദത്തെ തകര്‍ക്കുന്നതിലുപരി അവ തമ്മില് നിലനില്ക്കുന്ന പാരസ്പര്യത്തിലും അങ്ങനെ ഈ ശൃംഖലയുടെ പരസ്പര സഹവര്‍ത്തിത്വത്തിലുമാണ് നിലനില്ക്കുന്നത്. പ്രാകൃതികമെന്നോ സാമൂഹികമെന്നോ ഉള്ള ദ്വന്ദങ്ങളെ സൂക്ഷ്മമായി പുനര്‌നിര്മിക്കുമ്പോളും മനുഷ്യ-മനുഷ്യേതര കര്തൃത്വങ്ങള് തുല്യമാണെന്ന കേവലവാദത്തിനപ്പുറം ആ വ്യതിരിക്തത നിലനിര്ത്തിക്കൊണ്ട് തന്നെ എങ്ങനെയാണ് സഹവര്തതിത്വം സാധ്യമാകുന്നത് എന്നാണ് ലത്വ അന്വേഷിക്കുന്നത്. ഇത്തരത്തില്, കേവല ‘സാമൂഹ്യ’മെന്നതിലുപരി മറ്റ് വ്യക്തികളടക്കമുള്ള വിവിധങ്ങളായ കര്തൃത്വങ്ങളുടെയും ഇടനിലക്കാരുടെയും (mediators) ഒരു ശൃംഖല സാമൂഹ്യമെന്ന കാറ്റഗറിയെ പുനര്വിന്യസിക്കുന്നുണ്ട് എന്ന് ലത്വ നിരീക്ഷിക്കുന്നു.

‘സാമൂഹികത’ (social) എന്നതിന്റെ സാമ്പ്രദായികമായ സാമൂഹ്യശാസ്ത്ര വിവക്ഷകളെ വിമര്ശിക്കുന്ന ലത്വ, സാമൂഹ്യമെന്ന തത്വത്തെ പൂര്വ്വകല്പ്പിതവും(presuppose) , നേരത്തെ തന്നെ ഉള്ള (always- already) ഘടനയുമായിട്ടാണ് സാമൂഹ്യശാസ്ത്രജ്ഞര് കാണുന്നത് എന്ന് നിരീക്ഷിക്കുന്നു. പൂര്വ്വകല്പ്പിതമോ സുനിശ്ചിതമോ ആയ വ്യവസ്ഥാപിതമായ ഒരു ഘടന എന്നതിന് പകരം സാമൂഹികത എന്നത് പരസ്പര ബന്ധിതമായ ശൃംഖലകളാല് രൂപീകരിക്കപ്പെടുന്നതായിട്ടാണ് ലത്വ മനസ്സിലാക്കുന്നത്. അത് ഏകതാനമായ ഒരു സംഘാതം എന്നതിലുപരിയായി ‘ബഹുസ്വരമായ ഘടകങ്ങളുടെ പാരസ്പര്യ’ (assosciation) മായാണ് ലത്വ നിരീക്ഷിക്കുന്നത്. ഇത്തരത്തില്, സാമ്പ്രദായിക സാമൂഹ്യശാസ്ത്രത്തിലെ ‘സാമൂഹ്യ’മെന്ന അടിസ്ഥാനതത്വത്തെ വിപ്ലവാത്മകമായി മാറ്റിപ്പണിതുകൊണ്ട് ‘വിമര്ശനാത്മ സാമൂഹ്യശാസ്ത്രം’ (critical sociology) എന്നൊരു പുതിയ പ്രതലത്തെ ലത്വ പരിചയപ്പെടുത്തുന്നു.

നിലവിലുള്ള സാമൂഹ്യശാസ്ത്രം സാമൂഹികതയുടെ ശാസ്ത്ര (sociology of social) മായിരിക്കുമ്പോള് ലത്വ പരിചയപ്പെടുത്തുന്ന സാമൂഹ്യശാസ്ത്രം സംഘാതങ്ങളുടെ ശാസ്ത്ര (sociology of association) മായി മാറുന്നു.
ആക്റ്റര് നെറ്റ്വര്ക്ക് തിയറിയുടെ കാര്യത്തിലും, നേരത്തെ പറഞ്ഞത് പോലെ ബൃഹത്താഖ്യാന (grand narratives) ങ്ങളുടെയോ, യൂറോ കേന്ദ്രീകൃതമോ, മേല്‌ക്കോയ്മാപരമോ (hegemonic) ആയ വിശകലനങ്ങളുടെ വിമര്ശനങ്ങളുടെ മേലുള്ള കേവല ഉത്തരാധുനിക ഊന്നലിന് പകരം പുതിയ രീതികളുടെയും ആലോചനകളുടെയും, സംഘാതങ്ങളുടെയും കൂടിച്ചേരലുകളെ കുറിച്ചുള്ള അന്വേഷണങ്ങളും അത്തരത്തില് സാമൂഹ്യമെന്ന സങ്കല്പ്പത്തെ പുനര്ബന്ധിപ്പിക്കുകയുമാണ് ഈ സിദ്ധാന്തം ചെയ്യുന്നത് എന്ന് ലത്വ തന്നെ വിശദമാക്കുന്നുണ്ട്.

ഇത്തരത്തില്, വ്യക്തിനിഷ്ഠ സത്യാനന്തര വിമര്ശനത്തിലേക്ക് വഴുതിവീഴാതെ സാമ്പ്രദായിക നരംവശശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും വിമര്ശനാത്മകമായി പുനരാലോചിക്കുകയും തത്വചിന്തയുടേയും നരംവശശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അതിരുകളിലൂടെ നടന്ന്, അതിര്ത്തികളെ ഭേദിച്ച്, പാരസ്പര്യങ്ങളെ ചേര്ത്ത് പിടിച്ച ചിന്തകനായിരുന്നു ബ്രൂണോ ലത്വ. ശാസ്ത്രത്തിന്റെ സൗര്‌ലൗകിക- വസ്തുനിഷ്ഠ വാദങ്ങളെ സൃഷ്ടിക്കുന്ന പ്രക്രിയകളിലടങ്ങിയിരിക്കുന്ന മൂര്ത്തമായ സന്ദേഹങ്ങളെയും അവ്യക്തതകളെയും സൂക്ഷ്മവും നിരന്തരവുമായ നിരീക്ഷണങ്ങളിലൂടെ വിമര്ശനാത്മകമായി നോക്കിക്കണ്ടും സാമൂഹ്യശാസ്ത്രത്തിലെ ഘടനാപരമായ അടിത്തറകളെ വിപ്ലവാത്മകമായി പുതുക്കിപ്പണിത് കൊണ്ടും ലത്വ നടത്തിയ പരിശ്രമങ്ങള് ഗൗരവമായ പുനര്വായനകളും തുടര്ച്ചകളുമര്ഹിക്കുന്നുണ്ട്.

അഫീഫ് അഹ്മദ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.